റാഡിക്കല്‍ പെയിന്റേ‌ഴ്‌സ്, ഒരോര്‍മ്മ

ഈ കാലഹരണപ്പെട്ട കലാസൃഷ്ടികൾ കാണുവാൻ ടൂറിസ്റ്റുകൾ വരുന്നു എന്നത് സാംസ്കാരിക അപചയമാണ്. സ്കൂൾ തലത്തിൽ ദൃശ്യകലാ പഠനം പ്രാധന്യമർഹിക്കാത്ത കേരളത്തിൽ ഇത്തരം കാലാഹരണപെട്ട സൗന്ദര്യബോധം ബൗദ്ധീകമായി ജീവിതത്തിൽ നൽകുന്നതിലും കൂടുതൽ പ്രതികൂലമായാണ് ഇടപെടുക

johns mathew , memories,

റാഡിക്കല്‍ പെയിന്റേര്‍സ്, ഒരോര്‍മ്മ: 1986 ലാണ് ബറോഡയിൽ ചിത്രകലാ പഠനത്തിനായി ഞാൻ ചേർന്നത്. ബിരുദം, ഉപരി പഠനം എന്നിവക്കായി അതേ വർഷം കേരളത്തിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ എത്തിയിരുന്നു. അവിടെ വച്ച് പ്രദീപുമായുളള സംഭാഷണത്തിലൂടെയാണ്‌ റാഡിക്കൽ പെയിന്റേഴ്സ് ഗ്രൂപ്പിൻറെ രൂപീകരണ ഉറവിടത്തെക്കുറിച്ചു കേൾക്കാനിടയായത്. പ്രദീപ്, സി കെ രാജൻ, ഹരീന്ദ്രൻ, ജ്യോതി ബാസു, അലക്‌സാണ്ടർ, രഘു എന്നീ ചിത്രകാരന്മാർ 1985 – 86 ൽ തിരുവന്തപുരത്തിനടുത്തുള്ള വെട്ടുകാട് കടപ്പുറത്ത്‌ ഒരു മാസത്തോളം മുക്കുവരോടൊപ്പം അവരുടെ ജീവിത സാഹചര്യം അനുഭവിച്ചു വരച്ചെടുത്ത ചിത്രങ്ങൾ കേരളത്തിലും ഇന്ത്യയിലാകമാനവും കലാചരിത്രത്തിൽ ഇടംപിടിക്കാതെ പോയ മൗലികമായ കലാചരിത്രമാണ്.

radical painters, johns mathew
ഫൊട്ടോ കടപ്പാട് : അനിത ദുബെ

കൃഷ്ണകുമാറും അനിത ദുബെയും ‘Painters with Fisherman’ എന്ന ശീർഷകത്തോടെ പ്രദർശിപ്പിച്ച വെട്ടുകാട് ക്യാംപ് ചിത്രങ്ങളുടെ പ്രദർശനം സന്ദർശിച്ചതും കലാകാരൻമാരുടെ ഈ രീതിയിലുള്ള കൂട്ടായ പ്രവർത്തനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു ഗ്രൂപ് സംഘടിപ്പിക്കുന്നതിനെക്കുറിച്ചും സംവദിച്ചിരുന്നതായും പ്രദീപ് (കോവളം) പലപ്പോഴായും സൂചിപ്പിച്ചിരുന്നു. കൃഷ്‌ണകുമാറും അനിത ദുബെയും ബറോഡയിലെ ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സിൽ പതിവ് സന്ദർശകരായിരുന്നു. കോളെജ് കാന്റീനിലും, റോഡരുകിലെ ചായപ്പീടികകളിലും വച്ച് നടന്നിരുന്ന സൗഹൃദ സംഭാഷണങ്ങളും കലാ സംവാദങ്ങളും പിന്നീട് സമഗ്രാമത്തിൽ വാടകക്കെടുത്ത വീട്ടിൽ വച്ചും പുരോഗമിച്ചത് മാനവികതയിലൂന്നിയ സമീപനത്തോടെയുള്ള കലാകാരന്മാരുടെ സംഘടന രൂപീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ളതായിരുന്നു. കലാവിമർശകൻ ആർ നന്ദകുമാർ (തിരുവനന്തപുരം) ബറോഡയിൽ സംഘടനാ രൂപീകരണവുമായി സംസാരിക്കുവാൻ വന്നിരുന്നു.

ആദ്യകാല റാഡിക്കൽ ഗ്രൂപ്പിൽ പതിനെട്ട് കലാകാരൻമാർ ഉണ്ടായിരുന്നു. അലക്സ് മാത്യു, മധുസൂദനൻ, പ്രഭാകരൻ, പുഷ്കിൻ, കരുണാകരൻ, പ്രദീപ് (കോവളം), ജ്യോതി ബാസു, ഹരീന്ദ്രൻ, രാജൻ, അലക്‌സാണ്ടർ, രഘുനാഥൻ, അനൂപ് പണിക്കർ, രാധാകൃഷ്ണൻ, വത്സരാജ്, സുനിൽ പിന്നെ ഞാനും. കലാവിമർശനം പഠിച്ച അനിത ദുബെ മാത്രമായിരുന്നു കേരളത്തിന് പുറത്തുനിന്നുള്ളത്. രാധയും രജനിയും പിന്നീട് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്നു. ബറോഡ ഫാക്കൽറ്റി ഗാലറിയിൽ 1987 ൽ നടത്തിയ ആദ്യത്തെ ഗ്രൂപ് പ്രദർശനത്തിനായി ‘Questions and Dialogue’ എന്ന ശീർഷകത്തോടെ ഇംഗ്ലീഷിൽ കാറ്റലോഗ് എഴുതിയത് അനിത ദുബെ ആയിരുന്നു. ചിത്രകലയിലെ പരമ്പരാഗത ആഖ്യാന ശൈലിയെയും ചില കേന്ദ്രങ്ങളിൽ നിക്ഷിപ്തമായ സാംസ്കാരിക അധികാര കേന്ദ്രങ്ങളെയും കാറ്റലോഗിൽ ചോദ്യം ചെയ്തത് ബറോഡയിലെ മുതിർന്ന ചിത്രകാര സമൂഹത്തെയും മറ്റു കലാകാരന്മാരെയും പ്രകോപിതരാക്കി. പരിമിതമായ ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം സംവാദം പരിമിതപ്പെടുത്തി.

ഫാക്കൽറ്റിയിലെ കലാ-ചരിത്ര വിഭാഗത്തിലെ അദ്ധ്യാപകനായിരുന്ന ശിവജി പണിക്കർ ഗ്രൂപ്പിനോട് ആകാംഷയും അതിലെ കലാകാരന്മാരോട് സൗഹൃദവും പുലർത്തിയിരുന്നു. ഗ്രൂപ്പിനകത്തെ ആദ്യത്തെ വിള്ളൽ വീണത് 1988 ൽ ‘അലോക്യ ദർശൻ’ എന്ന ശീർഷകത്തോടെ C .Raman Schlemmer ജനീവയിൽ സംഘടിപ്പിച്ച പ്രദർശനത്തോടെയായിരുന്നു. സമ ഗ്രാമത്തിലെ കൃഷ്ണകുമാറിന്റെ വീട്ടിൽ വച്ചു അടിയന്തിരമായിനടത്തിയ മീറ്റിങ്ങിൽ ഞാനും പങ്കെടുത്തിരുന്നു. ആഖ്യാന ശൈലി മാറ്റിയും പരമ്പരാഗത കലാപ്രവർത്തനങ്ങളിൽ നിന്നു വ്യത്യസ്തമായി കലാകാരന്മാരുടെ നേതൃത്വത്തിൽ സമാന്തര കലാപ്രവർത്തനങ്ങൾ നടത്തുവാനും രൂപീകരിച്ച ഗ്രൂപ് ഗാലറിയുമായി സഹകരിക്കുന്നതിലെ നിലപാടിനെ ചൊല്ലിയായിരുന്നു സംവാദം നടന്നതെങ്കിലും, പ്രദർശനത്തിൽ ആരൊക്കെ പങ്കെടുക്കുമെന്നും ആരൊക്കെ ഒഴിവാക്കപ്പെടുമെന്നുമുള്ള വേവലാതികളും പുറത്തു വന്നു. എങ്ങിനെയാണ് സംവാദ കാരണങ്ങൾ പരിഹരിക്കപ്പെട്ടത് എന്ന് വ്യക്തമായ ഓർമ്മയില്ല.

നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഗ്രൂപ്പിന്റെ ഊർജ്ജം വീണ്ടെടുത്ത് 1989 ൽ കോഴിക്കോട് ടൌൺ ഹാളിൽ വച്ച് നടത്തിയ വിപുലമായ ചിത്ര, ശില്പ പ്രദർശനത്തിലൂടെയായിരുന്നു. കോഴിക്കോടിന്റെതായ കലാസ്നേഹികളും, ആസ്വാദകരും മറ്റു കലാ മേഖലയിലെ പ്രവർത്തകരും കലാകാരന്മാരുടേയും സഹായത്താൽ സംഘടിപ്പിച്ച പ്രദർശനം പല കാരണങ്ങൾ കൊണ്ടും കലാചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പത്രത്താളുകളുടെ ലാളിത്യത്തോടെ പ്രസിദ്ധീകരിച്ച കാറ്റലോഗിന് പുറകിൽ എ സോമൻ ദിവസങ്ങളോളം ഇടപെട്ടുണ്ട്. പ്രദർശനത്തിനായി ബറോഡയിലെ ഫൈൻ ആർട്സ് ഫാക്കൽറ്റിയിലും മറ്റു ഫാക്കൽറ്റികളിലും ചിത്രങ്ങൾ വില്പന നടത്തിയും കോഴിക്കോടുള്ള സുഹൃത്തുക്കൾ വഴിയും പൊതു ജനങ്ങളിൽ നിന്നു സമാഹരിച്ച പണം കൊണ്ടായിരുന്നു.

johns mathew , memories,
ജോണ്‍സ് മാത്യു വരച്ച ചിത്രം

ചിത്രങ്ങൾ ഫ്രെയിം ചെയ്തത് എൻറെ വീട്ടിൽ വെച്ചായിരുന്നു. കൃഷ്ണകുമാറും അനിത ദുബെയും മറ്റു കലാകാരന്മാരും ആ ദിവസങ്ങളിൽ വീട്ടിൽ വന്നിരുന്നു. അവരിൽ ചിലർ അവിടെ താമസിച്ചിട്ടുമുണ്ട്. കൃഷ്ണകുമാറുമായി സംസാരിച്ചതിന് ശേഷമാണ് കലാകാരന്മാരെക്കുറിച്ചുള്ള തെറ്റായ ധാരണ മാറിയതെന്ന് ജോൺ എബ്രഹാം വരെയുള്ള കലാകാരന്മാരെ കണ്ട അമ്മ പിന്നീട് ഓർമ്മിപ്പിച്ചു.

ഇന്ത്യൻ കലാചരിത്രത്തിൽ മധ്യവർത്തികളില്ലാതെ കലാകാരൻമാർ നേതൃത്വം നൽകി നടത്തിയ ആദ്യത്തെ ജനകീയ ചിത്ര ശില്പ പ്രദർശനമായിരുന്നു അത്. ആർ നന്ദകുമാർ ലോകകലയിലെ ചിത്രങ്ങളുടെ സ്ലൈഡും സംവാദവും നടത്തുകയും രാഷ്ട്രീയത്തെക്കുറിച്ചു പൊതു സംവാദം സംഘടിപ്പിക്കുകയുമുണ്ടായി. ഇതൊക്കെയാണെങ്കിലും പ്രദർശനം കേരളത്തിലും പുറത്തുമുള്ള ദൃശ്യകലാ പരിസരത്ത്‌ പുത്തൻ ഓളങ്ങൾ സൃഷ്ടിച്ചെങ്കിലും സാമ്പത്തികമായി അതൊരു പരാജയമായിരുന്നു. കലാസൃഷ്ടികൾ വിൽക്കുവാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതും പ്രദർശനം നടത്തിപ്പിൽ വന്ന കടം വീട്ടുവാൻ പ്രദീപിന്റെ കയ്യിലെ സ്വർണ്ണ മോതിരം പണയം വെക്കുകയാണുണ്ടായത്.

കോഴിക്കോട് പ്രദർശനത്തിന് ശേഷം1989 ൽ ബോംബെയിലെ വി ടി സ്റ്റേഷനിൽ (ഇന്നത്തെ ഛത്രപതി ശിവാജി ടെർമിന്സ്) ടൈംസ് ഓഫ് ഇന്ത്യയുടെ നൂറ്റമ്പതാം വാർഷികത്തോടനുബന്ധിച്ചു Southby എന്ന ആഗോള ലേലകമ്പനിയുമായി സഹകരിച്ചു ജനകീയകലയെന്ന പരിവേഷത്തിൽ അരങ്ങേറ്റിയ ‘Timeless Art’ എന്ന ചിത്രശില്പ പ്രദർശനത്തോടുള്ള പ്രതിഷേധമായിരുന്നു ഗ്രൂപ്പിന്റെ പ്രവർത്തനം. കോഴിക്കോട് പ്രദർശനത്തിനും ബോംബെയിലെ പ്രതിഷേധ കൂട്ടായ്മക്കും ശേഷം ഗ്രൂപ്പിനകത്തു ഉൾഗ്രൂപ്പുകൾ രൂപീകൃതമാകുവാൻ തുടങ്ങിയിരുന്നു. പ്രതിലോമ ദൃശ്യബോധത്തിനെതിരെയും ബൂർഷ്വാകേന്ദ്രീകൃത കലാ കമ്പോളത്തിനെതിരെയും പ്രതികരിക്കുവാൻ രൂപീകൃതമായ സംഘടനയുടെ സാമ്പത്തിക നിലനില്പിനെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ആശങ്ക പുറത്തു പ്രകടമായിത്തുടങ്ങിയിരുന്നു.

johns mathew , memories,
ജോണ്‍സ് മാത്യു വരച്ച ചിത്രം

1989 ൽ കൃഷ്ണൻകുമാർ തൃശൂർ ജില്ലയിലെ ആലപ്പാടിനടുത്തു പെരിങ്ങോട്ടുകരയിൽ അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള വീട് വാടകക്കെടുത്തു ശില്പനിർമ്മാണം തുടങ്ങി. നാട്ടുകാരായ ഇടതുപക്ഷ അനുഭാവികളുമായി ഉടലെടുത്ത സൗഹൃദം പിന്നീട് ആലപ്പാട് ചിത്രകലാ ക്യാംപ് സംഘടിപ്പിക്കുന്നതിലേക്ക് എത്തി. ബറോഡയിൽ വെച്ചു അനിത ദുബെയും രാധാകൃഷ്ണനും ചേർന്ന് ക്രമീകരിച്ച സ്ലൈഡുകൾ പെരിങ്ങോട്ടുകരയിൽ എത്തിക്കുവാൻ നിയോഗിച്ചത് എന്നെയായിരുന്നു. എസ് എൻ ഡി പി കെട്ടിടത്തിൽ ഗഹനമായ വിശകലനമില്ലാതെ സംഘടിപ്പിച്ച ക്യാംപിനു ധനസഹായം വാഗ്ദാനം ചെയ്ത നാട്ടുകാരൻ മുങ്ങിയതും സ്ലൈഡ് പ്രദർശനത്തിൽ ലോക ചിത്രകലയിലെ നഗ്നത ഗ്രാമീണരിൽ സൃഷ്‌ടിച്ച ഉദ്വേഗവും ക്യാംപിന്റെ നടത്തിപ്പിന് തിരിച്ചടിയായി.

ഇങ്ങിനെയൊരു ക്യാംപ് സംഘടിപ്പിച്ചതിലെ ഔചിത്യബോധമില്ലായ്മയേയും കൃഷ്ണകുമാറിന്റെ നേതൃത്വത്തെക്കുറിച്ചും ഗ്രൂപ്പ് മെമ്പർമാർക്കിടയിൽ മുറുമുറുക്കലുകളും വാഗ്വാദവും നടന്നിരുന്നു. സാമ്പത്തിക പരാധീനതകളാൽ മുങ്ങിയ ക്യാംപിൽ ഭക്ഷണത്തിനായി അയൽവാസികളായ സാധാരണക്കാരുടെ വീടുകളിൽ നിന്നും അരി, തേങ്ങ, ഉപ്പ് തുടങ്ങിയ ഭക്ഷണ വസ്തുക്കൾ ഭിക്ഷയെടുത്തത്‌ മറക്കാനാകാത്ത അനുഭവമാണ്.  മധുസൂദനൻ ക്യാംപിൽ പങ്കെടുത്തിരുന്നില്ല. അനിത ദുബെ ക്യാംപിന്റെ അവസാന നാളുകളിൽ അവിടെ എത്തിയിരുന്നു. പരാധീനതകളാലും ഗ്രൂപ്പിനകത്തെ ചേരിതിരിവുകളാലും പ്രതീക്ഷിച്ചതിലും നേരത്തെ അവസാനിപ്പിച്ചതായും പിരിച്ചു വിട്ടതായും കൃഷ്ണകുമാറിന്റെ വാടക വീടിന് മുൻപിൽ കൂടിയ പൊതുയോഗത്തിൽ വച്ച് പ്രഖ്യാപിച്ചു. ആശയറ്റ കൃഷ്ണകുമാർ കുഞ്ഞിനെ പോലെ വിതുമ്പിയതും ക്ഷോഭിച്ചതും സ്വാന്തനപ്പെടുത്തുവാൻ പോയി.

ജോണ്‍സ് മാത്യൂ

ഗ്രൂപിലുള്ളവർ ഓരോരുത്തരും അഞ്ഞൂറ് രൂപ വീതം പങ്കു വെച്ചു പ്രദർശനം വരുത്തിയ കടം തീർക്കാമെന്ന ആശയത്തിൻറെ അടിസ്ഥാനത്തിൽ 1989 ഡിസംബർ 24 നാണു കൃഷണകുമാറിനെയും അനിത ദുബെയും പെരിങ്ങോട്ടുകരയിൽ വച്ച് കണ്ടത്. അദ്ദേഹം നിരാശനായിരുന്നു. കൃഷ്ണകുമാർ മരിച്ചതിനു കുറച്ചു കാലങ്ങൾക്ക് ശേഷം അനിത ദുബെയും മധുസൂധനനും വ്യത്യസ്തമായി ഗ്രൂപ്പിനെ പുനർനിർമ്മിക്കുവാൻ ശ്രമിച്ചിരുന്നു. മധുസൂധനന്റെ നേതൃത്വത്തിൽ അടൂരിലെ കടമ്പനാട് വച്ച് നടത്തിയ മീറ്റിങ്ങിൽ ഞാനും പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് ഞാൻ ചിത്രകലയിലെ ബിരുദാനന്തര ബിരുദ പഠനം നിർത്തുവാനുള്ള തീരുമാനം കൈക്കൊണ്ടത്.

മൂന്നു ചെറുഗ്രൂപ്പുകളായി തിരിച്ചു കേരള ദൃശ്യകലയിലെ വ്യത്യസ്ത മേഖലകളെക്കുറിച്ചു ഡോക്യുമെന്റ് നിർമ്മിക്കുവാനായി തീരുമാനിച്ചതിൽ മധുസൂദനൻ, രാധാകൃഷ്ണൻ വത്സരാജ് എന്നിവരോടൊപ്പം കേരളത്തിലെ പരമ്പരാഗത ചുമർ ചിത്രങ്ങൾ ഡോക്യൂമെൻറ് ചെയ്‌തെങ്കിലും ആ ശ്രമങ്ങളെല്ലാം സൃഷ്ടിപരമായി എത്തിയില്ല. മുൻപ് ഉയർത്തിപ്പിടിച്ചിരുന്ന റാഡിക്കൽ ആശയങ്ങൾക്ക് കടകവിരുദ്ധമായ നിലപാടുകളിൽ ക്രമേണ ഓരോരുത്തരായി അവരവരുടെ സ്വകാര്യതയിലേക്ക് നീങ്ങി. റാഡിക്കൽ ഗ്രൂപ് മുൻപോട്ടു വെച്ച ചുരുക്കം ചില ആശയങ്ങളും പ്രവർത്തന രീതികളും പുതുതലമുറയിലെ കലാകാരന്മാർക്ക് നൽകിയ പ്രചോദനത്തെപ്പോലും ഇല്ലാതാക്കുന്ന വിധത്തിൽ നിഗൂഢത മാത്രമാക്കി ഗ്രൂപ്പിലെ കലാകാരൻമാർ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചു.

കുറച്ചു നാളുകൾക്ക് മുൻപ് ബിയന്നാലെ സന്ദർശിക്കുവാൻ എനിക്ക് അവസരമുണ്ടായി. സമയബന്ധിതമായ സന്ദർശനത്തിൽ ആസ്പിൻവാൾ മാത്രം കണ്ടതോടെ നിരാശനായി. പടിഞ്ഞാറിലും യൂറോപ്പിലും വർഷങ്ങൾക്ക് മുൻപ് കൊട്ടിയാടിയ അർത്ഥശൂന്യമായ തരം താഴ്ന്ന വാർപ്പ് മാതൃകകളുടെ പകർപ്പുകളാണ് അവിടെ പ്രദർശിപ്പിച്ചതിൽ കൂടുതലും. തീഷ്ണമായ ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളെ പ്രതിനിധീകരിക്കുന്നെന്ന വ്യാജേന പ്രതിനിധാനം ചെയ്യുന്ന കലാസൃഷ്ടികളിലെ സൗന്ദര്യബോധം അർത്ഥശൂന്യവും ആലങ്കാരികവുമാണ്. ആസ്പിൻവാളിന് പുറകിലുള്ള ചുകന്ന പരവതാനിക്കിരുവശത്തുമായി സ്ഥാപിച്ച തലയോട്ടിയും എല്ലിൻ കഷണങ്ങളും അതിനൊരു ഉദാഹരണം മാത്രം. കലയിലെ യാഥാസ്ഥിക സൗന്ദര്യബോധത്തിനെതിരെ മൂത്രപാത്രം (urinal) പ്രദർശിപ്പിച്ചു കലാചരിത്രത്തിൽ കുപ്രസിദ്ധനായ മഴ്സെൽ ദുഷാംപിൽ (Marcel Duchamp) നിന്നും വളരെ പുറകിലേക്കാണ് ഇവിടെ പ്രദർശനത്തിന് ഒരുക്കിയ കലാസൃഷ്ടികളുടെ നിലവാരം എന്നത് പരിതാപകരമാണ്.

ഈ കാലഹരണപ്പെട്ട കലാസൃഷ്ടികൾ കാണുവാൻ ടൂറിസ്റ്റുകൾ വരുന്നു എന്നത് സാംസ്കാരിക അപചയമാണ്. സ്കൂൾ തലത്തിൽ ദൃശ്യകലാ പഠനം പ്രാധന്യമർഹിക്കാത്ത കേരളത്തിൽ ഇത്തരം കാലാഹരണപെട്ട സൗന്ദര്യബോധം ബൗദ്ധീകമായി ജീവിതത്തിൽ നൽകുന്നതിലും കൂടുതൽ പ്രതികൂലമായാണ് ഇടപെടുക. കലയും സാങ്കേതികതയും ദൈന്യം ദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വിധം ഇടകലർന്നിരിക്കുന്നു. എന്നാൽ ഇവ രണ്ടും ചേർത്തൊരുക്കുന്ന കലാസൃഷ്ടി സമകാലീന സാമൂഹ്യ യാഥാർഥ്യങ്ങളെ പ്രകാശിപ്പിക്കുവാനോ ചിന്തയെ പരിപോഷിപ്പിക്കുവാനോ കഴിയുന്നില്ലെങ്കിൽ സൃഷ്ടിപരമല്ലാത്ത സാങ്കേതികത മാത്രം പ്രകാശിപ്പിക്കുന്ന കൗതുകം മാത്രം നൽകും.

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Radical painters and sculptors association memories johns mathews

Next Story
അകലങ്ങളിരുന്നെഴുതി എന്നെ ഞാനാക്കിയ അഷിതഅഷിത, അഷിത മാതൃഭൂമി, അഷിത ജീവചരിത്രം, അഷിത സമദാനി, അഷിത കഥകൾ, കല്ല്‌ വച്ച നുണകള്‍, അമ്മ എന്നോട് പറഞ്ഞ നുണകള്‍, അഷിതയുടെ കൃതികള്‍, അഷിതയുടെ ഹൈക്കു കവിതകള്‍, ashitha, ashitha writer, ashitha books, ashitha facebook, ashitha stories, ashitha interview mathrubhumi, ashitha novelist, ashitha dead, ashitha story writer, ashitha short story writer, muhammed unais, muhammed unais on ashita, Ashitha, Ashita, അഷിത, writer Ashitha, writer ashita, എഴുത്തുകാരി അഷിത, writer Ashitha Dead, writer ashita dead, അഷിത അന്തരിച്ചു, writer Ashitha passes away, writer ashita passes away, എഴുത്തുകാരി അഷിത അന്തരിച്ചു, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com