scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

മൃണാളിനിയുടെ എഴുത്തും ടാഗോറിന്റെ കുറ്റസമ്മതവും

“മൃണാളിനിയിലൂടെ ടാഗോർ വർഷങ്ങൾക്ക് മുൻപെ പറഞ്ഞത് ഇതു തന്നെയാണ്. ചങ്ങലക്കുടുക്കുകളിൽ നിന്ന് ആത്മാവ് അക്ഷരങ്ങളിലൂടെ സ്വതന്ത്രമാക്കുന്ന മാജിക് സ്പെൽ. എക്കാലത്തെയും സ്ത്രീകൾക്കായി – എഴുത്തെന്ന സമാന്തര ലോകം –എഴുത്തെന്ന പുറപ്പാട് -എഴുത്തെന്ന അതിജീവന മന്ത്രം” സോണിയാ ചെറിയാൻ എഴുതുന്നു

sonia cherian , iemalayalam
ചിത്രീകരണം: സോണിയ ചെറിയാന്‍

ടാഗോറിന്റെ ഒരു കുറ്റസമ്മതം വായിച്ചിട്ടുണ്ട്.

‘സ്ത്രീർ പത്ര’ എന്ന ചെറുകഥ തൊട്ട് മാത്രമാണ് താൻ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് വേണ്ടി അവരുടെ കൂടെ നിന്നത്’ എന്നതാണത്.1941 – ൽ എഴുതിയ ഒരു കത്തിലാണ് അദ്ദേഹം ഇങ്ങനെ എഴുതിയത്. തന്റെ അന്തിമ ദിനങ്ങൾക്ക് കുറച്ചു മാസങ്ങൾ മുൻപ്.

‘സ്ത്രീർ പത്ര’ എഴുതുമ്പോൾ ടാഗോറിന് അമ്പത്തിമൂന്ന് വയസായിരുന്നു. സ്ത്രീയെ അമ്മയായും വധുവായും പ്രണയിനിയായും എഴുതിയിരുന്നിടത്ത് നിന്ന് യു ടേൺ ആയിരുന്നു അന്ന് ആ എഴുത്ത്. അക്കാലത്തെ ഇന്ത്യൻ രചനാ രീതിയിലും ടാഗോറിന്റെ തന്നെ അതുവരെയുള്ള എഴുത്തുകളിലും നിന്ന് കൃത്യമായ വ്യതിയാനം.

‘സ്ത്രീർ പത്ര’ – ഭാര്യയുടെ കത്ത് എന്നാണ് അതിനുള്ള സാധാരണ പരിഭാഷ. പക്ഷേ, ബംഗ്ളയിൽ അതിന് പെണ്ണിന്റെ എഴുത്ത് എന്ന അർത്ഥമുണ്ട്. പരമ്പരാഗത കഥ പറച്ചിൽ ഒക്കെ വിട്ട് ടാഗോർ മുഴുവൻ കഥയും ഒരു കത്തിലൂടെയാണ് പറയുന്നത്; സ്ത്രീ എഴുതുന്ന കത്ത്.

പതിനഞ്ച് വർഷം തറവാടിന്റെ അകത്തളങ്ങളിൽ ഒച്ച കേൾപ്പിക്കാതെ ഇണങ്ങിയും ഒതുങ്ങിയും കഴിഞ്ഞ ഒരുവൾ കത്തിലൂടെ സ്വയം വെളിപ്പെടുത്തുകയാണ്. പെണ്ണിന് ഒറ്റയ്ക്കൊരു നിലനിൽപ്പുണ്ടെന്ന് സ്വയം തിരിച്ചറിയുകയാണ്. പാവ ഭാര്യയാവാൻ ഇനി വയ്യ എന്നുറപ്പിച്ച് വീടുവിട്ടിറങ്ങുകയാണ്.

‘സ്ത്രീർ പത്ര’ അച്ചടിച്ചു വന്നത് 1914ലാണ്. പാശ്ചാത്യസാഹിത്യ ലോകത്ത് പോലും ഇത്തരം കാര്യങ്ങൾ തുടങ്ങിയിട്ട് അധികം കാലമായിരുന്നില്ല. ഇതിനും മുപ്പത്തഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഇബ്സന്റെ “പാവ വീട്” (ഡോൾസ് ഹൗസ്) എന്ന നാടകം പുറത്തുവന്നത്. “ഡോൾ ഹൗസി”ന്റെ അവസാന രംഗത്ത് ഉച്ചത്തിൽ വാതിലടച്ചിട്ട് നോറ വീടുവിട്ടിറങ്ങിപ്പോയപ്പോൾ ലോകത്തിന്റെ ഭാവന നടുങ്ങി.

ഈ എഴുത്തുകൾ യാഥാസ്ഥിതിക സമൂഹത്തിൽ അന്നുണ്ടാക്കിയ സ്‌ഫോടനങ്ങളും ഉലച്ചിലുകളും ഇന്ന് ആലോചിച്ചാൽ ചിലപ്പോൾ മനസിലാവില്ല. ‘നോറ എന്ന സ്ത്രീ പിന്നിൽ വാതിൽ വലിച്ചടച്ച ശബ്ദത്തിന് വാട്ടർലൂ പീരങ്കിയെക്കാൾ മുഴക്കമുണ്ടായിരുന്നു,’ എന്ന് പിന്നീട് ബർണാഡ് ഷാ പറയുന്നുണ്ട്.

sonia cherian , iemalayalam
ചിത്രീകരണം: സോണിയ ചെറിയാന്‍

ഒരു പാട് പ്രതിഷേധങ്ങൾ ഉണ്ടാക്കി ‘സ്ത്രീർ പത്ര’ എന്ന കഥയും. അന്നത്തെ വലിയ സാഹിത്യകാരന്മാരിൽ പാരമ്പര്യവാദികളായ ചിലർ മറുപടിക്കഥകൾ പോലുമെഴുതി.

ആ കാലത്ത് ഉണ്ടായ ഒരു സംഭവമായിരുന്നിരിക്കാം ഒരു പക്ഷേ, ടാഗോറിന് ഈ എഴുത്തിന്റെ ട്രിഗർ ഫാക്ടർ ആയി മാറിയത്. സ്നേഹലത എന്ന പെൺകുട്ടി വസ്ത്രങ്ങളിൽ തീവെച്ച് മരിച്ചു. അച്ഛനമ്മമാർ തന്റെ വിവാഹത്തിനായി സ്ത്രീധനം ഉണ്ടാക്കാൻ കഷ്ടപ്പെടുന്നത് കണ്ട് സഹിക്കാഞ്ഞിട്ടായിരുന്നു അത്. ‘അമൃത ബസാർ പത്രിക’യിൽ ഒരു വായനക്കാരൻ ഇതിനെക്കുറിച്ച് എഴുതാത്തതെന്ത് എന്ന് ടാഗോറിനോട് ച്ചോദിച്ചു.

“ഞാൻ മെജോ ബഹു, നിങ്ങളുടെ കുടുംബത്തിലെ രണ്ടാം പുത്രവധു. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഈ കടലിന്റെ വിളുമ്പിൽ നിൽക്കുമ്പോൾ എനിക്ക് മനസിലാവുന്നു, ലോകത്തോടും ജഗദ് ചൈതന്യത്തോടും എനിക്ക് വേറെയും ബന്ധങ്ങളുണ്ടെന്ന്. ഈ കത്തെഴുതാൻ എനിക്ക് ധൈര്യം ലഭിക്കുന്നു.”

“നിങ്ങളുടെ തെരുവിനെ ഇനിയെനിക്ക് ഭയമില്ല. എന്റെ മുന്നിൽ നീലക്കടലാണ്. മുകളിലോ വർഷമേഘങ്ങളും.”

“കുലവധുവിന്റെ ഷെല്ലിൽ നിന്ന് സ്വയമെന്നെ ഉരിഞ്ഞ് പുറത്തെടുക്കുവാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ലല്ലോ.”

മൃണാൾ എന്ന കുലവധു ഭർത്താവിന് എഴുതുകയാണ്. കൽക്കത്തയിലെ ഒരു ജമീന്ദാർ തറവാട്ടിലെ രണ്ടാമത്തെ മകന്റെ ഭാര്യയാണവൾ – മേജോബഹു . മകന് അതിസുന്ദരിയായ പെണ്ണിനെ വേണമെന്ന അമ്മയുടെ ആഗ്രഹം കാരണം ദൂര ഗ്രാമത്തിൽ നിന്ന് തിരഞ്ഞു പിടിച്ച് നഗരത്തിലേക്ക് കൊണ്ടുവരപ്പെട്ടവൾ, ഒരു കുലീന കുടുംബത്തിന്റെ അന്തസിന്റെ അടയാളവും ഭർത്താവിന്റെ അഭിമാനവുമായി പ്രദർശിപ്പിക്കപ്പെടുന്ന ട്രോഫി വൈഫ്.

sonia cherian , iemalayalam
ചിത്രീകരണം: സോണിയ ചെറിയാന്‍

ആൺകോയ്മ വ്യവസ്ഥകളെ മതചര്യകൾ പോലെ കർശനമായി ആചരിക്കുന്ന കൽക്കത്തയിലെ ജന്മിത്തറവാട് -ടാഗോറിന് ഏറ്റവും പരിചയമുള്ള സ്വന്തം കഥ പറച്ചിൽത്തട്ട്. കഥാപാത്രങ്ങൾ എല്ലാവരും അവർക്ക് നിർണയിക്കപ്പെട്ട വാർപ്പു മാതൃകകളിൽ അതിവ സംതൃപ്തരായി നിറഞ്ഞാടുന്നു. നഗരവധുവെന്ന അനുപമവേഷം ആടി ഫലിപ്പിക്കുവാൻ മൃണാളും ശ്രമിക്കുന്നുണ്ട്.

അവിടേക്ക് കടന്നുവന്ന ഒരു അനാഥപ്പെൺകുട്ടി മൃണാളിന്റെ ജീവിതം മാറ്റിമറിക്കുന്നു. ജ്യേഷ്ഠ ഭാര്യയുടെ അനുജത്തി ആണവൾ. ബിന്ദു. അച്ഛനും അമ്മയും മരിച്ചതോടെ സ്വത്തിലവകാശമില്ലാതായി, മച്ചുനൻമാർ തറവാട്ടിൽ നിന്ന് പുറത്താക്കിയവൾ. തെണ്ടിക്കയറി വന്ന തെരുവു പൂച്ചയെ പോലെ, അവളെ കാണുന്നത് തന്നെ മൃണാളിന്റെ കുടുംബക്കാർക്ക് അസഹ്യമാവുന്നു. സ്വന്തം ദീദി പോലും അവളാട് കഠിനമായി പെരുമാറുന്നു.

കൂലിയില്ലാത്ത ജോലിക്കാരി എന്ന പരിഗണന പോലുമില്ലാതെ അവൾ കുടുംബത്തിൽ അപഹാസം സഹിക്കുന്നത് മൃണാളിന് വേദനയാവുന്നു.

അവൾ ബിന്ദുവിനെ കരുണയുടെ കരുതലോടെ അണച്ച്പിടിക്കുന്നു. തന്റെ ഉടുപ്പുകളും മുറിയുടെ ഒരു മൂലയും ഒക്കെ നൽകി അവളെ സംരക്ഷിക്കുന്നു. സ്നേഹിക്കാനാരുമില്ലാതിരുന്ന ആ കൗമാരക്കാരി പൂർണ്ണ ആത്മാവോടെ മൃണാളിനെ സ്നേഹിക്കുകയാണ് , പുടവ ഞൊറികൾക്കുളളിൽ ഒളിയിടം തേടുന്ന അനാഥപൂച്ചക്കുഞ്ഞിനെപ്പോലെ അവളെ പറ്റിപ്പതുങ്ങുകയാണ്.

അലങ്കരിച്ചൊരുക്കി വെച്ച ഒരു പെൺപാവക്ക് ഓമനിക്കപ്പെടുമ്പോൾ കിട്ടുന്ന സ്നേഹം മാത്രമേ മൃണാളിന് ലഭിച്ചിരുന്നുള്ളു. അവളുടെ കുഞ്ഞോ ജനിച്ചയുടനെ മരിച്ചു പോയിരുന്നു.

അവൾ ഇങ്ങനെ എഴുതുന്നു,” സ്നേഹമില്ലാതെ ജീവിക്കുന്ന സ്ത്രീകൾക്ക് മരണം എളുപ്പമാണ്. അത് ഭയപ്പെടുത്തുന്നില്ല. ജീവിതമാണ് കൂടുതൽ ബുദ്ധിമുട്ട്. പ്രസവസമയത്ത് മരണം കട്ടിൽക്കാലിനരികിൽ വന്നു നിന്നപ്പോഴും ഞാൻ ഭയന്നില്ല. ഇളകിയ മണ്ണിലെ വേരുറപ്പില്ലാത്ത പുല്ലു പോലെ മരണം കൈ നീട്ടിയാലേ അന്ന് ഞാനടർന്നു വീണേനേ. മരിക്കുക എന്നത് ജീവിക്കുന്നതിനെക്കാൾ എത്രയോ എളുപ്പമുള്ള വഴിയാണ് ഒരു പെണ്ണിന്.”

sonia cherian , iemalayalam
ചിത്രീകരണം: സോണിയ ചെറിയാന്‍

ബിന്ദുവിന്റെ സ്നേഹം അവൾക്ക് വേനലിൽ ചെയ്ത മഴയായി. അവർ തമ്മിൽ ഗാഢമായ ഒരു അടുപ്പം രൂപപ്പെടുന്നു. ഇരകളാക്കപ്പെട്ട രണ്ട് പെണ്ണുങ്ങളുടെ അണച്ചുപിടിക്കലുകളായിരുന്നു അത്. ബിന്ദുവിന് വേണ്ടി, അവൾക്കെതിരെ യുള്ള രണ്ടാം തരം പെരുമാറ്റത്തിന് എതിരെ അവൾ കുടുംബത്തിൽ പലതവണ ശബ്ദമുയർത്തുന്നുണ്ട്.

ഒടുവിൽ ഒരു കല്യാണം ശരിയാക്കി വീട്ടുകാർ ശല്യം ഒഴിവാക്കുകയാണ്.

“സ്ത്രീക്ക് അഭയം ഭർത്താവ് മാത്രമാണെന്ന്” ആവർത്തിച്ചു പറഞ്ഞ് സ്വന്തം ദീദി പേടിക്കുന്ന കുട്ടിയെ ഒരുക്കുന്നുണ്ട്. പക്ഷെ അതൊരു ചതിയായിരുന്നു. മാനസിക രോഗിയായിരുന്നു അവളുടെ ഭർത്താവ്.

അവിടെ നിന്നും രക്ഷ തേടി ഒളിച്ചോടിയെത്തിയ ബിന്ദുവിന് വീണ്ടും അഭയം നൽകാൻ എത്ര ശ്രമിച്ചിട്ടും മൃണാളിന് ആവുന്നില്ല. പെണ്ണിന്റെ ഇടം ഭർത്താവിന്റെ വീടാണെന്ന കടുംപിടിത്തത്തിൽ ഭർതൃമാതാവ് അവളെ നിർബന്ധപൂർവ്വം തിരിച്ചുകൊണ്ടുപോകുന്നു.

“അവൾ വെറുമൊരു പെണ്ണല്ലേ? അവൻ ഭ്രാന്തനാണെങ്കിൽത്തന്നെയെന്ത്? അവളുടെ പുരുഷനല്ലേ?”

ആൺ പെരുമയുടെ ബലം കൂടിയ ചട്ടക്കൂട്ടുകളെ ഒന്ന് അനക്കാൻ പോലുമാവാതെ മൃണാൾ നിസഹായയാവുന്നു.

ബിന്ദു തീ കൊളുത്തി മരിച്ചുവെന്നാണ് പിന്നെ അറിയുന്നത്.

ഒരു തീർത്ഥാടനത്തിനു വേണ്ടി പുരിയിലേക്ക് പോകുന്ന മൃണാൾ അവിടെ വച്ച് ഒരു ഉറച്ച തീരുമാനമെടുക്കുകയാണ്. സ്വന്തം വീട്ടുകാർ ആ പെൺകുട്ടിയോട് ചെയ്ത അനീതി അവളെ വീടുവിട്ടിറ ങ്ങാൻ പ്രേരിപ്പിക്കുകയാണ്.

മരണത്തിനു വേണ്ടിയെന്നറിഞ്ഞു കൊണ്ട് ആ അനാഥ പെൺകുട്ടിയെ വിട്ടുകൊടുത്തിട്ടും അവർക്കാർക്കും അതിൽ നേരിയ കുറ്റബോധം പോലുമില്ലെന്നത് അവളെ വല്ലാതെ ഉലയ്ക്കുന്നു.

രണ്ട് വഴികൾ മൃണാളിന്റെ മുന്നിലുണ്ടായിരുന്നു. ഒന്നാമത്തേത് എളുപ്പമായിരുന്നു -തെറ്റുകളെ വിശദീകരണങ്ങളും കൂട്ടി കണ്ണടച്ച് വിഴുങ്ങി വീണ്ടും കുലവധു വേഷം നിറഞ്ഞാടുക.
പക്ഷെ അവൾ രണ്ടാം വഴിയാണ് തെരഞ്ഞടുത്തത്. ദുർബലയായിരുന്ന സഹജീവിക്കു വേണ്ടി പ്രതികരിക്കുകയെന്നത് .

മൃണാൾ എഴുതുകയാണ് “ഞാൻ മരിക്കാൻ പോവുകയാന്നെന്ന് നിങ്ങൾ തെറ്റിദ്ധരിക്കണ്ട. അങ്ങയുടെ കുടുംബത്തിലെ കുലവധു മരിച്ചു പോയി. പക്ഷെ ഞാൻ മരിക്കില്ല – പിടിച്ചുനിൽക്കും – അതിജീവിക്കും.”

നൂറു ശതമാനം ഭർത്താവിനും ഭർതൃ വീടിനുമായി പലിശരഹിത നിക്ഷേപമായി, ലോക്കറിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ട, മേജോ ബഹു അഥവാ വീട്ടിന്റെ മാലാഖ എന്ന ലേബലൊട്ടിച്ച തന്റെ ജീവിതം അവൾ തിരിച്ചെടുക്കാൻ തീരുമാനിക്കുകയാണ്.

പിന്നിൽ പാവ വീടിന്റെ വാതിലടച്ച് മൃണാൾ സൗമ്യമായി പുറത്തിറങ്ങുകയാണ്. ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നില്ലായെന്നേയുള്ളു. പൊട്ടിച്ചിതറിയത് സമ്പ്രദായങ്ങളുടെ കോട്ടവാതിൽ തന്നെയാണ്.

പാട്രിയാർക്കൽ സൊസൈറ്റിയുടെ, പഞ്ചസാര വിളയിച്ച അച്ചപ്പം പോലുള്ള, കുടുങ്ങിയാൽ പിന്നെ പുറത്തെത്താൻ പറ്റാത്ത ലാബിരിന്തിൽ നിന്ന്, അതിന്റെ ശ്വാസം മുട്ടിക്കുന്ന ക്രമങ്ങളിൽ നിന്ന് ടാഗോറും മൃണാളും ഒരുമിച്ചാണ് പുറത്തിറങ്ങിയത്.

മൃണാളിനി എന്നാൽ സ്വതന്ത്ര സ്ത്രീ. എന്നും പ്രിയപ്പെട്ട പേര് ആയിരുന്നു ടാഗോറിന് മൃണാളിനി. തന്റെ ഭാര്യ ഭാബതരിണിയെ അദ്ദേഹം മൃണാളിനിയെന്നാണ് വിളിച്ചിരുന്നത്!

ടാഗോറിന്റെ പ്രിയപ്പെട്ട കഥാപാത്രം മൃണാളിനിക്ക് പിന്നെന്ത് സംഭവിച്ചു?

‘സ്ത്രീർ പത്രയും’ വീടുവിട്ടിറങ്ങിപ്പോയ മൃണാളിനി എന്ന പെണ്ണും യാഥാസ്ഥിതിക സമൂഹത്തിൽ അക്കാലത്ത് ഒരു പാട് കോളിളക്കങ്ങൾ ഉണ്ടാക്കി. നൂറ്റാണ്ടിന് ശേഷവും സമൂഹത്തിൽ അലകൾ ഉണർത്താൻ കഴിവുളള, കാലത്തെ കുറുകെ കടക്കുന്ന കഥയായി മാറി അത്.

“തലമുറകളെത്ര മാറിയാലും ഈ വാക്കുകൾ സഞ്ചാരികൾ മഹാവീഥികളിൽ ഉരുവിട്ടു കൊണ്ടിരിക്കും, പുഴകളിൽ തുഴക്കാരും. കാത്തിരിപ്പിന്റെ നിമിഷങ്ങളിൽ പ്രണയികളും അവ മന്ത്രിക്കും. അവരുടെ ഉള്ളിലെ സ്നേഹം സ്നാനം ചെയ്യപ്പെട്ട് അതിന്റെ ആദിമശുദ്ധി വീണ്ടെടുക്കും.”(W B Yeats -1912)

‘ഗീതാഞ്ജലി’യെ പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തിയ യീറ്റ്സിന്റെ ഈ വാക്കുകൾക്ക് ഒരു പ്രവാചകമാനമുണ്ട്. ടാഗോറിന്റെ മറ്റേതു കൃതിയെക്കാളും കൂടുതൽ ‘സ്ത്രീർ പത്ര’യ്ക്ക് ഇത് യോജിക്കുന്നുമുണ്ട്.

എത്രയോ വർഷങ്ങൾക്കു ശേഷം 1972-ൽ പൂർണേന്ദു പത്രി , സ്ത്രീർ പത്ര സിനിമയാക്കി .മാധവി മുഖർജി മൃണാളിനിയായി ചായം പുരട്ടി . സൗമ്യ സർക്കാറിന്റെ സംവിധാനത്തിൽ ‘ മൃണാളർ ചിത്തി ‘ എന്ന സിനിമ വന്നത് 2011-ലാണ് . ഒരു പാട് ഷോർട് ഫിലിമുകളും നാടകങ്ങളും ചർച്ചകളും പല ഭാഷകളിലും ഇന്നും അരങ്ങേറുന്നുണ്ട്.

ഇത്രയും വർഷങ്ങൾക്കു ശേഷവും ഈ അനുരണനങ്ങളെല്ലാം അരങ്ങാടാൻ കാരണമെന്ത്?
കാര്യങ്ങൾക്ക് വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല എന്നതാവും.

അല്ലെങ്കിലും ആ കാലവും ഈ കാലവും തമ്മിൽ സ്ത്രീകൾക്ക് എന്താണ് ഇത്ര വ്യത്യാസം. കലണ്ടറുകൾ ഒട്ടധികം പറിഞ്ഞു മാറിയെങ്കിലും ഇരുട്ടു പിടിച്ച പാട്രിയാർക്കൽ വ്യവസ്ഥയുടെ അകത്തളങ്ങളിലെ പെൺജീവിതങ്ങളെ കാലം കാര്യമായി തൊട്ടിട്ടുണ്ടോ?

ടാഗോറിന്റെ മൃണാളിനി പുരുഷൻമാർക്ക് വേണ്ടി പുരുഷൻമാരുണ്ടാക്കിയ ധാർമിക നിയമങ്ങളുടെ കാൽകുരുക്കുകളെ തള്ളിപ്പറഞ്ഞിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. താനാരാണെന്നും തനിക്കെന്താണ് വേണ്ടതെന്നും സ്വയം തിരിച്ചറിഞ്ഞ് സഹജീവിയുടെ നീതിക്ക് വേണ്ടി എഴുനേറ്റു നിന്ന ശക്തയായ -മുക്തയായ സ്ത്രീ. തന്റെ ശരണം തന്നിൽ തന്നെയെന്ന് തിരിച്ചറിഞ്ഞവൾ.

നൂറുവർഷം വലിയൊരു കാലമാണ്. പക്ഷെ, സ്ത്രീകൾ പെട്ടുപോവുന്ന രാവണൻ കോട്ടകൾ ഇപ്പോഴും അവിടെത്തന്നെയുണ്ട് – മൃണാൾ ചോദിച്ച ചോദ്യങ്ങളും.

മൃണാളിനി എഴുതുകയാണ്: ” പതിനഞ്ചു വർഷമായി ഞാൻ നിങ്ങളുടെ കൂടെ ജീവിക്കുന്നു. ഞാൻ കവിതയെഴുതുമെന്ന് നിങ്ങൾക്കറിയുമായിരുന്നില്ലല്ലോ. കവിതകളിലൂടെ ഞാൻ നിങ്ങളുടെ മുറ്റത്തിന്റെ അതിരുകൾ ഭേദിച്ചു! എന്റെ കവിതകളിൽ ഞാൻ സ്വതന്ത്രയായി. ഞാൻ ഞാനായി.”

മകൾക്ക് പ്രശ്നമാവുമെന്ന് അവളുടെ അമ്മ എന്നും ഭയന്നിരുന്ന ധിഷണ അവളുടെ കവിതകളിൽ മൃണാളിനി ഒളിപ്പിച്ചു വെച്ചു. അവിടെയായിരുന്നു ശരിക്കുമുള്ള മൃണാളിനി ജീവിച്ചത്.

sonia cherian , iemalayalam
ചിത്രീകരണം: സോണിയ ചെറിയാന്‍

ആത്മപ്രകാശനത്തിന്റെ ഏറ്റവും നല്ല എഴുത്തു വഴിയാണ് കത്തുകളെന്ന് ഭംഗിയായി അറിയാവുന്ന ആളാണല്ലോ ടാഗോർ. അതാവാം മൃണാളിനിയുടെ ഉയർത്തെഴുനേൽപ്പിനായി അദ്ദേഹം ഈ വഴി തെര ഞ്ഞെടുക്കുന്നത്. സ്വന്തം ജീവിതത്തിൽ അദ്ദേഹം കത്തുകളെത്രയാണെഴുതിയിരിക്കുന്നത്!

പുറത്തുകടക്കാൻ ശക്തിയില്ലാത്ത ഒരു പാട് ഭാര്യമാർക്ക് വേണ്ടിയാണ് മൃണാൾ എഴുതുന്നത്. നൂറുവർഷങ്ങൾക്ക് മുന്നെ ടാഗോർ അവളെക്കൊണ്ട് തന്നത്താൻ എഴുതിക്കുകയാണ്. പെണ്ണുങ്ങളേ എഴുതു, നിങ്ങൾക്ക് എഴുത്ത് കനലനുഭവങ്ങളിൽ നിന്നൊരു തുറവിയും മുക്തിയുമാണന്ന് പ്രവാചകത്വ ത്തോടെ വെളിപ്പെടുത്തുകയാണ്.

എഴുത്തിലൂടെ സ്ത്രീക്ക് അതിജീവനം സാദ്ധ്യമോ? സ്ത്രീകൾക്ക് എഴുത്ത് ഒരു കഥാർസിസ് ആണ്. എഴുത്ത് കൊണ്ട് അവർ ജീവിതത്തെ അഭിമുഖീകരിക്കുന്നു. എഴുതിപ്പുറത്തുകടക്കുക എന്നൊരു വഴിയുമുണ്ട്.

ഒരു പക്ഷെ പുരുഷൻമാരെക്കാൾ കൂടുതൽ ഡയറി എഴുതുന്നതും കവിത എഴുതുന്നതും എന്നും സ്ത്രീകളാണ്. പലപ്പോഴും ആരുമറിയാതെ ഒളിച്ച് വെച്ച് തങ്ങൾക്കു വേണ്ടി മാത്രമായി അവരെഴുതുന്നു. അത് അവർക്ക് തങ്ങളുടെ ആത്മാവിനെ പരിശോധിക്കാനും സ്വന്തം സ്പേസ് നിലനിർത്തുവാനും ഉള്ള ടൂൾ ആകുന്നു.

പുരുഷൻമാരുടെ ആത്മകഥകൾ ലോകത്തോട് താൻ എവിടെയായിരുന്നുവെന്നും എവിടെ നിൽക്കുന്നു എന്നും പറയുമ്പോൾ സ്ത്രീകൾ അവനവനോട് താൻ എന്തായിരുന്നുവെന്ന് വിശദീകരിക്കുകയാണ്. അതുകൊണ്ടാണ് അവ പലപ്പോഴും ആത്മശോധനകളാവുന്നതും കൂടുതൽ സത്യസന്ധമാകുന്നതും. ആരെയൊക്കെ ബാധിക്കുമെന്നതു പോലും ചിലപ്പോൾ അവർക്ക് അപ്രസക്തമാകുന്നു.

sonia cherian , iemalayalam
ചിത്രീകരണം: സോണിയ ചെറിയാന്‍

ഫ്രഞ്ച് എഴുത്തുകാരി ഹെലനെ സിക്സു (Helene Cixous) സ്ത്രീകളോട് പറയുന്നു.
” Write your self. Your body must be heard. Only then the immense resources of the unconscious spring forth.” (സ്വയം എഴുതൂ, നിങ്ങളുടെ ശരീരം കേൾക്കപ്പെടട്ടെ. അപ്പോഴാണ് അബോധത്തിലെ അതിരില്ലാത്ത പാടവം കുതിച്ചൊഴുകുക).

മൃണാളിനിയിലൂടെ ടാഗോർ വർഷങ്ങൾക്ക് മുൻപെ പറഞ്ഞത് ഇതു തന്നെയാണ്. ചങ്ങലക്കുടുക്കുകളിൽ നിന്ന് ആത്മാവ് അക്ഷരങ്ങളിലൂടെ സ്വതന്ത്രമാക്കുന്ന മാജിക് സ്പെൽ. എക്കാലത്തെയും സ്ത്രീകൾക്കായി,എഴുത്തെന്ന സമാന്തര ലോകം,എഴുത്തെന്ന പുറപ്പാട്, എഴുത്തെന്ന അതിജീവന മന്ത്രം.

എഴുതിയയച്ച കത്തുകൾ വായിക്കപ്പെടാതെ പോവുക എന്നൊരു ദുര്യോഗമുണ്ട്. തുറന്നു നോക്കാതെ, വായിക്കാതെ തിരിച്ചയക്കപ്പെട്ട കത്തുകളെക്കുറിച്ച് സങ്കടപ്പെടുന്നുണ്ട് ഇംഗ്ലീഷ് കവി എലിസബത്ത് ബാരറ്റ് ബ്രൗണിങ്ങ്.

ഇത് അവരുടെ മാത്രം തലവരയല്ല.

‘വായിക്കപ്പെടാതെ പോയ കത്തുകൾ ‘ – രൂപകം പോലെ അതെല്ലാ എഴുത്തുകൾക്കും ബാധകമാണ്.
അവളുടെ- അവന്റെയും- കത്തുകൾ വായിക്കപ്പെടാതെ പോകുമ്പോൾ പുകവലി പ്രതിരോധത്തിന്റെ മുന്നറിയിപ്പിൽ പറയുന്നതുപോലെ ‘ ലോകവും കാലവും വില കൊടുക്കേണ്ടി വരുന്നു.’
വലിയ വില!

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Rabindranath tagore streer patra women patriarchy