scorecardresearch

Latest News

‘കവിതയായിരുന്നു സ്നേഹം പിടിച്ചുപറ്റാനുള്ള എന്റെ ഏക മൂലധനം’

“മേയ് ഏഴ് രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായിരുന്നു. അദ്ദേഹത്തിന്റെ ബാല്യകാല സ്മൃതികൾ ആഖ്യാനം ചെയ്യുന്ന “ചേലെബേല”യിൽ നിന്ന് ഒരു ഭാഗം. കവിതയിൽ ഒരു മഹാവൃക്ഷമായി മാറിയ കവിയുടെ സർഗാത്മകതയുടെ തളിരുകൾ ഈ വാക്കുകളിൽ ദൃശ്യമാകുന്നു.” സുനിൽ ഞാളിയത്ത് നടത്തിയ മൊഴിമാറ്റം

Rabindranath Tagore, Sunil Njaliyath, iemalayalam

എന്റെ ഓര്‍മയിലുള്ള ഗംഗാതീരത്തെ ആദ്യത്തെ വീടിന് ഇരുനിലകളായിരുന്നു. ഒരു വർഷകാലത്ത് കോരിച്ചൊരിയുന്ന മഴയത്ത്, മഴമേഘങ്ങളുടെ നിഴൽ നദിയുടെ ഒഴുക്കിൽ ഇടകലരുകയും മറുകരയിലെ കാടിനുമീതെ മഴമേഘങ്ങൾ ഘനീഭവിച്ചുനിൽക്കുകയും ചെയ്യവെ പലപ്പോഴും ചെയ്യാറുള്ളതുപോലെ ഞാൻ ചില വരികൾ കുറിച്ചിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പെട്ടെന്ന് വിദ്യാപതിയുടെ (മൈഥിലി ഭാഷയിലെ കവി) ചില വരികൾ മനസിൽ തെളിഞ്ഞു. ആ വരികൾക്ക് ഈണം നൽകി ചിട്ടപ്പെടുത്തി സ്വന്തമാക്കിയെടുത്തു. ഗംഗയുടെ തീരത്തുവച്ച് ചിട്ടപ്പെടുത്തിയ ആ ഗാനം ഇന്നും എന്‍റെ വര്‍ഷകാല ഗാനങ്ങളുടെ ഭാഗമാണ്. എനിക്കോർമയുണ്ട്. അന്ന് വൃക്ഷത്തലപ്പുകളിൽ കാറ്റ് ഊക്കോടെയാണ് വീശിയിരുന്നത്. മരച്ചില്ലകൾ പരസ്പരം കലഹിക്കാൻ തുടങ്ങിയിരുന്നു. കാറ്റിന്‍റെ ഗതി നോക്കി പായ് വഞ്ചികൾ ഒഴുകിയകന്നുകൊണ്ടിരുന്നു. നദിയിലെ ഓളങ്ങൾ വലിയ ശബ്ദത്തോടെ സ്നാനഘട്ടങ്ങളിൽ ആർത്തലച്ചു വീണുകൊണ്ടിരുന്നു. ബഹുഠാക്കൂരൺ മടങ്ങിവന്നപ്പോൾ ആ ഗാനം ഞാൻ അവരെ പാടിക്കേൾപ്പിച്ചു. നിശബ്ദമായിരുന്ന് അവർ പാട്ടുകേട്ടു. പക്ഷെ പാട്ട് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞില്ല. അന്നെനിക്ക് പതിനാറോ പതിനേഴോ വയസാണ്. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടുന്നത് അപ്പോഴും പതിവായിരുന്നെങ്കിലും പഴയ മൂര്‍ച്ച അതിനു കൈമോശം വന്നിരുന്നു.

കുറച്ചുദിവസങ്ങൾക്കു ശേഷം ഞങ്ങൾ മൊറാൻ സാഹേബ് ബഗാനിലുള്ള വീട്ടിലേക്കു താമസം മാറി. അതൊരു കൊട്ടാരസമാനമായ വീടായിരുന്നു. ഉയരമേറിയ ഭിത്തികളും വര്‍ണച്ചില്ലുകൾ പതിപ്പിച്ച ജനാലകളും മാർബിൾ പാകിയ നിലവും ആ വീടിന്‍റെ മനോഹാരിത വര്‍ധിപ്പിച്ചു. ആ വീടിന്റെ വരാന്തയില്‍നിന്നും ഗംഗയിലേക്കു പടിക്കല്ലുകൾ പല തട്ടുകളിലായി നീണ്ടുകിടന്നിരുന്നു. ആ പടവുകളിലിരുന്ന് നേരം വെളുപ്പിക്കാൻ ഞാൻ ഏറെ ആഗ്രഹിച്ചിട്ടുണ്ട്. അങ്ങകലെ സബർമതി നദിയോരത്തു നടക്കുന്ന ഉലാത്തലുമായി ഞാന്‍ ഇവിടത്തെ ഉലാത്തലിനെ താരതമ്യം ചെയ്തു നോക്കുമായിരുന്നു. ഇന്ന് അതൊന്നും തന്നെ അവശേഷിക്കുന്നില്ല.

rabindranath tagore,sunil,iemalayalam

മൊറാൻ സാഹേബ് ബഗാനെക്കുറിച്ച് പറയുമ്പോൾ മറ്റൊരു കാര്യം ഓർമ വരുന്നു. ചില ദിവസങ്ങളിൽ അവിടെയുള്ള ഇലഞ്ഞി മരച്ചുവട്ടിലാണ് ഞങ്ങൾ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചിരുന്നത്. ഒരുപാട് മസാല ചേർക്കാത്ത, എന്നാൽ യഥേഷ്ടം കൈപ്പുണ്യം നിറഞ്ഞ വിഭവങ്ങളാണ് അപ്പോഴൊക്കെയും മുന്നിൽ നിരക്കുക. ഞങ്ങളുടെ ഉപനയന നാളുകളിൽ ബഹുഠാക്കൂരൺ ഒന്നാന്തരം പശുവിൻ നെയ്യിൽ മൂപ്പിച്ച ചോറാണ് ഞങ്ങള്‍ക്കു വിളമ്പിയതെന്ന കാര്യം ഞാനിപ്പോഴും മറന്നിട്ടില്ല. ഭക്ഷണപ്രിയരായ ഞങ്ങൾ ആ മൂന്നുദിവസവും ആ ഭക്ഷണത്തിന്റെ സ്വാദിലും വാസനയിലും മുഗ്ദ്ധരായിക്കഴിഞ്ഞു.

അത്ര പെട്ടെന്നൊന്നും രോഗം പിടിപെടില്ലെന്നതായിരുന്നു എന്നെ കുഴക്കിയ പ്രശ്നങ്ങളിലൊന്ന്. വീട്ടിലുണ്ടായിരുന്ന മറ്റു കുട്ടികളിൽ പലരും ഇടയ്ക്കിടെ രോഗഗ്രസ്തരാവുകയും അവര്‍ക്കെല്ലാം ബഹുഠാക്കൂരണിന്‍റെ ശുശ്രൂഷ ലഭിക്കുകയും ചെയ്തിരുന്നു. കുട്ടികള്‍ക്കു ശുശ്രൂഷ മാത്രമല്ല അവരുടെ സമയവും പകുത്തു കിട്ടിയതോടെ എനിക്ക് കിട്ടേണ്ടിയിരുന്ന സമയം വീതിക്കപ്പെട്ടുപോയി.

അന്നത്തെ മൂന്നുനില വീടിനോടോപ്പം അവരുമായി ബന്ധപ്പെട്ട ഓര്‍മകളും കെട്ടുപിണഞ്ഞു കിടക്കുന്നു. അതിനുശേഷമാണ് എനിക്ക് മൂന്നുനില വീടുണ്ടായത്. പക്ഷേ, പഴയ വീടുമായി പുതിയ വീടിനെ ചേര്‍ത്തുനിര്‍ത്താനാവുന്നില്ല.

കറങ്ങിത്തിരിഞ്ഞ് യൗവനത്തിന്‍റെ പടിവാതില്‍ക്കലെത്തിയിട്ടും പലപ്പോഴും കുട്ടിക്കാലത്തിന്റെ അതിര്‍ത്തിയിലേക്ക് മടങ്ങിപ്പോകേണ്ടിവരുന്നു.

അക്കാലത്ത് നാട്ടില്‍ എമ്പാടും പത്രം പ്രസിദ്ധീകരിക്കാനുള്ള വെമ്പൽ നിലനിന്നിരുന്നു. അങ്ങനെയാണ് ‘ഭാരതി’ സംഭവിക്കുന്നത്. വല്ലാത്ത അഭിനിവേശത്തോടെയാണ് അതിന്റെ പ്രവര്‍ത്തനങ്ങളിൽ പങ്കാളിയായത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ‘എന്തൊരു വട്ടായിരുന്നു അന്നൊക്കെ’ എന്ന് തോന്നും. വിദ്യാഭ്യാസവും കഴിവും കുറഞ്ഞ എന്നെപ്പോലൊരാൾ അവരുടെ കൂട്ടത്തിൽ കയറിയിരുന്നപ്പോൾ അത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നു വേണം കരുതാൻ. എന്നെപ്പോലെ പലരും അന്ന് കുട്ടിക്കളി പോലെയാണ് പത്രപ്രവർത്തനത്തെ കണ്ടിരുന്നത്. പക്ഷേ വളരെ നല്ല രീതിയിൽ അക്കാലത്ത് ഇറങ്ങിയിരുന്ന പത്രമായിരുന്നു ‘വംഗ-ദര്‍ശൻ’. ഞങ്ങള്‍ ചുമ്മാ എന്തെങ്കിലുമൊക്കെ എഴുതിക്കൂട്ടുമ്പോൾ മൂത്ത ജ്യേഷ്ഠൻ വളരെ ഗൗരവമുള്ള കാര്യങ്ങളാണ് എഴുതിയിരുന്നത്. ആയിടെയാണ് ഞാൻ ഒരു കഥ എഴുതിയത്. അതിന്റെ കുറവുകളെ സ്വയം കണ്ടെത്താനോ അല്ലെങ്കിൽ അത് ചൂണ്ടിക്കാട്ടി പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനോ പറ്റിയ ആരും അന്നുണ്ടായിരുന്നില്ല.

മൂത്ത ജേഷ്ഠന്റെ കാര്യം ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ജ്യോതി ദായുടെ താവളം മൂന്നാംനിലയിലെ മുറി ആയിരുന്നെങ്കില്‍ വീടിന്റെ തെക്കു വശത്തുള്ള വരാന്തയിലാണ് മൂത്ത ജ്യേഷ്ഠൻ തങ്ങിയത്. ഒരു സമയത്ത് ഞങ്ങളുടെ പരിധിക്കപ്പുറത്തുള്ള ഗഹനമായ താത്ത്വിക ചിന്തകളില്‍ഏതാണ്ട് പൂര്‍ണമായും മുഴുകിയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ജ്യേഷ്ഠൻ എഴുതിയിരുന്നത് വായിക്കാനും പറഞ്ഞിരുന്നത് കേള്‍ക്കാനുമുള്ള ആളുകൾ തീരെ കുറവായിരുന്നു. അഥവാ ആരെങ്കിലും അതിന് തയാറായാല്‍അവരെ പറഞ്ഞയക്കാൻ അദ്ദേഹം തീരെ കൂട്ടാക്കിയിരുന്നുമില്ല. താത്വിക വിചാരങ്ങൾ മാത്രമായിരുന്നില്ല ജ്യേഷ്ഠൻ അവരുമായി പങ്കുവച്ചിരുന്നത്. ആളുകൾ ഫിലോസഫർ എന്നു വിളിച്ചിരുന്ന ജ്യേഷ്ഠന്റെ ഒരു കൂട്ടുകാരൻ പതിവായി വീട്ടിൽ വരുമായിരുന്നു. മട്ടന്‍ കട്ട്ലെറ്റിന്റെ പ്രലോഭനം കാരണമാണ് അയാൾ പതിവായി വരുന്നതെന്നു പറഞ്ഞ് എന്റെ മറ്റ് ചേട്ടന്മാർ അയാളെ കളിയാക്കുമാ യിരുന്നു. വരുന്ന ഓരോ ദിവസവും അയാള്‍ക്കു തിരക്കിട്ട എന്തെങ്കിലും ജോലി ചെയ്ത് തീര്‍ക്കാനുണ്ടാവുമായിരുന്നു. ഫിലോസഫി കഴിഞ്ഞാല്‍പ്പിന്നെ കണക്കായിരുന്നു അദ്ദേഹത്തിന്‍റെ ഇഷ്ടവിഷയം. കണക്കു ചിഹ്ന ങ്ങൾ എഴുതിക്കൂട്ടിയ കടലാസുകൾ തെക്കുനിന്നുമുള്ള കാറ്റിൽപ്പെട്ട് വരാന്തയിൽ പറന്നുനടക്കുന്നത് പതിവായിരുന്നു. മൂത്ത ജ്യേഷ്ഠനു പാടാൻ കഴിയുമായിരുന്നില്ല. പക്ഷേ, പാശ്ചാത്യ ഓടക്കുഴൽ വായിക്കുമായിരുന്നു. പാട്ടുകൾക്കുള്ള അകമ്പടിയായല്ല അദ്ദേഹം വായിച്ചിരുന്നത്. കണക്കുപയോഗിച്ച് ഓരോ രാഗത്തിലും പാട്ടിന്റെ ഈണം ചിട്ടപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്.

പിന്നീട് എപ്പോഴോ ‘സ്വപ്നപ്രയാണം’ എഴുതാൻ ആരംഭിച്ചു. അതിനുശേഷം ഛന്ദശാസ്ത്രത്തിലും സംസ്ക്യത-ബംഗാളി ഭാഷകളിലെ ധ്വനിപ്രകാരങ്ങളെക്കുറിച്ചും അവ ചിട്ടപ്പെടുത്തുന്നതിനെക്കുറിച്ചുമെല്ലാം പഠനങ്ങൾ നടത്തുകയും ചീന്തിയെടുത്ത താളുകളിൽ ഏറെ കുത്തിക്കുറിക്കലുകൾ നടത്തുകയും ചെയ്തു. പിന്നീട് അവയിൽ പലതും ഉപേക്ഷിക്കുകയും ചിലതൊക്കെ സൂക്ഷിക്കുകയും ചെയ്തു. അതിനെല്ലാം ഒടുവിലാണ് കാവ്യരചനയിൽ ഏർപ്പെട്ടത്. എഴുതിയതിനേക്കാൾ കൂടുതൽ വലിച്ചെറിയുകയാണ് ചെയ്തത്. എന്തെഴുതിയാലും അദ്ദേഹത്തിന് അത്ര പെട്ടെന്ന് ഇഷ്ടപ്പെടില്ലായിരുന്നു. എഴുതിയശേഷം ഉപേക്ഷിച്ച കവിതാ ശകലങ്ങൾ പെറുക്കിയെടുത്ത് വയ്ക്കാനുള്ള ബുദ്ധിയും അന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. കവിതകൾ എഴുതുന്ന മുറയ്ക്കു തന്നെ അവ പാടിക്കേൾപ്പിക്കുന്ന പതിവുണ്ടായിരുന്നു അദ്ദേഹത്തിന്. വട്ടംകൂടിയിരുന്ന് അവയത്രയും കേട്ട് ആസ്വദിക്കുന്ന തിരക്കിലായിരുന്നു ഞങ്ങൾ വീട്ടുകാർ. വായനയ്ക്കിടയിൽ അത്യാഹ്ളാദത്തോടെ ആകാശം മുട്ടുമാറുച്ചത്തിൽ ചിരിക്കുകയും അടുത്തിരിക്കുന്നവരുടെ പുറത്ത് അടിക്കുകയും ചെയ്യുമായിരുന്നു. ജോരസാങ്കോയിലെ വീടിന്‍റെ തെക്കുവശത്തുള്ള വരാന്തയോട് ചേര്‍ന്ന് ചെറിയൊരു നീരൊഴുക്ക്/നീര്‍ച്ചാട്ടം ഉണ്ടായിരുന്നത് വറ്റിപ്പോയതും മൂത്ത ജ്യേഷ്ഠൻ ശാന്തിനികേതനിലെ ആശ്രമത്തിലേക്ക് താമസം മാറ്റി. എനിക്കിപ്പോഴും ഓര്‍മ വരുന്ന ഒരു കാര്യമുണ്ട് – ആ വരാന്തയുടെ മുന്‍പിലുള്ള പൂന്തോട്ടത്തിൽ മനസിനെ എന്തോപോലെയാക്കുന്ന ശരത്കാല വെയിൽ പരക്കുമ്പോൾ ഞാൻ എഴുതാൻ ഇരിക്കുമായിരുന്നു.

rabindranath tagore,sunil,iemalayalam

“ഇന്നീ ശരത്കാല പ്രഭാതസ്വപ്നത്തിൽ,
പ്രാണനെന്താണ് മോഹിക്കുന്നതെന്ന് ആര്‍ക്കറിയാം?
ഈ വേഗതയാര്‍ന്ന യാമത്തിൽ,
ഒരു തപ്തദിന ഗാനശകലങ്ങൾ ഓർമയിലെത്തുന്നു.
പകലന്തിയോളം എന്തിനാണിത്ര അവഗണന,
എന്നോടെന്തിനാണീ കളി”

ആരുടെയും കണ്ണിൽ പെടുന്ന മറെറാരു ശീലവും മൂത്ത ജ്യേഷ്ഠനുണ്ടായിരുന്നു. നീന്തലായിരുന്നു അത്. നീന്താനിറങ്ങിയാൽ ചുരുങ്ങിയത് ഒരു അൻപത് തവണയെങ്കിലും കുളത്തിൽ അങ്ങോട്ടുമിങ്ങോട്ടുമായി അദ്ദേഹം നീന്തും. പേനേട്ടി ബഗാനിൽ താമസിക്കുമ്പോഴും ഗംഗാ നദിയിലുടെ നീന്തി ഏറെ ദൂരം പോകുമായിരുന്നു. കുട്ടിക്കാലത്ത് ജ്യേഷ്ഠന്റെ മേല്‍നോട്ടത്തിലാണ് ഞങ്ങൾ നീന്തൽ പഠിച്ചത്. സ്വന്തം നിലയ്ക്കാണ് ആദ്യം പഠിക്കാനാരംഭിച്ചത്. പൈജാമയിട്ട് നീന്താൻ വെള്ളത്തിലിറങ്ങുമ്പോൾ അത് നനയുന്നതോടൊപ്പം കാറ്റ് കയറി പൈജാമ വീർത്തുവരുമായിരുന്നു. അതോടെ അന്നത്തെ നീന്തൽ അവസാനിക്കുമായിരുന്നു. മുതിർന്നശേഷം സിയാൽദഹയിൽ താമസി ക്കാൻ തുടങ്ങിയപ്പോൾ ഒരു തവണ പത്മാനദി നീന്തിക്കടന്നിരുന്നു. ഇത് കേൾക്കുമ്പോൾ ഞെട്ടാമെങ്കിലും അതത്ര ഞെട്ടലുളവാക്കേണ്ട കാര്യമൊന്നുമായിരുന്നില്ല. പലയിടത്തും എക്കലടിഞ്ഞ് ആഴം കുറഞ്ഞതു മൂലം ആ നീന്തൽക്കാരനെ വേണ്ടപോലെ ബഹുമാനിക്കാനുള്ള പ്രവാഹം പത്മാനദിക്കു കൈമോശം വന്നിരുന്നു. എങ്കിലും വഞ്ചിക്കാരുടെ പക്കൽനിന്നും പേടിപ്പെടുത്തുന്ന ധാരാളം കഥകൾ കേൾക്കാനായിട്ടുണ്ട്. കുറേ കഥകൾ ഞാനും പറഞ്ഞുകൊടുത്തിട്ടുണ്ട്.

കുട്ടിക്കാലത്ത് ഡൽഹൗസി കുന്നിൽ വിനോദയാത്ര പോയപ്പോൾ അതിന്റെ പരിസരങ്ങളിൽ ഒറ്റയ്ക്ക് ചുറ്റിക്കറങ്ങുന്നതിൽനിന്നും ഒരിക്കൽപ്പോലും പിതാമഹൻ എന്നെ വിലക്കിയതേയില്ല. ഒരു വടിയും കുത്തിപ്പിടിച്ച് നടവഴികൾ താണ്ടി പല കുന്നുകളിലൂടെയും ഞാൻ കയറിയിറങ്ങി. ചില നേരങ്ങളില്‍ പേടി തോന്നിപ്പോയതായിരുന്നു ഏറെ രസകരം. ഒരു തവണ കുന്ന് കയറുമ്പോള്‍ ഒരു വൃക്ഷച്ചുവട്ടിലെ ഉണക്കിലകളിൽ ചവിട്ടി കാൽ തെന്നി വീഴേണ്ടതായിരുന്നു. പക്ഷെ കൈവശമുണ്ടായിരുന്ന ഊന്നുവടി രക്ഷിച്ചു. ഇല്ലായിരുന്നുവെങ്കിൽ കുന്നിൻപുറത്തുനിന്ന് ഉരുണ്ടുരുണ്ട് താഴേയുള്ള നീരൊഴുക്കിൽ ചെന്നുവീഴുമായിരുന്നു. ആ കഥ ഊതിവീർപ്പിച്ച് ഞാൻ അമ്മയോട് പറയുകയും ചെയ്തിരുന്നു. അതുകൂടാതെ പൈൻകാടുകളിലൂടെ ചുറ്റി നടക്കവേ കരടിയെ കണ്ടുമുട്ടാനുള്ള സാധ്യതയും ഏറെയായിരുന്നു. പക്ഷെ ഒരിക്കൽപ്പോലും ഒന്നും സംഭവിച്ചില്ല. സത്യത്തില്‍ എന്റെ മനസിലാണ് എല്ലാ അപ്രതീക്ഷിത സംഭവങ്ങളും അരങ്ങേറിയത്. ഞാന്‍ പത്മാനദി നീന്തിക്കടന്ന കഥയും ഭാവനയിൽ വിരിഞ്ഞ ഒന്നായിരുന്നു.

എന്റെ പതിനേഴാം വയസിലാണ് ‘ഭാരതി’യുടെ പത്രാധിപസമിതി യോഗങ്ങളില്‍നിന്ന് മാറി നില്‍ക്കേണ്ടി വന്നത്. ആ നാളുകളിലാണ്‌ എന്നെ വിദേശത്ത് അയയ്ക്കാനുള്ള തീരുമാനമായത്. അതോടൊപ്പം കപ്പൽ കയറുന്നതിന്ു മുന്‍പ് കൊച്ചേട്ടനിൽനിന്നും പാശ്ചാത്യ നടപ്പുരീതികൾ പരിശീലിക്കാനുള്ള നിര്‍ദേശവും വന്നു. ആ സമയം അദ്ദേഹം അഹമ്മദാബാദിൽ ജഡ്ജിയായിരുന്നു. അദ്ദേഹത്തിന്‍റെ പത്നിയും കുട്ടികളും ഇംഗ്ലണ്ടിലായിരുന്നു. അവരോടൊപ്പം ചെന്നുചേരാനുള്ള കാത്തിരിപ്പിലായിരുന്നു കൊച്ചേട്ടൻ.

എന്നെ വേരോടെ പിഴുതെടുത്ത് മറ്റൊരു മണ്ണിലേക്ക് എത്തിക്കുകയാണ് ചെയ്തത്. പുതിയ ചുറ്റുപാടുകളുമായി ഞാന്‍ ഇടപഴകാൻ തുടങ്ങി. തുടക്കത്തില്‍ വലിയ സങ്കോചത്തോടെയാണ് ആളുകളുമായി ഇടപഴകാൻ തുടങ്ങിയത്. പുതിയ ആളുകളുമായി പരിചയപ്പെടേണ്ടി വന്നപ്പോഴെല്ലാം എങ്ങനെയാണ് അവരുടെ മുന്നില്‍ മാനം കാക്കുകയെന്ന ചിന്ത സദാസമയവും എന്നെ ചുറ്റിപ്പറ്റി നിന്നു. അവിടെ അപരിചിത കുടുംബങ്ങളുമായുള്ള അടുത്തിടപഴകലും അത്ര എളുപ്പമായിരുന്നില്ല. അവരെ ഒഴിവാക്കി നിര്‍ത്താനും സാധ്യമല്ലായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ എന്നെപ്പോലൊരു പയ്യൻ തപ്പിത്തടഞ്ഞു വീഴുക തികച്ചും സ്വാഭാവികമായിരുന്നു.

അഹമ്മദാബാദിലെ പഴയൊരു ചരിത്രത്തിന്റെ ചിത്രം എന്റെ മനസ്സിൽ പൊന്തിപ്പറക്കാന്‍ തുടങ്ങി. ഷാഹിബാഗിലുള്ള രാജഭരണകാലത്തെ ഒരു കൊട്ടാരമായിരുന്നു ജഡ്ജിയുടെ വസതി. രാവിലെ തന്നെ കൊച്ചേട്ടന്‍ ജോലിക്കു പോകുമായിരുന്നു. പകൽനേരത്ത് വിജനമായിക്കിടന്ന വലിയ മുറികളിലൂടെ ഭൂതാവേശിതനെപ്പോലെ ഞാൻ കയറിയിറങ്ങി. വീടിന്റെ മുന്‍വശത്തെ വിസ്താരമേറിയ മട്ടുപ്പാവിൽനിന്നു നോക്കിയാൽ മുട്ടോളം വെള്ളമുള്ള സാബര്‍മതി നദി വളഞ്ഞുപുളഞ്ഞ് ഒഴുകുന്നത് കാണാം. മട്ടുപ്പാവിന്റെ പല ഭാഗത്തും ഉണ്ടായിരുന്ന ദീര്‍ഘ സമചതുരാ കൃതിയിലുള്ള കല്‍ത്തൊട്ടികളിൽ റാണിമാരുടെ ആഡംബരസമാനമായ സ്നാനകഥകളുടെ ചരിത്രം കട്ടപിടിച്ചുകിടന്നിരുന്നു.

കല്‍ക്കത്തയിൽ ഞങ്ങൾ തികച്ചും സാധാരണ മനുഷ്യരായിരുന്നു. അവിടെ ചരിത്രത്തിന്റെ തലപ്പൊക്കമുള്ള പ്രകൃതമൊന്നും എവിടെയും പ്രകടമായിരുന്നില്ല. അഹമ്മദാബാദിൽ എത്തിയശേഷമാണ് ചരിത്രം നിശ്ചലമായി നില്‍ക്കുന്നത് ആദ്യമായി കാണുന്നത്. തിരിഞ്ഞുനോക്കിയാൽ അവിടെ കുലീനമായ ഒരു ഭൂതകാലം കാണാനാവും.

എത്രയോ നൂറ്റാണ്ടുകൾ പഴക്കമുള്ള കഥയാണിത്. തെരുവില്‍നിന്നു കുതിരകളുടെ താളത്തിലുള്ള കുളമ്പടികള്‍ കേള്‍ക്കാം. അകത്തളങ്ങളില്‍ വാളേന്തിയ കാപ്പിരികൾ പാറാവ്‌ നില്‍ക്കുന്നതു കാണാം. റാണിമാരുടെ അന്തപ്പുരങ്ങളിൽനിന്നു പനിനീർ ജലധാരയുടെ വാസനയും വളകിലുക്കവും കേള്‍ക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇന്ന് മറന്നുപോയ ഒരു കഥ പോലെ ഷാഹിബാഗ് നിശ്ചലമായി നില്‍ക്കുന്നു. അതിന്റെ ഗതകാലവര്‍ണങ്ങൾ മാഞ്ഞിരിക്കുന്നു. ആഹ്ളാദധ്വനികൾ നിലച്ചിരിക്കുന്നു. ദിനങ്ങളത്രയും വരണ്ടുപോയിരിക്കുന്നു. രാവുകളുടെ നീരും പാടെ വറ്റിപ്പോയിരിക്കുന്നു.

ഇന്നിപ്പോൾ പഴയ ചരിത്രത്തിന്റെ എല്ലുകളും തലയോട്ടിയും തെളിഞ്ഞു വന്നിരിക്കുന്നു. പക്ഷേ കിരീടമില്ല. അതിനെ ഒരു മുഖംമൂടി ധരിപ്പിച്ച്, പൂർണകായ പ്രതിമയാക്കി ഒരു കാഴ്ചബംഗ്ലാവിലെന്ന പോലെ മനസില്‍ അലങ്കരിച്ചു വച്ചിരിക്കുകയാണ്. ഇങ്ങനെയുള്ള പലതും ഓര്‍ത്തുവയ്ക്കാന്‍ പറ്റാറില്ലെങ്കിലും ചിലതൊക്കെ മനസില്‍ പറ്റിപ്പിടിച്ച് നില്‍ക്കുന്നു. എണ്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം രൂപം തന്നെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥ രൂപവുമായി അത് പൂര്‍ണമായും യോജിക്കുന്നതേയില്ല.

വിദേശത്ത് ഏതാനും നാളുകൾ പിന്നിട്ടപ്പോൾ വീട്ടില്‍നിന്നു വിട്ടുനില്‍ക്കുന്നതിലുള്ള എന്റെ വിഷമം ദുരീകരിക്കാനും ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ള ഒരു എളുപ്പമാര്‍ഗമെന്ന നിലയ്ക്കും ഇന്ത്യാക്കാരിയായ ഒരു പെണ്‍കുട്ടിയുടെ കൂട്ട് ഗുണം ചെയ്യുമെന്ന് കൊച്ചേട്ടന്‍ കരുതി. അതുകൊണ്ടാവണം ബോംബെക്കാരായ ഒരു കുടുംബത്തോടൊപ്പം കുറച്ചുകാലം എന്നെ താമസിക്കാൻ വിട്ടത്. വിദേശത്ത് ജനിച്ചു പഠിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടി ആ വീട്ടിലുണ്ടായിരുന്നു. അത്രയൊന്നും പഠിച്ചിട്ടില്ലാത്ത എന്നെ ഗൗനിച്ചില്ലെങ്കിൽ അതിനവളെ കുറ്റം പറയാനാവില്ലായിരുന്നു. പക്ഷേ അതവള്‍ ചെയ്തില്ല. പുസ്തകങ്ങളിൽ തലപൂഴ്ത്തിയിരുന്ന് ഫലവത്തായി പഠിക്കാനുള്ള ത്രാണി എനിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവസരം കിട്ടുമ്പോഴെല്ലാം കവിത എനിക്ക് വഴങ്ങുമെന്ന് ഞാന്‍ ആ പെണ്‍കുട്ടിയുടെ മുന്‍പാകെ തെളിയിച്ചു കൊണ്ടിരുന്നു. അതുമാത്രമായിരുന്നു സ്നേഹം പിടിച്ചുപറ്റാനുള്ള എന്റെ ഏക മൂലധനം.

എന്റെ കവിതയെഴുത്തിനെ അവതരിപ്പിച്ചപ്പോഴെല്ലാം അത് അളന്നുതൂക്കി നോക്കാതെ അവള്‍ അംഗീകരിക്കുകയാണ് ചെയ്തത്. ഒരിക്കല്‍ ഒരു വിളിപ്പേര് കണ്ടെത്തി നല്‍കാൻ അവള്‍ ആവശ്യപ്പെട്ടു. ഞാന്‍ നല്‍കിയ പേര് അവള്‍ക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ആ പേര് എന്‍റെ കവിതയില്‍ എവിടെയെങ്കിലും ചേര്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പിന്നീടത് പുലര്‍കാല രാഗമായ ഭൈരവിയില്‍ ഞാന്‍ ചിട്ടപ്പെടുത്തുകയുണ്ടായി. അത് കേട്ടശേഷം അവള്‍ പറഞ്ഞു, ‘കവീ…നിന്റെയീ ഗാനം കേട്ടാൽ എന്റെ മരണദിനത്തിന്റെ അന്നുപോലും പ്രാണബദ്ധമായി ജീവിതത്തിലേക്ക് ഉണരാന്‍ എനിക്കാവും’.

അതിൽനിന്ന് ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു. പെൺകുട്ടികൾക്ക് ആരോടെങ്കിലും സ്നേഹം അറിയിക്കണമെന്നുണ്ടെങ്കിൽ അവരതിൽ കൂടുതൽ തേൻ പുരട്ടിയാണ് പറയുക. സന്തോഷം പകരാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതും. എന്റെ ബാഹ്യരൂപത്തെക്കുറിച്ച് ആദ്യമായി മതിപ്പോടെ സംസാരിച്ചതും അവളായിരുന്നു എന്ന് ഞാൻ ഓര്‍ക്കുന്നു. പലപ്പോഴും പലതും അവൾ പറഞ്ഞു. ഒരിക്കൽ ഏറെ സവിശേഷമായി അവൾ പറഞ്ഞു, ‘എനിക്ക് വാക്ക് തരണം. നീ ഒരിക്കലും താടി വളര്‍ത്തില്ല എന്ന് ! ഒരു കാരണവശാലും ഒരിക്കലും നിന്റെ മുഖം മറയ്ക്കില്ല എന്ന്.’

അവളോട് വാക്കുപാലിക്കാന്‍എനിക്ക് ഇന്നോളം കഴിഞ്ഞില്ലെന്നത് എല്ലാവര്‍ക്കും അറിയാം. എന്റെ മുഖം അവളുടെ ആഗ്രഹത്തിനു വഴങ്ങുന്നതിന് മുന്‍പുതന്നെ അവൾ മരണപ്പെട്ടിരുന്നു.

ഞങ്ങളുടെ വീട്ടിലെ അരയാൽ മരത്തിൽ ചില ചില വര്‍ഷങ്ങളിൽ ദേശാടനപ്പക്ഷികൾ കൂടുകൂട്ടി പാര്‍ക്കാൻ എത്തുമായിരുന്നു. അവറ്റകളുടെ ചിറകുകളുടെ നൃത്തം മനസിലാക്കി വരുമ്പോഴേക്കും അവര്‍ മടങ്ങുകയും ചെയ്യുമായിരുന്നു. വിദൂരവനങ്ങളിൽനിന്നും അജ്ഞാതമായ ഈണങ്ങളുമായാണ് അവർ വന്നിരുന്നത്. അതുപോലെ ജീവിതയാത്രയിൽ ഇടയ്ക്കിടെ ഭൂമിയിലെ അപരിചിത ഇടങ്ങളില്‍നിന്നും സ്നേഹദൂതുമായി മനുഷ്യരെത്തുന്നു. ഒടുവില്‍ ഹൃദയത്തിന്‍റെ വിസ്താരം വര്‍ധിപ്പിച്ച് അവർ മടങ്ങുകയും ചെയ്യുന്നു. വിളിക്കാതെയാണ് അവര്‍ വരുന്നത്. ഒടുവില്‍ ഒരുനാൾ വിളിച്ചാൽ അവർ വരണമെന്നുമില്ല. മടങ്ങും വഴിയിൽ ജീവിച്ചിരുന്ന നാളുകളുടെ ചിത്രത്തുന്നലുകള്‍ അവര്‍ പതിപ്പിച്ചുവയ്ക്കുന്നു, ജീവിതത്തില്‍ പിന്നിട്ട ദിനരാത്രങ്ങളുടെ മൂല്യം എന്നന്നേക്കുമായി വര്‍ധിപ്പിച്ചുകൊണ്ട് അവര്‍ പറന്നകലുന്നു.

  • എൻ ബി ടി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ നിന്നുള്ള ഭാഗം

Also Read: സുനിൽ ഞാളിയത്തിന്റെ മറ്റു രചനകൾ വായിക്കാം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Rabindranath tagore childhood reminiscences chelebela book excerpt