ആയിരത്തൊന്നു രാവുകളിലെ അത്ഭുതകഥകളിലൂടെയും സിന്ദ്ബാദിന്റെ യാത്രകളിലൂടെയും ലോകത്തെ ത്രസിപ്പിച്ച അറേബ്യന്‍ മരുഭൂമിയിലേക്ക് ആദ്യമായി ഫിഫ ലോക കപ്പെത്തുമ്പോള്‍ ഒട്ടനവധി മായക്കാഴ്ചകളാണ് ആതിഥേയരായ ഖത്തര്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. കടല്‍ത്തീരത്ത് നിര്‍മിച്ച മനോഹരമായ ഡിമൗണ്ടബിള്‍ (പൊളിച്ചുമാറ്റി മറ്റൊരിടത്ത് പുനസ്ഥാപിക്കാവുന്ന) സ്റ്റേഡിയം മുതല്‍ കടലില്‍ താമസിച്ച് മത്സരങ്ങള്‍ കാണാനുള്ള അവസരം വരെയുള്ള, മുമ്പെങ്ങും കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത പലതുമാണ് ഖത്തറിലേക്കെത്തുന്ന ഫുട്ബോള്‍ ആരാധകരെ കാത്തിരിക്കുന്നത്.
ഫിഫയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയ അനുഭവമായിരിക്കും ഖത്തര്‍ 2022 എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. അറേബ്യന്‍ പെനിന്‍സുലയില്‍ ഒരു മുനമ്പ് പോലെ തള്ളി നില്‍ക്കുന്ന കൊച്ചുരാജ്യത്ത് ഫുട്ബോള്‍ ആവേശം വാനോളമുയര്‍ന്നിട്ടുണ്ട്. ഖത്തറിലെ ഏതു വഴിയിലൂടെ സഞ്ചരിച്ചാലും ഫിഫ ലോകകപ്പിനെ വരവേല്ക്കാനുള്ള തയാറെടുപ്പുകളാണ് കാണാനാവുന്നത്. തികഞ്ഞ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ഒരു ജനത മുഴുവന്‍ ലോകത്തെയും ഓരേ വികാരത്തോടെ താളത്തോടെ തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയാണ്.
ദേശത്തിന്റെ മുഖച്ഛായ മാറ്റിയ ഫുട്ബോള്‍ ആരവം
ഫുട്ബോള്‍ മാമാങ്കത്തിന്റെ വേദികളൊരുക്കാനും രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിനുമായി 200 ബില്യണ്‍ റിയാല്‍ (നാലു ലക്ഷം കോടിയിലേറെ രൂപ) മുടക്കിയിട്ടുണ്ടെന്നാണ് ടൂര്‍ണമെന്റ് നടത്തിപ്പിനുവേണ്ടി രൂപീകരിച്ച ഏകോപന സമിതിയായ സൂപ്രിം കൗണ്‍സില്‍ ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി നല്കുന്ന കണക്ക്.
2010 ഡിസംബര്‍ രണ്ടിന് ലോകകപ്പ് വേദി പ്രഖ്യാപിക്കുമ്പോഴത്തെ ഖത്തറല്ല ഇന്നത്തേത്. അത്രയേറെ മാറ്റങ്ങളാണ് 11 വര്‍ഷത്തിനിടെ ആ രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. ഇത്രയും കാലയളവില്‍ അടിസ്ഥാനസൗകര്യ മേഖലയില്‍ ഇത്രയും വലിയ കുതിച്ചുച്ചാട്ടം നടത്തിയ മറ്റൊരു രാജ്യവും ലോകത്തില്ലെന്നു തന്നെ പറയാം. ഫിഫ ലോകകപ്പിനെ മുന്‍നിര്‍ത്തി വിഷന്‍ 2030 എന്ന പേരില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് രാജ്യത്ത് സമഗ്രവികസനമാണ് ഭരണകൂടം നടപ്പിലാക്കിയത്. അത് ഗതാഗതരംഗത്തും വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും വ്യവസായ മേഖലയിലും വിനോദസഞ്ചാര മേഖലയിലുമെല്ലാം പ്രതിഫലിക്കുന്നു.
2022 നവംബര്‍ 21ന് അല്‍റോറിലെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ കൊടിയേറുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ കലാശക്കൊട്ട് ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തിലായിരിക്കും നടക്കുക. സാധാരണ ജൂണ്‍-ജൂലൈ മാസങ്ങളിലായി നടക്കാറുള്ള ലോകകപ്പ് ഖത്തറിനുവേണ്ടി മാത്രമായി നാഷണല്‍ ലീഗുകളുടെയും ക്ലബ് ചാംമ്പ്യന്‍ഷിപ്പുകളുടെയും മറ്റു പ്രധാന മത്സരങ്ങളുടെയുമെല്ലാം ഷെഡ്യൂള്‍ മാറ്റിക്കൊണ്ടാണ് ഫിഫ നവംബര്‍-ഡിസംബര്‍ മാസങ്ങളിലേക്കു റീ ഷെഡ്യൂള്‍ ചെയ്തത്. ടൂര്‍ണമെന്റിന്റെ സമയക്രമം മരുഭൂമിയിലെ ചൂടേറിയ കാലാവസ്ഥ കണക്കിലെടുത്താണെങ്കിലും ഫിഫ തയാറായത് വലിയൊരു കാര്യമാണ്. ഫിഫയുടെ ചരിത്രത്തില്‍ അത്തരമൊരു മാറ്റം അത്യപൂര്‍വമാണ്.
ലോകകപ്പ് സ്റ്റേഡിയങ്ങളിലൂടെ
2022 ലോകകപ്പിന്റെ വേദിയായി ഖത്തറിനെ പ്രഖ്യാപിക്കുമ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍ സൗകര്യമുള്ള ഒരൊറ്റ സ്റ്റേഡിയമേ രാജ്യത്തുണ്ടായിരുന്നുള്ളൂ. 1978ല്‍ രാജ്യത്തിന് സമര്‍പ്പിച്ച ഖലീഫ ഇന്റര്‍നാഷണല്‍ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയമായിരുന്നു അത്. ഇരുപതിനായിരം കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമാണ് അന്ന് ആ സ്റ്റേഡിയത്തിനുണ്ടായിരുന്നത്. അല്‍ഖോര്‍, വക്ര, അല്‍സദ്ദ്, അല്‍ ഹിലാല്‍ തുടങ്ങിയ ചെറുകിട ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ വേറെയുമുണ്ടായിരുന്നുവെങ്കിലും അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താനുള്ള സൗകര്യങ്ങളും പതിനായിരത്തിലേറെ കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും അവയ്ക്കൊന്നും ഉണ്ടായിരുന്നില്ല.
2010 ഡിസംബര്‍ രണ്ടിനു ലോകകപ്പ് വേദി പ്രഖ്യാപിക്കപ്പെട്ടശേഷമാണ് അത്യാധൂനിക സൗകര്യങ്ങളുള്ള ലോകോത്തര നിലവാരമുള്ള സ്റ്റേഡിയങ്ങളുടെ പണികള്‍ക്കു തുടക്കം കുറിച്ചത്. ലോകകപ്പിനായി നിര്‍മിച്ച എല്ലാ സ്റ്റേഡിയങ്ങളും രാജ്യത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂടിയാണ്. സ്റ്റേഡിയങ്ങള്‍ക്കു ചുറ്റുമായി പൊതുജനങ്ങള്‍ക്ക് എപ്പോഴും ഉപയോഗിക്കാവുന്ന തരത്തിലുള്ള പാര്‍ക്കുകള്‍, റൈഡുകള്‍, ജലധാരകള്‍, ഫുഡ് കോര്ട്ടുകള്‍ തുടങ്ങിയ പലവിധ സൗകര്യങ്ങളുമുണ്ട്.

ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം
ഖത്തറിലെ ആദ്യത്തെ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം. ലോക അത്ലറ്റിക് ചാംമ്പ്യന്‍ഷിപ്പ്, ഏഷ്യ കപ്പ് ഫുട്ബോള്‍, 2006ലെ ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ പല പ്രമുഖ മത്സരങ്ങള്‍ക്കും നേരത്തെ ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. 2017ല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ആദ്യത്തെ ലോകകപ്പ് സ്റ്റേഡിയമായി പ്രഖ്യാപിച്ചു. 40,000 കാണികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യവും ഉഷ്ണക്കാലത്ത് ശീതീകരണ സംവിധാനത്തിലൂടെ മത്സരങ്ങള്‍ നടത്താനുള്ള സംവിധാനവും ഇവിടെയുണ്ട്. ലോകകപ്പ് ഗ്രൂപ്പ മത്സരങ്ങള്‍ക്കു പുറമെ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന ലൂസേഴ്സ് ഫൈനലും ഈ സ്റ്റേഡിയത്തില്‍ നടക്കും.

അല്‍ബെയ്ത്ത് സ്റ്റേഡിയം
പടുകൂറ്റന്‍ തമ്പിന്റെ ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന അല്‍ബെയ്ത്ത് സ്റ്റേഡിയം പൗരാണിക കാലത്തെ അറേബ്യന്‍ നാടോടികളുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്നു. ബെയ്ത്ത് അല്‍ സഹര്‍ എന്ന നാടോടി ടെന്റുകളുടെ രൂപത്തില്‍ ഡിസൈന്‍ ചെയ്ത സ്റ്റേഡിയം മരുഭൂമിയിലെ പരമ്പരാഗത ജീവിതത്തിലേക്കും ആധൂനിക ജീവിത രീതികളിലേക്കും കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകും. ടെന്റിനു പുറത്ത് സജ്ജീകരിച്ച അതിമനോഹരമായ ഉദ്യാനം വിനോദസഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷണീയമാണ്. 60,000 പേര്‍ക്ക് ഇരിക്കാവുന്ന ഈ സ്റ്റേഡിയത്തിലാണ് ഖത്തര്‍ 2022ന്റെ കിക്കോഫ് നടക്കുന്നത്. ഉദ്ഘാടന മത്സരത്തിനു പുറമെ സെമിഫൈനല്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയാകും.

സ്റ്റേഡിയം 974
ഫിഫ 2022വിലെ വലിയ അത്ഭുതങ്ങളില്‍ ഒന്നാണ് ഈ സ്റ്റേഡിയം. ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി കളികഴിയുമ്പോള്‍ പൊളിച്ചുമാറ്റി മറ്റൊരിടത്ത് പുനസ്ഥാപിക്കാവുന്ന ഡിമൗണ്ടബിള്‍ സ്റ്റേഡിയം ഒരുക്കിയിരിക്കുകയാണ് ഖത്തര്‍. ഷിപ്പിങ് കണ്ടെയ്നറുകള്‍ ഉപയോഗിച്ച് തുറമുഖത്തെ കടല്‍ത്തീരത്തോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ‘സ്റ്റേഡിയം 974’ അറേബ്യന്‍ ഗള്‍ഫിലെ തുറമുഖ പട്ടണമായ ദോഹയുടെ ചരിത്രപരമായ സവിശേഷതകളെ പ്രതിനിധീകരിക്കുന്നു. 13 ലോകകപ്പ് മത്സരങ്ങള്‍ക്കു വേദിയാകുന്ന ഈ സ്‌റ്റേഡിയം രാജ്യത്തിന്റെ ടെലിഫോണ്‍ കോഡായ 974ലാണ് അറിയപ്പെടുന്നത്.

ലുസൈല്‍ സ്റ്റേഡിയം
ലോകകപ്പ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പുതിയ നഗരമായ ലുസൈലിലാണ് 2022 ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയം നിലകൊള്ളുന്നത്. അറേബ്യന്‍ വാസ്തുശില്പ കലയുടെ സൗന്ദര്യം തുളുമ്പിനില്‍ക്കുന്ന അതിമനോഹരമായ കാഴ്ചയാണ് 80,000 ഇരിപ്പിടങ്ങളുള്ള ലുസൈല്‍ സ്റ്റേഡിയം. അറേബ്യന്‍ കരകൗശലവൈദഗ്ധ്യത്തിന്റെ സുവര്‍ണകാലത്തെ ഓര്‍മപ്പെടുത്തുന്ന ഇവിടെയാണ് ഫിഫ 2022വിന്റെ കലാശപ്പോരാട്ടം അരങ്ങേറുന്നത്. ഫൈനല്‍ ഉള്‍പ്പെടെ 10 മത്സരങ്ങളാണ് ഓവല്‍ ആകൃതിയിലുള്ള പാത്രത്തെപ്പോലെ ചിത്രപ്പണികളോടുകൂടി തീര്‍ത്ത ഈ സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിട്ടുള്ളത്.

അല്‍ജനൂബ് സ്റ്റേഡിയം
മത്സ്യബന്ധന മേഖലയായ വക്റയില്‍ നിര്‍മിച്ച അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും മത്സരങ്ങള്‍ നടത്തുന്നതിനുള്ള കൂളിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. അടയ്ക്കാനും തുറയ്ക്കാനും കഴിയുന്ന മേല്‍ക്കൂരയുള്ളതിനാല്‍ ഏതു കാലാവസ്ഥയിലും ഇവിടെ മത്സരങ്ങള്‍ സംഘടിപ്പിക്കാം.
ദൗ എന്നു വിളിക്കുന്ന പരമ്പരാഗത അറേബ്യന്‍ പത്തേമാരിയുടെ ആകൃതിയില്‍ നിര്‍മിച്ച മനോഹര സ്റ്റേഡിയം 2019 മേയ് 16നാണു രാജ്യത്തിനു സമര്‍പ്പിച്ചത്. മത്സ്യബന്ധനവും മുത്തുവാരലുമായി ഇഴകിച്ചേര്‍ന്ന വക്രയിലെ ജനങ്ങളുടെ പരമ്പരാഗത സംസ്‌കാരവുമായി ബന്ധപ്പെടുത്തിയാണ് സ്റ്റേഡിയത്തിനു പത്തേമാരിയുടെ രൂപം നല്കിയത്. പ്രാഥമിക റൗണ്ടിലും രണ്ടാം റൗണ്ടിലുമായി നടക്കുന്ന ഏഴു മത്സരങ്ങള്‍ക്കു സ്റ്റേഡിയം വേദിയാകും. 40,000 പേര്‍ക്കുള്ള ഇരിപ്പിടമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം
ജ്യോമട്രിക്കല്‍ പാറ്റേണ്‍ അടിസ്ഥാനമാക്കി രത്നത്തിന്റെ ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ സ്റ്റേഡിയത്തിന്റെ നിറം സൂര്യന്റെ ചലനത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. 40,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയം 2020 ജൂണിണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനു കൈമാറിയത്. ഫിഫ വേള്‍ഡ് ക്ലബ്ബ് 2021 ചാമ്പ്യന്‍ഷിപ്പിലെ ഫൈനലുള്‍പ്പെടെ അഞ്ചു മത്സരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനല്‍ ഉള്‍പ്പെടെ എട്ടു മത്സരങ്ങള്‍ക്ക് ഈ രത്നക്കൂടാരം വേദിയാകും.

അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, റയ്യാന്‍
മരുഭൂമിയിലെ പല സമവാക്യങ്ങളും കൂട്ടിച്ചേര്‍ത്ത് ഡിസൈന്‍ ചെയ്ത അതിമനോഹര നിര്‍മിതിയാണ് ഈ ലോകകപ്പ് വേദി. മരുഭൂമിയുടെ സൗന്ദര്യവും സസ്യജാലങ്ങളും മൃഗങ്ങളും മനുഷ്യജീവിതവുമെല്ലാം പ്രതിഫലിക്കുന്ന തരത്തിലാണ് ഡെന്‍മാര്‍ക്കിലെ എന്‍ജിനീയറിങ് കമ്പനിയായ രാംബോള്‍ ഈ സ്റ്റേഡിയ സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. ഗ്രൂപ്പ് തലത്തിലെ നാലു മത്സരങ്ങള്‍ക്കും രണ്ടാം റൗണ്ടിലെ ഏഴു മത്സരങ്ങള്‍ക്കും വേദിയാകുന്ന സ്റ്റേഡിയത്തില്‍ 40,000 പേര്‍ക്കു കളി കാണാന്‍ സൗകര്യമുണ്ട്.

അല്‍ തുമാമ സ്റ്റേഡിയം
അറബികളുടെ പരമ്പരാഗത തൊപ്പിയുടെ രൂപത്തില്‍ ഖത്തരി ആര്‍ക്കിടെക്ട് ഇബ്രാംഹിം എം ജെയ്ദയാണ് ഈ സ്റ്റേഡിയം രൂപകല്പന ചെയ്തിരിക്കുന്നത്. കുലീനതയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായ ഗഹ്ഫിയ തൊപ്പിയൂടെ രൂപത്തിലുള്ള തുമാമ സ്റ്റേഡിയത്തിന് ആര്‍ക്കിടെക്ചറല്‍ റിവ്യൂ ഫ്യൂച്ചര്‍ പ്രോജക്ട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 40,000 ഇരിപ്പിടങ്ങളുള്ള ഈ സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍, സെമിഫൈനല്‍ ഉള്‍പ്പെടെ 14 മത്സരങ്ങള്‍ നടക്കും.
ഖത്തറിന്റെ ഒരുക്കത്തില്‍ ഞെട്ടിയ ലോകം
കഴിഞ്ഞ പത്തുവര്‍ഷത്തെ മുന്നൊരുക്കങ്ങളിലൂടെ ഖത്തര്‍ വിമര്‍ശകരുടെ വായയടപ്പിച്ചിരിക്കുകയാണ്. ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റ് നടത്താനുള്ള സംവിധാനങ്ങളും പ്രാപ്തിയും ഖത്തറിനില്ലെന്നായിരുന്നു അമേരിക്ക ഉള്‍പ്പെടെയുള്ള പല വികസിത രാജ്യങ്ങളും ലോകകപ്പ് വേദി പ്രഖ്യാപിച്ചപ്പോള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. നേരത്തെ വിമര്‍ശിച്ചവര്‍ നിലപാട് മാറ്റി ഖത്തറിനെ അഭിനന്ദിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് അടുത്തിടെ റഷ്യയില്‍ ഫിഫ സംഘടിപ്പിച്ച ചടങ്ങില്‍ സൂപ്രിം കൗണ്‍സില്‍ ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി പ്രതിനിധി പറഞ്ഞത്. ലോകകപ്പിനായി 200 ബില്യണ്‍ ഡോളർ രാജ്യം ചെലവഴിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി.
2010ല്‍ ലോകകപ്പ് വേദി പ്രഖ്യാപിക്കുമ്പോള്‍ അന്താരാഷ്ട്ര നിലവാരമുള്ള റോഡ് പോലും ഇല്ലാതിരുന്ന രാജ്യത്ത് വിപ്ലവകരമായ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്. രാജ്യത്തെ മുഴുവന്‍ നഗരങ്ങളെയും സ്റ്റേഡിയങ്ങളെയും ഗ്രാമീണ വിദൂര പ്രദേശങ്ങളെ വരെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് ഹൈവേ, ലോകോത്തര നിലവാരമുള്ള റോഡുകള്‍, ട്രാം, മെട്രോ റെയില്‍, പുതിയ നഗരങ്ങള്‍, വിനോദ സഞ്ചാര ദ്വീപുകള്‍, വിമാനത്താവളം, റോഡ്-ജലഗതാഗത സംവിധാനങ്ങള്‍ അങ്ങനെ ഫുട്ബോളിലൂടെ സമസ്ത മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങളെത്തിക്കാന്‍ ഖത്തറിനായിട്ടുണ്ട്. ഇനിയുള്ള നാളുകള്‍ ഏഴു മാസം കാത്തിരിപ്പിന്റേതാണ്. ടീമുകള്‍ക്കും കളിക്കാര്‍ക്കും ആരാധകര്‍ക്കും വേണ്ടിയുള്ള ആത്മവിശ്വാസം നിറഞ്ഞ കാത്തിരിപ്പ്…