പുനത്തിലും കുഞ്ഞബ്ദുളളയും രണ്ടാളുകളായിരുന്നു. പുനത്തില്‍ തനിക്കു മാത്രം സാധ്യമായ ലളിത മലയാളത്തില്‍ ‘സ്മാരകശിലകളും’ ‘മരുന്നും’ ‘കന്യാവനങ്ങളും’ എണ്ണം പറഞ്ഞ ചെറുകഥകളുമെഴുതി. കുഞ്ഞബ്ദുളള, ജീവിതത്തിന്റെയും സമൂഹത്തിന്റെയും നിയമങ്ങളെയും ചട്ടക്കൂടുകളെയും വലിച്ചു കീറിയെറിഞ്ഞ്, കൂട്ടാന്തതയുടെ അരാജകത്വം ആഘോഷിച്ചു. പുനത്തില്‍ ഒരു നല്ല കഥയെഴുതിയാല്‍ കുഞ്ഞബ്ദുളള നല്ലതാണോ, മോശമാണോ എന്ന് ആലോചിക്കാതെ കഥയെഴുതും. പുനത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പെഴുതിയാല്‍ കുഞ്ഞബ്ദുളള യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചുകൊണ്ട് വിവാദത്തില്‍പ്പെടും. പുനത്തിലില്‍നിന്ന് കുഞ്ഞബ്ദുളളയിലേക്കുള്ള ദൂരം എത്രയായിരിക്കും?.
പതിനാലാം വയസ്സില്‍
പതിനാറാം വയസ്സിലാണ് പുനത്തിലിനെ ആദ്യമായി വായിക്കുന്നത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്ത്, അമ്മയുടെ സുഹൃത്തും മലയാളം അധ്യാപികയുമായിരുന്ന മേഴ്‌സിയാന്റിയുടെ വീട്ടില്‍നിന്ന്, ‘സ്മാരകശിലകളും’ ‘മരുന്നും’ ഉള്‍പ്പെടെ ഒരു കുന്ന് പുസ്തകങ്ങളുമായി സൈക്കിളില്‍ നടത്തിയ യാത്ര ഒരിക്കലും മറക്കാനും കഴിയില്ല. ഒപ്പമുണ്ടായിരുന്നത് നിസ്സാരക്കാരല്ലല്ലോ. മാസങ്ങളോളം നീണ്ട വായനയില്‍ ‘സ്മാരകശിലകളു’ടെ കുളമ്പടി മനസില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഞങ്ങളുടെ കുടിയേറ്റക്കുന്നുകളില്‍ അന്യമായ ജീവിതവും കഥാപാത്രങ്ങളും ഹൃദയത്തില്‍ അധിനിവേശം നടത്തി.
Read More: “ഇത്ര മതിയോ കൊമാച്ചീ,” ക്യാമറയ്ക്കു മുന്നിലെ കുഞ്ഞിക്ക
പിന്നീട് ‘മലമുകളിലെ അബ്ദുളള’യും പതിനാലാം വയസ്സിലും പോലെ ഒരുപാട് കഥകളിലൂടെ പുനത്തില്‍ ആത്മാവ് പങ്കിട്ടത് ഞാനും സ്വീകരിച്ചു. സക്കറിയയുടെ ‘ ഞാനുറങ്ങാന്‍ പോകും മുമ്പായ്’ എന്ന കഥ വായിച്ച ആവേശത്തിലാണ്, താന്‍ “പതിനാലാം വയസ്സില്‍” എന്ന കഥ എഴുതിയതെന്ന് പുനത്തില്‍ പറഞ്ഞിട്ടുണ്ട്. മായികമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കൗമാരക്കാരാണ് രണ്ടിലെയും കഥാപാത്രങ്ങള്‍. രണ്ടിന്റെയും പ്രമേയവും ഒന്നാണ്- മരണം. ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു, കത്തി, മരിച്ചുപോയ എന്റെ അപ്പനമ്മമാര്‍ക്ക്, അകമ്പടിക്കാരില്ലാതെ, സഹാറ, ദു:ഖിതര്‍ക്കൊരു പൂമരം- പിന്നെയും പിന്നെയും വായിക്കുമ്പോള്‍ ഇഷ്ടം കൂടിക്കൂടി വന്നു. രതിയുടെയും പ്രണയത്തിന്റെയും ഉന്മാദം നിറച്ച മറ്റനേകം കഥകള്‍, കഥാപാത്രങ്ങള്‍, അനര്‍ഘമുഹൂര്‍ത്തങ്ങള്‍- പുനത്തില്‍ കുഞ്ഞബ്ദുളള എന്ന പേരിനു താഴെ എന്തു കണ്ടാലും വായിക്കുന്നവിധം വശീകരിക്കപ്പെട്ടിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം, യുവാവായിക്കഴിഞ്ഞ്, പല പുസ്തകങ്ങളുടെയും തെരുവുകളിലൂടെയും വനാന്തരത്തിലൂടെയും മഹാനഗരങ്ങളിലൂടെയും അക്ഷരങ്ങള്‍ക്കു പിന്നാലെ പാഞ്ഞുകഴിഞ്ഞ്, വീണ്ടും സ്മാരകശിലകള്‍ വായിക്കാനെടുത്തു. അപ്രാവശ്യം പിന്നില്‍നിന്നാണ് വായിച്ചു തുടങ്ങിയത്. (അതിനുശേഷം ഇന്നോളം എല്ലാ പുസ്തകങ്ങളും അങ്ങനെയാണ് വായിക്കുന്നതും). തല തിരിഞ്ഞ ആ വായനയിലും സ്മാരകശിലകള്‍ ഇളക്കം തട്ടാത്ത കൈയൊതുക്കംകൊണ്ട് വിസ്മയിപ്പിച്ചു. പുനത്തിലിന്റെ ഭാഷയാണ് അത്ഭുതപ്പെടുത്തിയത്. സാധാരണ മലയാളിക്ക് അറിയാന്‍ പാടില്ലാത്ത ഒരു വാക്കുപോലും അതിലില്ല. ശരിയാണ്. പക്ഷേ, ലളിതമായതുകൊണ്ടല്ല പുനത്തിലിനെ വായിക്കാന്‍ അത്രമേല്‍ ഇഷ്ടം തോന്നുന്നത്. അത് ആഖ്യാനത്തിന്റെ പ്രത്യേകതകൊണ്ടാണ്. വാക്കുകള്‍ക്കു പിന്നില്‍ വാക്കു കോര്‍ത്തു കെട്ടി നെഞ്ചിലേക്ക് ചൂളം വിളിച്ച് പാഞ്ഞുകയറാനുള്ള മിടുക്കുകൊണ്ടാണ്. നോവലോ, കഥയോ, അനുഭവക്കുറിപ്പോ, എന്തിന് മരുന്നിന്റെ കുറിപ്പടിയോ ആവട്ടെ, പുനത്തില്‍ എന്തെഴുതിയാലും അത് വീഞ്ഞുപോലെ മധുരിക്കും. മത്തുപിടിപ്പിക്കും. വൈകാരിക ജീവിതത്തിന്റെ വിശപ്പിലേക്ക് ആത്മാവിനെ എരിയിക്കും.
മലമുകളിലെ അബ്ദുളള
കന്യാവനങ്ങളും മരുന്നും പുനത്തില്‍ എഴുതിയപ്പോള്‍ കുഞ്ഞബ്ദുളള കണ്ണാടിവീടുകള്‍ പോലെ ജനപ്രിയ നോവലുകളെഴുതി. കള്ളപ്പേരിലോ, തൂലികാ നാമത്തിലോ ഒന്നുമായിരുന്നില്ല, അത്. ആരെയും കൂസാറില്ലല്ലോ, കുഞ്ഞബ്ദുളള. ആദ്യ കഥാസമാഹാരമായ കത്തി സമര്‍പ്പിച്ചിരിക്കുന്നത് ‘ പ്രിയപ്പെട്ട എം.ടി. വാസുദേവന്‍ നായര്‍ക്ക്’. എം.ടി.യെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘വിവേചനത്തിന്റെ ചുവന്നപാതകള്‍’ ആണ് പുനത്തിലിന്റെ രചനകളില്‍ ഏറ്റവും ഇഷ്ടമുള്ളത്. സീനിയര്‍ ജൂനിയര്‍ ബന്ധത്തിനപ്പുറം, പത്രാധിപര്‍- കഥാകൃത്ത് ബന്ധത്തിനപ്പുറം, ആത്മാവിന്റെ ഉടമയെ കാണിച്ചു തരുന്നുണ്ട്, പുനത്തില്‍. സ്‌നേഹനിര്‍ഭരമായ സൗഹൃദത്തിനപ്പുറം മനുഷ്യസഹജമായ ബലഹീനതകളെയും തുറന്നെഴുതിയിരിക്കുന്നു.
കഥപറച്ചിലുകാരനായിരുന്നു, അദ്ദേഹം. ഫിലോസഫിയുടെയും രാഷ്ട്രീയത്തിന്റെയും സാമൂഹ്യബോധത്തിന്റെയും അധികഭാരം കഥയ്ക്കുവേണ്ടെന്ന് സരസമായി പറഞ്ഞുവെച്ചയാള്‍. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള പുനത്തിലിന്റെ കാഴ്ചപ്പാട് നസൂഹ എന്ന കഥയുടെ അവസാന വാചകത്തിലുണ്ട്-‘ കപടവിശ്വാസികളെ(വിശ്വാസിനികളെ) ഈ കഥ നിങ്ങള്‍ക്കൊരു പാഠമായിരിക്കട്ടെ.’ പുനത്തില്‍ പറഞ്ഞ കഥ, സ്വന്തം ജീവിതമാണ്. അത്, നമ്മളടങ്ങുന്ന കപടമായ ലോകത്തിനുള്ള പാഠമല്ലാതെ, മറ്റെന്താണ്.
കന്യാവനങ്ങള്‍
ഒരിക്കല്‍ മാത്രമേ അദ്ദേഹവുമായി സംസാരിച്ചിട്ടുള്ളു. ഫോണിലായിരുന്നു, അത്. കോളേജില്‍ പ്രൊജക്ടിന്റെ ഭാഗമായി ഒരു അഭിമുഖം ചെയ്യാനാണെന്നും കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. അദ്ദേഹം ചിരിച്ചു-‘ വലിയൊരു ദൗത്യവുമായി ബാംഗ്ലൂരിലേക്ക് പോവുകയാണ്. എപ്പോഴാണ് തിരിച്ചു വരികയെന്ന് അറിയില്ല. വന്നിട്ട് കാണാം’. പുതിയ നോവലിന്റെ പരസ്യം വന്ന സമയമായിരുന്നു. അതുകൊണ്ട് നോവല്‍ പൂര്‍ത്തിയാക്കാനായിരിക്കും യാത്രയെന്ന് വിചാരിച്ചു. അദ്ദേഹം നോവല്‍ പൂര്‍ത്തിയാക്കിയോ എന്നറിയില്ല. പുനത്തില്‍ തിരിച്ചുവന്നു. കാണാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ തലമുറയെ കാലം ചതിച്ചതുകൊണ്ടു മാത്രമായിരിക്കാം അദ്ദേഹവുമായി ഇടപെഴകാന്‍ സാധിക്കാതെ പോയത്. പ്ലസ് ടു കാലത്തൊരിക്കല്‍ പുനത്തിലിന്റെ ‘വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍’ എന്ന യാത്രാവിവരണം വായിച്ചിട്ട്, സഹപാഠിയായ കൂട്ടുകാരി പറഞ്ഞു-‘ ശരിക്കും അവിടെയൊക്കെ പോയതുപോലെ തോന്നി.’ ഇതിലുമേറെ ലളിതമായെങ്ങനെയാണ് ഒരെഴുത്തുകാരന്‍ അക്ഷരങ്ങളെ അനുഭവിപ്പിക്കുക.
Read More: ക്യാമറയ്ക്ക് മുന്നിലെ കുഞ്ഞബ്ദുളള, അജീബ് കൊമാച്ചിയുടെ ഫൊട്ടോകൾ ഇവിടെ കാണാം
ഞങ്ങളുടെ തലമുറയ്ക്ക് ആരായിരുന്നു, പുനത്തില്‍ കുഞ്ഞബ്ദുളള? ‘സ്മാരകശിലകളും’ ‘മരുന്നും’ ‘കന്യാവനങ്ങളും’ എഴുതിയ പുനത്തില്‍- ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കുഞ്ഞബ്ദുളള- ഡോക്ടറായും അലങ്കാരങ്ങളില്ലാത്ത മനുഷ്യനായും ജീവിച്ച പുനത്തില്‍- അരാജകവാദിയായും നിയമങ്ങളെ നിഷേധിച്ചും ജീവിച്ച കുഞ്ഞബ്ദുളള- സ്‌നേഹിച്ച പുനത്തില്‍- കലഹിച്ച കുഞ്ഞബ്ദുള്ള- പ്രണയിച്ച പുനത്തില്‍- കാമിച്ച കുഞ്ഞബ്ദുളള. ശരിയാണ്, പുനത്തിലില്‍നിന്ന് കുഞ്ഞബ്ദുളളയിലേക്ക് ഒട്ടും ദൂരമില്ല. പുനത്തില്‍ പുനത്തിലും കുഞ്ഞബ്ദുളള കുഞ്ഞബ്ദുളളയുമല്ല. അത്, പുനത്തില്‍ കുഞ്ഞബ്ദുളളയാണ്.