scorecardresearch

"എം.കൃഷ്ണൻ നായരെയും പുനത്തിലിനെയും ദാരിയാഗഞ്ചില്‍ കണ്ടുമുട്ടിയപ്പോള്‍"

"കറുത്ത ചട്ടയില്‍ സ്വര്‍ണ്ണലിപികളുള്ള പുസ്തകം മറിച്ചു നോക്കിയപ്പോഴാണ് വലത്തേ മൂലയില്‍ ആ എഴുത്തു കാണുന്നത്. സാഹിത്യകുതുകിയായ വാരഫലം ഫാന്‍ എന്ന നിലയില്‍ നെഞ്ചിടിപ്പു കൂടുകയും കൈ വിയര്‍ക്കുകയും ചെയ്തു"

"കറുത്ത ചട്ടയില്‍ സ്വര്‍ണ്ണലിപികളുള്ള പുസ്തകം മറിച്ചു നോക്കിയപ്പോഴാണ് വലത്തേ മൂലയില്‍ ആ എഴുത്തു കാണുന്നത്. സാഹിത്യകുതുകിയായ വാരഫലം ഫാന്‍ എന്ന നിലയില്‍ നെഞ്ചിടിപ്പു കൂടുകയും കൈ വിയര്‍ക്കുകയും ചെയ്തു"

author-image
Dr. Rajesh Kumar M.P.
അപ്‌ഡേറ്റ് ചെയ്‌തു
New Update
all the girls ,book, m. krishnan nair, punathil kunjabdulla, martin obrien

പുതുവര്‍ഷ രാവില്‍ എവിടെയായിരിക്കണമെന്നാണ് ആഗ്രഹം എന്നു ചോദിച്ചാല്‍ ടൈംസ് സ്ക്വയര്‍ എന്നോ ഇഫെല്‍ ടവര്‍ എന്നോ ഒക്കെ ഉത്തരം കിട്ടുമായിരിക്കും. കുടുംബവുമൊത്ത് ഒരൊഴിവുദിവസം എന്നാണെങ്കില്‍ ടാന്‍സനിയയിലെ സഫാരിയെന്നോ ഗള്‍ഫ് ഓഫ് സെയ്ന്റ് ലോറന്‍സില്‍ ചെന്ന് തിമിംഗലദര്‍ശനമെന്നോ ആബിസ്കോ നാഷണല്‍ പാര്‍ക്കില്‍ച്ചെന്ന് ധ്രുവദീപ്തി കാണുന്നത് എന്നോ, കാമുകിയുമൊത്തെങ്കില്‍ കാഠ്മണ്ഡുവില്‍ ബഞ്ചീ ജമ്പിങ്ങോ പള്‍പിറ്റ് റോക്കിലൊരു സായാഹ്നമോ, കൂട്ടുകാരുമൊത്താണെങ്കില്‍ ഒക്റ്റോബര്‍ ഫെസ്റ്റോ ഇന്‍ഫിനിറ്റി പൂളിലൊരു നീന്തലോ എന്നൊക്കെ ഉത്തരം കിട്ടുമായിരിക്കും. എന്നാല്‍ ഒറ്റയ്ക്ക് ഒരു ഞായറാഴ്ച എവിടെയായിരിക്കാനാണിഷ്ടം എന്ന് ചോദിച്ചാല്‍ ഡല്‍ഹിയില്‍ ദരിയാഗഞ്ചിലെ സണ്‍ഡേ ബുക്ക് മാര്‍ക്കറ്റ് എന്നായിരിക്കും ഞാൻ പറയുക.

Advertisment

രണ്ടായിരത്തി നാലില്‍ നെവിലുമൊത്ത് റോത്തക്ക് മെഡിക്കല്‍ കോളിജില്‍ ജോലിചെയ്യുന്ന സമയത്ത് മിക്ക ഞായറാഴ്ചകളിലും രാവിലേതന്നെ ഡല്‍ഹിയില്‍ ചെല്ലുമായിരുന്നു; പോയ ആഴ്ച മെസ്സിൽ നിന്നും തിന്ന കടുകെണ്ണയുടെ കറ കളയാന്‍ കരീമിന്റെ കടയിലെ ഒരു ബിരിയാണി, അല്ലെങ്കില്‍ ന്യൂഡല്‍ഹി റെയില്‍‌വേ സ്റ്റേഷനിലെ വെജ് റെസ്റ്റൊറോണ്ടിൽ നിന്നും സാമ്പാറിൽ കുതിര്‍ന്ന ഇഡ്‌ലി- വട എന്നതായിരിക്കും പ്രാഥമിക ലക്ഷ്യം. തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ആർട്ടിക്കിളിനു വേണ്ടി എഴുതിക്കൊണ്ടുവന്ന റഫറന്‍സുകള്‍ തപ്പിയെടുക്കാന്‍ നെവില്‍ മാലറ്റ് എയിംസിനടുത്തുള്ള നാഷണല്‍ മെഡിക്കല്‍ ലൈബ്രറിയിലേക്ക് നീങ്ങുമ്പോള്‍ ഞാന്‍ സൈക്കിള്‍ റിക്ഷ പിടിക്കുന്നത് ദരിയാഗഞ്ചിലേക്കായിരിക്കും.

punathil kunjabdulla , marunnu, novel ,revathi , punathil kunjabdulla death പുനത്തിൽ കുഞ്ഞബ്ദുളള ഫൊട്ടോ: അജീബ് കൊമാച്ചി

ഓള്‍ഡ് ഡല്‍ഹിയിലെ വീതിയുള്ള വഴിയുടെ ഇരുവശത്തുമുള്ള നടപ്പാതയിലും, അവധി ദിവസമായതുകൊണ്ട് അടഞ്ഞുകിടക്കുന്ന കടകളുടെ വാതില്‍ക്കലും, ഒരുകിലോമീറ്ററിലേറെ നീളത്തിലാണ് സെക്കൻഡ്‌ ഹാൻഡ്‌ ബുക്കുകളുടെ സണ്‍ഡേ മാര്‍ക്കറ്റ്. പുരാതനമായ പൊടിയില്‍ക്കുളിച്ച ലക്ഷക്കണക്കിനു പുസ്തകങ്ങള്‍ റിക്ഷകളില്‍ക്കെട്ടിയ കുതിരകളുടെ ചാണകത്തിന്റേയും മുറുക്കാന്‍ ചാറുകളുടെയും കരിമ്പുചണ്ടികളുടെയുമിടയില്‍ പുതിയ ഉടമകളെക്കാത്ത്‌ കിടക്കുന്നുണ്ടാവും. ഈച്ചകളെപ്പോലെയാർക്കുന്ന പുരുഷാരം കെട്ടുകൾ വകഞ്ഞുമാറ്റി കുട്ടികൾക്കു പാഠപുസ്തകങ്ങളും ഗൈഡുകളും മുതൽ എൻസൈക്ലൊപീഡിയവരെയും വിലപേശി വാങ്ങുന്നതു കാണാം. പോയ മാസങ്ങളിലെ ഫാഷൻ മാഗസിനുകളും നാഷണൽ ജിയോഗ്രഫിക്‌ മാഗസിനും ന്യൂസ്‌ വീക്കും ടൈം മാഗസീനുമെല്ലാം തുച്ഛമായ വിലയിൽ കിട്ടുന്ന ഇടം. അഞ്ഞൂറു രൂപ വില പറഞ്ഞാൽ നൂറിൽത്തുടങ്ങി നൂറ്റമ്പതിനോ ഇരുന്നൂറിനോ കൈയില്‍ക്കിട്ടും. പൊടിഞ്ഞ കവറുകളുള്ളതോ നിറം മങ്ങിയ പേജുകളുള്ളതോ ആണെങ്കിൽ പത്തോ ഇരുപതോ രൂപയെന്ന ഫിക്സഡ് റേറ്റുമായിരിക്കും.

Advertisment

all the girls ,book, m. krishnan nair, punathil kunjabdulla, martin obrien

ഫിക്ഷനോ പോയട്രിയോ ലക്ഷ്യമാക്കി രാവിലെത്തുടങ്ങി നടത്തമാരംഭിച്ചാൽ വൈകീട്ടാവുമ്പോഴെക്കും പാതി വഴിയെങ്കിലും പിന്നിടാനായാൽ നമ്മുടെ ഭാഗ്യം! തുടരെ കാണാൻ തുടങ്ങിയതുകൊണ്ട്‌ പരിചയം നേടിയ വൃദ്ധനായ ഒരു കച്ചവടക്കാരൻ ഒരിക്കൽ ക്ഷണം സ്വീകരിച്ച്‌ സൈക്കിൾ ചായ്‌വാലയുടെ കൈയിൽ നിന്നും കഡക്‌ ചായും ഉപ്പില്ലാതെ ചുട്ടെടുക്കുന്ന, റിബൺ പോലെ നീണ്ട, പട്ടി എന്ന ബ്രെഡും കഴിക്കുന്നതിനിടയിലാണ്‌ യൗവനത്തിൽ ഉത്തർ പ്രദേശിൽ നിന്നും കുടിയേറിയതിനെക്കുറിച്ചും ദരിദ്രജീവിതത്തെക്കുറിച്ചുമെല്ലാം സംസാരിക്കുന്നത്. മുന്പ് വേറൊരിടത്തു നിന്നാണ് രഘു റായിയുടെ 'ഡല്‍ഹി: എ പോര്‍ട്രെയ്റ്റ്' എന്ന ചിത്രപുസ്തകവും 1970-ല്‍ പെന്‍‌ഗ്വിന്‍ പുറത്തിറക്കിയ, അസ്തൂറിയാസിന്റെ, 'ദി മുലാറ്റ ആന്‍ഡ് മിസ്റ്റര്‍ ഫ്ലൈ' എന്ന നോവലും ചുരുങ്ങിയ വിലയ്ക്ക് കിട്ടിയത്. മാര്‍ക്കേസിന്റെ വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡിന്റെ ഫ്രഞ്ച് പരിഭാഷ ലഭിച്ചതാണ് അന്നത്തെ ചായ കുടിയിലേക്കും വര്‍ത്തമാനത്തിലേക്കും നീണ്ടത്. വീട്ടില്‍ പേപ്പര്‍ ബാക്കുകളുണ്ടെങ്കിലും കൈയില്‍ത്തടയുന്ന ഹാര്‍ഡ് ബൗണ്ട് കോപ്പികള്‍ കൈക്കലാക്കാന്‍ ശ്രമിക്കുമായിരുന്നു ഞാന്‍. അങ്ങനെ ഒട്ടേറെ പുസ്തകങ്ങള്‍ ഒന്നരവര്‍ഷത്തിനിടയില്‍ അവിടെ നിന്നു കിട്ടിയിട്ടുണ്ടായിരുന്നു.

ഈയിടെ പുനത്തില്‍ കുഞ്ഞബ്ദുള്ളയെക്കുറിച്ചുള്ള‍ അനുസ്മരണക്കുറിപ്പുകള്‍ കണ്ടപ്പോള്‍ വളരെ വിചിത്രമായ ഒരു കണക്ഷനെക്കുറിച്ചും ദരിയാഗഞ്ചിനെക്കുറിച്ചും ഓര്‍മ്മ വന്നു.

പ്രൊഫസര്‍ എം കൃഷ്ണന്‍ നായരും പുനത്തിലും തമ്മില്‍ നല്ല സൗഹൃദമായിരുന്നുവല്ലോ. മരുന്ന് എന്ന നോവല്‍ സാഹിത്യ വാരഫലത്തില്‍ ആഘോഷിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഓര്‍മ്മ. പ്രൊഫസര്‍ എഡിറ്റുചെയ്ത ഏക കഥാസമാഹാരമായ 'കേരളത്തിലെ സുവര്‍ണ്ണ കഥകള്‍' എന്ന പുസ്തകത്തില്‍ ലോകസാഹിത്യത്തോട് കിടപിടിക്കുന്നതെന്ന അഭിപ്രായത്തോടെ പുനത്തിലിന്റെ 'ക്ഷേത്രവിളക്കുകള്‍' എന്ന കഥ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ടായിരുന്നു.

all the girls ,book, m. krishnan nair, punathil kunjabdulla, martin obrien

ഒരിക്കല്‍ തിരുവനന്തപുരത്തുപോയ പുനത്തില്‍ കുഞ്ഞബ്ദുള്ള പ്രൊഫസര്‍ കൃഷ്ണന്‍ നായരുടെ വീട്ടില്‍ച്ചെന്നു. പിരിയാന്‍ നേരം അദ്ദേഹം ഷെല്‍ഫില്‍ നിന്നും ഒരു പുസ്തകമെടുത്ത്, 'അഭിവന്ദ്യ സുഹൃത്ത് പുനത്തിലിന്' എന്നെഴുതി, തീയ്യതിയും വച്ച്, ഒപ്പിട്ട് സമ്മാനിച്ചിരിക്കാം. എഴുപതുകളില്‍ ബ്രിട്ടീഷ് 'വോഗ് മാഗസി'ന്റെ ട്രാവല്‍ എഡിറ്റര്‍ ആയിരുന്ന മാര്‍ട്ടിന്‍ ഒബ്രായന്‍ അഞ്ചുഭൂഖണ്ഡങ്ങളിലുള്ള വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ച ഇരുപത്തിയേഴ് അനുഭവങ്ങളുടെ വിവരണമായിരുന്നു 'ആള്‍ ദി ഗേള്‍സ്' എന്ന ആ പുസ്തകം. ഒരിക്കല്‍ ദരിയാഗഞ്ചിലെ പുസ്തകക്കൂനയില്‍ നിന്നും കറുത്ത ചട്ടയില്‍ സ്വര്‍ണ്ണലിപികളിലെഴുതിയ പേരിന്റെ കൗതുകം കൊണ്ട് അന്ന് ആ പുസ്തകം എടുത്തു മറിച്ചു നോക്കിയപ്പോഴാണ് ഉള്‍പ്പേജില്‍ മുകളിലെ വലത്തേ മൂലയില്‍ കറുത്തമഷികൊണ്ടുള്ള ഈ എഴുത്തുകാണുന്നത്. സാഹിത്യകുതുകിയായ സാഹിത്യവാരഫലം ഫാന്‍ എന്ന നിലയില്‍ നെഞ്ചിടിപ്പു കൂടുകയും കൈ വിയര്‍ക്കുകയും ചെയ്തു; ഇറോട്ടിക് ലിറ്ററേചറിന് താരതമ്യേന വില കൂടുതലാണെങ്കിലും വലിയ വിലപേശലൊന്നുമില്ലാതെ പുസ്തകം വാങ്ങുകയും ചെയ്തു. പള്‍പ്പ്  എഴുത്തുകാരനായതു കൊണ്ട്  രസികത്തമുള്ള ഭാഷയാണ്, വൈവിധ്യമാര്‍ന്ന വിവരണമാണ്, വിചിത്രമായ യാത്രയാണ് എന്നല്ലാതെ വേരെ സാഹിത്യഗുണമൊന്നുമില്ലാത്ത ഒരു രചന എന്നാണ് അന്ന് തോന്നിയതും.

വീട്ടില്‍ വന്ന സുഹൃത്തുക്കളാരെങ്കിലും 'അതു ഞാനെടുത്തിട്ടുണ്ടേ' എന്നു പറഞ്ഞോ, കൊണ്ടു വന്ന ബാഗില്‍ ആരും കാണാതെ തിരുകിക്കയറ്റിയോ, അതുമല്ലെങ്കില്‍ പുനത്തില്‍ തന്നെ സമ്മാനിച്ചോ കൈമാറിക്കൈമാറി മംഗള എക്‌സ്പ്രസിലെ സ്ലീപ്പറിലോ എയര്‍ ഇന്ത്യയുടെ കാര്‍ഗോയിലോ ആയിരിക്കും അത് ഡല്‍ഹിയിലേക്ക് യാത്ര ചെയ്തിട്ടുണ്ടാവുക. അവരുടെ കൂടിക്കാഴ്ചയെക്കുറിച്ച് മുകളിലെഴുതിയത് സാങ്കൽപ്പികമാണെങ്കിലും, എന്തുകൊണ്ടോ, ജീവിച്ചിരിക്കെ, രണ്ടു പേരോടും ഇങ്ങനെയൊരു സുവനീര്‍ കൈയില്‍ സൂക്ഷിക്കുന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നതുമില്ല!

Memories Punathil Kunjabdulla

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: