സ്കൂൾ കാലഘട്ടത്തിൽ പുതിയ പാഠപുസ്തകം, പുതിയ സ്കൂൾ ബാഗ്‌, പുതിയ കുട – ഇതൊന്നും ഉപയോഗിച്ച ഓർമ്മ തന്നെയില്ല. മൂത്തചേച്ചി, രണ്ടാമത്തെ ചേച്ചി-ഇവരുടെയൊക്കെ ‘വിശാല’മായ ഉപയോഗം കഴിഞ്ഞ് മൂന്നാത്തെ മകളായ എന്റെ കൈയിൽ എത്തുമ്പോൾ പല സാധനങ്ങൾ ക്കും അത്യാവശ്യം ഒരു ആന്റീക്‌ ലുക്ക്‌ വന്നിട്ടുണ്ടാവും.ഞാൻ കഴിഞ്ഞ്‌ അനിയത്തിയിലെത്തി അവിടുന്നു് അയൽവക്കത്തെ വീടുകളിലേയ്ക്കോ, ‌ ബന്ധുവീടുകളിലേയ്ക്കോ പോകുന്ന പല സാധനങ്ങളും “ഒരു നല്ല ഓട്ടം പൂർത്തിയാക്കി” എന്ന നിറവിലായിരിക്കും അന്ത്യശ്വാസം വലിയ്ക്കുക.

അക്ബർ, ശിവജി തുടങ്ങിയ ഹിസ്റ്ററി പുസ്തകങ്ങളിലെ പ്രമാണികളെ യൊന്നും ഞാനവരുടെ രാജകീയ പ്രൗഡിയിൽ കണ്ടിട്ടേയില്ല. എന്റെ കൈയിൽ എത്തുമ്പോഴേയ്ക്കും ചരിത്ര പുരുഷന്മാർ എല്ലാവരുംതന്നെ ചുണ്ടിലെരിയുന്ന സിഗരറ്റും, കൂളിംഗ്‌ ഗ്ലാസ്സും നല്ലപാന്റ്സുമൊക്കെയിട്ടു് ‘അൾട്രാ മോഡേൺ’ആയിട്ടുണ്ടാവും.

എന്റെ നൂർജ്ജഹാനും മുംതാസ്‌ മഹലും കൈയിൽ ചുരുട്ടും, തോക്കും പിടിച്ച്, വിപ്ലവം അരികിൽ കൂടി പോകാത്ത ചേച്ചിമാരിലൂടെ, വിപ്ലവകാരികളായി പുനർജനിച്ചു.

എന്റെ കൂട്ടുകാരുടെ പുസ്തകത്തിലെ, പൂവിലേയ്ക്കുറ്റു നോക്കിനിൽക്കുന്ന നമ്രമുഖിയായ മുംതാസിനെക്കാൾ തലയെടുപ്പും, ധീരഭാവവും തോക്കുധാരിയായ എന്റെ മുംതാസിനായതുകൊണ്ട്‌ രൂപഭാവപകർച്ച വന്ന എന്റെ പുസ്തകങ്ങളിൽ ഞാൻ പരിപൂർണ്ണ തൃപ്തയായിരുന്നു.

ബയോളജി, ഫിസിക്സ്‌ വിഷയങ്ങളിൽ കുട്ടികളുടെ പൊതുവിജ്ഞാനം അളക്കാൻ ടീച്ചേഴ്സ്‌ എല്ലാവർഷവും ആവർത്തിക്കുന്ന ഒരേതരം ചില ബുദ്ധിജീവി ചോദ്യങ്ങളുണ്ട്‌. വീട്ടിലെ എക്സ്സ്ട്രാ പഠിപ്പിസ്റ്റായ രണ്ടാമത്തെ ചേച്ചി താളുകളുടെ സൈഡിലും, മുകളിലും താഴെയുമുള്ള മാർജിനുക ളിലും കുനുകുനെ എഴുതിയിരിക്കുന്ന ഈ ചോദ്യങ്ങളും ഉത്തരങ്ങളും ക്ലാസ്സിലെ ആസ്ഥാന പഠിപ്പിസ്റ്റുകളുടെ ഇടയിൽ ഒരു മേൽക്കോയ്മ നിലനിർത്താൻ എന്നെ സഹായിച്ചു എന്നുള്ളതാണ് ഇതിലെ ഏറ്റവും വല്യ മറ്റൊരു ഗുണം.priya joseph, memories

അടിവരയിട്ട്‌ പഠിക്കാൻ ഒരു വരിപോലും ബാക്കിവയ്ക്കാത്ത, ചെവിമടക്കിയ, കുത്തിവരച്ച താളുകളുള്ള പുസ്തകങ്ങൾ മാത്രം ഉപയോഗിച്ച്‌ ശീലിച്ചിട്ട്‌ കോളേജിൽ മുന്നടയാളങ്ങൾ ഒന്നും വീഴാത്ത പുത്തൻ പുസ്തകങ്ങൾ ഉപയോഗിച്ചു തുടങ്ങിയ ആദ്യ കാലങ്ങളിൽ സ്വയം നഷ്ടപ്പെട്ടവളായി തറഞ്ഞിരുന്നിട്ടുണ്ട്. കണക്കും സയൻസുമെടുത്ത് “മുൻപെ പറന്ന എന്റെ ചേച്ചി പക്ഷികളെ” ഈ കോളേജ്‌ കാലത്ത്‌  വല്ലാതെ മിസ്സ്‌ ചെയ്തു.

ഒരേ നിറത്തിലും തരത്തിലുമുള്ള ഉടുപ്പുകളിട്ട് ” നെല്ലിയ്ക്കകൊട്ട കമഴ്ത്തിയപോലെ” ഞങ്ങൾ നാലുപേരും നടന്ന ആ സ്കൂൾ കാലത്തുനിന്ന് മുക്തി നേടിയതു് കോളെജിലെത്തിയപ്പോഴാണ്‌. അതുകൊണ്ടുതന്നെ അക്കാലത്ത്‌ ‘ദീപസ്വപ്നശുഭ’ മാരുടെ ഉടുപ്പുകൾ മാറിയിടാം എന്നുള്ളതായിരുന്നു ഈ കാലഘട്ടത്തിലെ എറ്റവും വലിയ ഒരു ആശ്വാസം.

പഴയ സാധനങ്ങളോടുള്ള എന്റെ തീവ്ര പ്രണയം അവിടെ തുടങ്ങി.

വിവാഹം കഴിഞ്ഞ്‌ ഷിക്കാഗൊയിലെത്തി ഒരു വൺ ബെഡ്‌റൂം അപ്പാർട്ട്മെന്റ്‌ വാടകയ്ക്കെടുത്ത്‌, ‘ കഞ്ഞിയും കറിയും വച്ച് ശരിയ്ക്കുമുള്ള വീട്  കളിക്കാൻ’ തുടങ്ങിയപ്പോൾ, പണ്ട് സ്കൂളിൽ ടൈംടേബിൾ വച്ച് പഠിച്ച അതേ ശുഷ്കാന്തിയോടെ, ഒരു ഫൈനാൻസ്‌ മിനിസ്റ്റർ ബജറ്റ് തയ്യാറാക്കുന്നതിലും സൂക്ഷ്മതയോടെ ഞാൻ കുടുംബ ബജറ്റ്‌ തയ്യാറാക്കാൻ തുടങ്ങി. എന്തിനും ഏതിനും കൃത്യമായ പ്ലാനിങ്ങും, കണക്കെഴുതികൂട്ടാൻ ഒരു നോട്ട് ബുക്കുമില്ലാതെ ഒരടിപോലും മുന്നോട്ടുവയ്ക്കില്ല എന്ന സ്ഥിതിയിലായി വീട്ടിലെ കാര്യങ്ങൾ.

ഫൈനാൻഷ്യൽ പ്ലാനിങ് ജീവിതത്തിൽ ഒട്ടും പാലിയ്ക്കാത്ത ഒരു വീട്ടിൽനിന്ന് വന്നതു കൊണ്ടാവാം പണത്തിന്റെ കാര്യത്തിൽ ഞാൻ കർക്കശകാരിയാ യത്‌. എമർജൻസി ഫണ്ട്‌, ട്രാവൽ ഫണ്ട്‌, ഡ്രസ്‌ ഫണ്ട്‌, ഗിഫ്റ്റ്‌ ഫണ്ട്‌, ചാരിറ്റി ഫണ്ട്‌, ക്രിസ്തുമസ്‌ ‌ ഫണ്ട്‌, എന്നു വേണ്ട ഈ ലോകത്തുള്ള സകല കാര്യങ്ങൾക്കും ഞാൻ കുഞ്ഞു ഫണ്ടുകളുണ്ടാക്കി പഠിച്ച വിഷയത്തോട് നീതി പുലർത്തി.

സ്റ്റൈയിലും പത്രാസുമൊക്കെ കണ്ട് മറ്റ്‌ചില മുൻവിധികൾ മനസ്സിൽ കൊണ്ടുനടന്ന ഭർത്താവിനാണെങ്കിൽ ഫൈനാൻഷ്യൽ പ്ലാനിങ്ങിലെ എന്റെ കണിശത കണ്ടിട്ട്‌ വലിയ ബഹുമാനം. മിസ്സസ്‌ കെ.എം. മാത്യുവിന്റെ പാചകപുസ്തകത്തിലെ റെസിപ്പികളെല്ലാം തന്നെ പരീക്ഷിച്ച്‌ “എട്ടുനിലയിൽ പൊട്ടികൊണ്ടിരുന്ന” അവസ്ഥയിൽ, വയറിലൂടെയല്ലാതെ ഭർത്താവിന്റെ ഹൃദയത്തിലേയ്ക്ക് മറ്റൊരു വഴി തെളിഞ്ഞതിൽ ഞാനും ഹാപ്പി.

മിസ്സസ്‌ കെ.എം. മാത്യുവിന്റെ പാചകപുസ്തകം മാത്രമല്ല “ഉള്ള വരുമാനത്തിൽ എങ്ങനെ അർത്ഥവത്തായ ജീവിതം നയിക്കാം” എന്ന മട്ടിലുള്ള പുസ്തകങ്ങൾ കൂടി ‌ അമ്മമാർ പെൺകുട്ടികൾക്ക് പെട്ടിയിൽ വച്ചു കൊടുക്കേണ്ടതാണ്, മമ്മിയുടെ ഭാഗത്തുനിന്ന് ഇതുപോലുള്ള ഗുരുതരമായ വീഴ്ച ഇനി അനുജത്തിയുടെ കാര്യത്തിൽ ആവർത്തിക്കരുത്‌ എന്ന് തരം കിട്ടുമ്പൊഴെല്ലാം ഫോണിൽ കൂടി മമ്മിയെ ഞാൻ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

പിന്നെ ആകെയുള്ള ആശ്വാസം ഫൈനാൻഷ്യൽ പ്ലാനിങ് വിദഗ്ധ Suze Ormanന്റെ പേഴ്സണൽ ഫൈനാൻസ് പുസ്തകങ്ങളായിരുന്നു. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ‘കടുകിട ‘ തെറ്റിയ്ക്കാതെ ജീവിയ്ക്കുന്ന അമേരിക്കയിലെ ഒരെയൊരു വ്യക്തി ഈ ഞാൻ മാത്രമായിരിക്കും. അവരുടെ പുസ്തകങ്ങളിൽ നിന്നാണു് അമേരിക്കൻ സംസ്ക്കാരത്തിന്റെ ഭാഗമായ ഗരാജ്‌ സെയില്‍ എന്ന ആ വലിയ ലോകത്തെകുറിച്ച് ഞാൻ അറിയുന്നത്‌.priya joseph, memories

‘”ഇനിയുമൊരങ്കത്തിന് ബാല്യം ബാക്കിയുള്ള “എന്ത് സാധനവും-മൊട്ടുസൂചി തൊട്ട്‌ കട്ടിൽ വരെ- ബിസിനസ്സ്‌ ലൈസൻസ്‌ എടുക്കാതെ, സെയിൽസ്‌ ടാക്സ്‌ അടയ്ക്കാതെ വീടിന്റെ ഗരാജിലൊ, മുൻവശത്ത് ഡ്രൈവ്‌ വേയിലൊ എടുത്ത് നിരത്തിവച്ച് ‌നടത്തുന്ന ‘ആക്രി’ കച്ചവടത്തിന്റെ ഓമനപേരാണ് ഗരാജ്‌ സെയില്‍  അഥവാ സെക്കൻഡ് ഹാൻഡ് സെയിൽ.

അമേരിക്കകാർക്ക്‌ ഗരാജ്‌ സെയിലും സെക്കൻഡ് ഹാൻഡ് കൾച്ചറും എന്താണെന്ന് അറിയണമെങ്കിൽ “ഒരു വടക്കൻ വീരഗാഥയിൽ” മമ്മൂട്ടി പറയുന്ന എം.ടി. വരികൾ ഓർത്താൽ മതി. “എന്റെ രക്തത്തിൽ, ഞരമ്പുകളിൽ 13-അം വയസ്സുമുതൽ പടർന്നുകയറിയ ഉന്മാദം,” ഇവിടെ ഈ ഉന്മാദം പടർന്നുകയറി തുടങ്ങുന്നത്‌ 13-ആം വയസ്സിലല്ല, അതിനും വളരെ മുൻപേയാണ്.

ഗ്രാന്റ്‌ പേരന്റ്സിന്റെ, അച്ചനമ്മമാരുടെ ചേട്ടന്റെ, ചേച്ചിയുടെ, സ്കൂൾ ഫ്രണ്ടിന്റെ ഒക്കെ കൈപിടിച്ചു് പിക്നിക്‌ പോലെ പോയി തുടങ്ങുന്ന ഒരു സുശ്ശീലം! അൽഷൈമേഴ്സ്‌ ഒക്കെവന്ന് ഓർമ്മ പോയില്ലെങ്കിൽ മരിയ്ക്കുന്നതുവരെ ഇതിങ്ങനെ അസ്ഥിയ്ക്ക് പിടിച്ചുകിടക്കും.

ഈ ‘ഉന്മാദത്തിനു്’ പണക്കാരൻ പാവപെട്ടവൻ എന്നുള്ള വേർതിരിവൊ ന്നുമില്ല ഇവിടെ അമേരിക്കയിൽ. ആർക്കും, എവിടെവച്ചും, എപ്പോൾ വേണമെങ്കിലും പിടികൂടാം. ചിലർക്ക്‌ stamp collection, gardening, knitting ഒക്കെപോലെ ഒരു ഹോബി മാത്രമാണു് ഈ ഗരാജ്‌ സെയിൽ എങ്കിൽ, മറ്റ്‌ ചിലർക്ക്‌ ഇതൊരു ജീവിതോപാധി കൂടിയാണ്.

‘അതിവേഗം ഫൈനാൻഷ്യൽ ഫ്രീഡം’ എന്ന മോഹനസ്വപ്നം ഉള്ളിലേയ്ക്കിട്ടുതന്ന Suze Orman ന്റെ വിലയേറിയ ഉപദേശപ്രകാരം ഗരാജ്‌ സെയിൽ എന്ന മേഖല ഒന്നുനന്നായിതന്നെ ‘എക്സ്‌പ്ലോർ’ ചെയ്യാൻ ഞാൻ തീരുമാനിച്ചു.

“എന്റെ സന്തോഷം എന്റെ കൈയിൽ മാത്രം,” എന്ന മുദ്രാവാക്യം കൊണ്ടുനടന്നിരുന്ന മനസ്സിലേയ്ക്ക്‌ ഒന്നുകൂടി ഞാൻ എഴുതിചേർത്തു. “എത്ര പഴകിയ, ഭംഗിയില്ലാത്ത സാധനങ്ങൾ കിട്ടിയാലും അതിൽ എന്റെയൊരു കൈയൊപ്പ്‌ പതിപ്പിച്ചു് മനോഹരിയാക്കും; എന്റേതാക്കും!” പിന്നീടെപ്പോഴെങ്കിലും വിട്ടുകൊടുക്കേണ്ടി വന്നാൽ, ചുള്ളിക്കാടിന്റെ ‘യാത്രാമൊഴിയിൽ’ പറഞ്ഞിരിക്കുന്നതുപോലെ”പിൻവിളിയ്ക്ക്‌ കാത്തു നിൽക്കാതെ” “മുടിനാരുകൊണ്ടു കഴലു കെട്ടാൻ” അനുവദിക്കാതെ ഉറച്ച ചുവടുകളോടെ ഉപേക്ഷിച്ചിട്ട്‌ പോകാം.

ഗരാജ്‌ സെയിലിലെ ഈ തത്ത്വം മനസ്സിലാക്കികഴിഞ്ഞാൽ സാധ്യതകളുടെ വലിയ ലോകമാണ് നമ്മുടെ മുന്നിൽ തുറന്നുകിട്ടുക. സാമ്പത്തിക സുരക്ഷിതത്വത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും വലിയ ലോകം!

priya joseph, memories

ഗരാജ്‌ സെയില്‍

ആദ്യം താമസിച്ച വാടക അപാർട്ട്മെന്റ്‌ ഒരുക്കിയപ്പോൾ പല ഗരാജ്‌ സെയിലുകളിൽ നിന്ന് വാങ്ങിയ സോഫ, കംപ്യൂട്ടർ ടേബിൾ, ടി വി സ്റ്റാന്റ്‌, സൈഡ് ടേബിൾ, ബുക്ക്‌ ഷെൽഫ്‌, ഒക്കെ ഞങ്ങൾക്ക്‌ നല്ലൊരു സാമ്പത്തികാടിത്തറ ഉണ്ടാക്കിതന്നു.

ഏതോ ഗരാജ്‌ സെയിലിൽ നിന്ന് വളരെ തുച്ഛമായ വിലയ്ക്കുകിട്ടിയ വലിയ ഇലച്ചെടികൾ അപാർട്ട്‌മെന്റിലെ “ഇട്ടാവട്ടത്തിൽ” എനിയ്ക്കൊരു “പൂങ്കാവനം” തന്നെ തീർത്തുതന്നു.

100 ഡോളറിന്റെ സാധനം 10 ഡോളറിനു വാങ്ങി ബാക്കി 90 ഡോളർ ജീവിതം ഭദ്രമാക്കാനുള്ള വല്യനിക്ഷേപങ്ങളിലേയ്ക്ക് സ്വരുകൂട്ടാൻ വല്ല്യ ഡിഗ്രികളുടെ പിൻബലമൊന്നും വേണ്ടായെന്ന് മനസ്സിലാക്കിയ നാളുകൾ. എല്ലാദിവസവും Warren Buffet നെ മനസ്സിൽ ധ്യാനിച്ച്‌, ശ്രീ ബുദ്ധന്റെ “ആശയാണെല്ലാ ദുഖത്തിനും കാരണം” എന്ന ‘ധനാഗമമന്ത്രം’ മൂന്നാലുതവണ ഉരുവിട്ടിരുന്നാൽ തന്നെ ധാരാളം!

ഗരാജ്‌ സെയിലിന്റെ അടുത്ത ബന്ധുക്കൾ തന്നെയാണ് മൂവിങ് സെയിലും(Moving Sale), എസ്റ്റേറ്റ്‌ സെയിലും( Estate Sale). പെട്ടന്നുള്ള ഒരു ജോലിമാറ്റംവന്ന് മറ്റൊരു സ്ഥലത്തേയ്ക്ക്‌ പോകേണ്ടിവരുമ്പോൾ (ഐടി മേഖലയിൽ ഇതു സർവ്വ സാധാരണമാണിവിടെ) അത്യാവശ്യസാധനങ്ങൾ മാത്രം ഒതുക്കിക്കെട്ടി, മറ്റെല്ലാം കിട്ടുന്ന വിലയ്ക്ക് വിൽക്കുന്നതാണു് ‘മൂവിങ് സെയിൽ.”

ഒരിടത്തും വേരുകളാഴ്ത്താൻ സാധിയ്ക്കാതെ ,യാത്ര ചെയ്യാൻ മാത്രം വിധിയ്ക്കപ്പെട്ട കുറെ ബ്രൗൺ കാർഡ്ബോഡ്‌ ബോക്‌സുകളുടെ നിസ്സംഗതയാണ് മൂവിങ് സെയിലിൽ നമ്മളെ പലപ്പോഴും കാത്തിരിക്കുന്നത്‌.

എത്തിപ്പെടാൻ പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള ആശങ്കയെല്ലാം നിറഞ്ഞ്‌ ഒരുതരംവേവലാതി പൂണ്ട ആ അന്തരീക്ഷത്തിൽ നിന്നും സാധനങ്ങൾ ഏറ്റവും വിലകുറച്ചു വാങ്ങി എത്രയും പെട്ടെന്ന് അവിടുന്ന് പുറത്തു കടക്കാനുള്ള വ്യഗ്രതയാണ് മനസ്സിൽ തോന്നുക. എന്നാൽ, പുതുതായി വാങ്ങാൻ ആഗ്രഹിച്ച ഒരു കമ്പ്യുട്ടറിലേയ്ക്കുള്ള ദൂരം കുറഞ്ഞുവരുന്നതിലെ ആശ്വാസസന്തോഷവും, വീട്ടുകാർ ഒരുമിച്ച് നടത്താൻപോകുന്ന ഒരു റോഡ്‌ ട്രിപ്പിന്റെ ലഹരിയും ആകാംഷയും ഒക്കെ കൂടി കലർന്ന ഒരു തിമിർപ്പായിരിക്കും ഗരാജ്‌ സെയിൽ നടക്കുന്നിടത്ത് കാണുക. ഒരോന്നിലും തട്ടിയും തടഞ്ഞും ,അവരുടെ കുഞ്ഞുപ്രതീക്ഷകളിൽ ഭാഗമാകാനുള്ള ഒരാഗ്രഹം കൊണ്ടും അവിടെനിന്ന് ചിലപ്പോൾ വേണ്ടതും വേണ്ടാത്തതും എടുത്ത് വീട്ടിലേയ്ക്ക് പോരും. ഭർത്താവിന്റെ കണ്ണുവെട്ടിച്ച് അൽപം “റീട്ടെയിൽ തെറാപ്പി” വേണമെന്നാഗ്രഹിക്കുന്ന സ്ത്രീകൾക്ക്‌ ഇത്‌ നല്ലൊരു തട്ടകമാണ്.

“മരിക്കുമ്പോൾ യാതൊന്നും കൂടെകൊണ്ടുപോകുന്നില്ല” എന്ന ആ വലിയ തിരിച്ചറിവ്‌ സമ്മാനിയ്ക്കുന്ന എസ്റ്റേറ്റ്‌ സെയിലും ഒരേ കുടുംബമാണെങ്കിലും ആഡ്യത്വം കൊണ്ടും മഹിമകൊണ്ടും ഗരാജ്‌ സെയിലിനെക്കാൾ വളരെ മീതെയാണ് സ്ഥാനം. എസ്റ്റേറ്റ്‌ സെയിൽ നടക്കുന്ന വീട്ടിലേയ്ക്ക്‌ കയറുമ്പോൾ പലപ്പോഴും എന്തോ ഒരു ഘനം മനസ്സിനെ വന്നു പൊതിയും. മരണപ്പെട്ട ആളുടെ സാധനങ്ങൾ എത്രയും പെട്ടെന്ന് വിറ്റഴിച്ച്‌, ഒഴിഞ്ഞ വീട്‌ വിൽക്കാൻ റിയൽ എസ്റ്റേറ്റ്‌ ഏജന്റിനെ ഏൽപ്പിക്കാനുള്ള ഒരു ധൃതി വീടിന്റെ ഒരോ കോണിലും നമുക്കനുഭവ പ്പെടും.priya joseph, memories

ചില എസ്റ്റേറ്റ്‌ സെയിലുകൾക്ക്‌ പോകുമ്പോൾ നമുക്കൊത്തിരി ഇഷ്ടമുണ്ടായിരുന്നവരുടെ മുഖം മനസ്സിലൊരു നിലാവുപോലെ തെളിയും. മമ്മിയുടെ ഉള്ളിതൊലി നിറമുള്ള, മന്ത്രകോടി എനിക്ക് വേണമായിരുന്നു എന്നു സങ്കടപ്പെടും. ഉടുക്കാൻ എടുക്കുമ്പോഴെല്ലാം പപ്പയുടെ മോശം സെലക്‌ഷനെപറ്റിയും പപ്പയുടെ വീട്ടുകാരുടെ ഫാഷൻ സെൻസില്ലായ്മയെപ്പറ്റിയും മൂന്നാല് കുറ്റം പറഞ്ഞ്‌ എല്ലാ ജനുവരി ഒന്നിനും അതെടുത്ത്‌ ഉടുത്ത്‌ വിവാഹ വാർഷികസ്പെഷ്യൽ കുർബാനയ്ക്ക്‌ പോകുന്ന മമ്മി. മമ്മിയുടെ സാരിക്കൂട്ടത്തിൽ ഞാൻ തിരഞ്ഞത് അതു മാത്രമായിരുന്നു എന്ന് മമ്മി അറിയുന്നുണ്ടോ?

കുഞ്ഞുടുപ്പുകളും, ബിബുകളും, കല്ലുവച്ച ഹെയർ ക്ലിപ്പുകളും, പിന്നെ ഫ്യൂണറൽ ഹോമിലേയ്ക്ക് കൊണ്ടുപോകുന്നതിന് മുൻപ്‌ കുഞ്ഞുശരീരം അവസാനമായി ഇറുകെ പുണർന്നപ്പോൾ അനുഭവപ്പെട്ട ആ ഇളംചൂടും നിറച്ച്‌, അടുക്കിയ ഒരു പെട്ടി മാസ്റ്റർ ബെഡ് റൂമിലെ അലമാരയിൽ ഭദ്രമായി ഇരിക്കുന്നതോർക്കും. ചില സങ്കട ഓർമ്മകൾ ഇങ്ങനെയാണ്. രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ വിടുന്നത് കൂടാതെ; പകലും-ചില വിചാരിയ്ക്കാത്ത നേരങ്ങളിൽ കയറിവന്ന് കണ്ണുനനയിക്കും.

ഈയടുത്ത കാലത്ത്‌ സുഹൃത്തുക്കളോടൊപ്പം പോയ ഒരു എസ്റ്റേറ്റ്‌ സെയിലിൽ നിരത്തി വച്ചിരിക്കുന്ന അഞ്ചാറ് ചീന ഭരണികൾ കണ്ട്‌ സാമാന്യം നല്ല ഭരണി ക്രേയ്സ്‌ ഉള്ള എന്റെ ഹൃദയം “പടപടാന്ന് ” മിടിയ്ക്കാൻ തുടങ്ങി. “ചിലവിൽ” അമ്മവീട്ടിലെ മച്ചിൻപുറത്ത്‌ പഴയ പ്രതാപകഥകൾ പറഞ്ഞ്‌ പ്രൗഢിയോടെ ഇരിയ്ക്കുന്ന ആൾപൊക്കത്തിലുള്ള ഉപ്പുമാങ്ങാഭരണി, നെല്ലിക്കാ ഭരണി, മാങ്ങാതെര ഭരണി – ഇങ്ങനെ എത്രയെത്ര ഭരണി ഇമേജുകളാണ് ആ ഒരൊറ്റ സെക്കന്റിൽ എന്റെ മനസ്സിൽ മിന്നിമറഞ്ഞത്‌.

കൊചുമക്കൾ സുന്ദരീസുന്ദരന്മാരായി, ജരാനരകൾ ബാധിയ്ക്കാതെ, ദീർഘായുസ്സോടുകൂടി കഴിയണം എന്ന അത്യാഗ്രഹത്തോടെ ആർക്കും പറഞ്ഞു കൊടുക്കാത്ത ‘രഹസ്യക്കൂട്ട്‌ ‘കൊണ്ട്‌ ലേഹ്യം ഉണ്ടാക്കി ഭരണികൾ നിറയ്ക്കുന്ന ‘ചിലവി’ലെ അപ്പച്ചൻ… “അയ്യേ ഇതെന്താ ഇങ്ങനെ കറുത്തിരിക്കുന്നേ” എന്നു ചോദിച്ച കുട്ടിപ്രിയയെ “അഭിപ്രായം പറഞ്ഞാൽ ഗുണം പോകും” എന്നു ശാസിച്ച്‌ എഴുന്നേൽപിച്ച്‌ വിട്ടത്‌. നിലത്തിരുന്ന്, നീട്ടിയ കാലിനിടയിൽ ചീനഭരണി ബാലൻസ്‌ ചെയ്തുവച്ച്‌ തൈരുകടയുന്ന പെരുമ്പിള്ളീലെ രാധാകൃഷ്ണൻ ചേട്ടന്റെ അമ്മ. ഇങ്ങനെ ഭരണി ഓമ്മകളുടെ ഒരുകുത്തൊഴുക്ക്‌ തന്നെ നടന്നു മനസ്സിൽ.priya joseph,memories

ഇരുപത്‌ വർഷം കഴിഞ്ഞിട്ടും മനസ്സിൽ നാടിപ്പോഴും പഴയ പച്ചപ്പോടെ തന്നെയുണ്ടെന്ന് ഉറപ്പാകുന്നത്‌ ചിലതുകാണുമ്പോഴുള്ള ഹൃദയത്തിന്റെ ധൃതഗതിയിലാകുന്ന ഈ മിടിപ്പുകൊണ്ടാണ്. എവിടെയോ എനിയ്ക്ക് വേരുകളുണ്ട്‌ എന്ന തോന്നൽ പൊടിപിടിച്ചു തുടങ്ങിയിരിക്കുന്നു എന്നത് ഞാൻ തിരിച്ചറിയുന്നതും ഇതുപോലുള്ള കാഴ്‌ചകളിൽ കൂടിതന്നെ.

പഴയ പെയിന്റിങ്ങുകളും വിന്റേജ്‌ മാപ്പുകളും എസ്റ്റേറ്റ്സെയിലിൽ നിന്ന് സ്ഥിരമായി വാങ്ങുന്ന ഒരു സുഹൃത്ത്‌ ഉണ്ടൈനിയ്ക്ക്‌. 66,000 ഡോളർ വിലയുള്ള Steinway Grand പിയാനൊ എസ്റ്റേറ്റ്‌ സെയിലില്‍ വെറും 500 ഡോളറിന്‌ കിട്ടിയ കഥ കുട്ടികളുടെ പിയാനൊ ടീച്ചർ കഴിഞ്ഞ ആറ് വർഷമായി പറയുന്നത്‌ കേട്ട്‌ തലപെരുത്തു് Steinway കമ്പനിയെതന്നെ ഞാൻ വെറുത്തുപോയിട്ടുണ്ട്‌. കടുത്ത പിയാനൊ പ്രേമിയുടെ അടുത്തുതന്നെ ആ പിയാനൊ എത്തിയതിൽ പിയാനൊസംഗീതത്തെ പ്രാണനെപൊലെ സ്നേഹിച്ച ഒരാത്മാവ്‌ സന്തോഷിക്കുന്നുണ്ടാവും.

പാത്രങ്ങൾ എത്ര വാങ്ങിച്ചാലും മതിയാകാത്ത ഡാലസിലുള്ള എന്റെ പാത്രകമ്പക്കാരി അനിയത്തിയുടെ പഴയ പൂട്ടുകുറ്റി, ഇഡ്ഡ്‌ലി ചെമ്പ്‌, അപ്പച്ചട്ടി എന്നു വേണ്ട അവൾ ഉപേക്ഷിയ്ക്കാൻ തീരുമാനിയ്ക്കുന്ന സകല പാത്രങ്ങളുടെയും ആജീവാനന്ത കസ്റ്റമർ ഞാനാണ് എന്നു പറയുന്നതിൽ എന്റെ ഭർത്താവിന് അത്ര അഭിമാനമില്ലെങ്കിലും എനിയ്ക്കഭിമാനം മാത്രമേയുള്ളു.

ഫസ്റ്റ്‌ ഹാൻഡ് സാധനങ്ങളുടെ ഭദ്രതയിൽ ജീവിതം എത്തിയെങ്കിലും ചില പ്രിയപ്പെട്ടവരുടെ സെക്കന്റ്‌ ഹാൻഡ് സാധനങ്ങൾ തരുന്ന തണുപ്പ് ചില നേരത്ത്‌ എനിക്ക് കൂടിയേ തീരൂ.

പിഗ്ഗി ബാങ്ക്‌ തുറന്ന് കൈയ്യിൽകിട്ടുന്ന ചില്ലറ വാരിക്കൊണ്ടോടിപ്പോയി അഞ്ചും പത്തും സെന്റിന് പസ്സിലുകളും, കഥപുസ്തകങ്ങളും, ബാർബീ ഡോളും കൈ നിറയെ മറ്റ്‌ കളിപ്പാട്ടങ്ങളും വാങ്ങി അഭിമാനത്തോടെ വീട്ടിൽ മടങ്ങിയെത്തുന്ന കുഞ്ഞുങ്ങൾക്ക്‌, “റീസൈക്കിൾ,” “അപ്പ്‌സൈക്കിൾ,”  “റീയൂസ്‌”, “ഗോ ഗ്രീൻ” എന്ന ഈ തത്വങ്ങൾ എത്രമനോഹരമായാണ് അമേരിക്ക പ്രവർത്തിയിൽ കാണിച്ചുകൊടുക്കുന്നത്‌. ഇപ്പോഴും കുട്ടികൾ സ്കൂൾ പ്രോജക്റ്റിനും മറ്റുമുള്ള സാധങ്ങൾ ത്രിഫ്റ്റ്‌ ഷോപുകളിൽ ഇല്ലാ എന്നുണ്ടെങ്കിൽ മാത്രമെ അത്‌ സാധാരണ കടകളിൽ അന്വേഷിക്കുകയുള്ളൂ എന്നത്‌ എനിക്ക് വലിയ അഭിമാനമുളള കാര്യം തന്നെ.

സെക്കൻഡ് ഹാൻഡ്, റീസൈക്കിൾഡ്‌ സാധനങ്ങൾക്ക്‌ അമേരിക്കയിലുള്ള മാർക്കറ്റ്‌ അറിയണമെങ്കിൽ Amazon, eBay, Etsy, Shopify പോലുള്ള കമ്പനികളുടെ അത്ഭുതകരമായ വളർച്ച പരിശോധിച്ചാൽ മാത്രം മതി. സ്മാർട്‌ ഫോണിന്റെ ഈ കാലഘട്ടത്തിൽ Craigslist ഉം മറ്റും എത്ര ഭംഗിയായിട്ടാണു് ഈ മാർക്കറ്റ്‌ കൊണ്ടു നടക്കുന്നത്‌. Next Door പോലുള്ള ആപ്പുകൾ വഴി ഞങ്ങളുടെയൊക്കെ സബ്ഡിവിഷനിൽ എത്രപേരാണ് അവർക്ക്‌ വേണ്ടാത്ത സാധനങ്ങൾ വിറ്റഴിക്കുന്നത്‌. Emma Chamberline ന്റെ യൂട്യൂബ്‌ വീഡിയോസ്‌ ഇവിടുത്തെ ടീനേജേഴ്സിന്റെ ഇടയിൽ ഇത്രയും പോപ്പുലർ ആയിരിക്കുന്നതു് ത്രിഫ്റ്റിങ് കൾച്ചറിലെ ഇവരുടെ താൽപര്യം ഒന്നു കൊണ്ടുമാത്രമാണ്.

കേരളത്തിലെ പ്രളയസമയത്ത്‌ ഉപയോഗിച്ച സാധനങ്ങൾ ക്യാപുകളിൽ എടുക്കില്ലെന്നും, അങ്ങനെ കൊണ്ടുവന്നതിനെ പുച്‌ഛിച്ചുകൊണ്ടുള്ള ട്രോള്‍ വീഡിയോസും മറ്റും ആൾക്കാർ മത്സരിച്ച്‌ ഫേസ്‌ബുക്കിൽ അപ്‌ലോഡ്‌ ചെയ്യുന്നതും മറ്റും കണ്ടപ്പോൾ, “പഴകിയ തുണി കിട്ടിയെങ്കിൽ വലിച്ചുകീറി കുഞ്ഞുകുഞ്ഞുകഷണങ്ങളാക്കി ക്രൊഷ്യൊ നീഡിൽ വച്ചു് “പഴന്തുണി ചവിട്ടി” (rag rugs)ഉണ്ടാക്കാൻ ഒരു മണിക്കൂർ പോലും വേണ്ടല്ലോയെന്ന് എന്നിലെ പ്രായോഗികബുദ്ധിക്കാരി അമർഷം കൊണ്ടു. ചേറിൽ പുതഞ്ഞ ചേന്ദമംഗലത്ത്‌ ചേക്കുട്ടിയെ കണ്ട “ലക്ഷ്മിക്കണ്ണുകൾ “കേരളത്തിൽ എത്ര കുറവാണ് എന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത്‌. ‌priya joseph ,memories,chekutty

പക്ഷേ ഇതിനിടയിലും ഒരാശ്വാസം തോന്നിയത്‌ പ്രളയകാലത്ത്‌ ഒരുകൈത്താങ്ങായി തുടങ്ങിയ ‘കൂടൊരുക്കാം’ (koodorukkam.in) പോലുള്ള വെബ്സൈറ്റുകൾ ആണ്. എത്ര നല്ല ആശയമാണ് അവർ മുന്നോട്ടുവച്ചിരിക്കുന്നത്‌.

നമ്മുടെയൊക്കെ വീടുകളിൽ ഒരോ മുറിയെടുത്ത്‌ ‘മൈക്രൊ’കണ്ണിലൂടെ നോക്കിയാൽ വർഷങ്ങളായി ഉപയോഗിക്കാത്ത എത്രയോ വസ്തുക്കൾ ഉണ്ടായിരിക്കും അവിടെ? വസ്തുക്കൾ മാത്രമല്ല ഒരോ വീടുകളിലും സ്നേഹിയ്ക്കപ്പെടാതെ, പൊടിപിടിച്ച്‌, മുരടിച്ച്‌ എത്രയോ ജന്മങ്ങൾ… പരിലാളിയ്ക്കപ്പട്ടാൽ ഒരുപക്ഷെ പൂത്തു‌ തളിർക്കുമായിരുന്ന ജന്മങ്ങൾ…
മറ്റാരുടെയെങ്കിലും രാജകുമാരിയാകുമായിരുന്ന ആൾ പരിലാളിയ്ക്കപ്പെടാത, പൊടിപിടിച്ചു് , തലതാഴ്ത്തിയിരിക്കുന്നുണ്ടാവുമൊ ഈ മുറികളിൽ ഏതിലെങ്കിലും എന്ന് ഇടയ്ക്കൊക്കെ വെറുതെ ഒന്ന് കണ്ണോടിച്ചു്നോക്കുന്നത്‌‌ നല്ലതാണു്. ലാളിയ്ക്കപ്പെടുന്നിടത്തേയ്ക്ക്‌ വിട്ടുകൊടുക്കാൻ നമ്മളൊന്നു് തയ്യാറായാൽ എത്രപേർക്കത്‌ സ്വപ്ന സാക്ഷാത്ക്കാരമായിരിക്കും! പ്രളയകാലത്തിനുശേഷവും തുടർന്നുകൊണ്ടുപോകാവുന്ന നല്ലൊരു ആശയമല്ലേ ‘ കൂടൊരുക്കാം’ പോലുള്ളവ?

ഒരു ‘സാരി ലെന്റിംഗ്‌ ലൈബ്രറി’ യോ, ‘ഡ്രസ്സസ്‌ ഫോർ റെന്റ്‌’ (Dresses for Rent) പോലുള്ള സംരംഭങ്ങളിലൊ വിജയസാധ്യതകൾ കാണാൻ പോകുന്നത്‌ ഏത് “ലക്ഷ്മിക്കണ്ണുകൾ” ആയിരിക്കും?

അഞ്ചാറു തലമുറയ്ക്ക്‌ ഇരുന്നുണ്ണാൻ കാരണവന്മാർ ഉണ്ടാക്കികൊടുത്ത സ്വത്തിന്റെ പിൻബലമില്ലാതെ, നെഞ്ചും വിരിച്ച്‌ ഒന്നിൽനിന്ന് ജീവിതം തുടങ്ങുന്ന ഇന്നത്തെ ചെറുപ്പത്തിന് സെക്കൻഡ് ഹാൻഡ് കൾച്ചർ ഒരു വല്ല്യ കൈതാങ്ങാകുമെന്ന് ആ സാധ്യതകൾ ഏറ്റവും ഭംഗിയായി ഉപയോഗിച്ച ഒരു വ്യക്തി എന്ന നിലയിൽ എനിയ്ക്ക്‌ നല്ല ഉറപ്പുണ്ട്. തലയിൽ കയറ്റിവച്ചിരിക്കുന്ന പല ദുരഭിമാനകെട്ടുകളും ഒന്ന് താഴെയിറക്കി വയ്ക്കണമെന്ന് മാത്രം!

ഞാൻ മരിച്ചുകഴിഞ്ഞാൽ എന്റെ മക്കൾ നടത്തുന്ന എസ്റ്റേറ്റ്‌ സെയിൽ എങ്ങനെയായിരിക്കുമെന്ന് എനിയ്ക്കിപ്പോഴേ ഊഹിയ്ക്കാൻ പറ്റുന്നുണ്ട്‌. നിശ്ചയമായും ഒരെട്ടുപത്ത്‌ ഭരണികൾ മറ്റൊരാളുടെ സ്നേഹതഴുകലുകൾക്ക്‌ വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നുണ്ടാവും. ഒടുവിൽ, ഖാലീദ്‌ ഹൊസ്സൈനിയുടെ ‘Kite Runner’ ലെ പോലെ ഒരു ബാബയും ആമീറും , ഞാൻ ചെടിവച്ചും പൂക്കൾ വച്ചും ഇത്രമേൽ സ്നേഹിച്ച, എന്റെ ഭരണി ക്കുഞ്ഞുങ്ങളെ ആ പൊട്ടിപൊളിഞ്ഞ പഴയ വാനിൽ ശ്രദ്ധയോടെ എടുത്തുവച്ചു്, അവരുടെ സ്വപ്നങ്ങളിലേയ്ക്കുള്ള സഞ്ചാരം തുടരുന്നത് മനക്കണ്ണിൽ കാണാൻ പറ്റുന്നുണ്ട്‌. കൈമറിഞ്ഞുപോകുന്ന വസ്തുക്കളും, ആറടിതാഴ്ചയിൽ അതിന്റെ അവകാശികളും! അത്രയൊക്കെയുള്ളൂ ജീവിതം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook