പൂജയെടുപ്പു ദിവസം മകന്‍ ചോദിച്ചു . ‘എവിടെ എഴുതും അക്ഷരം? മണ്ണില്ലല്ലോ നമക്ക്…’

ഞാനത് ശരിവച്ചു. ‘കടലാസ്സിലെഴുതിയാല്‍ മതി ‘എന്ന് അവന്റെ അമ്മൂമ്മയും പറഞ്ഞു.

തൊട്ടപ്പുറം മുറ്റമാണ്. അതിനുമപ്പുറം അമ്പലമുറ്റവും ഉണ്ട്. പക്ഷേ, ഇതെല്ലാം തൃക്കാക്കരമണ്ണാണ്, കട്ടിമണ്ണാണ്. എനിക്കും അമ്മയ്ക്കും കുഞ്ഞുണ്ണിക്കുമെല്ലാം മണ്ണെന്നാല്‍ ബീച്ചിലെ പോലുള്ള എരമല്ലൂര്‍മണ്ണാണ്. പഞ്ചാരമണ്ണ്.

കുഞ്ഞുണ്ണി കുഞ്ഞായിരുന്നപ്പോള്‍ ചേര്‍ത്തല വീട്ടിലെ ആ മണ്ണ്, വലിയൊരു കുപ്പിയില്‍ ഇട്ട് അവനെഴുതിപ്പഠിക്കാനെന്ന് പറഞ്ഞ് കൊണ്ടുവച്ചത് എന്റെ അമ്മയാണ് . ആ മണ്ണെപ്പോഴോ കളഞ്ഞുപോയി. ‘മണ്ണില്ലല്ലോ’ എന്നു ചോദിച്ചപ്പോള്‍, ‘ആ മണ്ണില്ലല്ലോ’ എന്നാണ് കുഞ്ഞുണ്ണി ഉദ്ദേശിച്ചത്. ആ മണ്ണില്ലാത്തതു കൊണ്ടാണ്, വേറൊരു മട്ടിലെ മണ്ണേറെയുള്ള വീട്ടിലിരുന്നിട്ടും ‘മണ്ണില്ല’ എന്ന് ഞാനും അമ്മയും അവനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

എരമല്ലൂരെ വീടുകളില്‍ ഇപ്പോള്‍ മുറ്റം നിറയെ ടൈല്‍സും പുല്‍ത്തകിടിയുമാണ്. കാലില്‍ നൂറുനൂറുമ്മ വച്ചു കൂടെ കയറിപ്പോരുന്ന ആയിരം മണ്‍തരിമുറ്റം ഇപ്പോഴും ഉള്ള വളരെ അപൂര്‍വ്വം എരമല്ലൂര്‍വീടുകളിലൊന്നാണ് ഇപ്പോഴും ‘ആനന്ദമന്ദിരം’ എന്ന എന്റെ വീട്. വീടിനകം മുഴുവനും മണ്ണുകയറിക്കൊണ്ടേയിരിക്കും. തൂത്തുതുടച്ചു വൃത്തിയാക്കാന്‍ വലിയ പാടുമാണ്. പക്ഷേ ആ പഴയ പഞ്ചാരമണ്‍മുറ്റം ഇല്ലെങ്കില്‍, ഞങ്ങള്‍ക്കെല്ലാം ‘എരമല്ലൂര്‍’ വേറൊരു നാടായി അപരിചിത മായിത്തീരും, ഞങ്ങളുടെ വീട് പോലും ഞങ്ങളുടെ വീടല്ലെന്നുതോന്നും.

ഒഴിവിന് ചെല്ലുമ്പോള്‍ ഇപ്പോഴും, ഇത്തിരി ദൂരെയുള്ള ചമ്മനാട്ടമ്പലത്തിലും തൊട്ടരികിലുള്ള കണ്ണുകുളങ്ങര അമ്പലത്തിലും പോകുന്നത് അവിടെ ദൈവമുള്ളതു കൊണ്ടല്ല. കാലുപൂഴ്ത്തി നടന്നു ശീലിച്ച പഞ്ചാരമണ്ണ് ഇപ്പോഴും അവിടെയുള്ളതു കൊണ്ടാണ്. മുറ്റമടിച്ചതിന്റെ ഈര്‍ക്കിലി വരകളും കുടത്തില്‍ വെള്ളമെടുത്ത്, പാതിവിടര്‍ത്തിയ കൈപ്പത്തിയുടെ വിരലുകള്‍ക്കിടയിലൂടെ ചരിച്ച് തട്ടിത്തെറിപ്പിച്ച് മണ്ണിലേക്ക് വീഴ്ത്തി പൊടിയെ അടക്കിക്കിടത്തുന്ന നനവിന്റെ പാടുകളും ഇപ്പോഴും അവിടെയുണ്ട് .’സന്ദീമിറ്റം’ എന്നാണ് ആ വാക്കെന്നാണ് പണ്ട് ധരിച്ചിരുന്നത്. സന്ധ്യാമുറ്റം എന്നാണതെന്ന് പിന്നെപ്പിന്നെ മനസ്സിലായി.എരമല്ലൂരെ വീട്ടിലിപ്പോള്‍ ആ സന്ധ്യാപ്പതിവില്ല, ചരിച്ചുപിടിച്ച് വെള്ളമൊഴിച്ചിരുന്ന ആ ചെപ്പുകുടങ്ങള്‍ തേച്ചുതിളക്കി വീട്ടിനകത്തുവച്ചിട്ടുണ്ട് ഓര്‍മ്മത്തിളക്കമായി.എനിക്കുമറിയാമായിരുന്നു മുറ്റമടിച്ചശേഷമുള്ള പഞ്ചാരമണ്ണിലെ പൊടിയെ അടക്കിനിര്‍ത്തുന്ന ‘കുടം ചരിച്ചുപിടിച്ചുള്ള വെള്ളം തളിക്കല്‍കല’. അതെങ്ങനെയാണ് എന്നു മകന്‍ ചോദിക്കുമ്പോള്‍ ഞാനോര്‍ക്കുന്നു,മറന്നുപോയിട്ടുണ്ടാവും അതൊക്കെ ഞാനിപ്പോള്‍.priya a s, memories

പണ്ട് കുട്ടിക്കാലത്ത് ചന്ദ്രികച്ചേച്ചി ,അവരുടെ പള്ളിപ്പുറത്തെ വീട്ടില്‍ പോകുമ്പോഴെല്ലാം ‘എനിക്ക് പഞ്ചാരമണ്ണ് കൊണ്ടുവരണേ’ എന്നു ഞാനവരോട് പറഞ്ഞേല്പിക്കുമായിരുന്നു (ഞങ്ങളുടെ വീട്ടില്‍ താമസിച്ച് അകം പണികളില്‍ സഹായിച്ചിരുന്ന ചേച്ചിയായിരുന്നു ചന്ദ്രികച്ചേച്ചി . പള്ളിപ്പുറത്തുകാരി . ). എന്നിട്ടവര്‍ വരുന്നതു കാത്തുകാത്തൊരിരിപ്പുണ്ട്.

വാക്കു പാലിച്ച് ചന്ദ്രികച്ചേച്ചി ,സുതാര്യമായ പ്‌ളാസ്റ്റിക് കവറില്‍ നിറയെ കൊണ്ടുവന്നു തന്നു പള്ളിപ്പുറമണ്ണ് .പള്ളിപ്പുറമണ്ണിന് ഞങ്ങളുടെ മണ്ണിനേക്കാള്‍ തൂവെള്ള നിറമാണ്. (സിലിക്കയുടെ അംശമായിരുന്നു നിറക്കൂടുതലിനു കാരണം എന്ന് പിന്നീട് അറിഞ്ഞു ).ചൊരിഞ്ഞും ചൊരിയാതെയും കണ്ണിനോട് ചേര്‍ത്തുപിടിച്ചും അകലെ പിടിച്ചും , പിന്നെ അത് മരഅലമാരയുടെ ഏറ്റവും താഴത്തുള്ള ഹാര്‍മോണിയം പെട്ടിപോലെ തുറക്കാവുന്ന കുഞ്ഞിടത്തില്‍ സ്വകാര്യസമ്പാദ്യമായി സൂക്ഷിച്ചുവച്ചും എന്റെ കുട്ടിക്കാലം ധന്യമായി.

വൈക്കത്തേക്കുള്ള വഴിയില്‍ ചേര്‍ത്തല കടന്നാലാണ് പള്ളിപ്പുറം . പഞ്ചാരമണല്‍ക്കുന്നുകളും തളിരു കണ്ടാല്‍ ചെത്തി പൂത്തുപോലെ തോന്നുന്ന ചെറുപുന്നമരങ്ങളും ആയിരുന്നു എന്നെ സംബന്ധിച്ചിടത്തോളം പള്ളിപ്പുറത്തിന്റെ ഹൈലൈറ്റ്. വൈക്കത്തേക്കുള്ള യാത്രയില്‍ തവണക്കടവിലെ ബോട്ടോളം ചെന്നെത്തണമെങ്കില്‍ പള്ളിപ്പുറം കടക്കണം .ബസിലിരുന്ന് തിരിഞ്ഞും മറിഞ്ഞും നോക്കും പഞ്ചാരമണല്‍ക്കുന്നുകളെ. അവിടിറങ്ങി ,നന്നായി പൊടിച്ച കല്‍ക്കണ്ടം പോലുള്ള ആ മണ്ണില്‍ പുതഞ്ഞുകളിക്കണം ,ആ മണ്ണിലൂടെ ചാഞ്ഞുചരിഞ്ഞിറങ്ങണം എന്നു മോഹം തോന്നിയിട്ടുണ്ടെങ്കിലും അതൊട്ടും പ്രായോഗികമല്ല എന്നറിയാവുന്നതു കൊണ്ടാണോ ആവോ ആരോടുമങ്ങനെ ആ മോഹം പറഞ്ഞിട്ടില്ല.ആ മോഹം സാക്ഷാത്ക്കരിച്ചു കണ്ടത് ‘രേവതിക്കൊരു പാവക്കുട്ടി’യില്‍ പള്ളിപ്പുറം കുന്നുകളും കൊടിയേറ്റം ഗോപിയും രാധയും മത്സരിച്ചഭിനയിച്ചതുകണ്ടപ്പോഴാണ്. സിലിക്ക കൂടുതലുള്ള മണ്ണായിരുന്നതു കൊണ്ട് ഗ്‌ളാസ് ഫാക്റ്ററികളിലേക്കും മണലിഷ്ടികയുടെ നിര്‍മ്മാണാവശ്യങ്ങള്‍ക്കുമായി നാടുകടത്തപ്പെട്ട് ഇപ്പോള്‍ നൂലുപോലെ നേര്‍ത്തുപോയിരിക്കുന്നു പള്ളിപ്പുറം കുന്നുകള്‍..

ഞങ്ങളുടെ എരമല്ലൂര്‍ പറമ്പുകളില്‍ സുലഭമായ കുളങ്ങള്‍ ,വേനല്‍ക്കാലത്ത് തേകി വെട്ടിക്കേറ്റുക പതിവായിരുന്നു.വെള്ളത്തിലേക്കുള്ള ചരിഞ്ഞ മണ്ണരികുകള്‍ ,നീണ്ട കാലുള്ള തൂമ്പ കൊണ്ട് പണിക്കാര്‍ തട്ടിപ്പൊത്തി ഉടുപ്പു തേച്ചതുപോലെ ചുളിവില്ലാതെ വൃത്തിയാക്കി വയ്ക്കുന്നതു കണ്ടപ്പോഴൊക്കെ അങ്ങനെ ചെയ്യാന്‍ പറ്റണമെന്നുള്ളതായിത്തീര്‍ന്നു ജീവിതാഭിലാഷം.priya a s, memories

പിന്നെ ജോലിയായി ഏറ്റുമാനൂര്‍കാരിയായിക്കഴിഞ്ഞപ്പോഴൊക്കെ ,വെട്ടിപ്പൊളിച്ചാലും ഇളകാത്ത അവിടുത്തെ ചെമ്മണ്ണുമായി ഞാന്‍ യുദ്ധത്തിലേര്‍പ്പെട്ടു.തൊട്ടാലിളകുന്ന മണ്ണുള്ള എരമല്ലൂരുമായി എന്തൊരു വത്യാസം , ഇടവഴിക്ക് ‘തൊണ്ടെ’ന്നും മുകളിലേക്ക് എന്നുള്ളതിന് ‘കരോട്ട്’ എന്നും പറയുന്ന ഈ നാടിന് എന്നും ഞാന്‍ അത്ഭുതപ്പെട്ടു. ഓരോ നാട്ടിലെയും മണ്‍രീതികളനുസരിച്ച് അവിടുത്തെ തൂമ്പയുടെയും മണ്‍വെട്ടിയുടെയും പിക്കാസിന്റെയും ഒക്കെ രൂപം മാറുമെന്ന് ഞാനങ്ങനെ പഠിച്ചു.ഏറ്റുമാനൂരുകാര്‍ എരമല്ലൂര്‍മട്ടിലെമണ്ണിനെ ‘ചരലെ’ന്നും വീടുപണിയാന്‍ നേരമുപയോഗിക്കുന്നതും ചരലെന്നു ഞങ്ങള്‍ ചേര്‍ത്തലക്കാര്‍ വിളിക്കുന്നതുമായ പുഴമണ്ണിനെ ‘മണലെ’ന്നും വിളിച്ച് എന്നെ ചിന്താക്കുഴപ്പത്തിലാക്കി.അവരുടെ വിവരദോഷമാണതെന്നു വിചാരിച്ച് ആദ്യമൊക്കെ ഞാന്‍ തര്‍ക്കിക്കാനും തിരുത്താനും നോക്കി പിന്നെ അവരെയും മണ്ണിനെയും മണലിനെയും ചരലിനെയും പൂഴിയെയും ഒക്കെ അതാതിന്റെ വഴിക്കുവിട്ടു. എനിക്കു ‘മണ്ണെ’ന്നു പറഞ്ഞാല്‍ എരമല്ലൂരെ പഞ്ചാരമണ്ണാണെന്ന് ഞാന്‍ മാത്രമറിഞ്ഞാല്‍ മതി എന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞു സമാധാനിച്ചുചിരിച്ചു. അപ്പോഴേക്ക് ഏറ്റുമാനൂര്‍മണ്ണിനെ ഒരുവിധം മെരുക്കാനും അവിടെയൊക്കെ പൂവിരിയിക്കാനും ഞാന്‍ പഠിച്ചുതുടങ്ങിയിരുന്നു.

മകനുണ്ടായപ്പോള്‍ , അവനും എരമല്ലൂര്‍മണ്ണിന്റെ കടുത്ത ആരാധകനായി.എരമല്ലൂര് നില്‍ക്കുമ്പോഴൊക്കെ രാവിലെ അവനെഴുന്നേല്‍ക്കുന്നതു തന്നെ , ‘മണ്ണിലിറങ്ങിക്കളിക്കാന്‍ പറ്റുന്ന വൈകുന്നേരമാകുന്നതെപ്പോഴാണ് ‘എന്നു ചോദിച്ചുകൊണ്ടാണ്. മണ്ണും വെള്ളവും കുഴച്ച് അവന്‍ മണ്ണപ്പങ്ങളുണ്ടാക്കി, പരമ്പരാഗതമണ്ണപ്പത്തിന്റെ ചിരട്ട-ആകൃതിയിലും പിന്നെ ‘ബീച്ച് സെറ്റ്’ എന്നു പേരുള്ള പാത്രങ്ങളുപയോഗിച്ച് ആധുനികആകൃതികളിലും.പൂവും ഇലയും കൊണ്ടതെല്ലാമലങ്കരിച്ച് അവനൊരു സുന്ദര-അപ്പക്കടക്കാരനായി.priya a s, memories

അവന്‍ എരമല്ലൂരും ഞാന്‍ തൃക്കാക്കരയിലുമായി നിന്ന മദ്ധ്യവേനലൊഴിവുകാലത്ത് അമ്മ, ഫോണില്‍ പറഞ്ഞു. ഓട്ടുരുളിയിലെ പായസമിളക്കാനുപയോഗിക്കുന്ന വലിയ ഓട്ടുചട്ടുകം അവനെടുത്തു കൊടുത്തു, അവന്‍ മണ്ണില്‍ കുഴിച്ചു കളിച്ചുരസിക്കുന്നു എന്ന്. ഞാനത് കേട്ടുതലയാട്ടി. പക്ഷേ ആഴ്ചയവസാനങ്ങളില്‍ ഞാന്‍ ചെല്ലുമ്പോഴോരോ തവണയും അവന്റെ മണ്‍കുഴി വലുതായി വലുതായി വന്നു. അവനു വിസ്തരിച്ചിറങ്ങി സുഖമായിരിക്കാന്‍ പറ്റുന്ന കുഴി എന്ന അവന്റെ മണ്‍സ്വപ്‌നം വിടരുന്നതു കാണാന്‍ വഴിയേ പോകുന്ന ആളുകള്‍, കൗതുകപൂര്‍വ്വം കയറിവരുവാന്‍ തുടങ്ങി.

‘അമ്മയോ അമ്മാവനോ മണ്ണിലിറങ്ങി കളിക്കുന്നത് കണ്ടിട്ടില്ല , കുഞ്ഞുണ്ണിക്കിതെവിടുന്നു കിട്ടി ഈ മണ്‍പ്രേമം?’ എന്നാരൊക്കെയോ ചോദിച്ചു.( എന്റെ ആശുപത്രിക്കാലങ്ങളുടെ ബാക്കിയില്‍ വളര്‍ന്നതു കാരണമാവും എന്റെ അനിയനും എന്നെപ്പോലെതന്നെ പുസ്തകമുന്നിലെ അടങ്ങിയിരിപ്പുകുട്ടിയായാണ് വളര്‍ന്നത് ) മണ്ണ് കുഴിക്കാന്‍ പറ്റുന്ന ഉപകരണങ്ങളുടെ വൈവിദ്ധ്യം നിറഞ്ഞ കടകളില്‍ ചെല്ലുമ്പോള്‍ മകന്റെ ആര്‍ത്തി കണ്ട് ഞാനന്തം വിട്ടു.

മതിലിനരികെ അവന്‍ കുഴിച്ച കുഴി,സെപ്റ്റിക് ടാങ്കോളമായപ്പോള്‍, മതിലിടിഞ്ഞുവീഴുമോ കുഴിക്കലിന്റെ ഒടുക്കം, കുഴിക്കകത്ത് വല്ല ഇഴജന്തുക്കളുമുണ്ടാകുമോ എന്നൊക്കെ പേടിയായിത്തുടങ്ങി. ‘ഇനി മോന്‍ വേറൊരു കുഴി കുഴിക്ക് ‘ എന്നു പറഞ്ഞ് തിരിച്ചുപോന്ന ഞാന്‍, ഒരാഴ്ച കഴിഞ്ഞു ചെന്നപ്പോള്‍ കണ്ടത് ആദ്യത്തേതിനേക്കാള്‍ ഇരട്ടിവലിപ്പമുള്ള കുഴി. ഇത് തുടര്‍ന്നാല്‍ അപകടമാണ് എന്നു മനസ്സിലായതോടെ, ‘നമക്ക് പോകാം’ എന്നു പറഞ്ഞ് ഞാനവനെ കൂടെ കൂട്ടി.

എരമല്ലൂരായാലും തൃക്കാക്കരയായാലും ഇപ്പോഴും ദേഷ്യം വരുമ്പോള്‍ മകന്‍ ശാന്തനാകുന്നത് മണ്ണിനെ വെട്ടിയും കിളച്ചുമാണ്. കണ്ണുകുളങ്ങര അമ്പലത്തിലെ കുഴമണ്ണില്‍, ഞാന്‍ വഴക്കു പറയുമോ എന്ന് എന്നെ ഏറുകണ്ണിട്ടുനോക്കിക്കൊണ്ട് അവന്‍ കുട്ടിക്കരണം മറിയുമ്പോള്‍ ഞാന്‍, നോട്ടം ആല്‍മരത്തുമ്പത്തേയ്ക്കുമാറ്റി ഒന്നുമറിയാത്തതുപോലെ നില്‍ക്കും. എനിക്കു പറ്റാത്താതൊക്കെയും അവന്‍ ചെയ്യട്ടെ.priya a s, memories

പണ്ട് ‘മാതൃഭൂമി’യില്‍ വന്ന ‘മണ്ണ് ‘ എന്ന മാധവിക്കുട്ടിയുടെ കഥയിലെ മണ്ണു തിന്നുന്ന വൃദ്ധനെക്കുറിച്ച് അമ്മ പറഞ്ഞു തന്നിരുന്നപ്പോഴും പിന്നെ അതു വായിച്ചശേഷവും ആ വയസ്സന്റെ ഡിമെന്‍ഷ്യാ വായയില്‍ നിറയുന്ന മണ്ണ്, എന്റെ കാഴ്ചയില്‍ എന്റെ ഇതേ പഞ്ചാരമണ്ണാണ്.

ജീവിതത്തിലെ ഏറ്റവും പ്രിയ നിമിഷം എന്ന് ചോദിച്ചാല്‍, ചമ്മനാട്ടമ്പല ത്തിന് മുന്നിലെ വെളിയില്‍ ആ കുഴമണ്ണില്‍ പുതഞ്ഞിരുന്ന് ഉത്സവക്കാ ലത്ത് ആകാശത്തേയ്ക്ക് ഉറ്റുനോക്കിയ എന്റെ മുഖത്തേയ്ക്ക് തന്നെയാണ് വെളിച്ചും മുഴുവന്‍ വാരിത്തൂവിയിട്ടത് എന്നെന്നെ വിശ്വസിപ്പിച്ച് നക്ഷത്രപ്പൂരമായി ആകാശം കൈയടക്കിയ അമിട്ടുകളെയാണ് ഞാന്‍ ഓര്‍മ്മ കൊണ്ട് ചൂണ്ടിക്കാണിക്കുക. എന്റെ അമിട്ട് കൗതുകം ഒരിക്കലും ശമിക്കാന്‍ പോകുന്നില്ല എങ്കിലും ഇനി മേലിലൊരിക്കലും പഴയപോല്‍ ഗംഭീരമായി മറ്റൊരമിട്ടും ഉദിക്കില്ല എന്നുറപ്പാണ്. ചമ്മനാട്ടുവെളിക്കുമേലെ പൂത്തിറങ്ങുന്നവ മാത്രമേ എനിക്ക് അമിട്ട് ആവുന്നുള്ളൂ എന്നും അമിട്ടുകള്‍ക്ക് താഴെ മുഖം വിടര്‍ത്തിപ്പുതഞ്ഞിരിക്കാന്‍ പാകത്തിലല്ല ശുഷ്‌ക്കിച്ചുപോയ ചമ്മനാട്ടുവെളിയിലെ അവശേഷിക്കുന്ന കുഴമണ്ണിന്‍ തരികളൊന്നും എന്നും ചമ്മനാട്ടുവെളിക്കുമേലെയുള്ള വിസ്താരമായ ആകാശം പോലും നേര്‍ത്തുപോയിരിക്കുന്നുവെന്നും ആ ഉറപ്പിന് പിന്നിലെ കാരണങ്ങള്‍ പലതാണ്

ഞാനും ദൈവവും കൂടി ഒരു കളിയിലേര്‍പ്പെട്ടിരിക്കുകയാണെന്നും ഓരോ ഹര്‍ഡില്‍സും ചാടിക്കടന്നശേഷം മണ്ണിലേക്ക് പുതഞ്ഞു വീണു പോയാലും വീണിടത്തുതന്നെയിരുന്ന് ‘ഞാനിതും ചാടി’ എന്ന് പറയാനായി കക്ഷിയെ തിരിഞ്ഞുനോക്കും ഞാനെന്നും ‘ആ കമ്പുയരം’ ഒന്നുകൂടി കൂട്ടിവച്ചിട്ടുണ്ടാവും കക്ഷി അപ്പോഴേക്കും എന്നുമൊക്കെ യാണ് ഞാന്‍ സങ്കൽപ്പിക്കാറ്. കമ്പുയരം കൂട്ടിവച്ച് എന്നെ വെല്ലുവിളിച്ച് ആ കക്ഷി ചിരിക്കുന്ന ആ ചിരിയുണ്ടല്ലോ, അത് കാണുമ്പോള്‍ അങ്ങനെ വിട്ടാല്‍പറ്റില്ലല്ലോ ഈ കക്ഷിയെ എന്നു നിശ്ചയിക്കും ഞാനെന്നും മേലെല്ലാം പറ്റിയിരിക്കുന്ന മണ്ണ് കുടഞ്ഞുകളഞ്ഞ് എണീക്കാനായും പിന്നെ ഞാന്‍ എന്നും പറയുമ്പോഴെല്ലാം എനിക്കറിയാം ആ മണ്ണ്, എന്റെ എരമല്ലൂരിലെ കല്‍ക്കണ്ടപ്പൊടിമണ്ണാണ് .എന്നെ ഞാനാക്കിയ മണ്ണ് .

ഞാന്‍ വീഴുമ്പോഴും എണീക്കാന്‍ നോക്കുമ്പോഴും എന്റെ മേല്‍ പറ്റിപ്പിടിച്ചിരിക്കുന്നത് ആ മണ്ണാണ്. പഞ്ചാരണ്ണ്. ബീച്ചിലെ പോലത്തെ മണ്ണ്. ഇത്തിരി വെള്ളം ചേര്‍ത്തു കുഴച്ചാല്‍ മണ്ണപ്പമുണ്ടാക്കാന്‍ വഴങ്ങിത്തരുന്ന മണ്ണ്.

ഉയിര്‍ മണ്ണുക്ക് എന്ന് ഞാന്‍ ഉറക്കെപ്പാടുക ഈ മണ്ണിനെ കുറിച്ചാണ്…

Read More: പ്രിയ എ എസ്സ് എഴുതിയ ലേഖനങ്ങൾ ഇവിടെവായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook