scorecardresearch
Latest News

എന്ത് പ്രഹസനോണ് എന്റെ കൊച്ചീ?

“ബസുകള്‍ ഓടിത്തുടങ്ങുമ്പോള്‍, തീവണ്ടികള്‍ സര്‍വ്വീസാരംഭിക്കുമ്പോള്‍, വിമാനങ്ങള്‍ പറക്കുമ്പോള്‍ എല്ലാം ജോലിക്കാരും യാത്രക്കാരും കൂടി എഴുന്നേറ്റുനിന്ന് കുങ്കുമപ്രാര്‍ത്ഥനകള്‍ ചൊല്ലുന്ന കാലം ആണോ ഇനി വരാന്‍ പോകുന്നത്?”

എന്ത് പ്രഹസനോണ് എന്റെ കൊച്ചീ?

‘എന്ത് പ്രഹസനോണ് സജീ?’ – ‘കുമ്പളങ്ങി നൈറ്റ്‌സ്’ കണ്ടിറങ്ങിയപ്പോള്‍ പലര്‍ക്കും ഏറ്റവും ഇഷ്ടമായത് ഈ ഡയലോഗാണ്.

നെപ്പോളിയന്റെ നാലു മക്കള്‍. ‘അപ്പന്റെ ഓര്‍മ്മ ദിവസമാണിന്ന്, ബോണീം കൂടി വന്നിട്ട് നമ്മള്‍ നാലു മക്കള്‍ക്കും കൂടി ഒന്നിച്ചിരുന്ന് ഉണ്ണാമായിരുന്നു ഇന്നെങ്കിലും’ എന്ന് ഏറ്റവും ഇളയവനും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയുമായ ഫ്രാങ്കി അഭിപ്രായപ്പെടുന്നത് മീനും ചോറും പ്‌ളേറ്റിലിട്ട് കുഴച്ചു കഴിക്കലില്‍ അവന്റെ ചേട്ടന്മാരിലൊരാളായ ബോബി വ്യാപൃതനാകുമ്പോഴാണ്. ഏറ്റവും മൂത്തവനായ സജി അതു കേട്ടതും തിരിഞ്ഞ്, ഭിത്തിയിലെ കോലാഹലങ്ങള്‍ക്കിടയില്‍ തൂങ്ങുന്ന നെപ്പോളിയന്റെ പടത്തിനു മുന്നില്‍ മെഴുകുതിരി കൊളുത്താനും കൈകൂപ്പി നില്‍ക്കാനും തുടങ്ങുകയും ചോറു ‘തിന്നു’ കൊണ്ടിരിക്കുന്ന ബോബി, ‘എന്ത് പ്രഹസനോണ് സജീ?’ എന്നു ചോദിച്ച് ഊറിച്ചിരിക്കുകയും ചെയ്യുന്നു. ‘പ്രഹസനോ?’ എന്ന് ആ വാക്കിന്റെ അര്‍ത്ഥം പിടി കിട്ടാതെ സജി നില്‍ക്കുമ്പോള്‍ ‘ഷോ’ എന്ന്  ഫ്രാങ്കി പറഞ്ഞു കൊടുക്കുന്നതോടെ സജിയും ബോബിയും തമ്മില്‍ ഒന്നും രണ്ടും പറഞ്ഞ് ഉരുട്ടിപ്പിടുത്തമാവുന്നു.

ആ സീനും ഡയലോഗും സ്ക്രീനില്‍ കണ്ടിറങ്ങിയതോടെ ‘വെറും പ്രദര്‍ശനപരത’ എന്ന ഇനത്തില്‍ പെടുന്ന ഏതു വാക്കിനെയും പ്രവര്‍ത്തിയെയും, ‘എന്ത് പ്രഹസനോണ് സജീ!’ എന്ന കൊച്ചി ഡയലോഗീണം കൊണ്ട് കേരളമാകെ നേരിടുന്ന കാലമാണിത്.

വെറും പ്രദര്‍ശന പരതയൊന്നുമല്ല, വിഷം മെല്ലെമെല്ലെ കുത്തിവച്ചു കൊല്ലലാണ് നയം എന്നു മനസ്സിലാകുന്നുണ്ടെങ്കിലും ഞാനൊക്കെ ജീവിക്കുന്ന കൊച്ചി എന്ന കേരളത്തിന്റെ സ്വന്തം മെട്രോ സിറ്റി കഴിഞ്ഞയാഴ്ച തന്ന ചില അനുഭവങ്ങളുടെ പരിസരത്തു നില്‍ക്കേണ്ടി വന്നപ്പോഴൊക്കെ, ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ ആ തമാശ ഡയലോഗ് മാത്രമേ കൊച്ചിയോട് പറയാനായി നാവില്‍ വന്നുള്ളൂ. നടുങ്ങണോ, ഞെട്ടണോ, ബോധം കെടണോ എന്ന് സംശയം വരുമ്പോഴൊക്കെ തമാശക്കണ്ണു തുറന്നു പിടിച്ച് നെഞ്ചിടിപ്പ് കുറക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാണ് ഞാനും കേരളവുമൊക്കെ ഇങ്ങനെയെങ്കിലും നിലനിന്നു പോകുന്നത് എന്നറിയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി…

ഹോം അപ്‌ളയന്‍സസ് വില്‍പ്പനയില്‍ വളരെ പ്രശസ്തമായ മൂന്നു സ്ഥാപനങ്ങളുണ്ട് കൊച്ചിയില്‍. അതില്‍ രണ്ടെണ്ണം നില്‍ക്കുന്നത് ഏതാണ്ട് പരസ്പരം തൊട്ടുതൊട്ടാണ്. മൂന്നാമത്തേത് അല്പം മാറിയും. എവിടെയാണ് നല്ല ഉത്പന്നം കൂടുതല്‍ ഡിസ്‌കൗണ്ടോടെ കിട്ടുക എന്ന ശരാശരി വാങ്ങലുകാരന്റെ ആവശ്യവുമായി ഒന്നില്‍ നിന്ന് ഒന്നിലേക്കു ചാടി താരതമ്യപഠനം നടത്താതെ ഒരു കൊച്ചിക്കാരനും ഇവിടങ്ങളില്‍ നിന്ന് എന്തെങ്കിലും വാങ്ങിയ ചരിത്രമുണ്ടായതായി പറഞ്ഞു കേട്ടിട്ടില്ല.priya a s ,memories

അടുത്തയിടെ സുഹൃത്ത് വാഷിങ് മെഷീന്‍ നോക്കാന്‍ പോയി ഇതിലൊന്നില്‍. കട പൂട്ടാറായ ഒമ്പതു മണി രാത്രി നേരമായപ്പോഴേക്ക് ജീവനക്കാരെല്ലാം ചാടി എണീക്കുന്നു, അവിടമാകെ ഒരു പ്രാര്‍ത്ഥന മുഴങ്ങുന്നു -‘ഹരിവരാസനം.’ ശബരിമല അയ്യപ്പന്റെ നട, രാത്രി അടക്കുമ്പോള്‍ വയ്ക്കുന്ന പാട്ടിലൂടെ അവിടമാകെ പരന്നത് വെറുമൊരു പ്രാര്‍ത്ഥനാ പ്രതീതിയല്ല എന്ന് തീര്‍ച്ച. വാഷിങ് മെഷീനുകളും ടിവികളും ഫ്രിഡ്ജുകളും കാവി പുതക്കുന്ന ആ കാഴ്ച തരുന്ന ഞെട്ടലിനുള്ളില്‍ നിന്നു കൊണ്ട്, ‘എന്ത് പ്രഹസനോണ് കൊച്ചീ!’ എന്ന് ചോദിക്കാതിരിക്കുന്നതെങ്ങനെയാണ്?

ഹരിവരാസനം പാടിയ യേശുദാസ് പിറന്ന മതം എന്ന മതസൗഹാര്‍ദ്ദ ചിന്തയൊന്നും അവിടെ തൂവിയിട്ടു കൊണ്ടല്ല ആ പ്രാര്‍ത്ഥന തീര്‍ന്നത് എന്നു തീര്‍ച്ചയാണ്. ആ ഹരിവരാസനം പാട്ട് അവിടെ പരക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായി എന്ന് അറിയില്ല. പക്ഷേ ഇത് ഹിന്ദുക്കളുടെ കട, തൊട്ടപ്പുറത്തുള്ളത് ക്രിസ്ത്യാനികളുടേത്, കുറച്ചകലെയുള്ളത് മുസ്‌ലിമിന്റെ എന്ന ബോദ്ധ്യം, അവിടേക്കു കയറിച്ചെല്ലുന്ന ഒരു വാങ്ങലുകാരന് ഇക്കഴിഞ്ഞ പത്തുകൊല്ലത്തിനകം ആദ്യമായാണ് കിട്ടുന്നതെന്നു മാത്രമേ തത്ക്കാലം അറിയേണ്ടതുള്ളൂ. അപ്പുറത്തെ കടയില്‍ മതം കൊണ്ട് ഷട്ടറിടുമ്പോള്‍ അവരേതു പാട്ടാവും പാടുക, എന്ന ചിന്തയില്‍ ചാരി നില്‍ക്കുമ്പോള്‍ ഇന്ന ജാതിക്കാര്‍ക്ക് ഈ ഹരിവരാസനക്കട എന്ന കൊടി, കടയുടെ മുന്നില്‍ അദൃശ്യമായാണെങ്കിലും ആടിയുയര്‍ന്നു പറക്കുന്നത് കാണാം.

ഓരോ മതത്തിനും ഓരോ കട എന്നതാണ് ആ മൂന്നു കടകളുടെയും പിന്നിലെ തത്വശാസ്ത്രം എന്നറിയാത്തത് ഒരുപക്ഷേ എന്നെപ്പോലെയുള്ള വിഡ്ഢികള്‍ക്കു മാത്രമാവുമോ! വന്നുവന്ന് പുരോഗതിയിലേക്കുള്ള വഴി ഇങ്ങനെയൊക്കെയാണ് എന്നാണോ കൊച്ചിയുടെ സ്വന്തം മെട്രോ, ആ കടകള്‍ക്കുമുന്നിലൂടെ പാഞ്ഞു പറഞ്ഞു പോയത് !

ആളുകള്‍ ബ്രാന്‍ഡല്ല, മതം നോക്കിയാണ് ഇഡ്ഢലിമാവും സാമ്പാറ് പൊടിയും വരെ കടകളില്‍ നിന്ന് വാങ്ങുന്നതെന്നാണ്, കൂടുതല്‍ വിശദമായി അന്വേഷിക്കുമ്പോള്‍ മനസ്സിലാവുന്നത്. ഗള്‍ഫില്‍ നിന്നുള്ളവര്‍ കേരളത്തില്‍ നിന്നു വാങ്ങി വരാന്‍ സുഹൃത്തുക്കളോട് പറഞ്ഞേല്‍പ്പിക്കുന്ന സാമ്പാറു പൊടികള്‍ക്കും മഞ്ഞള്‍പ്പൊടികള്‍ക്കും പോലും ഏറ്റുപിടിക്കാന്‍ കൃത്യമായി ഒരു മതമുണ്ട് പോലും. നമ്മള്‍ രാവിലെ എണ്ണയോ നെയ്യോ തൊട്ട് ഉണ്ടാക്കുന്ന ദോശ പോലും നമ്മള്‍ കഴിക്കുന്നത്, ഏതു മതക്കാരന്റെ ഉത്പന്നം എന്ന ജാതി-ചിന്തകൂട്ടിയാണ് പോലും…! പ്രഹസനങ്ങള്‍ പൊതുവിടങ്ങളില്‍ നിന്ന് വീട്ടുപടിക്കലേക്കും വീട്ടിനകത്തേക്കും വരെ നുഴഞ്ഞു കയറുകയാണ് എന്നു ചുരുക്കം…priya as ,memories

കൊച്ചി നഗരത്തിലെ ഒരു പൊതു മേഖല ബാങ്കിന്റെ ഹൗസിങ് ലോണിനായുള്ള എക്‌സ്‌ക്‌ളൂസീവ് ബ്രാഞ്ച്. ലോണിനായുള്ള കടലാസ്സുകളുുമായി ബാങ്കു തുറക്കുന്ന നേരത്തു ഓടിപ്പാഞ്ഞുചെന്ന് അവിടുത്തെ സോഫയിലിരുന്ന് ബാക്കി കടലാസ്സുകള്‍ പൂരിപ്പിക്കാന്‍ പേനയെടുക്കുമ്പോഴേക്ക്, അവിടുത്തെ ജീവനക്കാരെല്ലാം കൂടി ചാടി എഴുന്നേല്‍ക്കുന്നു, തുറന്ന പേനയും കടലാസു കെട്ടുമായി എന്താണ് സംഭവം എന്നു മനസ്സിലാവാതെ ലോണ്‍ ആവശ്യക്കാരിയായ സുഹൃത്ത് പകയ്ക്കുമ്പോള്‍, ദാ വരുന്നു പ്രാര്‍ത്ഥന. മൗന പ്രാര്‍ത്ഥനയാണെങ്കില്‍, ജോലിത്തുടക്കത്തിന് പോസിറ്റീവ് എനര്‍ജി എന്നു കരുതാമായിരുന്നു.

വരികളും വരികളിലെ മതവും ബാങ്കിലെ ഓരോ നോട്ടിനെയും ട്രാന്‍സാക്ഷനെയും കുറിയും കുങ്കുമവും തൊടുവിക്കുന്ന ആ പ്രാര്‍ത്ഥനാ വിവരം കേട്ടു നില്‍ക്കുമ്പോഴും, ‘കുമ്പളങ്ങി നൈറ്റ്‌സ്’ ഓര്‍മ്മ വരുന്നു, ‘എന്ത് പ്രഹസനോണ് എന്റെ കൊച്ചീ!’ എന്ന് ചോദിച്ചു പോകുന്നു…

ബസുകള്‍ ഓടിത്തുടങ്ങുമ്പോള്‍, തീവണ്ടികള്‍ സര്‍വ്വീസാരംഭിക്കുമ്പോള്‍, വിമാനങ്ങള്‍ പറക്കുമ്പോള്‍ എല്ലാം ജോലിക്കാരും യാത്രക്കാരും കൂടി എഴുന്നേറ്റുനിന്ന് കുങ്കുമപ്രാര്‍ത്ഥനകള്‍ ചൊല്ലുന്ന കാലം ആണോ ഇനി വരാന്‍ പോകുന്നത്? പണ്ട് 1992 എന്ന ബാബ്‌റി മസ്ജിദ് കലാപക്കാലത്ത് ഇതേ ബാങ്കിന്റെ ഡല്‍ഹി ബ്രാഞ്ചില്‍ ‘ഹലോ മത് ബോലിയെ, ജയ് ശ്രീറാം ബോലിയെ’ എന്ന് വളരെ ചെറിയ അക്ഷരങ്ങളില്‍ എഴുതി വച്ചിരുന്നതിനെക്കുറിച്ച് സുഹൃത്ത് പറഞ്ഞു കേട്ടത് ഓര്‍ത്തു പോവുകയാണ്. അന്നത്തെ ആ ചെറിയ അക്ഷരങ്ങളാണ് ഇന്ന് പൊതുജനമദ്ധ്യേ, പരസ്യപ്രഖ്യാപനം പോലുള്ള ഉറക്കെ ചൊല്ലുന്ന പ്രാര്‍ത്ഥനകളായി രൂപം പ്രാപിച്ചിരിക്കുന്നത് എന്ന കാര്യം ഓര്‍ക്കുകയാണോ മറക്കുകയാണോ വേണ്ടത് ആവോ?

ഏറ്റവും ഭീകരമായ കാഴ്ച പത്താം ക്‌ളാസ് പരീക്ഷക്കു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കൊച്ചിയിലെ ചില സ്‌ക്കൂളുകളില്‍ നടന്ന പരീക്ഷാ വിജയപ്രാര്‍ത്ഥനകള്‍ എന്ന അദ്ധ്യായമാണ്.

ഓഫീസിടത്തിലൂടെ നടന്നപ്പോള്‍ എതിരെ വന്ന ചില കൂട്ടുകാര്‍ പത്താം ക്‌ളാസ് കുട്ടികളുടെ അമ്മമാരായിരുന്നു. ‘ഇന്ന് പൂജയല്ലേ, പോയോ മോള്‍,മോന്‍?’ എന്നു ചോദിച്ചവര്‍ പരസ്പരം കുശലം കൈമാറിയപ്പോള്‍ എന്തു പൂജയുടെ കാര്യാണ് ഇവര്‍ ഇങ്ങനെ പൊതുവായി പങ്കുവയ്ക്കുന്നത് എന്ന് ഒരു പിടിയും കിട്ടാതെ ഞാന്‍ നിന്നു. പിന്നെ പെട്ടെന്ന്, ‘ഓ ഇന്നാണല്ലോ ആറ്റുകാല്‍ പൊങ്കാല, അതാവുമോ പറയുന്നത്?’എന്നായി ചിന്ത. അപ്പോഴറിയുന്നു, രാവിലെ ആറു മണി മുതല്‍ ഒമ്പതു മണി വരെ സ്‌ക്കൂള്‍ ഗ്രാൗണ്ടിലെ വെയിലത്ത് പ്രാര്‍ത്ഥനകളും പൂജയും കുട്ടികളുടെ ‘പരീക്ഷാശാന്തി’ക്കായി നടത്തപ്പെടുകയാണ്.priya a s, memories

‘മീന്‍ കൂട്ടി രാവിലെ ഉണ്ടിട്ട് പൂജയ്ക്കു പോയാല്‍ പൂജയുടെ ഫലം പ്രശ്‌നമാവുമോ?’ തുടങ്ങിയ കുട്ടിസംശയങ്ങളെ പരിഹരിച്ച രീതി പറഞ്ഞ് പരസ്പരം ചിരി കൈമാറിയ അമ്മമാരെ കണ്ടു നില്‍ക്കുമ്പോള്‍, അവരിത് തമാശയായേ എടുക്കുന്നുള്ളൂ എന്നു കണ്ട് ആശ്വാസം തോന്നി. പക്ഷേ ആരും, എന്റെ കുട്ടി ഇതില്‍ പങ്കെടുത്തിട്ട് കിട്ടുന്ന വിജയം വേണ്ട എന്നു പറയുകയോ ഈ വികലസങ്കല്‍പ്പത്തെ എതിര്‍ക്കുകയോ ചെയ്യുന്നില്ലല്ലോ എന്ന് സങ്കടവും തോന്നി.  ‘വിദ്യാര്‍ത്ഥിനികള്‍ ആര്‍ക്കെങ്കിലും ആര്‍ത്തവകാലമാണെങ്കില്‍ അതിരാവിലെ വരണ്ട, പൂജ തീരാറാകുമ്പോള്‍ വന്നാല്‍ മതി ‘എന്നു വാട്‌സ് ആപ് മെസേജ് വന്ന കാര്യവും കുട്ടികളുടെ നാളുവിവരങ്ങളും സമാഹരിച്ചാണ് പൂജ എന്ന കാര്യവും കൂടി ആ അമ്മമാര്‍ പറയുന്നതു കേട്ട്, ‘ആര്‍ത്തവകാലമാണെങ്കില്‍ പരീക്ഷയെഴുതണ്ട’ എന്നു നിര്‍ബന്ധബുദ്ധിയൊന്നും പിടിക്കാത്ത സ്‌ക്കൂളുകാരുടെ വിശാലമനസ്‌ക്കത ഓര്‍ത്ത് ഞാനാശ്വസിച്ചു. എല്ലാ മതക്കാരും പങ്കെടുക്കണമെന്ന നിര്‍ബന്ധബുദ്ധി സ്‌ക്കൂളുകാര്‍ തത്ക്കാലം വച്ചു പുലര്‍ത്തുന്നൊന്നുമില്ല എന്നും അറിഞ്ഞു. ‘ആര്‍പ്പോ ആര്‍ത്തവം’ സമ്മേളനങ്ങള്‍ സാനിട്ടറി പാഡ് കൊടിരൂപത്തിലുയര്‍ത്തി ആഘോഷിച്ച കൊച്ചിയിലാണ് ഇതെന്നോര്‍ക്കണം!

മതവും ജാതിയുമൊക്കെ വലിയ സാംക്രമിക രോഗങ്ങളാണ് എന്നും, മറ്റു സ്‌ക്കൂളുകളിലേക്ക് ഇത് പടരാന്‍ അധികകാലമൊന്നും വേണ്ടെന്നും സാംക്രമികരോഗങ്ങള്‍ പടര്‍ന്നു പിടിക്കുക എന്നു വച്ചാല്‍ കൈപ്പിടിയിലൊതുങ്ങാത്ത വിധം വളരെ മാരകമായാണ് അതു സംഭവിക്കുക എന്നും അറിയാവുന്നതു കൊണ്ട് ഇനിയത്തെ കാലത്തിനെ ഓര്‍ത്ത് വല്ലാതെ പേടി തോന്നുന്നു. ഇക്കാലത്തൊന്നുമല്ലാതെ പരീക്ഷകള്‍ എഴുതി ജയിക്കാനിടയായ, ഏതു നിറത്തിലും പരീക്ഷയെഴുതാമായിരുന്ന ഒരു സ്‌ക്കൂള്‍കാലം ഒരു കാലത്തുണ്ടായിരുന്നത് ഇനി ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തേണ്ടി വരുമോ എന്നു ചിന്തിക്കവേ, അപ്പോഴും ചോദിച്ചു പോയി ‘എന്ത് പ്രഹസനോണ് കൊച്ചീ!’

മുന്നോട്ട് നടക്കാന്‍ പഠിപ്പിക്കുന്നെന്ന് നമ്മളെല്ലാം വിശ്വസിക്കുന്ന വിദ്യാഭ്യാസരീതിയെത്തന്നെ കൂട്ടു പിടിച്ച് നമ്മള്‍, നമ്മുടെ ഇളംകുട്ടികളെ, ഭാവിതലമുറാവാഗ്ദാനങ്ങളെ മതത്തിലും ജാതിയിലും മുക്കിയെടുക്കുന്നതിനേക്കാള്‍ വലിയ പ്രഹസനോണ്ടോ കൊച്ചീ എന്ന എന്റെ നെടുനിശ്വാസത്തിനു മീതെ ആരാണ് പരത്തി വീശി ആ ചീനവലയെറിയുന്നത്, ‘കുമ്പളങ്ങി നൈറ്റ്‌സി’ലെപ്പോലെ?

ഏതു തരം മീനുകളാണ് വലക്കാരുടെ ഉന്നം?

ആര്‍ക്കു വേണ്ടിയായിരിക്കാം അവയെല്ലാം പിടിക്കപ്പെടുക?

ഏതു ചന്തയിലാണാ മീനെല്ലാം കൊണ്ടു പോയി നിരത്തി വയ്ക്കപ്പെടുക?

ഒരിക്കലും കാണിക്കാത്ത ചില ചേര്‍ത്തു പിടിക്കലുകള്‍, ചായലുകള്‍ ഒക്കെ ബോബിയുടെ ഭാഗത്തു നിന്ന് സംഭവിക്കുമ്പോള്‍, ബോബിയോട് സജി ചോദിക്കുന്നുണ്ട്, ‘എന്താടാ നിനക്കെന്റെ കിഡ്നി വേണോ?’

കിഡ്‌നിയോ, ഹൃദയമോ തലച്ചോറു തന്നെയുമോ എന്തായിരിക്കാം ഈ വലവീശലുകാരുടെ ഉന്നം?

ഇത് പ്രഹസനമല്ല വിഷം കുത്തി വയ്ക്കലാണ് എന്നറിയാതെയല്ല എന്നാലും ‘സജീ, എന്ത് പ്രഹസനോണ്?’ എന്ന് ചോദിക്കുമ്പോള്‍ വരുത്തിക്കൂട്ടിയ ഒരു ചിരി ചിരിക്കാന്‍ പറ്റുന്നുണ്ട്. പക്ഷേ എന്റെ കേരളമേ, ഈ പ്രഹസനച്ചിരിയൊക്കെ എത്ര കാലത്തേക്ക്?

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Priya as tightening grip of religion on public life kumblangy nights priyam apriyam