മുഖാമുഖത്തിനും മുമ്പ്
എന്റെ ഒന്നാംവര്‍ഷ ഡിഗ്രിക്കാലത്താണ് ‘ശ്രീരാഗം’ എന്നൊരു മാസിക കിളിര്‍ത്തത്. ഒരു നിലവാരമൊക്കെ തോന്നിയതുകൊണ്ട് ഒരു കഥ അയച്ചു-‘ചിത്രങ്ങള്‍.’ അത് പ്രസിദ്ധീകരിക്കുന്നു എന്നറിയിച്ചു കൊണ്ടുള്ള കത്തില്‍ അതിന്റെ പത്രാധിപര്‍ സുന്ദര്‍ (പിന്നീട് ഇന്ത്യാ ടുഡേയിലുണ്ടായിരുന്ന സുന്ദര്‍ദാസ് ആണോ അതെന്ന് ഇപ്പോഴും നിശ്ചയമില്ല) എഴുതി- ‘പ്രിയയുടെ ശെൈലിക്ക് ടി പദ്മനാഭന് ശൈലിയുമായി ഛായയുണ്ട് ഏതോ തലങ്ങളില്‍.’
അങ്ങനെയാണ് ഞാന്‍ പദ്മനാഭന് കഥകളുടെ വായനയിലേക്കെത്തുന്നത്.
ഞാന്‍ എം എക്കാരിയായപ്പോഴേക്ക് പദ്മനാഭന്റെ ‘ഗൗരി’യെ കലാകൗമുദിയില്‍ എസ് ജയചന്ദ്രന്‍നായര്‍ അവതരിപ്പിച്ചു. നേപ്പാളിലെ പശുപതിനാഥക്ഷേത്രത്തിനു മുന്നില്‍ നിന്ന് ‘ഇത്തവണ ദേവന്റെ മുന്നിലെത്തുമ്പോള്‍ ഞാന്‍ സനാഥയായിരിക്കുമല്ലോ’ എന്നു പറയുന്ന ‘ഗൗരി’ എന്ന മദ്ധ്യവയസ്കയുടെയും ‘അയാളു’ടെയും ബന്ധത്തിന്റെ മനോഹാരിതയില്‍ ഉലഞ്ഞുപോയ ഞാന്‍, പദ്മനാഭന് എന്തെല്ലാമോ പറഞ്ഞ് അന്നദ്ദേഹം താമസിച്ചിരുന്ന അമ്പലമേട്ടിലേക്ക് കത്തെഴുതി.

പദ്മനാഭന് വീണ്ടും കണ്ണൂരുകാരനാകാനായി വീടും ജീവിതവും കെട്ടിപ്പെറുക്കുന്ന നേരമാകയാല് കത്ത് കിട്ടിയിട്ടുണ്ടാവില്ല, അതാണ് മറുപടി വരാത്തതെന്ന് തോന്നി. ഒരു വെറും എക്സ്ട്രാ മാരിറ്റല്‍ റിലേഷന്‍ഷിപ്പ് ആയി ‘ഗൗരി’യെ ആരും കണ്ടില്ലെന്നുമാത്രമല്ല അത് കെ പി അപ്പന് ‘പ്രണയത്തിന്റെ അധരസിന്ദൂരമായി’ മാറുകയും ചെയ്ത് കാലം പോകവേ, എനിക്കൊരു കാര്‍ഡില്‍ ഒരഭിനന്ദനക്കത്തുവന്നു. ഗൃഹലക്ഷ്മി അവാര്‍ഡ് കിട്ടിയ പെണ്‍കുട്ടിയെ അഭിനന്ദിച്ചു കൊണ്ടുള്ള രണ്ടുവരിക്കത്ത് മറ്റൊരവാര്ഡായി ആത്മാവിനോട് ചേര്ത്തിരിക്കവേ മനസ്സിലായി, പണ്ട് കത്തെഴുതിയ പെണ്‍കുട്ടിയെ അദ്ദേഹം ഓര്‍മ്മയില്‍ കൊണ്ടുനടക്കുന്നു ഇപ്പോഴുമെന്ന്.
പിണക്കം ഒന്ന്
ആദ്യമായി പരസ്പരം കാണുന്നത് കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളില്‍ ഡി സി ബുക്സിന്റെ ഏതോ ഒരു വാര്‍ഷികം അതിഗംഭീരമായി കൊണ്ടാടുന്നതിനോടനുബന്ധിച്ച് പദ്മനാഭന് മുഖ്യാതിഥി ആയപ്പോഴാണ്.
ഇടിച്ചുകയറി ആരുടെയും അടുത്തുവരെ എത്താന്‍ അറിയാത്തതു കൊണ്ട്, എന്നെ പദ്മനാഭന്റെ അടുത്തു വരെ അന്നേ ദിവസം എത്തിച്ചേ പറ്റൂ എന്ന ചുമതലയില്‍ ഞാനെന്റെ കൂട്ടുകാരനെ കുരുക്കിയിട്ടു.
ഞങ്ങളങ്ങനെ തിരക്കിലൂടെ വഴിവെട്ടി ചെല്ലുമ്പോള്‍, ‘ഗൗരി’ സിനിമയാക്കുന്ന മഹാദൗത്യത്തിന് ഭാഗ്യനറുക്കുവീണ ശിവപ്രസാദ് എന്ന തിരുവല്ലക്കാരനാണ് (സിദ്ധാര്‍ത്ഥ് ശിവയുടെ അച്ഛന്) പദ്മനാഭനടുത്ത് നില്‍ക്കുന്നത്. തിരുവല്ലാക്കാരനായ എന്റെ കൂട്ടുകാരനെ ശിവപ്രസാദ്ചേട്ടന് കുടുംബസുഹൃത്ത് എന്ന നിലയ്ക്ക് ചേര്‍ത്തുനിര്‍ത്തുന്നു, ഞാനാ ഏണി വഴി പദ്മനാഭനോട് പരിചയമോര്മ്മിപ്പിച്ച് മിണ്ടിത്തുടങ്ങുന്നു.
‘അനക്കറിയാം നിങ്ങള്‍ ബി ജെ പിക്കാരാണെന്ന്’ എന്നു മുഴങ്ങുന്ന ശബ്ദത്തില്‍, അടുത്തുനില്ക്കുന്ന പത്രക്കാരനെതിരെ കീഴ്ച്ചുണ്ടുള്ളിലേക്കു കടിച്ചുപിടിച്ച് നെഞ്ചുവിരിച്ചുനിന്ന് വാളോങ്ങുന്നതിനിടെ കണ്ണിറുക്കിച്ചിരിച്ച് എന്നോട് സ്നേഹപൂര്‍വ്വം പദ്മനാഭന് മിണ്ടി. എന്തൊക്കെയോ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കഥകളെക്കുറിച്ചു അദ്ദേഹത്തോടുതന്നെ പറഞ്ഞ് ഞാന്‍ നിര്‍വൃതിയടഞ്ഞു.
പിന്നെ ഞാന്‍, പദ്മനാഭനുള്ള കത്തെഴുത്ത് പുനരാരംഭിച്ചു. മറുപടികളില്‍, താന്‍ കോട്ടയത്തു വരുന്ന തീയതി കാണിക്കുകയും താമസിക്കുക മനോരമക്കു മുന്നിലെ ‘ഹോം സ്റ്റഡി’ലാവുമെന്നും അദ്ദേഹം എഴുതി.
രണ്ടോ മൂന്നോ തവണ ഓഫീസ് വൈകുന്നേരങ്ങളില്നിന്നു ഞാന്‍, പദ്മനാഭനെ ഹോം സ്റ്റഡില്‍ പോയി കണ്ടുമിണ്ടിപ്പറഞ്ഞ് ഒപ്പമിരുന്നു. അതിനിടെ മനോരമയില്‍ നിന്ന് കെ ആര് മീരയുടെ ദിലീപ് വരികയും ബിരിയാണി ഉണ്ടാക്കി വച്ച് മീര കാത്തിരിക്കുകയാണ് എന്നു പറഞ്ഞ് കഥാകൃത്ത് പത്രക്കാരുടെ വീട്ടിലേക്കു പോവുകയും ചെയ്യുന്നത്, ‘എനിക്കു കുറച്ചു കൂടെ സമയം വേണമായിരുന്നു ഒപ്പമിരിക്കാന്‍’ എന്ന പരിഭവം ഉള്ളിലൊതുക്കിയും മീര-ദിലീപ്മാരുടെ ‘മനോരമ-ബിരിയാണി’യോടുള്ള തെല്ല് അനിഷ്ടത്തോടെ നോക്കിനില്‍ക്കുകയും ചെയ്തു ഞാന്‍. (ഞാന്‍ കാണാത്ത പത്രപ്രവര്‍ത്തക മീരയുടെ ഭര്‍ത്താവിനോട് അക്കാരണത്താല്‍ത്തന്നെ ഞാനൊരക്ഷരവും മിണ്ടിയില്ല. പക്ഷേ പിന്നീട് ഞങ്ങളെല്ലാം കൂട്ടുകാരായപ്പോള്, ‘എന്റെ പ്രിയേ, ഞാന്‍ കഞ്ഞീം പയറും വച്ചു കാത്തിരുന്നതിനെയാണ് പപ്പേട്ടന് ബിരിയാണിയാക്കിയത്’ എന്നു മീര നിര്‍ത്താതെ ചിരിച്ചു. കളിയാക്കാന്‍ തെരഞ്ഞെടുക്കുന്ന ആളുടെ പേരു പോലും തലതിരിച്ചും കാവ്യാത്മകമായി പലതും കൂട്ടിച്ചേര്‍ത്തും അവതരിപ്പിക്കുന്ന പദ്മനാഭരീതി ഞാന്‍ കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു).

ഒരിക്കല്‍ ബസേലിയസ് കോളേജിലെ പദ്മനാഭന്-പ്രോഗ്രാമിനായി ചെന്ന് ഞാനും കൂട്ടുകാരനും അദ്ദേഹത്തെ കാത്തുനില്ക്കുമ്പോള് പുറകിലൂടെ വന്ന് ‘കാര്യമായി പ്രണയിക്കുകയാണല്ലോ?’ എന്ന് തെളിഞ്ഞുചിരിച്ചു കുസൃതിയോടെ ചോദിച്ച് പദ്മനാഭന് ഏതോ മനോഹരകഥാമുഹൂര്ത്തമായി.
ഇടയ്ക്കെപ്പോഴൊക്കെയോ അന്ന് എം ജി യൂണിവേഴ്സിറ്റിയില്‍ത്തന്നെ ജോലിചെയ്തിരുന്ന, ഉഷച്ചേച്ചി എന്നു വിളിക്കുന്ന ഒ വി ഉഷ (ഒ വി വിജയനോടുള്ള ഇഷ്ടം കാരണം പദ്മനാഭന് ഉഷച്ചേച്ചിയും വളരെ പ്രിയപ്പെട്ടവളായിരുന്നു) എന്നോട് ‘കോട്ടയത്തെ ഒരു കഥാകാരി പദ്മനാഭന്റെ കഥകളിഷ്ടമല്ല’ എന്നു പറഞ്ഞ് അദ്ദേഹത്തെ വിഷമിപ്പിച്ച കാര്യം പറയുകയും ‘അതേതു വിവരദോഷി?’ എന്നമ്പരന്ന് ഞാന്‍ എല്ലാം മൂളിമൂളി കേള്‍ക്കുകയും ചെയ്തു.
ഏതാണ്ടൊരുവര്‍ഷം അക്കഥ നിത്യേനയെന്നോണം കേട്ടുപോന്ന എനിക്ക് ഒരു ദിവസം, കോട്ടയത്ത് വേറെ കഥാകാരികളൊന്നുമില്ലല്ലോ (അന്ന് കോട്ടയം മനോരമയിലെ കെ ആര് മീര, പത്രപ്രവര്‍ത്തക മാത്രമാണ്, കെ രേഖ എന്ന കഥയെഴുത്തുകാരി മനോരമയിലെത്തിയിട്ടുമില്ല), ‘ഇനി അതെങ്ങാന്‍ ഞാന്‍ തന്നെയാണോ’ എന്ന് സംശയമുദിച്ചു. സംശയനിവൃത്തിക്കായി പെട്ടെന്നു തന്നെ ഉഷച്ചേച്ചിയെ വിളിച്ച ഞാന്‍, ഉഷച്ചേച്ചിയില് നിന്നു പിന്നെയറിയുന്നത് ‘ഏതോ പദ്മനാഭന്കഥ ഇഷ്ടമായില്ല എന്നു നേരിട്ടദ്ദേഹത്തോട് പറയാന്‍ തക്ക ചങ്കൂറ്റം കാണിച്ച കഥാകാരി ഞാനല്ലാതെ മറ്റാരുമല്ല’ എന്ന ഇടിവെട്ടുപോലത്തെ വാര്‍ത്തയാണ്. കണ്ടുമുട്ടലുകളെയെല്ലാം ഓര്‍മ്മകൊണ്ട് തപ്പിയെടുക്കുകയും റീവൈന്‍ഡ് ചെയ്ത് നോക്കുകയും ചെയ്തപ്പോള്‍, ‘ഗൗരി ഇഷ്ടമായത്രയും ഏറ്റവുമടുത്തു പ്രസിദ്ധീകരിച്ചുവന്ന ഉച്ചാടനം ഇഷ്ടമായില്ല ‘എന്ന ഒരു വാചകം മാമ്മന്‍മാപ്പിള സമ്മേളനത്തിനിടയിലെ വര്‍ത്തമാനങ്ങള്‍ക്കിടെ പറഞ്ഞതായി എനിക്കോര്‍മ്മ വന്നു.
ഞാനെത്ര നിഷ്കളങ്കമായാണ് അതു പറഞ്ഞതെന്നും ഇത്ര നോവാനതിലെന്താണിരിക്കുന്നതെന്നു വിചാരിച്ചും ഞാനിരുന്നു. ഒരാളിത്രകാലമായി ചിരിച്ചുവര്‍ത്തമാനം പറയുകയും എന്നാലോ ഉള്ളാലെ നോവുകയും ചെയ്യുന്നു ഞാന്‍ കാരണം എന്ന കാര്യമോര്‍ത്ത് ഇരിക്കപ്പൊറുതിയില്ലാതെ ഞാന്‍ അന്നു രാത്രിതന്നെ പദ്മനാഭനെ വിളിച്ചു. കാര്യം പറഞ്ഞ് മുഴുമിക്കും മുമ്പ് തന്നെ ‘സര്, നിങ്ങള്‍ക്കൊക്കെ ഈ എന്റെ പൊട്ടക്കഥ ഇഷ്ടപ്പെടുമോ?’ എന്ന ഘോരസ്വരമുയരുകയും അതിനിടയിലൂടെ ഞാന്‍ കരയുകയും ചെയ്തു. (ദേഷ്യമോ കുസൃതിയോ വരുമ്പോഴാണ് പദ്മനാഭന് ആണ്പെണ്ഭേദം നോക്കാതെ, ചുറ്റുമുള്ളവരെ ‘സര്’ എന്നു വിളിക്കുക…)
‘ഇരുപത്തഞ്ചുവയസ്സുപോലും തികയാത്ത ഒരിളം പെണ്‍കുട്ടി, എനിക്ക് നിങ്ങളുടെ കഥ ഇഷ്ടമല്ല എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ബോധം കെട്ടു പുറകോട്ടു മറിഞ്ഞുവീണില്ല എന്നേയുള്ളൂ’ എന്ന വാചകം കേട്ട് ഞാന്‍ ഞെട്ടുകയും നിങ്ങളുടെ കഥകളിലെപ്പോലെ തന്നെ അത്രയ്ക്കും മഞ്ഞറോസാപ്പൂ മൃദുലതയാണോ പദ്മനാഭാ നിങ്ങള്‍ എന്നെനിക്ക് പാവം തോന്നുകയും ചെയ്തു.
മനപ്പൂര്‍വ്വമല്ലാതെ നോവിച്ചതിന് ക്ഷമ ചോദിച്ച് എഴുതിയ കത്തുകൂടിയും അവിടെ വരെ ചെന്നപ്പോള്‍ കഥാകൃത്തിന്റെ കടലിരമ്പം മാറി. അത്ര ഇഷ്ടമുള്ള ഒരാള്‍ പറഞ്ഞ ചെറിയ ഒരിഷ്ടക്കേടിനെ പര്വ്വതവലിപ്പത്തില് എടുക്കാതെ വയ്യായിരുന്നു പദ്മനാഭന് എന്നു കൃത്യമായി മനസ്സിലായതോടെ എന്റെ അങ്കലാപ്പ് മാറി. വീണ്ടും എന്റെ ശാന്തസമുദ്രമായി പദ്മനാഭന്. ഞങ്ങള്‍ കത്തെഴുത്തും വല്ലപ്പോഴുമുള്ള കോട്ടയം കാണലും തുടര്‍ന്നു.
പിണക്കം രണ്ട്
കണ്ണൂര്‍ റേഡിയോ നിലയത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു കഥാവേളയുണ്ടായിരുന്നു. അനാരോഗ്യസ്ഥിതി, യാത്രകളില്‍നിന്നു പിന്തിരിപ്പിക്കാന് നോക്കിയിട്ടും ഏതോ ഒരു മോഹത്തിന്റെ ബലത്തില്‍ ഞാനുമതില്‍ പങ്കെടുത്തു. രാത്രി-ട്രെയിനില്പ്പോയി പരിപാടി കഴിഞ്ഞയുടനെ ഏതൊക്കെയോ ശരീരവേദനകള്‍ സഹിതം ഞാന്‍ തിരികെ പോന്നു.
അടുത്തദിവസങ്ങളില്‍ത്തന്നെ ഉഷച്ചേച്ചി വഴി പത്മനാഭന്, വീണ്ടും പിണക്കത്തിന്റെ വക്കത്തുനില്‍ക്കുന്ന കാര്യം ഞാനറിഞ്ഞു. കണ്ണൂരുവരെ ചെന്ന ഞാന്‍ പള്ളിക്കുന്നിലെ വീട്ടില്‍ ചെന്നില്ല എന്ന പിണക്കപ്പിന്നിലെ കാരണമറിഞ്ഞ് പദ്മനാഭനെ ഇതിനകം പഠിച്ചു കഴിഞ്ഞ ഞാന്‍ സ്നേഹപൂര്‍വ്വം ഊറിയൂറിചിരിച്ചു, ഒരു പീക്കിരി എഴുത്തുകാരി തന്നെ കാണാന്‍ വന്നില്ല എന്നു പറഞ്ഞ് പിണങ്ങാനൊരുങ്ങുന്ന കടലോളം വലിയ ഈ എഴുത്തുകാരന് എന്തുമാത്രം കുട്ടിയാണ് എന്ന വായന സത്യത്തില്‍ സ്നേഹത്തിന്റെ അനന്ത സാദ്ധ്യതകളാണ് എനിക്കു കാണിച്ചുതന്നത്.
കാണാന്‍ വന്നില്ല എന്ന പേരില്‍ പിണങ്ങിയ ആള്‍ക്ക് എന്നോടുള്ള സ്നേഹക്കൂടുതലളക്കാന് നോക്കി ഞാന്‍ അത്ഭുതപ്പെട്ടു. ഒരു ക്ഷമ ചോദിക്കലില്‍, വയ്യായ്കക്കാര്യം ഏറ്റു പറച്ചിലില്‍, മുന്‍കൂട്ടി പറയാതെ എടുപിടിയെന്നു വന്നുകാണാനുള്ളത്ര സ്വാതന്ത്യമെടുക്കാനുള്ള സ്വാതന്ത്യം എനിക്കുണ്ടോ എന്ന സംശയത്താല്‍ അങ്ങനൊരു സന്ദര്‍ശനം സങ്കല്പിച്ചുകൂടിയില്ല എന്ന ഏറ്റു പറച്ചിലില്‍ ആ പിണക്കവുമലിഞ്ഞു.
അടുത്ത കോട്ടയം വരലില്‍, മുണ്ടുമടക്കിക്കുത്തിനടക്കുന്ന ആജാനുബാഹുവിന്റെ തീരെ മെലിഞ്ഞ കാലുകളില്‍ എന്റെ അലിവുള്ള നോട്ടം പതിയുന്നതു വായിച്ചെടുത്ത്, ‘വയ്യ’ എന്നു പറഞ്ഞു. അടുക്കും ചിട്ടയും നിറഞ്ഞ ചെറിയ സൂട്ട്കെയ്സില്‍ നിന്ന് വടിപോലെ തേച്ചുമടക്കി വച്ച ഖദര്‍ സില്ക്കു ഷര്‍ട്ടെടുത്ത് അതീവശ്രദ്ധയോടെ ധരിക്കുന്നതിനു മുമ്പ്, യാഡ്ലി പൗഡര്‍ എടുത്ത് മുഖത്തിട്ട് അഭിമാനത്തോടെ അത് വിദേശത്തു നിന്നു കൊടുത്തയക്കുന്ന അനന്തരവനെക്കുറിച്ചും പറഞ്ഞു. ‘വീട്ടില്‍ ചെന്നാല്‍ ആരോടു മിണ്ടാനാണ് …? അതുകൊണ്ടാണ് പുറത്തൊക്കെ ഞാനിങ്ങനെ ബഹളം വച്ചു നടക്കുന്നത്,’ എന്ന് അലിവുമാത്രം നിറഞ്ഞ ഏതോ പദ്മനാഭന് കഥയിലെ പോലെ അര്‍ദ്ധോക്തിയില്‍ പറഞ്ഞ് പദ്മനാഭന് നിര്‍ത്തുമ്പോള്‍ എനിക്കു സ്വയം തോന്നി ഞാനൊരു ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’യാണെന്ന്…

‘പപ്പേട്ട’നെന്നു വിളിക്കാതെ, സംബോധനയേതുമില്ലാതെ ഞാന്‍ വീണ്ടും പദ്മനാഭനെ സ്നേഹിച്ചുകൊണ്ടേയിരുന്നു. ഒ വി വിജയന് അങ്കണം അവാര്‍ഡ് കൊടുക്കാനായി ഉഷച്ചേച്ചിയുടെ വീട്ടുമുറ്റത്തൊരുക്കിയ മുഖ്യാതിഥിയായി കയറിവരുമ്പോഴും ഞാനവിടെ കാത്തുനിന്നു.
പിണക്കം മൂന്ന്
ഡി സി ബുക്സ് ഞങ്ങള്‍ കുറച്ചുപേരുടെ കഥകള്‍ പത്മനാഭനെ കൊണ്ട് പ്രകാശനം ചെയ്യിക്കുന്ന ഒരു കോട്ടയം ദിനം.
ബി മുരളി, സുഭാഷ് ചന്ദ്രന്, കെ രേഖ, ഞാന്‍ എന്നീ കഥാകൃത്തുക്കളാണ് വേദിയില്‍. ‘തനിക്ക് കുട്ടികളുണ്ടായിരുന്നെങ്കില്‍ എന്നു സങ്കല്പിക്കുമ്പോഴൊക്കെയും മകള്‍ എന്ന നിനവിനോടാണ് ഇഷ്ടം തോന്നിയിട്ടുള്ളത് ‘എന്നു പറഞ്ഞിട്ടുള്ള പദ്മനാഭന്റെ പെണ്മക്കളായി രേഖയും ഞാനും വേദിയിലുള്ളത് പദ്മനാഭനെ കൂടുതല്‍ സന്തോഷിപ്പിക്കുന്നുവെന്നു ഞാന്‍ വെറുതെ സങ്കല്പ്പിച്ചു.
രേഖ, വേദിയില്‍ പദ്മനാഭന്റെ ‘കാലവര്‍ഷം’ എന്ന കഥയിലെ പെണ്‍കുട്ടി താനാണെന്ന് പ്രസംഗത്തിനിടെ പറയുകയും പദ്മനാഭന് മറുപടിപ്രസംഗത്തില്‍ അതങ്ങനെയാണെന്നോ അങ്ങനെയല്ലെന്നോ പറയാതിരിക്കുകയും പതിവിന്‍പടി ഏതൊക്കെയോ ബോംബ് പൊട്ടിച്ചും ചിരിച്ചും പ്രസംഗിക്കുകയും ചെയ്തു.
‘കാലവര്‍ഷം’ കഥ പ്രസിദ്ധീകരിച്ചുവന്ന ദിവസം അതു വായിക്കെ, നെഞ്ചിടിപ്പുനിന്നുപോയ ഒരു ‘എന്നെ’ ഞാനപ്പോഴോര്‍ത്തു. റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്നിട്ടില്ല എങ്കിലും കാലവര്‍ഷക്കാലത്ത് ഒരേ കുടക്കീഴില് നടന്നിട്ടില്ല എങ്കിലും കഥയിലെ പെണ്‍കുട്ടിയുടെ ഏതോ ചില വാക്കുകള്‍ക്ക് ഞാനെഴുതിയ കത്തുകളിലെ ഏതോ ചില ഭാഗങ്ങളുടെ വിദൂരഛായയില്ലേ എന്നു സംശയവുമായിരിക്കുമ്പോഴാണ് രേഖ, താനാണാ കഥാപാത്രമെന്ന് ആ കഥ വന്ന സമയത്തുതന്നെ എവിടെയോ എഴുതുകയും എന്റെ സംശയത്തെ ഞാനെടുത്തു ദൂരേക്കുകളയുകയും ചെയ്തത്. അതൊക്കെ അവിടെയിരുന്ന് ഒരിക്കല്‍ക്കൂടി ഞാനോര്‍ത്തുപോയി.
എന്റെ കുഞ്ഞമ്മയുടെ മകളും ബസേലിയസിലെ ലൈബ്രേറിയനുമായ സീനയും അന്നവിടെ വന്നിരുന്നു. അവളുടെ പരേതനായ അച്ഛന് വി. രമേഷ് ചന്ദ്രന് എന്ന റിട്ടയേഡ് പ്രൊഫസറും കൂടി തലപ്പത്തുനിന്നു നടത്തിയിരുന്ന സാഹിത്യ സഹകരണ സംഘത്തിലെ ചില ക്രമക്കേടുകളെക്കുറിച്ചു പറഞ്ഞ് പദ്മനാഭന് ഒരു കണ്ണൂര്പ്രസംഗം നടത്തിയതായി റിപ്പോര്‍ട്ടുവന്ന കാലമായിരുന്നു അത്. കൊച്ചച്ഛനാവട്ടെ അവസാനകാലത്തു ജീവിച്ചതു പോലും എസ് പി സി എസിനു വേണ്ടിയായിരുന്നു. ഏറ്റവുമവസാനം തങ്ങള്‍ എസ് പി സി എസുകാര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ എന്ന അഭിമാനത്തോടെ കുഞ്ഞമ്മയെ സഞ്ചിയില്‍ നിന്നു കുറച്ചു പുസ്തകങ്ങള്‍ എടുത്തു കാണിച്ചശേഷം പുസ്തകപ്പുരയില്ത്തന്നെ കിടന്നുറങ്ങി, തലച്ചോറില്‍ ക്ളോട്ടു വന്ന് പിറ്റേന്നെണീക്കാതായ കൊച്ചച്ഛന്റെ പോക്ക് ഞങ്ങളെയെല്ലാവരെയും വല്ലാതെ ഉലച്ചിരുന്നു. ആ പത്രറിപ്പോര്‍ട്ടിനെ എതിര്‍ത്ത്, ‘വായനക്കാര്‍ എഴുതുന്നു’ എന്ന കോളത്തില്‍ പദ്മനാഭനെ സംബോധന ചെയ്ത് സീന വൈകാരികമായി ആയിടെ പ്രതികരിച്ചിരുന്നു.
സ്റ്റേജില്‍ നിന്നിറങ്ങി വന്ന പദ്മനാഭന്, ഇതൊന്നുമോര്‍ക്കാതെ ഞാന്‍ അവളെ പരിചയപ്പെടുത്തിക്കൊടുക്കുകയും ‘ഓ, നിങ്ങളാണല്ലേ സര് ആ കത്തെഴുതിയത്?’ എന്ന് പദ്മനാഭന് ക്ഷോഭിക്കുകയും അവളതേ ക്ഷോഭത്തില്‍ സംസാരിക്കുകയും ചെയ്തതോടെ പദ്മനാഭന്റെ ക്ഷോഭം എന്നോടായി. ‘ഒരു പെണ്ണായതു കൊണ്ടാണ്, ഇല്ലെങ്കില്‍ ഞാന്‍ അടിച്ചേനെ നിന്നെ’ എന്ന് ശരീരമാസകലം വിറച്ചുനിന്ന് പദ്മനാഭന് എന്നോട് പറഞ്ഞതോടെ അന്നത്തെ പിണക്കം പൂര്‍ത്തിയായി.
ഞാന്‍ ചെയ്യാത്ത കാര്യത്തിന് എന്നെ ലക്ഷ്യമാക്കിവന്ന ആ പിണക്കം എനിക്കു നന്നായി വേദനിച്ചു. ആ പിണക്കമലിയാതെ കിടക്കുന്നതായി തോന്നിയപ്പോള്‍, ഞാന്‍ ക്രമേണ പിന്നോക്കം വലിഞ്ഞു. (പദ്മനാഭന് പറഞ്ഞ കാര്യങ്ങളുടെ മുഴുവന്‍ രൂപവുമില്ലാതിരുന്നതു കൊണ്ടാണ് ആ കണ്ണൂര്പ്രസംഗം അസ്ഥാനത്തായി തോന്നിയത് എന്നായിരുന്നു പദ്മനാഭന്റെ പക്ഷം എന്ന് പിന്നെ മനസ്സിലായി).
വീണ്ടുമെന്നോ ഞങ്ങള്‍ പിന്നെയും മിണ്ടി കൂട്ടായി.