നിരന്തരമായ പിണക്കങ്ങളിലൂടെയാണ് ടി പദ്മനാഭനെന്നെ സ്നേഹിച്ചത് എങ്കിൽ കണക്കറ്റ് സ്നേഹം കാംക്ഷിക്കുന്നയിടങ്ങളിൽ നിന്നു വരുന്ന ഒരു ചെറിയ അലംഭാവത്തിൽ പോലും കണക്കറ്റ് മുറിയുന്നയിടത്തു വച്ചാണ് പദ്മനാഭൻ പിണക്ക പ്രിയനാവുന്നത് എന്നു വായിച്ചെടുത്ത് ആ പിണക്കങ്ങളിൽ മുറിയാതിരിക്കാൻ സ്വയം പഠിച്ചാണ് ഞാൻ പദ്മനാഭനെ സ്നേഹിച്ചതും സ്നേഹിക്കുന്നതും. ഇത്രമാത്രം ശുദ്ധനായിരുന്നില്ല എങ്കിൽ ഇത്ര മാത്രം ദുഷ്ട ഇഫക്റ്റ് നിങ്ങളുടെ പിണക്കങ്ങളിലുണ്ടാകുമായിരുന്നില്ല എന്നോർത്ത് ചിരിക്കാനേ, എന്നോട് ഓരോ തവണ പിണങ്ങുമ്പോഴും എനിക്ക് പദ്മനാഭനെക്കുറിച്ച് വിചാരിക്കാനാവുന്നുള്ളൂ. മൂന്നാം പിണക്കത്തിൽ ഞങ്ങളുടെ പിണക്കക്കഥ നിൽക്കുന്നില്ല. അതിങ്ങനെ തുടരുന്നു മൂന്നിൽ നിന്ന് നാലിലേക്കും പിന്നെ അഞ്ചിലേക്കും… അഞ്ച്, പിണക്കം നിർത്താൻ ഒരു ഉത്തമ സംഖ്യ ആണോ ആവോ?
പിണക്കം നാല്
ഇന്ത്യാ ടുഡേ തിരുവനന്തപുരത്തുവച്ച് നടത്തിയ സാഹിത്യചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഞാനുമുണ്ടായിരുന്നു. ഇടക്കെപ്പോഴോ വച്ച് ഡോ.വി രാജകൃഷ്ണന്, ‘ഗൗരി ‘ അസ്സലൊരു പൈങ്കിളി മാത്രമാണെന്നു പറഞ്ഞു. അതായിരുന്നു പിന്നത്തെ പദ്മനാഭപ്പിണക്കത്തിനു കാരണം. ‘സര്, നിങ്ങളൊക്കെ അത് കേട്ട് മിണ്ടാതിരുന്നില്ലേ ?’എന്നു പറഞ്ഞായിരുന്നു ഇന്ത്യാ ടുഡേ വായിച്ച പദ്മനാഭക്കടല്, കലിപൂണ്ടത്.
ആളുകള്‍ക്ക് അവരവരുടെ അഭിപ്രായങ്ങളില്ലേ, ഞാനൊരുത്തി മൈക്കു വാങ്ങി ഗൗരി പൈങ്കിളിയല്ല എന്ന് എത്ര ശക്തിയുക്തം വാദിച്ചാലും രാജകൃഷ്ണന്സാറിന്റെ വിശ്വാസത്തിന് കോട്ടമുണ്ടാവില്ല എന്നിരിക്കെ ഞാനെന്തിന് വൃഥാ സമയം കളയണം, അല്ലെങ്കില്‍ത്തന്നെ എല്ലാവരും നല്ലതെന്നു പറയണം ഗൗരി എന്നെന്തിനാണ് ശാഠ്യം എന്ന ചോദ്യങ്ങളെയെല്ലാം പദ്മനാഭ-അലകള്‍ വന്ന് മുക്കിക്കളഞ്ഞു.
വീണ്ടും ഞങ്ങള്‍ മിണ്ടാതായി.
എനിയ്ക്ക് മകനുണ്ടായ ആ കാലത്ത് കെ ആര് മീര പറഞ്ഞു, ‘പ്രിയയും കുട്ടിയും എങ്ങനെയിരിക്കുന്നുവെന്ന് ചോദിക്കാറുണ്ട് പദ്മനാഭന്’ എന്ന്… വീണ്ടുമൊന്നു മിണ്ടിച്ചെല്ലാനാലോചിക്കുമ്പോഴേക്ക് ഞാന്‍ ജീവിതക്കുരുക്കുകളില്പ്പെട്ടിരുന്നു.
‘ചിത്രശലഭങ്ങളുടെ വീട്’ എന്ന എന്റെ പുസ്തകത്തിന് ഭീമാബാലസാഹിത്യ അവാര്‍ഡ് ലഭിക്കുന്നത് കണ്ണൂരു വച്ചാണെന്നറിഞ്ഞപ്പോള്, ജീവിതം വല്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന നേരമായിരുന്നു. എന്നിട്ടും, രണ്ടുവയസ്സുകാരനെയും കൂട്ടി പിണക്കമലിയിച്ച് പള്ളിക്കുന്നത്തെ വീട്ടില്‍ പോകാനൊരുങ്ങി ഞാന്‍. ഏറെനാള്‍കൂടി ഫോണ്‍വിളിച്ചു പദ്മനാഭനെ. ‘ഞാന്‍ സാഹിത്യപരിഷത്തിന്റ സമ്മേളനത്തിന് എറണാകുളത്താണ്, ബി ടി എച്ചിലാണ് താമസം’ എന്ന് കനത്തില്‍ പറഞ്ഞ് എന്റെ പിണക്കമലിയിക്കല് ശ്രമത്തെ പദ്മനാഭന് തള്ളിക്കളഞ്ഞു.
പിണക്കം അഞ്ച്
ഒരു ദിവസം സ്ക്കൂളില്‍പ്പോകാന്‍ തയ്യാറായിനിന്ന് പത്രം മറിച്ചുനോക്കിയ മകന് ശ്വാസം നിലച്ചതുപോലെ ഓടി അടുക്കളയിലേക്ക് വന്ന് പറഞ്ഞു, ‘അമ്മയ്ക്ക് ഭയങ്കര ഷോക്കായിപ്പോകുന്ന ഒരു വാര്‍ത്തയുണ്ട് പത്രത്തില്‍.’ അവനെന്നെ ഫോട്ടോ കാണിച്ചുതുടര്ന്നു. ‘പദ്മനാഭനപ്പൂപ്പന് പ്രസംഗത്തിനിടെ കുഴഞ്ഞുവീണു…’ വിഷമം പുറത്തു കാണിക്കാതെ നിന്ന് ലഞ്ച് ബോക്സ് റെഡിയാക്കുന്ന എന്നോട്, അവന് ചോദിച്ചുകൊണ്ടിരുന്നു. ‘അമ്മയ്ക്ക് ശരിക്കും ഷോക്കായിപ്പോയി അല്ലേ അമ്മേ?’
മാടത്തയെ തരട്ടെ എന്നു ചോദിക്കുന്ന കുട്ടിയുടെ കഥയും മഞ്ഞറോസാപ്പൂവിന്റെ കഥയും മകന് രണ്ടുവയസ്സുുള്ളപ്പോള് വായിച്ചു കേള്‍പ്പിക്കാന്‍ ശ്രമിക്കുകയും അതിലെ സങ്കടഭാവം പിടിച്ചെടുത്താവും എന്റെ നെഞ്ചിലേക്കു മുഖം പൂഴ്ത്തി ‘പദ്മനാഭനപ്പൂപ്പന്റെ കഥ വേണ്ടാ’ എന്നു കൂട്ടി ഉച്ചത്തിലുച്ചത്തില്‍ കരയുകയും ‘ഇതെങ്ങാനും കേട്ടാല്‍ മതി, അവള് കുട്ടിയെയും കൂടി എനിക്കെതിരെ ആക്കി വച്ചിരിക്കുകയാണെന്നു പറയും കഥാകൃത്ത് ‘എന്നു ഞാന്‍ ചിരിക്കുകയും ചെയ്തിരുന്നു.
ഇത്തിരി കൂടി വലുതായി സ്വയം കഥ വായിക്കാറായിട്ടും, പദ്മനാഭന്കഥകളെ സ്വീകരിക്കാന്‍ അവന് വിസമ്മതിച്ചുപോന്നു. അപ്പോള്‍ പദ്മനാഭന്റെ ‘ഗോട്ടി’ വായിച്ചു കൊടുത്ത് അവന്റെ അപ്പൂപ്പന് അവനെ പദ്മനാഭനിലേക്ക് വലം കാല് വച്ചു കയറ്റിവിട്ടു.
ചീത്തക്കാലങ്ങളില്ക്കൂടി കടന്നുപോയിക്കൊണ്ടിരുന്നപ്പോള്‍ ദുസ്വപ്നം കാണാതിരിക്കാനായി അമ്മൂമ്മ , ലളിതാസഹസ്രനാമം കിടക്കയ്ക്കടിയില്‍ വച്ചു കൊടുത്ത അവന്റെ ഏഴുവയസ്സുകാലത്ത്, മറ്റെന്തോ കൂടി കിടക്കയ്ക്കടിയില്‍ അവന് രഹസ്യമായി നിക്ഷേപിക്കുന്നത് ഞങ്ങള്‍, അമ്മ ഡിറ്റക്റ്റീവും അമ്മൂമ്മ ഡിറ്റക്റ്റീവും കൂടി കൈയോടെ പിടിച്ചു.
നോക്കുമ്പോള്‍ ഒരു പദ്മനാഭന് കഥാസമാഹാരം- പൂച്ചക്കുട്ടികളുടെ വീട്. ‘ഇത് വളരെ നല്ല കഥകളാണ്, ഇത് കിടക്കയ്ക്കടിയില്‍ വച്ചാല്‍ പേടിസ്വപ്നം കാണില്ല’ എന്നു പറഞ്ഞുനിന്ന കുട്ടിയോടോ കഥാകൃത്തിനോടോ അന്ന് സ്നേഹം വന്നതെന്നെനിക്കറിഞ്ഞുകൂടാ. ഇങ്ങനൊരു കുട്ടി ഇവിടെ വളര്‍ന്നുവരുന്നു എന്നറിയിക്കണം ഇപ്പോള്‍ത്തന്നെ എന്നു തോന്നുകയും ക്ലോക്ക് നോക്കുകയും ചെയ്തപ്പോള്‍ മണി ഒമ്പതായിരുന്നു. ഏഴുമണിക്കുറങ്ങുന്ന പദ്മനാഭന് എന്നപ്പോഴോര്മ്മ വന്നു.
അലക്കൊഴിയാത്തതിനാല് പിന്നെ വിളി നടന്നുമില്ല.
ഞാന്‍ ജോലി ചെയ്യുന്ന കൊച്ചിന് യൂണിവേഴ്സിറ്റിയുടെ തുടക്കക്കാലത്ത് മറൈന്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ലൈബ്രേറിയനായി ജോലി ചെയ്തിരുന്ന ഭാര്‍ഗ്ഗവിയമ്മ എന്ന സ്ത്രീ മരിച്ചുപോയി എന്ന വാര്‍ത്ത പിന്നൊരു ദിവസം അറിഞ്ഞു, അത് പദ്മനാഭന്റെ ഭാര്യയായിരുന്നു.
ഒരനുശോചന ബാനറുപോലും വയ്ക്കാതെ, ആ മരണത്തെ ഒന്നു പരാമര്‍ശിക്കുക പോലും ചെയ്യാതെ കുസാറ്റ് നിലകൊണ്ടപ്പോള്‍, ആ അമ്മയോട് ഒരിക്കല്‍ ഫോണില്‍ സംസാരിച്ചത് ഓര്‍ത്തു ഞാനിരുന്നു. പദ്മനാഭനെ വിളിച്ചതായിരുന്നു ഞാന്‍. ഫോണെടുത്ത സ്ത്രീശബ്ദം പറഞ്ഞു, ‘പുറത്ത് പോയിരിക്കുകയാണ്.’
‘കഥയെഴുതുന്ന പ്രിയയാണ്, വെറുതെ വിളിച്ചതാണ്’ എന്നു സംസാരിച്ചു തുടങ്ങി എങ്ങനെയോ ‘സുനന്ദയുടെ അച്ഛന് ‘ എന്ന കഥയിലെത്തി. ‘അതാരെക്കുറിച്ചാണ്?’ എന്ന അവരുടെ ചോദ്യത്തെ പകപ്പോടെ നേരിട്ട്,’അറിയില്ല’ എന്നു ഞാന്‍ പറഞ്ഞു. ‘ഒരാത്മകഥ എഴുതണം എന്ന് പലപ്പോഴായി വിചാരിക്കുന്നു’ എന്ന് പദ്മനാഭന്റെ പെരുമാറ്റങ്ങളോടുള്ള ഏതോ ചില അപ്രിയങ്ങളുമായി ചേര്ത്താണവര് അന്നു സംസാരിച്ചത്.
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കുസാറ്റിന്റെ ക്യാഷ് സെക്ഷനില്‍ നിന്ന് സെക്ഷനോഫീസര് നാസര്‍ വിളിച്ച്, ‘പ്രിയയ്ക്ക് ടി പദ്മനാഭനെ പരിചയമുണ്ടോ? അദ്ദേഹത്തിന്റെ ഭാര്യയുടെ പെന്‍ഷനുമായി ബന്ധപ്പെട്ട് ചില രേഖകള്‍ കൂടി കിട്ടാനുണ്ട്, അതൊന്നു ശരിയാക്കി അയക്കാന്‍ പറയാമോ’ എന്നു ചോദിച്ചു.
ഞാന്‍ വിളിച്ചാല്‍ എനിക്ക് വഴക്കുകിട്ടും എന്നുറപ്പുള്ളതിനാല്‍ കെ ആര് മീരയുടെ ദിലീപ് വഴി ഞാന്‍, കാര്യം പദ്മനാഭന്റെ മുന്നിലവതരിപ്പിച്ചു. (അവള്‍ക്കെന്താ എന്നെ നേരിട്ടു വിളിച്ചാല്‍ എന്നു പദ്മനാഭന് ചൂടായത് പറഞ്ഞ് ദിലീപ് ചിരിച്ചു. പ്രിയയ്ക്ക് എന്തോ ചില വയ്യായ്ക, പുറകേ വിളിക്കും എന്നു ദിലീപ് ആ ചൂടിനെ മയപ്പെടുത്തി) ശേഷം ഞാന്‍ പദ്മനാഭനുമായുള്ള ഫോണ്‍വിളികളായി. രേഖകളെല്ലാം അയച്ചു എന്നു പദ്മനാഭന് പറഞ്ഞത് ശരിയായിരുന്നു. അത് ഫിനാന്‍സിലെ മെയിന്‍ വിങ്ങില്‍ തങ്ങിപ്പോയിരുന്നു, നാസറിന്റെ കൈയിലേക്കെത്തിയിരുന്നില്ല. അതൊരു വിധം പരിഹരിച്ചെടുത്തപ്പോഴറിയുന്നു, ആദ്യ പെന്ഷന് വാങ്ങാന്‍ ജീവിതപങ്കാളി നേരിട്ടു ഹാജരാകണം. അന്നത്തെ വി സി, ഡോ.ജെ ലത നന്നായി മലയാളസാഹിത്യം വായിക്കുന്നയാളാകയാല് കാര്യം പറഞ്ഞ് പ്രശ്നം ലളിതമായി പരിഹരിക്കാം എന്ന് തോന്നി.
അതിനിടെ മാതൃഭൂമി പുസ്തകോത്സവുമായി ബന്ധപ്പെട്ട് പദ്മനാഭന് എറണാകുളത്തെത്തുന്നു. സ്റ്റേജില്‍ ഞാനുമുണ്ടാവും എന്ന കാര്യത്തോടു ചേര്‍ത്തുവച്ച് പദ്മനാഭനിതു വരെ കാണാത്ത, പദ്മനാഭനെ കാണിക്കണം എന്നെനിക്കു മോഹമുള്ള എന്റെ മകനെയും കൂട്ടി ഒരു വൈകുന്നേരം ഓഫീസില്‍നിന്ന് ഞാനോടിപ്പിടച്ച് അദ്ദേഹം താമസിക്കുന്ന ബി ടി എച്ചിലേക്ക്.
നടക്കാന്‍ വിഷമമുള്ള പദ്മനാഭനെ പിടിച്ചുനടത്താന്‍ ഒരു സഹായി എത്തിയിരുന്നു കണ്ണൂരില്‍ നിന്ന്. അങ്കപ്പുറപ്പാടില്‍ നിന്നു കൊണ്ട് പദ്മനാഭന് ചോദിച്ചു, ‘തളര്‍ന്നു കിടപ്പാണ് ഞാനെങ്കില്‍ നിങ്ങളുടെ യൂണിവേഴ്സിറ്റി എന്നെ ആംബുലന്‍സില്‍ കൊണ്ടുചെന്നിറക്കി സ്ട്രെച്ചറില്‍, ഫാമിലി പെന്ഷന് ഒപ്പിടാനായി ആനയിച്ചു കൊണ്ടുപോകുമോ?’ അതിലെ ലോജിക്ക് ഉള്‍ക്കൊണ്ടും ആ രംഗം മനസില്‍ കണ്ടും എനിക്കു ചിരിയൂറി.
നന്നായി വായിക്കുന്ന വി സി യെ ഇതിലിടപെടുത്തി പ്രശ്നം പരിഹരിക്കാം എന്ന് ഞാന്‍ ഉറപ്പാവുന്നതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ‘എന്തു വി സി? എന്തു മലയാളം വായന?’ എന്ന് പദ്മനാഭന് ഒച്ചകൂട്ടുന്നതിനൊപ്പം എന്റെ മകന്റെ ഷൂസില്‍ നിന്ന് അമ്മയെ വഴക്കുപറയുന്ന ആളോടുള്ള പ്രതിഷേധം, നിര്ത്താത്താളമായി നിലത്തേക്ക് പ്രവഹിക്കുന്നത് പദ്മനാഭന് ശ്രദ്ധിക്കുന്നുണ്ടാവുമോ എന്നു മാത്രം ശ്രദ്ധിച്ച് ഞാനിരുന്നു. ‘പേടിക്കണ്ട’ എന്നു പറഞ്ഞ് എപ്പോഴോ അവന്റെ തലയിലൊന്ന് കൈ വയ്ക്കുന്നതു കണ്ടു.
എപ്പോഴാണ് മകന്റെ കലി ശരിക്കും പുറത്തുചാടുക, എപ്പോഴാണതു കേട്ട് കഥാകൃത്തിന്റെ കലി ഒന്നുകൂടി ആളുക എന്നൊരു പിടിയും കിട്ടാതെ ഞാനിരിക്കുമ്പോള്‍ മാതൃഭൂമി പുസ്തകോത്സവ പരിപാടിയുമായി ബന്ധപ്പെട്ട് മാതൃഭൂമി ബുക്സിലെ നൗഷാദും ഉണ്ണി ആറും മുറിയിലേക്കെത്തിയതോടെ രംഗമൊന്നു തണുക്കുമെന്ന് ഞാന്‍ സമാധാനിച്ചത് വെറുതെയായി. ‘ഇവള് പെണ്ണായതുകൊണ്ടാണ്, ഇല്ലെങ്കില്‍ ഇവളെ ഞാനടിച്ചേനെ ‘എന്ന പതിവുവാചകം പൊട്ടിപ്പുറപ്പെട്ടതിനെ ഉണ്ണി ആര്, ‘അതിന് പ്രിയയല്ലല്ലോ കുസാറ്റ്?’ എന്നു വഴി തിരിച്ചുവിടാന്‍ നോക്കി. പക്ഷേ അതൊന്നും പദ്മനാഭക്കലിക്കടലിനെ ബാധിച്ചതേയില്ല.
ഞാന്‍ എന്റെ ‘മകനദ്ദേഹ’ത്തെ ഒന്നു പാളിനോക്കി, അദ്ദേഹത്തിന്റെ കലി എവിടെ വരെ എത്തി എന്നറിയാനായി. കുഞ്ഞുഷൂസിന്റെ താളം മൂത്തുവരികയാണ്.
അതിനിടെ എപ്പോഴോ സംവിധായകന് രഞ്ജിത്തിന്റെ അമ്മ പദ്മാവതിക്കെങ്ങനെയുണ്ടെന്ന ഉണ്ണി ആറിനോടുള്ള പദ്മനാഭചോദ്യം വരികയും ‘പെന്‍ഷനും കുസാറ്റും’ എന്ന വിഷയം തത്ക്കാലം അവസാനിക്കുകയും നേരിട്ടുകാണാത്ത രഞ്ജിത്തിനോടും അമ്മയോടും എന്റെ രക്ഷകരെന്ന നിലയില്‍ എനിക്ക് കണക്കറ്റു സ്നേഹം വരികയും ചെയ്തു.
ഞങ്ങള്‍ പിന്നെ സ്റ്റേജിലെത്തി. പ്രോഗ്രാം കഴിയവേ, പദ്മനാഭനെ കണ്ടു യാത്ര പറയാന്‍ എന്തോ തോന്നിയില്ല. വയ്യായ്കകളുടെ തുടക്കക്കാലമായിരുന്നതുകൊണ്ടാവും വല്ലാതെ ക്ഷീണിതയുമായിരുന്നു ഞാന്‍.
വീട്ടിലെത്തിയപ്പോള്‍ മകന് ചോദിച്ചു, ‘ബാത്റൂമിലേക്കു പോകാന്‍ പരസഹായം വേണ്ടുന്ന ആള്‍ക്ക് അമ്മയെത്തല്ലാനെണീറ്റു വരാനും ആരുടെയെങ്കിലും കൈപിടിച്ചുതന്നെ എണീറ്റുവരേണ്ടി വരും അല്ലേ?’ ഞാന്‍ ചിരിച്ചു, അവനും…
അവന് ആദ്യമായി വായിച്ച ഒരു മാതൃഭൂമിവാരികക്കഥ ഉണ്ണി ആറിന്റെ ‘ഒറ്റപ്പെട്ടവന്‍’ ആയിരുന്നു. ‘എനിക്ക് പുഴയുടെ മേലേ കൂടി നടക്കാനേ അറിയൂ, വെള്ളം കോരി കുളിക്കാനറിയില്ല ‘എന്നു പറഞ്ഞ് പുഴയുടെ തീരത്ത് കുന്തിച്ചിരിക്കുന്ന അതിലെ യേശുവിനെ അവന് നല്ല ഇഷ്ടമായിരുന്നു. അതുമായെല്ലാം ചേര്‍ത്തുവച്ച് അവന് അവന്റെ ഡയറിയില്‍, പെന്സിലക്ഷരങ്ങളില് കുട്ടിയക്ഷരങ്ങളിലെഴുതി- ‘ടി പദ്മനാഭന് ഒറ്റപ്പെട്ടവനെപ്പോലെയും ഉണ്ണി ആര് പൂച്ചക്കുട്ടിയെപ്പോലെയും കാണപ്പെട്ടു’. അതു കണ്ട് ഞങ്ങളെല്ലാം ചിരിയോടു ചിരിയായി.
അതില്‍ പിന്നെ ഞാന്‍ പദ്മനാഭനെ കണ്ടിട്ടില്ല. എഴുത്തോ ഫോണ്‍വിളിയോ ഇടയിലുണ്ടായിട്ടുമില്ല.
ഇന്ത്യാ ടുഡേയിലുണ്ടായിരുന്ന സുന്ദര്‍ദാസ് ഇടക്കെപ്പോഴോ ചോദിച്ചു, ‘പ്രിയയല്ലേ കാലവര്‍ഷത്തിലെ പെണ്‍കുട്ടി? പപ്പേട്ടനോട് സംസാരിക്കുമ്പോള്‍ ചോദിക്കണമെന്നു പലതവണ വിചാരിച്ചതാണ്, പക്ഷേ എപ്പോഴും മറന്നുപോകും.’

‘അല്ല, അത് രേഖയാണ്, രേഖ അങ്ങനെ പറഞ്ഞിട്ടുണ്ട് പദ്മനാഭനിരിക്കുന്ന വേദിയില്‍ വച്ച്’ എന്നു ഞാനും ‘ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുമ്പോള്‍ അത് പലരെ ചേര്ത്തുവച്ചായിക്കൂടെ? അക്കഥയില്‍ ഉറപ്പായും പ്രിയയുണ്ട്’ എന്നു സുന്ദര്‍ദാസ് ആവര്‍ത്തിക്കുകയും ചെയ്തു.
ഇപ്പോഴും പദ്മനാഭനുണ്ട് ഞങ്ങളുടെ വീട്ടില്‍…
ഏതെങ്കിലും സാഹിത്യപരിപാടിക്ക് ‘അമ്മയുടെ കൂടെ വരുന്നുണ്ടോ?’ എന്നു ചോദിച്ചാല്‍ ‘അങ്ങേരുണ്ടാകുമോ ?’എനിക്കു പേടിയാണ് ‘എന്നൊരൂറിച്ചിരിയോടെ പറയും മകന്.
അടുത്തയിടെ ഒരു റേഡിയോ പ്രഭാഷണത്തില്‍ ‘കടലി’ലെ ആദ്യവരികള്‍, ‘കടലി’ലേതെന്നു പറയാതെ എടുത്തുപറയുന്നതു കേട്ട് ‘ഇത് കടല്‍, പദ്മനാഭന്റെ’ എന്നു ഞാന്‍ ആത്മഗതമാവുമ്പോള് ‘ഓ,കലിപ്പന്! അല്ലേ?’എന്നവന്റെ ന്യൂജനറേഷന്ഭാഷ കേട്ട് എനിക്ക് ചിരി. ഏതോ സമ്മേളനയിടത്തില് വച്ച്, കസേരയിലിരിക്കുന്ന എം ടിക്ക് നേരെ നടന്നുവന്ന് കാലം കുറെയായി തുടരുന്ന ‘എംടി-വിദ്വേഷം’ മാറ്റിവച്ച് ഘനഗംഭീരനായി നിന്ന് കൈ കൊടുക്കുന്ന പദ്മനാഭന്റെ ഫോട്ടോ പത്രത്തില്‍ കണ്ട്, എം ടി അപ്പോള്‍ ഒന്നെണീക്കാതിരുന്നത് മോശമായിപ്പോയി എന്നു പദ്മനാഭദാസനാവാനും അവന് പക്ഷേ മടിയില്ല!
ഓണപ്പതിപ്പുകളിലെ പദ്മനാഭന് കഥയെടുത്ത് രണ്ടും മൂന്നും ആവര്‍ത്തി വായിച്ച് അവന് തന്നെയിരുന്ന് ചിരിക്കുകയും ‘ആളുടെ കഥ എനിക്കിഷ്ടമാ, പക്ഷേ ആളെ ഇഷ്ടമല്ല’ എന്ന നിഷ്കളങ്കമായി വിലയിരുത്തുകയും ചെയ്യുന്നു.
‘പദ്മനാഭനപ്പൂപ്പന്റെ ഒരു വലിയ ഫോട്ടോ ഞാനിവിടെ വയ്ക്കുന്നുണ്ട്, നിനക്ക് ആരെയെങ്കിലും ഒരു പേടി ഉണ്ടാവുന്നത് നല്ലാണ് ‘എന്നു ഞാന്‍ ചിരിക്കുമ്പോള്‍, ‘പ്രിയയുടെ വിശേഷങ്ങളെന്തുണ്ട്?’ എന്നു കെ ആര് മീരയോട് ചോദിക്കുന്ന ഒരാള്‍ ഒരേസമയം ശുദ്ധനും ദുഷ്ടനുമായി മനസ്സിലൂടെ ഉലാത്തുന്നു.
പദ്മനാഭന്റെ ‘ഗൗരി’ ലൈബ്രറിയില്‍ തിരഞ്ഞ് കിട്ടാതെ വന്ന് നിരാശനായപ്പോള്‍, ഒരു ആള് വന്ന് ആ പുസ്തകം അവന് കൊണ്ടുവന്നു കൊടുക്കുന്നതും ‘അയാള്‍’ പോകുന്നതും നോക്കി അവന് നില്ക്കുന്നതുമായ ‘ഗൗരിയെ തേടി’ എന്ന കഥയെഴുതിയ പത്താംക്ളാസുകാരന് ദേവദത്തന്റെ കഥാസമാഹാരം അവതാരികയ്ക്കായി എന്റെ മുന്നില്‍ എത്തുന്നത് പദ്മനാഭനിലേക്ക് ഞാന്‍ വീണ്ടും പോകാനുള്ള നിമിത്തം പോലെ തോന്നുന്നു.
ഞാന്‍ ആ കുട്ടിയോട് പറഞ്ഞു, ‘പോകണം, ഇതുമായി പദ്മനാഭനെ ചെന്നു കാണണം, പദ്മനാഭന് എന്ന ആ ആള്‍ക്ക് വലിയ സന്തോഷമാവും… ‘
ചെറുകഥയുടെ പ്രകാശം എന്റെ മനസ്സില്‍ വിതറിയ ആള്‍ക്ക്, എത്രതവണ പിണങ്ങിയാലും എന്നെ വിട്ടു പോകാന്‍ ഒരിക്കലും ആവില്ല എന്ന് എനിക്കറിയാവുന്നിടത്തോളം ആര്‍ക്കറിയും! അതു കൊണ്ടാണല്ലോ പരിഭവമേയില്ലാതെ ദേവദത്തനെ പദ്മനാഭസവിധത്തിലേക്ക് പറഞ്ഞുവിടാന്‍ എനിക്കു തോന്നുന്നത്…!
ഒരുപാടിഷ്ടപ്പെടുന്ന ചില ജീവിതസ്ഥലികളിലെത്തുമ്പോള്, അഭിമുഖം നില്ക്കുന്ന ആള്‍ക്കു മുറിയുന്നു എന്നതോര്ക്കാതെ ഒരുപാട് പിണങ്ങും എന്നൊരു ദോഷമേയുള്ളു ആ ആള്‍ക്ക്… അതു നമുക്കു മനസ്സിലാവണം എന്നു മാത്രം.
നമുക്കുതന്ന മുറിവുകള്‍ മറക്കാനായാല്‍ പദ്മനാഭനെ പിന്നെയും സ്നേഹിക്കാം. തന്ന മുറിവുകള്‍ നമ്മള് മറന്നുകളഞ്ഞാലും ഒരു ചിരിയോടെയാണ് അതെല്ലാം പിന്നെ ഓര്‍ക്കാറ് എങ്കിലും ജീവിതം പെടാപ്പാടായി മാറുന്ന ചില വഴിത്തിരിവുകളിലേക്കെടുത്തെറിയപ്പെടുമ്പോള്, ആ മറവിയും ചിരിയും അറിയിക്കാനുള്ള നേരമേ ഉണ്ടാകാതെ പോകുന്നു, അതാണ് കുഴപ്പം എന്ന് പക്ഷേ പദ്മനാഭനറിയില്ലല്ലോ!
എവിടൊക്കെയോ വച്ച് അപ്പുറമിപ്പുറം നില്ക്കാന് ‘ഗൗരി’യും ‘കടലും’ എത്തുന്നു ഇപ്പോഴും. ജയാബച്ചനെ വച്ച് ഷാജി എന്‍ കരുണ്‍ എടുക്കാനാലോചിച്ച ‘കടല്‍’ എന്ന സിനിമ എത്രയോ കാലമായി മനസ്സില്‍ കാണുന്ന ഒരാളാണ് ഞാന്‍! ‘കാലവര്‍ഷം’ വായിക്കുമ്പോഴൊക്കെയും, ഈ പെണ്‍കുട്ടിയുടെ മട്ടിനും വാക്കിനും എന്റെ ഛായയുണ്ടല്ലോ ദൈവമേ എന്ന് പരിഭ്രമിച്ചിരുന്ന പെണ്‍കുട്ടിയ്ക്ക് എപ്പോഴതുവായിക്കുമ്പോഴും അതേ സംശയം ഉണ്ടാകുന്നു എന്നും പദ്മനാഭനറിയില്ലല്ലോ…