/indian-express-malayalam/media/media_files/uploads/2017/03/priya-vijayan.jpg)
ആരുടെയെങ്കിലും ഒക്കത്തിരുന്ന് കണ്ടുരസിക്കാനുള്ളതായിരുന്നു ലോകം പണ്ടുപണ്ട് കുട്ടിക്കാലത്ത്. പൂക്കള്‍ കുലകുത്തിപ്പൂത്തിരുന്ന ഞങ്ങളുടെ മുറ്റത്തെ ഒരോ പൂവിലേക്കും കൈചൂണ്ടി അന്ന് എന്റെ മുത്തച്ഛനും അമ്മയും അമ്മാവനും പറഞ്ഞുതന്നു അപ്പുക്കിളിയുടെ പുഗ്ഗ്. പൂവിന്റെ ആകൃതി കൈമുദ്രകൊണ്ട് കാണിച്ച് 'പൂവ , പൂവ' എന്ന് എളുപ്പത്തിലും 'പുഗ്ഗ് , പുഗ്ഗ് 'എന്നു പണിപ്പെട്ടും ഞങ്ങളുടെ വീട്ടിലെ ഞാനടക്കമുള്ള ഓരോ കുട്ടിയും കാര്യമറിയാതെ, അര്‍ത്ഥമറിയാതെ പറഞ്ഞുപോന്നു. അക്കാലം, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ഖസാക്കിന്റെ ഇതിഹാസ'കാലമായിരുന്നു.
വീട്ടിലെ ഓരോ പൂവും 'അപ്പുക്കിളിയുടെ പുഗ്ഗാ 'യത് ഒ.വി.വിജയനെന്ന എഴുത്തുകാരനോടുള്ള ഇഷ്ടം പൂത്തുമറിഞ്ഞിട്ടാണെന്ന് പിന്നെപ്പിന്നെ മുത്തച്ഛന്‍, കഥയായി പറഞ്ഞുതന്നു. അമ്മ, ഓർമയായും. ഒ.വി.വിജയന്‍ സദാ ഒരു സാമീപ്യമാകുന്നത് പിന്നെ 'ഒരനിയത്തിയുടെ ഏട്ടന്‍ 'എന്ന നിലയിലാണ്. ഞാന്‍ എംജി യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന കാലം, ഒവി ഉഷയും ഞാനും കൂടി ഓഫീസിലൂടെ നിരന്തരം മിണ്ടിമിണ്ടിനടക്കുന്ന കാലമായിരുന്നു അത്. അന്ന് 'ഏട്ടന്‍' എന്നു കേള്‍ക്കാത്ത ദിവസങ്ങളപൂർവമായിരുന്നു. പുളിമരച്ചോട്ടില്‍ വച്ചും മീറ്റിങ്ങുകളില്‍വച്ചും ഞങ്ങളുടെ രണ്ടാളുകളുടെയും ചെറിയ വീടുകളില്‍വച്ചും, ഒരു കൂട്ടുകാരിയുടെ മുന്നില്‍ എന്നപോലെ എന്റെ മുന്നിലേക്ക് ഉഷച്ചേച്ചി മനസ്സ് ചൊരിഞ്ഞിട്ടു. അങ്ങനെ ഉഷച്ചേച്ചിയുടെ കുട്ടിക്കാലത്തിനും ഞാന്‍ സാക്ഷിയായി. വീടായി ഡല്‍ഹിയും, അമ്മയും അച്ഛനുമായി ഏട്ടനും ഏടത്തിയമ്മയും മാറിയ കാലത്തിന്റെ വട്ടമേശക്കുചുറ്റുമിരുന്നപ്പോള്‍ കിട്ടിയ അറിവുകളാണ് എനിക്കു കിട്ടിയതില്‍ വച്ചേറ്റവും വലിയ അറിവുകളെന്നു ഉഷച്ചേച്ചേി പറഞ്ഞു. ഹിന്ദിപ്പാട്ടുകള്‍ ജീവിതമായി മാറിയ പാദസരക്കൗമാരത്തിലെ കോളേജ് വഴികള്‍, ബസ് യാത്രകള്‍ ഒക്കെ കേട്ട് ഞാന്‍ ഒ.വി.വിജയന്റെ
പൂച്ചക്കുട്ടികളിലൊരാളെപ്പോലെ ഉഷച്ചേച്ചിയുടെ സാരിയിലുരുമ്മി കൂടെനടന്നു.
ചാരുകസേരയില്‍ കിടന്നുമാത്രം ലോകം കണ്ട അസുഖക്കാരന്‍ കുട്ടി, അക്ഷരവും വര്‍ണ്ണവും കൈപ്പിടിയിലാക്കി ഒരു മുഴുവന്‍ ലോകത്തിന്റെ ആരാധനാപാത്രമായതിന്റെ ചരിത്രം, എനിക്ക് വളരെ പ്രധാനമായിരുന്നു. സദാവയ്യാത്ത കുട്ടിയായിരുന്ന എന്നെപ്പോലൊരാള്‍ക്ക് മുന്നിലേക്ക് നടക്കാന്‍ ആരോ കൊളുത്തിത്തന്ന വഴികളിലൊന്നായിരുന്നു ഒ.വി.വിജയന്‍. അതുകൊണ്ടുതന്നെ ആ ഏട്ടനെയും ഫോട്ടോകളിലെ പൂച്ചകളെയും ഗുരുസാഗരത്തെയും ഞാന്‍ പലകുറി വായിക്കാറുണ്ടായിരുന്നു. ശാന്ത എന്ന ഏടത്തിയും വിജയന്‍ എന്ന ഏട്ടനും തെരേസ എന്ന ഏടത്തിയമ്മയും ചേര്‍ന്നതായിരുന്നു ഉഷച്ചേച്ചി. ഉഷച്ചേച്ചിയില്‍ ഒരിക്കലും 'ഞാന്‍' ഉണ്ടായിരുന്നില്ല.
ചാരുകസേരയില്‍ക്കിടന്ന് ലോകം കണ്ട വിജയന്‍ എന്ന കുട്ടി വളര്‍ന്ന് മലയാളത്തിനായി ഇതിഹാസങ്ങള്‍ ചമച്ചപ്പോള്‍, തനിക്ക് മുന്നില്‍ തെളിഞ്ഞ വെളിച്ചവഴിയെക്കുറിച്ചും ഒട്ടും നോവിക്കാത്ത ചെറിയ വെള്ള മുണ്ട് ചുറ്റിക്കൊടുത്ത് ഏട്ടനെ കാത്തുസൂക്ഷിച്ച ഒ.വി.ഉഷ എന്ന
കവയത്രി അനിയത്തിക്കൊപ്പം താന്‍ നടന്നതിനെക്കുറിച്ചും 'അപ്പുക്കിളിയുടെ പുഗ്ഗുകള്‍' വിരിഞ്ഞുനിന്നിരുന്ന മുറ്റങ്ങള്‍ ഇനി തിരിച്ചുപിടിക്കാനാവുമോ എന്ന സംശയം പങ്കുവച്ചും പ്രിയ എ.എസ്....
കുറേനാളുകള്‍ കഴിഞ്ഞപ്പോള്‍ നാഡീവൈദ്യമറിയുന്ന ഡോക്ടർ രാഘവന്റെയടുത്ത് ഏടത്തിയെയും കൊണ്ട് കയറിയിറങ്ങലുകാരിയായി ഉഷച്ചേച്ചി. എന്നെയും നിര്‍ബന്ധിച്ച് ഉഷച്ചേച്ചി, ഡോക്ടര്‍ രാഘവന്റെ മരുന്നുപെണ്‍കുട്ടിയാക്കി. അന്നൊരിക്കല്‍ ആ ചികിത്സാഇടത്തില്‍ വച്ച് ഉഷച്ചേച്ചി, ഏടത്തിയെ എനിക്ക് പരിചയപ്പെടുത്തി. വിജയന്റെ രണ്ടനിയത്തിമാര്‍, ഉഷയും ശാന്തയും പരസ്പരം ചാരിനിന്നു. 'തസ്‌റാക്ക് സ്‌ക്കൂളില്‍ ജോലിചെയ്തത് ശാന്ത എന്ന അനിയത്തി, ആ സ്ഥലത്തിനെ ഖസാക്ക് ആക്കി എഴുത്തിന്റെ വിസ്മയമൊരുക്കിയത് വിജയന്‍ എന്ന ഏട്ടന്‍ 'എന്നു വിചാരിച്ച് ഞാന്‍ കണ്ണിമയ്ക്കാതെ ഉഷച്ചേച്ചിയുടെ ആ ഏടത്തിയെ നോക്കിനിന്നു. ഏടത്തിയുടെ കൈയില്‍, അനിയത്തി വാങ്ങിക്കൊടുത്ത ക്യാന്‍വാസും ചായബ്രഷുകളും ഓയില്‍പെയിന്റുകളുമുണ്ടായിരുന്നു. എന്റെ കൈ, ആ ഏടത്തി സ്‌നേഹത്തോടെ പിടിച്ചപ്പോള്‍, എനിക്കുമുന്നില്‍ ഖസാക്കിന്റെ താളുകള്‍ പെയ്തു. പിന്നെ ഹൈദ്രബാദില്‍ നിന്ന് 'ഏട്ടന്‍ വരുന്നു' എന്നു പറഞ്ഞ് ഉഷച്ചേച്ചി വീടൊരുക്കലായി, വീടിനു വലിപ്പം കൂട്ടലായി. 'ഏട്ടനെ കാണണ്ടേ' എന്ന ചോദ്യം പലതവണ വന്നിട്ടും ഞാന്‍ ഒഴിഞ്ഞുമാറിക്കളഞ്ഞു. മഹാമേരുവിനെ അഭിമുഖീകരിക്കുന്നതിലായിരുന്നില്ല, വയ്യാത്ത ഒരാളെ ചെന്നുകണ്ട് ബുദ്ധിമുട്ടിക്കുന്നതിലായിരുന്നു എനിക്ക് ബുദ്ധിമുട്ട്. എന്നിട്ടും ഒരിക്കല്‍ ഉഷച്ചേച്ചി കൊത്തിയെടുത്തു കൊണ്ടുപോയി പരിചയപ്പെടുത്തി. എന്നേക്കാള്‍ കുഞ്ഞായ ഒരു മനുഷ്യന്‍, വസ്ത്രം പോലും ഭാരമാകുന്ന അവസ്ഥയില്‍ ഒരു കുഞ്ഞുമുണ്ടും നേര്‍ത്തതുണികൊണ്ടുതയ്പിച്ച ബനിയനും
ധരിച്ച് വിറയ്ക്കുന്ന കൈകളോടെ, ഇരുത്തിയേടത്ത് ഇരിക്കുന്ന കാഴ്ചയില്‍ എനിക്ക് നൊന്തു.
കുഞ്ഞുണ്ണിയും ശിവാനിയും കല്യാണിയും (ഗുരുസാഗരം) എനിക്കു ചറ്റിലും കൂടെ നടന്നുപോയിക്കൊണ്ടേയിരുന്നു. വിറച്ച് മുറിഞ്ഞുപോകുന്ന പാര്‍ക്കിന്‍സണ്‍ വാക്കുകളില്‍ 'മന്ദാരയിലകളുടെ അച്ഛന്‍' എന്നോട് സംസാരിച്ചു. പാലക്കാടിന്റെ പണ്ടത്തെ കാറ്റും ചീവിടും ആ വാക്കുകളില്‍ സ്‌നേഹത്തോടെ നിറഞ്ഞു. ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ മുക്കിക്കളഞ്ഞ ഇപ്പോഴത്തെ പാലക്കാട്, പാര്‍ക്കിന്‍സണ്‍ രോഗത്തേക്കാള്‍ വിജയനെ തകര്‍ത്തുകളയുന്നു എന്നു തോന്നി. ഒരുപാടു മിണ്ടിയാല്‍ ഒരുപാടു വയ്യാതാകുന്ന ഒരു കുഞ്ഞിനെ എന്നപോലെ അലിവോടെ നോക്കിനോക്കി ഞാനിരുന്നു. അങ്ങോട്ടുമിണ്ടാനും ഇങ്ങോട്ടുമിണ്ടാനുമുള്ള അവസരങ്ങളെ ഞാന്‍ മുന്‍കൈയെടുത്ത് എഡിറ്റുചെയ്തുകൊണ്ടിരുന്നു മനപ്പൂര്‍വ്വം.
ചിത്രീകരണം: വിഷ്ണു റാം'പ്രിയയ്ക്ക് സമയമുള്ളപ്പോള്‍ വന്ന് പ്രിയയുടെ കഥകള്‍ ഏട്ടനെ വായിച്ചു കേള്‍പ്പിക്കൂ' എന്ന് ഉഷച്ചേച്ചി പറഞ്ഞു. തീരെ വയ്യാത്ത ഒരു മനുഷ്യന് അത്തരമൊരു കഥാവായനാഏട് ഉപദ്രവമാകാനാണ് വഴി എന്നാണ് മനസ്സു പറഞ്ഞത്. ഞാനില്ല ആ പാതകത്തിന് എന്ന് ഞാന്‍ സ്വയം പറഞ്ഞു. എന്നെയും എന്റെ അവസ്ഥകളെയും വച്ച് ഒ.വി.വിജയനെ അങ്ങനെ അളന്നത് ശരിയായിരുന്നോ എന്ന് പലപ്പോഴും പിന്നെ ആലോചിച്ചിട്ടുണ്ട്. എന്തായാലും ഉഷച്ചേച്ചി പലതവണ പറഞ്ഞിട്ടും ഞാന്‍ മനപ്പൂര്‍വ്വം ആ കഥവായനയില്‍ നിന്ന് മാറിനിന്നു. ഇടക്കിടക്കൊക്കെ വഴക്കിട്ടാലും എന്നോട് പിന്നെയും കൂട്ടാറാകാറുണ്ടായിരുന്ന അന്നത്തെ ടി.പദ്മനാഭന്‍, ഫോണ്‍ ചെയ്യുമ്പോഴെല്ലാം എന്നോട് കനമുളള്ള ശബ്ദത്തില്‍ കണ്ണൂര്‍ ഈണത്തില്‍ ചോദിച്ചു 'നിങ്ങള്‍ടെ ഉഷച്ചേച്ചിക്ക് സുഖമല്ലേ ? അവരുടെ ഏട്ടനും സുഖമല്ലേ?' പദ്മനാഭന്റെ ഇഷ്ടത്തില്‍ വിജയന്‍ ഉണ്ടായിരുന്നു എന്നും. പിറന്നാളിനോടനുബന്ധിച്ച് ഒ.വി.വിജയനെ ആദരിക്കുന്ന 'അങ്കണം' സാംസ്‌ക്കാരിക വേദിയുടെ ചടങ്ങ് ഉഷച്ചേച്ചിയുടെ വീട്ടില്‍ വച്ച് നടന്ന ഒരവസരം. ഞാന്‍ ചെല്ലുമ്പോള്‍ മീറ്റിങ്ങിന്റെ തിരക്കായിത്തുടങ്ങിയിരുന്നില്ല. ഡോക്ടർ രാഘവന്‍, വിജയനെ പരിശോധിക്കുകയാണ്. ഞാനടുത്ത് ചെന്നുനിന്നപ്പോള്‍ ഉഷച്ചേച്ചി ഡോക്ടറോട് ആ പതിവ് പതിഞ്ഞ ചിരിയോടെ ചോദിച്ചു, 'ഇവര്‍ക്ക് തമ്മില്‍ എന്തോ ഛായയില്ലേ ഡോക്ടറെ?' ഡോക്ടർ സ്‌റ്റെത്തിനു ഒരിത്തിരി വിശ്രമം കൊടുത്തുകൊണ്ട് തിരിഞ്ഞ് , എന്നെ ഒന്നുനോക്കി. എന്നിട്ട് വളരെ സീരിയസായി പറഞ്ഞു 'അച്ഛനും മകളും പോലെയുണ്ട്. ' അത്രമേല്‍ നേര്‍ത്തവരായിരുന്നു ഞങ്ങള്‍ രണ്ടാളും. ഉഷച്ചേച്ചി ചിരിച്ചു. വിജയന്‍ ചിരിക്കുന്നുണ്ടോ എന്നു നോക്കാന്‍ മറന്നുപോയി, ആ ആകസ്മികമായ വൈകാരികപ്രപഞ്ചത്തിലേക്കു വീണ് എന്നെപ്പോലും മറന്ന് ഞാന്‍ നിന്നുപോയി. വിനയചന്ദ്രന്‍സാറും അങ്കണം കമ്മറ്റിക്കാരും അപ്പോഴേക്കെത്തി. അനിയത്തി, ഏട്ടനിടാന്‍ പാകത്തിലുള്ള തീരെയും കനമില്ലാത്ത വെള്ളജുബ്ബ അലമാര തുറന്നെടുത്തു. തുണിയുടെ ഭാരമൊന്നുമില്ല എന്നുറപ്പു പറയുന്ന തരം ഒറ്റമുണ്ടിന്റെ കനിവ് വിജയന്റെ മുട്ടിനിത്തിരിത്താഴെമാത്രം വന്ന് തൊട്ടുനിന്നു. രണ്ടുകാലിലും നീര്. നേര്‍ത്ത കാലുകള്‍ നീരിന്റെ ഭാരം താങ്ങാന്‍ വയ്യാതെ വിഷമിക്കുന്നുണ്ടായിരുന്നു. മുറ്റത്തെ പന്തലില്‍ ചടങ്ങ്. ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല, കേട്ടുമില്ല.
'മന്ദാരയിലകളുടെ അച്ഛന്‍' മന്ദാരപ്പൂവിന്റെത്ര പോലും കനമില്ലാതെ, ആകെ കൂമ്പിയ വെള്ളമന്ദാരപ്പൂപോലിരിക്കുന്നതു വല്ലാത്തൊരു ആകസ്മിതയായിത്തോന്നുന്നതിലായിരുന്നു എന്റെ മനസ്സത്രയും. ജൂബ്ബയുടെ വലിയ കൈയ്ക്കുള്ളില്‍ നിന്ന്, ഒരു നാരുപോലെ ഒ.വി.വിജയന്റെ നേര്‍ത്ത കൈ ലോകത്തെ എത്തിനോക്കി. ഞാന്‍, എന്റെ കൈ തിരിച്ചും മറിച്ചും നോക്കി. എന്റെ കൈയിനോളം മെലിഞ്ഞ കൈ, ഒരു സാധാരണ ആള്‍രൂപത്തില്‍ ഞാന്‍ കാണുന്നതാദ്യമായിട്ടായിരുന്നു. നേര്‍ത്ത കൈകളാണോ നീണ്ടൊട്ടിയ മുഖമാണോ ഞങ്ങളെ അച്ഛനും മകളുമാക്കിയതെന്ന് പിടികിട്ടാതെ ഞാനിരുന്നു. പിന്നെ അനിയത്തിയുടെ ഏട്ടന്‍, പുഴക്കരയിലെ വീട്ടിലേക്ക് താമസം മാറി. 'അവിടുത്തെ തണുപ്പും കാറ്റും' എന്നു പറഞ്ഞ് ഉഷച്ചേച്ചി പലതവണ വിളിച്ചിട്ടും ഞാന്‍ പോയില്ല. വയ്യാത്ത ഒരാളുടെ ലോകത്തിലേക്ക് കടന്നുകയറിച്ചെല്ലാന്‍ മന:സാക്ഷി അനുവദിക്കാത്തതു കാരണം ഉഷച്ചേച്ചിയിലൂടെത്തന്നെ ഞാന്‍ ആ 'ഏട്ടന്‍തണുപ്പ'നുഭവിച്ചറിഞ്ഞു. പിന്നെ വിജയന്‍ കോട്ടയം വിട്ടു ഹൈദ്രബാദിലേക്കുതന്നെ തിരിച്ചുപോയി. കോട്ടയം, വിജയനെ വേണ്ടപോലെ തിരിച്ചറിഞ്ഞോ എന്നും വിജയന് കോട്ടയത്തുനിന്നെന്തെങ്കിലും കിട്ടിയോ എന്നും എനിക്കിപ്പോഴും സംശയമുണ്ട്.
വിജയന്‍, ഹൈദ്രബാദും വിട്ടു യാത്രയായ ദിവസം, ഞാന്‍ വെറുതേ ഇരുന്ന് ഓരോന്നോര്‍ത്തു. ഞാനും ഉഷച്ചേച്ചിയും വിനയചന്ദ്രന്‍സാറും ഒന്നിച്ച് പങ്കെടുത്ത ഒരാദിവാസിമേളയില്‍ ഒരു നാടന്‍പാട്ടു മുഴങ്ങിക്കേള്‍ക്കുമ്പോള്‍, ഉഷച്ചേച്ചി മെല്ലെമെല്ലെ ആ പതിവു പതിഞ്ഞതാളത്തില്‍ ഈണത്തില്‍ എന്നോടു ചിലത് പറഞ്ഞു. എന്റെ ഓര്‍മ്മയുടെ അന്തരീക്ഷത്തിലൊക്കെ ആ പറച്ചിലുകള്‍, 'അച്ഛന്‍ മരിച്ചാലോ' എന്ന നാടന്‍പാട്ടുമായലിഞ്ഞ് നിറഞ്ഞുകവിയുന്നതുപോലെ തോന്നി.
'അച്ഛന്‍ മരിച്ചാലോ എന്തു ചെയ്യും?
അമ്മ മടിയിലേ ഞാനിരിക്കും
അമ്മ മരിച്ചാലോ എന്തു ചെയ്യും?
പൊന്നാങ്ങള മടിയിലേ ഞാനിരിക്കും
ആങ്ങള മരിച്ചാലോ എന്തു ചെയ്യും?
നാത്തൂനാര്‍ മടിയിലേ ഞാനിരിക്കും
നാത്തൂന്‍ മരിച്ചാലോ എന്തു ചെയ്യും?
എന്റെ വിധി പോലെ ഞാങ്കഴിയും ...' എന്ന ആ പാട്ടിനുശേഷം ഉഷച്ചേച്ചി എന്നോട് പറഞ്ഞു, 'ഇത് എന്നെക്കുറിച്ചാണെന്നു തോന്നുന്നു," ഞാന്‍ ഒന്നും മിണ്ടിയില്ല.
ഇന്നലെ ഉഷച്ചേച്ചിയെ വിളിച്ചിരുന്നു, സമഗ്രസംഭാവനക്കുളള കേരളസാഹിത്യഅക്കാദമി അവാര്‍ഡ് കിട്ടിയതറിഞ്ഞ്. ആ നാടന്‍ പാട്ടും അതിനെയും കോര്‍ത്ത് അന്ന് ഉഷച്ചേച്ചി പറഞ്ഞതുമൊക്കെ ഞാനിപ്പോഴും ഓര്‍ക്കുന്നുവെന്ന് പറയാതിരിക്കാന്‍ എനിക്കായില്ല.
ഞാന്‍ ജോലി ചെയ്യുന്ന യൂണിവേഴ്‌സിറ്റിയിലെ ബിടെക്കുകാരന്‍ പയ്യന്‍, അടുത്തയിടെ സപ്‌ളിമെന്ററി പരീക്ഷ എഴുതാന്‍ വന്നു. തോറ്റുപോയ പരീക്ഷാമാര്‍ക്ക് ലിസ്റ്റുകളുടെ കൂമ്പാരം അവനെ ബലമായി പിടിച്ചേല്‍പ്പിച്ചുകൊണ്ട് നില്‍ക്കെ, സ്വയമറിയാതെ ഒരു വാചകം എന്റെ നാവില്‍നിന്നു നിന്നു പുറത്തുചാടി 'അമീര്‍അലിപിലാക്കാവീട്ടില്‍ എന്ന് നിന്റെ പേരെഴുതുമ്പോഴെല്ലാം എന്തുകൊണ്ടോ, അള്ളാപ്പിച്ചാമൊല്ലാക്ക എന്ന പേര് മനസ്സിലേക്ക് വരുന്നു'. ഞാന്‍ പറഞ്ഞതുകേട്ട് അമീര്‍, എന്നെ കണ്ണു മിഴിച്ചുനോക്കി. ഞാന്‍ അവനോട് 'ഒ.വി.വിജയന്റെ അള്ളാപ്പിച്ചാമൊല്ലാക്ക' എന്നു മെല്ലെപ്പറഞ്ഞു. അമീര്‍, എനിക്കെന്തോപ്രശ്‌നമുണ്ടെന്നപോലെ എന്നെ തറപ്പിച്ചുനോക്കി. 'അപ്പുക്കിളിയുടെ പുഗ്ഗ്' എന്നു ഒരു വീട്ടിലെ കുഞ്ഞിക്കുട്ടികള്‍ പറഞ്ഞുനടന്നിരുന്ന കാലം അതിവിദൂരത്താണല്ലോ എന്ന ജാള്യതയോടെ ഞാന്‍ നിന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us