‘വേനലില്‍ ദലങ്ങള്‍ പോല്‍ വളകളൂര്‍ന്നു പോയി…നൂലുപോലെ നേര്‍ത്തുപോയി…ചിരി മറന്നു പോയി’ എന്ന് പാടി ‘എന്ന് നിന്റെ മൊയ്തീന്‍’ സിനിമ റീലീസാവുമ്പോള്‍ ഞാന്‍ ‘അമൃത’യില്‍ കിടപ്പായിരുന്നു. എനിക്കാ വരികളത്രയും ആശുപത്രിയില്‍ക്കിടക്കുന്ന എന്നെക്കുറിച്ചാണു റഫീക്ക് അഹമ്മദ് എഴുതിയതെന്നു തോന്നി.

മുട്ടുവരെയുള്ള ഫ്രോക്കിട്ടു നടന്ന സ്‌ക്കൂള്‍പ്രായത്തിലും അസുഖങ്ങളും വളപ്പെട്ടിയുംം സ്വന്തമായി ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ ഞാനന്നേരം ഓര്‍ത്തെടുത്തു. സ്വന്തമായി ആഭരണക്കമ്പമൊന്നുമില്ലെങ്കിലും അനിയത്തിയും മകളും ആഭരണപ്രിയരാകുന്നതില്‍ ഏറെ തല്പ്പരയായിരുന്നു എന്റെ അമ്മ. അങ്ങനെയാണ് ഞാനന്നേ വളപ്പെട്ടിക്കാരിയായത്. ജീവിതത്തിലെ എല്ലാ കമ്പവും നശിച്ച പോലെ വാടിത്തളര്‍ന്നു ആശുപത്രിക്കാലം കഴിഞ്ഞു വന്നു വീട്ടില്‍, ആകാശം കാണാവുന്ന ജനാലക്കരികില്‍ കിടക്കുന്ന സ്‌ക്കൂള്‍പ്പെണ്‍കുട്ടി പൊടുന്നനെ ഒരു ദിവസം ചോദിക്കും, ‘അമ്മേ എന്റെ വളപ്പെട്ടിയെവിടെ?’

മകള്‍ സാധാരണ മട്ടിലേക്ക് തിരിച്ചു കയറുന്നതിലെ ഒരടയാളമായാ ചോദ്യത്തെ കണ്ട് അമ്മ ഒരു നെടുനിശ്വാസമാകും. എന്നിട്ട് മര അലമാരയുടെ കീഴിലെ, ഹാര്‍മോണിയപ്പെട്ടി തുറക്കും പോലെ തുറക്കാവുന്ന കുഞ്ഞിടത്തിലെ മടക്കി വയ്ക്കാവുന്ന മട്ടിലെ അടപ്പു നിവര്‍ത്തി തുറന്നുവച്ച് , അതില്‍ നിന്ന് വളപ്പെട്ടി എടുത്തു കൊണ്ടുവരും. അല്ലെങ്കിലേ മുരിങ്ങക്കോലു പോലുള്ള കൈ, ഇപ്പോള്‍ തത്ക്കാലം അച്ചിങ്ങാമട്ടിലായതിലേക്ക് വളപ്പാത്രത്തിലെ വളകളെല്ലാം പെണ്‍കുട്ടി തൂത്തുപെറുക്കിയിടും.  മുട്ടും കഴിഞ്ഞ് തോളോളം പോയി കൈ വളയെല്ലാം തോള്‍ വളയാവും. എന്നാലും ആ കിലുക്കം തന്ന എന്തോ ഒന്ന്, അതിപ്പോഴും ഹൃദയത്തില്‍ക്കിടന്നു കിലുങ്ങുന്നുണ്ട്. അതിന്റെ പേരായിരിക്കാം ജീവിതവാഞ്ഛ!

വളകളുടെ വട്ടത്തിലൂടെ, മാലകളിലെ മുത്തുമണികളുടെ ഉരുളിമയിലൂടെ ഞാത്തുകമ്മലുകളുടെ നീളത്തിലൂടെ എത്രപ്രാവശ്യം ജീവിതത്തെ തിരിച്ചു പിടിച്ചിരിക്കുന്നു!

1993 ല്‍ എം ജി യൂണിവേഴ്‌സിറ്റിയില്‍ ജോയിന്‍ ചെയ്ത നേരത്ത് മാലകളും വളകളും കൊണ്ട് അവിടെ ഞാന്‍ അപൂര്‍വ്വജീവിയായിത്തീര്‍ന്നത് ഞാനറിയുന്നുണ്ടായിരുന്നില്ല.’വീട്ടിലെ വാഷ് ബെയ്‌സിന്റെ മുകളിലെ ഓവല്‍ മിറര്‍ എടുത്ത് ഇന്ന് മാലേലിട്ടോ,’  ‘ഇന്ന് സൈക്കിള്‍ ചെയിനാണോ കിട്ടിയത്’ എന്നവിടെയുള്ളവര്‍ അന്തം വിട്ടും സ്‌നേഹത്തോടെയും ചോദിക്കുമ്പോള്‍,  ‘തൊലിയില്ലാതെ എങ്ങനെയാ ജീവിക്കുക’ എന്ന മട്ടില്‍ ആഭരണമില്ലാതെ ശ്വാസം മുട്ടില്ലേ എന്ന കണ്ണുവിരിയലോടെ തികച്ചും നിഷ്‌കളങ്കമായി ഞാന്‍ നിന്നു. പേപ്പര്‍ പറന്നു പോകാതിക്കാന്‍ വയ്ക്കുന്ന പേപ്പര്‍ വെയ്റ്റു പോലെ ഞാന്‍ എന്നേക്കാള്‍ കനമുള്ള മാലകളിടുന്നു എന്നു പറയാന്‍ ഞാന്‍ പിന്നെ പഠിച്ചു.

ഇന്നിപ്പോള്‍ എല്ലാവരും എല്ലാത്തരത്തിലുമുള്ള ആഭരണങ്ങളില്‍ മുഴുകി ശ്വാസമെടുക്കുന്ന കാലമെത്തിയിട്ടും ഒബറോണ്‍ മാളില്‍ വച്ച് എന്നെ കണ്ട് ചിരിച്ചുവന്ന സ്ത്രീ, പതിവു ചോദ്യമായ ‘പ്രിയയല്ലേ,  എഴുതുന്ന പ്രിയ’എന്ന ചോദ്യത്തിലേക്കാണ് ചുണ്ടുകള്‍ കൂര്‍പ്പിക്കുന്നതെന്നു ഞാന്‍ കരുതുമ്പോള്‍, എന്റെ കഴുത്തിലെ ആ പഴയ സൈക്കിള്‍ ച്ചെയിന്‍ ചൂണ്ടി ‘ഇതെവിടുന്നാ വാങ്ങിയത്’ എന്നു ചോദിച്ച് എന്നെ അമ്പരപ്പിച്ച് ചിരിപ്പിക്കുന്നു. ‘ഏതു കാലത്തിലെ എന്നെനിക്കോര്‍മ്മയില്ലാത്ത വിധം പഴയത് ‘ എന്നു പറഞ്ഞ് ഞാന്‍ നില്‍ക്കുമ്പോള്‍, ഇതൊക്കെ കൂട്ടിനില്ലാതെ എങ്ങനെ താണ്ടുമായിരുന്നു ഇക്കണ്ട പാതാളങ്ങളൊക്കെയും എന്നെനിക്കു തന്നെ അത്ഭുതമാവുന്നു, വിരല്‍ കൊണ്ട് സ്വയമറിയാതെ ആ മെറ്റല്‍ ആഭരണത്തെ ഞാനൊന്നു തൊട്ടുപോവുന്നു.

ആളുകള്‍ എന്നോടു ചോദിക്കാന്‍ വരുന്ന വ്യക്തിപരമയ ചോദ്യങ്ങളെല്ലാം എന്റെ ആഭരണങ്ങളെച്ചൊല്ലിയുള്ള അതിശയങ്ങളില്‍ തട്ടി ചിതറിപ്പോകുന്നത് കണ്ടപ്പോള്‍, ജീവിക്കാന്‍ ഇതൊരു നല്ല ജാലവിദ്യയാണെന്ന് ഞാന്‍ ക്രമേണ തിരിച്ചറിഞ്ഞു എന്നത് ഒരു വലിയ സത്യം.

ഇപ്പോഴും മെയ്യാഭരണപ്പെട്ടി അടുക്കിപ്പെറുക്കാനിരിക്കുന്ന ചില ഒഴിവു ദിവസങ്ങളുണ്ട്. കഥാപാത്രങ്ങളുടെ പേരു പറയാതെ ലോലാക്കും കണ്ണടയും എന്ന് പറഞ്ഞ് ഒരു പെണ്ണിനെയും ആണിനെയും കൊണ്ട് വരച്ചെടുത്ത ‘നിനച്ചിരിക്കാതെ ഓരോന്ന്’ എന്ന കഥയോര്‍മ്മ, അപ്പോള്‍ പശ്ചാത്തല സജ്ജീകരണം നടത്തും.

‘വള എന്നു പറഞ്ഞാല്‍ വള മാത്രം കൊണ്ടു വരുന്ന’ എന്ന ആ കഥയിലെ വാചകം ഉദ്ധരിച്ച് ‘പ്രിയയുടെ കഥയിലെപ്പോലെയാണ് നിങ്ങള്‍’ എന്നു പറഞ്ഞ് അമ്മ ,അച്ഛനോട് തമാശ രൂപത്തില്‍ വഴക്കുകൂടുന്നത് എനിയ്ക്ക് പ്രിയപ്പെട്ട അനുഭവശകലമാണ്. മകളെഴുതിയ വരിയുടെ അറ്റം പിടിച്ച് വഴക്കു കൂടാനും അച്ഛനമ്മമാര്‍ക്ക് ഒരു ഭാഗ്യമൊക്കെ വേണം, അതു കേട്ടു നടുവിലിരുന്നൂറിച്ചിരിക്കാന്‍ മകള്‍ക്കും വേണം ഒരു ഭാഗ്യം എന്നപ്പോഴൊക്കെ ഒരഹങ്കാരം എന്നെ വന്ന് തൊടും.

പണ്ടെങ്ങോ എഴുതിയ ആ വരി ഓര്‍ത്തു പറഞ്ഞ് എന്നെ നടുക്കി, എന്റെ ജീവിതത്തിലേക്ക് ഒരപ്രതീക്ഷിത ഫോര്‍വേഡ് അടിച്ചു കയറിയവര്‍ പലരുണ്ട് താനും. ആ കഥയ്ക്ക് ബാക്കി എഴുതി നോവലാക്കണം എന്നു അമിതാവേശം വരും ചിലപ്പോള്‍.

അങ്ങനെ സുന്ദര സുരഭില ഓര്‍മ്മകളാല്‍ പൊതിയപ്പെട്ട് മെയ്യാഭരണപ്പെട്ടി എന്ന കുട്ടിക്കാലം മുതലേയുള്ള അസുഖവുമായി ചേര്‍ന്നിരിക്കുമ്പോള്‍, മറന്നേ പോയ ഇടങ്ങളില്‍നിന്ന് പൊട്ടി മുളയ്ക്കുന്ന അപ്രതീക്ഷിത പ്രണയം പോലെ ചില ലോലാക്കുകള്‍, മാലകള്‍, മുത്തുമണികള്‍, മോതിരങ്ങള്‍ ഒക്കെ ശേഖരത്തില്‍ നിന്ന് പൊങ്ങിവരും.

ഇവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നിട്ടും ഓര്‍മ്മയിലേക്ക് വരാതെ എങ്ങോ മറഞ്ഞു കിടന്നവര്‍, ‘ആ സാരിക്കൊപ്പം, ആ മാലയ്‌ക്കൊപ്പം’ എന്നിങ്ങനെ അപാര സാദ്ധ്യതകളിലേയ്ക്ക് മുത്തുമണികള്‍ ചൂണ്ടി പുനരവതരിക്കും. കൂടെ വളരെ ചേര്‍ന്ന് ഉണ്ടായിരുന്നവ എന്നാലോ ക്രമേണ മറന്നുപോയവ, ഞങ്ങള്‍ ഇവിടെയുണ്ടിപ്പോഴും എന്നു പറഞ്ഞ് കിലുങ്ങിയും കിലുങ്ങാതെയും ചിരിയ്ക്കുന്നവ തരുന്ന ആനന്ദം- അതൊരു വലിയ ലോലാക്കു പോലെ തോളിലേക്കു വീണ് എട്ടുനിലയില്‍ ചിരിപ്പിയ്ക്കും പലതും.priya a s ,memories, iemalayalam

എത്രയോ കാലമായി കൂടെ ഉണ്ടായിരുന്നവയാണ്, കാണുന്നതിപ്പോള്‍ മാത്രം, എന്നാലും കാണാതെ ഇരുന്നില്ലല്ലോ എന്നേയ്ക്കുമായി, ഇപ്പോഴെങ്കിലും കണ്ടല്ലോ എന്ന് കളിചിരി പറയുന്നവരല്ല എല്ലാ ആഭരണങ്ങളും എന്നു കൂടി പറയേണ്ടതുണ്ട്.

നോക്കൂ, ആ തൂവല്‍ കനമുള്ള, കഴുത്തു പൊതിയാന്‍ മാത്രം വീതിയുള്ള ചോക്കര്‍-അത് ഒരു വിഷാദമാണ്. അത് കൊല്‍ക്കൊത്തയില്‍ നിന്ന് ഹേമന്ത് കുമാര്‍ പാടിയ രൊബീന്ദ്രസംഗീതക്കാസറ്റുകളൊപ്പം വന്നതാണ്. അതിലെ ചുവപ്പും വെള്ളിയും മുത്തുമണികളെ താങ്ങുന്ന നേര്‍ത്ത ചരട് പൊട്ടാറായിട്ടും ഞാനത് ഇപ്പോഴും എങ്ങനെയൊക്കെയോ ഒപ്പിച്ച് അണിയുന്നത് ‘പൊട്ടിത്തകര്‍ന്ന കിനാവുപോലൊ’രു ബന്ധത്തിന്റെ ഓര്‍മ്മയ്ക്കാണ്. അന്ന് പഴയ മട്ടിലെ കാസറ്റ് പ്‌ളെയറില്‍ ഇട്ടു കേട്ട്, അര്‍ഥമറിയാതെയെങ്കിലും ഞാന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ആത്മാവിലേക്കേറ്റുവാങ്ങിയ ആ സങ്കടത്തരികള്‍ പോലെയുണ്ട്, ഇപ്പോളിതിന്റെ തരിമുത്തുകള്‍. എന്നാലും ഞാനിതിനെ കളയുന്നില്ല. എന്തിനു കളയണം അന്നൊരിക്കല്‍ അപ്രതീക്ഷിതമായ കരുതലായി എന്നെ അണിയിച്ചൊരുക്കിയ ആ ബംഗാളീചാരുതയെ?

കാലിലിടുന്ന രണ്ടു വെള്ളിത്തളയുണ്ടായിരുന്നു. അതിലൊന്നേയുള്ളൂ ഇപ്പോള്‍. അതിന്റെയാവട്ടെ ശംഖുതിരി പോയിരിക്കുന്നു. ചങ്ങനാശ്ശേരിയിലെ വെള്ളിക്കടയില്‍ നിന്ന് ഒരു കാലത്ത് ചേച്ചിയായിരുന്നയാള്‍, ‘താനെന്തുമിടുമല്ലോ തനിക്കതിഷ്ടമാവും’ എന്നു പറഞ്ഞ് എന്റെ മകന്റെ ഇരുപത്തിയെട്ടു കെട്ടിന്, അവന് അതേമാതിരിയുള്ള തള വാങ്ങിയതിനൊപ്പം കൊണ്ടുവന്നു തന്നതാണ്…അതിടുമ്പോഴൊക്കെ, ‘ജയിലില്‍ നിന്നോ ഭ്രാന്താശുപത്രിയില്‍ നിന്നോ ഓടിപ്പോന്നത്’ എന്ന ചോദ്യം കേള്‍ക്കുമായിരുന്നു. ഒരിക്കലൊരെണ്ണം, ശംഖുതിരിയിട്ടത് ശരിയാവാതെ ബസിലെങ്ങോ വച്ച് ഊരിപ്പോയി. പിന്നെയും വാങ്ങിപ്പിച്ചു രണ്ടെണ്ണം. അതും ഊരിപ്പോയി  ഓട്ടോയുടെ ടയര്‍ കയറിയിറങ്ങി അലൂമിനിയം ഫോയില്‍ പോലായിപ്പോയി. ചങ്ങനാശ്ശേരിത്തളകള്‍ എനിയ്ക്ക് വാഴില്ല എന്നു തോന്നി. പിന്നെ, ബാക്കിയായ ഒരെണ്ണമിട്ടുനടന്നു. അതിന്റെ ശംഖുതിരിയ്‌ക്കെന്തോ പ്രശ്‌നമായപ്പോഴേക്ക് ആ ബന്ധവും വാഴാതായി. ആ ബന്ധത്തിന്റെ ഓര്‍മ്മകള്‍ മനസ്സിലും , ഇടാന്‍ പറ്റാതായ ആ തള ആഭരണണശേഖരത്തിലും കിടക്കുന്നു. തള, അതെന്നെങ്കിലും ശരിയാക്കിയെടുക്കാം. പക്ഷേ ആ ബന്ധമെന്നേയ്ക്കുമായ് പൊയ്‌പ്പോയി.’അങ്ങനെ വിട്ടാല്‍പ്പറ്റില്ലല്ലോ തളകളെ’ എന്നു വാശിപിടിച്ച് പിന്നെ  ‘വലിയ വില’ കൊടുത്ത് അസ്സല് വെള്ളിയില്‍, പിണച്ചു വച്ചിടാവുന്നതരം കണ്ണകിക്കാല്‍ത്തള വാങ്ങി ഇടുന്നു ഇപ്പോള്‍.priya a s ,memories, iemalayalam

ആഭരണശേഖരത്തില്‍ ‘ഗാങ്ടക്കി’ല്‍ നിന്നു വാങ്ങിയ ,പുറകിലെപ്പാതി ഇല്ലാത്തതരം അര്‍ദ്ധചന്ദ്ര ജിമിക്കിയുണ്ട്. നടുവില്‍ കടല്‍ നീലക്കല്ല്. അതനിയന്‍ തന്നതാണ്. അവന്‍ തന്ന ഒരേ ഒരാഭരണം. ഏറെ പ്രിയപ്പെട്ടത്. ഒരുപാടു തവണ ഇട്ടിട്ട് അതിന്റെ പുറകിലെ, ബുഷ് കയറ്റുന്നയിടം അല്‍പ്പം വളഞ്ഞിരിക്കുന്നു. ഇതിനിയുമിട്ടാല്‍ ഒടിഞ്ഞുപോയാലോ എന്നു കരുതി, ആ കടല്‍ നീലക്കമ്മലിനെ ഞാനരുമയായി മാറ്റിവച്ചിരിക്കുന്നു. പ്രിയതരമായ ഒരോര്‍മ്മ ഒടിഞ്ഞുപോകരുതല്ലോ.

ഹൈദ്രബാദില്‍ നിന്നു കുപ്പിവള വന്നത് കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാണ്. എനിക്കേറ്റവുമിഷ്ടമുള്ള കരിമ്പച്ച പ്‌ളെയിന്‍ കുപ്പിവളകളുണ്ട് അതില്‍. പന്ത്രണ്ടു വള അടുക്കിയിട്ടിട്ടും അതെന്റെ തോട്ടിക്കൈയുടെ കാല്‍ഭാഗം വരെപ്പോലും എത്താത്തതു കണ്ട്, വള-ദാതാവ് ‘നിനക്കു വാങ്ങുമ്പോ ഡസന്‍ കണക്കിന് വാങ്ങണം അല്ലേ’ എന്ന കരിമ്പച്ച തിരിച്ചറിവിലെത്തി. വളപ്പേടകങ്ങള്‍ ഏറെയുണ്ടായിട്ടും ആ കാര്‍ഡ് ബോര്‍ഡ് ബോക്‌സിന്റെ വക്ക് കീറിത്തുടങ്ങിയിട്ടും അത് കളയാന്‍ തോന്നാറില്ല. അതൊരു മുഴുഹൃദയത്തില്‍ നിന്ന് വൈകി വന്ന ഇഷ്ടപ്പെയ്ത്താണല്ലോ.

വയലറ്റ് വള, ഗില്‍റ്റു പതിച്ചത്-അത് ഒരു കുറ്റബോധമാണ്. അത് തന്ന കഥ-ആരാധികയെ ഓര്‍ത്തെടുക്കാനാവുന്നതേയില്ല. ദൈവമേ, എന്തൊരു പാതകമാണ് എന്റെയീ മറവി എന്ന് അതിലെ ഗില്‍റ്റ് എന്റെ കൈയിലും കവിളിലും മനസ്സിലും വരെ പറ്റിപ്പിടിക്കുന്നു. എവിടെയോ വച്ച് ഒരു പ്രോഗ്രാം നടക്കുമ്പോള്‍, എന്നെ കാണാന്‍ വന്നിട്ട് തന്നതാണവ. ബാക്കികഥ, എനിക്കെന്നെങ്കിലും ഓര്‍മ്മ വരുമായിരിയ്ക്കും അല്ലെങ്കില്‍ ആ വളക്കാരി ഒരിക്കലെന്നെ വീണ്ടും കാണാന്‍ വരുമായിരിക്കും എന്നു ഞാന്‍ ആ വളപ്പാത്രമെടുക്കുമ്പോഴൊക്കെ വിചാരിക്കാറുണ്ട്.

ഓഫീസിടത്തിലെ അമ്മയില്ലാക്കൂട്ടുകാരി തന്നതാണ് ഞാനിന്നാള്‍ മാമ്പഴമഞ്ഞ ഉടുപ്പിനും കുങ്കുമ പലാസോയ്ക്കും ഒപ്പം ഇട്ട കുങ്കുമനിറ മുത്തുമണിമാല. കണ്ടാല്‍ കനമുണ്ടെന്നു തോന്നുന്ന കൈയിലെടുത്താല്‍ പഞ്ഞി പോലിരിക്കുന്ന മുത്തുമണിമാല. എന്റെ മെലിഞ്ഞ ജിറാഫ് കഴുത്തിന് നീളന്‍ മാല ചേരില്ല എന്നറിയാമെങ്കിലും സ്‌നേഹം കുഴച്ചു ചേര്‍ത്ത ആരാധന കൊണ്ടുതടവി എനിയ്ക്ക് കൂട്ടുവന്ന ആ ആള്‍ എന്തു തന്നാലും ഇടാതിരിക്കാന്‍ എനിക്കാവില്ലല്ലോ. സ്‌നേഹം കൊണ്ടുണ്ടാവുന്ന ചേര്‍ച്ചയോളം വലിയ ചേര്‍ച്ച മറ്റെന്താണുള്ളത്?

എവിടെയോ മറഞ്ഞുപോയ ആ ബന്ധത്തിനൊപ്പം ഒളിവില്‍പ്പോയ ആ മാല ഇന്നാള്‍ കണ്ടു കിട്ടിയപ്പോള്‍, അതിടാന്‍ വേണ്ടിയാണ് ഞാനന്ന് ആ മാമ്പഴനിറ-കുങ്കുമനിറ ഡ്രസിലേക്കു കൂപ്പു കുത്തിയത്. അതിട്ട ദിവസം പഴയ ചില കുറിപ്പുകളുടെ കൂട്ടത്തിലേക്ക് ഊളിയിട്ട് ഞാനവളുടെ കുറിപ്പ് കണ്ടുപിടിച്ച് അതിലെ കുനുകുനാ അക്ഷരങ്ങളിലേക്ക് കൂപ്പുകുത്തി. പന്ത്രണ്ടാം വയസ്സില്‍ അമ്മ മരിച്ച് രണ്ടാനമ്മയോടൊപ്പം കഴിഞ്ഞ അവള്‍, സ്‌ക്കൂളില്‍ സ്റ്റാമ്പിന് കൊടുക്കാന്‍ അമ്പത് പൈസയില്ലാതെ പോകേണ്ടിവന്ന അമ്മയില്ലാക്കാലത്തിലെ അരക്ഷിതത്വത്തെക്കുറിച്ചെഴുതിയ ആ കുറിപ്പ് ഇത്ര കാലമായിട്ടും ഞാനെന്റെ എഴുത്തുശേഖരങ്ങളുടെ കൂട്ടത്തില്‍ വച്ചിരിക്കുന്നതെന്തിനാണ്?priya a s , memories

മാതൃഭൂമിയിലെ ചീഫ് ആര്‍ട്ടിസ്റ്റായിരുന്ന ജെ ആര്‍ പ്രസാദ് എന്ന എന്റെ പ്രസാദേട്ടന്റെ ഭാര്യ വസന്തയാന്റി തന്ന ചുവപ്പു ചരടിലെ വലിയ ലോക്കറ്റ്, അവരുടെ ഒരു കൊല്ലം മാത്രം നീണ്ട തൃക്കാക്കരവാസം തന്ന സ്‌നേഹച്ചരടാണെനിയ്ക്ക്. ‘ഏദന്‍’ സിനിമയോളം വളര്‍ന്ന സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, ശാന്തി നികേതനില്‍ നിന്നു കൊണ്ടുവന്നു തന്ന മുള ലോലാക്ക് അതും സൂക്ഷിച്ചു വച്ചിട്ടുണ്ട്. കനമില്ലായ്മ കൊണ്ട് അതു വീണു പോയാലോ കാതില്‍ നിന്ന് എന്ന സ്‌നേഹാധിക്യം കൊണ്ട്, ഒരുപാടിഷ്ടമായിട്ടും അത് ഞാനധികം ഉപയോഗിക്കാറില്ല.

എന്റെ എഴുത്തിനോടിഷ്ടം എന്നുപറഞ്ഞ് ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട ലണ്ടന്‍കാരി കൊണ്ടുത്തന്ന ആഭരണങ്ങളുമുണ്ട് ഇടയില്‍. ലണ്ടനില്‍ നിന്നു അവര്‍ നാട്ടിലെത്തിയത് ഒരു മലിഗ്നന്‍സിയുടെ പിടിയിലാണെന്ന വിവരവും എനിയ്ക്ക് മാലകളും കൊണ്ടാണ്. ‘ഇനി ട്രീറ്റ്‌മെന്റ് തീര്‍ന്നതിനു ശേഷമല്ലേ വരാനും കാണാനും പറ്റൂ’ എന്നു ചോദിച്ചപ്പോള്‍, ഞാനവര്‍ താമസിക്കുന്ന ഹോട്ടലില്‍ പോയി കണ്ടു ചിരിച്ചുകെട്ടിപ്പിടിച്ചു. നോക്കൂ ഇനി ഞാനാ മാല അണിയുക, ‘തികച്ചും സുഖമായി’ എന്ന് ലണ്ടനില്‍ നിന്ന് വാര്‍ത്ത വരുമ്പോഴാണ്.

എം ജെ സിക്കാരിയായി ഫെയ്‌സ് ബുക്കില്‍ നിന്നു നേരെ എന്റെ വീട്ടില്‍ വന്ന കാലിഫോര്‍ണിയക്കാരിപ്പെണ്‍കുട്ടി തന്ന ആഭരണങ്ങള്‍ കൈയിലെടുക്കുമ്പോഴും സങ്കടം. അവള്‍ ഭര്‍ത്താവിനെ വിട്ട് തനിച്ച് ഒരപ്പാര്‍ട്ട്‌മെന്റിലേക്ക് മാറിയിരിക്കുന്നു. അയാള്‍ക്കവളെ വേണ്ടാതായ കാലത്തിന്റെ ബാക്കിപത്രത്തിലേക്ക് ഒറ്റയ്ക്കുനടന്നു ചെന്ന് ചിരിച്ചു നില്‍ക്കുന്ന സെല്‍ഫികളെടുത്ത് FBയിലിടുമ്പോള്‍,  കൂടെ താമസിച്ചയാള്‍ ‘ഗെ’ആണോ എന്നു പോലുമറിയില്ല എന്നവള്‍ പറയുമ്പോള്‍, ‘ഞാനിന്ന് ചെമ്മീന്‍ വാങ്ങി കറിവച്ച് തനിച്ചിരുന്നു കഴിച്ചു’ എന്നവള്‍ ചിരിക്കുമ്പോള്‍, ‘രണ്ടില്‍ നിന്നു വേര്‍പെട്ട് ഒറ്റയായവള്‍ എന്നറിയുമ്പോള്‍ നിറം മാറുന്ന പുരുഷ സുഹൃത്തുക്കള്‍ തന്നെ ഈ നാട്ടിലും’ എന്നു കേള്‍ക്കുമ്പോള്‍, അവള്‍ തന്ന പേള്‍ മാലയില്‍ വിരലോടിച്ച്,  ഈ വെണ്മ അവളുടെ ജീവിതത്തിനിനി എന്നു പ്രാപ്യമാവും എന്ന് നോവുന്നെനിയ്ക്ക്.priya a s , memories, iemalayalam

ഞാന്‍ പല പല മൂഡോഫുകളിലൂടെ തെന്നിനീങ്ങുമ്പോള്‍ ‘അമ്മയ്ക്ക് മാലയുണ്ടാക്കിത്തരട്ടെ?’ എന്നു ചോദിച്ച് കുഞ്ഞികൈവിരലുകളില്‍ മാലയുണ്ടാക്കല്‍ മുത്തുകളും മാലയുണ്ടാക്കല്‍ ഉപകരണങ്ങളുമായി എന്റെയടുത്തേക്ക് വന്നിരുന്നു എന്റെ കുഞ്ഞു മകന്‍.  അവന്റെ കുഞ്ഞുഭാവനകള്‍ കൊണ്ടു ഇളം വിരലുകളിലൂടെ കോര്‍ത്തവയിലൂടെ വിരലോടിക്കുമ്പോള്‍, ‘ഇതിപ്പോഴും കൊള്ളാമോ അമ്മേ’ എന്നവന്‍ എന്റെ ചേര്‍ത്തുപിടിക്കലിനായി, ഒരു ഇഷ്ടനോട്ടത്തിനായി വന്നെന്റെ ഓരം ചേര്‍ന്നു നില്‍ക്കുന്നുണ്ടിപ്പോഴും.

ആഭരണങ്ങള്‍ കുന്നു കൂടിയിട്ട് വയ്ക്കാന്‍ സ്ഥലമില്ല. ഇതൊക്കെ ഇനി വല്ലവര്‍ക്കും കൊടുക്കാം എന്നു ഞാന്‍ ഇന്നാളൊരു ദിവസം നടത്തിയ ആത്മഗതത്തിനു മുന്നില്‍ വന്ന് മകന്‍ ഷോക്കടിച്ചതു പോലെ നിന്നു. എന്നിട്ട് ചോദിച്ചു.’അതൊക്കെയാണ് അമ്മയ്ക്ക് ആകെയുള്ള ഒരു എനര്‍ജി എന്നമ്മ പറയാറില്ലേ? അതൊക്കെയില്ലാതെ അമ്മ എങ്ങനെ ജീവിച്ചു പോകും?  ‘അവന്റ അങ്കലാപ്പു മുഖത്തില്‍ നിന്ന്, ‘കുഞ്ഞേ നിനക്കിത്രയുമെങ്കിലും അറിയാമല്ലോ അമ്മയെ’ എന്ന് ഒരു വായന നടത്തി, ‘വെറുതെ പറഞ്ഞതാ, ആര്‍ക്കും കൊടുക്കുന്നില്ല തത്ക്കാലം’ എന്നു പറയുമ്പോള്‍ മനസ്സും കണ്ണും നിറഞ്ഞിരുന്നു. ഒരു പൊട്ടു കമമലും പോലും ദേഹത്തിനസ്വാസ്ഥ്യമുണ്ടാക്കുന്ന ആശുപത്രിക്കാലങ്ങളില്‍, ഞാനാണോ ആഭരണക്കമ്പക്കാരിയായി ഏതോ വിദൂരജന്മത്തു നടന്നത് എന്നു ഞാന്‍ തികഞ്ഞ മനസ്സിലാകായ്മയോടെ ചിന്തിച്ചിരുന്നതും എനിക്കപ്പോള്‍ ഓര്‍മ്മ വന്നു.

വെറുതെയാണോ, മെയ്യാഭരണപ്പെട്ടിയടുക്കുമ്പോള്‍ ഞാന്‍ തളര്‍ന്നു കുഴഞ്ഞു പോകുന്നത്!ഓരോ ലോലാക്കും മുത്തും മാലയും വളയും പേറുന്നതെന്തെന്തു ഓര്‍മ്മകളെയാണ്… ഈ മെയ്യാഭരണപ്പെട്ടികളില്‍ മുഴുവന്‍ ഓര്‍മ്മകളാണല്ലോ, അതോ കാലങ്ങള്‍ തന്നെയോ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook