ദീപാവലി ദിവസമായിരുന്നു മുത്തച്ഛന്റെ പിറന്നാള്‍.തലയുയര്‍ത്തിപ്പിടിച്ച് കൈകള്‍ വീശി വീശി ഗാംഭീര്യത്തോടെ, പോക്കുവെയിലിലൂടെ വെളുത്തമുണ്ടും തേച്ചുവടിപോലെയാക്കിയ വെളുത്ത കട്ടിക്കോട്ടണ്‍ ഷര്‍ട്ടുമിട്ട് , ചമ്മനാട്ടുവെളിയിലിരുന്ന് ചീട്ട് കളിക്കുന്ന വയസ്സന്‍സംഘത്തില്‍ ചേരാനായി നടന്നുപോകുന്ന മുത്തച്ഛന് സ്‌ക്കൂള്‍ വിട്ടു വരുന്ന ഹാഫ് പാവാടക്കാരി-ഞാന്‍ വഴിയില്‍ വച്ചു കണ്ട് ഒരു ചിരി കൊടുക്കും.. ആ ചീട്ടുകളിക്കാര്‍ ഒരിക്കലും, ചമ്മനാട്ടുവെളിക്കപ്പുറമുള്ള മത്തപ്പാടത്തിന് നടുവിലെ വരമ്പവസാനിക്കുന്ന അമ്പലത്തിലേക്ക് കയറിപ്പോയില്ല.

പക്ഷേ ദീപാവലി രാവിലെ, താന്‍ തന്നെ ഒരു ദീപാവലിയാണെന്ന പോലെ തിളക്കവും ചിരിയും, കണ്ണില്‍ ചുണ്ടില്‍ കവിളില്‍ ഒക്കെ നിറച്ച് മുത്തച്ഛന്‍ ചമ്മനാട്ടമ്പലത്തിലേയ്ക്ക് പോയി. ദീപാവലിയുടെ നരകാസുരക്കഥകള്‍ മുത്തച്ഛന്‍ വിസ്തരിക്കുന്നതും കേട്ട് മുത്തച്ഛനകമ്പടിയായി ഞാനും പോയി ദീപാവലിയമ്പലത്തിലേയ്ക്ക്. നടയ്ക്കല്‍ നിന്നു തൊഴുത് മുത്തച്ഛന്‍ ഒരു വെള്ളിനാണയം കാണിക്കയായിട്ടു. ഒരു രൂപാ നാണയത്തിന് വെള്ളി നാണയം എന്നാണ് മുത്തച്ഛനെന്നും പറഞ്ഞിരുന്നത്. മുത്തച്ഛന്റെ അമ്മ, കാണിക്കയിടാന്‍ കൊടുത്തിരുന്ന പഴയകാലത്തെ ചക്രം, കാണിക്കപ്പാത്രത്തിലാതെ തിരിച്ചു കൊണ്ടുവന്ന് അച്ഛനില്ലാതെ വീട് തുഴയുന്ന അമ്മയ്ക്ക് തന്നെ കൊടുത്തിരുന്ന ബാല്യകാല ജീവിതത്തിന്റെ കഷ്ടതകള്‍, ദാരിദ്ര്യം ഒക്കെ മുത്തച്ഛനപ്പോള്‍ ഒന്നു കൂടി പറയും. ദൈവത്തേക്കാള്‍ പ്രധാനം വയറാണ് എന്നു തിരിച്ചറിഞ്ഞിരുന്ന മുത്തച്ഛന്‍-കുട്ടിയെ ഞാനപ്പോഴെല്ലാം കണ്‍വിടര്‍ത്തിക്കണ്ടു.

വിഗ്രഹങ്ങള്‍ കല്ലുകളാണെന്നും അവയെല്ലാം തന്നെ കല്ലുകളിലെ കലാപരതയാണെന്നും എണ്ണവിളക്കുകള്‍ മുനിഞ്ഞു കത്തുന്ന ശ്രീകോവിലുകള്‍ മായിക സൗന്ദര്യത്തിന്റെ കൂടാരങ്ങളാണെന്നും പഠിച്ചത് മുത്തച്ഛനുമായുള്ള കൂട്ടുകെട്ടില്‍ നിന്നാണ്. വിഗ്രഹങ്ങളെ കണ്‍തുറന്നുനോക്കിയാണ് നടയില്‍ നില്‍ക്കേണ്ടതെന്നും വിഗ്രഹത്തിന്റെ കൊത്തുപണികളിലേക്കും അതിലെ ചന്ദനച്ചാര്‍ത്തിലേക്കും ആണ് കണ്ണുപോകേണ്ടതെന്നും പഠിച്ചത് അങ്ങനെയാണ്.പെണ്‍തലമുടിത്തു മ്പിലൂടെ ഇറ്റു വീഴുന്ന വെള്ളവും ആണ്‍ശരീരത്തിലെ ഷര്‍ട്ടില്ലായ്മ കാരണം അനുഭവിക്കേണ്ടി വരുന്ന വിയര്‍പ്പൊട്ടലും എന്നെല്ലാമുള്ള അസഹ്യാനുഭവത്തിന് നഷ്ടപരിഹാരമായിരുന്നു ചമ്മനാട്ടമ്മയുടെ കഴുത്തിലെ ചോന്ന മുളകുചെമ്പരത്തിപ്പൂ അടുക്കിവച്ച് നെയ്ത മാല, വിഗ്രഹത്തിന് പിന്നിലെ ഗോളകയുടെ ഓരോ ഇതളിലും വീണുതിളങ്ങുന്ന ചോപ്പുവെളിച്ചക്കാഴ്ച.priya a. s, memories,temple

ചമ്മനാട്ടമ്പലത്തിലെ ആറാട്ടുകഴിയുന്നതിന്റെ പിറ്റേന്നാണ് ഗരുഡന്‍തൂക്കം. വീടിന് തൊട്ടുത്തുള്ള കണ്ണുകുളങ്ങര അമ്പലത്തില്‍ നിന്ന് വാദ്യമേളങ്ങളും തീവെട്ടിയും കതിനയുമായി ഗരുഡന്‍ തൂക്കവേഷം പുറപ്പെടുമ്പോള്‍, അച്ഛനും ഞാനും അനിയനും ആ സംഘത്തില്‍ ചേരും. നാഷണല്‍ ഹൈവേയോടു തൊട്ടുള്ള അമ്പലക്കുളത്തില്‍ വാഹനങ്ങളു ടെയും കോല്‍വിളക്കുകളുടെയും തീവെട്ടികളുടെയും വെളിച്ചം തിളങ്ങിപ്പടരും. തീവെട്ടിയിലേയ്ക്ക്, ‘തെള്ളി’ എന്ന പൊടി തൂവുമ്പോള്‍ ഓരോ തിരി നാളവും ഭും എന്ന് ആളിക്കത്തും പല നിറങ്ങളില്‍. അതൊക്കെയായി രുന്നു അന്ന് ദൈവം.

കമലുവമ്മ എന്ന അമ്മൂമ്മ, വടക്കനപ്പനും തെക്കനപ്പനും എന്ന് ഇരട്ട അമ്പലങ്ങളുള്ള തുറവൂരുകാരിയായിരുന്നു.നരസിംഹമൂര്‍ത്തിയും സുദര്‍ശനമൂര്‍ത്തിയും തൊട്ടുതൊട്ട്. ദീപാവലിയാണ് അവിടെ ഉത്സവനേരം. ഞാന്‍ അസുഖങ്ങളില്‍ നിന്നും ആശുപത്രികളില്‍ നിന്നും രക്ഷപ്പെട്ട് നേരാംവണ്ണമാകുമ്പോള്‍ എന്നെയും കൂട്ടി അമ്മൂമ്മ, തുറവൂരമ്പലത്തില്‍ പോയി. അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടായ നൂറ്റൊന്നു വെടിക്ക് സ്വന്തം സമ്പാദ്യത്തില്‍നിന്ന് പൈസ കൊടുത്ത് ചീട്ടെഴുതിച്ചു അമ്മൂമ്മ… ശബ്ദകോലാഹലം ഇഷ്ടമല്ലെങ്കിലും ‘ഞാന്‍ ഒരു സുപ്രധാന വ്യക്തിയാണ്’ എന്ന സന്തോഷത്തിനെ അരക്കിട്ടുറപ്പിക്കുന്ന ഒരു പ്രിയ-ഐറ്റമായിരുന്നു എനിക്കാ വെടിവഴിപാട്. ഒരു പിച്ചകവും ചോന്ന ചെത്തിയും ഹിരണ്യകശിപുവിനെ കൊന്ന ശേഷമുള്ള നരസിംഹമൂര്‍ത്തിയെ തൊഴുതു നില്‍ക്കുന്ന പ്രഹ്‌ളാദനും ചേര്‍ന്ന ഒരു പെയിന്റിങ്ങും നിറഞ്ഞ അകക്കോണായിരുന്നു എനിക്കവിടെ ഏറ്റവുമിഷ്ടം. അതിലെ പ്രഹ്‌ളാദന്‍ കുട്ടിരൂപത്തിലല്ലാത്തത് ,കുട്ടിയായ ഞാന്‍ എന്നും അതിശയത്തോടെയാണ് കണ്ടത്. സാമാന്യം തടിയുള്ള, ഇരുണ്ട നിറമുള്ള, വെളുത്ത മുണ്ടുടുത്ത,ഒത്ത ശരീരമുള്ള,തികച്ചും മലയാളിമട്ടുള്ള പ്രഹ്‌ളാദന്‍, ഗ്രാമ്യവത്ക്കരിക്കപ്പെട്ട പ്രഹ്‌ളാദനായിരുന്നു. ഏറെക്കാലം കൂടി ഈയടുത്തുപോയപ്പോഴും തുറവൂരമ്പലത്തില്‍ ആ മൂലയില്‍ അതേ പെയിന്റിങ്ങുണ്ട്.പിച്ചകവും ചെത്തിയും കളഞ്ഞ് കരിങ്കല്‍ പാകിയിരിക്കുന്നു അമ്പലത്തിനകം. മുറ്റത്തെ പച്ചപ്പു പോയി മരുഭൂമി പോലെയായിട്ടുണ്ട്. അമ്പലം എന്തോ, പഴയ രസക്കാഴ്ചയായി തോന്നിയില്ല.

ഒരിക്കലും താലിയിട്ട് കണ്ടിട്ടില്ലാത്ത അമ്മൂമ്മ, മുത്തച്ഛന്‍ മരിച്ച ശേഷവും കുങ്കുമപ്പൊട്ടു തൊട്ട്, നിറമുള്ള മുണ്ടും നേര്യതുമിട്ട് കൂട്ടിനാരുമില്ലാതെ തന്നെ ബസ്‌കയറി തുറവൂരമ്പലത്തിലെ വിശേഷദിവസങ്ങളിലേക്ക് പോയി ‘കുങ്കുമം തൊട്ടു തരൂ’ എന്നു പറഞ്ഞ് നെറ്റി കാണിച്ച് എന്റെ മുമ്പില്‍ നിന്നിരുന്ന കമലുവമ്മ എന്ന എന്റെ സുന്ദരിയമ്മൂമ്മ, തലയെടുപ്പുള്ള കൂസലില്ലായ്മയാണ് ദൈവം എന്നു പറഞ്ഞുതന്നിരുന്നതായി ഇന്നു മനസ്സിലാകുന്നു.

ജോലി കിട്ടി ഏറ്റുമാനൂരുകാരിയായപ്പോള്‍, ഒരു ചിട്ടയുമില്ലാത്ത ജീവിതം എന്ന തിരിച്ചറിവോടെ, വെളുപ്പിനുണര്‍ന്ന് നിര്‍മ്മാല്യം തൊഴാന്‍ പോകുന്നത് പതിവാക്കി. പ്രായം ചെന്നവര്‍ മാത്രം തൊഴാന്‍ വന്നിരുന്ന ആ വെളുപ്പാന്‍ കാലം, വേരുറപ്പുള്ള ബന്ധങ്ങള്‍ പ്രായമായവരുമായി തന്ന് ശരിക്കും ആ നാട്ടുകാരിയാക്കി. എന്നും വിഗ്രഹത്തില്‍ ചാര്‍ത്താന്‍ പൂമാലകള്‍ വാങ്ങി നടക്കല്‍ വച്ചത്, സ്വയം ഒരു ആഭരണപ്രിയയായതിനാ ലാവും. പൂമാലകള്‍ അടുക്കിയടുക്കി ചാര്‍ത്തി, ഭംഗിയായോ എന്ന് മാറി നിന്ന് ചാഞ്ഞുചരിഞ്ഞ് പൂജാരി നോക്കുന്ന ഒരു നോട്ടമുണ്ടായിരുന്നു അന്നൊക്കെ. ആ നോട്ടത്തിലാണ് ഞാന്‍ അന്നൊക്കെ ദൈവത്തെ കണ്ടിരുന്നത്.priya a. s, memories,temple

വയലാര്‍ രാമവര്‍മ്മ വന്ന് ഭജനയിരുന്ന അമ്പലമാണ് ‘തിരുനാഗത്തളയിട്ട’ ഏറ്റുമാനൂര്‍ എന്നതിനാല്‍ എന്നും രാവിലെ വയലാറിനെ ഓര്‍ത്തു. എന്‍ എസ് മാധവന്റെ ‘കപ്പിത്താന്റെ മകള്‍’ എന്ന കഥയില്‍ ഏറ്റുമാനൂരമ്പ ലത്തിലെ ചുവര്‍ച്ചിത്രത്തിനെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നതിനാല്‍ ആ പെയിന്റിങ്ങിലേയ്ക്ക് നോക്കി മാധവനെയും ദൈവത്തെപ്പോലെ ഓര്‍ത്തുപോന്നു. അവിടെ ദേവപ്രശ്‌നം നടക്കുമ്പോള്‍.ലീവെടുത്തുപോയിരുന്ന് കഥ പോലെ രസിച്ച് പ്രശ്‌നഫലങ്ങള്‍ കേട്ടു. പ്രശ്‌നം വയ്ക്കുന്ന, അൽപ്പം കഷണ്ടിയുള്ള നമ്പൂതിരിയുടെ തലമുടി ഉച്ചിയിലേക്ക് തൂത്തുകെട്ടി വച്ച് അതില്‍ ഒരു മയില്‍പ്പീലി തിരുകിയാല്‍, ഇത്തിരി പ്രായം ചെന്ന കൃഷ്ണന്‍ തന്നെ എന്നൂറിച്ചിരിച്ച് മുന്‍വശത്തുതന്നെ പോയിരുന്ന് ആളെ നോക്കി രസിച്ചു. ഏഴരപ്പൊന്നാനയും മറക്കാനാവാത്ത കാഴ്ചയായി ഞാന്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നുണ്ട്. ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവപ്പതിവിനോട് കടുത്ത എതിര്‍പ്പുള്ളിലുണ്ടെങ്കിലും രാത്രിയിരുട്ടിലെ തീവെട്ടിപ്പെരുമയില്‍ നെറ്റിപ്പട്ടങ്ങളും എഴുന്നള്ളത്തിന് മുന്നിലെ ഉയരമുള്ള തട്ടിലേറ്റി നിര്‍ത്തിയ ഏഴുപൊന്നാനകളും കുഞ്ഞായതു കൊണ്ടാവും ഒരാള്‍ അരുമയായി തോളിലേറ്റി നിരന്തരം നടന്നുകൊണ്ടേയിരിക്കുന്ന മട്ടിലെ അരപ്പൊന്നാ നയും ചേര്‍ന്ന കാഴ്ച, ഇപ്പോഴും എന്നെ ഏറ്റുമാനൂരിലേയ്ക്ക് മാടി വിളിക്കുന്നു. വേലകളി നടക്കുന്ന ഉത്സവ വൈകുന്നേരങ്ങള്‍ പിന്നെ എസ് ഹരീഷിന്റെ ‘താത്തിന്തകത്തോം’ കഥയില്‍ കണ്ടപ്പോഴും കാലത്തിലൂടെ പിന്നോക്കം നടന്നുപോയി. ഏറ്റുമാനൂരിന്റെ ആകാശം ഇപ്പോള്‍ ട്രെസ് വര്‍ക് ചെയ്ത് മഴ വീഴാതെ, വെയില്‍ വീഴാതെ സൂക്ഷിക്കുന്നതിനാല്‍ എനിക്ക് ഇപ്പോള്‍ അവിടെ ചെന്നാല്‍ ആകാശചാരികളായ എന്റെ ദൈവങ്ങളെ കാണാനാകാറില്ല.

ഒരിക്കല്‍ എം. ജയചന്ദ്രന്റെ ഗാനമേള കേള്‍ക്കാന്‍ ഏറ്റുമാനൂരിനടു ത്തുള്ള മള്ളിയൂര്‍ അമ്പലമൈതാനത്തില്‍ പോയപ്പോള്‍, പച്ചപ്പുല്ലു പൊതിഞ്ഞ ആ ഒട്ടു ചരിഞ്ഞ ഭൂമി എന്നെ മോഹിതയാക്കി, മള്ളീയൂര്‍ ഗണപതി അമ്പലത്തിനുള്ളിലേക്കാവാഹിച്ചെത്തിച്ചു. ഓട് പൊട്ടിയ, കഴുക്കോലിളകിയ, ‘ഇവിടെ കണ്ടു പരിചയമില്ലല്ലോ ,എവിടുന്നാ ‘എന്ന് പൂജാരിമാര്‍ ഏതു തിരക്കിലും ചോദിക്കുന്ന ആ അമ്പലം എന്തൊരു ലളിതമാണ് ഭക്തി എന്നു പറഞ്ഞുതരികയും ഞാന്‍ പിന്നെയും അവിടെ പോവുകയും അമ്പലത്തിന്റെ പിന്‍വശമുറ്റത്തെ മരച്ചോട്ടില്‍ നിന്ന് അപ്പുറത്തെ പച്ചക്കൃഷിപ്പാടങ്ങള്‍ നോക്കി കണ്ണു തണുപ്പിക്കുകയും ചെയ്തു. പിന്നൊരിക്കല്‍ ചെന്നപ്പോള്‍ മുറ്റത്ത് മരമില്ല, അമ്പലത്തിനക ത്തൊക്കെ ഗ്രനൈറ്റ്.എന്തോ ,വലിയ അപരിചിതത്വം തോന്നി. അവിടുത്തെ ഗണപതിയും ശ്രീകൃഷ്ണനും എന്നെ ഒട്ടും തണുപ്പിച്ചുമില്ല. പോകണമവിടെ എന്ന് ഇപ്പോള്‍ തോന്നാറില്ല. തൊട്ടപ്പുറത്തെ ആദിത്യ ക്ഷേത്രം, കൂറ്റന്‍ വാളന്‍പുളിമരവുമായി മിണ്ടിപ്പറഞ്ഞ് നിന്നിരുന്ന ആ പഴയ നില്‍പ്പും ഇപ്പോള്‍ മാറിയോ എന്നറിയില്ല.

വല്ലപ്പോഴും ഗുരുവായൂര് പോയിരുന്നു.രണ്ട് ക്യൂവില്‍ ഏതാണ് ഒറിജിനല്‍ എന്ന തര്‍ക്കം , ‘തെണ്ടീ’ എന്നൊക്കെയുള്ള അരുമ വിളികളോടെ വന്‍കോലാഹലമായി പരിണമിക്കെ, സഹജീവിയോട് എങ്ങനെ പെരുമാറാനറി യണമെന്നറിയാത്തവരാണോ ദൈവത്തെ തൊഴാന്‍ നില്‍ക്കുന്നതെന്ന് എന്നെ കലി ബാധിച്ചു.അതോടെ നിര്‍ത്തിയ ഗുരുവായൂര്‍പ്പോക്ക് , പിന്നെ മകനുണ്ടായപ്പോള്‍ ചോറൂണ് ചടങ്ങായി രൂപാന്തരം പ്രാപിച്ചു. നട്ടപ്പറവെയിലത്ത് കുഞ്ഞിത്തുണിത്തൊപ്പി വച്ച് ഒക്കത്തിരുത്തിയ കുഞ്ഞുമായി നിന്ന എനിക്ക് , ‘ആ തൊപ്പി ഊരൂ’ എന്നു ഗോപുരവാതിലിന് മുന്നേ നിര്‍ദ്ദേശം കിട്ടുകയുണ്ടായി. ആ പറച്ചിലിനോട് , ‘പിന്നെ മയില്‍പ്പീലി ചൂടി വരാന്‍ പറ്റുമോ’ എന്ന് ചോദിച്ച എന്റെ പ്രതിഷേധം അവര്‍ കേട്ടതുകൂടിയില്ല. ഉരുളിക്കകത്ത് കാലിട്ടിളക്കി മഞ്ചാടി കാല്‍വിരലിനു ള്ളില്‍ ഇറുക്കിപ്പിടിച്ച് സംഭരണക്കുടുക്കയായി നിന്ന മകന്റെ ഓരോ വിരലും വിടര്‍ത്തി മഞ്ചാടിമണികള്‍ ഉതിര്‍ത്തിടുമ്പോള്‍, അവന്‍ ചിരിച്ച പല്ലില്ലാച്ചിരിയായിരുന്നു എനിക്കന്ന് ദൈവം.പിന്നൊരിക്കല്‍ ചന്ദനത്തിനായി കൈ നീട്ടിയപ്പോള്‍,ചീട്ട് ചോദിച്ചതോടെ ചന്ദനത്തിനും കാശ് വാങ്ങിക്കുന്ന കൃഷ്ണനോട് ഞാന്‍ പിണങ്ങി. അല്ലെങ്കിലും യേശുദാസ് പാടിയ പാട്ടുകളുമായിരിക്കുന്ന കാസെറ്റുകടകളില്‍ കറങ്ങിനടക്കുകയാണ് കൃഷ്ണനെന്നാണ് എന്റെ വിചാരം എന്ന് ഒരു യേശുദാസ് കുറിപ്പില്‍ ഞാനെഴുതിയിട്ടുണ്ട്. യേശുദാസിന്റെ പാട്ടിലെ ഹിന്ദുത്വം വേണം, യേശുദാസിന്റെ ജന്മത്തിലെ ക്രിസ്ത്യാനിയെ വേണ്ട എന്നു പറഞ്ഞ് യേശുദാസിനെ പുറത്തുനിര്‍ത്തി, ‘ഗോപകുമാരനെ ഒരു ദിവസം ഞാന്‍ കാണും’ എന്നു പാടിക്കുന്നവനല്ല ഒരിക്കലും എന്റെ കൃഷ്ണന്‍. ഒരു കൃഷ്ണനാട്ട വഴിപാട് നേര്‍ന്നത് ഇപ്പോഴും കടമുണ്ട്. രാത്രി, ആളൊഴിഞ്ഞ നാലമ്പലത്തില്‍ നിലത്തു ചടഞ്ഞിരുന്നു കണ്ട കൃഷ്ണനാട്ടത്തിന്റെ താളം ഭ്രമിപ്പിച്ചതു കൊണ്ടു നേര്‍ന്ന വഴിപാടാണ്. പക്ഷേ എന്തോ ഗുരുവായൂര്‍ കാര്‍ക്കശ്യങ്ങള്‍ എന്നെ മടുപ്പിക്കുന്നതിനാല്‍ കൃഷ്ണനാട്ടവേദി ഇപ്പോഴെന്റെ മനസ്സാണ്.

പൂമൂടല്‍ ഹരമായ കാടാമ്പുഴ ദേവിയെ കാണാനും പോയിട്ടുണ്ട്. നിലത്ത് പൂമൂടിയിരിപ്പായ ദേവിയെ കാണാന്‍ കണ്ണൂകൂര്‍പ്പിച്ചു നില്‍ക്കുമ്പോഴാണ്, ശ്രീ കോവിലിനകത്തുനിന്ന് ‘പ്രിയ എ എസല്ലേ’ എന്ന ചോദ്യം കേട്ടത്. പകച്ചുപോയി.കഥകളിലെപ്പോലെയോ ,അശരീരിയോ എന്ന് സ്ഥലജലഭ്രമം ഉണ്ടായി.കഥ വായിക്കുന്ന പൂജാരി വെളിച്ചത്തിലേക്ക് ചിരിച്ചു കൊണ്ടിറങ്ങിവന്ന് അത്ഭുതപ്പെടുത്തി.തൃക്കാക്കരക്കാരിയായപ്പോഴും ശ്രീകോവിലിലെ ഇരുട്ടുമൂലയില്‍നിന്ന് ഇതേ പോലൊരു ചോദ്യം വന്നു. ‘അമ്മേം കുഞ്ഞുണ്ണീം അല്ലേ?’ അന്നും ഒരു നിമിഷത്തേയ്ക്ക്, ദൈവം തന്നെയോ എന്ന് ഭ്രമിച്ചുപോയി .പിന്നെ പലപ്പോഴും അതേ പൂജാരി, ആണ്ടിലും സംക്രാന്തിക്കും മാത്രം അമ്പലത്തില്‍ ചെല്ലുന്ന എന്നെ അമ്പലമുറ്റത്ത് പിടിച്ചുനിര്‍ത്തി, അമ്പലങ്ങള്‍, മന്ത്രങ്ങള്‍, പൂജകള്‍ ഒക്കെ നാട്യങ്ങളാകുന്നതിനെ കുറിച്ച് ഞാനെഴുതണം എന്നു പറഞ്ഞു. ജീവിതം തരുന്ന മടുപ്പു മാറ്റാനായി, ആകാശം കണ്ടുകണ്ട് ആരോടും മിണ്ടാതെ മൂന്നു പ്രദക്ഷിണം വയ്ക്കാന്‍ ചെന്ന ഞാന്‍, ദൈവത്തിന്റെ പ്രതിനിധിയുടെ പരാതികള്‍ കേട്ട് ‘എന്തു ചെയ്യേണ്ടൂ’ എന്ന ചിന്താവിഷ്ടയായി നിന്നു. എന്റെ അമ്മ എപ്പോഴും എന്നോട് പറഞ്ഞു, ‘നീ അമ്പലത്തില്‍ പോയില്ലെങ്കിലും മാസത്തിലൊരു തവണ ലീലാവതി ടീച്ചറിന്റെ അടുത്തുപോയി വരണം’. തൊട്ടടുത്തുതന്നെയുള്ള ആ ലീലാവതീവീട്ടില്‍ പോയി വരുമ്പോള്‍ കിട്ടുന്ന വ്യക്തവും കൃത്യവുമായ വെളിച്ചത്തിന് ,തീര്‍ച്ചയായും ദൈവമെന്ന് തന്നെയാണ് പേര്. തൃക്കാക്കര അമ്പലത്തിനു മുന്നിലെ ആല്‍ത്തറയില്‍ എന്നും കൂട്ടുകാരുമൊത്തു പോയിരിക്കാറുള്ള എന്റെ അച്ഛന്‍, എന്റെ അസുഖമൂര്‍ദ്ധന്യകാലങ്ങളെയും ആല്‍ത്തറയിരിപ്പു കൊണ്ടുതന്നെ നേരിട്ടു. ഉള്ളിലെ ദൈവങ്ങളോടേ അച്ഛനെന്നും പ്രാര്‍ത്ഥിച്ചുള്ളൂ.

ഞാനോ, എപ്പോഴും എഴുത്തച്ഛന്റെ രാമായണത്തിലെ ഇഷ്ടദേവതാ വന്ദനം ചൊല്ലി എന്റെ സരസ്വതിയെ വിളിക്കുന്നു.
“വാണീടുകനാരതമെന്നുടെ നാവു തന്മേല്‍ വാണീമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ !
നാവിന്‍മേല്‍ മുദാ നടനം ചെയ്‌കേണാങ്കാനനേ യഥാ കാനനേ ദിഗംബരന്‍….
വാരിധിതന്നില്‍ തിരമാലകളെന്നപോലെ ഭാരതീ !പദാവലി തോന്നേണം കാലേകാലേ.”
ഞാന്‍ പോകാത്ത കൊല്ലൂര്‍ മൂകാംബികയില്‍ നിന്ന് ദേവി ഇറങ്ങി, ‘ദൂരയാത്ര വയ്യല്ലേ’ എന്നു ചോദിച്ചു എന്നെ കാണാന്‍ വരുന്നതു കൊണ്ടാവും എരമല്ലൂരെ വീട്ടില്‍ ഞാന്‍ മാത്രമെപ്പോഴും പാദസരക്കിലുക്കം കേള്‍ക്കുന്നത് എന്നു ഞാന്‍ നിനച്ചുനോക്കുന്നു. രാജാരവിവര്‍മ്മയുടെ ഒരു സരസ്വതീചിത്രത്തിന്റെ പകര്‍പ്പ് വീട്ടിലുണ്ടായിരുന്നു പണ്ട്. സരസ്വതി എന്നോര്‍ക്കുമ്പോള്‍ മങ്ങിയ നിറങ്ങളുള്ള ആ ചിത്രത്തിലെ വീണയാവുന്നു മനസ്സ്. വേണ്ടപ്പോള്‍ തുണ വരുന്ന വാക്ക് എന്നല്ലാതെ, പ്രാര്‍ത്ഥന കൊണ്ട് ഞാനൊന്നും അര്‍ത്ഥിക്കാറില്ല.priya a. s, memories,temple

പോകണമെന്ന് വീണ്ടും വീണ്ടും തോന്നുന്നത് തിരുനെല്ലിയിലാണ്. അവിടമിപ്പോഴും പൊട്ടിയും പൊടിഞ്ഞുമാണ്. മുകളില്‍ ആകാശക്കടലുണ്ട്. ചുറ്റും പച്ചപ്പാണ്. മിനുക്കു പണികളില്ലാത്ത, തുറന്ന ആകാശപ്പരപ്പിന് കീഴെയുള്ളയിടങ്ങളിലേ ദൈവങ്ങള്‍ക്ക് ജീവിക്കാനാവൂ.ഇല്ലെങ്കിലവര്‍ ശ്വാസം മുട്ടിച്ചത്തുപോവും.

ശബരിമലയില്‍ പോയത് ഏഴാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ്. ഒരു പക്ഷേ അത്ര ദൂരം യാത്ര ചെയ്യുന്നതാദ്യമായിട്ടായിരുന്നു.അച്ഛനും കമലുവമ്മ, ചേര്‍ത്തലയമ്മ എന്ന രണ്ടമ്മൂമ്മമാരും ഞാനും കുഞ്ഞമ്മയുടെ മകന്‍ എന്ന അനിയനും യാത്രയുടെ പെരിയ സ്വാമിയായ ബേബിച്ചേട്ടനും ചേര്‍ന്ന യാത്രാസംഘം. ഞങ്ങള്‍ കുട്ടികള്‍, മല ഓടിയോടിക്കയറി ഓടിയോടിയിറങ്ങി. രാത്രിയില്‍ വിരി വിരിച്ചു കിടന്ന ഓല മേഞ്ഞ അതിവിസ്തൃതമായ താവളം,അവിടെ നിന്ന് കുടിച്ച കട്ടന്‍കാപ്പിയുടെ മധുരം, അവിടുത്തെ തവിട്ടു നിറമുള്ള മഞ്ഞുരാത്രി, പമ്പയില്‍ നിന്നെടുത്തു കൊണ്ടുപോന്ന രണ്ട് ഉരുളന്‍ കല്ല്, തൊഴുതിറങ്ങിയ ശേഷം ചമ്മന്തിപ്പൊടി കൂട്ടി കഴിച്ച പടച്ചോറ് ഇതൊക്കെയേ ഓര്‍മ്മയുള്ളു. അയ്യപ്പനെ തൊഴുതത് ഓര്‍മ്മയിലേയില്ല. ഐതിഹ്യമാലയിലൂടെ പരിചയപ്പെട്ട മാളികപ്പുറത്തമ്മയെയാണ് അന്ന് കാണാന്‍ തിടുക്കമായത്. കണ്ടപ്പോളിഷ്ടമായതും അവരെയാണ്. നെയ്യും തേങ്ങയും ചേര്‍ന്ന് സദാ തീയാളലാവുന്ന കമ്പിവേലിക്കകം ഓര്‍മ്മയിലിപ്പോഴും തെളിഞ്ഞു കത്തുന്നുണ്ട്.യാത്രയിലെ കൂട്ടായ്മയുടെ രസമായാണ് ശബരിമലയാത്ര ഇപ്പോഴും മനസ്സില്‍.ജീവിതത്തിലൂടെ നടക്കുമ്പോള്‍ വേണ്ടുന്ന ആ കൂട്ടായ്മയാണ് ഇപ്പോള്‍ ചിതറിത്തെറിച്ചു വിഘടിച്ചു നിലയ്ക്കലില്‍ വിറളി പൂണ്ടു നിലകിട്ടാതെ നില്‍ക്കുന്നത്.

എന്റെ സ്വന്തം ചമ്മനാട്ടമ്പലത്തില്‍ തൊഴുതു നില്‍ക്കുമ്പോഴാണ് അടുത്തയിടെ മകന്‍ ചോദിച്ചത്, നമ്മളെ രക്ഷിക്കാനിരിക്കുന്ന ദേവിയെ രക്ഷിക്കാനെന്തിനാ ക്യാമറ വച്ചിരിക്കുന്നത് ? തിരിഞ്ഞുനിന്നു ക്യാമറയെ നോക്കി ചിരിച്ചുപോയി.

മകനോട് അവനു വാക്കുറയ്ക്കാത്ത പ്രായത്തില്‍ അവന്റെ അമ്മ ചോദിക്കുമായിരുന്നു.
“അമ്മയ്ക്ക് കുഞ്ഞിനെ തന്നതാര് ?”
അവനുത്തരം പറയും -“ദെയ്‌വോം”

‘ആകാശത്ത് നക്ഷത്രം വാരി വെതറിയതാര് ?’
അവന്‍ പറയും -“ദെയ്‌വോം”

‘കടലില്‍ ഉപ്പു കലക്കിയതാര് ?’
അവന്‍ പറയും -“ദെയ്‌വോം”

കുട്ടിത്തവും നക്ഷത്രവും കടലും ചേര്‍ന്ന ദൈവങ്ങളെ,വാക്കുറക്കാത്ത പ്രായത്തിലേ കാണാന്‍ പറ്റുകയുള്ളോ ?

പൂജവെയ്പുനേരത്ത് ദൈവം, കക്ഷിയുടെ പരീക്ഷാക്കോലാഹലം കഴിഞ്ഞ് ആകാശത്ത് യഥേഷ്ടം ടി വി കാണാന്‍ പോയിരിക്കയാണെന്നും ‘അമ്മ , എന്നോട് നീ നിന്റെ ക്‌ളാസിലെ ശരണ്യയെ കണ്ടു പഠിക്ക് എന്നു പറയാറില്ലേ അതുപോലെ ആ ഗണപതിയെയും സരസ്വതിയെയും കണ്ടു പഠിക്ക് എന്നാണ് ഉഴപ്പന്മാരായ കൃഷ്ണനോടും സുബ്രഹ്മണ്യനോടും കാളിയോടും ദൈവങ്ങളുടെ അമ്മ പറയുന്നത് ‘ എന്നും പറയുന്ന പന്ത്രണ്ടുകാരന്‍ കുട്ടിയുടെ മനസ്സിനു മുകളില്‍ മതം, ട്രസ് വര്‍ക് നടത്തിയിട്ടില്ല. അവന് തത്ക്കാലം ആകാശം കാണാം.അതിന്റെ പരപ്പും.

അവനെ സംബന്ധിച്ചിടത്തോളം, നിലയ്ക്കാത്ത സ്‌നേഹത്തിന്റെ പേരാണ് ദൈവം. നിലയ്ക്കലെ പോരിന്റെ പേരല്ല ദൈവം. അവന്റെ ‘ദൈവത്തെ കാണല്‍’ ഒരിക്കലും നിലയ്ക്കാതിരിക്കട്ടെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook