scorecardresearch
Latest News

തട്ടത്തിന്‍ മറയത്തെ ക്യാന്‍സര്‍ സ്പര്‍ശങ്ങള്‍

“വേദനകള്‍, തലയുയര്‍ത്തി നടന്ന് നേരിടാനുള്ളതാണ്. കെട്ടിപ്പൊതിഞ്ഞ് പൂഴ്ത്തിവയ്ക്കാനുള്ളതല്ല” പ്രിയം അപ്രിയം പംക്തിയിൽ പ്രിയ എ എസ് എഴുതുന്നു

തട്ടത്തിന്‍ മറയത്തെ ക്യാന്‍സര്‍ സ്പര്‍ശങ്ങള്‍

ഡോക്ടര്‍ വി പി ഗംഗാധരന്‍ എന്ന രാജ്യാന്തര പ്രശസ്തനായ ക്യാന്‍സര്‍ ചികിത്സകന്‍ എഡിറ്റ് ചെയ്ത ‘ക്യാന്‍സര്‍ കുക്കറി’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ പുസ്തകം ഏറ്റുവാങ്ങിയത് ഞാനാണ്.

ക്യാന്‍സര്‍ കാലത്തെ അതിജീവിച്ച പ്രശസ്ത ഓങ്കോളജിസ്റ്റ് ലിസി ക്‌ളീറ്റസും നടന്‍ ഇന്നസെന്റും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവയും പങ്കെടുക്കേണ്ട ചടങ്ങായിരുന്നു അത്. എന്തോ അസൗകര്യങ്ങള്‍മൂലം ഇന്നസെന്റിനും സിത്ഥാര്‍ത്ഥിനും അവിചാരിതമായി പിന്മാറേണ്ടി വരികയും പ്രകാശനച്ചടങ്ങ് നടക്കേണ്ട ദിവസം ഉച്ചയ്ക്ക് എന്റെ കൂട്ടുകാരിയും അന്ന് ഡിസി ബുക്‌സില്‍ സബ് എഡിറ്ററും എറണാകുളത്തെ ഡിസി പുസ്തകമേളയുടെ നടത്തിപ്പുകാരില്‍ പ്രധാനിയും ആയിരുന്ന ടെന്‍സി തോമസ് എന്നെ വിളിക്കുകയും ‘പുസ്തകം ഏറ്റുവാങ്ങാന്‍ പ്രിയ വരുമോ?’ എന്ന് ആധി പിടിച്ച് ചോദിക്കുകയും ചെയ്തു. ‘ക്യാന്‍സര്‍കാരെയോ കിട്ടുന്നില്ല, തൽക്കാലം മറ്റേതെങ്കിലും മേജര്‍ അസുഖക്കാരായാലും മതി ചടങ്ങൊപ്പിച്ചെടുക്കാന്‍ അല്ലേ’ എന്ന് ടെന്‍സിയോട് ചോദിച്ച് ആ ‘പകരം-റോള്‍’ ടെന്‍സിക്ക് വേണ്ടി മാത്രം ഞാന്‍ ചിരിയോടെ ഏറ്റടുത്തു.

എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ ഡിസി പുസ്തകമേള നടക്കുന്നയിടത്ത് പ്രകാശനച്ചടങ്ങിനായി ഞാന്‍ ചെല്ലുകയും ചടങ്ങ് തുടങ്ങാനായി വേദി ഒരുങ്ങും വരെ സദസ്സിലിരിക്കുകയും ചെയ്തപ്പോള്‍ , സദസ്സിലിരിക്കുന്നവരൊക്കെയും ക്യാന്‍സര്‍ വന്നു തൊട്ടവരാണ് എന്ന് മനസ്സിലായി. ഡോക്ടര്‍ ലിസിയുടെയും ഡോക്ടര്‍ ഗംഗാധരന്റെയും  രോഗികളായിരുന്നു പലരും. അവരോരുത്തരും വന്ന് എന്റെ തൊട്ടടുത്തിരുന്ന ഡോക്ടര്‍ ലിസിയോട് അവരവരുടെ ക്യാന്‍സര്‍ വിശേഷങ്ങള്‍ പറയുന്നതു കേട്ടിരിക്കുമ്പോള്‍, സ്ത്രീകളൊക്കെയും ചൊരിഞ്ഞിടുന്നത് തലമുടിക്കാര്യങ്ങളാണ് എന്നത് എന്നെ  തെല്ലത്ഭുതപ്പെടുത്തി. ഒരു സ്ത്രീയുടെ സ്വത്വവും തലമുടിയുമായി ഇത്രയധികം ബന്ധമുണ്ടോ എന്ന അത്ഭുതവുമായി ചേര്‍ത്തുവച്ച് ഞാന്‍ അന്ന് നിശ്ചയിച്ചു, ക്യാന്‍സര്‍ വരും മുമ്പേ തന്നെ തലയെ മൊട്ടരൂപവു മായി പരിചയപ്പെടുത്തി വയ്ക്കണം.

അസുഖം വന്ന് അഞ്ചാംക്‌ളാസില്‍ വച്ച് തലമുടി മൊട്ടയടിച്ച ഒരു കുഞ്ഞുപ്രിയ, കണ്ണാടിയിലേയ്ക്ക് പ്രത്യേകിച്ച് ഒരു വികാരവുമില്ലാതെ ഒരു കാഴ്ച കാണുംപോലെ നോക്കി നിന്നതും പക്ഷേ, ചേച്ചിയുടെ മൊട്ടരൂപം കണ്ട് അഞ്ചുവയസ്സിനിളയ അനിയന്‍ പൊട്ടിക്കരഞ്ഞതും ഒരു സ്‌കാര്‍ഫും കെട്ടി അമ്മ എന്നെ സ്‌കൂളില്‍ വിട്ടതും എന്നെ സ്‌കൂളിലെ ഒരു കുട്ടിയും വിചിത്രരൂപമായി നോക്കിനില്‍ക്കാതിരുന്നതും ഓര്‍മ്മയിലൂടെ വന്നു പോയി.

ആ പ്രകാശനച്ചടങ്ങിനുശേഷം പലതവണ, ‘അമ്മ മൊട്ടയടിക്കും’ എന്ന് ഞാന്‍ മകനോട് പറഞ്ഞു. ‘ഭയങ്കരവൃത്തികേടായിരിക്കും’ എന്ന് മകന്‍ അപ്പോഴെല്ലാം രൂക്ഷമായി എതിര്‍ത്തു. രണ്ടു മത്തങ്ങക്കണ്ണും രണ്ട് അണ്ണാന്‍ പല്ലുമായി ഒരു മൊട്ടത്തല രൂപം വരുന്നതു കണ്ട് ജനം ബോധം കെട്ട് വീഴുമോ എന്ന സംശയത്തിന്റെ ഒടുക്കം സ്വയം ചിരിച്ച് തൽക്കാലം ആ ശ്രമം വേണ്ടെന്ന് വയ്ക്കുകയാണുണ്ടായത്.priya a s, cancer, memories

എല്ലാ മൊട്ടത്തലയും ക്യാന്‍സര്‍തലയാണ് എന്ന ജനത്തിന്റെ വിചാരത്തെ ‘പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ’ എന്ന കഥ കൊണ്ട് നേരിട്ട് ഞാന്‍ സമാധാനിച്ചു. അതിലെ മൊട്ടത്തലക്കാരി പറഞ്ഞു ‘മൊട്ടത്തലക്കാരനാകാന്‍ എന്തെളുപ്പമാണ്. നേരെ ഒരു ബാര്‍ബര്‍ഷാപ്പില്‍ പോകണം. നിരപ്പെ വടിച്ച് മൊട്ടയാകണം.പക്ഷേ മൊട്ടത്തലക്കാരിയാകല്‍ അത്ര എളുപ്പമുള്ള പണിയൊന്നുമല്ല കേട്ടോ. എല്ലാവരെയും പറഞ്ഞു ബോദ്ധ്യപ്പെടുത്തിയിട്ടൊന്നും നടക്കില്ല മൊട്ടത്തലക്കാരിയാകല്‍. പിന്നെ നുണ തന്നെ ശണം. ഒരു നേര്‍ച്ചയുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ ഒരു പക്ഷേ പഴനിയാണ്ടവനോ തിരുപ്പതി ഭഗവാനോ തുണ വരും. തല മൊട്ടയായിക്കിട്ടിയാല്‍പ്പിന്നെ എന്താ രസമെന്നോ! ഒരു അതിഭയങ്കര കീമോതെറാപ്പി ത്തലയാണെന്ന് ജനം ധരിക്കാന്‍ പിന്നെ അധികസമയമൊന്നും വേണ്ട. അതോടെ കാര്യങ്ങള്‍ പരമസുഖമായിത്തീരും. എവിടെയും ദയാബായിമാരും ദയാഭായിമാരും. എന്തു സഹായത്തിനും ആരും തയ്യാര്‍. ടിക്കറ്റിന് ക്യൂ നില്‍ക്കേണ്ട. ഒരിടത്തും സീറ്റു കിട്ടാതെ വിഷമിക്കണ്ട. ആരും ഒരു പെണ്ണായി പിന്നെ നോക്കില്ല. ഒറ്റയാളും കമന്റടിക്കില്ല. ജനത്തിന് ലോകത്തിലാകെ പേടിയും ബഹുമാനവുമുള്ളത് അസുഖങ്ങളെയാണ്.’

Read More: പ്രകാശം പരത്തുന്ന ഒരു ഇളംകാറ്റുപെണ്‍കുട്ടി

2016 ല്‍ കഥാകാരി സിതാരയുടെ ഒരു ഫെയ്സ്‌ബുക്ക് പോസ്റ്റില്‍, കീമോകാലത്തിനുശേഷമുള്ള ബോയ്‌കട്ട് സെല്‍ഫികളുടെയൊപ്പം ഇന്ന് ക്യാന്‍സര്‍ സെന്ററിലേക്ക് കാറില്‍നിന്നും ഇറങ്ങുമ്പോള്‍, ‘തലയിലെ സ്‌കാര്‍ഫ് അഴിച്ചു കളയൂ, നീ തലയുയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ അങ്ങനെ നടന്നുപോകുന്നത് എനിക്കു കാണണ’മെന്ന് പറയുന്ന ജീവിതപങ്കാളിയുടെ ഒരു വാങ്മയ ചിത്രവും കൂടിയുണ്ടായിരുന്നു. അതിനു താഴെ ഞാന്‍ പോയി എഴുതി: ‘സിതാരാ, തലമുടിയല്ല പെണ്ണ്. നക്ഷത്രങ്ങള്‍ നിനക്കുള്ളിലാണ്. സ്‌ക്കാര്‍ഫ് ഉപേക്ഷിച്ച് ആ നക്ഷത്രങ്ങളെയെല്ലാം ചുറ്റിലും ചൊരിഞ്ഞിട് ചറുപറചറുപറയെന്ന്.’ അന്നാ കമന്റ്‌ പോസ്റ്റ്‌ ചെയ്യുമ്പോള്‍, ഒരു മാമോഗ്രാമും ക്യാന്‍സറോളമോ എന്ന തുടര്‍സംശയവും കഴിഞ്ഞ് ചെന്ന് സ്‌പൈന്‍ ടിബിയിലേയ്ക്ക് വഴിമാറിപ്പോയി ആശുപത്രികള്‍ കയറിയിറങ്ങുകയായിരുന്നു ഞാന്‍.

ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ പതിവ് ചെക്കപ്പിനു ചെന്ന ഞാന്‍, ‘എനിക്കൊന്ന് മാമോഗ്രം ചെയ്യണം’ എന്നു പറഞ്ഞത് കക്ഷത്തിലൊരു പന്തിയല്ലാത്ത തടിപ്പിനെയും അവിടെയൊന്നമര്‍ത്തുമ്പോഴുള്ള വേദനയെയും തുടര്‍ന്നായിരുന്നു. നടുവോ കൈയോ തോളോ ഏതാണ്ടൊന്ന് കുറേനാളായി വേദനിക്കുന്നത് മനപ്പൂര്‍വ്വം മറന്നുകളഞ്ഞ് ജീവിക്കുന്ന രീതി ഫലവത്താകാതെയായിത്തുടങ്ങിയിരുന്നു താനും. പോരാഞ്ഞ് രാവിലെ എണീറ്റാല്‍ ഒരു പതിനൊന്നുമണിയാകും വരെ എന്നെ ഒന്നിനും കൊള്ളാത്ത മാതിരി ഒരു ക്ഷീണവും. എവിടെയോ എന്തോ ചീയുന്നുണ്ട് എന്ന് മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു.

മാമോഗ്രാം ഊഴം കാത്ത് ആശുപത്രിയിലിരിക്കുമ്പോള്‍, കൂട്ടുകാത്തിരിപ്പുകാരായ മൂന്നാലു പെണ്‍ജന്മങ്ങള്‍ മൗനത്തിനകത്തേയ്ക്ക് പുഴുക്കളെപ്പോലെ അരിച്ചരിച്ചിറങ്ങുന്നതായിത്തോന്നി. കൗമാരക്കാരി സുന്ദരിപ്പെണ്‍കുട്ടി മുതല്‍ പല പ്രായക്കാര്‍. ആരുടെ മുഖത്തും ജീവനില്ല. ചുണ്ടത്തൊരു വാക്കിന്റെ തരിപോലുമില്ല. അടുത്തിരിക്കുന്നയാളെ കണ്ടതായി കണ്ണിലൊരു ഭാവം പോലുമില്ല. കിണറ്റിലേയ്ക്ക് സൂചിപോയ കഥ പറഞ്ഞ്, ‘എന്നിട്ടോ?’ എന്നു ചോദിച്ചാല്‍ സൂചി കിട്ടുമോ എന്നമട്ടില്‍ ചോദ്യങ്ങളെക്കൊണ്ടുതന്നെ തീരാക്കഥ മെനഞ്ഞ പഴങ്കഥ-അമ്മൂമ്മയെ ഓര്‍ത്തുപോയി. പരസ്പരം മിണ്ടാതിരുന്നാല്‍, വരാനുള്ള വഴിയേ വരുന്ന ക്യാന്‍സര്‍ വഴിമാറുമോ എന്നു സ്വയം ചോദിച്ചുള്ളാലെ ചിരിച്ച് ഞാന്‍, അടുത്തിരിക്കുന്ന സ്ത്രീയെ മെല്ലെ മെല്ലെ വര്‍ത്തമാന ത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു.priya a s, cancer, memories

അവര്‍ തൃശൂരുകാരി. ബ്രെസ്റ്റ് ക്യാന്‍സര്‍കാരി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍. ഭര്‍ത്താവ് ഗള്‍ഫിലായതുകൊണ്ട് ഒറ്റയ്ക്കാണ് ചെക്കപ്പിനുള്ള വരവ്. സംസാരത്തിലേയ്ക്ക് ഈശോ കടന്നുവന്നപ്പോള്‍, അവര്‍ ക്രിസ്ത്യാനിയാണെന്നും മനസ്സിലായി. പെട്ടെന്ന് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവരെന്നോട് ചോദിച്ചു. ‘കുഞ്ഞുണ്ണി എന്തു പറയുന്നു?’ എന്റെ അക്ഷരം വായിച്ച് ഇവര്‍ക്കെന്റെ മകനെപ്പോലും അറിയാമായിരുന്നോ, എന്നിട്ടാണോ എന്റെയടുത്ത് എത്രയോനേരമായി മിണ്ടാതെ ഇരുന്നത് എന്ന അമ്പരപ്പോടെ ഞാനവരെ നോക്കി.

ഉള്ളിലെ ആകുലചിന്തകള്‍ക്കിടയില്‍ പെട്ടുപോയതുകാരണമാണോ അവര്‍ക്കെന്നോട് മിണ്ടാനാവാതെ പോയത് എന്നു ചിന്തിക്കുന്നതിനിടെ അവരെന്നോട് പറയാന്‍ തുടങ്ങിയതും തലമുടിക്കാര്യങ്ങള്‍തന്നെ. കീമോ കഴിഞ്ഞശേഷം വളര്‍ന്നുവന്ന് ബോയ് കട്ട് രൂപത്തിലായതുപോലുള്ള അവരുടെ തലമുടിയിലേക്ക് നോക്കി, അവര്‍ക്കത് നന്നായി ചേരുന്നുണ്ടല്ലോ എന്നു ഞാന്‍ വിചാരിക്കെ അവര്‍ പറഞ്ഞു, ‘ഒരു മഫ്ത്ത ഇതിനുമേലെ ഇട്ടാണ് ഞാന്‍ പുറത്തേക്കിറങ്ങാറ്.’ പിന്നെയാണ് ആ ബോയ്‌കട്ട് തലമുടി, വിഗ്ഗാണെന്നും ഒരുപാടു തലമുടി ഉണ്ടായിരുന്നയാളാണ് അവരെന്നും തലമുടിയില്ലായ്മയെ വിഗ്ഗ് കൊണ്ട് നേരിട്ടിട്ടും ആ വല്ലായ്മ മുഴുവനായും പോകാത്തുകൊണ്ടാണ് അവര്‍ മഫ്ത്തയിലഭയം തേടുന്നതെന്നും മനസ്സിലായത്. അപ്പോഴേക്ക് അവരുടെ മാമോഗ്രാം ഊഴമായി.

തിരികെ അവര്‍ വന്നത്, ‘കുഴപ്പമൊന്നുമില്ല’ എന്ന ചിരിയുമായാണ്. ഊഴം കാത്തിരിക്കുന്ന എന്നോട് ചിരികൊണ്ട് യാത്ര പറഞ്ഞ് മുന്നോട്ടൊന്നു നടന്ന്, കൈയിലെ ബാഗിന്റെ സിബ്ബ് തുറന്ന് ഒരു തട്ടമെടുത്ത് ആ വിഗ്ഗിന് മുകളിലൂടെ ഇട്ട് പുറത്തേക്കുള്ള വാതിലോളമെത്തി, തല ഒട്ടൊന്നു ചരിച്ച് അവരെന്നെ നോക്കി ഒന്നു കൂടി കണ്ണുകൊണ്ട് യാത്ര പറഞ്ഞ് ആ വാതിലിലൂടെ മെല്ലെ മാഞ്ഞുപോയപ്പോള്‍, എനിക്കത് അതിമനോഹരമായ ഒരു ഇറാനിയന്‍ സിനിമയിലെ ഒരു രംഗമായിത്തോന്നിയെന്നു മാത്രമല്ല ഒരു ക്രിസ്ത്യാനി സ്ത്രീയെ ഒരു മഫ്ത്തനിമിഷത്തിന്റെ ജാലവിദ്യകൊണ്ട് മുസ്‌‌ലിമാക്കിയതിന്റെ മാസ്മരികതയില്‍ മുങ്ങി മുഗ്ധയായി ഞാനറിയാതെ ഇരുന്നയിടത്തുനിന്ന് ഒന്നെണീറ്റുപോയി. രോഗത്തിന്റെ കാല്‍പ്പനിക വഴികളിലൂടെ മതംമാറ്റമാണോ മതങ്ങളൊന്നാകലാണോ സംഭവിച്ചതെന്ന് പിടികിട്ടാതെ ഞാന്‍ പിന്നെയും ഇരുന്നു ഊഴം കാത്ത്. കാഷായനിറമുള്ള തട്ടമിട്ട് എന്റെ സഹപ്രവര്‍ത്തക സൈദാ ഹുസൈന്‍ വരുമ്പോഴൊക്കെ  “സൈദ ഇപ്പോള്‍ ബുദ്ധഭിക്ഷുവായതുപോലെ” എന്ന് ഞാന്‍ ചിരിക്കാറുള്ളതും ഓര്‍മ്മവന്നു. തട്ടത്തിന്‍ മറയത്തൊന്നാകുന്ന മതങ്ങളെയോര്‍ത്ത് എനിക്ക് സന്തോഷമായി.priya a s, cancer, memories

മാമോഗ്രാം റിസള്‍ട്ടു കൊണ്ട് എന്റെ Lymph Node ലെ അവ്യക്തത പരിഹരിക്കാനാവാത്തതി നാല്‍, ‘ഓങ്കോളജി സര്‍ജന്‍ ഡോക്ടര്‍ വിജയകുമാറിനെ നാളെ വന്നു കാണൂ’ എന്ന നിര്‍ദ്ദേശമാണ് എനിക്കവിടുന്ന് കിട്ടിയത്. നിരന്തരമായ ആശുപത്രീസമ്പര്‍ക്കം കാരണമുണ്ടായ പരിചയങ്ങള്‍ വഴി, സര്‍ജറിക്ക് ഡോക്ടര്‍ കയറുംമുമ്പേ അതായത്, രാവിലെ ഏഴുമണിക്ക് കിട്ടി അപ്പോയന്റ്‌മെന്റ്. അച്ഛനുമായി ഓങ്കോളജിവിങ്ങില്‍ അതിരാവിലെയെത്തി കാത്തിരിക്കുമ്പോള്‍, ആശുപത്രി തിരക്കില്ലാതെ ശൂന്യമായിരുന്നു.

ഓരോ പുരുഷനും കടന്നുപോകുമ്പോള്‍ അച്ഛന്‍ ചോദിച്ചു- ‘ഇതായിരിക്കുമോ ഡോക്ടര്‍?’ . അല്ല, അല്ല എന്നു പറഞ്ഞുകൊണ്ടേയിരുന്ന ഞാന്‍, ഉയരമത്രയൊന്നുമില്ലാത്ത ഒരാള്‍ കടന്നുവന്നപ്പോള്‍ പെട്ടെന്ന് അച്ഛനോട് ഉള്‍വിളി കൊണ്ടെന്നപോലെ പറഞ്ഞു ‘ഇതാണ്, ഇതു തന്നെയാണ് ഡോക്ടര്‍.’

ഒരു പരിശുദ്ധമൗനമലിഞ്ഞു ചേര്‍ന്ന നടപ്പുതാളവും ഉള്ളിലേക്കാഴ്ന്നിറങ്ങുന്ന സൂചിമുന പോലെ തെല്ലുകൂര്‍ത്തതെങ്കിലും ഇപ്പോള്‍ വീണ ഒരിലയെന്ന പോലെ ശാന്തമായ നോട്ടവും സന്യാസീതുല്യമായിത്തോന്നി. എന്നെ കാണാന്‍ രാവിലെ എത്തിയിരിക്കുന്നവരാരാണ് എന്ന പരതലുമായി ആ നോട്ടമെന്റെ കണ്ണിലും വന്നുവീണു. ഞാനെണീറ്റ് റിസപ്ഷന്‍ കൗണ്ടറില്‍ ചെന്ന്, ഇതു ഇതുതന്നെയല്ലേ ആള്‍ എന്നുറപ്പുവരുത്തി, ആ പദചലനങ്ങൾക്ക് പുറകേ നടന്നു പോയി.

അകത്ത് കയറി മാമോഗ്രാം റിപ്പോര്‍ട്ട് കാണിക്കവേ നാലു വയസ്സു മുതലുള്ള എന്റെ ആശുപത്രിക്കഥയുടെ രത്‌നച്ചുരുക്കം അച്ഛന്‍ പറഞ്ഞു. ഒരു FNAC (Fine Needle Aspiration Cytology -മലിഗ്നന്‍സിയുടെ കുടിപാര്‍പ്പുണ്ടോ Lymph Node ല്‍ എന്നറിയാനായി ആ ഭാഗത്തെ കുറച്ചു ടിഷ്യു എടുത്തു പരിശോധിക്കലെന്ന, ഏറ്റവും എളുപ്പമായ, വേഗം ചെയ്യാവുന്ന സൂചി വിദ്യയാണ് ഇത്) ചെയ്യേണ്ടിവരും എന്ന് മാമോഗ്രാം റിപ്പോര്‍ട്ട് തന്നവര്‍ പറഞ്ഞിരുന്നു. അതുതന്നെ ഡോക്ടറും പറഞ്ഞു.

മെല്ലെ എന്റെ കണ്ണിലേക്ക് സൂക്ഷിച്ചുനോക്കി ഡോക്ടര്‍ ചോദിച്ചു, ‘പേടിയുണ്ടോ ? ‘ഒരു നിമിഷം ഒന്നാലോചിച്ചിരുന്ന് ഉള്ളിലാകമാനം ഒന്നു പരതിനോക്കി പിന്നെ ഞാന്‍ പറഞ്ഞു ‘ഇല്ല. പേടിയില്ല…’ കുഞ്ഞായിരുന്നകാലം മുതല്‍ കാണുന്നതാണ് ആശുപത്രികള്‍ എന്നു ചിരിച്ച് ചില ജീവിത സാഹചര്യങ്ങള്‍ അപ്രതീക്ഷിതമായി പെട്ടെന്നു മാറിമറിഞ്ഞതിലെ അങ്കലാപ്പും അന്ധാളിപ്പും ഒന്നു സൂചിപ്പിക്കുകയും ചെയ്ത് ഞാനിരുന്നു. വയസ്സായ ഒരച്ഛനും ഒരമ്മയും പത്തുവയസ്സു പോലുമാകാത്ത ഒരു കുട്ടിയും മാത്രമേയുള്ളൂ ജീവിതത്തില്‍ എന്ന് നിസ്സംഗയായി പറയുമ്പോള്‍, ഇതുവരെ ഞാനൊരു ഡോക്ടറുടെയും കണ്ണില്‍ കണ്ടിട്ടില്ലാത്ത തേജസ്സും ശാന്തതയും മൗനവും അലിവും നിറഞ്ഞ ഒരു നോട്ടം എന്നെ വന്നു തൊട്ടു എന്നെനിക്കു തോന്നി.

പ്രിയ എഴുതും എന്ന് അച്ഛന്‍ പറഞ്ഞു. ‘പണ്ടൊക്കെ വായിച്ചിരുന്നു,ഇപ്പോ അതൊക്കെ കുറഞ്ഞു’ എന്ന് പറഞ്ഞു ഡോക്ടര്‍. ആ മുറിയിലെ ചുവരില്‍ തൂക്കിയ ചിത്രത്തിലെ മൂന്നു കറുത്ത കുതിരകളെ നോക്കി, ഇതാരു വരച്ചതാണെന്നു ഞാന്‍ ചോദിച്ചു. ‘ഒരു പേഷ്യന്റ് തന്നതാണ്, പേര് കുറച്ചുനാള്‍ മുമ്പുവരെ ഓര്‍മ്മയുണ്ടായിരുന്നു, ഇപ്പോള്‍ പലതും മറന്നുപോകുന്നു’ എന്നു ചിരിച്ചു ഡോക്ടര്‍.

പുറത്തിറങ്ങി FNAC ക്കായുള്ള ചിട്ടവട്ടങ്ങള്‍ക്കായി കാത്തിരിക്കവേ, ഞാനിരിക്കുന്നതിനു മുന്നിലൂടെ പല തവണ ഡോക്ടര്‍ കടന്നുപോയി. ഓരോ തവണയും ഡോക്ടർ, എന്റെ തലയില്‍ കൈവച്ചു. ചാരാനാരുമില്ലാത്ത ഒരുവളുടെ തലയിലാണോ അതോ വേണ്ടത്ര ആശുപത്രിയെ അനുഭവിച്ചുകഴിഞ്ഞ ഒരാളുടെ തലയിലാണോ ഡോക്ടര്‍ തൊട്ടതെന്നറിയില്ല.

ഞാനവിടെയി രുന്ന് ക്യാന്‍സര്‍ ചികിത്സക്കുവേണ്ടുന്ന രീതിയില്‍ ജീവിതം അടുക്കിപ്പെറുക്കിനോക്കി. എഴുത്തുജീവിതത്തിലെ എന്റെ ചെറിയമ്മ അഷിത, ഫോണ്‍മെസേജുകളിലൂടെ, ‘എന്തായി?’ എന്നെന്നോട് നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. ‘ഈ ഡോക്ടറെ കണ്ടശേഷം, ക്യാന്‍സര്‍ ആവല്ലേ എന്നു പ്രാര്‍ത്ഥിക്കാന്‍ തോന്നുന്നില്ല, ഈ ഡോക്ടറുടെ പേഷ്യന്റ് ആവാന്‍ കിട്ടുന്ന അവസരത്തിലെ ദൈവസ്പര്‍ശം എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു,’ എന്നു ഞാന്‍ കുറിച്ച മറുപടിയിലെ ഭ്രാന്ത്, അഷിതയുടെ മറുപടി വന്നപ്പോള്‍ ഒന്നു കൂടി കൊഴുത്തു. ‘എന്റെ ഡോക്ടറാണ്. എന്റെ സര്‍ജറി കഴിഞ്ഞപ്പോള്‍ ഞാനുണരും വരെ എന്റെ നെറ്റിയില്‍ തലോടി അടുത്തിരുന്നു,’ എന്നായിരുന്നു അഷിതയുടെ മറുപടിവാചകം.

ക്യാന്‍സറാണോ അല്ലയോ എന്നറിഞ്ഞിട്ട് ഇനി ഓഫീസില്‍ പോകാം എന്നു കരുതി ഞാന്‍ ലീവെടുത്ത് വീട്ടിലിരുന്ന്, കാശും ദിവസവും ജീവിതവും എന്ന് ബാക്കി ദിവസങ്ങളെ അളക്കാന്‍നോക്കി. ‘കുറച്ചുദിവസത്തേക്ക് ലീവാണ്, FNAC അനശ്ചിതത്വം’ എന്ന് ക്യാന്‍സര്‍ ഏടിനെ അതിജീവിച്ച മേലുദ്യോഗസ്ഥയോട് വിളിച്ചു പറഞ്ഞു. അവര്‍ക്കല്ലാതെ എന്റെ അവസ്ഥയിലെ വേവ് മറ്റാര്‍ക്കുമനസ്സിലാവാന്‍! അവര്‍ക്ക് ക്യാന്‍സറാണെ ന്നറിയുമ്പോള്‍, മറ്റൊരു സെക്ഷനിലായിരുന്നു ഞാന്‍. ചന്ദ്രമതി ടീച്ചറുടെ ക്യാന്‍സര്‍ അതിജീവനപുസ്തകവും കൊണ്ട് ഞാനവരുടെ വീട്ടില്‍ ചെന്നതും ‘നീ തന്ന ആ പുസ്തകം അന്ന് ഒരുപാട് സഹായിച്ചു,’ എന്നവര്‍ പിന്നെ പലതവണ പറഞ്ഞതും ഒക്കെ ഓര്‍ത്ത് ജീവിതം മുന്നോട്ടും പിന്നോട്ടും ഉരുട്ടിനോക്കി ഞാന്‍ ചുമ്മാ ഇരുന്നു ആ മൂന്നാലുദിവസം…priya a s, cancer, memories

FNAC റിസള്‍ട്ട് പരിശോധിച്ച് പിന്നെ ഡോ വിജയകുമാര്‍, ക്യാന്‍സറിന് തൽക്കാലം എന്നെ വേണ്ട എന്നു പറഞ്ഞു. പക്ഷേ ആ സന്തോഷത്തോളം തന്നെ വലുതായിരുന്നു, ഡോക്ടറുടെ പേഷ്യന്റാവുന്നില്ല ഞാന്‍ എന്നതിലെ സങ്കടം.’ഡോക്ടറുടെ പേഷ്യന്റാവാന്‍ കൊതി തോന്നിയതു കൊണ്ട് ക്യാന്‍സര്‍ വേണോ വേണ്ടേ എന്നാലോചിക്കുകയായിരുന്നു വീട്ടിലിരുന്ന് ‘എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ‘വേണ്ട, അതുവേണ്ട’ എന്നു ഡോക്ടറെന്റെ തോളില്‍ തട്ടി. പക്ഷേ, 90 ശതമാനം ചാന്‍സ് എന്ന് ടിബിയിലേക്ക് വിരല്‍ ചൂണ്ടി ഡോക്ടറെന്നെ പള്‍മനോളജിസ്റ്റിന്റെ അടുക്കലേയ്ക്ക് വിടുകയാണുണ്ടായത്. ബയോപ്‌സി ചെയ്ത് ടിബികാര്യം ഉറപ്പിക്കാന്‍ എന്റെ പഴയ അസുഖങ്ങളനുവദിക്കാത്തിനാല്‍ തത്ക്കാലം ടിബി എന്നുറപ്പിച്ച് ചികിത്സ തുടങ്ങാം എന്ന പള്‍മനോളജി നിര്‍ദ്ദേശത്തെ, രണ്ടുമാസം കഴിഞ്ഞ് ഒരു സെക്കന്‍ഡ് ഒപ്പിനിയന്‍ എടുത്തിട്ട് മതി ചികിത്സ എന്നു കരുതി ഞാന്‍ മാറ്റിവച്ചു. (അതിനെനിക്ക് പിന്നെ വലിയ വില ഒടുക്കേണ്ടിവന്നു എന്നത് പിന്നത്തെ ഏട്!)

ആ FNAC റിസള്‍ട്ടും കഴിഞ്ഞ് ഞാന്‍ തിരികെ ഓഫീസിലെത്തിയപ്പോള്‍ എന്നെ കാത്തിരുന്നത്, ‘എഴുതി സമര്‍പ്പിച്ചില്ല ലീവ്’ എന്ന് പരാതി സര്‍വ്വകലാശാലാ രജിസ്ട്രര്‍ക്ക് രേഖപ്പെടുത്തി എന്റെയാ ക്യാന്‍സര്‍ അതിജീവനക്കാരി മേലുദ്യോഗസ്ഥ തയ്യാറാക്കിവച്ച എനിക്കെതിരെയുള്ള കത്ത്! ആശുപത്രി എല്ലാ മനുഷ്യരെയും നന്മ പഠിപ്പിക്കും എന്നുള്ള എന്റെ ധാരണ അതോടെ അതിദാരുണമായും അതിഘോരമായും ഒക്കെ മാറിക്കിട്ടി!

രണ്ടുമാസത്തിനകം ഞാന്‍ വേദനയുടെ കൂത്തരങ്ങായി ആശുപത്രിക്ക് കീഴടങ്ങി. സ്‌പൈന്‍ ടിബി എന്റെ മേല്‍ കൊടിനാട്ടി ആധിപത്യം ഉറപ്പിച്ച് ഗ്വാ ഗ്വാ വിളിക്കും വരെ, ഞാന്‍ സഹനകലയില്‍ ഡോക്ടറേറ്റെടുക്കലുമായി നടന്നു. സഹിക്കാനുള്ള കഴിവ് കൂടുതലാകുന്നതും കുഴപ്പമാണ് എന്ന വലിയ പാഠവും അതോടെ പഠിച്ചു.

ടിബി മരുന്നുകളും പഴയ അസുഖങ്ങളും തമ്മില്‍ ഏറ്റുമുട്ടി കാര്യങ്ങള്‍ അനുദിനം വഷളായിക്കൊണ്ടിരുന്ന ഒരനിശ്ചിതത്വ നേരത്ത്, Haematology Department ലൂടെയും കയറിയിറങ്ങേണ്ടിവന്നു.അവിടെ കാത്തിരിക്കു മ്പോള്‍ തൊട്ടരികിലെ, ‘ഡോ വിജയകുമാര്‍’ എന്നെഴുതിയ മുറിയില്‍ ചെന്ന് ആ ദൈവതുല്യനെ ഒന്നു കൂടി കാണണമെന്ന് തോന്നി. പക്ഷേ മറ്റേതോ രോഗിയുടെ സമയം അപഹരിക്കുന്നത് തെറ്റാണെന്ന് നല്ല ബോദ്ധ്യമുള്ളതു കൊണ്ട് അതിനു തുനിഞ്ഞില്ല.

അസുഖകാലങ്ങളിലെപ്പോഴോ ഞാന്‍ നാട്ടിലെത്തിയപ്പോള്‍ എന്നെ കാണാന്‍ വന്ന നാട്ടുകാരനും അക്ഷരപ്രേമിയുമായ പ്രദ്യുമ്‌നന്‍ എന്നോട് ചോദിച്ചു. “പ്രിയേച്ചീ,നിങ്ങളനുഭവിച്ച വേദനകളെല്ലാം ചേര്‍ത്തു വച്ചാല്‍ ക്യാന്‍സര്‍കാലത്തിന് തുല്യമാവില്ലേ?” ശരിയാണല്ലോ നൂറിനു മാത്രമല്ലല്ലോ നൂറിന്റെ വില, ഇരുപതും പത്തും രണ്ടഞ്ചും അങ്ങനെ പലതും ചേര്‍ത്തുവച്ചാലും നൂറിന്റെ വിലയാകുമല്ലോ എന്ന് അന്നാദ്യമായി ഞാനോര്‍ത്തു. എന്റെ ഒപ്പു വാങ്ങാനായി പ്രദ്യുമ്‌നന്‍ നീട്ടിയ പുസ്തകത്തില്‍ അന്ന് ഒപ്പിടാനായില്ല. വലതുകൈ, എന്തോ കാരണത്താല്‍ ഒരു കുഞ്ഞാമയെ പ്പോലെ നീരു വച്ചു വിങ്ങിയിരുന്നു.

ഞാന്‍ പറഞ്ഞു കേള്‍പ്പിച്ച എന്റെ എഴുത്തുചരിത്രത്തിലല്ല വായിച്ചറിഞ്ഞ എന്റെ ആശുപത്രീ ചരിത്രത്തില്‍ മനസ്സുടക്കിയാണ് സ്‌കൂളിന്റെ ഡയറക്ടറും കൃഷ്ണ നഴ്സിങ് ഹോമിലെ  ന്യൂറോസര്‍ജനുമായ ഡോ. ശ്രീകുമാര്‍ എന്റെ മകന് LKG അഡ്മിഷന്‍ കൊടുത്തത്. “കീമോ കഴിഞ്ഞ ആളല്ലേ പ്രിയ?” എന്നു ഡോക്ടര്‍ ചോദിച്ചപ്പോള്‍ “അതു മാത്രമേ ഇനി ബാക്കിയുള്ളൂ” എന്നു ഞാന്‍ ചിരിച്ചു.

ആ ബാക്കി, അതുമുണ്ടോ തലയിലെഴുത്തില്‍ എന്നറിയില്ല. പക്ഷേ അതില്ലാതെ തന്നെ എനിക്കൊന്ന് മൊട്ടത്തലക്കാരിയാകണം. എല്ലാതരത്തിലുള്ള മൊട്ടത്തലയും ആഘോഷിക്കപ്പെടേണ്ടതാണ്.

ക്യാന്‍സര്‍ പേഷ്യന്റ്‌സിന് വിഗ്ഗിനായി തലമുടി മുറിച്ചു കൊടുക്കുന്നവരെ എനിക്കിഷ്ടവുമില്ല. തലമുടിയില്ലെങ്കിലും അവര്‍, അവര്‍തന്നെയാണ് എന്ന ബോദ്ധ്യം അവര്‍ക്കുണ്ടാക്കി കൊടുക്കലാണ്, അവരുടെ മൊട്ടത്തലയെ വിഗ്ഗു കൊണ്ട് പൊതിഞ്ഞുപിടിക്കാനായി സ്വന്തം മുടി മുറിച്ചു കൊടുക്കു ന്നതിനേക്കാളും പ്രധാനം എന്ന് ഞാന്‍ കരുതുന്നു. എന്തിനാണ് ഒരു രോഗത്തിന്റെ അവശതയ്ക്കുമേലെ അങ്ങനൊരു വച്ചുകെട്ട്! രോഗത്തിന് നനുനനുത്ത ഒരുടുപ്പിനെ പോലും താങ്ങാനുള്ള കരുത്തില്ല ,പിന്നല്ലേ തലമുടി. അതും ആരുടെയോ തലമുടി..!

സ്ത്രീയെന്നാല്‍ തലമുടിയാണോ! സ്ത്രീയെന്നാല്‍ മുലയുമല്ല എന്നു പണ്ടുപണ്ടെഴുതിയിരുന്നില്ലേ എന്ന് ‘ഒറ്റമുലച്ചി’ എന്ന ക്യാന്‍സര്‍കഥ വന്ന് എന്റെ പുസ്തകത്തില്‍ നിന്ന് എന്നെ തോണ്ടിവിളിച്ച് ചോദിക്കുന്നു. അക്കഥ, എന്നോടൊപ്പം ഗൃഹലക്ഷ്മി കഥാമത്സരത്തില്‍ പ്രോത്സാഹന സമ്മാനം പങ്കിട്ട ഇപി സുഷമ ബ്രെസ്റ്റ് ക്യാന്‍സറിലൂടെ കടന്നുപോയ കാലത്ത്, സുഷമയുടെ അനുവാദം വാങ്ങി എഴുതിയതാണ്. സുഷമയുടെ രണ്ടുമുലകള്‍ക്കും പരിക്കൊന്നും സംഭവിച്ചില്ല എങ്കിലും കഥയിലെ കല്യാണിയെ ഞാന്‍ ഒറ്റമുലച്ചിയാക്കി. സൂര്യതാപം എന്ന് റേഡിയേഷനൊരു ആലങ്കാരികത കണ്ടെത്തി ആ പേരിലൊരു നോവലെഴുതണമെന്നാഗ്രഹിച്ച സുഷമ, അതിനായുള്ള കുത്തിക്കുറി ക്കലുകളെന്നെ കാണിച്ചിരുന്നു. സുഷമ പിന്നെ ജീവിതത്തെ മരണം കൊണ്ട് അളന്നുകൂട്ടിക്കടന്നുപോയി.

കല്യാണി കഥയില്‍ ചോദിക്കുന്നു- ‘മുല കൊണ്ടാണോ പൊട്ടീ കല്യാണം നടക്കുന്നത്? കണ്ണില്ലാത്ത മില്‍ട്ടണും ചെവിയില്ലത്ത വള്ളത്തോളിനും കുത്തിക്കുറിക്കാന്‍ പറ്റുന്നതു പോലെയാണോ ഒറ്റമുലച്ചിയുടെ കല്യാണം? കല്യാണച്ചെക്കന് താലോലിച്ചുമ്മ വയ്ക്കാന്‍ ഒറ്റമുലയല്ലേയുള്ളൂ. അതു കൊണ്ട് അരക്കാമം, അരപ്രണയം,അരനിര്‍വൃതി.’

1996 ല്‍ എഴുതിയ കഥയില്‍ നിന്നിപ്പോള്‍ വരെയുള്ള കാലം നോക്കുമ്പോള്‍, എന്തുമാറ്റം വന്നിട്ടുണ്ട് ക്യാന്‍സര്‍ രോഗികളോടുള്ള സമീപനത്തില്‍? തട്ടത്തിന്‍ മറയത്തുതന്നെയല്ലേ പലപ്പോഴും ക്യാന്‍സര്‍ മൊട്ടത്തല? ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള വിഗ്ഗിനായി, പെണ്ണുമാത്രമല്ല നീള്‍മുടി കെട്ടിവച്ചു നടക്കുന്ന ഇപ്പോഴത്തെ ആണ്‍തലമുറയും മുടി മുറിച്ചുകൊടുക്കുന്നതാണ് ഇതിനകം വന്ന മാറ്റം. അങ്ങനെ തലമുടി മുറിച്ചുമാറ്റപ്പെടുമ്പോഴൊക്കെ, എന്തൊരു കൈയ്യടിയാണ് ഇവിടെ ഇപ്പോഴും!

വേദനകള്‍, തലയുയര്‍ത്തി നടന്ന് നേരിടാനുള്ളതാണ്. കെട്ടിപ്പൊതിഞ്ഞ് പൂഴ്ത്തിവയ്ക്കാനുള്ളതല്ല.

Read More: പ്രിയ എ എസ്സിന്റെ രചനകൾ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Priya as priyam apriyam column reflections cancer awareness month