എം ജി യൂണിവേഴ്‌സിറ്റിക്കാലത്താണ്. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അദ്ധ്യാപകനായ പി ബാലചന്ദ്രന്‍ സര്‍ കാമ്പസിലൂടെ ഒരു തോള്‍ സഞ്ചിയും തൂക്കി നടന്നു പോകുമ്പോഴൊക്കെ ഞാന്‍, അദ്ദേഹത്തെ നോക്കി ചിരിച്ചു.
ഞാനെന്തോ അദൃശ്യ ശരീരമാണെന്ന മട്ടില്‍ ശൂന്യതയിലേയ്ക്കെന്ന പോലെ ഞാന്‍ നില്‍ക്കുന്നയിടത്തേയ്ക്ക് നോക്കി, ഒരു ഭാവഭേദവുമില്ലാതെ അദ്ദേഹം നടന്നുപോയി.ശ്രദ്ധിക്കാന്‍ മാത്രം മഹത്തായ എഴുത്തുവേലകളൊന്നും ഇല്ലാത്ത ഒരു ചീളു കേസ് ആയി എഴുതിത്തള്ളിയതു കൊണ്ടാവും, നാടകക്കാരന്‍ ഭാവരഹിതനായി കടന്നു പോകുന്നത് എന്ന് എന്റെ ഓരോ തവണത്തെ ചിരിശ്രമവും വിഫലമാകുമ്പോള്‍ തോന്നിത്തുടങ്ങി.
എനിക്ക് തീരെയും വില കല്‍പ്പിക്കാത്തിടത്തേയ്ക്ക് ചിരിശ്രമവുമായി തള്ളിക്കയറാനൊന്നും എന്നെ കിട്ടില്ല, ഒരു ചിരി ക്യാന്‍സല്‍ ചെയ്യാനാണോ വിഷമം എന്നു ഞാനങ്ങു വാശിക്കാരിയായി. മുന്നിലൂടെ കടന്നുപോകുന്ന ഒരാളെ കാണുന്നതായി ഭാവിക്കാതെ നടന്നു പോകാന്‍, നാടകക്കാരിയൊന്നുമല്ലെങ്കിലും എനിക്കെന്താ അറിയാന്‍ വയ്യേ, ആഹാ, കാണിച്ചുകൊടുക്കാം എന്ന മട്ടില്‍ ഞാനും ചിരിരഹിതയായി. സര്‍ അദൃശ്യനാണെന്ന മട്ടില്‍ സാറിനെ കടന്നുപോകുന്ന കല പതുക്കെ ഞാന്‍ ശീലിച്ചു. എന്നെ കാണാത്തവരെ ഞാനും കാണുന്നില്ല എന്നു ഞാന്‍ എന്നോടു തന്നെ പത്തുതവണ ഉറപ്പിച്ചു പറഞ്ഞു സന്തുഷ്ടയായി.
അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു. ക്രമേണ, അടുത്തുകൂടി സര്‍ കടന്നു പോയാല്‍പ്പോലും ഞാനതറിയാതായി ഒരിക്കല്‍ എം ജി യൂണിവേഴ്‌സിറ്റി പെഡഗോഗിക്കല്‍ സയന്‍സിലെ ഒരാണോഘോഷവേളയില്‍ അതിഥികളാ യി കുട്ടികള്‍ വിളിച്ചത് എന്നെയും ബാലചന്ദ്രന്‍സാറിനെയും. എപ്പോഴും എന്റെ ചുണ്ടത്തുണ്ടെന്ന് ജനം പറയാറുള്ള ചിരിയുടെ സ്വിച്ചോഫ് ചെയ്ത് സ്റ്റേജില്‍ സാറിന്റെ അടുത്ത് എതിര്‍ദിശയിലേക്ക് മുഖം തിരിച്ചു പിടിച്ച് ഞാന്‍ ഇരുന്നു.
Read More: പ്രിയ എഴുത്തുകാരനും നടനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു
പെട്ടെന്ന്, എന്റെയടുക്കലേയ്ക്ക് ചാഞ്ഞ് സര്‍ തുരുതുരെ സംസാരിക്കാന്‍ തുടങ്ങി.എത്രയോ കാലമായി ചിരപരിചയമാണെന്ന മട്ടില്‍ ‘പ്രിയേ’ എന്ന് വിളിച്ച് നിര്‍ത്താതെ തമാശ നിറച്ചു സംസാരിക്കുന്നയാളെ നോക്കി, ‘ഇതിപ്പോ എന്താ സാറിന് സംഭവിച്ചത് ഇങ്ങനെ വര്‍ത്തമാനത്തിന്റെ അണക്കെട്ട് തുറക്കാന്‍’ എന്ന് ഒരു പിടിയും കിട്ടാതെ ഞാനിരുന്നു. സാറിനെന്തോ കുഴപ്പം സംഭവിച്ചതു പോലെയാണ് എനിക്കു തോന്നിയത്. ഇതുവരെ നിര്‍ജ്ജീവമായ നോട്ടം നോക്കിയിരുന്നയാള്‍ സ്‌ക്രീനില്‍ കണ്ടു പരിചയിച്ച സര്‍വ്വ ഭാവാഹാവാദികളോടും കൂടി, ആരെയും പിടിച്ചിരുന്നത്ര മാസ്മരികമായ ആ പ്രത്യേക ശബ്ദം, കൃത്യമായ ഇടത്ത് തെല്ലൊന്നുയര്‍ത്തി യും പിന്നെ അടക്കം പറയാനായി ഠപോന്ന് താഴ്ത്തി കുഞ്ഞിക്കുരുവിയു ടേത് പോലെയാക്കിയും ലോകത്തെ സര്‍വ്വകാര്യങ്ങളെക്കുറിച്ചും തുരുതുരാ എന്ന് പറഞ്ഞ് മുന്നേറുകയാണ്.
ശ്ശെടാ, ഇതിപ്പോ ഇവിടെ എന്താ സംഭവിച്ചേ എന്ന് ഒരു പിടിയും കിട്ടാതെ അന്തം വിട്ടിരുന്നു മതിയായി എനിക്ക്. ഏതായാലും ഓണസദ്യ കഴിക്കാന്‍ അടുത്തടുത്തിരുന്ന നേരത്ത് രണ്ടും കൽപ്പിച്ച് ഞാന്‍ ചോദിച്ചു. “അതേ , കുറേനാള്‍മുമ്പുവരെ സാറിങ്ങനെയായിരുന്നില്ലല്ലോ. എന്നെയൊന്നും കണ്ടാല്‍ കണ്ട ഭാവം വെയ്ക്കാറുണ്ടായിരുന്നില്ലല്ലോ. പിന്നെ ഇപ്പോ പെട്ടെന്ന്, എത്രയോ കാലമായറിയാം എന്ന മട്ടില്‍ സംസാരിക്കുന്നതെന്താ?”
സഹജമായ ശബ്ദം താഴ്ത്തലും കണ്ണടച്ചുള്ള കൈമുദ്രകളുമൊക്കെയായി “അത് പ്രിയേ, ഞാനങ്ങനാരുന്നു കുറച്ചുനാള്‍ മുമ്പുവരെ. ലോകം മൊത്തമായും എന്റെ ശത്രൂവാണെന്ന മട്ട്. എപ്പഴും വെട്ടുപോത്തു പോലെയേ എല്ലാരേം നോക്കത്തുള്ളൂ. മസിലൊന്നും അയച്ചുപിടിക്കുന്ന പ്രശ്‌നമേയില്ല.”
സര്‍ , ‘ഞാനിതുവരെ’ എന്ന തിരക്കഥ പറയാന്‍ തുടങ്ങി. ഈ തിരക്കഥ കേട്ടിട്ട് വേണം എനിക്ക് സിനിമ എടുക്കാനെന്ന മട്ടില്‍ കണ്ണും വിടര്‍ത്തി ഞാന്‍ കേട്ടിരുന്നു.
വൈകിയ പ്രായത്തില്‍ സകൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു പഠിച്ചത്, പാസ്സായത്, ഏജ് ലിമിറ്റ് കഴിഞ്ഞതു കൊണ്ട് പല നല്ല ജോലികളും കിട്ടാതെ പോയത്, കൂടെ പഠിച്ച ശ്യാമപ്രസാദ് ഒക്കെ ദൂരദര്‍ശനില്‍ തിളങ്ങുമ്പോഴും തേരാപ്പാരാ നടക്കേണ്ടി വന്നത്, ഒടുക്കം സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നാടകവുമായി പുലബന്ധം പോലുമില്ലാത്ത മട്ടില്‍ വ്യാകരണ അദ്ധ്യാപകനായി കയറേണ്ടി വന്നത്, ‘പവിത്രം’ പോലുള്ള തിരക്കഥകള്‍ വന്‍വിജയമായിട്ടും തുടര്‍ന്നെഴുതിയ തിരക്കഥകള്‍ തന്റെ സ്ഥിരം ലാവണമായ മുരടത്തം, വഴക്കാളളത്തം എന്നിവ കൊണ്ട് പാതി വഴിക്ക് മുടങ്ങിപ്പോയത്, ലോകത്തോടുള്ള ശത്രുത കൂടി വന്നത്, തന്നോട് ചിരിക്കുന്ന ആര്‍ക്കും കൊടുക്കാന്‍ ഒരു ചിരി പോലുമില്ലാതായത് ഒക്കെ സര്‍ വിസ്തരിക്കുമ്പോള്‍ ഞാനാ സ്‌ക്രീനില്‍ മുഴുകിമുങ്ങിപ്പോയി.
അതിരമ്പുഴയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് എന്ന ജോലിസ്ഥലത്തേയ്ക്ക് വൈക്കം ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുന്ന രംഗമൊക്കെ സര്‍ വിസ്തരിക്കുമ്പോള്‍ ഞാന്‍ ചിരിച്ചുവശം കെട്ടു.
“മൊശകേടും കൊണ്ടാണ ല്ലോ രാവിലെ എണീക്കുന്നതു തന്നെ. അപ്പോപ്പിന്നെ വീട്ടീന്ന് സമയത്തെറ ങ്ങാമ്പറ്റാത്തില്‍ ഒരത്ഭുതവും വേണ്ടല്ലോ. ഇന്നാരെയാണോ കണികണ്ടത് എന്ന് ഉള്ളാലേ ശപിച്ചും കൊണ്ട് വിയര്‍ത്തോടിക്കിതച്ച് ബസ് സ്റ്റാന്‍ഡിലേയ്ക്ക് വരുമ്പോള്‍ കാണുന്നു,നമുക്കുള്ള പതിവ് ബസ് വര്‍ക്കത്തായി വളവും തിരിഞ്ഞ് കുട്ടപ്പനായി ദേ പോണു. ഹോ എന്ന് തലക്കടിച്ച് കുനിഞ്ഞ് നിന്ന് , ഇനി എന്തെങ്കിലും ശാപവാക്കുണ്ടോ പറയാനായി മിച്ചം എന്നാലോചിച്ച് നില്‍ക്കുമ്പോള്‍, ആനേരത്തെങ്ങും പതിവില്ലാത്ത ഒരു ബസ് എനിക്കു പോകേണ്ട ഇടത്തേയ്ക്ക് തന്നെ പോകാനായി എങ്ങാണ്ടുന്നു പൊട്ടിമുളച്ചതുപോലെ ദാ വന്ന് നമ്മുടെ മുന്നില്‍ത്തന്നെ കിതച്ചു നില്‍ക്കുകയാണ്. വന്നു കേറ് എന്നു നമ്മളെ വിളിക്കും പോലെ അത് ഹോണടിക്കുന്നുമുണ്ട്. പക്ഷേ നമ്മളത് കാണില്ല, തല കുനിച്ച് ശാപവാക്കുച്ചരിച്ച് നില്‍ക്കുകയല്ലേ? നിരാശ കൊണ്ട് ചെവി കൊട്ടിയടച്ച് നില്‍ക്കുകയല്ലേ? ഹോണൊട്ട് കേള്‍ക്കുകയുമില്ല. ഒടുക്കം ആ ബസ്, അതുമങ്ങ് പോകും. പിന്നെ തൂങ്ങിപ്പിടിച്ചുകിടക്കാന്‍ പോലുമിടമില്ലാത്ത ഏതോ ഒരു തല്ലിപ്പൊളി വണ്ടീല് ലെറ്റേഴ്‌സിലെത്തുമ്പോ ഉച്ചയായിട്ടുണ്ടാവും. അപ്പോഴൊക്കെയായിരിക്കും പ്രിയ നേരെ നടന്നുവന്നു ചിരിക്കാന്‍ നോക്കിയിട്ടുണ്ടാവുക. ലോകത്തെ അരിഞ്ഞുനുറുക്കി തീയിലിടാന്‍ തോന്നി നില്‍ക്കുവല്ലേ ഞാന്‍, ഞാനെന്തു നല്ല കാര്യം ചെയ്യാന്‍ നോക്കിയാ ലും പാരവെയ്ക്കുന്ന ലോകത്തിനോട് ഞാനെങ്ങനെ ചിരിക്കും? അതായിരു ന്നു കുറേക്കാലം എന്റെ സ്ഥിതി.”
“ആ സ്ഥിതി മാറിയത് ‘ആര്‍ട്ട് ഓഫ് ലിവിങ്ങി’ന്റെ ക്‌ളാസിന് പോകാന്‍ തുടങ്ങിയപ്പോഴാണ്. നമ്മള് നോക്കി ചിരിച്ചാല്‍ ചിരിക്കുന്ന ഒരു ലോകം ഉണ്ട്, അതു കാണാന്‍ കണ്ണും അതിനെ കേള്‍ക്കാന്‍ ചെവിയും അതിനെ ഉള്‍ക്കൊള്ളാന്‍ മനസ്സും ഉണ്ടെങ്കില്‍ നാവിന്‍ തുമ്പത്തെ ശാപവാക്കിനെ യൊക്കെ തീയിലിടാം എന്നു പഠിച്ചു അവിടുന്ന്. അപ്പോഴും വീട്ടീന്ന് സമയം തെറ്റി ലെറ്റേഴ്‌സിലേക്കിറങ്ങലൊക്കെ കൃത്യമായിത്തന്നെ നടന്നു, പക്ഷേ പ്രിയേ, ബസ്സ്റ്റാന്‍ഡിലേയ്ക്ക് കേറണതിനും മുമ്പതന്നെ സ്റ്റാന്‍ഡീന്ന് വളവും തിരിഞ്ഞ് പോകുന്ന എന്റെ ബസ് കാണുമ്പോ, ആഹാ, പോണോര് പോട്ടെ, എനിക്കിപ്പോ എന്താ എന്ന് എന്റെ ബലം പിടുത്തമൊക്കെ ആകെ ഒന്നയഞ്ഞു. ചുമ്മാ പോട്ടെന്നേ നമ്മളെ ആവശ്യമില്ലാത്ത ബസൊക്കെ എന്ന് ഒരു ചിരീം ചിരിച്ച് നടപ്പൊക്കെ ഉഷാറാക്കി, കണ്ണൊക്കെ വിടര്‍ത്തി, നമ്മളൊന്ന് തിരിഞ്ഞുനോക്കുന്നു, വേറെ ഏതെങ്കിലും ആനവണ്ടി വരുന്നുണ്ടോന്ന്. അപ്പോ ദേ നമ്മടെ നേരെ മുമ്പില് തന്നെ ഒരു ശകടം സഡന്‍ ബ്രേക്കിട്ട് നിര്‍ത്തുന്നു, ഏ എന്ന് നമ്മള് സൂക്ഷിച്ച് നോക്കുന്നു. ഒരു തല അതിന്റെ പുറത്തേക്ക് നീണ്ടുവന്ന്, വരണൊണ്ടോ സാറേ എന്ന് നമ്മളെ വിളിച്ചു കേറ്റുന്നു, ആ നീയായിരുന്നാടാ കൂവേ എന്നുമ്പറഞ്ഞ് നമ്മള് കൈയൊക്കെ സീറ്റിന്റെ പുറത്തുകൂടിയിട്ട് വിസ്തരിച്ചിരിക്കുന്നു… അങ്ങനെ ചിരീം വര്‍ത്തമാനവുമായി പോകുന്ന വഴിക്ക് നമ്മളെ കേറ്റാതെ പോയ ആ ആനവണ്ടിയേം പിന്നിലാക്കി നമ്മള് കുതിക്കുന്നത് കണ്ട്, ലവനെ ഒന്നു തിരിഞ്ഞുനോക്കി നമ്മള് ഒന്നു കൂടി സീറ്റില് ഞെളിഞ്ഞിരി ക്കുന്നു. പ്രിയേ, ഇത്രേയൊള്ളു ജീവിതം.പണ്ടും അതുപോലെ പരിചയമു ള്ള കാറുകള്‍ കടന്നുപോയിക്കാണും വണ്ടി കിട്ടാതെ ഞാന്‍ നില്‍ക്കു മ്പോള്‍. പക്ഷേ ഞാനത് കണ്ടിട്ടു വേണ്ടേ! എന്നെ അവര് കണ്ടിട്ടുവേണ്ടേ? ഞാന്‍ കലിതുള്ളി മുഖം കുനിച്ച് തറേലൊരു ദേഷ്യച്ചവിട്ടും പാസ്സാക്കി മൂശേട്ടയായി നില്‍ക്കുവല്ലേ അപ്പൊഴൊക്കെ!”
“ഇപ്പോ ജീവിക്കാനെന്തു രസമാന്നോ പ്രിയേ, മുറുമുറുപ്പില്ല, കലിയില്ല, കനമില്ല,” എന്ന് കഥ തീര്‍ന്നത് ഞങ്ങള്‍ രണ്ടുപേരും പ്രസംഗവും ഊണും കഴിഞ്ഞ് എം ജി യൂണിവേഴ്‌സിറ്റിയുടെ നടപ്പാതയിലൂടെ നടന്നു നടന്ന ങ്ങനെ പോകവേയാണ്.
എന്റെ ഓഫീസ് റൂമിലേക്കുള്ള ഇടവും കഴിഞ്ഞ് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സി ലേയ്ക്കുള്ള വഴിയേ സര്‍ നടന്നു പോകുന്നതും നോക്കി ഞാന്‍ നിന്നു. അതുവരെയും ചിരിക്കാത്ത മനുഷ്യന്‍ പെട്ടെന്ന് ചിരിക്കൂടായി പറഞ്ഞു തന്ന പാഠങ്ങള്‍ ഒന്നുകൂടി സ്വയം പറഞ്ഞുനോക്കി -ഏതൊക്കെയോ ചില വണ്ടികള്‍ നമ്മളെ കയറ്റാതെ പോകുമ്പോള്‍, അവിടെ വച്ച് തീര്‍ന്നു ജീവിതം എന്നു വിചാരിക്കരുതെന്ന്, പിന്നെയും വരും നമുക്കുള്ള വഴിയേ ഏതോ വണ്ടി, അതു കാണാന്‍ കണ്ണും മനസ്സും ഉണ്ടാവുക കൂടി വേണം എന്ന്, ഇരുട്ടുപിടിച്ച ഒരു കോണിലേയ്ക്ക് മാറി മുഖം താഴ്ത്തി നിന്നാലോ, ശേഷം കയറിവരുന്നവണ്ടികള്‍, വെളിച്ചങ്ങള്‍ ഒന്നും കാണാനാവില്ല എന്ന് ചില പാഠങ്ങള്‍…
ഇത് തന്നെയല്ലേ പണ്ട് കുട്ടിക്കാലത്ത് ബാലരമയിലെ ‘വിടരുന്ന മൊട്ടുകളില്‍’ വായിച്ച കഥയെന്നുകൂടി ആലോചിച്ചുനോക്കി. ശിവനോട് പാര്‍വ്വതി ചോദിക്കുന്നു ഭൂമിയിലെ ഒരു ശിവഭക്തനെ നോക്കി. അങ്ങയുടെ ഏറ്റവും വലിയ ഭക്തനാണയാള്‍,എന്നിട്ടും അങ്ങെന്താണ് അയാള്‍ക്ക് ഒരു സൗഭാഗ്യവും കൊടുക്കാത്തത് ? അയാള്‍ക്കെന്തു കൊടുത്തിട്ടും കാര്യമില്ല എന്ന് ദേവന്‍.അതെന്താ എന്ന് ദേവി. എന്നാല്‍ ദേവി കണ്ടോളൂ എന്നു പഠഞ്ഞ് അയാളെന്നും നടക്കുന്ന വഴിയേ ദേവന്‍ ഒരു കുടം സ്വര്‍ണ്ണം കൊണ്ടു വയ്ക്കുന്നു. അയാളാ വഴിയേ നടന്നെത്തുമ്പോള്‍ ഉദ്വേഗപൂര്‍വ്വം നോക്കിയിരിക്കുന്നു ദേവി. ആ ഇടം എത്തെമ്പോള്‍ അയാള്‍ക്ക് തോന്നുക യാണ്, എന്നും നടക്കുന്ന വഴിയല്ലേ ഇത്,അപ്പോള്‍ കണ്ണുകെട്ടിയാലും കൂടി എനിക്കീ വഴിയേ, വഴിതെറ്റാതെ നടക്കാന്‍ പറ്റേണ്ടതല്ലേ ? അയാള്‍ കണ്ണു കെട്ടുന്നു, വീഴാതെ, വഴിതെറ്റാതെ സന്തോഷിച്ച് പോകുന്നു,പക്ഷേ നേരെ മുമ്പിലെ സ്വര്‍ണ്ണക്കുടം കണ്ണില്‍പ്പെടാതെ നടന്നുപോകുന്നു.അന്ന് ആ കഥാകൃത്ത് പറഞ്ഞു തരാനൊരുങ്ങിയ പാഠമോ എനിക്കതില്‍ നിന്നു മനസ്സിലായ പാഠമോ ഒന്നും എനിക്ക് ഇപ്പോള്‍ നിശ്ചയമില്ല.കണ്ണ് അടച്ചു പിടിക്കുമ്പോള്‍, ചെവി കൊട്ടിയടക്കുമ്പോള്‍ ,മനസ്സു പൂട്ടി വക്കുമ്പോള്‍ കിട്ടാതെ പോകുന്ന സൗഭാഗ്യങ്ങളെന്നേ, ബാലചന്ദ്രന്‍ സാറുമായുള്ള സൗഹൃദം തുടങ്ങിയ അന്നത്തെ ആ ദിവസത്തിന് ശേഷം എനിക്കാ കഥയെ വായിച്ചെടുക്കാന്‍ പറ്റിയിട്ടുള്ളൂ.
ഞാന്‍ പിന്നെ എം ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലേക്ക് പോന്നു.
ആ യാത്രയിലെവിടെ വച്ചോ ഞാനതു വരെ ജീവിച്ച ജീവിതം കളഞ്ഞു പോയി. പ്രിയ എപ്പോഴും ചിരിമുഖിയാണ് എന്നു പറഞ്ഞ എന്റെ പുതിയ കൂട്ടുകാരോടൊന്നും ഇതല്ല എന്റെ ഒറിജിനല്‍ ചിരി എന്നു ഞാന്‍ പക്ഷേ പറഞ്ഞില്ല. കളഞ്ഞുപോയ ജീവിതത്തെയും അതിജീവിച്ച്, സമയമെടുത്താണെങ്കിലും ഞാനൊടുക്കം വീണ്ടും തെളിച്ചിരിയിലേയ്ക്ക് കരകയറി.
കഴിഞ്ഞവര്‍ഷം നാടകത്തിനെക്കുറിച്ചുള്ള ഒരു സെമിനാറില്‍ പങ്കെടുക്കാ ന്‍ പി ബാലചന്ദ്രന്‍ സര്‍, ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്നു. ഞാന്‍ ചെല്ലുമ്പോള്‍ സര്‍ പ്രസംഗിച്ചു തുടങ്ങിയിരുന്നു. മൈക്കിന് മുന്നില്‍ നിന്നു തന്നെ ‘പ്രിയേ’ എന്നു വിളിച്ച് ‘മേഘരൂപന്‍’ ചിരിച്ചു, പിന്നെ പ്രസംഗം തുടര്‍ന്നു. ആ പ്രസംഗം കഴിഞ്ഞപ്പോള്‍ ഓടിച്ചെന്ന് കൈ പിടിച്ച് ഇത്തിരി മിണ്ടി, മറ്റൊരു പ്രസംഗവും കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ തിരിച്ചു നടന്നു.
മുഖം പൊത്തി കീഴോട്ട് കുനിഞ്ഞിരുന്നാല്‍ മുന്നിലുള്ള വെളിച്ചം പോലും കാണാനാവില്ല എന്നൊക്കെ ബാലചന്ദ്രന്‍ സാറും ജീവിതവും പല തവണ പറഞ്ഞുതന്ന അനുഭവമുണ്ടായിരുന്നിട്ടും കുറേ വര്‍ഷം മുമ്പ് അതൊക്കെ മറന്നു പോയതും ആ മറവിയുടെ മൂര്‍ദ്ധന്യത്തിലെ ഇരുട്ടുകൊണ്ട് നില തെറ്റിപ്പോയതും കാലി പ്പേസ്റ്റിന്റെ ട്യൂബില്‍ നിന്ന് ഞെക്കിഞെക്കി വരണ്ടുണങ്ങിയ പേസ്റ്റെടുക്കുന്നതു പോലുള്ളൊരു ചിരിത്തരി ചുണ്ടിലൊട്ടിച്ചു വച്ചുനടന്നതും നടത്തത്തിനിടെ ഓര്‍ത്തു.കണ്ണ് തുറന്നു പിടിച്ചതുകൊണ്ടു മാത്രമാണല്ലോ വെളിച്ചത്തുണ്ടുകള്‍ പിടിച്ചെടുത്ത് മുറിവിലേയ്ക്കിറ്റിച്ച അതിജീവനമന്ത്രം ഉരുവിടാനായത് എന്നുമോര്‍ത്തു.
കണ്ണു കെട്ടി വെയ്ക്കാത്തിടത്തോളം വെളിച്ചമുണ്ട് ലോകത്തില്‍ എന്നും The light is fading and darkness is enveloping all around എന്നത് ഒരു നിമിഷത്തെ പരിഭ്രാന്തി മാത്രമാണ് എന്നും അഭിനയമുദ്രകള്‍ കൊണ്ട് തൊങ്ങല്‍ ചാര്‍ത്തി അടിവരയിട്ടു പറഞ്ഞുതന്നയാള്‍ അതിനിടെ എന്നെയും കടന്ന് വൈക്കത്തേയ്ക്ക് കാറില്‍ തിരികെ പോയി.
പവിത്രമായ ആ ബാലപാഠത്തില്‍ തെരുപ്പിടിച്ചാല്‍ മാത്രം ഒഴിവാക്കാന്‍ പറ്റുന്ന ആത്മഹത്യാമുനമ്പുകള്‍ എന്ന് വെറുതെ ഒരു ഉള്‍നോവും പെട്ടെന്ന് വന്നുപോയി.