മധുപാലിന്റെ ‘ഒരു കുപ്രസിദ്ധ പയ്യന്‍’ കാണാനിരിക്കുമ്പോള്‍ , എന്റെ പന്ത്രണ്ട് വയസ്സുകാരന്‍ മകന്‍ “Is this a wrong choice, Amma?” എന്ന് മെല്ലെ അതൃപ്തി പ്രകടിപ്പിക്കുന്നതു കേട്ടു.

ചെമ്പകാമ്മാളിന്റെ ചോരയില്‍ സ്‌ക്രീന്‍ കുതിര്‍ന്നപ്പോള്‍, ആക്രമണത്തില്‍ കീറിപ്പൊളിഞ്ഞ അവരുടെ മുഖം കൊണ്ട് സ്‌ക്രീന്‍ ചോന്നുനിറഞ്ഞപ്പോള്‍ ഒക്കെയാണ് കുട്ടി അസ്വസ്ഥനായത് . ഷെര്‍ലക് ഹോംസ് കഥകളിലും സത്യജിത് റേയുടെ ഫലൂദക്കഥകളിലും നടക്കുന്ന കുറ്റാന്വേഷണച്ചുരുളുക ളില്‍ അഭിരമിക്കുന്ന ഒരു ആണ്‍ ബാല്യത്തിന് ഇതും രസിക്കും എന്നു കരുതി അവനെ കൂടെ കൂട്ടിയ എന്റെ തീരുമാനം അസ്ഥാനത്തായോ സിനിമയില്‍ ഉടനീളം ഇത്തരം ചോരമയസീനുകള്‍ ആവര്‍ത്തിക്കപ്പെടുമോ എന്നൊക്കെയായി ചിന്ത. ചോരക്കാഴ്ച എന്ന അറപ്പില്‍ മുഖം ചുളിച്ചു തന്നെയാണ് ഞാനുമിരിക്കുന്നത്, ഒരു പക്ഷേ ചുറ്റുമുള്ള പലരും എന്നു കൂടി മനസ്സ് പറഞ്ഞു. പൊലീസന്വേഷണത്തിന്റെ മുറുകലിലോ കോടതി സീനുകളുടെ കറുപ്പും വെളുപ്പിലുമോ സിനിമ അവനെ രസിപ്പിക്കാതിരി ക്കില്ല എന്ന തോന്നല്‍ മുറുകെപ്പിടിച്ച്, അവന്റെ കമന്റ് കേട്ടില്ല എന്നു ഭാവിച്ച് ഞാനിരുന്നു.(ഏതായാലും സെക്കന്‍ഡ് ഹാഫില്‍ കുട്ടി, സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ രസിച്ചിരുന്നു)

ചോരപ്പാടുകള്‍ കൊണ്ട് പൊതിയപ്പെട്ട ചെമ്പകാമ്മാളിന്റെ രണ്ടു കാലുകള്‍ എന്ന രംഗം , രണ്ടോ മൂന്നോ തവണ സിനിമയില്‍ കാണിക്കുന്നുണ്ട്. വിശാലമായിത്തന്നെ കാണിക്കുന്നുണ്ട് രക്തം ചിതറിത്തുവിയ തറ. ആശുപത്രിയിലെ ഉദ്വേഗവും നിഷ്ഫലനിമിഷങ്ങളും കാണിക്കുന്നുണ്ട്. അതെല്ലാം മതിയായിരുന്നില്ലേ അപകടത്തിന്റെ ബീഭത്സത കാണിക്കാന്‍ എന്നു മനസ്സ് അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടിരുന്നു. സിനിമ കാണാനി രിക്കുന്നയാളുടെ ശരീരത്തിനെ, ചോരരംഗങ്ങളുടെ ധാരാളിത്തവും ക്‌ളോസ് അപ് ചോരരംഗങ്ങളും കൊണ്ട് ഞെട്ടിത്തരിപ്പിച്ചു കൊണ്ടു മാത്രമേ ഒരു ആക്രമണരംഗത്തിന്റെ നടുക്കം അനുഭവിപ്പിക്കാനാവൂ എന്ന തെറ്റിദ്ധാരണ മലയാള സിനിമ എന്തു കൊണ്ട് വച്ചുപുലര്‍ത്തുന്നു എന്ന് ഇത് ആദ്യമായല്ല ചിന്തിച്ചുപോകുന്നത്.

അജയനാണ് കുറ്റവാളി എന്ന രീതിയില്‍ പോലീസ് മെനഞ്ഞ കുറ്റപത്ര ത്തിലൂടെ അജയന്റെ വക്കീലായ ഹന്ന കടന്നുപോകുമ്പോഴെല്ലാം ഹന്നയുടെ വക്കീല്‍ത്തുടക്കത്തിലെ പതര്‍ച്ച എന്ന അമച്വര്‍ സ്വഭാവം അടിവരയിട്ട് കാണിക്കാനായി, കുറ്റപത്രത്തിലെ അതത് സംഭവ വികാസങ്ങള്‍ക്കനുസരിച്ച് ‘കത്തിയും ചോരയും’ എന്ന കോമ്പിനേഷനില്‍ അവള്‍ മനക്കണ്ണാടിയില്‍ അജയനെ കണ്ട് ഞെട്ടിത്തരിക്കുന്നതായി കാണിക്കുന്നുണ്ട്. മനക്കണ്ണാടിയില്‍ ചോര എഫക്റ്റ് കണ്ടു ഞെട്ടിക്കോട്ടെ ഹന്ന, പക്ഷേ അതിന് ചോരയില്‍ കുതിര്‍ന്ന അജയന്‍ എന്ന സവിസ്താര ഏടല്ലാതെ വ്യംഗ്യമട്ടിലെ ചെറുവഴികളൊന്നു മില്ലേ എന്തോ!priya a s, memories, malayalam,film

പത്മകുമാറിന്റെ ‘ജോസഫ്’ കാണാന്‍ മകനെ കൂട്ടിയതും കുറ്റാന്വേഷണ കഥ എന്ന പ്രലോഭനത്തില്‍ വീണതു കൊണ്ടാണ്. തന്നെയുമല്ല മനേഷ് മാധവന്‍ എന്ന സിനിമാട്ടോഗ്രഫര്‍ സ്വീകരിക്കുന്ന വേറിട്ട ക്യാമറാവഴികളി ല്‍ എനിക്ക് കുറച്ചൊന്നുമല്ല വിശ്വാസവും പ്രതീക്ഷയും. ഞാന്‍ കാണാന്‍ മോഹിച്ച തരം മാന്ത്രികസ്പര്‍ശമാണ് സിനിമയുടെ തുടക്കത്തിലെ കൊലപാതക രംഗത്തില്‍ കണ്ടത്. കുറച്ചുദൂരെ നിന്നു കാണുന്ന ഒരു പെയിന്റിങ്ങുപോലെ അനുഭവപ്പെട്ടു കൊല്ലപ്പെട്ട സ്ത്രീയുടെ കിടപ്പും മുറിയും അതിലെ ചോരപ്പടര്‍പ്പും. ഒരകലം പാലിച്ചുകൊണ്ടുള്ള ആ പെയിന്റിങ്‌ സമാന ഒപ്പിയെടുക്കലിന്റെ ചുരുങ്ങിയ ആവര്‍ത്തനങ്ങളി ലൂടെ കൊലപാതകരംഗം അവസാനിപ്പിക്കാവുന്നതേയുണ്ടാ യിരുന്നുള്ളു സംവിധായകന്. പതിവ് സിനിമാമട്ടില്‍ ക്യാമറ ഒരിത്തിരി നേരം കൂടി മരണപ്പെട്ട ശരീരത്തിനു തൊട്ടുത്തുകൂടി വിശദാംശങ്ങളിലഭിരമിച്ച് സഞ്ചരിച്ചപ്പോള്‍ പതിവുമടുപ്പും ചെടിപ്പുമാണനുഭവപ്പെട്ടതെങ്കില്‍ക്കൂടിയും ആ ആദ്യ ദൃശ്യത്തിന്റെ സന്തുലനഭംഗിയില്‍ തങ്ങിനില്‍പ്പായിരുന്നു മനസ്സ്. രണ്ടാമത്തെ മൃതശരീരത്തിന്റെ ചോരക്കിടപ്പും ആദ്യഷോട്ടില്‍, പെയിന്റിങ് പോലെ തന്നെ അനുഭവപ്പെട്ടു. പിന്നെ സിനിമ, ആ ശരിരത്തിലെ അളിഞ്ഞുപറിഞ്ഞ ശരീരഭാഗങ്ങളെയോരോന്നിനെയും തേടി ചുറ്റുമാര്‍ക്കുന്ന ഈച്ചയെയും അരിച്ചുനീങ്ങുന്ന പുഴുവിനെയും കാണിച്ചുകൊണ്ടേയിരുന്നു. കൊലപാതകം നടന്നിട്ടു ദിവസം കുറേയായ ഒരു ശരീരത്തിന്റെ അഴുകലിന്റെയും നടന്ന ആക്രമണത്തിന്റെ അതിഘോരതയെയും മൂക്കുപൊത്താതെ അതിനരികില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയെയും ദ്യോതിപ്പിക്കാനായി മിതത്വം പാലിക്കുന്ന മറ്റൊരു വഴി സംവിധായകന് മനേഷിന്റെ ക്യാമറയിലൂടെ തിരഞ്ഞെടുക്കാമായിരുന്നില്ലേ എന്ന് ചിന്തിക്കാതിരിക്കാനായില്ല. കാരണം പതിവു വഴികളല്ല മനേഷിന്റേത് എന്ന് സഞ്ജു സുരേന്ദ്രന്റെ ‘ഏദന്‍’ സിനിമയിലെ ‘മനേഷ് -ക്യാമറ’ കാണിച്ചുതന്നതാണ്.

‘Joseph -the Man with a Scar’ എന്ന ടൈറ്റില്‍കാര്‍ഡ് അക്ഷരങ്ങള്‍, പുറമേ കാണാവുന്ന മുറിവുകളെയല്ലല്ലോ, ഉള്ളിലെ മുറിവുകളെയല്ലേ കുറിയ്ക്കുന്നത്! പിന്നെന്തിനാണ് കാണാവുന്ന മുറിവുകളുടെ ധാരാളിത്തം, സ്‌ക്രീനില്‍! ഒരു മുറിവിന്റെ ആഴം സെന്റിമീറ്റര്‍ കണക്കില്‍ അളന്നു കാണിക്കലല്ല മുറിവിന്റെ നടുക്കം ധ്വനിപ്പിച്ചു കാണിക്കലല്ലേ സിനിമയില്‍ ഒരു മുറിവിന്റെ ധര്‍മ്മം! ചോര കൈകാര്യം ചെയ്യുന്നതിലെ മിതത്വമില്ലായ്മ എന്നതൊഴിച്ചാല്‍ ഈയടുത്തുകണ്ട ഏറ്റവും പെര്‍ഫക്റ്റ് സിനിമയാണ് ‘ജോസഫ്.’

മകനൊപ്പം ആണ് കുറേക്കാലമായി എന്റെ സിനിമാകാണലുകള്‍. അതുകൊണ്ടാണോ സിനിമകളിലെ ഈ ചോരകൈകാര്യം ചെയ്യലുകള്‍ എന്നെ ഇങ്ങനെ ആഴത്തില്‍ ബാധിക്കുന്നത് എന്നറിയില്ല.എന്നെമാത്രമേ ഇതിങ്ങനെ ബാധിക്കുന്നുള്ളോ എന്നും നിശ്ചയമില്ല.

priya a s, memories, malayalam film

താരേ സമീന്‍ പര്‍ (2007)

സ്‌ക്രീനിലെ ചോരപ്രളയം, അക്രമക്കുത്തിക്കീറലുകള്‍ ഇതൊക്കെ വലിയ പ്രശ്‌നമായിരുന്നു മകന്റെ സിനിമാകാണല്‍ ജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ, അതായത് ഒരു രണ്ടുവയസ്സുപ്രായത്തില്‍, അന്നൊക്കെ അവന്‍ നടുക്കാണ് ഇരുന്നത്. പേടിച്ചാല്‍ മുഖം മറയ്ക്കാനും പിടിച്ചുകയറാനും തണുത്തുറഞ്ഞകുഞ്ഞുമുഖം വിതുമ്പിപ്പൂഴ്ത്താനും അന്നവന് രണ്ടു പേരുടെ നെഞ്ചുകളുണ്ടായിരുന്നു. മൂന്നാലു മലയാളസിനിമാകാണലുകള്‍ക്കുശേഷം തന്റെ ബില്‍ഡിങ് ബ്ലോക്‌സുകളിലേക്കു കുനിഞ്ഞിരുന്ന് അവന്‍ പറഞ്ഞു. ‘ഞാനിവിടെയിരുന്നു കളിച്ചോളാം, മലയാള സിനിമാ മുഴുവനും വെട്ടും കുത്തുമാണ്. എനിക്കു കാണണ്ട അമ്മേ.’ ഈ വാചകം ഞാനെഴുതിയ ‘അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം’ എന്ന ബാല സാഹിത്യ പുസ്തകത്തിലെ കഥയിലുണ്ട്.

പക്ഷേ അന്നും അവനെത്രതവണ വേണമെങ്കിലും, അവന് തീരെയും അപരിചിതമായിരുന്ന ഭാഷയിലെ അമീര്‍ഖാന്‍ ചിത്രമായ ‘താരെ സമീന്‍ പര്‍’ ഇരുന്നു കണ്ടു.

അവനെ കൂട്ടാതെ പോയ ചില സിനിമകള്‍ വലിയ പ്രശ്‌നമൊന്നുമില്ലാത്ത വയായിരുന്നതിനാല്‍ പിന്നെയും അവനെ നിര്‍ബന്ധിച്ചു വിളിച്ചു കൂട്ടത്തില്‍ ചേര്‍ത്തു. അവനെയും കൂട്ടി ചെന്നുകയറുന്ന സിനിമകളെല്ലാം നിര്‍ഭാഗ്യവശാല്‍ ചോരയിറ്റുവീഴുന്ന, ചോര പടരുന്ന, ചോര തളം കെട്ടുന്ന സിനിമകളായിരുന്നു. ഓരോ വെട്ടിന്റെയും കുത്തിന്റെയും നേരത്ത്, ആകാശത്തേയ്ക്ക് പാഞ്ഞുപുളഞ്ഞുകയറുന്ന കതിനപോലെ അവന്‍ ദേഹത്തേക്ക് വലിഞ്ഞുകയറിയപ്പോള്‍, ആരോ ഇടിച്ചുപിഴിയുന്നപോലെ എനിയ്ക്കു ദേഹം വേദനയെടുത്തു. അപ്പോഴൊക്കെയും ഞാനവനെ തുരുതുരാ വഴക്കുപറയുകയും ‘ഞാന്‍ വീട്ടിലിരുന്നോളാന്ന് പറഞ്ഞതല്ലേ’ എന്നവന്‍ തുരുതുരാ കരയുകയും ചെയ്തു. നടുവിലിരിക്കുന്ന നിനക്ക്, മറ്റേ വശത്തേയ്ക്ക് പിടിച്ചുകയറിക്കൂടെ എന്ന് അപ്പോഴൊക്കെ ഞാനവനെ ദിശതിരിച്ചുവിട്ടു.

പക്ഷേ, അവന്റെ ഏഴാം വയസ്സില്‍, ഞങ്ങളുടെ ജീവിതവെള്ളിത്തിരയില്‍ ഞാനും അവനും മാത്രമായി. ഒരു ഭ്രാന്തോ പ്രണയമോ ഭ്രാന്തന്‍പ്രണയമോ പോലെ ഉള്ളില്‍ സിനിമ കൊണ്ടു നടക്കുന്ന ഒരാളാകയാല്‍, തനിച്ച് സിനിമാകാണാന്‍ പോകല്‍ പണ്ടും ഉണ്ടായിരുന്നു ജീവിതത്തില്‍. ചിലപ്പോള്‍ തനിച്ചും മറ്റു ചിലപ്പോള്‍ മകനെ കൂട്ടിയും ഞാന്‍, സിനിമ കുടിച്ച് എന്നെ മറന്നു.

മങ്ങിയ ചാരനിറമുള്ള ജീവിതത്തെ, സിനിമ എപ്പോഴും തട്ടിയുണര്‍ത്തുന്നതായാണ് അനുഭവം. സിനിമയിലെ ജീവിതത്തിനും എന്റെ ജീവിതത്തിനുമപ്പുറം ഒരു സമാന്തരജീവിതം ഫ്രെയിമുകള്‍ക്കു പുറത്തേയ്ക്ക് വന്ന് മറ്റൊരു ജീവിതമോ സിനിമയോ ആയി ഒഴുകിനടന്ന് അതിലേയ്‌ക്കെന്നെ വലിച്ചുപിടിച്ചാറുണ്ട് ഏതു സിനിമാകാണുമ്പോഴും. അതു കൊണ്ടുതന്നെ കണ്ട സിനിമകളുടെ കഥകളൊക്കെ ഏതൊക്കെ യോ രൂപാന്തരങ്ങളോടെയാണ് എന്റെ മനസ്സിലുള്ളത്.

ജീവിതത്തിന്റെ ഗതി ആകെ മാറിപ്പോയ ആ കാലത്ത് കൈയെത്തിപ്പിടി ക്കാവുന്ന ഒരു ചെറുമാറ്റമെന്ന നിലയ്ക്ക് മകനെയും കൂട്ടി പോകാനുണ്ടാ യിരുന്നത് സ്ഥലങ്ങളും മനുഷ്യരും ജിവിതവും മാറിമാറിവരുന്ന സിനിമാ-ഇടങ്ങള്‍ മാത്രമാണ്.

ഞങ്ങള്‍ക്കിടയില്‍ ക്രമേണ ഒരു സിനിമാകാണല്‍ ഒത്തുതീര്‍പ്പു വ്യവസ്ഥ യുണ്ടായി. അവനെത്ര രസിക്കാത്ത സിനിമയാണെങ്കിലും, എനിക്ക് കാണാനാഗ്രഹമുള്ള സിനിമയാണെങ്കില്‍ അവനെനിക്ക് കൂട്ടുവരും. അങ്ങനെ ഞങ്ങള്‍ ‘ഒഴിവുദിവസത്തെ കളി’ കണ്ടു. സിനിമ കണ്ടിറങ്ങുമ്പോള്‍,’ഹോ’ എന്നു മടുപ്പ് പ്രകടിപ്പിച്ച അവനോട് , ‘പെണ്ണുങ്ങള്‍ മാത്രമുള്ളള ഒരു ഒഴിവു ദിവസത്തെ കളിക്ക് ഞാന്‍ തിരക്കഥ എഴുതും’ എന്നു ഞാന്‍ വാചാലയായി. വേണുവിന്റെ ‘മുന്നറിയിപ്പ്’ നേരത്ത് അവന്‍ പേടിച്ചതിന് കണക്കില്ല. രഞ്ജിത്തിന്റെ ‘ഞാന്‍’, ഏതോ പഴങ്കാലസിനിമയിലെപ്പോലെ നീട്ടിവലിച്ച് നില്‍പ്പിലും നടപ്പിലും കിടപ്പിലുമൊക്കെയായി സ്‌ക്രീനില്‍ ഒഴുക്കിയ അബോര്‍ഷന്‍ രക്തം എനിക്കു തന്നെ താങ്ങാവുന്നതിനപ്പുറ മായിരുന്നു. (അക്രമം പറയുന്ന രംഗങ്ങളിലല്ല എങ്കില്‍പ്പോലും ചോര കാണിക്കേണ്ടുന്ന ഒരിടം വന്നു പെട്ടാൽ അതിനെ പരമാവധി അറപ്പും വെറുപ്പും തോന്നുന്ന രീതിയില്‍ കൈകാര്യം ചെയ്യുകയാണ് മലയാളിയുടെ സിനിമാരീതി എന്നു തോന്നുന്നു)അവന്‍ സഹിക്കുന്ന ഇത്തരം സിനിമാ കാണല്‍ ത്യാഗത്തിന് പകരമായി ,ഞാനവന്റെ ഇഷ്ടത്തിലെ ദിലീപ് സ്റ്റൈല്‍ സിനിമകള്‍ തറ ഡയലോഡ് സഹിതം ഒരു തുള്ളിരസം പോലും ചേര്‍ക്കാതെ തൊണ്ടതൊടാതെ വിഴുങ്ങി.

priya a s, memories, malayalam film

ഒഴിവുദിവസത്തെ കളി (2016)

ഞാനവന് എത്ര ക്‌ളാസെടുത്താലും അടിപിടി-കത്തിക്കുത്ത്-തോക്കു മയ സീനുകളിലെല്ലാം അവന്‍ പാഠം മറന്നുപോയി അമ്മനെഞ്ചിലേയ്ക്ക് പിടഞ്ഞുകയറി മുഖം പൂഴ്ത്തി വിതുമ്പലായി. അവന്റെ കൈ, പേടികൊണ്ട് തണുത്തുവിറങ്ങലിച്ചിരുന്നു. എന്റെ കൈകൊണ്ട് കുഞ്ഞുകൈ ചൂടുപിടിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുകയും ഞെട്ടിവിറയ്ക്കുന്ന ദേഹത്തെ ചുറ്റിപ്പിടിച്ച് തട്ടിപ്പൊത്തി സമാധാനിപ്പിയ്ക്കാന്‍ നോക്കുകയും ചെയ്തു. അവന്‍ കുഞ്ഞുകൈ കൊണ്ട് മുഖം പൊത്തി സിനിമയെ കാഴ്ചയില്‍ നിന്ന് ബ്‌ളോക്ക് ചെയ്യുകയും കഥയറിയാനുള്ള ആകാംക്ഷ കാരണം വിരല്‍ വിടര്‍ത്തി അതിനിടയിലൂടെ കണ്ണെറിഞ്ഞ് ‘തീര്‍ന്നിട്ടില്ല ചോരയൊഴുക്കിന്റെ അറപ്പുദൃശ്യങ്ങള്‍’ എന്നു കണ്ട് വീണ്ടും പിടയ്ക്കുകയും ചെയ്തു. ഏത് നേരത്താണോ ഈ സിനിമയ്ക്കു വരാന്‍ തോന്നിയത് എന്നു ഞാനെന്നെ ശപിക്കുകയും ‘അമ്മ കണ്ടിട്ട് നല്ലതാണെങ്കില്‍ മാത്രം എന്നെ കൊണ്ടുപോയാല്‍ മതി മലയാളസിനിമയ്ക്ക് എന്ന് ഞാന്‍ പറഞ്ഞതല്ലേ’ എന്നവന്‍ എന്നെ കുറ്റബോധത്തില്‍ മുക്കി കൊല്ലാതെ കൊല്ലുകയും ചെയ്തു.

ഓരോ മലയാളസിനിമയും കണ്ടിറങ്ങുമ്പോള്‍, മള്‍ട്ടിപ്‌ളെക്‌സുകളിലെ സിനിമാവാതിലിന് തൊട്ടുപുറത്ത് സിനിമാകണ്ടിറങ്ങുന്ന കുട്ടികള്‍ക്കായുള്ള ഒരു കൗണ്‍സലിങ് സെന്റര്‍ ഉണ്ടായിരുന്നെങ്കിലെന്ന് ശരിയ്ക്കും ഞാന്‍ വിചാരിച്ചുപോയ നാളുകളാണ് അവ.

എനിക്കാത്മബന്ധമുള്ള ചില സിനിമാക്കാരുടെയൊക്കെ പേരു പറഞ്ഞ് ‘ഇനി ഇവരാരെങ്കിലും വരുമ്പോ നമക്ക് ചോദിക്കാം എന്തൊക്കെ സൂത്രങ്ങള്‍ പ്രയോഗിച്ചാണ് ഇവരി ചോരയും കുത്തും പിടച്ചിലും ഉണ്ടാക്കുന്നതെന്ന് ‘ എന്നു തുടങ്ങി ‘ഷൂട്ടിങ് കാണാന്‍ ഇവരുടെയാരു ടെയെങ്കിലും കൂടെ മോനെ അയയ്ക്കാം’ എന്നെല്ലാം ഞാനവന്റെ ഷോക്ക് കുറയ്ക്കാന്‍ എന്നാലാവുന്നതെല്ലാം ചെയ്തു. പക്ഷേ ഇവരെ ആരെയെങ്കിലും കാണുമ്പോള്‍, ഇവരുടെയാരുടെയും അകമ്പടിയായി അക്രമമോ പരാക്രമമോ ഒന്നുമില്ലാത്തിനാല്‍, അമ്മയും മകനും ആ വിഷയം മറന്ന് നൂറായിരം ചിരികളിലേയ്ക്ക് കയറിപ്പോയി.

സ്വന്തം സീറ്റിലുറച്ചിരുന്ന് സിനിമാ കാണുന്ന അവസ്ഥയിലേയ്ക്ക് കാലംപോകെ അവനെത്തി. ഇംഗ്‌ളീഷ് സിനിമകള്‍ തനിയെ ഡൗണ്‍ലോഡ് ചെയ്തുകാണാനും ഇംഗ്‌ളീഷ് ഡിറ്റക്റ്റീവ് നോവലുകള്‍ വായിച്ചുതള്ളാനും തുടങ്ങുന്ന പത്തുവയസ്സുപ്രായത്തില്‍, ഇംഗ്‌ളീഷ് തോക്കുകളും ഇംഗ്‌ളീഷ് കൊലപാതകങ്ങളും ഇംഗ്‌ളീഷ് ചോരയും അവനെ പേടിപ്പിക്കാതായി. ചുറ്റുവട്ടത്തു നടക്കാവുന്ന കാര്യങ്ങളെന്ന നിലയില്‍ അല്ല, തികച്ചും വൈദേശികം എന്ന നിലയിലാണ് അവനതിനെ കാണുന്നത് എന്നുള്ളതു കൊണ്ടാവും അവനതിനോട് പേടി തോന്നാതിരുന്നത്.

priya as, memories,malayalam film

യവനിക (1982)

അതിനിടയിലെപ്പോഴോ അവന്‍ ,അവന്റെ അമ്മാവന്റെ ശേഖരത്തില്‍ നിന്ന് ‘യവനിക’ എടുത്തു കണ്ടു .അതിലെ വയലന്‍സ് അവനെ പേടിപ്പിച്ചില്ല എന്നു മാത്രമല്ല അവന്‍ ‘കുടി – ഏറ്റം ‘ ഗോപി അല്ലേ എന്നു ചിരിച്ചു ചോദിച്ച് അതിലെ ഡയലോഗ്‌ സഹിതം ഓര്‍മ്മിച്ചു നടക്കുകയും ഒരു ബുക്‌ ഫെസ്റ്റിവലില്‍ നിന്ന് ആര്‍ത്തിയോടെ യവനികത്തിരക്കഥ വാങ്ങി അത് കാണാതെ പഠിക്കുകയും ചെയ്തു. ഒരു കുറ്റകൃത്യത്തെ എത്ര മിതമായും ഭംഗിയായും ഒതുക്കത്തോടെയും സൂചനകളിലൂടെയും കൈകാര്യം ചെയ്യാമെന്ന വസ്തുതയുടെ മലയാളത്തിരശ്ശീല പൊങ്ങിയത് യവനികയോടെ ആവുമോ എന്ന് അന്നാദ്യമായി ഞാന്‍ ചിന്തിച്ചു.

പക്ഷേ, പുലിമുരുകനും ബാഹുബലിയും അവനെ തീരെയും പേടിപ്പിക്കാതെ കടന്നുപോയപ്പോള്‍, അക്രമത്തിനോടുള്ള അറപ്പ് മാറി ‘ജീവിതം സമം അക്രമം’ എന്ന ഒരു സമവാക്യത്തിലേയ്ക്കാണോ അവന്‍ പോകുന്നതെന്ന് എനിക്ക് പേടിയായി.

‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന മടുപ്പന്‍ സിനിമ കണ്ടതിന്റെ പിറ്റേന്ന് , എന്തോ കാര്യം പറഞ്ഞുവരവേ “I’ll try my level best,” എന്ന പതിവുവാചകം പറയാനൊരുങ്ങിയ മകന്‍, അത് പാതി വച്ചുനിര്‍ത്തി “I’ll do it Amma,” എന്നു പ്രസ്താവിച്ചു. എത്രയോ കാലമായി ഞാന്‍ നിരന്തരം പറയുകയും അവന്‍ ഒട്ടും കാര്യമായെടുക്കാതിരിക്കുകയും ചെയ്ത ഒരു തിരുത്തലിനെ, ഒരു മോശം സിനിമയിലാകപ്പാടെയുള്ള ഒരു നല്ല രംഗം എത്ര വേഗമാണ് ഒരുള്‍ക്കൊള്ളലാക്കി മാറ്റിക്കൊടുത്തത് എന്നു ഞാന്‍ അത്ഭുതപ്പെട്ടു. അടുത്ത ദിവസം അവനെ ഹിന്ദി പഠിപ്പിക്കാനിരുന്നപ്പോള്‍ ഒരു ഹിന്ദി വാക്ക് എനിക്ക് വഴങ്ങാതെ വരികയും ‘അത് മറന്നുകളയമ്മേ ,അപ്പോ ഓര്‍മ്മ വരും അമ്മയ്ക്കത് ‘ എന്ന് ആ സിനിമയിലെ ‘മറക്കാന്‍ പാടുപെടുന്ന കാര്യങ്ങളല്ലേ നമ്മളെപ്പോഴും ഓര്‍ക്കാറ്’ എന്ന മമ്മൂട്ടി-അദ്ധ്യാപകന്റെ ചോദ്യത്തെ അധികരിച്ച് അവനെന്നോടു പറയുകയും ചെയ്തപ്പോള്‍ ‘സിനിമ, കുട്ടികളുടെ ഉള്ളിലേയ്ക്ക് നന്മ കയറ്റുന്നുവെങ്കില്‍ അതേ പോലെ തിന്മയെയും കയറ്റുന്നുണ്ടാവില്ലേ’ എന്നു ഞാനൊന്ന് പിടച്ചു.

‘വെളിപാടിന്റെ പുസ്തക’ത്തിന്റെ തുടക്കത്തിലെ കത്തിയും ചോരയും മഴയും തമ്മിലുള്ള കോമ്പിനേഷന്‍സീന്‍ കണ്ടിരിക്കുമ്പോള്‍, ‘എനിക്കറിയാമല്ലോ ഇതൊക്കെ തട്ടിക്കൂട്ടുകാര്യങ്ങളാണെന്ന്’ എന്ന് പറഞ്ഞവന്‍ സിനിമാക്കത്തിയെ നിസ്സാരമായെടുത്ത് എന്നെ നോക്കി ചിരിച്ചു. മുറ്റത്തുനിന്ന് മുത്തങ്ങാപ്പുല്ലു പറിച്ചെടുക്കാനും ഞാവല്‍ക്കൊമ്പു വെട്ടിയൊതുക്കിനിര്‍ത്താനും ആയി അവനെടുത്തു കൊണ്ടുപോകാറുള്ള അടുക്കളക്കത്തി അവന്‍ വീശുന്നത് സിനിമകളിലെ അക്രമ-അതിക്രമ രംഗങ്ങളിലെപ്പോലെയാണല്ലോ എന്ന് ഞാനപ്പോള്‍ പേടിയോടെ ഓര്‍ത്തു.

priya as, memories,malayalam film

ആദം ജോണ്‍ (2017)

ക്രൈംത്രില്ലര്‍, സ്‌ക്കോട്ട്‌ലന്‍ഡ് എന്നൊക്കെ കേട്ടപ്പോള്‍ കൗമാര പ്രായത്തിലേയ്ക്ക് കടക്കാറായ ആണ്‍കുട്ടിയുടെ ഉള്ളിലെ സാഹസികതകള്‍ക്ക് ചേരുമെന്നു കരുതിയാണ് അവനെ ‘ആദം ജോണ്‍’ (Adam Joan) കാണാന്‍ കൊണ്ടുപോയത്. സിനിമ പകുതി എത്തും വരെ സ്‌ക്കോട്ട്‌ലന്‍ഡ്‌ യാഡിനെക്കുറിച്ച് ഉത്സാഹത്തോടെ എനിക്ക് ക്‌ളാസെടുത്തു മകന്‍. പക്ഷേ പന്ത്രണ്ട് വൈദികരുടെ നടുവിലെ ബലിക്കല്ലില്‍ അതിലെ പെണ്‍കുട്ടി എത്തിയതോടെ, സിനിമാച്ചോര തട്ടിക്കൂട്ടലാണ് എന്ന കുട്ടിയുടെ വിവരം അപ്രത്യക്ഷമായി. കട്ടയായും ഇറ്റിറ്റും ഒഴുകിപ്പരന്നും സ്‌ക്രീന്‍ മുഴുവന്‍ ചോരയില്‍ കുതിര്‍ന്നു. പൃഥ്വിയുടെ കൈപ്പത്തി ചോരയില്‍ കുതിര്‍ന്നുകിടന്നു പിടച്ചു. കക്ഷിയുടെ മുഖമേതാ കഴുത്തതേതാ ചോരയേതാ എന്ന് ഒരു പിടിപാടും എനിക്കുപോലും കിട്ടാതായി. പെണ്‍കുട്ടിയുടെ കൈയില്‍ ബലിക്കത്തികൊണ്ട് വരയുമ്പോള്‍, അവന്റെ കൈയാണതെന്ന മട്ടില്‍ എന്റെ മകന്‍ പിന്നോക്കം വലിഞ്ഞു കസേരയില്‍ പറ്റിച്ചേര്‍ന്നിരുന്നു. പുരോഹിതന്റെ കൈയിലും ചോരവരകള്‍ പണിതുണ്ടാക്കി കത്തി. ഒഴുകിയിറങ്ങുന്ന ചോരച്ചാല്‍ കാണാന്‍ കെല്‍പ്പില്ലാതെ, എന്റെ തോള്‍സഞ്ചിയെടുത്ത് മുഖം മറച്ചു അവന്‍. ഓരോ അക്രമവും അവന്റെ നെഞ്ചത്തും വയറ്റത്തും തോളത്തുമാണെന്ന പോലെ കുട്ടിയുടെ ദേഹം കുലുങ്ങി വിറയ്ക്കുന്നത് കണ്ട് ഞാന്‍, അവന്റെ തോളത്തുകൂടി കൈയിട്ടു ചേര്‍ത്തു പിടിച്ചു. തണുത്ത കൈ കൊണ്ട് എന്റെ കൈ ഇറുക്കെപ്പിടിച്ച് എന്റെ ദേഹത്തേയ്ക്ക് കഴിയുന്നത്ര ചാഞ്ഞ് ഒരു കുരുവിക്കുഞ്ഞിനെപ്പോലെ അവനിരുന്നു. “You could have seen the trailer before taking me to this movie,” എന്നെന്നെ തുരുതുരാ വഴക്കു പറയാനും തുടങ്ങി അവന്‍.

കുറ്റബോധത്തില്‍പ്പെട്ട് ഇരുന്ന ഞാന്‍, പിന്നെ സ്‌ക്രീനില്‍ നടന്നതൊന്നും കുറേ നേരത്തേക്ക് കണ്ടില്ല . ഞാനതിനിടെ ഇരുന്ന് ‘അലംകൃതയുടെ അച്ഛന് കുഞ്ഞുണ്ണിയുടെ അമ്മ’ എന്നൊരു കത്ത് എഴുതുന്ന കാര്യം ആലോചിച്ചുനോക്കി. പൃഥ്വിയുടെ രണ്ടുവയസ്സുകാരിപ്പെണ്‍കുട്ടി അലംകൃത ഈ സിനിമ കണ്ടാലെങ്ങനെയുണ്ടാവും, രണ്ടുവയസ്സിലെ കുഞ്ഞുണ്ണി ചെയ്ത പോലെ സിനിമ കാണണ്ട കളിച്ചോളാം എന്നു തന്നെയാവുമോ പറയുക എന്ന ആലോചന എവിടേക്കെല്ലാമോ പടര്‍ന്നു പിടിക്കുന്നതിനിടെ, പന്ത്രണ്ട് വൈദികരെയും കാണാതായി സ്‌ക്രീന്‍ ശാന്തമായി. ഒപ്പം മകനും ശാന്തനായി. സ്‌ക്കോട്ട്‌ലന്‍ഡിനെ ക്യാമറ കൊണ്ടു ഭംഗിയായി കോരി ഒരു ചോരപ്പാത്രത്തിലിട്ടാല്‍, ‘ഇത് ബാക്ഗ്രൗണ്ട് സ്‌കോറാണ്, കേള്‍ക്കു കേള്‍ക്കൂ’ എന്ന മട്ടില്‍ ഒരു തട്ടുപൊളിപ്പന്‍ബഹളം ചമച്ചാല്‍ മാത്രമേ ഒരു ക്രൈംത്രില്ലര്‍ ഫീലിങ് കിട്ടൂ എന്ന് ധരിച്ചാല്‍ ഉണ്ടാകുന്നതാണോ കുറ്റാന്വേഷണ മൂവി? പാട്ട മൂവി, ഇഡിയോട്ടിക് മൂവി എന്നൊക്കെ മകന്‍, ‘ആദ’ത്തിനെ വിശേഷിപ്പിക്കു ന്നത് കേട്ടു.

priya as, memories,malayalam film

പറവ (2017)

പിന്നെ ‘എസ്ര’. പ്രേതം മലയാളസിനിമയെ വിട്ടൊഴിഞ്ഞിട്ടില്ല എന്നു മാത്രം മനസ്സിലായി ആ സിനിമാച്ചോര കണ്ടിറങ്ങിയപ്പോള്‍. അടുത്തത് ‘പറവ’ . ചിറകുവീശലിന്റെ പാറ്റേണുകള്‍ മാറ്റി മാറ്റി ആകാശത്തിന്റെ ഉച്ചിയില്‍ പ്രാവ് പറക്കുമ്പോള്‍ ,പല്ലുപൊങ്ങിയ ഒരുവനും തലുടി അലങ്കോലമായ ഒരുവനും മുഖം മാത്രം പുറത്തുകാട്ടി ബാക്കിയെല്ലാം കടലിലെ വെണ്‍നുരയ്ക്ക് കൊടുത്തു കിടക്കുമ്പോള്‍, ‘ആദ’ത്തിലെ സ്‌ക്കോട്ട്‌ലന്‍ഡിനേ ക്കാള്‍ എത്രയോ ഇരട്ടി ഭംഗിയുണ്ട് മട്ടാഞ്ചേരിക്കെന്ന് മനസ്സിലായി. പക്ഷേ വെറുതേ നടക്കുമ്പോള്‍പ്പോലും മുന്നിലൊരു അതിരൂക്ഷ അക്രമരംഗം പൊട്ടിവിരിഞ്ഞുവരാം എന്ന ധാരണ തന്ന മുന്‍ ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരിച്ചിത്രങ്ങളുടെ പാരമ്പര്യം, ‘പറവ’ തുടര്‍ന്നു. മകന്‍, ‘പറവ’ രംഗങ്ങളിലും പേടിക്കുന്നുണ്ടായിരുന്നു. പക്ഷേ തുടരെത്തുടരെ പേടിക്കുന്നത് ഒരു പന്ത്രണ്ടുവയസ്സുള്ള കുട്ടിക്ക് ചേര്‍ന്നതല്ല എന്ന ധാരണയിലെത്തിയതുകൊണ്ടാവാം അവന്‍ കസേരയുടെ മറ്റേ അറ്റത്തേയ്ക്ക് മാറി, എന്നെ ഒരു തരിപോലും തൊടാതെ കൈ കെട്ടിയിരുന്നു, ഒരനക്കവുമില്ലാതെ. ആ കൈകെട്ടലില്‍, അടക്കിനിര്‍ത്തിയ പേടിയുടെ അടരുകളാണുള്ളതെന്ന് എനിക്കറിയാമായിരുന്നു. കത്തിയെ യും ചോരയെയും പേടിക്കാത്ത കുട്ടിയാവുന്നതിനാണ് മലയാളസിനിമ ഒരു കുട്ടിയെ ഒരുക്കുന്നതെങ്കില്‍ അതൊരു പേടിപ്പെടുത്തുന്ന വളര്‍ച്ചയാണല്ലോ എന്ന് ഞാന്‍ അന്നേരം പതറിപ്പോയി.

“കത്തിയേക്കാള്‍ തോക്കുപയോഗിക്കുന്നതാണ് നല്ലത്, ഇത്ര ചോരപ്പുഴ വരില്ലല്ലോ” എന്ന് സിനിമയ്ക്കുശേഷം കാറിലിരുന്ന് അവന്‍ പറഞ്ഞു. “ഒരു ഷോര്‍ട്ട്ഗണ്‍ലൈസന്‍സ് എടുക്കണം വലുതാകുമ്പോള്‍” എന്നു കൂടി പറഞ്ഞു അവന്‍. “സ്വരക്ഷയ്ക്കായാണ് കേട്ടോ അമ്മേ” എന്നവനെന്നെ സമാധാനിപ്പിച്ചു. “നീ ഇംഗ്‌ളീഷ് നോവലൊക്കെ വായിച്ചു കൂട്ടിയിട്ടാണ്, ആ കള്‍ച്ചറല്ല ഇവിടെ, നമ്മളെപ്പോലെ സാധാരണ മനുഷ്യരായി ഒന്നിനോടും ആര്‍ത്തിയില്ലാതായി ജീവിക്കുന്നവര്‍ക്കെന്തിനാണ് ആത്മരക്ഷയ്ക്കായി തോക്ക്” എന്നൊക്കെ ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു. ‘കൊച്ചാപ്പിയുടെ ചേട്ടന്റെ ഇഷ്ടങ്ങളെല്ലാം ഭ്രാന്തമായിരുന്നു, ഇഷ്ടങ്ങള്‍ക്കും അതിരു വേണം, കൊന്ന് പകരം വീട്ടിയല്ല ഇഷ്ടം പ്രകടിപ്പിക്കേണ്ടത്’ എന്നു ഞാന്‍ ‘പറവ’യെക്കുറിച്ച് പറഞ്ഞത് അവന്‍ കേള്‍ക്കുന്നുണ്ടോ എന്ന് സംശയം തോന്നി. പ്രാവിന്‍കുഞ്ഞിനുരുമ്മാന്‍ സ്വന്തം ചുണ്ടുകൊടുക്കുന്ന , അബദ്ധത്തില്‍ കൊന്നുപോയ പട്ടിക്ക് പകരം ഒരു കുഞ്ഞിപ്പട്ടിയെ സംഘടിപ്പിച്ച് അബദ്ധം തിരുത്താന്‍ ശ്രമിക്കുന്ന സിനിമയിലെ കുട്ടികളിലേയ്ക്ക് ഞാന്‍, അവന്റെ മനസ്സ് പറത്തിവിടാന്‍ നോക്കി. ഒരുത്തന്‍ കട്ടോണ്ടുപോയ മീനിനെ ഒരു കവിള്‍ വെള്ളത്തോടൊപ്പം വായിലെടുത്ത് തിരികെ അവരുടെ സ്വന്തം ഫിഷ് ടാങ്കിലെത്തിക്കുമ്പോള്‍ ‘ഒരൊറ്റെണ്ണ ത്തിനേ എടുത്തൊള്ളാ? അപ്പോ പകരം വീട്ടണ്ടേ ‘എന്ന് ഒരു കുട്ടിയും , ‘എന്തിനാടാ, നമക്ക് നമ്മടതിനെ തിരിച്ചുകിട്ടിയാപ്പോരേ’ എന്ന് മീനിനെ വായിലെടുത്തവനും പറയുന്ന രംഗമാണ് ‘പറവ’യുടെ തുടക്കത്തില്‍. വലിയവരുടെ പ്രതികാരം കുട്ടികളുടേതുപോലെ നിഷ്‌കളങ്കമല്ല എന്നു പറഞ്ഞുവയ്ക്കാനൊരുങ്ങിയ ‘പറവ’യും അക്രമരംഗങ്ങളില്‍ ബീഭത്സ ഭാവത്തിലേക്കു തന്നെപോയി.

അങ്ങനെയങ്ങനെ ഞങ്ങളമ്മയും മകനും സിനിമ കണ്ടുകണ്ട് ‘കുപ്രസിദ്ധപയ്യ’നോളം ‘ജോസഫോ’ളം എത്തിനില്‍ക്കുന്നു. ചോരയെ,അക്രമത്തിനെ പറയാതെ പറഞ്ഞുവച്ച് പ്രതികാരവും കൊലപാതകവും കുറ്റാന്വേഷണവും ജീവിതവും വരച്ചുവയ്ക്കാന്‍ മലയാളസിനിമ എന്നു പഠിക്കും എന്ന ചോദ്യത്തിലും.

കണ്ണൂരിലേക്കാള്‍ കത്തികള്‍ ഉപയോഗിക്കപ്പെടുന്നത് മലയാള സിനിമയിലാണെന്നു തോന്നുന്നു. സിനിമ കണ്ടു ഞെട്ടിഞെട്ടി ഓരോ കുട്ടിയും ഞെട്ടാതിരിക്കാന്‍ പഠിക്കുന്നു. ചോരമയമായ ജീവിതമാണ് മുന്നില്‍ കാത്തിരിക്കുന്നതെന്നാണോ മലയാളസിനിമ ഒരു കുട്ടിയെ പഠിപ്പിക്കുന്നത് ? ഏതു ചോരപ്പുളപ്പുകണ്ടാലും ഞെട്ടാതിരിക്കലാണോ ജീവിതത്തിന്റെ ഉദാത്തഭാവമായി നമുക്കൊരു സിനിമയിലൂടെ ഒരു കുട്ടിക്ക് കാണിച്ചും പറഞ്ഞും കൊടുക്കാനുള്ളത് ?

മായാനദി എന്ന സിനിമയിലെ വരികളെ മോഡിഫൈ ചെയ്താല്‍, ചോരയില്‍ നിന്നും ചോരയിലേക്ക് പോണു എന്നു നിര്‍വ്വചിക്കാം മലയാളസിനിമയെ എന്നു തോന്നുന്നു.

Read More: പ്രിയ എ എസ് എഴുതിയ രചനകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook