കുറച്ചുവര്‍ഷം മുമ്പത്തെ കാര്യമാണ്. താഴത്തെ നിലയിലെ ബെഡ്റൂമും അതിനോടു തൊട്ടുള്ള ബാത്റൂമും കുറേ മരുന്നുകളും മാറിമാറി വന്നുപോയ കുറേ ഹോം നേഴ്സുകളും – അങ്ങനെയായിരുന്നു എന്റെ ലോകം ഒരൊന്നരവര്ഷക്കാലം. സ്പൈന്‍ റ്റി ബി ,എന്റെ മേല്‍ സര്‍വ്വാധിപത്യം സ്ഥാപിക്കുകയും നടുവിനു മുഴുവനായി ബെല്‍റ്റിട്ട് ഞാന്‍ സദാ കിടപ്പാവുകയും ചെയ്ത കാലം.
ഓരോ മാസവും മാറിമാറി വരുന്ന വത്യസ്ത തരക്കാരായ ഹോം നേഴ്സ് എന്ന ഉപകഥാപാത്രങ്ങള്ക്കുമപ്പുറം എന്നെ ശുശ്രൂഷിക്കലിന്റെ കേന്ദ്രസ്ഥാനത്ത് എന്നും എന്റെ അമ്മ തന്നെയായിരുന്നു.ചരിച്ചുകിടത്തി മലര്‍ത്തിക്കിടത്തി എന്റെ ടിബി ബാധിത നടുവിന് ബ്രെയ്സിട്ടുതരിക എന്ന മുഷിപ്പന്‍ ജോലി വളരെ ശുഷ്ക്കാന്തിയോടെ ചെയ്ത് എന്റെ ഒമ്പതുവയസ്സുകാരന് മകന് സ്കൂളിലേക്ക് പോവുകയും തിരിച്ചുവന്ന് എന്റെ കിടക്കയുടെ ഒരു മൂലയില്‍ സ്ഥാനം പിടിച്ച് ഏകതാനതയുടെ വിരസതാളത്തെക്കുറിച്ച് ഒരു പരാതിയുമില്ലാതെ ജീവിച്ചു പോരികയും ചെയ്തു. വീട്ടുകാര്യങ്ങളും മരുന്നു കാര്യങ്ങളും നോക്കിനടത്താനുള്ള ഒരേ ഒരാള്‍ എന്ന നിലയില്‍ അച്ഛന് മാത്രം മറ്റു വഴിയൊന്നുമില്ലാതെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേക്കും മാറിമാറി യാന്ത്രികമായി സഞ്ചരിച്ചു,
‘ബ്രെയ്സിട്ട് സദാ കിടക്കണ്ട ഇനി, അതിട്ട് എണീറ്റുനടക്കലൊക്കെയാവാം’ എന്ന് ന്യൂറോസര്ജന് കനിഞ്ഞ കാലത്താണ് നടി സജിതാ മഠത്തിലെഴുതി ചന്ദ്രദാസന്‍ സാര്‍ സംവിധാനം ചെയ്ത ‘കാളിനാടകം’ വരുന്നുവെന്ന വാര്‍ത്ത. എത്ര കാലമായി ഞങ്ങളൊക്കെ ഇരുട്ടിലായിട്ട്, കുറച്ചു മനുഷ്യരെ കണ്ടിട്ട്, എന്തെങ്കിലുമൊരു കല രുചിച്ചിട്ട് ,ആരോടെങ്കിലും എന്തെങ്കിലുമൊക്കെ ഒന്നു പറഞ്ഞു ചിരിച്ചിട്ട്, ഇത്തിരി വെളിച്ചം കൈനിറയെ കോരിയെടുത്തിട്ട് എന്നു തോന്നി ‘കാളിനാടക’ വരവിന്റെ വിശേഷങ്ങള്‍ വായിച്ചപ്പോള്‍.
മനസ്സിനോ ശരീരത്തിനോ ആവതുണ്ടായിട്ടല്ല . ഞങ്ങളുടെ ലോകത്തുനിന്ന് എങ്ങോട്ടോ ഇറങ്ങിപ്പോയ വെളിച്ചത്തരികളെ എങ്ങനെയെങ്കിലും തിരിച്ചു പിടിക്കണം എന്നുള്ള അതിമോഹം കൊണ്ടായിരുന്നു നാടകം കാണാന്‍ തീരുമാനിച്ചത് . നാടകത്തിന് പോയാലോ എന്നത് ഒരു കടന്ന ചിന്തയാണോ എന്ന് തോന്നലിനിടയില്ക്കൂടിത്തന്നെ രണ്ടും കല്‍പ്പിച്ച് , എനിക്കും മകനും അമ്മക്കും ടിക്കറ്റെടുക്കാന്‍ തുടങ്ങുമ്പോള്‍, മകന്റെ എല്‍ കെ ജി മിസ് പുഷ്പയും എന്റെ കൂട്ടുകാരി ശ്രീബാല കെ മേനോനും നാടകംകാണല് സംഘത്തില്‍ ചേര്‍ന്നു.
അവസാന നിമിഷം, ആരെങ്കിലും എന്തെങ്കിലും അസൗകര്യം പറഞ്ഞ് പിന്മാറും എന്നാണ് കരുതിയത്.പിന്മാറ്റവിദഗ്ധയായ അമ്മയെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സംശയിച്ചത്.ഒരു മാരുതി സെലേരിയോയുടെ ഇത്തിരിയിടത്തില്‍ കുത്തിനിറയ്ക്കപ്പെട്ട ഒരു സംഘം അങ്ങനെ ഫോര്‍ട്ട് കൊച്ചിയിലേക്ക് ഡ്രൈവര്‍ സഹിതം.
അമ്മയോടൊട്ടിയൊട്ടി ഇരുന്ന് യാത്ര ചെയ്തിട്ട് കാലം കുറേ ആയതുകൊണ്ടാവും മകന്, എനിക്കൊപ്പം മുന്നില്‍ത്തന്നെയിരുന്നു.’ഞങ്ങളെല്ലാവരും മെലിഞ്ഞവരല്ലേ, ഇവിടെ സ്ഥലമുണ്ട്, അതുമല്ലെങ്കില്‍ മടിയിലിരുത്താം’ എന്നു പറഞ്ഞ് പിന്‍സീറ്റ് സംഘം പലതവണ വിളിച്ചിട്ടും മകന് മുന്‍സീറ്റ് വിട്ടില്ല. ഒരുപാടുനാളുകൂടി ചെയ്യുന്ന യാത്രയിലെ ഇരിപ്പിന്റെ മട്ട് സുഖമായില്ലെങ്കില്‍ എന്റെ ബ്രെയ്സിട്ട നടുവ് പിണങ്ങിയാലോ എന്ന പേടിയോടെ യാത്രാസംഘം, ‘കുഴപ്പമില്ലല്ലോ’ എന്നെന്നോട് മാറിമാറി ചോദിക്കുകയും ‘അമ്മ സുഖമായിരിക്കട്ടെ അവിടെ, പുറകിലേക്ക് വാ’ എന്ന് പിന്നെയും പിന്നെയും ഒരു ഫലവുമില്ലെങ്കിലും മകനെ പ്രലോഭിക്കുകയും ചെയ്തു.
കുറേക്കാലം കിടപ്പുതന്നെയായിരുന്നിട്ട് പെട്ടെന്നെണീറ്റ് ഒരു പൊതുസ്ഥല ത്തേക്ക് വരുമ്പോഴുള്ള എല്ലാ കുഴപ്പവും അവിടെ ആ നാടകയിടത്തില് ചെന്നപ്പോള്‍ ഞാനനുഭവിച്ചു, ഓരോ കാലടി വെയ്പും എങ്ങോട്ടോ പാളി പോവുന്നു.വെളിച്ചം, കണ്ണിനെയാകെ മഞ്ഞളിപ്പിക്കുന്നു.ആശുപത്രിയിലെ മുഷിഞ്ഞ ആള്‍ക്കൂട്ടമല്ലാതെ, പ്രസരിപ്പുള്ള ആള്‍ക്കൂട്ടത്തെ കാണുന്നതിന്റെ പകപ്പില്‍ എനിയ്ക്ക് സ്ഥലജലഭ്രമം വരുന്നതുപോലുണ്ടായിരുന്നു.
പ്ലാസ്റ്റിക് കസേരയില്‍ ഒരു മണിക്കൂര്‍ ഞാനെങ്ങനെ ഇരിക്കുമെന്നായി പിന്നെ എല്ലാവരുടെയും സംശയം. പിരുപിരുപ്പനായ മകന്, ബാല്‍ക്കണി ഇരിപ്പിടങ്ങള്‍ കാണിച്ച് കൊതി പറഞ്ഞു.അതൊന്നും അമ്മയ്ക്ക് പറ്റില്ല,തന്നെയുമല്ല നമ്മുടെ ടിക്കറ്റ് ഇവിടെയാണ് എന്നൊക്കെ പറഞ്ഞ് അവനെ വശീകരിച്ചെടുത്ത് മുന്‍വശത്തുനിന്നുള്ള രണ്ടാം നിരയില്‍ ഞങ്ങളിടം പിടിച്ചു.
മണ്ണില്‍ നിന്ന് അൽപ്പം ഉയര്‍ന്ന സ്റ്റേജിലേക്കുള്ള കഴുത്തുനീട്ടിയിരിപ്പില് ഇടയ്ക്കിടെ വല്ലാതെ അസ്വസ്ഥത തോന്നിയെങ്കിലും നാടകച്ചുറ്റിലും നിന്നു ചിതറി വീണ വെളിച്ചവും ഇലക്കാറ്റും പച്ചഭൂമിയും നക്ഷത്രയാകാശവും മേഘ-ഒഴുക്കും സ്റ്റേജി ലെ കാളിയും ദാരികനും ചുവപ്പും പാട്ടും എന്നെ ത്രസിപ്പിച്ചു കൊണ്ടേയി രുന്നു. മണലാരണ്യത്തില്‍ നിന്നെത്തിയതായിരുന്നു ഞാന്‍. ആവോളം വെള്ളം കുടിച്ച് ദാഹമകലുമ്പോഴുള്ള സുഖവും ആലസ്യവും ചേര്‍ന്ന ഒരു പതിഞ്ഞ തോന്നലില്‍ കുഴഞ്ഞിരിപ്പായിരുന്നു അവിടെ ഞാന്‍.
നാടകം കഴിഞ്ഞപ്പോള്‍ അവിടവിടെ നിന്ന് ഓരോ പരിചയമുഖങ്ങള്‍ തെളിഞ്ഞു വന്നു.ഓരോ ചിരിയും ഉള്ളിലേക്കു കയറാന്‍ കുറച്ചുനേരമെടുത്തു.വാതിലൊക്കെ മുറുക്കെ അടഞ്ഞുപോയ ഒരിടത്തുനിന്നായിരുന്നല്ലോ എന്റെ വരവ്, മരുന്നുകളെയല്ലാതെ മുഖങ്ങളെയോ ചിരിയെയോ ഒന്നും കുറേനാളായി പരിചയമുണ്ടായിരുന്നില്ലല്ലോ.
ഓര്‍മ്മകളെയൊക്കെ ആവാഹിച്ചെടുത്ത് പരസ്പരം ചേര്ത്തുവയ്ക്കുന്നതിനിടയില് സംവിധായകന് ചന്ദ്രദാസന്‍ സാറും , നാടകത്തിന്റെ സ്ക്രിപ്റ്റ് ഒരുക്കുകയും കാളിയായി സ്റ്റേജിലെത്തുകയും ചെയ്ത സജിതാ മഠത്തിലും നാടകത്തിനെക്കുറിച്ചു ള്ള അഭിപ്രായം പറയാനായി, അവര്‍ക്ക് നന്നായറിയാവുന്ന ചിലരെ സദസ്യരില്‍ നിന്ന് സ്റ്റേജിലേക്ക് ക്ഷണിച്ചു.നടന് ജോയ് മാത്യു. സിനിമാസംവിധായിക ശ്രീബാല കെ മേനോന്, അന്ന് മഴവില്‍ മനോരമയിലായിരുന്ന കെ. ഗിരീഷ് കുമാര്‍, തിരക്കഥാകൃത്ത് ബിപിന്ചന്ദ്രന് അങ്ങനെ ചിലര്‍ സ്റ്റേജിലേക്ക് കയറുന്നതിനിടെ ചന്ദ്രദാസന്സാര് എന്നെ കണ്ടു. ഞാനും സ്റ്റേജില്‍ കയറണമെന്ന ആവശ്യം വരികയും നടുവു പ്രശ്നങ്ങളുമായി സ്റ്റേജിലേക്കു കയറ്റം ബുദ്ധിമുട്ടാണെന്നൊക്കെയുള്ള ‘സ്പൈന്‍ ടി ബി ആട്ടക്കഥ’ വിസ്തരിക്കാനുള്ള മടി കാരണം ഞാന്‍, പ്രാഞ്ചി പ്രാഞ്ചിയാണെങ്കിലും തപ്പിപ്പിടിച്ച് സ്റേറജില്‍ കയറ്റം മാനേജ് ചെയ്യുകയും ചെയ്തു.
എന്തോ രണ്ടുവാക്കു പറഞ്ഞശേഷം ഒരു ചിരിയും കൊണ്ട് തിരികെയിറങ്ങുമ്പോള്‍, ഒരു പെണ്‍കുട്ടി ഓടി വന്ന് ‘പ്രിയയല്ലേ’ എന്ന് കിതച്ചു ചോദിച്ച് , എന്റെ അച്ചിങ്ങാക്കൈയില് പിടിച്ചു. അവളുടെ നില്‍പ്പിലും നോക്കിലും വാക്കിലും ഇഷ്ടം തുള്ളിത്തുളുമ്പി. അവിശ്വസനീയമായതെന്തോ ആണ് മുന്നിലെന്ന പോലെ, വാക്കിന് തപ്പിത്തടഞ്ഞ് പിന്നെ ആ ഇരുണ്ട നിറക്കാരി, മെലിഞ്ഞ പെണ്‍കുട്ടി പറഞ്ഞു. ‘നിങ്ങളെ ,നിങ്ങളുടെ അസുഖങ്ങളെപ്പോലും ഞാന്‍ എത്രമാത്രമാണ് ചേര്ത്തുപിടിക്കുന്നതെന്നോ!’. ഞാന്‍ വെറുതേ ചിരിച്ചു നിന്നു. അവളുടെ പേര് ചോദിച്ചു.മൂന്നു പേരുകള്‍ ചേര്‍ന്ന ഒരു നീളന്‍ പേര്. അവളുടെ കൂടെ, ജീവിതത്തിലെ കൂട്ടുകാരനുണ്ടായിരുന്നു.അക്ഷരയിഷ്ടം പറഞ്ഞു വരുന്നവരെ നേരിടാന്‍ നേരം സ്ഥിരം അനുഭവപ്പെടാറുള്ള ബുദ്ധിമുട്ടുകൊണ്ടും ശരീരവും മനസ്സും തമ്മില്‍ ചേര്‍ത്തുവയ്ക്കാനുള്ള കഷ്ടപ്പാടു കൊണ്ടും ഞാനങ്ങനെ യാന്ത്രികമായി നിന്നു. ഞാന്‍ ചോദിക്കുന്നതും അവര്‍ പറയുന്നതും ഒക്കെ ഞാന്‍ അപ്പോത്തന്നെ മറന്നുപോയിക്കൊണ്ടിരുന്നു. ലോകത്തിന്റെ ഇരമ്പലിനെ സ്വീകരിക്കാന്‍ പാകത്തില്‍ എത്തിയിട്ടുണ്ടായിരുന്നില്ല , ആശുപത്രിയും വീടും മാത്രമായി ഒന്നരവര്‍ഷം തുഴഞ്ഞുനീക്കിക്കഴിഞ്ഞു വന്ന എന്റെയുള്ളിലെ ഞാന്‍.
ഇതിനിടെ, എനിക്ക് നേരിട്ട് പരിചയമേയില്ലാത്ത നടന് ജോയ് മാത്യു എന്റെ അടുത്തേക്കു വന്നു. ‘നിങ്ങളെ കാണാന്‍ ഞാന്‍ എം ജി യൂണിവേഴ്സിറ്റിയില്‍ വന്നിട്ടുണ്ട് പണ്ട്, നിങ്ങളന്ന് ലീവായിരുന്നു,ഞാന്‍ നടത്തിയിരുന്ന പുസ്തക പ്രസാധനശാലക്കാര്യവുമായിട്ടായിരുന്നു അന്ന് വരവ് ‘ എന്ന് പറഞ്ഞ് അദ്ദേഹം അടുത്തുവന്നപ്പോള്‍, ‘എന്നെ അറിയാമെന്നോ’ എന്ന് അത്ഭുതത്തോടെ ചിരിച്ചും എന്തോ മിണ്ടിയെന്ന് വരുത്തിയും ഞാന്‍ നിന്നു. അതിനിടെ ‘ചേച്ചീ’ എന്ന് വിളിച്ച് തിരക്കഥാകൃത്ത് ബിപിന്ചന്ദ്രനെത്തി.അവനെനിക്ക് സിനിമാക്കാരനൊന്നുമല്ല. കാലങ്ങളായുള്ള വഴക്കാളി അനിയനാണ്. എനിക്കവനാരാണെന്നോ അവന് ഞാന്‍ ആരാണെന്നോ കൃത്യമായി എനിക്കും അവനും അറിയുമോ എന്നൊരിക്കലും നിശ്ചയിക്കാനായിട്ടില്ല എനിക്ക്.വഴക്കുണ്ടാക്കി സ്നേഹിക്കുക എന്ന പതിവുരീതിയില്‍ ഞങ്ങള്‍ മുഴുകവേ, കെ ഗിരീഷ്കുമാര്‍ എന്ന മറ്റൊരു സിനിമാക്കാരന് അടുത്തേക്കു വന്നു.ഗിരീഷെനിക്ക് സിനിമക്കാരനോ ‘മഴവില്‍ മനോരമ’ ക്കാരനോ ആയിരുന്നില്ല.എന്റെ ഒരു മാതൃഭൂമിക്കഥ (സ്വപ്നം പോലെ ) ഇഷ്ടപ്പെട്ട് എം ആര് ബിയുടെ മകള്‍ തങ്കമണിച്ചേച്ചി തൃശൂര്നിലയത്തിനുവേണ്ടി അത് റേഡിയോ നാടകമാക്കാനാഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, ജയശ്രീ മിശ്രയുടെ ‘ Ancient Promises’ വിവര്‍ത്തനത്തിനിടയിലെ അങ്കലാപ്പിലായിരുന്നു ഞാന്‍. ഒടുക്കം തങ്കമണിച്ചേച്ചി, ഗിരീഷ് കുമാറിനെയാണ് സ്ക്രിപ്റ്റിങ് ഏല്‍പ്പിച്ചത്. ശ്യാമപ്രസാദിന്റെ ‘ശമനതാള’ത്തിന് സ്ക്രിപ്റ്റ് ഒരുക്കിയ ആള് എന്റെ കുഞ്ഞുകഥ, ഒരു പക്ഷേ ഞാന്‍ ചെയ്യുമായിരുന്നതിനേക്കാള്‍ ഭംഗിയായി ചെയ്തിടത്തുനിന്നാണ് ഗിരീഷെന്റെ സുഹൃത്താകുന്നത്.
അങ്ങനെ ചില്ലറ ചിരിവര്ത്തമാനങ്ങള് നടക്കുന്നതിനിടെ ശ്രീബാലയും സ്റ്റേജില്‍ നിന്നു തിരികെ എത്തി. ബാലക്ക് ന്യായമായും കൂടുതല്‍ പരിചയക്കാരുണ്ടായിരുന്നു അവിടെ, സിനിമാമേല്വിലാസം വഴി. പക്ഷേ ബാല, എനിക്കൊരിക്കലും സിനിമാക്കാരിയേയല്ല.എന്റെ ഏറ്റുമാനൂര്‍ കാലത്ത്, കോട്ടയത്തെ ഏഷ്യാനെറ്റ് ഓഫീസിലെ കൂട്ടുകാരന് ജിമ്മിയുമൊത്ത് പച്ച വണ്ടിന്റെ നിറമുള്ള ഒരു മാരുതി കാറില്‍ വന്നു കയറുകയായിരുന്നു ബാല എന്റെ ജീവിതത്തിലേക്ക്. കോട്ടയം വൈ ഡബ്ലു സി എയില്‍ വച്ച് ഞാന്‍ നടത്തിയ സാരി എക്സിബിഷനില്‍ വന്ന് സാരി വാങ്ങിക്കൊണ്ടു പോയത് ജിമ്മിയാണ്. ബാലയുടെ പ്രണയകാലത്തെ സദാ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന നന്നേ മെലിഞ്ഞ ജിമ്മിയാണ്, ജിമ്മിയുടെ ഈ ‘പോയന്റ് ബ്ളാങ്ക്’ ഫെയിമിന്റെ കാലത്തും എന്റെ മനസ്സില്‍. കോട്ടയത്ത് മത്തായിമാരല്ലാതെ കടലില്ലാത്തതിനാല്‍ തിരുനക്കര മൈതാനം കുഴിച്ചു കടലുണ്ടാക്കാമെന്ന രഹസ്യപദ്ധതിയുടെ വക്താക്കളായിരുന്നു കൊച്ചിയുടെയും ചേര്‍ത്തലയുടെയും കടലുകളില്നിന്നുവരുന്ന ഞാനും തിരുവനന്തപുരത്തെ കടലുകളില്‍ നിന്നു വരുന്ന ജിമ്മിയും അക്കാലത്ത്.
നടുവും കഴുത്തും എങ്ങനെ എന്റെ ഈ സന്തോഷത്തോടൊക്കെ പ്രതികരിക്കുമെന്ന സംശയത്തോടെ, അമ്മ ‘വാ,പോകാം’ എന്നോര്മ്മിപ്പിച്ചുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ, ചിരികളികള്‍ വേഗം അവസാനിപ്പിച്ച്, ഓടിപ്പാഞ്ഞു നടക്കുന്ന മകനെ പെറുക്കിക്കൂട്ടി ഞങ്ങള്‍ പെട്ടെന്ന് തിരിച്ചുപോന്നു.
രാത്രി, ആവേശപൂര്‍വ്വം ഞാന്‍ കാളിനാടകക്കുറിപ്പെഴുതി എഫ് ബിയിലിട്ടു. ഒരു നോവലെഴുതിയ ത്രില്ലുണ്ടായിരുന്നു അപ്പോള്‍. അക്ഷരമൊക്കെ വിട്ടുപോയി എന്നേയ്ക്കുമായി എന്നു വിചാരിച്ചു കഴിഞ്ഞിരുന്ന ഒരാളുടെ കുഞ്ഞുവലിയ സന്തോഷം!
പിറ്റേന്നെപ്പോഴോ ഫേസ്ബുക്ക് മെസ്സഞ്ചറില്‍, ‘ഇന്നലെ കാളിനാടകം’ എന്നു തുടങ്ങുന്ന മെസേജ്. അത് തുറന്ന് മുഴുവന്‍ വായിച്ചപ്പോള്‍ തരിച്ചിരുന്നുപോയി.ഇന്നലെ കണ്ട ആ പെണ്‍കുട്ടിയാണ്. ‘മറ്റാരൊക്കെയോ നിങ്ങളുടെയടുത്തേക്ക് വന്നപ്പോള്‍ മുറിഞ്ഞുപോയ സംസാരം തുടരാനായി നിങ്ങളുടെ പുറകില്‍ത്തന്നെ കാത്തു നില്‍ക്കുകയായിരുന്നു ഞാന്‍.പക്ഷേ നിങ്ങള്‍ പെട്ടെന്ന് കുറേ സിനിമാക്കാരുടെ പുറകേ പോയി എന്റെ കാത്തുനില്പ്പിനെ കണക്കിലെടുക്കുകപോലും ചെയ്യാതെ’ എന്നു തുടങ്ങുന്ന ഒരു ചെറുകുറിപ്പിലെ കടുത്ത വിമര്‍ശനത്തിന് എന്തു മറുപടി എഴുതണം എന്നറിയാതെ ഞാനിരുന്നു.
എന്റെ നീണ്ട കമ്മലും വലിയ മാലയും നിറമുള്ള ഉടുപ്പും വിടര്‍ന്ന ചിരിയ്ക്കുമപ്പുറം ‘ഒന്നരവര്‍ഷമായി ഇടുന്ന ഒരു ബ്രെയ്സും ഒട്ടും സഹകരിക്കാത്ത ഒരു നടുവും വിഴുങ്ങിത്തീര്ത്ത കുറേ വേദനയും ആണ് സത്യത്തില്‍ ഞാന്‍’ എന്നോ മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു വര്ണ്ണപ്പളപ്പിടം മാത്രമാണ് സിനിമ എന്ന ഭൂമിക എന്ന് നിങ്ങളോട് ആരാണ് പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത് എന്നോ ഒന്നും മറുപടി കുറിയ്ക്കാന്‍ തോന്നിയില്ല. എഴുത്തുകാരെല്ലാം മനുഷ്യരാണ് എന്ന ധാരണ പോലെയേ ഉള്ളൂ സിനിമാക്കാരെല്ലാം മനുഷ്യരല്ല എന്ന ധാരണയും എന്നു കൂടി സൂചിപ്പിക്കണമെന്നുണ്ടായിരുന്നു. എനിയ്ക്കത്രയുമൊന്നും ടൈപ്പ് ചെയ്യാന്‍ വയ്യായിരുന്നു.തന്നെയുമല്ല, എന്റെ ഭാഗം പറഞ്ഞു വിശ്വസിപ്പിക്കാന്‍ പാടുപെടേണ്ടി വരുന്ന ഒരേടും ഒരു കാലത്തും സ്വാഗതം ചെയ്യുന്ന തരക്കാരിയല്ല ഞാന്‍.
ഞാന്‍ ഒറ്റ വാചകം എഴുതി, ‘ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല ഒരു ജന്മസത്യം.’ എനിക്കേറ്റവും പ്രിയപ്പെട്ട കഥാത്തലക്കെട്ടുകളിലൊന്നാണത്. ഭൂമി വിട്ട ഗീതാ ഹിരണ്യന്റേത്. കൂടുതലൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല.
അപ്പോള്‍ ആ കുട്ടി വീറോടെ വന്നു ചോദിച്ചു, ‘ഒറ്റ സ്നാപ്പിലൊതുങ്ങുമോ ഞാനനുഭവിച്ച അപമാനം?’
ഞാന്‍ പിന്നെ ഒരക്ഷരവും ആ കുട്ടിക്കായി കുറിച്ചില്ല.ജീവിതത്തിലാദ്യമായി ഒരു എഫ് ബി അണ്‍ഫ്രണ്ടിങ് നടന്നത് അന്നാണ്.
ഒരുപാട് വിശദീകരണങ്ങള്‍ കൊണ്ട് വിശ്വസിപ്പിക്കാന്‍ ശ്രമിക്കേണ്ടി വരിക എന്ന ഏടിനെ ഏറ്റവും പച്ചയായ ജീവിതത്തിലും ഞാനെന്നും കുടഞ്ഞു കളഞ്ഞിട്ടേയുള്ളൂ.
ചില ചിരികള്‍, ചില മൗനങ്ങള്‍, ചില സങ്കടങ്ങള്‍, ചില വൈകാരികപരിസരങ്ങള് (സത്യമായും, വൈകാരിക പരിസരം ഒരു ചെറിയ വാക്കല്ല) ഒക്കെ വിശദീകരണങ്ങള്‍ക്കതീതമായ ഒരുപാടുവാക്കുകള് കൊണ്ട് കടഞ്ഞുണ്ടാക്കിയതാണ്. അതെല്ലാവര്‍ക്കും മനസ്സിലാകണം എന്നില്ല. ഞാന്‍ കൂടുതലൊന്നും പറയാതെ തന്നെ എന്നെ വായിച്ചെടുക്കുന്ന വിരലിലെണ്ണാവുന്നവര്‍. അവരെയാണ് എപ്പോഴും ഞാന്‍ എന്റെ ജീവിതപടത്തില് സൂഹൃത്തുക്കളായി അടയാളപ്പെടുത്താറ്. അത്തരം നാലോ അഞ്ചോ അടയാളപ്പെടുത്തലുകളിലൂടെ പൂവിടുന്നതാണ് എനിക്ക് ജീവിതം.
കുറച്ചു നാള് മുന്‍പൊരു ദിവസം റോഡ് മുറിച്ചു കടക്കാന്‍ നില്ക്കുമ്പോള്, എവിടുന്നോ ഒരു ബൈക്ക് ഭ്രാന്തമായെന്നപോലെ എന്റെയടുത്തുവന്ന് സഡന്‍ ബ്രേക്കിട്ട് നിന്നു.ഇയാളെന്നെ ഇപ്പോ ഇടിച്ചിടുമായിരുന്നല്ലോ എന്ന് പുരികം ചുളിച്ച് ഞാന്‍ നോക്കുമ്പോള്‍, ഒരു ദിവ്യാത്ഭുതത്തെയെന്നപോലെ അയാള്‍ എന്നെ നോക്കി ഒരിരിപ്പിരിക്കുകയാണ് സീറ്റില്‍. ‘പ്രിയാ എ എസല്ലേ?’ എന്നൊരു ചോദ്യം കേട്ടപ്പോള്‍, എന്നെ കാച്ചാന്‍ വന്ന കൊട്ടേഷന്‍ ടീമൊന്നുമല്ല എന്നാശ്വാസമായി. ‘എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല, അതാ നോക്കൂ ഒരു പല്ലിയഴെുതിയ പ്രിയ’ എന്ന് അയാള്‍ സ്വയം പറഞ്ഞു കൊണ്ടേയിരുന്നു. പ്രശസ്ത ഓണ്‍ലൈന്‍ പത്രത്തി ലെ കുക്കറി കോളം കൈകാര്യം ചെയ്യുന്നു എന്ന പരിചയപ്പെടുത്തലിന് ശേഷം അയാള്‍ അഭിമാനത്തോടെയും തെല്ലുലജ്ജയോടെയും പറഞ്ഞു, ‘ഞാനെഴുതുമ്പോള്‍ പലരും പറയും പ്രിയയുടെ ശൈലി പോലെ എന്ന് ‘.ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും തിരക്കായിരുന്നതിനാല്‍, ആ ‘സ്നേഹപര്വ്വം’ ഒരിളംതണുപ്പോടെ വേഗമവസാനിച്ചു.
ആ തണുപ്പിലലിഞ്ഞ് നടക്കുമ്പോള്‍ ഞാനൊരു ഇളം ചിരിയോടെ സ്വയം പറഞ്ഞു , ഒരു ‘കാളീനാടക’ ഏടിലെ ഇഷ്ടത്തിന്റെ അവസ്ഥാന്തരന്യാസം കഴിഞ്ഞതില്‍പ്പിന്നെ എനിക്ക് ചെറു പേടിയാണ് ഇഷ്ടക്കാരെ. അല്ലെങ്കിലും ഇഷ്ടത്തില്‍ നിന്ന് അനിഷ്ടത്തിലേക്ക് വളരെ കുറച്ചല്ലേയുള്ളൂ ദൂരം! പക്ഷേ ഇഷ്ടവും അനിഷ്ടവും ചേര്‍ന്നതാണല്ലോ ഓര്‍മ്മ!
അനിഷ്ടങ്ങളെ ഓര്‍മ്മിക്കുമ്പോള്‍ ഒരു പകപ്പുണ്ടാവും.ഞാനിതര്ഹിക്കുന്നുവോ എന്ന പകപ്പ്. പക്ഷേ പകപ്പ്,വെറുപ്പാകാതിരിക്കാന് ഞാനെന്നും ശ്രദ്ധിക്കുന്നു. അതാണല്ലോ പിന്നെയും ഞാനാ പെണ്‍കുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റ് വീണ്ടും സ്വീകരിച്ചത്. അവരുടെ വൈകാരിക പരിസരങ്ങളേതെന്നുമെന്തെന്നുമാര്ക്കറിയാം എന്നു ചിന്തിച്ചത്!
ഞാന്‍, എന്നെക്കുറിച്ചുമാത്രം ചിന്തിച്ചാല്പ്പോരല്ലോ. അതിനല്ലല്ലോ ഞാന്‍ കഥാകാരിയായത്…
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook