‘ഒടിയ’നും ‘ഞാൻ പ്രകാശനും’ കണ്ടത് ഈയിടെ. പക്ഷേ മനസ്സിലേക്കോടി വരുന്നത് ഒരാഴ്ച മുൻപ് കൊച്ചിൻ യൂണിവേഴ്സിറ്റി (കുസാറ്റ്) യൂണിയന്റെ സമാപന സമ്മേളനത്തിന് മുന്നോടിയായി ഓപ്പൺ എയറിൽ ഒരു കൂട്ടം ട്രാന്‍സ് വ്യക്തികള്‍ അവതരിപ്പിച്ച , ആക്റ്റിവിസ്റ്റും തമിഴ് നാടക പ്രവർത്തകനും, ‘സ്വാതന്ത്ര്യം സ്റ്റേജിലൂടെ’ എന്ന ചിന്താധാരയുടെ വക്താവുമായ ശ്രീജിത് സുന്ദരം സംവിധാനം ചെയ്ത നാൽപ്പത്തിയഞ്ചു മിനിട്ടു നാടകമാണ്. പേര് – പറയാൻ മറന്ന കഥകൾ. ‘ദ്വയ’ (Dhwayah) എന്ന ട്രാന്‍സ് വ്യക്തികളുടെ ആര്‍ട്സ് ആന്‍ഡ്‌ ചാരിറ്റബിള്‍ സൊസൈറ്റി (Transgender Arts and Charitable Society) കേരളാ സംഗീത നാടക അക്കാദമിയുമായി സഹകരിച്ച് നടത്തിയ വർക് ഷോപ്പിൽ പിറവിയെടുത്ത നാടകം. 2018ലെ ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റിവല്‍ ഓഫ് കേരളയുടെ (ITFOK) ആദ്യ ദിവസം പ്രദർശിപ്പിക്കപ്പെട്ട ഈ നാടകം ഏറെ പ്രശംസ നേടിയിരുന്നു.

‘ഒടിയനി’ലെ വിങ്ങലുകളും ഇരുട്ടും വെളിച്ചവും മായങ്ങളും ‘ഞാൻ പ്രകാശനി’ലെ ബംഗാളിപ്പാട്ട് കേട്ട് ഞാറ് നടാൻ നിന്നു കൊടുക്കുന്ന ഇന്നത്തെ കേരളീയ നെൽപ്പാടങ്ങളുണർത്തുന്ന സ്വയം പരിഹാസങ്ങളും ഒന്നുമല്ലാതായിപ്പോകുന്നുണ്ട്, ‘പറയാൻ മറന്ന കഥകൾ’, കണ്ട് ഒരാഴ്ച പിന്നിട്ടിട്ടും മറവിയാകാതെ ഉള്ളിലിരുന്നുരുകിയൊലിക്കുമ്പോൾ.

പറയാൻ മറന്ന കഥകളല്ല, പറയാനൊരു ഇടം ആരും കൊടുക്കാത്തതു കൊണ്ട് ട്രാന്‍സ് വ്യക്തികള്‍ എന്ന നിസ്സഹായ വിഭാഗം ഉള്ളിലൊതുക്കിയ നോവുകളും സത്യങ്ങളും നിറഞ്ഞ ജീവിത വർത്തമാനങ്ങളാണിത്. കാലങ്ങളായി പാർശ്വവത്ക്കരണത്തിന്റെ ഏറ്റവും കടുത്ത പ്രതീകങ്ങളായി നിലകൊള്ളുന്നവർ ആദ്യമായി ഒരു നാടകക്കൂട്ടമായി അരങ്ങിലെത്തി, പേരുകൾ പോലും മാറ്റാതെ അവരവരായിത്തന്നെ നിന്ന്, വീട്ടിൽ നിന്നും നാട്ടിൽ നിന്നും നേരിട്ട അവഗണനയും പരിഹാസവും വെറുപ്പും നിറഞ്ഞ ഏടുകളെ ഉറഞ്ഞു തുള്ളിയും കരഞ്ഞുലഞ്ഞും ചോദ്യ രൂപേണ വിരലുയർത്തിയും പാട്ടു മാത്രം അകമ്പടിയായ സ്റ്റേജിലവതരിപ്പിച്ചപ്പോൾ, പല തവണ കണ്ണ് നിറഞ്ഞു, ഉള്ള് നീറി.

ഒൻപതാമത്തെ സ്റ്റേജിലാണിതവരിപ്പിക്കുന്നത്. ബാക്കി അവതരണങ്ങളിലെല്ലാം സ്റ്റേജ്, ഒരു ആധുനിക സ്റ്റേജിനു വേണ്ടുന്ന എല്ലാ സജ്ജീകരണങ്ങളോടെ ആയിരുന്നു. ‘കുസാറ്റി’ൽ പക്ഷേ കൊട്ടും പാട്ടും മാത്രം അകമ്പടിയായ ഒരു വെറും സ്റ്റേജായിരുന്നു സ്റ്റേജ്.

സ്കൂൾ ഓഫ് ഡ്രാമയുമായി ഒരു പരിചയവുമില്ലാത്ത കുറച്ച് മനുഷ്യർ. ഒരു കൂട്ടം ട്രാന്‍സ് വ്യക്തികള്‍. ചവിട്ടിനും തുപ്പിനുമിടയിലൂടെ പൊരുതി, മാന്യമായ ജോലിയിടങ്ങളിലേക്ക്, പഠന കേന്ദ്രങ്ങളിലേക്ക് എത്തിയവർ. ഇനിയും മുന്നോട്ടു പോകാനാഗ്രഹവും കഴിവും ഉൾമുതലും ഉള്ളവർ. സാരിയുടുത്ത് ട്രാൻസ് വിമെൻ ആവാനും സാരി മടക്കിക്കുത്തി ട്രാൻസ്‌മെൻ ആവാനും അവർക്ക് നിമിഷാർദ്ധങ്ങളേ വേണ്ടി വന്നുള്ളു. അപ്പോൾ തോന്നി, പത്മരാജൻ മട്ടിൽ ‘ഞാൻ ട്രാൻസ് പേര്‍സണ്‍’ എന്ന പേര് ആവാമായിരുന്നു നാടകത്തിനെന്ന്.transgender , play, priya a. s

ആൺകുട്ടിയേയും പെൺകുട്ടിയേയും (പഠിക്കുന്നവരായാലും പഠിക്കാത്തവരായാലും…!) എൻജിനീയറാക്കാനും ഡോക്റ്ററാക്കാനും പാടുപെടുന്ന അച്ഛനമ്മമാർ, പഠിപ്പിലെത്ര മിടുക്കുണ്ടായാലും തന്റെ കുട്ടിയെ കുറിച്ചുളള ലിംഗപരമായ തിരിച്ചറിവിലെത്തുമ്പോൾ നെഞ്ചത്തലച്ച്, ശാപവാക്കുതിർത്ത്, സ്വന്തം തല വിധിയെ പഴിച്ച് കൈയൊഴിയുകയാണ്. “ആണും പെണ്ണും ചേർന്ന ഞങ്ങളല്ലേ സത്യത്തിൽ ഒന്നാം നിരക്കാരാവേണ്ടത്?” എന്നു ചോദിച്ചു നിർത്തുന്ന നാടകത്തിൽ നിറയെ സമകാലീന സംഭവങ്ങളാണുള്ളത്. ഒരാനക്കാര്യം പോലെ ട്രാൻസ് വ്യക്തികൾക്ക് ജോലി കൊടുത്ത കൊച്ചി മെട്രോ വഴികൾ പിന്നെ വെറും ചേനക്കാര്യമായിത്തീർന്നത്, ശബരിമലയിൽ ട്രാൻസ് വ്യക്തികളുടെ പ്രവേശനം വിവാദ വിഷയമായത്, ടാൻസ് വ്യക്തിയായ കൂടപ്പിറപ്പിനെ കാണാൻ സഹോദരി വന്നപ്പോൾ അത് കൂട്ടിക്കൊടുക്കലായി വ്യാഖ്യാനിക്കപ്പെട്ട് പോലീസ് സ്റ്റേഷനിൽ കേസായത്, ട്രാൻസ് വ്യക്തി നടത്തിയ ചായക്കടയെ പൊതുജനം ബഹിഷ്ക്കരിച്ചത്, അവരുടെ ശരീരത്തിന്റെ സാധ്യതകൾ മാത്രം കണ്ട് ‘സെക്സ് വർക്കേഴ്സ്’ എന്ന നിലയിൽ സമൂഹം അവരെ കാണുന്നത് തുടങ്ങിതെല്ലാം പകർന്നാടി അവര്‍ അരങ്ങിന് ജീവൻ വയ്പ്പിച്ചപ്പോൾ, മുൻ നിരയിലിരുന്ന് പല തവണ പിന്നിലെ സദസ്സിലേക്ക് തിരിഞ്ഞു നോക്കി ഞാന്‍. കൊട്ടും പാട്ടും കേട്ട് വൈകുന്നേരം വഴിയോരത്തു നിന്ന് കാഴ്ചക്കാരായി വന്നു കയറിയ ഓരോ ‘കുസാറ്റ്’ വിദ്യാർത്ഥിയുടെയും കൊത്തിവച്ചതു പോലുള്ള നിൽപ്പുകൾ, ഇമയനക്കാതെ പിടിച്ച കൺവെട്ടങ്ങൾ ഒക്കെ ജീവിത വഴിത്താരയിൽ കണ്ടുമുട്ടിയേക്കാവുന്ന ട്രാന്‍സ് വ്യക്തികളോട് അവർ ഇനി കാണിയ്ക്കും എന്നുറപ്പുള്ള സഹജീവി മനോഭാവത്തിന്റെ ദൃഷ്ടാന്തങ്ങളായിരുന്നു.

ആർ എൽ വി വിദ്യാർത്ഥി, ജീവൻ റ്റി വിയിലെ വാർത്ത അവതാരക , മഹാരാജാസിലെ വിദ്യാർത്ഥികള്‍, തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ജേര്‍ണലിസം വിദ്യാർത്ഥി, ‘വനിത’യുടെ കവർ മോഡൽ, സിനിമാ മേഖലയിലെ മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി ഈ മേഖലയിൽ നിന്ന് സമൂഹത്തിന് അടയാളപ്പെടുത്താതിരിക്കാൻ പറ്റാത്ത വിധമുള്ള ആദ്യവ്യക്തിത്വങ്ങളായി നമ്മളറിഞ്ഞവരൊക്കെ തന്നെയായിരുന്നു അരങ്ങിൽ. അതിലേറ്റവും അറിയപ്പെടുന്ന മുഖം കഴിഞ്ഞ ഇരുപതു വർഷമായി എല്‍ ജി ബി റ്റി അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ശീതൾ ശ്യാമിന്റേതാണ്.transgender , play, priya a. s

‘ഒടിയ’നു വേണ്ടി സ്‌പെഷ്യൽ ഷോകൾ ഒരുക്കുന്ന നമ്മൾ, ‘പറയാൻ മറന്ന കഥകൾ’ക്കു വേണ്ടി വിരലിലെണ്ണാവുന്ന വേദികൾ എങ്കിലും ഒരുക്കേണ്ടതല്ലേ? ‘കുട്ടികളിലാണ് അവബോധം ഉണ്ടാകേണ്ടത്, അവരാണ് വളർന്ന് വലുതായി ഞങ്ങളെ ചേർത്തു നിർത്താനുള്ള വലിപ്പം കാണിക്കേണ്ടത്’ എന്നു പറഞ്ഞു തന്നെ രംഗത്ത് ആടപ്പെട്ട ഈ നാടകത്തിന് എല്ലാ കോളേജുകളും വേദിയൊരുക്കേണ്ടതാണ്. “ഞങ്ങളെ കാണുമ്പോൾ രണ്ടാമതും മൂന്നാമതും തിരിഞ്ഞു നോക്കല്ലേ വിചിത്ര ജീവികളെന്നോണം,” എന്ന അവരുടെ ചെറിയ ആവശ്യമെങ്കിലും നിറവേറ്റിക്കൊടുക്കാനായില്ലെങ്കിൽ എന്തിന് ‘ആർപ്പോ ആർത്തവം’, എന്തിന് ‘മതിൽ’, എന്തിന് സുപ്രീം കോടതി പുരോഗമനാശയ വിധി പ്രളയങ്ങൾ!

‘കഞ്ഞി എടുക്കട്ടെ?’എന്ന, കഥാഗതിയോട് വളരെ ഇഴ ചേർന്നു നിൽക്കുന്ന ഒരു ഡയലോഗിനെ മനപ്പൂർവ്വം ട്രോളി തറ പറ്റിക്കാൻ ദൃഢപ്രതിജ്ഞയെടുത്തു നടക്കുകയാണ് നമ്മൾ. ‘ഒരു ഇൻഡ്യൻ പ്രണയ കഥ’യിലെ ഫഹദിന്റ എസ്ക്കേപ്പിസ്റ്റ് ഓട്ടത്തിന്റെയും പാട്ടിലെ വരിയുടെയും തനിയാവർത്തനങ്ങൾ ഉള്ള ‘ഞാൻ പ്രകാശ;നും തമ്മിൽ ഭേദമായി ഓടുന്നു. ‘ചിലയിടത്ത് ജെൻഡർ, ചിലയിടത്ത്‌ ജാതി…’ എന്ന കൊളുത്തി വലിക്കുന്ന ഡയലോഗുള്ള, പച്ച ജീവിതം മാത്രമുള്ള ‘പറയാൻ മറന്ന കഥകൾ;ക്ക് പക്ഷേ എവിടെ വേദി?

ഭീഷ്മരാണ് പറഞ്ഞത്… ശിഖണ്ഡിയെ മുൻപിൽ നിർത്തിയാൽ ദ്രോണർ പിന്നെ വില്ലു കുലക്കില്ല, കാരണം ആണും പെണ്ണും കെട്ട ഒരു നികൃഷ്ടജന്മത്തിനോട് കുലോത്തമനായ ആചാര്യൻ പോരാടില്ല എന്ന്. മുത്തച്ഛൻ കഥ പറഞ്ഞു തരുമ്പോൾ ദീവാനിൽ കിടന്നാലോചിച്ചിട്ടുണ്ട് എന്താണ് ‘ആണും പെണ്ണും കെട്ടത്’ എന്നു വച്ചാൽ എന്ന്? ഡിഗ്രിക്കാലത്ത് ബോംബെയിൽ വച്ച് പാട്ടും ബഹളവുമായി വന്നു നിന്ന് ഫ്ലാറ്റിന്റെ വാതിൽ തുറപ്പിച്ച് പൈസ വാങ്ങിപ്പോയവര്‍, ജുഹു ബീച്ചിലേക്കുള്ള വഴിയേ ട്രാഫിക് ജാമിലായിപ്പോയ കാറിന്റെ ജനൽ തുറന്ന് പൈസ നീട്ടുവോളം ബഹളം വച്ചവര്‍… ആണത്തമുള്ള രോമശരീരത്തിലെ പെണ്ണാഭരണക്കിലുക്കങ്ങളെ അന്നും പൂർണ്ണമായി വിവർത്തനം ചെയ്ത് കിട്ടിയില്ല.transgender , play, priya a. s

‘ഞാൻ മേരിക്കുട്ടി’യിൽ, ജനം സാരി വലിച്ചൂരി മാറ്റുമ്പോൾ അനാവൃതമാകുന്ന മാറ് പൊത്തിപ്പിടിച്ചു കൊണ്ട് ജയസൂര്യ എന്ന മേരിക്കുട്ടി അതുല്യമായ നടനം കാഴ്ചവച്ച് പിടയുന്നതിന് മുന്നില്‍, ‘യഥാർത്ഥ ട്രാന്‍സ് വ്യക്തിയെക്കൊണ്ടല്ലേ ഈ റോൾ അഭിനയിപ്പിക്കേണ്ടിയിരുന്നത്?’ എന്ന ചിലരുടെ ചോദ്യത്തിന്റെ പ്രസക്തിയെന്ത് എന്ന് തോന്നിയിരുന്നു. പക്ഷേ യഥാർത്ഥ ട്രാൻസ് വ്യക്തികള്‍ പറയാതെ മാറ്റി വച്ച പിടച്ചിൽ – ഡയലോഗുകളുമായി അരങ്ങിനെ പ്രകമ്പനം കൊള്ളിച്ച്, ഒരായുസ്സിന്റെ മുഴുവൻ നോവുമായി ഓടി നടന്ന് സ്റ്റേജിന്റെ മുക്കിലും മൂലയിലും വരെ ഉള്ളിലെ ആഴത്തിൽ നിന്നു വേരോടെ പറിഞ്ഞു വരുന്ന യഥാർത്ഥ കരച്ചിലുകൾ പതിച്ചു വച്ചപ്പോൾ ആദ്യമായി തോന്നി ജയസൂര്യയ്ക്കു പകരം ഇവരിലാരെങ്കിലും ആകാമായിരുന്നുവെന്ന്.

‘പോലീസുകാരനെ കൊണ്ടാണോ പോലീസ് വേഷം അഭിനയിപ്പിക്കുക?’, ‘ലൈംഗികത്തൊഴിലാളി തന്നെ വേണോ ലൈംഗികത്തൊഴിലാളിയായി രംഗത്തു വരാൻ?’ എന്നു പുച്ഛിച്ച മനസ്സ്, ‘ഉപ്പോളം വരാത്ത ഉപ്പിലിടലുകൾ’ എന്ന് പെട്ടെന്ന് ഈ നാടക ശേഷം കൂറു മാറിയിരിക്കുന്നു. നേരത്തേ ഒരാൾ ചെയ്ത കോമര വേഷം അവസാനം ചെയ്തത് മറ്റൊരാൾ. ആർക്കും നിശ്ചിത വേഷം പറഞ്ഞിട്ടില്ലാത്ത, വേഷങ്ങൾ എപ്പോൾ വേണമെങ്കിലും വച്ചു മാറ്റപ്പെടാവുന്ന ജീവിതം ട്രാന്‍സ് വ്യക്തികള്‍ക്ക് മാത്രമല്ല ഏതു മനുഷ്യജീവിക്കും ബാധകമാണെന്ന സത്യം കൂടി വിളിച്ചു പറയുന്നിടത്ത് നാടകത്തിലെ ജീവിതത്തിന്റെ പ്രസക്തി സാർവ്വജനീനമായി.transgender , play, priya a. s

ശബരിമലക്ക് കച്ചകെട്ടി ഇരുമുടിക്കെട്ടേന്തി പോയി പ്രവേശനം നിഷേധിക്കപ്പെട്ട അനന്യയും അവന്തികയും രഞ്ജുമോളും  തൃപ്തിയുമൊക്കെയടങ്ങുന്ന ട്രാന്‍സ് വുമണ്‍സംഘം  ആ നാടക ദിനത്തിന്റെ പിറ്റേന്ന് ശബരിമല ദരശനം നടത്തിയപ്പോൾ അതിന്റെ പൊരുൾ, നാടകം കണ്ട ഞങ്ങളുടെ ‘കുസാറ്റ്’ കുട്ടികളോളം മറ്റാർക്കും മനസ്സിലായിട്ടുണ്ടാവില്ല എന്നു തന്നെ കരുതുന്നു. ‘Gods Own Country’ എന്ന നിർവ്വചനം മാഞ്ഞ്, ‘ചിലയിടത്ത് ജെൻഡർ, ചിലയിടത്ത് ജാതി’ എന്ന നിർവ്വചനം മുദ്രിതമായിത്തീർന്ന ഈ നാട്ടിലുടനീളമുണ്ടാകേണ്ടതാണ് ഈ നാടകാവതരണം എന്നും. അരുന്ധതി റോയിയുടെ ട്രാൻസ് വുമൺ ‘Ministry of Utmost Happiness’ൽ ഇരുന്ന് നമ്മളെ ഉറ്റു നോക്കുന്നുമുണ്ട്.

സ്വന്തം വീട്ടിൽ ഒരു ട്രാൻസ് വ്യക്തി ഉണ്ടായേക്കാം എന്ന സത്യവുമായി ആധികളില്ലാതെ സമരസപ്പെടാൻ പാകത്തിലൊന്നുമായിട്ടില്ല നമ്മളിലാരുടെയും മനസ്സ് എന്നതോർക്കാതെയാണ് നോവൽ വായനയും നാടകക്കാഴ്ചയും സിനിമാക്കാഴ്ചയും നമ്മളെല്ലാം അവസാനിപ്പിക്കുന്നത് എന്നു കൂടി പറയേണ്ടിയിരിക്കുന്നു എന്നതും പരമമായ സത്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook