2007. ഞാന്‍ തൃക്കാക്കരയിലെത്തിയ കാലം.തൃക്കാക്കര അമ്പലത്തിനു പുറകിലെ ഒരു വീട് . ഡോക്റ്റര്‍ നാരായണന്‍ എന്ന ഷൊര്‍ണ്ണൂരുകാരന്‍ എം ബി ബി എസ് ഡോക്റ്ററുടെ കണ്‍സള്‍ട്ടിങ്‌റൂം . ചിരിക്കില്ല എന്നു തീരുമാനമെടുത്ത ഡോക്റ്റര്‍.  മുമ്പില്‍ ഞാനും എന്റെ രണ്ടുവയസ്സുകാരന്‍ മകനും.

ചിരിക്കാത്ത ഡോക്റ്റര്‍മാരെ എനിക്ക് കണ്ണെടുത്ത് കണ്ടൂടാ.

കുഞ്ഞുണ്ണി എന്ന രണ്ടുവയസ്സുകാരന്‍ ഡോക്റ്ററുടെ ഏതാണ്ടെല്ലാ മെഡിക്കല്‍ഉപകരണങ്ങളിലും തൊട്ടുതലോടിപ്പരിശോധന നടത്തുകയും ‘അതെന്താ, ഇതെന്താ’ എന്നെല്ലാം നിര്‍ത്താതെ ചോദിക്കുകയുമാണ്. ‘അവിടെവയ്ക്ക് അതെല്ലാം,’ എന്ന് ഞാന്‍ കണ്ണുരുട്ടുന്നതൊന്നും അവന്‍ കാര്യമായെടുക്കുന്നതേയില്ല.

ഒരു കുഞ്ഞിക്കുട്ടിയോട് പോലും ഒരു കുഞ്ഞിച്ചിരി ചിരിക്കാത്ത ഡോക്റ്റര്‍ എന്തു മനുഷ്യനായിരിക്കും എന്നു ഞാന്‍ ആലോചിക്കെ, ഡോക്റ്റര്‍ ചിരിയൊന്നുമില്ലാതെ തന്നെ അവനോട് പറഞ്ഞു, ‘നീ ഡോക്റ്ററാകാന്‍ നിശ്ചയിച്ച് അതിനായി പഠിക്കാന്‍ തുടങ്ങുമ്പോ എല്ലാം പറഞ്ഞുതരാം.’

‘ഇവനാരായാലും വേണ്ടില്ല ഡോക്റ്ററാവല്ലേ ഈശ്വരന്മാരേ’ എന്ന പ്രാര്‍ത്ഥന ഉള്ളില്‍ കുരുത്തതു പുറത്തേക്കുവരാതെ അടക്കിപ്പിടിച്ച് ഡോക്റ്റര്‍ മരുന്നെഴുതും നോക്കി ഞാനിരുന്നു. അവിടെയുള്ള ഓരോന്ന് തപ്പിത്തിരഞ്ഞുനടക്കാന്‍ വകുപ്പില്ലാത്തവിധം കുഞ്ഞുണ്ണിയെ എടുത്ത് മടിയില്‍ പൂട്ടിവച്ച്, പ്രിസ്‌ക്രിപ്ഷന്‍ വാങ്ങിച്ച് ‘എത്രയാ’ എന്ന ചോദ്യമട്ടില്‍ ഞാന്‍ പേഴ്‌സ് തുറന്നു.

‘ഇരുപത്തഞ്ച്’ എന്ന് ഉത്തരം വന്നു. ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായി. കേട്ടതിന്റെ കുഴപ്പമായിരിക്കും .’ഇരുനൂറ്റിഇരുപത്തിയഞ്ച്’ എന്നോ മറ്റോ ആയിരിക്കും . ഒന്നൂകൂടെ ആലോചിച്ചപ്പോള്‍ തോന്നി,  ഇരുന്നൂറ്റി അന്‍പതെന്നായിരിക്കും, ഇരുന്നൂറ്റി ഇരുപത്തഞ്ചെന്നൊരു കണക്കുണ്ടോ ഏതെങ്കിലും ഡോക്റ്ററുടെ കണ്‍സള്‍ട്ടിങ് ഫീസായി. ‘ഓരോന്നാലോചിച്ചിരുന്ന് കേള്‍ക്കുന്നതൊക്കെ എതാണ്ടൊക്കെ’ എന്ന് ഞാന്‍, എന്നെ വഴക്കുപറഞ്ഞു.

ഇരുന്നൂറ്റന്‍പത് രൂപയെടുത്തുനീട്ടിയ എന്റെ കൈയില്‍നിന്ന് ഇരുപത്തിയഞ്ച് മാത്രമെടുത്ത് , ബാക്കി ഡോക്റ്റര്‍ തിരിച്ചുതന്നു. തലകറക്കം വരുന്നപോലെ തോന്നി.  എന്തൊരു വിചിത്രജീവിയാണ് ഈ ഡോക്റ്റര്‍ എന്ന് അതിശയപ്പെട്ട് കുഞ്ഞുണ്ണിക്കൈയും പിടിച്ച് ഞാന്‍ ഇറങ്ങിപ്പോന്നു.dr.narayanan, memories, priya a s

പിന്നെയും എന്റെ വീട്ടിലെ പലരുടെയും നുള്ളുനുറുങ്ങസുഖകാര്യങ്ങള്‍ക്കായി എനിക്കവിടെ പോകേണ്ടിവന്നു. ഇരുപത്തിയഞ്ച് രൂപകൊടുത്ത് ഒരു ചിരിയില്ലായ്മയും കണ്ട്, വളരെ കുറച്ചുമരുന്നുകളുടെ പേരെഴുതിയ കുറിപ്പും പിടിച്ച് ‘ചിരിച്ചില്ലെങ്കിലെന്ത്, കൃത്യമായ ഡയഗ്നോസിസുകള്‍’ എന്നു മനസ്സിലാക്കി ഓരോ തവണയും പടിയിറക്കം.

അടുത്തവീട്ടിലെ പ്രായംചെന്ന സ്വാമിയപ്പൂപ്പന് ചിക്കന്‍പോക്‌സ് വന്നപ്പോള്‍ ഡോക്റ്റര്‍ നാരായണനെ അവര്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വീട്ടില്‍ വന്നു നോക്കുന്നതരം ഡോക്റ്റര്‍മാരൊക്കെ ഈകാലത്തുണ്ടോ, സ്വാമിയപ്പൂപ്പനെ നല്ല പരിചയമുള്ളതുകൊണ്ടാവും എന്നു ഞാന്‍ കരുതി.

ഇഷ്ടവും വിശ്വാസവും എന്ന മിശ്രിതത്തില്‍ മനസ്സ് മുങ്ങിയപ്പോള്‍, എന്റെ വമ്പന്‍ അസുഖങ്ങളുടെ ഓരം പറ്റിവന്ന ഉപഅസുഖങ്ങളെ മെരുക്കാന്‍ ഞാനും ഡോക്റ്ററെ ആശ്രയിക്കാന്‍ തുടങ്ങി. എന്റെ ആശുപത്രിക്കടലാസുകള്‍ മറിച്ചുനോക്കുമ്പോള്‍ ഡോക്റ്ററുടെ സ്വതേ ഉള്ള ഗൗരവം പതിന്മടങ്ങായി.

ഡോകറ്ററുടെ ഭാര്യ സുധ , വരുണ സ്‌ക്കൂളിലെ ലൈബ്രേറിയനാണ് എന്നു ക്രമേണ അറിഞ്ഞു. സുധയാന്റി എന്നെ കാണുമ്പോഴൊക്കെ ചിരിച്ച് വര്‍ത്തമാനം പറഞ്ഞു. ചിലപ്പോഴൊക്കെ ഞാന്‍ ഡോക്റ്റര്‍ക്കും സുധയാന്റിക്കും എന്റെ പുസ്തകങ്ങള്‍ കൊടുത്തു. വായിച്ചതായി ഒരിക്കലും ഡോക്റ്റര്‍ പറഞ്ഞില്ല, ഞാനൊന്നും ചോദിച്ചതുമില്ല.

കുറച്ചുനാളങ്ങനെ പോകെപ്പോകെ, വേദനകളേക്കുറിച്ച് ചിരിച്ചു സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണോ എന്നറിയില്ല ഡോക്റ്റര്‍ പതുക്കെ കണ്ണിന്റെ തുമ്പുകൊണ്ടെന്നോട് ചിരിക്കാന്‍ തുടങ്ങി. എന്നാലും കണ്‍സള്‍ട്ടേഷന്‍ തുടക്കത്തിന്റെ നേരത്ത്, അതുവരെ കണ്ടിട്ടില്ലാത്ത ഒരാളെയെന്നപോലെ തന്നെ ഡോക്റ്റര്‍ എന്നെ നിര്‍വികാരമായി നോക്കി.

ഡോക്റ്റര്‍ പ്രിസ്‌ക്രിപ്ഷന്‍ എഴുതും വരെ ഞാന്‍ അസുഖക്കാരിയുടെ വിവരണങ്ങളിലെ കൃത്യത പാലിച്ചു. പിന്നെ അതും ഇതും പറച്ചിലും ഇടക്ക് ചിരിയും. പിന്നെപ്പിന്നെ പുറത്തിനിയും രോഗികള്‍ കാത്തുനില്‍ക്കുന്നുണ്ടെന്ന് ഞാനായിട്ട് ഡോക്റ്ററെ ഓര്‍മ്മപ്പെടുത്തും വരെ ഡോക്റ്റര്‍ മുഖം നിറയെ ചിരിയുമായിരുന്ന് ഞാന്‍ പറയുന്നതെല്ലാം കേട്ടു, തിരികെ നിറയെ സംസാരിച്ചു.

ചിരിക്കാത്ത ഡോക്റ്ററെ കുത്തിത്തുറന്ന് ചിരിയെല്ലാം അവിടെ വാരി വിതറിയിട്ട് കുസൃതിയോടെ തിരിച്ചുപോരുക പതിവായി.

എന്നോ ഒരിക്കല്‍ ഓഫീസില്‍നിന്ന് വന്നപ്പോള്‍ ഒരു ചെറിയ നുണല്‍പോലൊന്ന് കാലില്‍ കണ്ടു. ഉടുപ്പില്‍ എന്തോ ചെറിയ എട്ടുകാലിയോ മറ്റോ ഇരുന്നതായും അത് കടിച്ചതായും ഞാന്‍ സങ്കല്‍പ്പിച്ചു. കോട്ടയ്ക്കലെ ഡോക്റ്റര്‍ ബാലചന്ദ്രന്‍ എന്റെ കഥയുടെ മായാജാലത്തില്‍ വീണ് ‘എട്ടുകാലി കടിച്ചതുതന്നെ’ എന്ന അനുമാനത്തിലെത്തി മരുന്നു തന്നു. നിറം വച്ച് നുണലുകള്‍ രണ്ടുദിവസത്തിനകം മുന്തിരിക്കുലപോലെ പടര്‍ന്നുപിടിച്ചപ്പോള്‍ ഡോക്റ്റര്‍ ബാലചന്ദ്രന്‍ , എന്റെ കഥയിലേക്ക് ചാഞ്ഞിരുന്ന് എട്ടുകാലി-ഉമ്മയ്ക്കുള്ള മരുന്നിനെ ഒന്നുകൂടി തീവ്രമാക്കി എഴുതിത്തന്നു.

പിറ്റേന്ന് വൈകുന്നേരം ആ നുണല്‍-പ്രദേശമാകെ ചൊറിച്ചില്‍-വികാരം കൊണ്ട് തിങ്ങിവിങ്ങി എനിക്ക് ഇരിക്കാന്‍വയ്യാതായി. അടച്ചുപൂട്ടിപ്പോയിട്ടുണ്ടാവും ഇതിനകം കോട്ടയ്ക്കല്‍ എന്ന തോന്നലില്‍ ഞാന്‍ ഡോക്റ്റര്‍ നാരായണനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. എന്റെ കഥാസമാനവിവരണം തകര്‍ക്കുന്നതിനിടയിലൂടെ കയറി ഡോക്റ്റര്‍ പറഞ്ഞു, ‘ഹെര്‍പ്പിസ് ആണ്.’  എനിക്ക് അത്ര വിശ്വാസം വന്നില്ല.  ഡോക്റ്റര്‍ അപ്പോയന്റ്‌മെന്റ് എടുത്തുതന്ന സ്‌കിന്‍ സ്‌പെഷ്യലിസ്റ്റ് ജയയുടെ അടുത്തുനിന്ന് ഞാന്‍ തിരിച്ചുവന്നത് ചിക്കന്‍ പോക്‌സിന്റെ ചേട്ടന്‍ ഹെര്‍പ്പിസിനുള്ള മരുന്നുകളുമായിട്ടാണ് .

മറ്റൊരിക്കല്‍, പതിവസുഖങ്ങളുമായുള്ള ഒരു ആശുപത്രി സഹവാസവും കഴിഞ്ഞ് വന്ന ഒരു കാലം. വലതുകാല്‍ നിലത്തുതൊടാന്‍ നേരം ഒരു വല്ലാത്തവേദന. കാലിന് നീളം കുറഞ്ഞെന്നപോലെ ഒരു മട്ടും മാതിരിയും. ഒരു കാല്‍ നിലത്തുകുത്തി വേദന വിഴുങ്ങി നടന്നപ്പോള്‍ കരുതിയത് ആശുപത്രിവാസത്തെത്തുടര്‍ന്നുള്ള ഫിസിക്കല്‍ വീക്ക്‌നസ് ആണ് എന്നാണ്. ഡോക്റ്റര്‍ നാരായണന്‍ ഒന്നു നോക്കിയശേഷം പറഞ്ഞു, ‘ഡീപ് വെയിന്‍ ത്രോംബോസിസ് ആണ്. ഡോപ്‌ളര്‍റ്റെസ്റ്റ് ചെയ്തിട്ട് ആശുപത്രിയിലേക്ക് പോയാല്‍മതി. ‘ഞാന്‍ ഡോക്റ്ററെ വളരെ അവിശ്വാസത്തോടെയാണ് നോക്കിയത് എങ്കിലും ഡോപ്‌ളര്‍ ടെസ്റ്റ്, അത് ഡീപ് വെയിന്‍ ത്രോംബോസിസ് എന്ന അദ്ധ്യായം തന്നെയാണെന്നു പറഞ്ഞ് എന്നെ രണ്ടാഴ്ച കൂടി ആശുപത്രിയില്‍ കിടത്തി.priya a s ,memories

ഇടയ്ക്ക് വീടൊന്നു പരിഷ്‌ക്കരിച്ച് മുകളിലെ ഇടം മുഴുവന്‍ രോഗികള്‍ക്കായി നല്ല ഭംഗിയായി മാറ്റിയെടുത്തു ഡോക്റ്റര്‍. കാരണം താഴെ കൊതുക്പട. ഫാനിട്ടാലും കൊതുകുതിരികത്തിച്ചുവച്ചാലുമൊന്നും ഒരു കൂസലുമില്ലാത്തവരാണ് കൊച്ചിയിലെ കൊതുകുകള്‍. ഡോക്റ്ററെ കാണാനിരിക്കുന്ന നേരം കൊണ്ട് കൊതുകുകള്‍ വേറെ എന്തെങ്കിലും അസുഖം വരുത്തും രോഗികള്‍ക്കെന്നു തോന്നിയതുകൊണ്ടാണ് മുകളിലെ നില രോഗികള്‍ക്കായി അതിവിശാലമായി രൂപകല്‍പ്പന ചെയ്‌തെടുത്തത് എന്നു വായിച്ചെടുക്കാനെനിക്കെളുപ്പമായിരുന്നു.

ആയിടെയെങ്ങോ ഫീസ് അമ്പത് രൂപയായി. രോഗികളെ വെറുതേ പരിശോധിക്കാത്തത്, വെറുതേ കൊടുക്കുന്നതിനൊന്നും ആളുകള്‍ക്ക് വിലയില്ല എന്നറിയാവുന്നതുകൊണ്ടാണ് എന്നു ഡോക്റ്റര്‍ പറഞ്ഞു.

എന്നെയും മകനെയും ഒറ്റയ്ക്കാക്കി ജീവിതം പലമാതിരി പരീക്ഷിക്കുന്ന നാളുകളായിരുന്നു പിന്നീട്.  രാവിലെ എഴുന്നേറ്റ് തൃക്കാക്കര അമ്പലത്തില്‍ വെറുതേ വെറുതേ പ്രദക്ഷിണം വച്ചുനടന്നുനോക്കി. ഏതമ്പലത്തില്‍ ചെന്നാലും ആകാശത്തിനോട് സംസാരിക്കുന്ന ഒരാള്‍ക്ക് ആകാശഅനന്തതയാണ് തുണയും ദൈവവും എന്ന തിരിച്ചറിവുണ്ടായി .

ഡോക്റ്റര്‍ നാരായണന്‍ അമ്പലത്തില്‍ വരാറുണ്ട് കൃത്യമായി എന്ന് അപ്പോഴാണ് ആദ്യമായി ഞാനറിഞ്ഞത്. ഞങ്ങളുടെ പ്രദക്ഷിണവഴികള്‍ കൂട്ടിമുട്ടിയ ഒരു ദിവസം , എന്റെ ജീവിതത്തിന് പ്രത്യേകിച്ച് വഴികളൊന്നുമില്ലാതായകാര്യം ഞാന്‍ ഡോക്റ്ററോട് പറഞ്ഞു. മകളെ എന്നപോലെ ഡോക്റ്ററെന്നെത്തന്നെ നോക്കിനിന്നു . ‘ഇനിയെന്തുചെയ്യും നമ്മള്‍’ എന്നു ചോദിച്ച് ഡോക്റ്റര്‍ അമ്പലനടയില്‍ ആവലാതി പൂണ്ടു നില്‍പ്പായത് കണ്ട് ഞാന്‍ അമ്പരന്ന് നിന്നു. ‘നമ്മള്‍’ എന്ന വാക്ക്, അതിലെ മമത എന്നെ വല്ലാതെ അമ്പരപ്പിച്ചു. അമ്പലത്തില്‍ പോക്കില്‍നിന്നും ഞാന്‍ പിന്മാറുന്നതുവരെ ഡോക്റ്ററെന്നെ പലതവണ, ആ ആന്തല്‍ കലര്‍ന്ന നില്‍പ്പുകൊണ്ടു ചേര്‍ത്തുപിടിച്ചു.

വേദന പറഞ്ഞായാലും, ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സൂത്രവിദ്യയും കൈമോശം വന്നിരിക്കുന്നുവെന്ന് ഞാന്‍ ക്രമേണ തിരിച്ചറിഞ്ഞു. ജീവിതം ഒരു ഓട്ടമായി മാറിയ നാളുകളില്‍, ഓട്ടം കൂടിയിട്ടാവും, എനിക്ക് വയ്യാതായി. കിടന്നിട്ടെണീക്കാന്‍ നോക്കുന്നനേരം ഒരു വശത്തുനിന്ന് മറ്റേവശത്തേക്ക് തിരിയാനും ഒന്നെഴുന്നേല്‍ക്കാനുമായി പത്തുമിനിട്ടുവേണ്ടിവരികയും ആ പത്തുമിനിട്ടു മുഴുവനും സഹിക്കാന്‍ വയ്യാത്തത്ര വേദനയാവുകയും ചെയ്ത കാലമായിരുന്നു അത്.

കിടന്നിട്ടെണീക്കുമ്പോള്‍ മാത്രം തോന്നിയിരുന്ന വേദന പിന്നെ ഒന്നനങ്ങാന്‍ പോലും വയ്യാത്ത തരം വേദനയായി മാറി. നടുവോ കൈയോ തോളോ എന്ന് തിരിച്ചറിയാനാവാത്ത വിധമുള്ള ആ വേദന, കാര്യങ്ങള്‍ തീരെ പന്തിയല്ല എന്നു പറഞ്ഞുകൊണ്ടിരുന്നു. എല്ലിന് ക്യാന്‍സറാണോ എന്നുവരെ സംശയം തോന്നി.

ഉറങ്ങാനേ കഴിയാത്ത ഒരു രാത്രി കഴിഞ്ഞ് നേരം പുലര്‍ന്നതും എനിയ്ക്കു തോന്നി, ഡോക്റ്റര്‍ നാരായണനെ പോയി കാണാം. ‘ഹേയ് ,ഇത് നീരെറക്കമാണ് ‘ എന്നു പറയും ഡോക്റ്റര്‍ എന്നു ഞാന്‍ വെറുതേ ആശിച്ചു. മുറ്റത്തിറങ്ങി കാറിനെ നോക്കിനിന്നപ്പോള്‍, ‘ഓടിക്കാന്‍ പറ്റില്ല’ എന്ന് കൈ, വേദനയില്‍ മുങ്ങി പറഞ്ഞു. വേദനകൊണ്ട് കൂനിപ്പോകുന്ന നടുവ് കഴിയുന്നത്ര നിവര്‍ത്തുപിടിച്ച് നടന്നു, ഒറ്റയ്ക്ക്.  വീട്ടില്‍ നിന്നു അമ്പലത്തിനു പുറകിലെ ആ വീട്ടിലേക്ക് ഒത്തിരിയൊത്തിരി ദൂരമുണ്ടെന്നുതോന്നിപ്പോയി.priya a s ,memories

രാവിലെ ഏഴരവരെയേ ഡോക്റ്റര്‍ രോഗികളെ നോക്കൂ. പിന്നെ വൈകിട്ട്. ഇടസമയത്ത് കാര്‍ബറണ്ടം  യുനിവേഴ്സലിലെ  ജീവനക്കാര്‍ക്കായുള്ള Occupational Health Check upനു പോകുന്നുണ്ട്.

പക്ഷേ അന്ന് ഡോക്റ്റര്‍ പ്രിസ്‌ക്രിപ്ഷന്‍ പാഡ് തുറന്നില്ല. സാധാരണ എനിക്കുള്ള പ്രിസ്‌ക്രിപ്ഷന്‍ എഴുതാനൊരുങ്ങുമ്പോള്‍ ഉള്ളില്‍ നുരപൊട്ടുന്ന കൃസൃതിയോടെ ഞാന്‍ കാത്തിരിക്കും. പേനയെടുത്ത്, ‘ചിത്ര’ എന്ന് എഴുതി വരയിടും ഡോക്റ്റര്‍… അതെഴുതിത്തീര്‍ന്ന് അടുത്ത വരിയിലേക്ക് കടക്കുമ്പോള്‍ ഒന്നുമറിയാത്തതുപോലെ ചിരിച്ച് ഞാന്‍ പറയും ‘ചിത്രയല്ല, പ്രിയ.’

ഡോക്റ്റര്‍ അത് വെട്ടി ‘പ്രിയ’ എന്നെഴുതും, ഗൗരവത്തില്‍ത്തന്നെ. എന്റെ സര്‍വ്വഅസുഖങ്ങളുടെയും സര്‍വ്വപേരുകളും അറിയാവുന്ന ഡോക്റ്റര്‍ എത്രയോ കൃത്യമായറിയാമെങ്കിലും ഓരോ തവണയും എന്റെ പേര് തെറ്റിച്ചെഴുതുമ്പോള്‍ എന്റെ കുസൃതിയാഹ്‌ളാദം ഉള്ളാലെ കുലുങ്ങിച്ചിരിക്കും. ‘ഞാന്‍ ഒരു ചിത്രം പോലയായിരിക്കാം’ എന്ന് എനിക്കപ്പോഴൊക്കെ സന്തോഷം വരും.

ഡോക്റ്റര്‍ , ‘ചിത്ര’ എന്നെഴുതാനുള്ള ഒരു വഴിയുമില്ല എന്ന് അന്നെനിക്ക് മനസ്സിലായി. മുഖം മങ്ങിപ്പോയിട്ടും ചിരിക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തിനോക്കിയത് വന്‍പരാജയമായി കലാശിച്ചു.

‘I don’t want to burn my fingers’ ഡോക്റ്റര്‍ എവിടേക്കോ നോക്കിപറഞ്ഞു. ഞാന്‍ ചെന്നു കാണേണ്ട റൂമറ്റോളജിസ്റ്റിന്റെ പേരും നമ്പറും ഒക്കെ ഡോക്റ്റര്‍ തന്നത് തിരിച്ചുവന്ന് വീട്ടിലെവിടെയോ ഞാനുപേക്ഷിച്ചു.

പക്ഷേ അവസാനം ഞാന്‍ തോറ്റ് വളഞ്ഞുകൂടി കാറില്‍ക്കിടന്ന് അമൃതയിലേക്കുപോയി. കാറില്‍ കിടന്നു ആശുപത്രിയിലേക്കു പോകേണ്ടിവരുമ്പോഴെല്ലാം കാറിന്റെ ജനാലയിലൂടെ കാണാറുള്ള ലക്കുകെട്ടതും പരപ്പുകൂടിയതുമായ നിര്‍മ്മമമായ ആകാശം, അതേ ആകാശം തന്നെയായിരുന്നു കാര്‍-ജനാലയ്ക്കപ്പുറം.

അത് സ്‌പൈന്‍ റ്റി ബി ആയിരുന്നു. ‘സാരമില്ല, സാരമില്ല, ഇപ്പോ മാറും ഒക്കെ’ എന്നു പറഞ്ഞ് ഞാന്‍ ഓട്ടം തുടര്‍ന്നുകൊണ്ടിരുന്നത് ദ്രവിച്ചടര്‍ന്ന കശേരുക്കളും വച്ചാണ് എന്ന് ഞാനറിയാതെ പോയി.

എന്നെ വേണ്ടിയിരുന്നത് റൂമറ്റോളജിക്കാര്‍ക്കല്ല, ന്യൂറോക്കാര്‍ക്കാണ് എന്ന് അച്ഛനില്‍ നിന്ന് ഡോക്റ്റര്‍ നാരായണന്‍ പിന്നീടറിഞ്ഞു… എല്ലാം കൃത്യമായ മരുന്നുകളാണെന്നോ ഇന്നതിന്റെ റിയാക്ഷനായിരിക്കും ഇന്നയിന്ന പ്രശ്‌നങ്ങളൊക്കെ എന്നോ എല്ലാം ഡോക്റ്റര്‍ എന്റെ ആശുപത്രിക്കടലാസുകളുമായി ചെന്ന അച്ഛനോട് പറഞ്ഞു എന്നും ആ പടികേറിയിറങ്ങുമ്പോള്‍ അച്ഛന് സമാധാനം കിട്ടിയിരുന്നു എന്നും പിന്നീട് അമ്മ പറഞ്ഞാണ് ഞാന്‍ അറിയുന്നത്.

ഞാനാ വല്ലാത്തകാലത്തിനെയും അതിജീവിച്ചുകഴിഞ്ഞു ഇതിനകം.

ഇടക്കെപ്പോഴോ അമ്മയ്ക്ക് ചുമ മാറാതെ വന്ന് ഡോക്റ്ററെ കാണാന്‍ ചെന്നപ്പോള്‍ ,വീണ്ടും ഡോക്റ്ററുടെ വീട്ടില്‍ അറ്റകുറ്റപ്പണി. ഡോക്റ്റര്‍ പറഞ്ഞു, ‘ദിവസവും പ്രായം ചെന്നവര്‍ ഒരു പത്തുപേരെങ്കിലും വരും. അവര്‍ക്ക് കോണിപ്പടി കയറി മുകളിലേക്കുവരാന്‍ പറ്റില്ല. അവരെ ഉദ്ദേശിച്ച് താഴത്തൊരു കണ്‍സള്‍ട്ടിങ് റൂം കൂടി. അമ്പതു രുപ വാങ്ങുന്ന ആളുടെ ഉള്ളിലെ കാമ്പിലേക്കു നോക്കി ഞാന്‍ മിണ്ടാതിരുന്നു പോയി.

‘വയസ്സാവര്‍ക്ക് ചുമ ഒരു നല്ല എക്‌സര്‍സൈസൈസാണ് എന്ന് നാരായണന്‍ ഡോക്റ്റര്‍ ശബരീനാഥങ്കിളിനോടും ഭാര്യയോടും പറഞ്ഞു എന്ന ന്യായത്തിന്മേല്‍ പിടിച്ച് അമ്മ ചുമയും വച്ചുകൊണ്ടിരിക്കുകയാണ്’ എന്നു ഞാന്‍ ചിരിച്ചു. ‘വെസ്‌റ്റേണ്‍ കണ്‍ട്രീസിലൊക്കെ യാത്രയ്ക്കിടയില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ ആശുപത്രി എത്തും വരെ ചുമച്ചുകൊണ്ടേയിരിക്കാനാണ് പറയുക’ എന്ന് രക്തം പമ്പ് ചെയ്യലിലെ തടസ്സങ്ങളെ മാറ്റാനുള്ള ഏറ്റവും എളുപ്പവഴിയായി അപ്പോള്‍ ചുമയെ എനിക്ക് വിവര്‍ത്തനം ചെയ്തു തന്നു ഡോക്റ്റര്‍.

Read in English Logo Indian Express

ഞായറാഴ്ച ഡോക്റ്റര്‍, വീട്ടില്‍ രോഗികളെ നോക്കില്ല. രാവിലെ ഒരു തീര്‍ത്ഥാടനമാണ് പതിവ്. വയസ്സുചെന്ന രോഗികളുടെ വീടുകളില്‍ ചെന്നവസാനിക്കുന്ന തീര്‍ത്ഥാടനങ്ങള്‍.
ആദ്യമൊക്കെ അത് ബന്ധുക്കളായ പ്രായം ചെന്നവരുടെ അടുക്കലേക്കായിരുന്നു എങ്കില്‍ ഇപ്പോള്‍ ഡോക്റ്ററുടെ ബന്ധുത്വം, പ്രായം ചെന്ന എല്ലാ രോഗികളോടുമാണ്.

മറ്റൊരിയ്ക്കല്‍ എനിക്ക് സൈനസൈറ്റിസിനു മരുന്നെഴുതിയശേഷം ‘ഒരു കാര്യം ചോദിക്കാനുണ്ട് ‘ എന്നു പറയുകയും എന്താണാവോ എന്ന് ഞാന്‍ അമ്പരക്കുകയും ‘ഈ മീശ-നോവല്‍ പ്രശ്‌നം കൃത്യമായി എന്താണ് എന്ന് തിരക്കുകയും ചെയ്തു ഡോക്റ്റര്‍. മരുന്നിനു ശേഷം വന്ന ആ മീശയേടിലെ അടുപ്പത്തിന്റെ ഒതുക്കുകല്ലുകള്‍ കയറവേ, എനിക്ക് സൈനസൈറ്റിസിന് തീരെ വേദന ഇല്ലെന്നു തോന്നി.

‘കുറച്ചു നാള്‍കൂടി കഴിഞ്ഞാല്‍ ജനറല്‍ പ്രാക്റ്റീസ് നിര്‍ത്തി ജെറിയാട്രിയിലേക്ക് പോകാമെന്നാണ് വിചാരം’ എന്നു ഡോക്റ്റര്‍ പറയുന്നതിനിടെ ഡോക്റ്ററെ ഒന്നു സൂക്ഷിച്ചുനോക്കി ഞാന്‍ പറഞ്ഞു, ‘ഡോക്റ്റര്‍ ക്ഷീണിച്ചു.’  ‘പ്രായമായിവരികയല്ലേ’ എന്ന് ഡോക്റ്റര്‍ ചിരിച്ചു. പിന്നെ, തൃക്കാക്കരയുടെ ആരോഗ്യം കാക്കുന്ന ഡോക്റ്റര്‍ എന്നെ നോക്കി ചിരിയോടെ പറഞ്ഞു, ‘കൂടി വന്നാല്‍ ഇനി ഒരു പത്തുവര്‍ഷം.’

‘ചിത്ര എന്നു പേരെഴുതി ഒരു വരയുമിട്ട് നിര്‍ത്തുമ്പോള്‍, ‘അല്ല പ്രിയ’ എന്ന് ചിരിച്ചുപറയാന്‍ ഞാനിനിയും വരും ഒരുപാടുതവണ, അപ്പോഴൊക്കെയും ഡോക്റ്റര്‍ ഉണ്ടാവണം എന്ന് മനസ്സ് പറയുമ്പോള്‍ കണ്ണ് നിറയാതിരിക്കാന്‍ ഞാന്‍ പാടുപെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook