ആശുപത്രിയിലെ ഗ്യാസ്‌ട്രോളജി, ന്യൂറോളജി, പള്‍മനോളജി, ഹീമറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റുകളിലൂടെ കയറിയിറങ്ങുന്ന ഒരു സമയമുണ്ടായിരുന്നു ഒരിക്കല്‍ എനിക്ക്.

ഒരു ചെക്കപ്പുദിവസം യഥാക്രമം ഒന്നും രണ്ടും മൂന്നും ഡിപ്പാര്‍ട്ട്‌മെന്റുക ളിലെ സന്ദര്‍ശനം കഴിഞ്ഞ് ഹീമറ്റോളജി വിങ്ങില്‍ എത്തിയപ്പോള്‍, ഡോക്ടര്‍ റൗണ്ട്‌സിന് പോയിരിക്കുകയാണ്. നടുവിന് മൊത്തമായി ബെല്‍റ്റിട്ട് ഒരു ബഹിരാകാശചാരിമട്ടില്‍, എന്നാലോ സ്‌റ്റൈലിന് കുറവൊന്നുമില്ല എന്നു വരുത്താനായി ഒരു ഓവര്‍കോട്ടും ഫിറ്റ് ചെയ്ത് നടപ്പായിരുന്ന എന്റെ അവസാനതരി ഊര്‍ജ്ജവും ഓരോ നടയും കേറിയിറങ്ങി തീര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. അതു മനസ്സിലായ അച്ഛന്‍, റിസപ്ഷനില്‍ ചെന്നന്വേഷിച്ച്, ഡോക്ടറെത്തും വരെ കിടക്കാനൊരിടം എനിക്ക് കണ്ടു പിടിച്ചു തന്നു. ഹീമറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റിനോട് തൊട്ടടുത്ത് ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റായതിനാല്‍, ആ കോറിഡോറില്‍ത്തന്നെയുള്ള പോസ്റ്റ് കീമോ റൂമാണ് അച്ഛനെനിക്കു വേണ്ടി തരപ്പെടുത്തിയത്. രണ്ട് ബെഡുള്ള ആ റൂം, അന്ന് കാലിയായിരുന്നു. ‘വേണ്ട,ഇപ്പോ കിടക്കണ്ട’ എന്നൊക്കെ ആദ്യം പറഞ്ഞുങ്കെിലും കാത്തിരിപ്പ് അനന്തമായി നീളുമെന്നായപ്പോള്‍ ബഹിരാകാശചാരീവേഷം, കിടക്കാന്‍ തീരുമാനിച്ചു. ഇനിയെങ്ങാന്‍ ഒരു കീമോയോഗം കൂടി ഉണ്ടെങ്കില്‍, അതീ റൂമിലെ കിടപ്പുകൊണ്ട് തലവരയി ല്‍ നിന്നൊഴിഞ്ഞുപോകാനും മതി എന്ന വിചാരത്തിന്റെ തുമ്പുപിടിച്ച് ഞാനവിടെ പോയി കിടന്നു ഒടുക്കം. നടന്ന് ക്ഷീണിച്ച അച്ഛന്‍, ‘ഒരു കാപ്പി കുടിച്ചിട്ടു വരാം’ എന്നു പറഞ്ഞ് കോഫീ കൗണ്ടറിലേക്കുപോയി.

കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു യഥാര്‍ത്ഥ കീമോതെറാപ്പി പ്രതി മറ്റേ കട്ടിലിലെത്തുകയും നിര്‍ത്താതെ ഛര്‍ദ്ദിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്താണിനി വിചാരിക്കേണ്ടതെന്നുപോലും നിശ്ചയമില്ലാതെ കണ്ണു തുറന്നു പിടിച്ചും മനസ്സടച്ചു പിടിച്ചും ഞാനങ്ങനെ കിടക്കുമ്പോള്‍ ആരോ മുന്നില്‍ വന്നു നില്‍ക്കുന്നുവെന്നു തോന്നി. ഒരു മെലിഞ്ഞ നീളന്‍ പെണ്‍കുട്ടി ഇളം കാറ്റുപോലെ ചോദിക്കുകയാണ് , ‘എന്തേയ്? ആരുമില്ലേ കൂടെ?’

കീമോയിടത്ത് കിടക്കുന്ന എന്റെ ഒറ്റയ്ക്കുള്ള കിടപ്പിനെ അലിവോടെ, ആധിയോടെ നോക്കുന്ന ചുരിദാറുകാരിപ്പെണ്‍കുട്ടിയുടെ നക്ഷത്രക്കണ്ണി ലേക്ക് നോക്കി ഞാന്‍ അവളെ ആശ്വസിപ്പിക്കും പോലെ പറഞ്ഞു .’അല്ല കാന്‍സറല്ല. അച്ഛനുണ്ട് കൂടെ. അച്ഛനൊരു കപ്പു കാപ്പി കുടിക്കാന്‍ പോയതാണ്.’

‘പിന്നെന്തേ പറ്റീത്?’ എന്നു കണ്ണില്‍ തെളിഞ്ഞ ചോദ്യത്തിന് ഞാന്‍, ‘ടി ബിയാണ്, നട്ടെല്ലിന്, കഴിച്ച മരുന്നും പഴയ ചില അസുഖങ്ങളും തമ്മില്‍ വഴക്കും വക്കാണവും’ എന്ന് കളി പറഞ്ഞവളെ ചിരിപ്പിച്ചു. അപ്പോള്‍ ഞങ്ങള്‍ പരസ്പരം പേരു ചോദിച്ചു. എന്നെ, ‘പ്രിയേ’ എന്നു ജന്മാന്തരങ്ങള്‍ക്കുമപ്പുറത്തുവച്ചറിയാവുന്നതു പോലെ, ചേര്‍ത്തു പിടിക്കും പോലെ വിളിക്കാന്‍ തുടങ്ങി അവള്‍.

പിന്നെ, എന്നെ അവള്‍ നോക്കിയ അതേ പേടിക്കണ്ണുകളോടെ കാന്‍സര്‍ഇടത്തുകൂടി കറങ്ങിത്തിരിഞ്ഞുനടക്കുന്ന അവളുടെ കഥയിലേക്ക് ഒരു ‘എന്തു പറ്റിയതാണ് ‘ചോദ്യം ഞാനെറിഞ്ഞു. അവള്‍ക്കാണോ അവളുടെ ആര്‍ക്കെങ്കിലുമാണോ കാന്‍സര്‍ എന്ന ആ ചോദ്യത്തിലെ ആകാംക്ഷയെ ഞെരിച്ചുപൊടിച്ചുകൊണ്ട് അവള്‍, കഥ പറച്ചിലുകാരിയായ എന്നെ പാടേ തോല്‍പ്പിച്ച് ഒരു നറുചിരിയോടെ ഉത്തരം പറഞ്ഞു. ‘എനിക്കാണ് വയ്യാത്തത്. സൈക്കിയാട്രിസ്റ്റിനെ കണ്ടിട്ടിറങ്ങിയതാണ്.കഴിച്ചോണ്ടിരുന്ന മരുന്ന് ഞാനങ്ങ് നിര്‍ത്തിക്കളഞ്ഞു. അപ്പോ അസുഖം കൂടി. ഇപ്പോ വന്നപ്പോ ഡോക്ടറ് കൊറേ വഴക്കു പറഞ്ഞു.ഇനിയിങ്ങനെ മരുന്നും നിര്‍ത്തീട്ട് വരരുത് എന്നൊക്കെപ്പറഞ്ഞു.’

ഞാന്‍ ആ തെളിഞ്ഞ മുഖത്തിലെ കറയറ്റ ചിരിയിലേക്ക് നോക്കി, ഈ ചിരിക്കുട്ടിക്ക് അസുഖം വരിക എന്നു വച്ചാലതെങ്ങനെയാവും എന്നു നെഞ്ചിടിപ്പോടെ വിചാരിക്കുമ്പോള്‍ അവള്‍ പറഞ്ഞു, ‘എനിക്കേ …ഞാന്‍ നില്‍ക്കണ ഇടമൊക്കെ ഇടുങ്ങി നേര്‍ത്തുനേര്‍ത്തു വരണു, വല്ലാതെ ശ്വാസം മുട്ടണു, ഓടിപ്പോകണം എന്നു തോന്നും. ഇപ്പോ ഇവിടെ നില്‍ക്കുമ്പോത്തന്നെ കൊറച്ചുനേരമായി എനിക്കാ വിമ്മിട്ടം തോന്നണൊണ്ട്. അതാണെന്റെ പ്രശ്‌നം.’

priyam apriyam priya as

തൃശൂരില്‍ നിന്നു വരുന്ന ആ തട്ടമിടാത്ത മുസ്‌ലിം പെണ്‍കുട്ടിയും ഞാനും പിന്നെ വീട്ടുവിശേഷങ്ങള്‍ പങ്കുവച്ചു. അവളുടെ മകള്‍ പാത്തുമുത്തു ഒന്നാം ക്ലാസില്‍. ഭര്‍ത്താവ് ഗള്‍ഫില്‍,അയാള്‍ മരുന്നു വാങ്ങാന്‍ നില്‍ക്കുകയാണ്. ഇടക്കെപ്പോഴോ അവള്‍ പറഞ്ഞു, ‘പ്രിയേനെ കണ്ടിട്ട് നല്ല പരിചയം,എവിടെയോ ഫൊട്ടോ കണ്ടിട്ടുള്ളതുപോലെ’ . ‘കഥയെഴുതും, അങ്ങനെ വല്ലയിടത്തും ഫൊട്ടോ കണ്ടാതാവും’ എന്നു പറഞ്ഞപ്പോള്‍, ‘അതെയോ?’ എന്ന വടിവൊത്ത ചോദ്യത്തിന് പകരം ‘അതേ?’ എന്ന നാട്ടുമട്ടിലെ കൗതുകച്ചോദ്യവുമായി അവള്‍ ചേര്‍ന്നു നിന്നു. ‘ഇനി ഫൊട്ടോ കാണുമ്പോ ശ്രദ്ധിക്കാം, കഥ കാണുന്നുണ്ടോന്ന് നോക്കാം, കണ്ടാല് തീര്‍ച്ചയായും വായിക്കും’ എന്നൊക്കെ പറഞ്ഞ് അവള്‍ അടുത്തുനില്‍ക്കുമ്പോള്‍ , അത്ര അലിവ് എന്നോട് ഈ ആശുപത്രി യിലാരെങ്കിലും കാണിച്ചുവോ ഇതിനകം എന്നും അലിവിനാണോ മാനസികവിഭ്രാന്തി എന്നു പറയുക എന്നും ഞാനോാലോചിച്ചുനോക്കി.

അവളുടെ ഭര്‍ത്താവ് അവളെ തിരഞ്ഞുവന്നപ്പോള്‍ സുമുഖനായ അയാളുടെ മുഖത്ത് ആ കണ്ണുകളിലവളോട്, വയ്യാത്ത അവളോട് തീരാഇഷ്ടമുണ്ടോ എന്നു ഞാന്‍ പരതിനോക്കി. ഉണ്ടെന്ന് കണ്ട് എനിക്കാശ്വാസമായി. അയാളെയും എന്നെയും അവള്‍ പരസ്പരം പരിചയപ്പെടുത്തി. ഈ മനുഷ്യനിവളെ കളയാന്‍ തോന്നല്ലേ, ഇവള്‍ക്ക് പണമോ ജോലിയോ വിദ്യാഭ്യാസമോ ഇല്ല, എന്ന് ഞാനപ്പോള്‍ റബ്ബുല്‍ ആലമീനായ തമ്പുരാനോട് പ്രാര്‍ത്ഥിച്ചു. നിങ്ങളിവളെ നല്ലപോലെ നോക്കുമായിരിക്കാം എന്നു ഞാനെന്നെത്തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ടിരുന്നു.

അപ്പോഴും എന്റെ അച്ഛന്‍ തിരികെ വന്നിരുന്നില്ല. ‘കാപ്പി വാങ്ങിത്തരട്ടെ/’ എന്ന് ചോദിച്ചു എന്റെയാ നക്ഷത്രപ്പെണ്‍കട്ടി. ‘വേണ്ട,ഞാന്‍ കഴിക്കാനുള്ളതും വെള്ളവുമൊക്കെ വീട്ടിൽ നിന്ന് കൊണ്ടുവന്നിട്ടുണ്ട്, ഇപ്പോള്‍ അച്ഛന്‍ വരും ‘എന്നു പറഞ്ഞിട്ടും ‘പ്രിയേടെ അച്ഛന്‍ വന്നിട്ടു പോകാം’ എന്നു പറഞ്ഞ് എനിക്കവര്‍ കാവല്‍ നിന്നു. വയസ്സായ, മെല്ലെ നടക്കുന്ന ഒരാളെ ആ റൂമിന് പരിസരത്ത് കണ്ടിരുന്നു, അതാണല്ലേ അച്ഛന്‍ എന്ന് പിന്നെ അവള്‍ ചോദിച്ചപ്പോള്‍ ഞാന്‍ തലയാട്ടി. പൊക്കൊളൂ ,അച്ഛനിപ്പോ വരും, നിങ്ങള്‍ക്ക് വീടെത്തേണ്ടേ എന്ന് പിന്നെയും പിന്നെയും, പറഞ്ഞ് ഞാനവരെ അയച്ചു. അതിനിടെ, ‘ഞാനേ വല്ലപ്പോഴും വിളിച്ചാല്‍ പ്രിയ ഫോണെടുക്കുമോ’ എന്നും ചോദിച്ച് അവളെന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. ‘അതിനെന്താ’ എന്ന് ഞാന്‍ ചിരിച്ചു.

അന്ന് വൈകിട്ടാറോ ഏഴോ മണിയായി തിരിച്ച് ഞാനും അച്ഛനും വീട്ടിലെത്തിയപ്പോള്‍. തളര്‍ന്ന് ചുരുണ്ടു കൂടിക്കിടക്കുമ്പോള്‍ ഒരു ഫോണ്‍ വന്നു. ഏതോ നമ്പര്‍, എടുക്കണോ വേണ്ടേ എന്നൊരു നിമിഷം സംശയിച്ചു. അപ്പോള്‍, ‘പ്രിയേ,ഞാനാണ് ‘ എന്ന് എന്റെ ഇളംകാറ്റിന്റെ ശബ്ദം. ‘അതേ, ഞാന്‍ വീട്ടിലെത്തീട്ടും എനിക്ക് വല്ലാത്തൊരു വെഷമം, പ്രിയേ അവിടങ്ങനെ തനിച്ചാക്കീട്ട് പോന്നത് ശരിയായില്ല, ഒരു കപ്പു കാപ്പി വാങ്ങിത്തരണ്ടതായിരുന്നു, അല്ലേലച്ഛന്‍ വരുന്നതു വരെയെങ്കിലും നില്‍ക്കേണ്ടതായിരുന്നു, ഓടിപ്പിടച്ചു പോന്നത് ഒട്ടും ശരിയായില്ല എന്ന് ഞങ്ങള് രണ്ടാളും തമ്മില്‍ത്തമ്മില്‍ ഇപ്പഴും പറഞ്ഞോണ്ടിരിക്കുവാണ് പ്രിയേ.’

എനിക്ക് പെട്ടെന്ന് ഒരേ സമയം സങ്കടവും സന്തോഷവും കുതികുതിച്ചു വന്നു. എന്റെ അക്ഷരത്തെ പ്രതി എനിക്ക് വഴിയോരത്തു നിന്നും കടത്തിണ്ണയില്‍ നിന്നും സ്‌കാനിങ്‌ ടേബിളില്‍ നിന്നും സ്‌ക്‌ളീറോ തെറാപ്പി റൂമില്‍ നിന്നുമൊക്കെ കിട്ടാറുള്ള പതിവിന്‍പടി സ്‌നേഹങ്ങളെയെല്ലാം കാറ്റില്‍ പറത്തി, ഒരാള്‍, വെറുതേ വെറുതേ ഒരു കാരണവുമില്ലാതെ എന്നെ സ്‌നേഹം കൊണ്ട് പൊതിഞ്ഞുപിടിക്കുകയാണ്. ഒരു കുഞ്ഞുകാരണം പോലും ഇല്ലാത്ത ഈ സ്‌നേഹപ്പൊതിയലിനെയാണോ മനോരോഗം എന്ന് എല്ലാരും വിധിയെഴുതുന്നത് ?

എന്റെ ജീവിത കഥ, ഞാനെഴുതിയ കഥകള്‍, എനിക്ക് കിട്ടിയ അവാര്‍ഡുകള്‍ എന്നതിനെയെല്ലാം കവച്ചുവച്ച് വന്ന ആ ഒരാള്‍ പിന്നെ എന്റെ വാട്‌സ് ആപ് പ്രൊഫൈല്‍ പിക്ചര്‍ നോക്കി, ‘ഇതാണോ കുഞ്ഞുണ്ണി, അതാണോഅമ്മ, ഇതാണോ വീട്, ഇപ്പം പ്രിയ ഇത്തിരി നന്നായല്ലോ, ഞാനെപ്പോഴും പാത്തൂനോട് പറയും നിന്റെയീ ഇത്തിരിക്കൈയും നില്‍പ്പും കണ്ടാല്‍ പ്രിയാന്റീടെ മോളാണെന്ന് തോന്നുന്നുംന്ന്, ഒരൂസം അമ്മേം മോനും കൂടി ഇങ്ങോട്ടുവായോ, ഒള്ള സൗകര്യത്തില് കൂടാംന്നേ’ എന്നിങ്ങനെ മറ്റാരേക്കാളും എന്നെ ചേര്‍ത്തുപിടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറച്ചായി. മൂന്നാളും കൂടി എന്നെക്കാണാന്‍ വരാം എന്നു പറഞ്ഞത് നടന്നിട്ടില്ല ഇതുവരെ. ഇടയ്ക്ക് അവളുടെ ഭര്‍ത്താവിന്റെ വിസയുടെ കാലാവധി തീര്‍ന്നു. വീട് പണയത്തിലായി. പിന്നെ കുറേയേറെ പ്രാരാബ്ധങ്ങള്‍, ഇടക്കുവച്ച് മരുന്നകളുടെ ഡോസ് താങ്ങാന്‍ പറ്റാത്തത്ര ക്ഷീണം വരുമ്പോള്‍ മരുന്നു നിര്‍ത്തിക്കളയല്‍, പിന്നെ അസുഖം കൂടി ഡോക്ടറുടെ വഴക്കു കേള്‍ക്കല്‍ അങ്ങനെയങ്ങനെ എന്റെ നക്ഷത്രക്കണ്ണി എന്ത് സങ്കടം പറയുമ്പോഴും അവളുടെ ശബ്ദം ഇടറാറില്ല. എന്നുമാത്രമല്ല, അതലപ്പടി പ്രതീക്ഷയും തെളിമയും ചുറ്റുപ്പാട് ലോകത്തെ കുറിച്ചുളള കരുതലുമാണ്. “എന്റെ വീട്ടിലെനിക്കേ ഉള്ളൂ ഇങ്ങനെ കഷ്ടപ്പാട്, മാറുമായിരിക്കും അല്ലേ പ്രിയേ, അല്ലേല് ഞാന്‍ ചെലതൊക്കെ കൂടി പഠിക്കാനൊണ്ടായിരിക്കും, അല്ലേ” എന്നൊക്കെ ആ കുട്ടി പറയുമ്പോള്‍ എനിക്കറിയില്ല ഞാനെന്തു പറയണം എന്ന്.

എന്റെ ഫോണുകളിലൊന്ന് കേടായപ്പോള്‍ വേവലാതി ആയത് അതിലായി രുന്നു അവളുടെ നമ്പര്‍ എന്നതു കൊണ്ടാണ്. അതു പിന്നെയും സംഘടിപ്പിച്ച്, ‘എന്താ വിളിക്കാത്തത് കുറച്ചുകാലമായി’ എന്നു ഞാന്‍ പരിഭവിക്കുമ്പോള്‍, “നീ പ്രിയേ വിളിക്കാറേയില്ലല്ലേ” എന്ന് വഴക്കു പറയുന്ന കൂട്ടുകാരനെ കുറിച്ചു പറഞ്ഞ് എന്റെ ഇളം കാറ്റ് ചിരിക്കുന്നു. എനിക്കതാണ് കേള്‍ക്കേണ്ടത്. ചേര്‍ന്നുനില്‍ക്കുന്ന കൂട്ടുകാരനെക്കുറി ച്ചുള്ള വാക്കുകളും കൊടുങ്കാറ്റുകളിലുമുലയാത്ത ഇളം ചിരിയും. ‘”നല്ലതൊന്നും പറയാനില്ലാതെ പ്രിയേ എങ്ങനാ വിളിക്കുകാന്ന് വിചാരിച്ചിട്ടാണ്” എന്നവള്‍ വിളിക്കാതിരുന്നതിന് കാരണം പറയുമ്പോള്‍, ‘നമ്മള്‍ പരസ്പരം വിളിക്കുകയും വര്‍ത്തമാനം പറയുകയും ചെയ്തുചെയ്തങ്ങ നെയിരിക്കുമ്പോള്‍ നല്ലതുകളുമായി ഇടയിലൂടങ്ങനെ ഒരു ദിവസം കടന്നു വരും’ എന്ന് ഞാനവളെ സമാധാനിപ്പിക്കുന്നു. എനിക്കറിയാം അവളെന്നെ വിശ്വസിക്കുന്നുണ്ടെന്ന്, എന്റെ വര്‍ത്തമാനം അവള്‍ക്ക് പിടിവള്ളിയാണെന്ന്.

priyam apriyam, priya as

“അതേയ്, വീടിനടുത്ത് ഒരു പുസ്തകപ്രദര്‍ശനം വന്നപ്പോ എന്റെ കൂട്ടുകാരി പ്രിയേടെ പുസ്തകം കാണും എന്നു പറഞ്ഞ് ഞാന്‍ പോയി, പക്ഷേ അവിടുന്നൊന്നും കിട്ടീല്ല’ എന്നു പറയുമ്പോള്‍ എന്റെ ഏറ്റവും വലിയ മേൽവിലാസം അവളുടെ കൂട്ടുകാരി എന്നതാണെന്നെനിക്ക് തോന്നുന്നു. ‘അഡ്രസു താ, അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം പാത്തുമുത്തൂനയയ്ക്കാം’ എന്നു ഞാന്‍ ചിരിക്കുന്നു. ഒരു കാരണവും കൂടാതെ ഇഷ്ടപ്പെട്ട് എന്നെ കൂട്ടുകാരിയാക്കിയ ഒരാളെയും എനിക്കറി യില്ലല്ലോ ഞാനിത്രകാലം ജീവിച്ചിട്ടും എന്നെന്റെ മനസ്സ് നിറയുന്നതും ആ ചിരിക്കൊപ്പം തന്നെയാണ്.

Read in English Logo Indian Express

എന്തായാലും, ഇങ്ങനെ കണ്ണൂം പൂട്ടി ഒരാളെ കൂട്ടാക്കി മനസ്സു തുറന്നകത്തു കയറുന്ന മാജിക്കിന് മനോവിഭ്രാന്തി എന്നല്ല പേരെന്നും എനിക്ക് നല്ല നിശ്ചയമാണ്. ഇളംകാറ്റെനന്നര്‍ത്ഥമുള്ള പേരുകാരിയായ നിന്നെ, നിന്റെ നക്ഷത്രക്കണ്ണുകളിലെ കാരണമില്ലാ ഇഷ്ടത്തിന്റെ ജന്മജന്മാന്തര വഴികളെ എന്റെ അബോധത്തില്‍ പോലും ഞാന്‍ കൊളുത്തിവയ്ക്കുന്നു എന്നുകൂടിയും എന്റെ വെളിച്ചപെൺകുട്ടീ, എനിക്ക് നല്ല നിശ്ചയമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook