എം ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് കൊച്ചിന് യൂണിവേഴ്സിറ്റിയിലേക്ക് ഞാന്‍ ചേക്കേറിയിട്ട് പത്തുവര്‍ഷം കഴിഞ്ഞു.ഇപ്പോഴും എം ജി യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് എനിക്ക് ഭീകരമായി മിസ് ചെയ്യുന്ന രണ്ടുകഥാപാത്രങ്ങളുണ്ട്-വിജയനും വര്‍ഗ്ഗീസും. ഈ നഷ്ടബോധ-ഏടിലെ ഏറ്റവും രസമെന്താണെന്നു വച്ചാല്‍ വിജയനും വര്‍ഗ്ഗീസും ,എം ജി സര്വ്വകലാശാലാജീവനക്കാരല്ല എന്നതു തന്നെയാണ് .
ഞാന്‍ 1993ല്‍ എം ജി യൂണിവേഴ്സിറ്റി ഓഫീസില്‍ ജോയിന്‍ ചെയ്യുമ്പോള്‍ ,അതിനു തൊട്ടുമുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ‘അച്ഛന് ‘ എന്ന ചെറുകഥയുടെയും ഗൃഹലക്ഷ്മി അവാര്‍ഡിന്റെയും വളരെ ചെറിയ സാഹിത്യപരിവേഷമുണ്ടായിരുന്നു എനിക്ക്. പക്ഷേ അത് ആരും തിരിച്ചറിയില്ല എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ പശ്ചാത്തലത്തില്‍ ,സാഹിത്യം പഠിക്കലും പഠിപ്പിക്കലുമായി സ്ക്കൂള് ഓഫ് ലെറ്റേഴ്സ് തലയുയര്‍ത്തിനില്‍ക്കുന്നതു കൊണ്ടാവും , മുഴുവന്‍ കാമ്പസും ഓഫീസും വിരല്‍ത്തുമ്പില്‍ സാഹിത്യമുള്ളവരെ തികഞ്ഞ മമതയോടെയും വിസ്മയത്തോെടയും നോക്കുന്നതായിരുന്നു അവിടുത്തെ പതിവ്. അതുകൊണ്ടുതന്നെ സര്‍വ്വകലാശാല , ഒരു പ്രിയ പുസ്തകം പോലെ ചേര്ത്തുപിടിച്ചുസ്വീകരിച്ചെന്നെ അത്ഭുതപ്പെടുത്തി.
അന്നൊക്കെ അവിടെ സെക്ഷനുകളില്‍ കവിത ഒഴുകും ,കഥ നിറയും,സാഹിത്യവര്ത്തമാനങ്ങളും ചര്‍ച്ചകളും കൊഴുക്കും. അന്യോന്യമുള്ള പുസ്തകക്കൈമാറ്റങ്ങളും ലൈബ്രറിയില്‍ പോക്കും എല്ലാം ചേര്‍ന്ന് കോളേജിന്റെ ഒരു എക്സ്റ്റന്‍ഷന്‍ പോലെ അവിടം തോന്നിച്ചു. ഓഫീസ് പണി തീരെയും ഇഷ്ടമല്ലാതിരുന്നിട്ടും ഓഫീസില്‍ പോകാന്‍ ഇഷ്ടം തോന്നിയിരുന്നത് അതു കൊണ്ടൊക്കെയാണ്.
എത്രയോ കാലങ്ങളായി ഒരു കറുത്ത ലെതര്‍ ബാഗില്‍ ഡി സി ബുക്സിന്റെ പുസ്തകങ്ങളുമായി വന്ന് വില്‍പ്പന നടത്തുകയും ഇന്ന പുസ്തകം അടുത്ത തവണ കൊണ്ടു വരണം എന്നാരെങ്കിലും പറഞ്ഞേല്‍പ്പിച്ചാല്‍ , ഇന്നത്തെ ഓണ്‍ലൈന്‍ പുസ്തകവരവുകളേക്കാള് കൃത്യമായി അത് കൊണ്ടു വരികയും ചെയ്തിരുന്ന വര്‍ഗ്ഗീസ് എന്ന അല്പം പ്രായം ചെന്നയാളായിരുന്നു അതുവരെ അവിടുത്തെ ആസ്ഥാന പുസ്തകവില്പ്പനക്കാരന് എന്ന കാര്യവും ഞാനറിയുന്നുണ്ടായിരുന്നു.
കറുത്ത ബാഗും കണ്ണടയും പുറകോട്ടു ചീകിയ തലമുടിയും ആയി വര്‍ഗ്ഗീസ് കടന്നുവരുമ്പോഴൊക്കെ ,ഒരു പുസ്തകത്തിന്റെ താളുകള്‍ മറിയുന്ന ശബ്ദം മാത്രമേ കേള്ക്കാനാകുമായിരുന്നുള്ളൂ. അതിനേക്കാള്‍ പതിഞ്ഞതായിതുന്നു വര്‍ഗ്ഗീസിന്റെ ശബ്ദം.നമ്മള് പുസ്തകങ്ങള്‍ വാങ്ങുന്തോറും ,മറ്റൊരു പുസ്തകമെന്ന പോലെ നമ്മളെ വായിക്കാന്‍ തുടങ്ങുകയും ക്രമേണ നമ്മുടെ വായനാഇഷ്ടത്തിന്റെ രീതി നോക്കി പഠിക്കുകയും മെല്ലെ മെല്ലെ മാത്രം നമ്മളോട് മിണ്ടിത്തുടങ്ങുകയും മിണ്ടാന്‍ തുടങ്ങിയാല്‍ പിന്നെ അത് പുസ്തകള്ക്കപ്പുറമുള്ള ആജീവനാന്ത ബന്ധമായി കൊണ്ടുനടക്കുകയും ചെയ്യുന്ന വര്‍ഗ്ഗീസ് , എം ജി യൂണിവേഴ്സിറ്റിയുടെ ഭാഗം തന്നെയായിരുന്നു.
അതിനിടെയാണ് വിജയനെന്ന കഥാപാത്രത്തിന്റെ രംഗപ്രവേശം.
ഒരു മെലിഞ്ഞ പയ്യന്‍സ് , അതായിരുന്നു അന്ന് വിജയന്.ഉച്ചനേരത്തെ ഇടവേളയില്‍ ഒരു ബിഗ് ഷോപ്പറില്‍ പുസ്തകങ്ങളുമായി പ്രത്യക്ഷപ്പെടും.അതെടുത്ത് മേശകളില്‍ നിരത്തും. വിജയന് ഒന്നും സംസാരിക്കാതെ മാറിനിന്ന് , നിരത്തിവച്ച പുസ്തകങ്ങളെ ഞങ്ങളോട് സംസാരിക്കാന്‍ വിടും.പ്രീണിപ്പിക്കലും മനംമയക്കലും ബോധവത്ക്കരിക്കലും ഒക്കെ നമ്മള് മറിക്കുന്ന പുസ്തകത്താളുകള്‍ നമ്മളോട് ചെയ്യേണ്ടതാണ് എന്ന മട്ടില്‍ ,ഇതില്‍ യാതൊരു റോളുമില്ലാത്ത ഒരാളെപ്പോലെ വിജയന് നിസ്സംഗനാവും.വേണ്ടവര്‍ക്ക് രൊക്കം പൈസ കൊടുത്ത് വാങ്ങാം, അതല്ലെങ്കില്‍ കടം പറഞ്ഞ് വാങ്ങാം. നോട്ടുപുസ്തകത്താളില്‍ പുസ്തകം വില്‍ക്കലിന്റെ കണക്ക് കോറിയിടപ്പെടും.വിജയന് കൊണ്ടുവരുന്നതൊക്കെ നല്ല പുസ്തകങ്ങളാണെന്ന് കണ്ടു. പഴയ നല്ലതും പുതിയ നല്ലതും.. വിവേകബുദ്ധിയോടെ, വകതിരിവോടെ പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു കൊണ്ടു വരുന്ന നന്നേ മെലിഞ്ഞ മുഖക്കാരന്‍ ഇരുണ്ട മിതഭാഷിയെ എല്ലാവര്ക്കും ഇഷ്ടമാകുന്നത് ഞാന്‍ കണ്ടുനിന്നു.
വിജയന് എന്ന പുതിയ ആളെ അംഗീകരിക്കാന്‍ ,ഒതുങ്ങിനടപ്പുശീലമായ വര്‍ഗ്ഗീസിന് ഒരു വിഷമവുമുണ്ടായില്ല എന്നു മാത്രമല്ല കാമ്പസു മുഴുവന്‍ പുസ്തകത്തിന്റെ ആവശ്യക്കാര്‍ ധാരാളമുണ്ടായിരുന്നുതാനും.
ഒരു മലയാളം ഡിഗ്രിക്കാരന് പയ്യന്‍സ് തത്ക്കാലം ജോലിയൊന്നും ആവാത്തതിനാല്‍ മലയാളപുസ്തകങ്ങളുമായുള്ള ബന്ധം തുടരാന്‍ പറ്റുന്ന രീതിയിലുള്ള ഒരു ചെറുപണി ചെയ്യുന്നു ,വിയര്ത്തുപണിയെടുത്ത് തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കുന്നു എന്നു സങ്കലിച്ച് വളരെ മതിപ്പോടെ ഞാന്‍ വിജയനെ നോക്കി ചെറുചിരി പാസ്സാക്കി.അതിനകം വിജയനുമറിഞ്ഞിരുന്നു എന്റെ കഥാബന്ധം.വിജയനെനിക്കും തന്നു മിണ്ടലില്ലാത്ത ഒരു പുഞ്ചിരി.
ഏതാണ്ടൊരു വര്‍ഷം കഴിഞ്ഞപ്പോള്‍, വിജയന് എം ജി സര്വ്വകലാശാലക്കുമുന്നില് ഒരു പുസ്തകക്കട തുടങ്ങി-വിജയാ ബുക്സ്.സാഹിത്യസംബന്ധിയായ പുസ്തകങ്ങള്‍ക്ക് എല്ലാ ദിവസവും ആ ഇത്തിരിവട്ടത്തില്‍ ആവശ്യക്കാരുണ്ടാവില്ല എന്നുള്ളതു കൊണ്ടു തന്നെ വിജയന്റെ കടയില്‍ വലിയ ആളനക്കമൊന്നും ഉണ്ടായില്ല. അത്തവണ ക്രിസ്മസ് കാലമായപ്പോള്‍ പുസ്തകങ്ങള്‍ക്കൊപ്പം വിജയന് കേക്ക് കൂടി കൊണ്ടുവച്ചു. പ്ളം കേക്കുകള്‍ കഴിച്ച് ക്രിസ്മസ് സംതൃപ്തിപ്പെടുന്ന സാദാക്കാലമായിരുന്നു അത്. പുസ്തകത്തേക്കാള്‍ കൂടുതല്‍ കേക്കു വിറ്റുപോയി.കേക്കും പുസ്തകവും എന്ന കോമ്പിനേഷന്‍ അന്ന് കടകളില്‍ വളരെ അത്യപൂര്വ്വമായിരുന്നതു കൊണ്ടുതന്നെ ഞാനാ വിജയന്-ചുവട് വളരെ കൗതുകത്തോടെ നോക്കിനിന്നു.
‘മലയാളം’ എന്ന കഥ ഞാനെഴുതിയ അക്കാലത്ത് ,ക്രിസ്മസ് പപ്പ വന്നു ബസ്സ്റ്റാര്ഡില് നില്ക്കുമ്പോള് തന്നുപോയ കേക്കിനെ കഥയിലേക്ക് ചേര്‍ക്കുമ്പോള്‍ വിജയന്റെ കടയായിരുന്നു മനസ്സില്‍.
പുസ്തകത്തിന്റെ കൂടെ വളയോ ബാഗോ വൈനോ കേക്കോ സുഗന്ധലേപനങ്ങളോ ചേര്‍ത്തു വയ്ക്കുന്ന പില്ക്കാല മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ കേരളത്തിലെ പ്രധാന പുസ്തകശാലകളും മാളുകളും മെനഞ്ഞെടുത്തപ്പോഴൊക്കെ വിജയന്റെ വിജയാബുക്സിലാണതിന്റെ ഉത്പത്തി എന്നോര്‍ത്ത് ഞാന്‍ മൗനമായി ചിരിച്ചിട്ടുണ്ട്.
വിജയന് പിന്നീട് ചെയ്തത് സര്‍വ്വകലാശാലയില്‍ പല പല അക്കാദമിക് ആവശ്യങ്ങള്‍ക്കായി വന്നുപോകുന്നവര്‍ക്ക് കോപ്പിയെടുക്കേണ്ടി വരുന്ന രേഖകളെ മുന്നില്‍ക്കണ്ട് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന് കടയില്‍ ഇന്‍സ്റ്റാള്‍ ചെയ്യലാണ്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ‘ഒരു ആപ്ളിക്കേഷന്‍ എഴുതേണ്ടിവന്നാല്‍’ എന്ന ആശയത്ത മുന്‍നിര്‍ത്തി എഴുത്തുമായി ബന്ധപ്പെട്ട സര്വ്വസാമഗ്രികളും ക്രമേണ കടയില്‍ പ്രത്യക്ഷപ്പെട്ടു.അന്ന് ,അതായത് 90 കളില്‍ കഥയെഴുത്തിന് കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല പൊതുവേ ആരും. എഴുതുക,വെട്ടുക,തിരുത്തുക,പിന്നേമെഴുതുക,ഫോട്ടോസ്റ്റാറ്റെടുക്കുക എന്ന രീതിയ്ക്കിടെ ഞാന്‍ കൊണ്ടുചെല്ലുന്ന എന്റെ കഥയെഴുത്തു പ്രതികളുടെ ഫോട്ടോസ്റ്റാറ്റ് വിജയന് എടുത്തു തരാന്‍ തുടങ്ങി.ഒരു കോപ്പി മാസികയ്ക്കയക്കാന്,മറ്റൊന്ന് എനിക്ക് കൈയില്‍ വയ്ക്കാന്‍,ഒന്ന് അച്ഛന് നാട്ടില്‍ നിന്നു വരുമ്പോള്‍ കൊടുത്തുവിടാന്‍-അങ്ങനെ മൂന്നു കോപ്പി എടുക്കാന്‍ ചെല്ലുന്ന ഞാനും വിജയനും ക്രമേണ നല്ല കൂട്ടായി.
കുട്ടികളുടെ തിരക്കുണ്ടെങ്കില്, ‘കോപ്പി എടുത്തുവയ്ക്കാം’ എന്നു പറഞ്ഞ് വിജയന് കഥ വാങ്ങി വയ്ക്കും.പിന്നെ ചെല്ലുമ്പോള്‍ കോപ്പി എടുത്തത് കൈയിലേക്കു തന്നു കൊണ്ട് ,ആ കഥയെക്കുറിച്ച് അഭിപ്രായം പറയും .ഇന്നയിടത്ത് ഇന്നതു വേണ്ടായിരുന്നു,അല്ലെങ്കില്‍ ഇന്നപോലെ ആയിരുന്നെങ്കിലോ എന്ന മട്ടിലുള്ള വാക്കുകള്‍ വിജയന് പറയാന്‍ തുടങ്ങിയത് ഞാന്‍ വളരെ കാര്യമായി നിന്ന് കേട്ടു.വീട്ടില്‍ ചെന്നിരുന്ന് കഥ വീണ്ടും വായിക്കുമ്പോള്‍ പലപ്പോഴും വിജയന് പറഞ്ഞതില്‍ കാര്യമുണ്ടെന്നു മനസ്സിലാവുകയും അതനുസരിച്ചു ഞാന്‍ കഥയില്‍ മാറ്റം വരുത്തുകയും ചെയ്തു.
അതിനിടെ വിജയന് എല്ലാ നല്ല മാസികകളും കടയില്‍ കൊണ്ടുവന്നു വയ്ക്കാന്‍ തുടങ്ങി.മാസിക വായനക്കാരൊക്കെ അവിടെ പതിവുകാരായി.ിഇന്നയാള്ക്ക് ഇന്നയിന്ന മാസികകള്‍ എന്ന കണക്കു പ്രകാരം ഓരോരുത്തര്‍ക്കുമുള്ളത് വിജയനെടുത്തു മാറ്റിവച്ചു.ഹാരിസ് സാറും വിനയചന്ദ്രന് സാറും ഒ വി ഉഷയും പി ബാലചന്ദ്രന്‍സാറും കെ കെ സുധാകരനും എന്നീ സ്ക്കൂള് ഓഫ് ലെറ്റേഴ്സ് എഴുത്തുകാരടക്കം സര്‍വ്വകലാശാലയിലെ ജീവനക്കാരും പഠിതാക്കളുമുള്പ്പടെയുള്ള വായനാകുതുകികള്‍ വിജയന്റെ സ്നേഹിതരായി.
ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുക്കാന്‍ ചെല്ലുമ്പോള്‍ ഈയിടെ വന്ന ഗ്രേസിയുടെ കഥ, സാറാജോസഫിന്റെ കഥ,മാധവന്റെ കഥ എന്നൊക്കെ വിജയന് വളരെ വിമര്‍ശനബുദ്ധിയോടെ കഥകളിലൂടെ കയറിയിറങ്ങിയതിനെത്തുടര്ന്നുള്ള അഭിപ്രായപ്രകടനങ്ങള്‍ എന്നോട് നടത്തി.
വിജയന്റെ വായനകളും വിലയിരുത്തലുകളും വളരെ ശ്രദ്ധിച്ച് കേള്‍ക്കുകയും അതിലെ കൃത്യത കണ്ട് വളരെ മതിപ്പു തോന്നുകയും ചെയതനാളുകളിലൊന്നില് ഞാന്‍ ചോദിച്ചു, ‘വിജയനേതു കോളേജില്‍ നിന്നാ മലയാളം ബി എ പാസ്സായത്? ‘വിജയന് ചിരിച്ചു,എന്നിട്ട് പറഞ്ഞു, ‘പത്താം ക്ളാസ് സര്ട്ടിഫിക്കറ്റേയുള്ളൂ, പ്രീഡിഗ്രി മുഴുവനാക്കിയില്ല.’ അക്കാദമിക് വിദ്യാഭ്യാസമല്ല ഒരാളുടെ വിവരത്തിന്റെ അളവുകോല്‍ എന്ന് വിസ്മയത്തോടെ ഞാനന്ന് , പുസ്തകത്തിലൂടെയല്ലാതെ ഒരു മുഖത്തുനിന്ന് നേരിട്ടുപഠിക്കുകയും അന്നുവരെ തോന്നിയതിന്റെ ഇരട്ടി സ്നേഹത്തോടെ വിജയനെ നോക്കിനില്‍ക്കുകയും ചെയ്തു.
Read More:വാക്കെഴുതിയ ജീവിതം
വിജയന്റെ കടയില്‍ പിന്നെയും പലതരം സാധനങ്ങള്‍ വില്‍പ്പനക്കായി നിരന്നു…കളിപ്പാട്ടം,പെണ്മാലകള്,പേഴ്സുകള്‍ അങ്ങനെയങ്ങനെ പലത്.കടയില്‍ സഹായിക്കാനായി നിന്നിരുന്ന പെണ്‍കുട്ടിയെ വിജയന് പിന്നീട് കല്യാണം കഴിച്ചു. ഫോട്ടോസ്റ്റാറ്റെടുക്കുന്നതിനിടയില് കഥ വായിച്ചു നോക്കാന്‍ തിരക്കുകള്‍ കാരണം സമയം തികയാതായപ്പോള്‍ , ‘മൂന്നു ഫോട്ടോസ്റ്റാറ്റിനു പരം നാലെണ്ണമെടുത്തോട്ടെ ,ഒരെണ്ണം ഞാന്‍ കൊണ്ടു പോയി വായിച്ചോട്ടെ ?’എന്നു ചോദിച്ചു വിജയന്.’അതിനെന്താ ?’എന്നു ഞാന്‍ ചിരിച്ചു.
ഓഫീസിലെ പണി മടുക്കുമ്പോള്‍ , ‘ഇന്ന് മാതൃഭൂമി വന്നു കാണുമല്ലോ, മലയാളം വാരിക വിജയന് എടുത്തുവച്ചിട്ടുണ്ടാവും,ഇന്ഡ്യാറ്റുഡെയില് കഥ വന്നിട്ടുണ്ടോ എന്നു നോക്കാം ‘എന്നൊക്കെ കണക്കുകൂട്ടി റോഡ് മുറിച്ചു കടന്ന് വിജയന്റെ കടയോളം പോയി വരുമ്പോള്‍ മടുപ്പൊക്കെ എവിടെയോ പോയിക്കഴിഞ്ഞിരിക്കും.
വര്‍ഗ്ഗീസും വിജയനുമൊക്കെ പിന്നെ ഏറ്റുമാനൂരെ എന്റെ വീട്ടില്‍ വന്ന് അച്ഛനോടും അമ്മയോടും വരെ സുഹൃത്തുക്കളായി.
ഞാന്‍ പിന്നെ കൊച്ചിസര്വ്വകലാശാലയിലേക്ക് പോന്നു. ആദ്യ കുസാറ്റ് ദിവസം, വേരു പറിഞ്ഞുപോയതിന്റെ വിഷമവുമായി ഞാന്‍ നട്ടുച്ചവേവലിനിടയിലൂടെ മെയില്‍ ഗേറ്റിലൂടെ ഇറങ്ങി ലക്ഷ്യമില്ലാതെ നടന്നു.കൂറ്റനും ഇത്തിരിപ്പോന്നതുമായ പലവിധ ഫോട്ടോസ്റ്റാറ്റ്-ലാമിനേഷന്-ബൈന്‍ഡിങ് കടകളിരുവശവും.എനിക്കു വേണ്ടിയിരുന്നത് മനസ്സുടക്കി നിര്‍ത്താന്‍ പാകത്തില്‍ ഒരു വാരികയായിരുന്നു. എന്റെ വിചാരം എല്ലാ യൂണിവേഴ്സിറ്റിയുടെ മുന്നിലും വിജയനെപ്പോലെ ഒരാള്‍ ഒരു വാരികക്കട നടത്തുന്നണ്ടാവും എന്നായിരുന്നു.
അത്തരമൊരു വിജയന്റെ കട അന്വേഷിച്ച് ഞാന്‍ മെയിന്‍ റോഡോളം നടന്നുകുഴഞ്ഞത് മാത്രം മിച്ചം. ഒരു നാരങ്ങാവെള്ളക്കടയില് തൂങ്ങിക്കിടന്നിരുന്ന മാസിക കണ്ട് ആര്‍ത്തി പൂണ്ടതു മറിച്ചുനോക്കിയപ്പോള്‍,ആഴ്ചകള്‍ക്കു മുമ്പിലെ സിനിമാ മാസികയായിരുന്നു അത്. അതെങ്കിലത് ,രണ്ടക്ഷരം കിട്ടിയല്ലോ എന്നു വിചാരിച്ച് അതു വാങ്ങി പരവശയായി തിരിച്ചുനടക്കുമ്പോള്‍ പാഠപുസ്തകങ്ങളുടെ കടപോലുമില്ലാത്ത ടെക്നിക്കല്‍ സര്‍വ്വകലാശാലാ പരിസരത്തിലെ വരള്‍ച്ച എന്നെ അത്ഭുതപ്പെടുത്തി.
പത്രക്കാരന്റെ കൈയിലില്ലാത്ത മാസികകളെല്ലാം പിന്നെ ഞങ്ങള്‍ തപാലില്‍ വരുത്താന്‍ തുടങ്ങി .തപാലില്‍ വരുന്നവ പൊതുവേ താമസിച്ചാണെത്തുക. .വാരികകള്‍ വരുന്ന അതേ ദിവസം അത് കൈയിലെത്തിയില്ലെങ്കില് എന്റെ വീട്ടില്‍ പ്രശ്നമാണ്. അതെല്ലം വായിച്ച് വായനക്കാരെഴുതുന്നു പംക്തിയിലേക്ക് കൃത്യമായി കത്തുകളെഴുതല് ജീവിതവ്രതമാക്കിയ ഒരച്ഛനാണ് എനിക്കുള്ളത്. തപാല്വാരികകള് കൈയില്‍ കിട്ടുവോളം അച്ഛന് ശ്വാസം മുട്ടുന്ന അവസ്ഥയാവുന്നത് കണ്ട് വണ്ടിയുമെടുത്ത് പുസ്തകക്കടകള്‍ തേടിയിറങ്ങിയപ്പോഴൊക്കെ അക്ഷരം മണക്കുന്ന വര്‍ഗ്ഗീസിനെയും വിജയനെയും എനിക്ക് അപാരമായി മിസ് ചെയ്തു.
ഇപ്പോഴും വിജയനാണ് എം ജിയിലെ ലൈബ്രറിയിലേക്കുള്ള വാരികകളുടെ വിതരണക്കാരന്. പൊളിറ്റിക്സ് ബി എ എഴുതിയെടുക്കുകയും അക്ഷയ എന്ന പൊതുജനസേവന കേന്ദ്രത്തിനായുള്ള ടെക്നിക്കല്‍ പഠനവും ഇതിനിടെ കഴിഞ്ഞിരിക്കുന്നു. വിജയാ ബുക്സിന് പ്രായം ഇരുപത്തിയഞ്ച്.
വിജയനെയും കുടുംബത്തെയും ഞാന്‍ കണ്ടിട്ട് ഒരുപാടു നാളായി. പക്ഷേ ഞങ്ങളുടെ ഫോണുകള്‍ വല്ലപ്പോഴും പരസ്പരം വിളിക്കുമ്പോള്‍, ഇന്നലെയാണ് കണ്ടത് എന്ന പോലെ അടുപ്പത്തില്‍ വിജയനും ഭാര്യയും എന്നോട് സംസാരിക്കുന്നു.ഏറ്റുമാനൂരൊരു സഹായമാവശ്യമുണ്ടെങ്കില്‍ എനിക്കു വിളിക്കാനുള്ള ഒരാള്‍ തന്നെയാണ് വിജയനിപ്പോഴും.
അഴീക്കോടിനെയും ശ്രീരാമകൃ്ണനെയും യതിയെയും വായിച്ച് വായനയിലേക്കെത്തി, ഒരു ജോലി വേണം എന്ന് ഡി സി കിഴക്കേമുറിക്ക് കത്തെഴുതി അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പുസ്തകവിതരണക്കാരനായ പഴയ കഥ പറയാന്‍,പഴയ ബന്ധങ്ങളെ ഒന്നൊഴിയാതെ എണ്ണിപ്പെറുക്കി ഓര്‍ക്കാന്‍,ആ സംസര്ഗ്ഗങ്ങളാണ് എന്നെ ഞാനാക്കിയത് എന്നു സമ്മതിക്കാന്‍ വിജയനിപ്പോഴും എന്തുത്സാഹം! പക്ഷേ തിരക്ക് കൂടിയപ്പോള്‍ വിജയന്റെ വായന നിന്നുപോയിരിക്കുന്നു . പണ്ടത്തെ സ്നേഹകാലങ്ങളില് നിന്നുള്ള ഉറവകളെ വിജയന്റെ തിരക്കിനു വിഴുങ്ങാനാവാത്തതിനെ , ഏറ്റവും മൂല്യമുള്ള മലയാളഅക്ഷരമായി കാണുന്നതു കൊണ്ടാവും വിജയനെനിക്കിപ്പോഴും വിജയന് തന്നെ.
വര്‍ഗ്ഗീസിനെ കുറിച്ചു പറയാനാണെങ്കില്‍ ഒരുപാടില്ല.എല്ലാം ലളിതം. പക്ഷേ ഗഹനം. മതേതരവിവാഹം എന്ന സ്വപ്നത്തിനു പുറകേ പോയി അതിനുള്ള വഴി ശരിയാകാതെ വന്നതു കൊണ്ടുമാത്രം പള്ളിയില്‍ വച്ചു വിവാഹിതനായി. എങ്കിലും വിവാഹത്തിന്റെ രേഖകളൊന്നും വാങ്ങാതെ നടക്കുകയാണുണ്ടായത്. യുക്തിവാദി സംഘത്തില്‍ പ്രവര്‍ത്തിക്കുകയും അവരുടെ ലഘുലേഖകള്‍ വില്‍ക്കുകയും ചെയ്യുക, ചില സാങ്കേതിക രേഖകള്ക്കുവേണ്ടിമാത്രം വളരെ വൈകി കല്യാണം രജിസ്റ്റര്‍ ചെയ്യക, സ്ത്രീധനമില്ലാതെ, മതവും ജാതിയും നോക്കാതെ മകന്റെയും മകളുടെയും കല്യാണം നടത്തുക എന്നു തുടങ്ങി ശബ്ദരഹിതവിപ്ളവങ്ങളുടെ വഴിയേ നടക്കുന്നയാളാണ് വര്‍ഗ്ഗീസ് .
മുട്ടിലിഴഞ്ഞതേ അച്ഛന്റെ പുസ്തകക്കൂമ്പാരത്തിനിടയിലൂടെയാണ്, അതാവാം എഴുത്തുകാരനാവാന്‍ കൊതിതോന്നാന് കാരണം, പക്ഷേ നല്ലൊരു വായനക്കരന് പോലുമായില്ല ഞാന്‍ എന്നു പറയുന്നയാളാണ് വര്‍ഗ്ഗീസ്. അച്ഛന്റെ റബ്ബര്‍ ക്കൃഷിക്കു വില മോശമായ അവസ്ഥയില്‍, താന്‍ അംഗമായ യുക്തിവാദിസംഘത്തിലെ ലഘുലേഖകള്‍ വിലയ്ക്കായും അല്ലാതെയും വിതരണം ചെയ്യാന്‍ തുടങ്ങി വര്‍ഗ്ഗീസ്. അക്കാലമാണ് പുസ്തകം വിറ്റു ജീവിയ്ക്കാം എന്ന ആശയക്കാരനാക്കിയത്.
കുസാറ്റില്‍ പുസ്തകവുമായി വരുമോ എന്ന് വര്‍ഗ്ഗീസിനോട് ചോദിച്ചിട്ടാണ് ഞാന്‍ എം ജി യീണിവേഴ്സിറ്റിയില്‍ നിന്ന് പടിയിറങ്ങിയത് എന്നു ഫ്ളാഷ്ബാക്. ‘കൊച്ചി എഫ് എമ്മില്‍ വി എം ഗിരിജേടടുത്തൊക്കെ വരും ,പക്ഷേ കുസാറ്റ് അടുത്താണെങ്കിലും അങ്ങോട്ട് പോകാറില്ല,അവിടെ കയറ്റി വിടില്ല നമ്മളെപ്പോലെയുള്ളവരെ’ എന്ന് അന്ന് വര്‍ഗ്ഗീസ് പറഞ്ഞപ്പോള്‍, ‘ഞാനവിടെ ചെല്ലട്ടെ ,എല്ലാത്തിനും പരിഹാരമുണ്ടാക്കുന്നുണ്ട് ‘എന്നു ഭാവിച്ചാണ് ഞാന്‍ പോന്നത്.
പക്ഷേ ഒക്കെ എന്റെ ഭാവനയിലെ ഭാവങ്ങളായി ഇപ്പോഴുമവശേഷിക്കുന്നു.
കാക്കനാട്ടു താമസമായ മകളെ കാണാന്‍ വന്നപ്പോഴൊക്കെ വര്‍ഗ്ഗീസ് എന്നെ വിളിക്കുകയും ചിലപ്പോഴൊക്കെ കാണാന്‍ വരികയും കുഞ്ഞുണ്ണിക്ക് പുസ്തകം എന്ന് ചെറുകുഞ്ഞുണ്ണിക്ക് കുട്ടിക്കഥാ പുസ്തകം കൊടുക്കുകയും ചെയ്യാറുള്ളതു കാരണം ഞാനും വര്‍ഗ്ഗീസും അക്ഷരങ്ങളും ,ഇടയില്‍ വിടവുകളില്ലാതെ കഴിയുന്നു.
എന്റെ അമ്മയുടെ കാലില്‍ നീരുണ്ടോ ഇപ്പോഴും എന്നു ചോദിച്ച് , എന്റെ അസുഖകാലങ്ങളൊക്കെയറിഞ്ഞ് അന്വേഷണവുമായി വര്‍ഗ്ഗീസ് വരുമ്പോഴൊക്കെ ,ഒരു കാലം എന്റെയുള്ളില്‍ നെടുവീര്‍പ്പായി നിറഞ്ഞുനില്ക്കുന്നു.വര്‍ഗ്ഗീസിന്റെ ബാഗിനുപോലും ഇക്കണ്ട കാലമത്ര കഴിഞ്ഞിട്ടും മാറ്റമില്ല.പുറകോട്ടുള്ള വളച്ചു തലമുടി ചീകല് പോലും പഴയതു തന്നെ.
ആമസോണില്‍ ഓര്‍ഡര്‍ കൊടുത്ത് വാങ്ങുന്ന പുസ്തകത്തിനു പിന്നില്‍ ചിരിക്കുന്ന ഒരു കട്ടിക്കണ്ണടവര്ഗ്ഗീസില്ലാത്തത് ഞാന്‍ വല്ലപ്പോഴും മിസ് ചെയ്യുന്നു.
ഓരോ ആഴ്ചയും രാവിലെ പഴം വാങ്ങാനെന്ന മട്ടില്‍ അമ്മയെ പറ്റിച്ചു പുറത്തുപോയി ഓട്ടോ വിളിച്ച് കാക്കനാട് പരിസരത്തു കറങ്ങി കലാകൗമുദി തപ്പിനടന്ന് ഒടുക്കം വിജയശ്രീലാളിതനായി ‘പക്ഷേ നാല്‍പ്പത് രൂപ അങ്ങോട്ടും പിന്നെ ഇങ്ങോട്ടും ‘എന്നു പറഞ്ഞ് അച്ഛന് വന്നു കയറുമ്പോള്‍ , ‘ഈയാഴ്ചത്തെ വാരിക തപാലില്‍ കിട്ടിയില്ല’ എന്ന് അച്ഛന് ചന്ദികയുടെയോ ദേശാഭിമാനിയുടെയോ ഓഫീസിലേക്ക് വിളിക്കുന്നതു കാണുമ്പോള്‍, ലഞ്ച് ബ്രേക്ക് നേരത്ത് പാലാരിവട്ടത്തോ കളമശ്ശേരിയിലോ പോയി അച്ഛന് മിസ്സായ ‘മലയാളം വാരിക’ വാങ്ങി വരുമ്പോള്‍ ഒക്കെ എനിക്ക് വിജയനോട് ചോദിക്കാന്‍ തോന്നും,നമുക്ക് അതിരമ്പുഴയിലെ വിജയാ ബുക്സിന്റെ ഒരു ബ്രാഞ്ച് ഇവിടെ തുടങ്ങിയാലോ ?
കുസാറ്റിന്റെ വരണ്ടവഴികളിലൂടെ വാരിക തപ്പി നടക്കാറില്ല ഇപ്പോള്‍ ഞാന്‍.
‘അസാദ്ധ്യം’ എന്ന വാക്കില്‍ നിന്ന് ‘അ’ മാറ്റിക്കളയുന്നയാളായി മോദിയെ വാഴ്ത്തുന്ന റേഡിയോ പരസ്യത്തെ വെല്ലുവിളിക്കും പോലെ ഇപ്പോഴും ഇല്ല ഈ സര്വ്വകലാശാലാപരിസരത്ത് വാരികകള്‍. ഉള്‍ക്കനമുള്ള പുസ്തകങ്ങളുമായി ആരും കാമ്പസിനുള്ളിലേക്ക് കറുത്ത ബാഗുമായി വരാറുമില്ല.