സുജാതാ മിസ് ഭൂമി വിട്ടു പോവുകയാണെന്ന് തോന്നുന്നു എന്നറിഞ്ഞപ്പോള്‍ ആദ്യം ഉള്ളിലേയ്ക്കുവന്നത് ആര്‍ത്തലച്ചുള്ള ഒരു കരച്ചിലാണ്. പിന്നെ അതിനെ പിടിച്ചു കെട്ടി നിര്‍ത്തി ഞാന്‍ പറഞ്ഞു, തിരിച്ചു വരണ്ട, പൊയ്ക്കോളൂ, ഇനി കൂടുതലൊന്നും അനുഭവിയ്ക്കാന്‍ നില്‍ക്കണ്ട, കൂട്ടിയാല്‍ കൂടുന്നതൊന്നുമല്ലല്ലോ മുമ്പിലുള്ളത്, എല്ലാ ദുരിതക്കടലും താണ്ടി മറുകരയ്ക്കു തന്നെ പോയിക്കോളുക, ഞാനിവിടെയിരുന്ന് നാമം ജപിയ്ക്കാം, നെറ്റിയില്‍ ഒരു വിരല്‍ വയ്ക്കാം, ഇനി ഒരു ജന്മമുണ്ടാകാതിരിക്കട്ടെ. എല്ലാം ഇവിടം കൊണ്ട് തീരട്ടെ.
ഒരു വര്‍ഷം മുന്‍പ് ഞങ്ങള്‍ തമ്മില്‍ അവസാനമായിക്കണ്ട ദിവസത്തെ ടീച്ചറുടെ നില്‍പ്പ് വലിയൊരു ഭാരമായി, എത്ര മായ്ച്ചിട്ടു മായാത്ത ചിത്രമായി മനസ്സില്‍ നില്ക്കുന്നതു കൊണ്ടും കൂടിയാണ് എത്രയും വേഗം യാത്ര പോകട്ടെ മിസ് എന്ന് പ്രാര്‍ത്ഥിയ്ക്കാന്‍ തോന്നിയത്. ഒരു വര്‍ഷം മുമ്പ് അഷിതയുടെ ബാലസാഹിത്യ കൃതിയുടെ പ്രകാശനം തിരുവനന്തപുരത്ത് വച്ചു നടന്നപ്പോള്‍, പുസ്തകം ഏറ്റു വാങ്ങേണ്ടയാള്‍ ഞാനായിരുന്നു. തിരുവനന്തപുരം യാത്രയ്ക്കൊരുങ്ങുമ്പോള്‍ സുജാതാ മിസിനെ കാണുക എന്ന വ്യക്തമായ ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. പെട്ടെന്ന് എന്താണ് ഞാന്‍ അങ്ങനെ ഒരു പ്രലോഭനത്തില്‍ പെടാന്‍ കാരണം എന്ന് അന്ന് മനസ്സിലായില്ല, ആലോചിച്ചുമില്ല. പക്ഷേ ഇന്നാലോചിയ്ക്കുമ്പോള്‍ തോന്നുന്നു, അഷിത, സുജാത ടീച്ചര്‍ക്കെഴുതിയ കത്തുകളിലെ (‘സ്നേഹം തന്നെ സ്നേഹത്താലെഴുതിയത്’ എന്ന പുസ്തകം) സ്നേഹലോകങ്ങളില് പെട്ട് സുജാത ടീച്ചറുടെ സ്നേഹത്തോടുള്ള ഭ്രാന്തവും നിഷ്കളങ്കവുമായ സ്നേഹത്തില്‍, പഴയ ഒരു കാലത്തിലെ ഒരു പഴയ പെണ്കുട്ടിയെന്നപോലെ തന്നെ ഞാന്‍ പിന്നെയും പിന്നെയും വീണു പോവുകയായിരുന്നിരിയ്ക്കണം.
അന്ന് ആദ്യം ഫോണെടുത്ത് സുഗതകുമാരി ടീച്ചറാണ്. “വരൂ കുട്ടി, എനിയ്ക്ക് കാണണം” എന്ന് പറഞ്ഞ് പിന്നെ സുജാതാ മിസിന്റെ നമ്പര്‍ തന്നു. പക്ഷേ സുജാതാ മിസ് പറഞ്ഞു, ഞാന്‍ മെഡിക്കല്‍ കോളേജില്‍ മരുന്നു വാങ്ങാന്‍ പോവുകയാണ് മകന്, ഉച്ച കഴിയും തിരിച്ചെത്താന്‍. മനസ്സ് മങ്ങിപ്പോയി. ഉച്ച കഴിയുമ്പോള്‍ പ്രകാശനച്ചടങ്ങാണ്. സുഗത ടീച്ചറിനോട് വരാം എന്നു പറഞ്ഞ സ്ഥിതിക്ക് സുജാതാ മിസ് ഇല്ലെങ്കിലും പോകാതിരിക്കാനും നിവൃത്തിയില്ല.
എന്റെ ബി എ ക്ളാസ് മേറ്റും പ്രീഡിഗ്രി മുതല്‍ സുജാതാ മിസിന്റെ വിദ്യാര്‍ത്ഥിയുമായ അനു എന്ന അനിതാ മേനോനൊപ്പം ഞാന്‍ പോയി. വിമര്‍ശന ശരങ്ങളേറ്റ് മനസ്സിനും വീണ് കാലിനും പരിക്കു പറ്റി ഒരു കസേരയിലിരുന്ന്, ഏറ്റവും പുതുതായെഴുതിയ കവിത തപ്പിയെടുത്ത് വായിച്ചു കേള്‍പ്പിച്ചു സുഗതകുമാരി. ആ കവിതയടയാളപ്പെടുത്തിയതും ‘എനിയ്ക്ക് ചോദിയ്ക്കണമെന്നുണ്ട്, ബലാത്സംഗം ചെയ്യപ്പെട്ട കുട്ടികളുടെ ചോരയും കണ്ണീരും ഇവരുടെയാരുടെയൊക്കെ മടിയില്‍ വീണിട്ടുണ്ട് എന്ന്, പക്ഷേ സുജാത പറയും വിട്ട് കളയൂ ചേച്ചീ’ എന്ന് സുഗത ടീച്ചറുടെ വാക്കുകളടയാളപ്പെടുത്തിയതും ആയ ഒറ്റപ്പെടലുകളുടെ പദവിന്യാസങ്ങള്‍ കേട്ടിരിക്കെ ഉള്ളിലൊരു പൊള്ളിക്കരച്ചില്‍ വന്നിട്ട് എണീറ്റ് പുറത്തേയ്ക്ക് ഓടാൻ തോന്നി.
പിന്നെ തണുത്ത മോരുംവെള്ളം കുടിച്ച്, ഉള്ളിലെ എരിപൊരിസഞ്ചാരമൊക്കെ ആറി എന്ന് വിചാരിച്ച് അവിടെ നിന്ന് മുറ്റത്തേക്കിറങ്ങി നടന്നപ്പോള്‍, എതിരെ വന്നു കാണേണ്ടയാള്. അപ്പോഴും പണ്ടൊരിയ്ക്കല്‍ കണ്ടപ്പോള്‍ മിസ് എന്നോട് സൂചിപ്പിച്ച അതേ നട്ടുച്ചത്തിളയ്ക്കലായിരുന്നു മുറ്റത്ത്. അപ്പോഴും മിസിന് കുടയില്ലായിരുന്നു. ഉച്ചവെയിലിലും വാര്ദ്ധക്യവേനലിലും പെട്ട് ആകെ വാടിയിരുന്നു. കമ്മലോ മാലയോ പൊട്ടോ ഇല്ലായിരുന്നു. ചിരിയും കണ്ണൂം തളര്‍ന്നിരുന്നു. ഓറഞ്ച് സാരിയും പച്ചബ്ളൗസും തമ്മില്‍ അപ്പോഴും ചേര്‍ച്ചയുണ്ടായിരുന്നു. കൈയില്‍ മൂന്നു സഞ്ചികളും അതിലെല്ലാം നിറയെ പാക്കറ്റുകളുമുണ്ടായിരുന്നു. ആ പാക്കറ്റുകളില്‍ മകന് മരുന്നും മകന്റെ കുട്ടിക്ക് കൊറിയ്ക്കാനുള്ള എരിവും മധുരവും വീട്ടിലെ നായയ്ക്ക് ബിസ്ക്കറ്റും തുടങ്ങി പലതുണ്ടായിരുന്നു.
ജീവിതം കൊടുത്ത അനവധി ഗതികേടുകള്‍ നിറഞ്ഞ ആ പാക്കറ്റുകളും ആ പാറിയ നരത്തലമുടിയും ഉലഞ്ഞ നില്‍പ്പും പാക്കറ്റുകള്‍ താഴെ വയ്ക്കാതെ തന്ന ഉമ്മയും സ്നേഹവും വാക്കുകളും താങ്ങാന്‍ പറ്റുന്നതിനപ്പുറമായിരുന്നു.
മിസ് വീണ്ടും എഴുതണം എന്നു പറയാനും നിര്ബന്ധിക്കാനുമായിരുന്നു ഞാന്‍ ചെന്നത്. അങ്ങനെ പറയാവുന്നതിനുമപ്പുറത്താണ് സ്ഥിതിഗതികള്‍ എന്നു മനസ്സിലായെങ്കിലും തപ്പിത്തടഞ്ഞ് അങ്ങനെ തന്നെ പറഞ്ഞു. എഴുത്ത് തരുന്ന സ്വാസ്ഥ്യം എന്ന സങ്കല്പം വെറുമൊരു അക്കരപ്പച്ചയാവുന്ന നിലകളും ജീവിതത്തിലുണ്ടെന്ന് പറഞ്ഞു തന്നു, “എഴുതിയിട്ടെന്തിനാ കുട്ടീ” എന്ന ചോദ്യം. കിട്ടുന്നതെല്ലാം നെഞ്ചോടു ചേര്‍ത്തു വച്ച് വിങ്ങാതെയുരുകാതെ ജീവിതത്തിന് അടിയറവ് പറഞ്ഞ് അതുമായി അങ്ങേയറ്റം സമരസപ്പെടുന്നയിടയുന്നിടത്തു വച്ച് ഭൂമിയ്ക്കുമപ്പുറത്തേയ്ക്കുള്ള ഒരു പാലം, ജീവിതം തുറന്നു വയ്ക്കുന്ന ഒരിടത്തുനിന്നാണ് ടീച്ചര്‍ ചിരിച്ചതും ചേര്‍ത്തു പിടിച്ചതും സംസാരിച്ചതും എന്നറിഞ്ഞതോടെ എഴുതണമെന്ന നിര്‍ബന്ധിക്കലിന് അര്‍ത്ഥമില്ലാതായി.
എഴുത്തിന് ഒരര്‍ത്ഥവുമില്ലെന്ന്, ഒരര്ത്ഥാന്തരന്യാസവുമില്ലെന്ന് ഞാന്‍ ഇത്രമേല്‍ വ്യക്തമായി തിരിച്ചറിഞ്ഞ വേറൊരു നിമിഷമില്ല. കാടും ഹിമാലയവും സെലന്റ് വാലിയും നേര്‍ത്തുനേര്‍ത്ത് വീടിന്റെ നാലു ചുമരുകളായത്, ഒന്നിനും ഒരു താളമില്ലാതായത്-ഇത്രമേല്‍ അനുഭവിയ്ക്കാന്‍ എന്റെ മിസ് എന്തു ചെയ്തു എന്ന് മനസ്സുഴറവേ, “എഴുപതു കഴിഞ്ഞില്ലേ കുട്ടീ” എന്ന ചിരിയും ചോദ്യവും വന്ന് തൊട്ടു.
മിസ്സിന്റെ അവസ്ഥ കണ്ട് അനു കരഞ്ഞു. ഞാന്‍, പക്ഷേ ഉറഞ്ഞു പോയി. അന്നവിടെ നിന്നിറങ്ങുമ്പോള്‍ മൂന്നു വീടുകളിലും നിന്നും കുറേശ്ശെ കുറേശ്ശെയായി ഇരുട്ട് വന്നെന്നെ പൊതിഞ്ഞു നിന്നതു കൊണ്ടാവും അഷിതയുടെ പുസ്തകപ്രകാശന വേദിയില്‍ ഒരു പ്ളാസ്റ്റിക് ചിരി ചിരിച്ചുനില്ക്കാനേ ആയുള്ളൂ. “മിസിനെ പോയി കാണണം, കണ്ടിട്ട് ഒരു ഒരുപാടു നാളായില്ലേ, തൃശൂരു നിന്ന് വീണ്ടും തിരുവനന്തപുരത്തെത്തിയതൊന്നും മിസ് അറിഞ്ഞിട്ടില്ല” എന്ന് ഞാന്‍ അഷിതയോട് പറഞ്ഞു.
മനസ്സ് മങ്ങിമങ്ങി മങ്ങി നിന്നു പിന്നെ ഒരുപാടു ദിവസങ്ങളോളം. ഭാരമിറക്കി വെയ്ക്കാനിടമില്ലാതെ, ഭാരം പകുത്തു വാങ്ങാനാളില്ലാതെ ഒരു ജന്മം നട്ടുച്ചവെയിലത്തു കൂടെ ഓടിയോടി കൂമ്പി നില്‍ക്കുന്നത് പല ഉച്ചകളിലും ഓര്‍മ്മ വന്നു.
Read: വഴിയും വാക്കും വാത്സല്യവുമായ ഒരാൾ
മഹാരാജാസില്‍ ഞാനെത്തിപ്പെടുമ്പോള് എനിക്കുണ്ടായിരുന്ന ഏറ്റവും വലിയ സ്വപ്നമായിരുന്നു സുജാതാ മിസ്. അഷിത എന്ന എന്റെ പ്രിയ കഥാകാരി എഴുതുന്നതെന്തും കാണാപ്പാഠമായിരുന്ന ഒരു കുട്ടിയായിരുന്നു അന്നു ഞാന്‍. അഷിത പലപ്പോഴും എഴുതിയിരുന്നു, വഴക്കു പറച്ചിലും കളിയാക്കലും പുസ്തകം തിരഞ്ഞെടുത്തു കൊടുക്കലും കഥ കീറിക്കളയലുകളുമൊക്കെയായി മഹാരാജാസ് ഇംഗ്ളീഷ് ഡിപ്പാര്‍ട്ട്മെന്റിലെ സുജാതാ മിസ് ‘അഷിത’ എന്ന കഥാകൃത്തിനെ പാകപ്പെടുത്തിയിരുന്നതിനെക്കുറിച്ചും, മിസിനോടുള്ള കുറുമ്പ് കാണിയ്ക്കാന്‍ വേണ്ടി മാത്രം ‘സുജാത’ എന്ന പേരിലൊരു കഥ അഷിത എഴുതിയതിനെക്കുറിച്ചുമൊക്കെ. ഞാന്‍ എന്ന കഥയെഴുത്തുമോഹക്കാരി അന്നത്തെ എന്റെ എല്ലാ നിഷ്കളങ്കതയോടും കൂടി വിചാരിച്ചു – ഇംഗ്ളീഷ് ലിറ്ററേച്ചര്‍ ബി എക്കാരിയായി മഹാരാജാസില്‍ ഞാന്‍ എത്തിപ്പെട്ടാല്‍ എന്നെയും രാകിമിനുക്കി കണ്ടെടുത്ത് വജ്രമാക്കി എടുക്കാനായി മിസ് കാത്തു നില്ക്കുന്നുണ്ടാകും. പക്ഷേ, എത്ര തിരഞ്ഞിട്ടും മഹാരാജാസ് ആള്‍ക്കൂട്ടത്തില്‍ നിന്ന് മിസിനെ എനിയ്ക്ക് കുറേ നാളത്തേയ്ക്ക് കണ്ടുപിടിക്കാനായില്ല. ഹോസ്റ്റലില്‍ വാര്ഡനായുണ്ടായിരുന്ന ഫിലോസഫിയിലെ ചുരുണ്ട തലമുടിക്കാരി സുജാതാ മിസില്‍ പോലും, ഒരുപക്ഷേ അഷിതയുടെ കുറിപ്പില്‍ ‘സുജാത, ഇംഗ്ളീഷ് ഡിപ്പാര്‍ട്ട്മെന്റ്’ എന്ന് എന്തോ അച്ചടിപ്പിശക് വന്നതായിരിക്കാം എന്നു മോഹിച്ച് അഷിതയുടെ കണിശക്കാരി സുജാതാ മിസിനെ ഞാന്‍ തിരഞ്ഞലഞ്ഞു.
ഒടുക്കം സാക്ഷാല്‍ മിസിനെ കണ്ടുകിട്ടിയപ്പോഴാകട്ടെ, ഒതുങ്ങിയൊതുങ്ങി നടക്കുന്ന, മിണ്ടാട്ടം തന്നെ വളരെ കുറവായ അന്നത്തെ എന്നെ മിസ് കാണുന്നതേ ഉണ്ടായിരുന്നില്ല. മിസ് നേച്ചര്ക്ളബുകാരെയാണ് കൂടുതല്‍ സ്നേഹിക്കുന്നതെന്നു തോന്നി. ഈ നേച്ചര്ക്ളബില് എങ്ങനെയാണ് അംഗമാവുക എന്ന് ആലോചിച്ചിട്ട് അതിലേക്കുള്ള വഴി പിടികിട്ടിയതുമില്ല.
ചേര്‍ത്തലയ്ക്കടുത്ത് എരമല്ലൂരു നിന്ന് ട്രാന്‍സ്പോര്‍ട്ട് ബസ് എന്ന കൈയാങ്കളിയിലൂടെ ഇരുപത്തഞ്ചു കീലോമീറ്റര്‍ സഞ്ചരിച്ചു വരുന്ന എനിയ്ക്ക് ഉച്ച കഴിഞ്ഞുള്ള നേച്ചര്‍ക്ളബ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ ഒരു നിര്‍വ്വാഹവുമുണ്ടായിരുന്നില്ല. അങ്ങനെ നേച്ചര്‍ക്ളബ് വഴിയും അടഞ്ഞുപോയി.
അസുഖങ്ങളും ക്ളാസ് നഷ്ടപ്പെടലുകളും പ്രണയവുമൊക്കെയായി കഴിഞ്ഞു കൂടുന്നതിനിടയിലെപ്പോഴോ കോളേജ് കഥാമത്സരത്തില്‍ എനിയ്ക്ക് കഥയ്ക്ക് സമ്മാനം കിട്ടി. ഇനി മിസ് എന്നെ വന്ന് കണ്ടെടുക്കുമായിരിയ്ക്കും എന്നു കരുതി നോക്കി ഞാന്‍ എന്ന ശുഭാപതിവിശ്വാസക്കാരി, പക്ഷേ മിസ് അറിഞ്ഞതു പോലുമില്ല ആ സമ്മാനക്കാര്യം.
മിസ് ക്ളാസെടുക്കാന്‍ വന്ന മൂന്നാം വര്‍ഷമാവട്ടെ (അസുഖ കാരണങ്ങളാല്‍) ക്ളാസുകള്‍ അവസാനിയ്ക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഞാന്‍ ക്ളാസില്‍ പ്രത്യക്ഷപ്പെടുന്നത്. മിസുമായി ചേര്‍ന്നു നിന്ന ഒരു സന്ദര്‍ഭവുമില്ലാതെ കോളേജ് കാലം ചുമ്മാ അങ്ങനെ കടന്നുപോയി.

പിന്നെ ‘ദേവി’ എന്ന പേരില്‍ കവിത മാതൃഭൂമിയില്‍ വന്നുപോയപ്പോള്‍, ഇതാരാണ് ഇത്ര ഒഴുക്കോടെ കവിത എഴുതുന്ന പുതുക്കക്കാരി എന്നെനിയ്ക്ക് അസൂയ പെരുത്തു. എപ്പോഴോ അറിഞ്ഞു, അതെന്റെ സുജാതാ മിസ് എന്ന്. വീണ്ടും ഞാന്‍ മിസ് എന്ന കമ്പത്തിലലിഞ്ഞു ചേര്‍ന്നു. എന്റെ മുന്നിലൂടെ എന്നെ കാണാതെ കടന്നുപോയ ഒരാളുടെ ഏതു ചിറകില്‍ നിന്നാണീ വാക്കിന്റെ തൂവല്‍ പൊഴിയുന്നതെന്ന് അമ്പരന്ന് ഞാന്‍ ഓരോ കവിതയും കുടിച്ചു ലഹരി പൂണ്ടു. പിന്നൊരിയ്ക്കല്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ചും മറ്റൊരിയ്ക്കല്‍ ടീച്ചറുടെ മകന് ഉണ്ണിയുടെ അകാല മരണത്തിനുശേഷം തിരുവനന്തപുരത്ത് വച്ചും ഞാന്‍ ടീച്ചറിനെ കണ്ടു. (ആ രണ്ടു കാഴ്ചകളും, ‘കഴുകിയാല്‍ മായാത്ത നട്ടുച്ച’ എന്ന പേരിലെ കുറിപ്പില്‍ ഞാനിറക്കിവയ്ക്കുകയുണ്ടായി)
Read: അക്ഷരത്തിന്റെ സൗന്ദര്യവും തലയെടുപ്പും
പീന്നീട് ഒരിയ്ക്കല്‍ മഹാരാജാസില്‍ സുജാതാ മിസിനൊപ്പം എന്റെ ടീച്ചറായിരുന്ന ജയശ്രീ മിസ്, സുജാതാ മിസിന്റെ മകന്റെ പഠന കാര്യം പറഞ്ഞ് എന്നെ വിളിച്ചു. ഞാനന്ന് എം ജി യൂണിവേഴ്സിറ്റിയില്‍ ഉദ്യോഗസ്ഥയാണ്. ഞാന്‍ വഴി മകന്റെ പഠന കാര്യങ്ങളിലെ ചില ദുര്ഘടങ്ങള് തരണം ചെയ്യാനാവുമോ എന്നറിയാനായിരുന്നു മിസ് വിളിച്ചത്.
ഞാനന്ന് കുറച്ചുകാലത്തേയ്ക്ക് ലീവിലായിരുന്നതിനാല്‍, അത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ തക്ക പ്രാപ്തിയുള്ള ചിലരെ വിളിച്ചു പറഞ്ഞ് എന്റെ മിസ്സുമാരെ ഞാനവരുമായി കണക്റ്റ് ചെയ്തു കൊടുത്തു. ഒരു വര്‍ഷത്തിനു ശേഷം, എം ജി യൂണിവേഴ്സിറ്റിയില്‍ എന്നെത്തിരക്കിത്തന്നെ വന്നു സുജാതാ മിസ്. എംബ്രോയ്ഡറി വര്‍ക്കുള്ള പിസ്ത നിറത്തിലെ സെമി ഓര്‍ഗന്‍ഡി സാരിയും അതേ നിറത്തിലെ ബ്ളൗസും അഴിച്ചിട്ട നീളന്‍ തൂവെള്ളത്തലമുടിയും കണ്ണില്‍ കരിങ്കറുപ്പ് മഷിയെഴുത്തുമായി മിസ്, അസംബ്ളീ ഹാളിലെ പ്രോഗ്രാമിന്റെ വാതില്ക്കല് എന്നെ തിരഞ്ഞ്, തലേന്ന് പറഞ്ഞുറപ്പിച്ചതിന് പ്രകാരം വന്നു നിന്നു.
ആരെല്ലാമോ സര്‍വ്വ പ്രോഗ്രാമുകളില്‍ നിന്നും തല തിരിച്ച് എന്നോട് ചോദിച്ചു, “ആരാണത്?” ഞാന്‍ അഭിമാനത്തോടെ പറഞ്ഞു, എന്റെ മിസാണ്. സുജാതാ ദേവി. രണ്ടു തരം അറിവുകളുടെ അനിയത്തി. കവിതയ്ക്കും കാടിനും കൂട്ടായവള്‍.
മിസ് വന്നത്, മകന് വേണ്ടിത്തന്നെയായിരുന്നു. പരീക്ഷാ കണ്ട്രോളര് രാമചന്ദ്രന് സര്, മാഹിയിലെ ഇംഗ്ളീഷ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഹെഡായിരുന്നു. പ്രത്യേകിച്ച് പരിചയപ്പെടുത്തലൊന്നുമില്ലാതെ സാറിന് മിസിനെ മനസ്സിലായി.
മകന് അര്‍ഹമായ എല്ലാ പരീക്ഷാ ചാന്സുകളും തീര്‍ന്നു പോയിരുന്നു, അവന് ഇനിയും ഒരു ചാന്‍സിന് വകുപ്പുണ്ടോ എന്ന് അന്വേഷിച്ചും അപേക്ഷിച്ചും നില്ക്കുന്ന മിസിനെ കാണാന്‍ വയ്യാത്തത് കൊണ്ട് ഞാനകത്തേയ്ക്ക് പോയില്ല. എന്റെ മുന്നില്‍ എന്റെ മിസ് ചെറുതാകുന്നത് എനിയ്ക്ക് കാണാന്‍ വയ്യായിരുന്നു. അമ്മയുടെ കടമകള്‍ക്ക് മുന്നില്‍ ഒരു പക്ഷേ ഒന്നും ചെറുതാവലാകുന്നില്ല എന്ന പാഠമായിരിക്കാം ഞാനന്ന് അവിടെ നിന്ന് പഠിച്ചത് .
രാമചന്ദ്രന് സാര്‍ ഒരവസരം കൂടി കൊടുത്തു. പക്ഷേ അവന് അതുപകാരപ്പെട്ടോ എന്നറിയില്ല, പക്ഷേ ഒന്നറിയാം മിസിന്റെ ശേഷ ജീവിതം മുഴുവൻ അവനെ ചുറ്റിപ്പറ്റി തന്നെയായിരുന്നു, അവന്റെ ജീവിതത്തിന് കൂട്ടിരുന്ന്, അവന് മരുന്ന് വാങ്ങാന്‍ വേണ്ടി നടന്ന് തളര്‍ന്ന് അവര്‍ പോയി. ട്യൂമര്‍, അവസാന കാലം വരെ അവരറിഞ്ഞില്ല, ഓര്മ്മത്തെറ്റുകള്ക്ക് കാരണമന്വേഷിച്ച്, നടന്ന് കാറിലേക്കുക യറി ആശുപത്രി വഴി യാത്ര പോയി. തലച്ചോറിലെ മൂന്നാം സ്റേറജിലെത്തി നില്ക്കുന്ന ട്യൂമറിനെക്കുറിച്ച് സ്വയം അറിയുക പോലും ചെയ്യാതെ കടമകളുുടെ താളമായി അവര്‍ എന്നെയ്ക്കുമായൊരു യാത്ര പോയി. സ്വച്ഛമായ യാത്ര.
എന്നെ ക്ളാസിലിരുത്തി അവര്‍ പഠിപ്പിച്ചില്ല, കൂടെ കൊണ്ടു നടന്ന് രാകി മിനുക്കിയില്ല. പക്ഷേ ജീവിച്ചു കാണിച്ചു തന്നു, പരിഭവമില്ലാതെ ജീവിക്കുന്നതെങ്ങനെയാണെന്ന്. കടമകളുടെ കുത്തൊഴുക്കിന് കാവലിരിക്കുമ്പോള്‍ മണ്ണാങ്കട്ടയായി അലിഞ്ഞു തീരുന്നതെങ്ങനെയെന്ന്.
ടീച്ചര്‍, പറയാതെ പകര്‍ന്നു തന്ന അറിവിനും അവനവന്റെ ജീവിതം കൊണ്ടെന്റെ ജീവിതം രാകിയെടുത്തതിനും പ്രണാമം. ഒരു പക്ഷേ കവിതകളുടെ താളത്തേക്കാള്‍, കാടുകളുടെ താളത്തേക്കാള്‍, കടമകളുടെ താളമായിരിക്കാം ഏറ്റവും വലുത്…
Read More: പ്രിയ എ എസിന്റെ എഴുത്തുകള്‍