വിവര്‍ത്തനത്തിന് കിട്ടിയ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ശിൽപ്പത്തിലേയ്ക്ക് നോക്കുമ്പോള്‍, ‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനി’ലെ എസ്തയെയോ റാഹേലിനെയോ അമ്മുവിനെയോ ഇവരുടെയൊക്കെ തമ്പുരാട്ടിയായ അരുന്ധതിറോയിയെയോ എനിക്ക് ഓര്‍മ്മ വരാറില്ല.
അതിലേയ്ക്ക് നോക്കുമ്പോഴൊക്കെ ഞാന്‍ കാണുന്നത് അജയന്റെ മുഖമാണ്. അജയ്യമായ ആ സ്നേഹത്തിന് മുന്നില്‍ അവാര്‍ഡ് ഒന്നുമല്ലാതെയായിപ്പോകുന്നതുപോലെ.
ഞാനറിയാത്ത അവാര്‍ഡ് കമ്മറ്റിയംഗങ്ങള്‍ പലര് ചേര്‍ന്നു തീരുമാനിച്ചു തന്ന അവാര്‍ഡിനേക്കാള്‍ എനിക്ക് പ്രിയം, അജയന് എന്ന ഒറ്റയാള്‍ തന്ന അവാര്‍ഡാണ്. കരുതലിന് കരിക്കിന്‍വെള്ളത്തിന്റെ തണുപ്പും മധുരവും ആണെന്നെനിയ്ക്ക് പറയാതെ പറഞ്ഞു തന്നു അന്നൊരിക്കല്‍ ഞങ്ങളുടെ പോസ്റ്റ്മാന് അജയന്.
എറണാകുളം സോണിലെ ഏറ്റവും നല്ല പോസ്റ്റ്മാനുള്ള റോട്ടറി ക്ലബ്ബ് അവാര്‍ഡ് കിട്ടിയ ആളാണ് അജയന്. തൃക്കാക്കരയടുത്ത് തേവയ്ക്കല്‍ സ്വദേശി. നല്ല വായനയുള്ളയാള്‍. ഞങ്ങള്‍ക്ക് കുടുംബാംഗം പോലെ.
വിവര്‍ത്തന അവാര്‍ഡ് പ്രഖ്യാപനത്തിന്റെ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഞാന്‍ അതിതീവ്രമായ വേദനകളുടെ കൂടായിത്തീരുകയും വീട്ടുകാര്‍, എന്നെ അമൃതാ ആശുപത്രിയിലെത്തിക്കുകയും എന്റെ അത്തവണത്തെ കുരിശിന് നട്ടെല്ലിന്റെ രൂപമാണെന്ന് ന്യൂറോവിഭാഗം കണ്ടു പിടിക്കുകയും ചെയ്തു.പിറ്റേന്നു തന്നെ സര്‍ജറി വേണമെന്ന് ആശുപത്രി വൃത്തങ്ങള്‍ സി ടി സ്കാനിന് ശേഷം എന്നെ പൊതിഞ്ഞു നിന്ന് പറഞ്ഞപ്പോള്‍, പാവം അച്ഛന് ഇരുന്ന് വിതുമ്പി. അനസ്തേഷ്യ താങ്ങാനുള്ള കരുത്ത് എന്റെ കലാപകാരിക്കരളിനുണ്ടോ ഇല്ലേ എന്ന ചിന്തയില്‍പ്പെട്ട് ഉഴറുകയും നട്ടെല്ലുപ്രശ്നം സ്ട്രോക്കായിത്തീരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അതിന്റേതായ ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നുണ്ടോ എന്ന് നിരന്തരം പരിശോധിക്കുയും ചെയ്തു ഡോക്ടർമാര്‍. ഏതാണ്ട് പൂര്‍ണ്ണമായും താറുമാറായ രണ്ടു കശേരുക്കളാണ് തൽക്കാലം ഉള്ളതെങ്കില്‍ക്കൂടിയും ഒരു വശം തളര്‍ന്നു പോകുന്നത്ര കരുണാവിഹീനമായ അവസ്ഥയിലേക്ക് എന്നെ കൊണ്ടുചെന്നെത്തിക്കാനുദ്ദേശിച്ചിട്ടില്ല കശേരുപര്വ്വം എന്ന അന്തിമവിശകലനത്തിലെത്തി, ഏതാണ്ട് ഒന്നരവര്‍ഷത്തോളം നീളുന്ന സ്പൈന്‍ ടിബി നിവാരണ മരുന്നുകള്‍ക്കൊപ്പം നട്ടെല്ലിന് ബ്രെയ്സ് ഇട്ടാല്‍ മതി തൽക്കാലം ഞാന്‍ എന്നു ഡോക്ടേഴ്സ് തീരുമാനിച്ചപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയ ആശ്വാസത്തിന് കണക്കില്ല.
2015 മെയ് 15 ന് അഡ്മിറ്റായി ഒരു രണ്ടാഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം, മുഴുവന്‍ സമയവും ബ്രെയ്സ് ഇട്ടു കിടക്കണമെന്നും ഇരുപതു മിനുട്ടിന്റെ രണ്ടോ മൂന്നോ തവണകള്‍ എഴുന്നേറ്റിരിക്കാം എന്നുമുള്ള വ്യവസ്ഥകളുമായി പന്ത്രണ്ടുമരുന്നുകള് സഹിതം തിരികെ വീട്ടിലെത്തുമ്പോള്‍, ഇത്രയൊക്കെയല്ലേയുള്ളൂ എന്ന ആശ്വാസമായിരുന്നു. പക്ഷേ നരകപര്‍വ്വങ്ങള്‍ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. ഒട്ടും വിചാരിക്കാത്ത പലപല ഭീകരപ്രശ്നങ്ങളാണ് പിന്നെ എന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. മരുന്നുകള്‍ പലതരത്തില്‍ റിയാക്റ്റ് ചെയ്തു. സഹനത്തിന്റെ പരകോടിയിലെത്തി. വീണ്ടും വീണ്ടും ആശുപത്രിയിലായി.
ഓരോ ആശുപത്രി വാസം തീരുമ്പോഴും തിരികെ വീട്ടിലെത്തുന്നത് കുറേ അല്ലറചില്ലറപ്രശ്നങ്ങളുമായിട്ടാവും. ഓരോ ചില്ലറ പ്രശ്നവും തുടര്‍ച്ചയായി അനുഭവിക്കുമ്പോള്‍ മെല്ലെ മെല്ലെ അതെല്ലാം നിര്‍ത്താതെ എരിയുന്ന നെരിപ്പോടായിത്തീരും. അപ്പോള്‍ തളരും, മടുക്കും, മോചനം എന്നൊന്നില്ലേ ഇതില്‍നിന്നൊന്നും ഒരിക്കലും എന്ന് കരയാന്‍ തോന്നിയാലും കരച്ചിലും വരില്ല കൂട്ടിന്. മനസ്സ് നിശ്ചലവും ശൂന്യവും ആവുകയാ ണോ എന്നെ, എനിക്കൊരിക്കലും തിരിച്ചുകിട്ടില്ലേ എന്നൊന്നും ഒരു നിശ്ചയവുമില്ലാതെയാകും.
അതിനിടെ അവാര്‍ഡ് ഫങ്ഷന് കടന്നുപോയിരുന്നു.
‘ഡല്‍ഹിയില്‍ പോകാന്‍ നമുക്കു രണ്ടുപേര്‍ക്കും ടിക്കറ്റയച്ചു തരുമോ അമ്മേ’ എന്നൊക്കെ ചോദിച്ച് അവാര്‍ഡ് വാങ്ങല്യാത്രയ്ക്കായി അത്യുത്സാഹം കാണിച്ച മകന് , എപ്പോഴോ പ്രായോഗിക തലത്തിലേക്കുയര്‍ന്ന് ആ സ്വപ്നം പാടേ മാറ്റിവച്ചു. അവന്റെ സ്വപ്നതീവ്രതയെ ഉടച്ചുകളയാന് വയ്യാത്തതുകൊണ്ടുമാത്രം, മൂന്നുമണിക്കൂര്‍ വിമാനയാത്ര എങ്ങനെയെങ്കി ലുമൊക്കെ സഹിച്ച് ബ്രെയ്സിട്ട കോഴി കുളക്കോഴിയായിട്ടാണെങ്കിലും അവാര്‍ഡ് വാങ്ങാന്‍ പോകാമെന്നു കരുതിയ സ്വപ്ന നിമിഷങ്ങളുണ്ടായിരുന്നു ഇടയ്ക്ക് .പക്ഷേ അതിനൊന്നും സാംഗത്യമില്ലെന്നും അവാര്‍ഡല്ല, ആരോഗ്യമാണ് വലുതെന്നും പിന്നെ സ്വപ്നമൊക്കെ പാടേ ചിതറി ഉടഞ്ഞുപോയി.
അവാര്‍ഡ് ഡല്‍ഹിയില്‍ വച്ചല്ല അസ്സമിലെ ദിബരുഗടില്വെച്ചാണ് എന്നറിഞ്ഞതോടെ, അവാര്‍ഡ് ചിന്തകളൊക്കെ മുഴുവനായും തൂത്തുതുടച്ച് കളഞ്ഞ് നിര്മമരായി ഞങ്ങള്‍. അവാര്‍ഡ് ക്ഷണക്കത്ത് കൈയിലെടുത്ത് മറിച്ചുനോക്കി യിരുന്ന ഒരു മഞ്ഞവെയില്‍ വൈകുന്നേരം, മുഖാമുഖം നേരിട്ട് തോല്പ്പിയ്ക്കാന് ഒരുപിടി പ്രശ്നങ്ങളും ഈയലുപോലെ പൊങ്ങുന്ന പലതരം വേദനകളുമായി ഞാന്‍ കിടക്കവേ, ആ അവാര്‍ഡ് വേള ചുമ്മാതങ്ങ് കടന്നുപോയി. എപ്പോഴോ വെറുതേ ഒന്നോര്‍ത്തു, ഇന്നാണ് ഒരു പക്ഷേ ഒരു നീലപ്പട്ടുസാരിയുടുത്ത് രാഷ്ട്രപതി പ്രണബ് മുഖര്ജീയില് നിന്ന് അവാര്‍ഡ് വാങ്ങിക്കുമായിരുന്നത്.
ജീവല്‍ നിമിഷങ്ങളില്‍നിന്ന് ഞാന്‍ മുഴുവനായും പുറത്തേയ്ക്കെടുത്തെറിയപ്പെടും വിധം, ബോധമണ്ഡലം തന്നെ പിഞ്ഞിക്കീറിയ അതിഘോരമായ ചില ദിവസങ്ങളാണ് പിന്നെ വന്നത്. ഒരു തരി വെള്ളം പോലും ഞാന്‍ കുടിക്കാതായി. മരുന്നുകള്‍ കഴിക്കാനായി പോലും വായ തുറക്കാന്‍ ഞാന്‍ കൂട്ടാക്കാതായി. ഫെപ്പാനില്‍ സിറപ്പിന്റെ അളവു പാത്രത്തില്‍ കുഞ്ഞുണ്ണിയെക്കൊണ്ട് അമ്മ തരുവിച്ച അഞ്ച് മില്ലി വെള്ളമപ്പാടെ ഞാന്‍ ഛര്‍ദ്ദിച്ചുകളഞ്ഞു. ബോധം വന്നും പോയും കൊണ്ടിരുന്നു. വീണ്ടും ഗതികെട്ട് ആശുപത്രീവാസം. ഞാന്‍ എല്ലാവരോടും യാ ത്ര പറയാന്‍ പാകത്തിലുള്ള ഒരു വഴിത്തിരിവിലേയ്ക്കാണ് പോകുന്നത് എന്ന് എല്ലാവരും ഉറപ്പിച്ചു.
പക്ഷേ, ടി ബി മരുന്നുകള്‍ കൊണ്ടുവന്ന മഞ്ഞപ്പിത്തവും അനുബന്ധ ‘കലാവിരുന്നു’കളും മെല്ലെമെല്ലെ മരുന്നുകളുടെ വരുതിയില്‍ വരികയും ഞാന്‍ വീണ്ടും അത്ഭുതകരമാം വിധം ജീവിതത്തിന്റേതാവുകയും ചെയ്തു.
പക്ഷേ എനിക്ക് സദാസമയവും ദാഹിക്കുന്നുവെന്നെ് ആശുപത്രിയില്‍ വച്ചേ ഞാന്‍ ഡോക്റ്റര്‍മാരോട് പരാതി പറഞ്ഞു. എപ്പോഴും തൊണ്ട വറ്റുന്നു. ചുണ്ട് വരളുന്നു, ഉറക്കത്തില്‍ നിന്നുകൂടി ദാഹിച്ചെണീക്കുന്നു, രാത്രി മുഴുവന്‍ ജലദാഹിയായി മുറിയിലെണീറ്റ് നടക്കുന്നു എന്നീ വക പ്രശ്നങ്ങള്‍ അവരാരും കാര്യമായെടുത്തില്ല.
ക്രമേണ മാറും എന്ന അവരുടെയെല്ലാം വാക്കുവിശ്വസിച്ച് ഞാന്‍ വീട്ടിലെത്തി. പക്ഷേ, എനിക്കൊന്ന് കണ്ണടയ്ക്കാനാകാത്തവിധം ദാഹമെന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു. ഏതുനേരവും വെള്ളം,വെള്ളം എന്ന ദാഹാര്ത്തവിചാരം മാത്രം. ലിറ്റര്‍കണക്കിന് വെള്ളം കുടിച്ചാലും അടുത്ത നിമിഷം തന്നെ തോന്നും മാസങ്ങളായി ഞാന്‍ വെള്ളം കുടിച്ചിട്ടെന്ന്. ചുണ്ടിനും തൊണ്ടയ്ക്കുമപ്പുറം ഉള്ളിന്റെയുള്ളില്‍ നിന്ന് വരണ്ടകാറ്റുപോലെ ഉയര്‍ന്നുയര്‍ന്നു വരികയാണ് ദാഹം . ഒരു പക്ഷേ ഇതിനായിരിയ്ക്കും മലയാളഭാഷയില്‍ ‘അന്തര്‍ദാഹം’ എന്നു പറയുന്നത് എന്നു ഞാന്‍ കരുതി.
നാരങ്ങാവെള്ളം കുടിച്ചാല്‍ മാറും, പഴസത്ത് കുടിച്ചാലാവും ഒരു പക്ഷേ മാറുക, കഞ്ഞിവെള്ളവും പരീക്ഷിക്കാം എന്നെല്ലാം ഓരോ ദിവസവും മാറിമാറി ഓരോ തോന്നല്‍ വന്നുകൊണ്ടിരുന്നു. പക്ഷേ ഒന്നും ഫലിച്ചില്ല എന്നു മാത്രമല്ല ‘അന്തര്‍ദാഹം’ കൊണ്ട് എനിക്ക് കരച്ചില് വരുന്ന സ്ഥിതിയായി.
അന്നൊരു ദിവസം ഉച്ചയ്ക്ക് എനിക്ക് വെളിപാടുണ്ടായി, കരിക്കാന്‍ വെള്ളം എന്റെ അകം തണുപ്പിച്ചേക്കാം. അതു കേട്ടപാടേ, എണ്പതിനോടടു ക്കുന്ന അച്ഛന് നട്ടുച്ചവെയിലത്തിറങ്ങി നടന്നുപോയി ഓട്ടോ വിളിച്ച് എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ് മുതല്‍ ഇടപ്പള്ളി ടോള്‍ വരെ നടന്ന് അച്ഛന് കരിക്ക് സംഘടിപ്പിച്ചു. പക്ഷേ അതും ‘അന്തര്‍ദാഹ’ശമനിയായില്ല.
പിറ്റേന്ന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കൊറിയറായി വന്നു. കൊറിയറുകാരന്‍ മടുപ്പുനിറഞ്ഞശബ്ദത്തില് ഫോണില്‍ വിളിച്ച് ചോദിച്ചു, “ഇതെവിടെയാണ് സ്ഥലം?” ഞാന്‍ വിശദമായി സ്ഥലം പറഞ്ഞു കൊടുത്തു. അയാള്‍ അതീവ മടുപ്പോടെ പറഞ്ഞു, “ഞങ്ങള്‍ വള്ളത്തോള്‍ നഗറില്‍ നിന്നാണ്. നിങ്ങളീപ്പറയുന്ന പരിസരം ഞങ്ങളുടെ ഡെലിവറി പരിധിയില്‍ വരുന്നതല്ല.”
കുറച്ചുനേരത്തിനുശേഷം, അയാള്‍ എവിടെയോ വന്നു നിന്ന് പിന്നെയും വിളി തുടങ്ങി. അയാള്‍ക്ക് വീട് കണ്ടുപിടിക്കാന്‍ പറ്റുന്നില്ല പോലും.
എന്റെ ‘അന്തര്‍ദാഹ’ത്തെയാണോ ഇയാളുടെ പോറുതികേടിനെയാണോ കൈകാര്യം ചെയ്യാനെളുപ്പം എന്നറിയാതെ ഞാന്‍ വിയര്‍ത്തു. രണ്ടോ മൂന്നോ വിശദീകരണക്കോളുകള്ക്കൊടുക്കം തികഞ്ഞ ദുര്‍മുഖനായി അയാളെത്തി, നല്ല കനമുള്ള കൊറിയര്‍ പാക്ക് എനിക്കു നേരെ നീട്ടി.
ദുര്മുഖനോട് ഞാന്‍ പറഞ്ഞു, “ഇത് കേന്ദ്രത്തില്‍ നിന്നുള്ള ഒരവാര്‍ഡാ’ണ്. അവാര്‍ഡെന്ന് പറഞ്ഞാല്‍ നായക്കാട്ടത്തേക്കാള് നികൃഷ്ടമായ ഏതോ വസ്തുവാണെന്ന മട്ടില്‍ അയാള്‍ മുഖച്ചുളിവുകളില്ത്തന്നെ നിലയുറപ്പിച്ചു നിന്നു. പിന്നെയും അയാള്‍, അയാളുടെ ‘വള്ളത്തോള്‍ നഗര്‍ പരിധി” എന്ന പല്ലവി ആവര്‍ത്തിച്ചു.
വള്ളത്തോളിന്റെ പേരുള്ള ഒരു ഇടത്തുനിന്നു വരുന്നയാള്‍ സാഹിത്യത്തിനോട് ഇത്ര അവജ്ഞ കാണിക്കുന്നതിലെ ഐറണിയില്‍ എന്റെ ചുണ്ടത്ത് പെരുംദാഹത്തിനിടയിലും ചിരി വന്നു. അയാളുടെ പരാതിമുഖത്തെ അവഗണിയ്ക്കാനും രണ്ടു ദേഷ്യപ്പെടാനും തോന്നിയ ദുര്ബലനിമിഷത്തെയും അതിജീവിച്ച് ആ ‘വള്ളത്തോള്‍-ഇടക്കാര’ന് ഞാന്‍ നൂറുരൂപനീട്ടി. അതു വാങ്ങി, അതുവരെ തുടര്‍ന്നുവന്ന മനംമടുപ്പോടെ തന്നെ അയാള്‍ തിരിച്ചുപോകുന്നത് നോക്കി ഞാന്‍ കുറേ നേരം ചുമ്മാനിന്നു.
പിന്നെ, അവാര്‍ഡ് വാങ്ങാന്‍ അമ്മയ്ക്കൊപ്പം ഡല്‍ഹിക്ക് വരാന്‍ മോഹിച്ച കുട്ടി വന്നിട്ട് അവാര്‍ഡ് പുറത്തെടുക്കാം എന്നു കരുതി ഞാനാ പൊതി അനക്കാതെ വച്ചു.അച്ഛനുമമ്മയും ഒരത്യാവശ്യം പ്രമാണിച്ച് അന്ന് ചേര്‍ത്തലയ്ക്ക് പോയിരുന്നു.
പിറ്റേന്ന് അതേ നേരത്ത് പോസ്റ്റുമാന് അജയന് വന്ന് ബെല്ലടിച്ചു.’അന്തര്‍ദാഹം’ തന്ന എരിപൊരി സഞ്ചാരവുമായി ഞാനന്ന് മുന്‍വശത്തു തന്നെയുണ്ടായിരുന്നു. അജയന് , സ്ക്കൂട്ടര്‍ മുറ്റത്തേയ്ക്ക് കൊണ്ടുവന്നു നിര്‍ത്തി ഒരു വലിയ, വീര്‍ത്ത ചാക്ക് സ്ക്കൂട്ടറില്നിന്ന് വലിച്ച് നിലത്തിറക്കി. “എന്താ ഇതെ”ന്ന് ചോദിച്ച് ഞാനനത്ഭുതപ്പെട്ടുനില്ക്കുമ്പോള് അജയന് പറഞ്ഞു, “ഒന്നൂല്ല മാഡം, പത്തുപതിനഞ്ച് കരിക്കാണ്.” അജയന്റെ വീട്ടിലെ തെങ്ങിലെ കരിക്കായിരുന്നു അതെല്ലാം. ജോലിസമയം കഴിഞ്ഞ് വീട്ടില്‍ ചെന്നതും അജയന് തന്നെ തെങ്ങില്‍ കയറിയിട്ട കരിക്ക്.
അന്തം വിട്ടു നിന്ന എന്നോടും അച്ഛനോടും അമ്മയോടുമായി അജയന് പറഞ്ഞു , “ഇന്നലെ പോസ്റ്റിട്ടിറങ്ങുമ്പോഴാണ് സാറ് ഉച്ചവെയിലത്തേക്കിറങ്ങുന്നത് കണ്ടത്. കരിക്കുവാങ്ങാന് സാറ് പോണു എന്നു കേട്ടപ്പോള്‍ അന്നു വൈകുന്നേരം തന്നെ വീട്ടിലെ കരിക്കുമായി വരണം എന്നു വിചാരിച്ചതാണ് .വീട്ടിലെത്തിയപ്പോ നടുവുവേദന. അതു കൊണ്ടാണ് ഇന്നത്തേയ്ക്കാക്കിയത്.’
“അയ്യോ ,എന്തിനായിരുന്നു” എന്നൊക്കെയുള്ള ചെറുവാക്കുകളല്ലാതെ നന്ദിയോ സന്തോഷമോ അത്ഭുതമോ ഒന്നും നിറഞ്ഞ യാതൊരു വാക്കും കിട്ടാതെ ഞങ്ങളവിടെ തറഞ്ഞുനിന്നു.
“ഇതെല്ലാം തീരുമ്പോള്‍ പറയണം, പറയാന്‍ മടിക്കല്ലേ” എന്നു പറഞ്ഞ് അജയന് പോകുന്നതും നോക്കി ഞങ്ങള്‍ നിന്നു.
ഞാന്‍ ഒരു സിനിമയെടുക്കുകയാണ് എന്നെനിക്കുതോന്നി. ക്യാമറ എവിടെ എങ്ങനെ വച്ച് ആരുടെ ഭാവം എപ്പോള്‍ ഒപ്പിയെടുക്കണം എന്ന് ഞാന്‍ ആലോചിച്ചുകൊണ്ടേയിരുന്നു.
തലേന്നത്തെ അവാര്‍ഡും ഇന്നത്തെ കരിക്കും എന്ന താരതമ്യത്തില്‍ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് അനുനിമിഷം മങ്ങിപ്പോയി. കരിക്കുകളായി ശരിക്കുള്ള അവാര്‍ഡ്. കരിക്ക് ഇളം തണുപ്പായി തൊണ്ടയിലൂടെ ഇറങ്ങിയപ്പോള്‍, മനുഷ്യത്വത്തിന്റെ രുചിയും കരുതലിന്റെ തണുപ്പും എന്നെ വന്നു തൊട്ടു. പോസ്റ്റുമാന് അജയനും ദൈവമായി വരും എന്നെനിയ്ക്ക് വെളിപാടുണ്ടായി.
അടുത്തയാഴ്ച വീണ്ടും വാതില്ക്കല്ത്തട്ട്. അജയന് വീണ്ടും കരിക്കിന്ചാക്കുമായി നില്ക്കുന്നു. “കരിക്ക് തീര്‍ന്നാലും എന്നെ ബുദ്ധിമുട്ടിക്കണ്ടന്ന് കരുതി, കരിക്ക് തീര്‍ന്നതൊന്നും മാഡം പറയില്ല എന്നെനിക്കറിയാം,” എന്ന് അജയന്.
എങ്ങനെ എന്നൊന്നുമറിയില്ലയെങ്കിലും അന്തര്ദാഹത്തിനെയും മുറിച്ചുകടന്ന് വീണ്ടും സുരക്ഷിതമായ ഇടങ്ങളില്‍ കാലുറപ്പിച്ച് നില്ക്കാന് തക്ക ത്രാണിയിലേയ്ക്ക് മെല്ലെമെല്ലെ ഞാനെത്തുകതന്നെ ചെയ്തു.
അങ്ങനെയിരിക്കെ ഒരു ദിവസം, വീട്ടിലേയ്ക്ക് പോസ്റ്റ് കൊണ്ടുവന്നു തന്നശേഷം സ്കൂട്ടര്‍ വളച്ചെടുത്ത് അജയന് ഒരു ചിരിയോടെ എന്നോട് പറഞ്ഞു. “എനിക്കെന്തോ കഷ്ടത അടുത്തിട്ടുണ്ട് മാഡം. എന്റെ സ്കൂട്ടര്‍ പലപ്പോഴും പാളിപ്പോകുന്നു.” “ചുമ്മാതിരി അജയാ,വെറുതെ ഓരോ കഥയുണ്ടാക്കാതെ” എന്ന് ഞാനജയനെ കളിയാക്കി.
പക്ഷേ, ഒരു ദിവസം രാവിലെ ജോലിക്കിറങ്ങുന്നനേരം, ഹാര്‍ട്ട് ബീറ്റ് ക്രമാതീതമായി കുറഞ്ഞുവന്ന് വീടിന് തൊട്ടുമുന്നിലെ പോസ്റ്റില്‍ സ്ക്കൂട്ടര്‍ ചെന്നിടിച്ച് Spinal Injury ആയി അജയന്. ഒരുവശം തളര്‍ന്ന് അജയന് ഒന്നരവര്‍ഷത്തോളം കിടന്നുപോയി. ഉള്ക്കൊള്ളാനെളുപ്പമായിരുന്നില്ല ആ വാര്‍ത്ത.
അജയന് മരിക്കുകയാണ്, ഇനി തിരിച്ചുവരവില്ല എന്ന് തന്നെയാണറിഞ്ഞത്. പക്ഷേ മെഡിക്കല്‍ ട്രസ്റ്റിലെ ന്യൂറോളജി വിഭാഗത്തിലെ സര്ജന് ഡോ സുധീഷ് കരുണാകരനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഡോക്ടര്‍ ശങ്കരനും ഡോക്ടര്‍ ശ്രീദേവിയും തൃക്കാക്കരയിലുള്ള കോട്ടയ്ക്കല്‍ ആശുപത്രിയിലെ ഡോ ബാലചന്ദ്രനും (ഡോ പി കെ വാര്യരുടെ മകന് ) ചേര്‍ന്ന് അജയനെ വീണ്ടും അജയ്യനാക്കി എഴുന്നേൽപ്പിച്ചു നിര്‍ത്തി.
താന്‍ സ്ഥലത്തില്ലാത്തപ്പോള്‍ തനിക്ക് VPP ആയി വരുന്ന പുസ്തകങ്ങള്‍, കൈയില്‍നിന്നു പൈസയടച്ച് വാങ്ങിവച്ചിരുന്ന അജയന് ഡോക്ടര്‍ ബാലചന്ദ്രന് സൗജന്യചികിത്സ കൊടുക്കുന്നു. ഇപ്പോഴുമുണ്ട് അജയന് വേദന. ഒരു കാല് നിരക്കി വലിച്ചാണ് നടത്തം.
അജയന് തിരികെ ജോലിയില്‍ക്കയറി, ഏതാണ്ട് ഒന്നരവര്‍ഷത്തിന് ശേഷം. തൃക്കാക്കര പോസ്റ്റ് ഓഫീസിലെ പരോപകാരിയും സഹൃദയനും സ്കൂട്ടര്‍ ജീവിയുമായ പോസ്റ്റ്മാന് ഇപ്പോള്‍ പള്ളുരുത്തിയിലെ പോസ്റ്റ്ഓഫീസിലെ സോര്‍ട്ടിങ് വിങ്ങിലേയ്ക്ക് പ്രൈവറ്റ് ബസില്‍ തൂങ്ങിപ്പിടിച്ച് പോകുന്നു, അടങ്ങിയിരിക്കുന്നു. തൃക്കാക്കരയിലെ തേവയ്ക്കല്‍ നിന്ന് പള്ളുരുത്തിയിലേയ്ക്കുള്ള യാത്ര എന്ന ദുര്‍ഘടം, അജയനെ സങ്കടപ്പെടുത്തുന്നുണ്ട്. പണ്ടത്തേക്കാള്‍ മെലിഞ്ഞുണങ്ങിയ, കരുവാളിച്ച നിറത്തിലായ അജയന്, പക്ഷേ, ഇപ്പോഴും ലോകത്തെ നോക്കി എന്തൊരു നൈര്മല്യത്തോടെയാണ് ചിരിയ്ക്കുന്നത്!
വല്ലാതെ പൊള്ളുമ്പോള്‍ അജയന്റെ വീടിനു മുന്നിലെ പാടത്തിലെ മിന്നാമിന്നിക്കടലിന്റെ പാല്‍വെളിച്ചത്തില്‍ മനസ്സുപൂഴ്ത്തി ഞാനെത്രയോ തവണ സ്വയം തണുപ്പിക്കുകയും പിന്നെ ചിറകുവിരിക്കുകയും ചെയ്തിട്ടുണ്ട്! താൻ, കാര്യക്കാരനായ ‘വനദുര്‍ഗ്ഗ പ്രതിഷ്ഠ’യുള്ള അമ്പലത്തില്‍ അജയന് എന്നെ നിര്ബന്ധിച്ചുകൊണ്ടുപോയത്, പിന്നെ കിളിക്കൂടെന്നപോലെ അകത്തെയും പുറത്തെയും ഓരോ കോണും ചെത്തിയൊരുക്കി വച്ച കുഞ്ഞുവീട്ടില്‍ സൽക്കരിച്ചിരുത്തി തൊട്ടുമുന്നിലെ പാടത്തില്‍ താനും ഭാര്യയും കൂടി വിതച്ച് കൊയ്ത് മെതിച്ചെടുക്കുന്ന കൃഷിയെക്കുറിച്ചുപറഞ്ഞത്, അജയന് സൂക്ഷിക്കുന്ന പണ്ടേയ്ക്കു പണ്ടേയു ള്ള മലയാളമാസികകള്‍ കണ്ടത്, എന്റെ അമ്മ ഒരിയ്ക്കല്‍ എന്റെ കുഞ്ഞുണ്ണിപ്പുസ്തകം അജയന് കൊടുത്തിട്ട് ‘പകരമായി ഉണക്കലരി മതി’ എന്നു ആവശ്യമുന്നയിച്ച് ഞങ്ങളെയൊക്കെ ചിരിപ്പിച്ചത്, ഉണ്ണി ആറിന്റെ ‘ഭയങ്കരകാമുകന്‍ വായിച്ചോ മാഡം’ എന്ന് ആവേശഭരിതനനായി ഒരു വൈകുന്നേരം അജയന് എന്നെ വിളിച്ചത് ,കുഞ്ഞുണ്ണിയുടെ പിറന്നാളിന് അതിഥികളിലൊരാളായി വന്നത്, “ഈ കുഞ്ഞുണ്ണിയോടുള്ള ഇഷ്ടം കൊണ്ട് ഞാനെന്റെ പേരക്കിടാവിന് കുഞ്ഞുണ്ണി എന്നു പേരിട്ടു” എന്നു പറഞ്ഞത് തുടങ്ങി ഒരുപാടുണ്ട് അജയന് കേന്ദ്രമായ രസയോര്മ്മകള്. അജയനെ ഇങ്ങനെയൊക്കെ ഓര്‍മ്മിച്ച്, അജയനെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല എന്ന് തേവയ്ക്കലെ ബാങ്കിലിരുന്ന് വസുജ എന്ന എന്റെ ബാങ്ക്-കൂട്ടുകാരി യോട് പറയുമ്പോള്‍ എന്റെ വൈവശ്യം കണ്ടാവും വസുജ ചോദിയ്ക്കുന്നു. ‘വെള്ളം വേണോ ?’
അജയനെക്കുറിച്ച് ഒരു കുറിപ്പെഴുതി പകുതിയായപ്പോഴാണ് , ബെന്യാമന്റെ ‘പോസ്റ്റ്മാന്’ കഥ ഇറങ്ങിയത്. അതെത്തുടര്‍ന്ന് ഞാന്‍ ‘അജയനേട്’ തൽക്കാലം മാറ്റിവെയ്ക്കുകയായിരുന്നു എന്നും ആ കഥയെക്കുറിച്ച് അജയനോട് സംസാരിച്ചപ്പോള്‍ “ആ കഥയെ എതിര്‍ക്കുന്ന ഒരുപാടുപേര് ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ട്, കഥ കഥയല്ലേ, അതില്‍ നിന്ന് നല്ലതുമാത്രമെടുക്കണം എന്നു ഞാന്‍ പറഞ്ഞു” എന്നജയന് ചിരിച്ചുവെന്നും ഞാന്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ വസുജ പിന്നെയും ചോദിച്ചു,”വെള്ളം തരട്ടെ?”
“വേണ്ട , അതാ പഴയ ‘അന്തര്‍ദാഹമാണ് ,കരിക്ക് കുടിച്ചാല്‍ മാത്രം തീരുന്നത്,” എന്നു പറഞ്ഞ് ഞാന്‍ വേനലിലേയ്ക്കിറങ്ങി, പിന്നെ കരിക്ക് അന്വേഷിച്ചു വഴിയിലത്രയും.
അജയന് വീടിനടുത്ത് തന്നെ ജോലി തരമാക്കിക്കൊടുക്കാനുള്ള വരികള്‍ വെട്ടിയും തിരുത്തിയും ഒരു കത്തെഴുതിയാല്‍ ഫലമുണ്ടാകുമോ എന്നാലോചിച്ച് വണ്ടിയോടിക്കുമ്പോള്‍, ‘എന്റെ അസുഖശരീരത്തിലെ ദാഹം ശമിപ്പിക്കാന്‍ വന്നവനെത്തന്നെ എരിപൊരിസഞ്ചാരത്തിലാക്കിയ ഈ നടപടി ഒട്ടും ശരിയായില്ല’ എന്ന എന്റെ പരിഭവവരികള്. അത് ഞാനാരോട് പറയും , ആര്‍ക്കെഴുതി അയയ്ക്കും?
“ഓഫീസ് പ്രോഗ്രാമുകളില്‍ ഇടയ്ക്ക് ചൊല്ലാന്‍ ഇടശ്ശേരിയെയും കടമ്മനിട്ടയെയും തപ്പിയിട്ട് കിട്ടുന്നില്ല” എന്ന അജയന്റെ വാചകത്തിന് പുറകേ പോയി, അവരുടെ സമ്പൂര്‍ണ്ണ കൃതികളും വാങ്ങിച്ചുവച്ച് അജയനെ കാണാന്‍ പോകാനിരിക്കുമ്പോള്‍, ആ മിന്നാമിനുങ്ങുകാഴ്ചയ്ക്കും ആ കരിക്ക് കരുതലിനും പകരമാവില്ല ആരുടെയും കവിതകളും ഞാനെഴുതിക്കൂട്ടുന്ന ഈ അക്ഷരങ്ങളും എന്നെനിയ്ക്ക് നന്നായി, വളരെ നന്നായറിയാം അജയാ…