മഹാരാജാസിലെ ഡിഗ്രിക്കാലം മുതല്‍ കൂടെയുള്ള അനു എന്ന അനിതാമേനോന്‍ കൊച്ചിന്‍കോളേജിലെ ഇംഗ്‌ളീഷ്‌ ലക്ചറര്‍ എന്ന ഇടത്തുനിന്നിറങ്ങി മുഴുവന്‍ സമയ ചിത്രകാരിയായിത്തീര്‍ന്നതിന്റെ എട്ടാം വാര്‍ഷികത്തില്‍, ഫോര്‍ട്ട് കൊച്ചിയിലെ ഡേവിഡ് ഹാളില്‍ നടത്തുന്ന പെയിന്റിങ് എക്‌സിബിഷന് പേരാലോചിക്കുമ്പോള്‍ വെറുതെ ഞാന്‍ പറഞ്ഞുപോയ പേരാണ് ‘അനിതരം.’  അവസാനം എക്‌സിബിഷന്റെ പേര് ആ വാക്കുതന്നെ ആയിത്തീരുമെന്ന് സ്വപ്‌നത്തില്‍ക്കൂടി കരുതിയതല്ലല്ലോ എന്നു വിചാരിക്കുമ്പോഴാണ് പ്രദര്‍ശനം, ഉദ്ഘാടനം ചെയ്യുക എന്ന തീരെ പരിചയമില്ലാത്ത റോളും കൂടി ഏറ്റെടുക്കേണ്ടിവരുന്നല്ലോ എന്നുകൂടി വിചാരിക്കേണ്ടിവന്നത്.

പക്ഷേ അനു എക്‌സിബിഷന് ഒരുങ്ങുന്നതിനിടയില്‍, ഞാനാണ് ഓര്‍മ്മകള്‍ കൊണ്ട് വരയപ്പെട്ടത്, നാലുപുറവും ഓര്‍മ്മവരകള്‍ വന്ന് പൊതിഞ്ഞുനിന്നപ്പോള്‍ ഉദ്ഘാടനനേരത്ത് എനിക്കെന്നെ കാണാന്‍ പറ്റാതായി. വാക്കു കൊളുത്തി വര ഉദ്ഘാടനം ചെയ്യുന്ന നേരത്ത് വരബന്ധങ്ങളുടെ ഓര്‍മ്മകള്‍ നനുത്തും കടുത്തും വന്ന് എന്നെ ഉലച്ചുനിന്നപ്പോള്‍, ഡേവിഡ് ഹാളില്‍ ഞാന്‍ കൊളുത്തിയ വിളക്കും നാളം തന്നെയും കാണാതായി. ഒരു വരയുദ്ഘാടക, ഇത്രയേറെ വരയോര്‍മ്മകളില്‍ വീണുപോകേണ്ട യാതൊരാവശ്യവുമില്ല എന്നു സ്വയം പലതവണ ഓര്‍മ്മിപ്പിച്ചിട്ടും അനു കൂറ്റന്‍ ക്യാന്‍വാസില്‍ വരച്ചിട്ട, കാറ്റ് കീറിയ വാഴയിലപ്പച്ചയെപ്പോലെ ഓര്‍മ്മക്കാറ്റില്‍ ഞാന്‍ നനുനനെ ഉലഞ്ഞ് പലതായിക്കൊണ്ടിരുന്നു.

ഫാബ്രിക് പെയിന്റ് കൊണ്ട് റഷ്യന്‍ കുട്ടിക്കഥാപുസ്തകങ്ങളിലെ ചിത്രങ്ങള്‍ അമ്മാവന്‍ വരച്ചിട്ട കുഞ്ഞുടുപ്പുകളുമായി മുറ്റത്ത് കറക്കവും മൂലയില്‍ ഇരിപ്പുമായി വളര്‍ന്ന പെണ്‍കുട്ടിയുടെ മുന്നില്‍, അവളുടെ അമ്മയുടെ കോഫീ ബ്രൗണ്‍ പട്ടുസാരി നീണ്ടുലഞ്ഞു കിടന്നതിലേക്ക് മുത്തച്ഛന്റെ പെയിന്റിങ് ബ്രഷില്‍ നിന്ന് ചിത്രചാരുതയായി വെള്ളി നിറമൊഴുകി. വാട്ടര്‍കളറുമായി മുത്തച്ഛന്‍ തപസ്സുചെയ്തപ്പോഴാണ് എല്ലാവരും കാണുന്ന നിറങ്ങള്‍ തമ്മില്‍ ചേര്‍ക്കുമ്പോള്‍ ആരും കാണാത്ത നിറങ്ങളുണ്ടാകുന്നതെങ്ങനെയെന്ന് അറിഞ്ഞത്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ കവറായി ഓലേഞ്ഞാലിക്കിളി എന്ന പെയിന്റിങ് വരുന്നു, ഞാനും മുത്തച്ഛനും അതു തന്നെ വരയ്ക്കുന്നു. അങ്ങനെ കുറേ വരക്കാലം… ഒരേ സമയം ഈ കൈ കൊണ്ടെഴുതി, ആ കൈ കൊണ്ട് വരയ്ക്കണമെന്നായിരുന്നു അന്ന് തീരുമാനം. ‘കുട്ടിക്കഥകളും ചിത്രങ്ങളും’ എന്ന റഷ്യന്‍ പുസ്തകത്തില്‍ അങ്ങനെയാണ്.

priya a .s, ,memories

പിന്നെ ദേവന്‍, എ എസ്, നമ്പൂതിരി, അരവിന്ദന്‍ എന്ന് അമ്മ പരിചയപ്പെടുത്തിയ മാതൃഭൂമി ആഴ്ചപ്പതിപ്പുകാലം.സേതുവിന്റെ ‘പാണ്ഡവപുരം’ മാതൃഭൂമി പ്രസിദ്ധീകരിക്കുമ്പോള്‍ എനിക്ക് വയസ്സ് ഒമ്പത്. എ എസിന്റെ ദേവി ആല്‍ത്തറയിലിരുന്ന് വിളിച്ചപ്പോള്‍ ഞാനും കേറിപ്പോയി ദേവിയുടെ കൂടെ ആല്‍ത്തറയിലിരുന്നു. ജാരനെയും ചാരനെയും ഒന്നും അറിയുമായിരുന്നില്ല എങ്കിലും ഞാന്‍ നോവലിലെ മഞ്ഞ നിറമുള്ള റെയില്‍വേ ക്വാര്‍ട്ടേഴ്‌സുകളിലൂടെ നടക്കുകയും മഞ്ഞനിറം എനിക്കിഷ്ടമല്ലല്ലോ എന്നോര്‍ക്കുകയും ജാരന് കൂര്‍ത്ത കണ്ണുകളാണ് എന്ന വാചകത്തില്‍ തട്ടിത്തടഞ്ഞിരുന്ന്, കൂര്‍ത്ത കണ്ണെന്നുവച്ചാല്‍ അതെങ്ങനെയിരിക്കും എന്നമ്പരക്കുകയും ചെയ്തു.

എനിക്കും മുമ്പേ ജനിച്ചതായിരുന്നു, ‘ചെറിയ മനുഷ്യരും വലിയ ലോകവും.’ അമ്മ എന്ന അരവിന്ദന്‍-ഫാന്‍ ഇടക്കിടെ രാമുവിനെയും ഗുരുജിയെയും രാധയെയും അബുവിനെയും കുറിച്ചു പറയുകയും പഴയ മാതൃഭൂമിത്താളുകളില്‍ നിന്നവരെയെല്ലാം എനിക്ക് കണ്ടുകിട്ടുകയും ചെയ്തു. അത് പുസ്തകമായപ്പോള്‍ വിശുദ്ധഗ്രന്ഥമെന്നോണം അമ്മ അത് വാങ്ങി വച്ചതോടെ, ഗുരുജിയുടെ കൈയിലെ കുത്തുകുത്തുരോമം പോലും എനിക്ക് കാണാപ്പാഠമായി. നാട്ടിന്‍പുറത്തുകാരി ലീലയുടെ സാരിയിലെ അലങ്കോലമട്ട്, അവളുടെ സൊസൈറ്റി ലേഡി പദവിയിലെത്തുമ്പോള്‍ അലസലോലമായ പറക്കലാവുന്നതെങ്ങനെയെന്ന് ഞാന്‍ നോക്കിപ്പഠിച്ചു.

അരവിന്ദന്‍ വരച്ചു വരച്ച് സിനിമയുടെ ഫ്രെയിമുകളിലേക്കും ഞാന്‍ വര മതിയാക്കി എഴുത്തിന്റെ ഉന്മാദത്തിലേക്കും കയറിപ്പോയി. പ്രിയ എ എസ് എന്ന പേരിനടുത്ത്, കഥയിലെ ചിത്രവരത്താഴെ ‘എ എസ് ‘എന്ന് ഇംഗ്‌ളീഷില്‍ കോറിയിട്ട താളുമായി ഒരിക്കല്‍ ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പ് വരും എന്ന് കൊതിച്ചിരുന്ന കൗമാരക്കാരിയെ തോല്‍പ്പിച്ച് എ എസ് ഒരു ദിവസം ആരോടും പറയാതെ ഭൂമിവിട്ടു. എന്റെ കഥാഭൂമി കീഴ്‌മേല്‍ മറിഞ്ഞു അന്ന്. വൈകുന്നേരം വീട്ടില്‍ വന്നിരുന്ന്, എ എസിനെ അക്ഷരമാക്കി മാതൃഭൂമി വാരാന്തപ്പതിപ്പിനയച്ചു ഞാനന്ന് സങ്കടമുക്തയായി.

priya as malayalam writer

പാണ്ഡവപുരത്തിന് എ എസ്സ് വരച്ച രേഖാചിത്രം  കടപ്പാട് : മാതൃഭൂമി

‘അനിതരം’ എക്‌സിബിഷന്‍കാരി അനുവും എക്‌സിബിഷന് ആശംസ അര്‍പ്പിച്ച ദീപയും എറണാകുളത്തെ ചിറ്റൂര്‍റോഡിനിരുപുറമായി രണ്ട് വീടുകളില്‍ താമസിക്കുകയും എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത ഈ ഞാന്‍ എരമല്ലൂരുനിന്ന് അവര്‍ക്കൊപ്പം മഹാരാജാസുകാരിയായി രണ്ടുവീടിനുമിടയിലെ ദൂരത്തില്‍ അങ്ങോട്ടിങ്ങോട്ട് പറക്കുകയും ചെയ്ത കാലമായിരുന്നു അത്. ദീപയുടെ അച്ഛന്‍ എന്‍ എന്‍ സത്യവ്രതന്‍, അന്ന് മാതൃഭൂമിയുടെ കൊച്ചി എഡിഷനില്‍  മുതിര്‍ന്നപത്രപ്രവര്‍ത്തകനാണ്. സത്യനങ്കിള്‍ പെട്ടെന്നൊരു ദിവസം പറയുന്നു, ‘പ്രിയയുടെ എ എസ് കുറിപ്പ് ഈ ഞായറാഴ്ച വരും, കലാപീഠത്തില്‍ നടക്കുന്ന എ എസ് അനുസ്മരണത്തില്‍ പ്രദര്‍ശിപ്പിക്കുന്ന എ എസ് ചിത്രങ്ങള്‍ക്കൊപ്പം ആ കുറിപ്പ് വയ്ക്കാന്‍ പറ്റുമോ എന്ന് ഞാനും കെ. പി. വിജയനും കൂടി നോക്കുകയാണ്.’ ആ കുറിപ്പെഴുതി, അതിന്റെ കാര്യം മറന്നുകളഞ്ഞിരുന്ന ഞാന്‍ ഷോക്കടിച്ചതുപോലെ നിന്നുപോയി. വാരാന്തപ്പതിപ്പിറങ്ങുന്ന ദിവസത്തിന് തൊട്ടുമുന്നിലെ ദിവസമായിരുന്നു പ്രദര്‍ശനം എന്നതിനാല്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ആ കുറിപ്പ് ഹാളിലേക്കെത്തിയല്ല. പക്ഷേ ഞാന്‍ എഴുത്തിലേയ്ക്ക് നാലാള്‍ കാണ്‍കെ നടന്നെത്തിയത് വരഭ്രാന്ത് പെയ്ത ആ കുറിപ്പിലൂടെയാണ്. പിന്നെ എത്രയോ തവണ, ‘എ എസിന്റെ മകളല്ലേ’ എന്ന ചോദ്യം കേട്ടിരിക്കുന്നു… ‘അല്ല’ എന്ന ഉത്തരം വിശ്വസിക്കാനാകാത്തുമൂലം എന്റെ നീളന്‍ കൈയിലേക്ക് നീണ്ടുവരുന്ന എത്ര നോട്ടങ്ങള്‍ ഞാനിതിനകം കണ്ടിരിക്കുന്നു!

‘സുദര്‍ശന്‍’ എന്ന ചിറ്റൂര്‍റോഡിലെ വീട്ടില്‍ ഞാന്‍ ചെന്നു കയറുമ്പോഴൊക്കെ അനുവിന്റെ അമ്മ, എന്നോട് പറഞ്ഞു.’എന്തൊരു ഭംഗിയാണ് പ്രിയയുടെ കണ്ണിന്. ‘ എന്റെ കണ്ണിനെക്കുറിച്ച് ജീവിതത്തിലന്നുവരെ ആരും ഒന്നും പറഞ്ഞു കേള്‍ക്കാത്തതിനാല്‍ (എന്റെ വീട്ടിലെല്ലാവര്‍ക്കും വലിയ കണ്ണായതിനാലാവും കുട്ടിക്കാലത്ത് ഞാനങ്ങനൊരു കമന്റ് കേള്‍ക്കേണ്ടിവരാതിരുന്നത് എന്ന് ഇപ്പോള്‍ തോന്നുന്നു) ഞാനത് കാര്യമായെടുക്കാതെ, ആ വീട്ടിലെ അടുക്കളയിലേയ്ക്ക് പോയി. അവിടെയായിരുന്നു ആ വീട്ടില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട വസ്തു ഉണ്ടായിരുന്നത്. മുകളില്‍, കണ്ണെത്താ ഭിത്തിയില്‍ ഒരു നടരാജന്‍…അതായിരുന്നു എന്റെ ഇഷ്ടവസ്തു. വട്ടം വട്ടം ചില്ലുരൂപങ്ങള്‍ പതിപ്പിച്ചുണ്ടാക്കിയ ആ നടരാജന്‍, അനുവിന്റെ അമ്മയുടെ കൈവേലയാണ്, അത് പൊട്ടിയ ചില്ലുപാത്രത്തുണ്ടുകളാണ് എന്ന വിസ്മയം എനിക്ക് തീരെയും ദഹിക്കുന്നുണ്ടായിരുന്നില്ല. ആ വിസ്മയത്തെ എങ്ങനെയെങ്കിലും ദഹിപ്പിച്ചുകിട്ടാന്‍ വേണ്ടിയാണ് ഞാന്‍ നിത്യവും അടുക്കള പര്യടനം നടത്തിയിരുന്നത്. അമ്മയായിരുന്നു എന്നും എനിക്കവിടുത്തെ കലാകാരി. ‘അനിതരം’ വരയിലിന്നെത്തി നില്‍ക്കുന്ന അനുവിന്റെ വിരല്‍ത്തുമ്പിലെ വരയൊന്നും ഞാനന്ന് കണ്ടില്ല. വരയിലേക്കുള്ള തലവരയില്‍ ഒരു പക്ഷേ അനു അന്നെത്തിപ്പെട്ടിരുന്നുകാണില്ല. ഞങ്ങളുടെ എംഎ കാലത്ത്, അനുവിന്റെ അമ്മ വീണ്ടും മുന്‍വശമുറിയില്‍ ഒരു നര്‍ത്തകിച്ചിത്രം തൂക്കി. പഴയ ചില പാക്കിങ് കെയ്‌സുകളുടെ വില കുറഞ്ഞ മരപ്പാളികളില്‍ ശാന്ത എന്ന ആ അമ്മ പതിച്ചുവച്ച നിറരേഖകളില്‍ മുങ്ങി പിന്നെ ആ മുന്‍വശമുറിയില്‍ തറഞ്ഞുനിന്നു ഞാന്‍.

ദീപയുടെ വീട്ടിലായിരുന്നു അന്ന് ക്യാൻവാസ് പെരുമഴ. ദീപയുടെ ആശചേച്ചി എം ബി ബി എസ് കഴിഞ്ഞ് വന്ന് കലാധരൻ മാഷുടെ ചിത്രകലാ വിദ്യാർത്ഥിനിയായി മാറിയതോടെ ആ വീട്ടിലെ അച്ഛന്റെ പത്രപ്രവർത്തനം ചായത്തിൽ കുതിർന്നു. വളരെ കുറച്ച് മിണ്ടുന്ന ആശചേച്ചിയുടെ വരകളാണ് എന്നോട് കൂടുതൽ മിണ്ടിയത്. ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളജിൽ ട്യൂട്ടറാണ് ആശചേച്ചി. എനിക്കൊരുപാട് ഇഷ്ടമായിരുന്നു ആ വരയാഴം.

പിന്നെ ഗൃഹലക്ഷ്മി നടത്തിയ ജേണലിസം ക്യാമ്പില്‍,  പത്രമോഫീസ് കാണിക്കാന്‍ മാതൃഭൂമിയൂടെ അകത്തളങ്ങളിലൂടെ കൊണ്ടു പോയ ദിവസം, അന്നത്തെ വര കഴിഞ്ഞു പോയ മദനന്റെ ഒഴിഞ്ഞ ചിത്രകാരന്‍-കസേരയ്ക്കു പിന്നില്‍ നെഞ്ചിടിപ്പോടെ നിന്ന് പരസ്പരം ചിരി കൈമാറിയ രണ്ടുപേരില്‍ ഒരാളിന്നില്ല. ഇ പി സുഷമയായിരുന്നു അത്.

priya a.s ,memories

ഫൊട്ടോ: വസുജ

പിന്നെയാണ് ഒരു ചെറിയ പരസ്യഏജന്‍സിയില്‍ കോപ്പിറൈറ്ററായ കാലം. മുന്നിലിരുന്ന് ആര്‍ട്ട് ഡയറക്‌ററര്‍ പെണ്‍കുട്ടി സില്‍ക്ക് സാരി തോളിലേക്കൊതുക്കിയിട്ട് വളയോ വാച്ചോ ഇല്ലാതെ ഒഴിഞ്ഞു കിടന്ന കൈത്തണ്ട ചലിപ്പിച്ച്, മുന്നിലെ പാലെറ്റില്‍ നിന്നൊന്ന് കണ്ണെടുത്ത് പ്രായത്തേക്കാള്‍ ഗൗരവത്തോടെ സംസാരിച്ചു. ഈ മിണ്ടാപ്പൂതത്തെയും മുന്നില്‍ നൂലാമാലപോലെ വന്നുവീണ ബ്രേസിയര്‍ പരസ്യ വെല്ലുവിളിയെയും എങ്ങനെ മറികടക്കും കോപ്പിറൈറ്റിങ്ങിന്റെ ‘ക’യോ ‘മ’യോ അറിയാത്ത ഞാന്‍ എന്ന ആലോചനയുമായി ഇരിക്കെ മെല്ലെ, ലേഖ ചിരിച്ചുമിണ്ടാന്‍ തുടങ്ങി. തിരുവനന്തപുരത്തെ ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ബി എഫ് എ കഥകള്‍, അനുരാധാ നാലപ്പാട് എന്ന സഹപാഠി സഹിതം പാലെറ്റിനും പേപ്പറിനും മേലെ നിര്‍ത്താവര്‍ത്തമാനങ്ങളായി വന്നുചിതറിവീണു. ഒഴിഞ്ഞ കൈത്തണ്ടകളില്‍ കുപ്പിവളകള്‍ കിലുങ്ങിയ കാലവും കുപ്പിവള ഉപേക്ഷിച്ച് ഒരു നിരാകരണത്തെ ആത്മാവിലേക്ക് എന്നേയ്ക്കുമായി ചേര്‍ത്തുവച്ച് അതുമായി പൊരുത്തപ്പെട്ട കാര്യവും കഥപോലെ കേട്ട് ഞാന്‍ മിണ്ടാതിരുന്നു. കുഞ്ഞിലേ തന്നെ ശില്പമുണ്ടാക്കല്‍ കളി കളിച്ചിരുന്നവര്‍ അടക്കാമരത്തില്‍ കൊട്ടിക്കൊത്തി ഒടുക്കം അടക്കാമരം സുന്ദരമായിഒടിഞ്ഞുവീണ കഥ, ഞാന്‍ കേള്‍ക്കുകയായിരുന്നില്ല, അടക്കാമരം തലയില്‍ വീഴാതെ, തല ഒതുക്കിവച്ചിരുന്ന് കാണുകയായിരുന്നു. അലമാരയില്‍നിന്ന് പട്ടുസാരിയൊക്കെ എടുത്ത് സ്‌നേഹഅടയാളങ്ങളായി വരുന്നവര്‍ക്കും പോകുന്നവര്‍ക്കും സമ്മാനിക്കുന്ന മാധവിക്കുട്ടിയെ അറിഞ്ഞത് അനുരാധാനാലപ്പാട് പറഞ്ഞ കഥകള്‍ ലേഖ എന്നോട് പറയുമ്പോഴായിരുന്നു. അവിടുന്ന് ‘ജെലിറ്റ’ എന്ന കുറച്ചുകൂടി നല്ല പരസ്യഏജന്‍സിയിലേക്ക് പോയപ്പോള്‍, ലേഖ എന്ന ആ ‘ലേക്‌സ് ‘ ആയിരുന്നു ഏറ്റവും വലിയ നഷ്ടം. ഇടക്കെപ്പോഴോ ലേഖയെ കാണാതെ പോയി. പിന്നെ ഞാന്‍ ലേഖയെ കാണുന്നത് തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ് ആയിട്ടാണ്. തിരക്കില്‍ നിന്ന് ലേഖയെ അധികാരപൂര്‍വ്വം ഉന്തിത്തള്ളി പുറത്തു കൊണ്ടുവന്ന് എന്റെ ‘ചിത്രശലഭത്തിന്റെ വീടി’ന് കവര്‍ ചെയ്യിപ്പിച്ചു. ആറേഴു വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് ഞാന്‍ ചെന്നപ്പോള്‍ ലേഖ വന്നു കണ്ടു, പഴയ സില്‍ക്ക് സാരികള്‍, ഒഴിഞ്ഞ കൈത്തണ്ട, അതേ ചിരി, ഇത്തിരി വണ്ണം വച്ച ഒരു ഒറ്റമരം.

സര്‍വ്വകലാശാലയില്‍ ജോലിക്കാരിയായ കാലത്ത്, ‘നമ്പൂതിരിച്ചിത്രം’ കുടിച്ച് ലഹരി പിടിച്ച് ‘നമ്പൂതിരിച്ചിത്രം’ എന്ന കഥയെഴുതി ഞാന്‍ . എന്‍എസ് മാധവന്‍ എന്ന അന്നത്തെ ക്‌ളോസ്-കൂട്ടുകാരന്‍ കത്തെഴുത്തു സ്‌നേഹത്തിലൂടെ പറഞ്ഞു, “വനിതയുടെ സ്ത്രീകഥാപ്പതിപ്പില്‍ പ്രിയയുടെ നമ്പൂതിരിച്ചിത്രമാണ് നന്നായത്.”

പിന്നെ മാതൃഭൂമിയിലെ പ്രസാദേട്ടന്‍ എന്ന ജെ ആര്‍ പ്രസാദ് എന്ന പച്ചമഷിക്കാരനോട് ഇടിച്ചുകയറിച്ചെന്ന് കൂട്ടായി.’ദില്ലിയില്‍ തണുപ്പത്ത്’ എന്ന സുഗതകുമാരിക്കവിതയിലെ കൊടക്കടുക്കന്‍കാരിയെ പ്രസാദേട്ടന്‍ വരച്ചത് നോക്കിപ്പകര്‍ത്തിയ നോട്ട് ബുക്കുമായി നടന്ന കാലത്തിന്റെ ബാക്കിപത്രമായിരുന്നു ആ ഇഷ്ടം. കവിതാവയനയിലേക്കുള്ള ഏണി വച്ചു തന്നത് പ്രസാദേട്ടന്റെ വരകളായിരുന്നു.  ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരനായിരുന്ന മകന് കൂട്ടായി പ്രസാദേട്ടന്‍ തൃക്കാക്കരയില്‍ ഒരു കൊല്ലം വന്നു താമസിച്ചപ്പോള്‍, ഞാന്‍ പ്രസാദേട്ടന്റെ അടുക്കിപ്പെറുക്കു ശീലത്തിന് മുന്നില്‍ ചടഞ്ഞിരുന്നു. പ്രസാദേട്ടൻ എന്റെ ‘കഥ ബാക്കി’ക്ക് കവർ വരച്ചു തന്നു.  പ്രസാദേട്ടന്റെ ഭാര്യ എന്ന വാസന്തിയാന്റി വാങ്ങിത്തന്ന ചുവന്നചരടിലെ മാല, അക്കാലമോര്‍മ്മിപ്പിച്ച് ഇപ്പോഴും കൂടെ.

പിന്നെ ഒരു ദിവ്യാത്ഭുതം പോലെ ആ അരവിന്ദന്‍ വരകളില്‍ നിന്ന്, പണ്ടത്തെ കിളിക്കൂട് തലമുടിയും കൂര്‍ത്തതാടിയും ഒക്കെ മായ്ച്ചു കളഞ്ഞ കാലത്തിലൂടെ തിരുനക്കരയില്‍ നിന്നു തൃക്കാക്കരയോളം നടന്നു നടന്ന്, ‘മോളേ’ എന്ന് വിളിച്ച് ശബരി അങ്കിള്‍ എത്തി. വര ജീവിതമായ ശബരി അങ്കിളാണ് രാമുവിനെ മെനയാന്‍ നേരം അരവിന്ദന് മാതൃകയായത് എന്നറിഞ്ഞ രാത്രി ഞാന്‍ ഉറങ്ങാതെ എണീറ്റുകുത്തിയിരുന്നു. എന്റെ സമീപവാസിയായ ഈ നരത്തലമുടിക്കാരന്‍ എനിക്കിന്നും തരുന്ന എക്‌സൈറ്റ്‌മെന്റിനെ അപാരം എന്ന അളവു കൊണ്ടേ അളക്കാനാവൂ.clint,artist

ഞാന്‍ അസുഖമായി കിടന്നപ്പോഴൊക്കെ ഒരു വരക്കുട്ടിയുടെ അച്ഛനുമമ്മയും വന്നുപോയി. വിശ്വവിഖ്യാതവരക്കുട്ടി ക്‌ളിന്റിന്റെ അച്ഛനുമമ്മയും.

പൊന്നുവാണ് പിന്നെ വന്ന വര. ഇതുവരെ പൊന്നുവിനെ ഫൊട്ടോയിലല്ലാതെ ഞാന്‍ കണ്ടിട്ടില്ല. വായിക്കുന്ന, സിനിമ കാണുന്ന, ബി എഫ് എ പ്രവേശനപരീക്ഷക്ക് തയ്യാറെടുക്കുന്ന പാലക്കാടുകാരി പൊന്നു. അല്ലറചില്ലറ പഠനങ്ങളും വരയുമായി പൊന്നു കോഴിക്കോടായിരുന്നു താമസം. എന്റെ എഴുത്തിനോടുള്ള സ്‌നേഹം മൂത്ത് പൊന്നു, ദിവസത്തില്‍ നൂറുതവണയെന്നോണം, അയക്കുന്ന സ്‌നേഹവര്‍ത്തമാനങ്ങള്‍ കൊണ്ട് മടുത്തുപോയിരുന്നു ഞാന്‍. എഴുത്തിനോടുള്ള സ്‌നേഹം വഴി കെ. ആര്‍. മീരയുടെ വീട്ടിലെത്തി, പിന്നെ മീരയുടെ ശുപാര്‍ശ വഴിയാണ് പൊന്നു എന്റെ പരിസരത്ത് അക്ഷരരൂപിയായി എത്തുന്നത്. ഇംഗ്‌ളീഷ് അക്ഷരങ്ങള്‍ കൊണ്ട് ഫോണിലൂടെ മലയാളം മെസേജയക്കുന്നത് വായിക്കാന്‍ ഒരു വക പ്രാവീണ്യവും ഇല്ലാത്ത ഞാന്‍, ആ മെസേജുകള്‍ കണ്ട് മുഖം ചുളിച്ചു. ‘എന്നെ ഇങ്ങനെ സ്‌നേഹിക്കുന്നവരെയൊന്നും എനിക്കു സഹിക്കാന്‍ പറ്റില്ല ഇപ്പോ, മോഹൻലാലിന്റെ ‘അയാള്‍ കഥയെഴുതുകയാണ്’ സിനിമയിലെ നൈറ്റി സീനിലെപ്പോലെ എന്നെ ചവിട്ടിത്തേക്കുന്നവരെയാണ് എനിക്കിപ്പോ വേണ്ടുന്നത്, ചവിട്ടിത്തേയ്ക്കലിന് മാത്രമേ പ്രചോദനമാകാന്‍ കഴിയൂ തത്ക്കാലം’എന്ന് മീരയോട് പറഞ്ഞ് ഞാന്‍ ചിരിച്ചു.’ ഈ കുട്ടികളൊക്കെ അവരുടെ കല്യാണം വരെയൊക്കെയേ നമ്മളെ ഇങ്ങനെ സ്‌നേഹിക്കൂ’ എന്ന് മീര ചിരിച്ചു.

ബി എഫ് എ എന്‍ട്രന്‍സിനെക്കുറിച്ച് ഒരേകദേശ ധാരണക്കായി ‘ലേഖയെ കാണൂ’ എന്ന് ഞാന്‍ പൊന്നുവിനെ ലേഖയുടെ അടുത്തേക്കയച്ചു. ലേഖ, അപ്പോള്‍ തൃശൂര് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ പ്രിന്‍സിപ്പലായിരുന്നു. വരച്ചത് കാണിക്കാന്‍ നല്ല ചിത്രങ്ങളില്ല ചേച്ചീ എന്റടുത്ത് എന്നു പൊന്നു പറഞ്ഞപ്പോള്‍, അസുഖതീവ്രതകളിലായിരുന്നു ഞാന്‍.

എപ്പോഴോ പൊന്നു, കാഴ്ചക്ക് പ്രശ്‌നമെന്ന് പരാതി പറഞ്ഞു. ഒരു കുഞ്ഞു പരാതിക്കാരിയും ഒരു കുഞ്ഞതിശയോക്തിക്കാരിയും പൊന്നുവിലുണ്ടെന്ന് തോന്നിയിരുന്നതിനാൽ ഞാന്‍, അത് അത്ര കാര്യായെടുത്തില്ല. പക്ഷേ അതില്‍ കാര്യമുണ്ടായിരുന്നു. പൊന്നുവിന്റെ കാഴ്ചയിലെ നിറങ്ങള്‍ അനുദിനം മങ്ങുകയാണെന്ന് എല്ലാ ആശുപത്രിക്കാരും ഉറപ്പു പറഞ്ഞതറിഞ്ഞ് ഞാന്‍ നിറങ്ങളുടെ തമ്പുരാക്കന്മാരോടെല്ലാം പിണങ്ങി, കലഹിച്ചു. കുറച്ചു കാലത്തിനുശേഷം , ‘നേത്രോന്മീലന’ക്കരി കെ. ആര്‍. മീരയുടെ ഇനിഷ്യേറ്റീവില്‍ പൊന്നു, കണ്ണൂരിലെ ബൈ്‌ളന്‍ഡ് സ്കൂളിൽ ചേര്‍ന്നു.

പൊന്നു ചിലപ്പോള്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഞാന്‍ എടുക്കാതിരിക്കും. എന്റെ മകന്‍ ചോദിക്കും “പൊന്നുച്ചേച്ചി വിളിച്ചിട്ട് അമ്മ എന്താ ഫോണെടുക്കാത്തത്?”

“ചേച്ചി, ഇവിടെ എനിക്ക് മാത്രമേ ഇത്രയും കാഴ്ചയുള്ളൂ, കുറച്ചൊക്കെ വായിക്കാന്‍ പറ്റുന്നുണ്ട്, പിന്നേയ് ചേച്ചി, ആറ് മണിക്ക് പുറത്തു പോയാലേ മഷിനീലനിറത്തിലെ ആകാശത്തിന്റെ ഫൊട്ടോ എടുക്കാന്‍ പറ്റൂ, ചേച്ചീടെ ഫൊട്ടോ കണ്ടു, എന്തോരം നെറങ്ങളാ ചേച്ചീടെ ഉടുപ്പില്, ചേച്ചീടെ കഥ -‘മിച്ച സമയം’- റെക്കോഡ് ചെയ്തതുണ്ടെങ്കില് ഒന്നയക്കുവോ ചേച്ചീ, ഞാനേ ഇവിടൊള്ളവരടെ കൂടെ പൊളിറ്റിക്‌സ് ബി എ യ്ക്ക് ചേര്‍ന്നു, ട്രെയിനിലൊക്കെ തനിച്ച് പോകാന്‍പറ്റും ചേച്ചീ, നെറങ്ങള് തിരിച്ചറിയാനാ വെഷമം,” എന്നൊക്കെ ചിരിച്ച് പറയുന്ന കുട്ടിയോട് ഞാനെന്തു പൊള്ള വാക്കു പറയും ?

priya a.s, memories,

പൊന്നു വരച്ച ചിത്രം

‘അനിതര’ത്തിലേക്ക് പുറപ്പെടാന്‍ തുടങ്ങുമ്പോള്‍,ഫോണിലൊരു മെസേജ്. പൊന്നുവാണ്. ‘ചേച്ചീടെ വരയ്ക്കണ കൂട്ടുകാരിയുടെ ഫൊട്ടോയാണോ ചേച്ചി പ്രൊഫൈല്‍ പിക്ചറിട്ടിരിക്കുന്നത് ?’ പൊന്നുവിനോട് ഞാന്‍ ഒളിച്ചുവച്ചിരിക്കുകയായിരുന്നു എക്‌സിബിഷന്‍കാര്യം. ‘പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ’ എന്ന എന്റെ കഥാ സമാഹാര ത്തിന്റെ കവര്‍ വരച്ച ആളെ പൊന്നുവിനറിയാം വരയിലൂടെ. ആദ്യ എക്‌സിബിഷനാണ് ആ കൂട്ടുകാരിയുടെ, ഉദ്ഘാടനം ഞാനാണ് എന്നു പറഞ്ഞ് ഇറങ്ങുമ്പോള്‍, ‘ചേച്ചീ, മഞ്ഞമന്ദാരമാണ്, വാടുമ്പോള്‍ താമരപ്പൂ വിന്റെ നിറമാകും’ എന്നു പറഞ്ഞ് പൊന്നു തലേന്നയച്ച ഫൊട്ടോ കണ്ടു.

അതോടെ എന്റെ ലോകവും കാണെക്കാണെ വാടാന്‍ തുടങ്ങി. ഞാന്‍ പിന്നെ ഫോര്‍ട്ട്കൊച്ചിയോ കായലോ കപ്പലോ ബീച്ചോ കണ്ടില്ല. പൊന്നു കാണാതെ പോകുന്ന നിറങ്ങള്‍, കാഴ്ചകള്‍ എന്ന് എന്റെ ലോകം കൂമ്പി. ഓരോ തുണ്ട് കാലങ്ങളിലൂടെയാണ് ബോട്ട് ആടിയുലയുന്നതെന്ന വിചാരം വന്നു.

“Amma is in her last stage, എനിക്ക് ചിക്കന്‍ പോക്‌സാണ്, താനൊന്ന് അമ്മയെ ലേക്‌ഷോറില്‍ പോയിക്കണ്ടിട്ടുവന്ന് പറയാമോ വിശേഷം,” എന്ന് അനു ചോദിച്ചിട്ട് ഞാന്‍ പോയി കാണുകയും എന്നെ തിരിച്ചറിഞ്ഞ് ഓക്‌സിജന്‍ മാസ്‌ക്കനിടയിലൂടെ ചിരിച്ച് സംസാരിക്കാന്‍ കഷ്ടപ്പെടുകയും ചെയ്ത ശാന്ത ആന്റി മുന്നിലെവിടെയോ എന്നു തോന്നി. അങ്ങനെ ബോട്ടിലിരിക്കുമ്പോള്‍ അനുവിന്റെ മെസേജ് വന്നു, ‘ഐ മിസ് മൈ അമ്മ.’  എന്തു മറുപടി കുറിക്കാന്‍ എന്നറിയാതെയായി.

“പ്രിയാ, വല്ലതും എഴുതിത്തരൂ ഗൃഹലക്ഷ്മിക്ക്, ആ രണ്ടു പെണ്‍കുട്ടികള്‍ എത്രയാന്നുവച്ചാ എഴുതുക,” എന്നു ചോദിക്കുന്ന സത്യനങ്കിളും വന്നു നിന്നു, ദീപ, അനുവിന് ആശംസ പറയാന്‍ തുടങ്ങിയതോടെ.

ഉദ്ഘാടനസമയത്ത് കൊളുത്തിയ വിളക്കിന്റെ നാളത്തിനും വാടിയ മന്ദാരപ്പൂ നിറമായി തോന്നി. ആ നാളത്തിലൂടെ കണ്ടത് ദീപയുടെ അച്ഛന്‍ സത്യനങ്കിളിനെ, അനുവിന്റെ അമ്മയെ, എന്റെ മുത്തച്ഛനെ, എ എസിനെ, ക്‌ളിന്റ് കുഞ്ഞനെ. ഭൂമി വിട്ടു പോയ വരകള്‍!

എനിക്കറിയില്ല ,ഇത്രയേറെ വരയോര്‍മ്മകളുടെ ആവശ്യമുണ്ടോ ഒരു പെയിന്റിങ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാന്‍ നേരം ഒരാള്‍ക്ക്? ഓര്‍മ്മകൊണ്ട് ഇത്രമേല്‍ വരയപ്പെട്ട്, ഏതെങ്കിലും ഒരു ‘വാക്കാള്‍’ ഒരു ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തിട്ടുണ്ടാവുമോ?  അതിനിടെ ആരൊക്കെയോ വന്നു ചോദിക്കുന്നു, പ്രിയ വരച്ചതുമില്ലേ ഈ എക്‌സിബിഷനില്‍? എന്റെ ‘മഞ്ഞമരങ്ങൾ’ എന്ന പുസ്തകത്തിന് കവർ ചെയ്ത, ഞാനാദ്യമായി കാണുന്ന ശോശാ ജോസഫ് ചോദിക്കുന്നു  പ്രിയയും വരയ്ക്കില്ലേ?

വാക്കല്ലേ എന്റെ വര, എന്റെ തലവര എന്ന് ഞാന്‍, എന്റെ കണ്ണുകൊണ്ട് അവരോട് വാക്കാവുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook