‘നമ്മുടെ ശബരി ശരിക്കും ആരാണെന്നറിയാമോ, ജി അരവിന്ദന്റെ രാമുവാണ്,’ എന്ന് വയസന്മാരുടെ ആല്ത്തറവൈകുന്നേരസമ്മേളനം പതിവായി നടക്കുന്ന തൃക്കാക്കര അമ്പലത്തില്‍നിന്നു വന്നശേഷം അച്ഛന്, അച്ഛന്റെ തിരുനക്കരക്കാരന്‍ ആല്ത്തറക്കൂട്ടുകാരനെക്കുറിച്ചു പറഞ്ഞ വാചകം എന്നെ സ്തബ്ധയാക്കി എന്നാണോ കോരിത്തരിപ്പിച്ചു എന്നാണോ എന്റെ വാക്കെല്ലാം കട്ടോണ്ടുപോയി എന്നാണോ പറയേണ്ടത് എന്നെനിക്കിപ്പോഴും നിശ്ചയമില്ല.
അത്രത്തോളം വലുതാണ് എനിക്ക് വര. വരകള്‍ പറയുന്നതെന്താണെന്നറിയാന്‍ വേണ്ടിയാണ് ഞാന്‍ വായിച്ചുതുടങ്ങിയത് എന്നെനിക്കു തോന്നാറുണ്ട്.
എന്റെ കുട്ടിക്കാലം മുതലേ തന്നെ അമ്മവര്ത്തമാനങ്ങളിലൂടെ പരിചിതമായി ഞാന്‍ കേറിയിറങ്ങാന്‍ തുടങ്ങിയ പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ ഗ്രാഫിക് നോവലില്‍ നിന്ന് കൂര്‍ത്ത താടിയും കുരുവിക്കൂടുപോലുള്ള തലമുടിസ്റ്റൈലും മടക്കിയ ഷര്‍ട്ടിന്റെ കൈയുമായി നടക്കുന്ന തേരാപ്പാരാ രാമുവും പരിവാരങ്ങളും അവരുടെ ധര്മ്മസങ്കടങ്ങളും മനസ്സിലേക്ക് നടന്നുകയറിയതും, വരക്കാനറിയില്ലെങ്കിലും വാക്കു കൊണ്ട് അതിലാരെയും വരക്കാന്‍ തക്കവിധം പരിചയത്തില്‍ അവരൊക്കെ എന്റെ ഏറ്റവും അടുത്തുനില്‍ക്കും വിധം പ്രിയപ്പെട്ടവരായതും, ഇപ്പോഴും എന്റെ അമ്മയുടെ അടുക്കളവര്ത്തമാനങ്ങളിലേക്ക് അമ്മയുടെ ഒപ്പം ജീവിച്ചെന്നവരെന്നപോലെ രാധയും അബുവും ഒക്കെ വന്നുപോകാറുള്ളതും ഓര്‍ത്തോര്‍ത്ത് ഉറങ്ങാനാവാതെ കണ്ണുതുറന്നു പിടിച്ച് ഞാന്‍ അന്നു രാത്രി മുഴുവന്‍ ഉറങ്ങാതെ കിടന്നു.
രാമുവിന്റെ പെങ്ങള് രാധയെ കല്യാണം കഴിച്ചോളാം, സ്ത്രീധനമൊന്നും വേണ്ട എന്നു പറഞ്ഞ് മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് കത്തുകള്‍ വരുമായിരുന്നു ആ കാലത്തെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. ഒന്നാം തീയതി, ഞാനും എടുത്തിട്ടുണ്ട് ഒരു പുതുവര്ഷത്തീരുമാനം, പൊട്ടുകമ്മല് മാറ്റി റിങ് ഇടാന്‍ തീരുമാനിച്ചു എന്നു പറയുന്ന, ഒന്നുമില്ലായ്മയില്‍ നിന്ന് സൊസൈറ്റി ലേഡിയായി മാറിയ ലീലയെ അമ്മ ഇടക്കിടെ ഓര്ക്കുന്നതുകൊണ്ടാവും ‘സാള്‍ട്ട് ആന്റ് പെപ്പറി’ലെ പുതുവര്ഷത്തീരുമാനഡയലോഗ് എന്നെ അരവിന്ദനെത്തന്നെ ഓര്‍മ്മിപ്പിച്ചത്.

ജീവിതവും ഇംഗ്ളീഷും ഒന്നും ഒട്ടും പിടിയില്ലാത്ത കാലത്താണ് അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയലോകവും’ വായിച്ചതെങ്കിലും മനുഷ്യര്‍ വലുതാകുമ്പോള്‍ പലതലങ്ങളിലായി ചെറുതാകുന്നു അവരുടെ ലോകം എന്ന ഒരേകദേശ ധാരണ, തൈരിന്പരപ്പിലെ കടകോലിനു ചുറ്റും ഉരുത്തിരിഞ്ഞ് ഒന്നിച്ചു കൂടാതെ പമ്പിനടക്കുന്ന വെണ്ണപോലെ രൂപപ്പെട്ടുവന്നത് ഇംഗ്ളീഷ് സംഭാഷണങ്ങള്‍ നിറയെ ഉള്ള ആ ഗ്രാഫിക് നോവലിലെ യാത്രയിലൂടെയാണ് എന്ന് നിസ്സംശയം പറയാം.
ജോലിതെണ്ടുന്ന യുവത്വകാലത്തിലെ മെലിഞ്ഞ രാമുവിന്റെ വിടര്‍ന്ന കണ്ണിലെ ക്ഷീണവും മാനേജീരിയല്‍ കേഡറില്‍ എത്തുന്ന തടിച്ച രാമുവിന്റെ കൂമ്പിപ്പോകുന്ന കണ്ണിലെ വിദേശമദ്യമയക്കക്ഷീണവും നോക്കിയിരിക്കുമ്പോഴൊക്കെ, എവിടെയൊക്കെ എത്തിയാലും എവിടെയുമെത്താത്ത ഒരാളിലൂടെ എല്ലാവരെയുമാണ് അരവിന്ദന് എനിക്കു വരച്ചു കാണിച്ചുതന്നത്. എവിടെയുമെത്താതെ പോകുന്ന ജീവിതത്തിലെ പരക്കം പാച്ചിലുകളിലെ തികച്ചും വിഭിന്നമായ പക്ഷേ നിസ്സംഗതയുടെ നേര്‍ത്ത നൂലിനാല്‍ ബന്ധിക്കപ്പെട്ട തുടക്കവും ഒടുക്കവും എനിക്കു പരിചിതമായത് രാമുവിന്റെ കണ്ണുകള്‍ ചിത്രങ്ങളാകുന്ന വരവഴികളിലൂടെയാണ്.
ഞാനാദ്യമായി ഒരു ബംഗാളിപ്പാട്ട് കേള്‍ക്കുന്നത് രാമുവിന്റെയും ഗുരുജിയുടെയും കൂട്ടുകാരന് ഗോപി കൊല്ക്കത്തജീവിതത്തിലേക്ക് ചേക്കേറി അവിടുന്ന് കല്യാണം കഴിച്ചു കൊണ്ടുവരുന്ന ബംഗാളിപ്പെണ്‍കുട്ടി അപൊര്ണ്ണ തലയിലൂടെ സാരിത്തുമ്പിട്ട് പാടുന്ന ചിത്രത്തിലേക്ക് ചെവി ചേര്‍ത്തു വയ്ക്കുമ്പോഴാണ്. ‘അമാരേ പൊഥ് തൊമാര്‍ പൊഥേര് ധേക്കേ അനേക് ദൂര്…’ ഇപ്പോഴും ചെവിയിലുണ്ട്.
എന്റെ ഇത്തിരി വട്ടത്തിനപ്പുറം ലോകസിനിമയെന്നും ലോകസാഹിത്യമെന്നും ലോകസംഗീതമെന്നും ലോകപെയിന്റിങ്ങുകളെന്നും ചില ക്ളാസിക് വഴികളുണ്ടെന്ന് മനസ്സിലായത് രാമുവിന്റെ കൂട്ടുകാരന് ജുബ്ബാ-ഗുരുജിയുടെ ഉച്ചിക്കഷണ്ടിയും തലപ്പുറകിലെ നാലഞ്ചുനാര് തലമുടിയും വട്ടക്കണ്ണടയും കട്ടിമീശയും ഊശാന്താടിയും കുത്തുകുത്തുരോമങ്ങളും നല്ല പൊക്കവും ചേര്‍ന്ന, കള്ളടിച്ചും കള്ളടിക്കാതെയുമുള്ള വാക്കുകളില്‍നിന്നാണ്. നിന്നേടത്തുനില്ക്കുന്നതല്ല ജീവിതം, സ്വപ്നത്തിലെ വഴികളെ അട്ടിമറിക്കലാണതിന്റെ സ്ഥിരം പണിയെന്നും രാമുവില്‍ നിന്നകന്നുപോയ ലീല മനസ്സിലാക്കിത്തന്നിടത്തോളം വേറാരും മനസ്സിലാക്കിത്തന്നിട്ടുമില്ല. ആ വലിയ അരവിന്ദലോകത്തിലെ രാമുവരകൾക്ക് മാതൃകയായത് ശബരി അങ്കിളാണെന്ന അറിവ്, തിരമാല പോലെ എന്നെ അങ്ങോട്ടിങ്ങോട്ടെടുത്ത് ഉലച്ചു കൊണ്ടിരുന്നു ആ രാത്രി മുഴുവൻ.
എനിക്കെന്നും കൗതുകമുള്ള ഒരു തൃക്കാക്കര കാഴ്ചയായിരുന്നു ശബരിയങ്കിളും സരോജാന്റിയും. അവരെന്നും വൈകിട്ടും രാവിലെയും നടക്കാനിറങ്ങും. കറുത്ത പുരികത്തിനുതാഴെ, കണ്ണില്‍ കരിമഷിയെഴുതി, വാക്കിങ് ഷൂവിട്ട് വളരെ പ്രസന്നയായ ഒരു വെണ്തലമുടിക്കാരി. കഷണ്ടി കയറി, തോളിലേക്ക് വീണുകിടക്കുന്ന നീളന്നരത്തലമുടിയുമായി ഒരല്പ ഗൗരവക്കാരന്‍ കൂടെ. ഇതിലാരെയാണ് നോക്കിനോക്കി കണ്നിറക്കേണ്ടത് എന്ന സംശയവുമായി അവരുടെയടുത്തുകൂടെ പോകുംവഴി, വണ്ടി മെല്ലെമെല്ലെയാക്കി അവരെ ആവോളം കണ്ടുരസിക്കുന്ന പതിവുണ്ടായിരുന്നിട്ടും ഞാനവരെ പരിചയപ്പെടാന്‍ ഒരുങ്ങാതിരുന്നത് എന്റെ അന്തര്‍മുഖത്വത്തിന്റെ ഭാഗമോ വളരെ ഇഷ്ടമുള്ള ഒരു കാഴ്ചയുടെ സൗന്ദര്യം ഞാനായിട്ട് മിണ്ടിമിണ്ടിക്കളയണ്ട എന്നു വിചാരിച്ചോ എന്ന് എനിക്ക് നിശ്ചയമില്ല. ഗൗരവക്കാരന്‍, വരക്കുന്നയാളാണ് എന്ന് ആരോ പറഞ്ഞറിഞ്ഞപ്പോള്‍ ഇഷ്ടം കൂടി.

ഒരിക്കല്‍ പാല് വാങ്ങാന്‍ വണ്ടി നിര്‍ത്തിയപ്പോള്‍, കട നടത്തുന്ന പ്രവീണാണ്, ‘ചേച്ചീ,രണ്ടുപേരിവിടെ പരിചയപ്പെടാന്‍ നില്ക്കുന്നു’വെന്നു പറഞ്ഞ് എന്നെ അവരുമായി വാക്കാല്‍ ചേര്‍ത്തുവച്ചത്. ‘അറിയാം, എനിക്ക്, നിങ്ങള്‍ രണ്ടാളും നടന്നു പോകുന്നത് കാണാന്‍ എന്തു ഭംഗിയാണ്,’ എന്നു പറഞ്ഞപ്പോള്‍ രണ്ടാളും ഒരു പോലെ ഇത്തിരിയൊന്നു നാണിച്ചുചുവന്നുചിരിച്ച് സ്നേഹപൂര്‍വ്വം നിന്നതില്‍പ്പിന്നെ ഞാനവരോട് തുരുതുരെ മിണ്ടാന്‍ തുടങ്ങിയതാണ്.
പക്ഷേ, ആല്ത്തറവൈകുന്നേരസംഘത്തിലെ നാട്ടുവര്‍ത്തമാനവും വായനാവിശേഷങ്ങളും പുസ്തകക്കൈമാറ്റവും ചേര്‍ന്ന സംഘത്തിലെ അംഗങ്ങളായി അച്ഛനും അവരും മാറുകയും പിന്നെന്നോ രാമുവിശേഷവുമായി അച്ഛന് വരികയും ചെയ്യുന്നതുവരെ, ശബരി അങ്കിളെനിക്ക് വളരെ പ്രിയപ്പെട്ട ഒരാള്‍ മാത്രമായിരുന്നു. കാലങ്ങളായി എന്റെയുള്ളിലുള്ള രാമു, എന്നെ കാണാന്‍ മാത്രമായി തിരുനക്കരെ നിന്ന് വന്ന് എന്റെ മുന്നില്‍ ശബരി അങ്കിളായി ഇരിക്കുകയാണെന്നായി പിന്നെ എന്റെ വിചാരം. അതുകൊണ്ടാണ് തൃക്കാക്കര അമ്പലത്തില്‍ കൂത്തുനടക്കുന്ന നേരം, അരങ്ങിലെ കാഴ്ച മതിയാക്കി, ഞാന്‍ ശബരി അങ്കിളിനെത്തന്നെ നോക്കിയിരുന്നതും ‘രാമുവിന്റെ കുരുവിക്കൂടു തലമുടി എങ്ങനെ ഇങ്ങനെ നീള്നരവരകളായി’ എന്ന് കൂത്തിനിടയില്ത്തന്നെ ആന്റിയോട് ചെവിയില്‍ ചോദിച്ചതും ‘മോള് വാ,പഴയ ഫോട്ടോ കാണിച്ചു തരാം, അതിലൊക്കെ ആള് രാമു തന്നെയാ,’ എന്നു പറഞ്ഞതു കേട്ട് ചിരിച്ചുസമാധാനിച്ചതും.
എനിക്ക് വയ്യാതിരുന്ന കാലത്ത് ശബരി അങ്കിള്‍ വീട്ടില്‍വന്നു. മോളെ, നീ ഇതും കടന്നുകയറും, ‘Am confident about your will power,’ എന്നു പറഞ്ഞത്തവണ എന്റെ തോളില്‍ത്തട്ടി ചിരിച്ചയാള്‍, അടുത്ത തവണ വന്നപ്പോള്‍ എന്റെ സ്ഥിതി കുറച്ചുകൂടി മോശമായിരുന്നു. എല്ലാത്തില്‍നിന്നും ഡിറ്റാച്ച്ഡ് ആകാനാണ് ഇപ്പോള്‍ സ്വയം പഠിപ്പിച്ചു വച്ചിരിക്കുന്നത്, എന്നാലും ചിലപ്പോഴൊക്കെ അറ്റാച്ച്ഡ് ആയി പോകുന്നു എന്ന് പറഞ്ഞ തവണ അങ്കിളിന്റെ കണ്ണില്‍ എന്നെ കുറിച്ചുള്ള വേവലാതിയായിരുന്നു അലയടിച്ചത് എങ്കില്‍, എന്റെ കാര്യങ്ങള്‍ വല്ലാതെ വഷളായ മൂന്നാം കാഴ്ചയില്‍ മരുന്നും വെള്ളവും ഇറക്കാന്‍ വയ്യാതെയും ഛര്‍ദ്ദിക്കാന്‍ പോലും വയ്യാതെയും കുഴഞ്ഞുകിടപ്പായിരുന്നു ഞാന്‍.
എന്റെ കിടക്കയുടെ അരികത്തുനിന്ന് വലിയ ഭാരമുണ്ടെന്ന പോലെ കാലുകള്‍ വലിച്ചുവലിച്ചു നിശബ്ദം നടന്നുപോയ ഒരാളായി മാറി അന്നേരം ശബരി അങ്കിള്‍. ഇത്തിരി തുറന്ന കണ്ണിനിടയിലൂടെ ഒഴുകിമായുന്ന കാഴ്ചപോലെ ഞാനാ രൂപം കാണുന്നുണ്ടായിരുന്നു. ബോധാബോധത്തിന്റെ പലപല തുണ്ടുകള്‍ ചേര്‍ത്തുവച്ച് ഞാന്‍ ഒത്തിരിഒത്തിരി അഭിമാനത്തോടെ, എനിക്ക് കാണാനാകാത്ത ആരോടോ എന്നിട്ടും ചോദിച്ചു, ‘കണ്ടോ, ആരാ എന്നെ കാണാന്‍ വന്നതെന്നറിയാമോ, അരവിന്ദന്റെ രാമുവാണ്.’
വലിയ ലോകത്തിലെ രാമു, ചെറിയ എന്നെ കാണാന്‍ വന്നതിന്റെ ലഹരി വന്നു തൊട്ട് ഞാന്‍ പിന്നെ മയങ്ങിപ്പോയി.

എനിയ്ക്ക് സുഖമായപ്പോള്‍ ശബരിഅങ്കിള് സ്വതസിദ്ധമായ മിതഭാഷിത്വത്തെ കൂട്ടുപിടിച്ച് ജീവിതം പറഞ്ഞു ഒരിയ്ക്കല്‍ എന്നോട്. ഞാനത് കേട്ടെഴുതി. അതാണിത്.
ചെറുപ്പം
കെ നാരായണപ്പണിക്കരുടേയും പാറുക്കുട്ടിയമ്മയുടെയും എട്ടുമക്കളിലൊരാളായിരുന്നു ഞാന്‍. അച്ഛന് കോട്ടയത്ത് വക്കീലായിരുന്നു.
ഞാന്‍ പ്രീയൂണിവേഴ്സിറ്റിയ്ക്ക് കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയാണ് പഠിച്ചത്. ഡിഗ്രിയ്ക്ക് ഹിസ്റ്ററി, പോളിറ്റിക്സ്, എക്കണോമിക്സ്. പിന്നെ കല്‍ക്കത്തയിലെ അതിപ്രശസ്തമായ എസ് കെ ചാറ്റര്‍ജി ആന്റ് കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിയ്ക്ക് ചേര്‍ന്ന്, പകുതിക്കു വച്ചതുപേക്ഷിച്ചു. അന്നേ, എന്റെയും ജി അരവിന്ദന്റെയും പൊതുസുഹൃത്തായിരുന്ന എന്‍ ശ്രീകണ്ഠന്‍നായര്‍ പ്രവചനാത്മകമായി എന്നോട് പറഞ്ഞു, ‘You will end up as an artist.’ പെയിന്റിങ്ങിലേക്ക് സീരിയസായിതന്നെ തിരിഞ്ഞു ഞാന്‍ പിന്നീട്. വര എനിയ്ക്കൊരു വാസനയായിരുന്നു. ആരുടെ കീഴിലും പഠിച്ചിട്ടില്ല വര.
അന്നത്തെകാലത്ത് കലാകാരന് എന്നു പറഞ്ഞാല്‍ ചങ്ങമ്പുഴ എന്നും, കഞ്ചാവടിക്കുന്നവരെന്നൊക്കെയും ആയിരുന്നു പൊതു സങ്കല്പം. ആ രീതിയ്ക്കൊക്കെ ഒരു അപവാദമായിരുന്നു എന്റെ വീട്.
എന്റെ വീട്ടില്‍ കുറെയൊക്കെ സ്വാതന്ത്ര്യം അനുവദിച്ചുതന്നിരുന്നു. എന്നാലും അമ്മവാന്മാര്ക്കൊക്കെ വലിയ എതിര്‍പ്പായിരുന്നു ചിത്രകലയോടും ചിത്രകാരന്മാരോടും.
നാഷണല്‍ എക്സിബിഷന് ഓഫ് പെയിന്റിങ്, എറണാകുളത്തെ പൈലിപ്പിള്ള ഹാളില്‍ ( ഇന്നതിന്റെ സ്ഥാനത്താണ് മഹാരാജാസ് കോളേജ് ഗ്രൗണ്ടിനടുത്തുള്ള എല്‍ഐസി ബില്‍ഡിംഗ്) നടന്നപ്പോള്‍ എനിയ്ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടി.
എന്റെ ഇരുപതാം വയസ്സില്‍ ലളിതകലാ അക്കാദമിയുടെ എക്സിബിഷനിലേയ്ക്ക് ഞാന്‍ ചിത്രങ്ങളയച്ചിട്ട്, പ്രദര്ശനാര്ഹമായി അവ തിരഞ്ഞെടുക്കപ്പെടുകയും പ്രദര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തോ അതില്‍ നിന്നൊന്നും എനിയ്ക്ക് പ്രചോദനം കിട്ടിയിട്ടില്ല. ജന്മനാ ഉള്ള സര്‍ഗ്ഗശക്തി സ്വയം വളര്‍ത്തിക്കൊണ്ടുവരിക അതായിരുന്നു എന്റെ രീതി.

അരവിന്ദസൗഹൃദം
ജി അരവിന്ദനും ഞാനുമായിരുന്നു എപ്പഴും കൂട്ട്. ഒരേ നാട്ടുകാരും അയല്‍ക്കാരുമൊക്കെ ആയിരുന്നു ഞങ്ങള്‍. ഒന്നര വയസ്സിന്റെ വ്യത്യാസമേ ഞങ്ങള്‍ തമ്മിലുള്ളു. സിഎംഎസ് കോളേജില്‍ അരവിന്ദന് എന്റെ സീനിയറായിരുന്നു.
അരവിന്ദനൊക്കെക്കൂടി നടത്തിയിരുന്ന ട്യൂട്ടോറിയലില് ഞാന്‍ ഇംഗ്ളീഷും അരവിന്ദന് ബയോളജിയും പത്താംക്ളാസുകാര്ക്കായി പഠിപ്പിച്ചിട്ടുണ്ട്. രണ്ടുമാസത്തിനകം ഞാനതുവിട്ട് കല്ക്കട്ടക്കുപോയി.
ഒരു എ രാമചന്ദ്രനുണ്ടായിരുന്നു അരവിന്ദന്റെ ക്ളാസ്മേറ്റായി. നന്നായി വരയ്ക്കും, പാട്ടുപാടും. രാമചന്ദ്രന് ശാന്തിനികേതനില്‍ നാലുവര്‍ഷ ബി എഫ് എയ്ക്ക് അഡ്മിഷന് കിട്ടി. ഒരു വര്‍ഷം കഴിഞ്ഞ് ഒരു മാസലീവിനു വന്നപ്പോള്‍, എന്നോട്, ‘നീ ശാന്തിനികേതനില്‍ അപ്ളൈ ചെയ്യണം, നിനക്ക് തീര്‍ച്ചയായും കിട്ടും,’ എന്നു പറഞ്ഞു രാമചന്ദ്രന്. പോകാന്‍ നേരം, എന്തു തീരുമാനിച്ചു എന്നെന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, ഇവിടെയായിരുന്നപ്പോള്‍ നിനക്ക് നിന്റേതായിരുന്ന ഒരു ശൈലി ഉണ്ടായിരുന്നു. നീ, നിന്റെ സര്‍ഗ്ഗശക്തി കളഞ്ഞിട്ടാണ് ഇപ്പോള്‍ തിരിച്ചുവന്നിരിയ്ക്കുന്നത്. ശാന്തിനികേതനലെ നന്ദലാല്‍ ബോസിന്റെയും രാം കിങ്കറിന്റെയും ചുവട് പിടിച്ച് വരയ്ക്കുന്ന ഒരാളായി നീ മാറിയിരിയ്ക്കുന്നു. അയാള്‍ പിന്നെ അവിടെ ഡീന്‍ ആയി. കേരളത്തില്‍ ലളിതകലാ അക്കാദമി ചെയര്‍മാനുമായി.
അന്ന് ചെറുപ്പത്തില്‍ എനിയ്ക്കും അരവിന്ദനും സിഎന്‍ ശ്രീകണ്ഠന് നായരുടെ കൂടെ നടക്കാനുള്ള ഭാഗ്യം കിട്ടി. കോട്ടയത്ത് ‘ദേശബന്ധു’വിന്റെ എഡിറ്ററായി അദ്ദേഹം വന്നുചേര്‍ന്ന കാലമായിരുന്നു അത്. ഞങ്ങളുടെ വലിയൊരു വെല്‍ വിഷറായിരുന്നു അദ്ദേഹം. വളരെയധികം പ്രോത്സാഹിപ്പിച്ചു. ആത്മധൈര്യം ഇരട്ടിപ്പിച്ചു തന്നു, ഫ്രീ ആയി ജീവിയ്ക്കാന്‍. ഞാനും അരവിന്ദനും ‘ദേശബന്ധു’വിലെ കഥകള്‍ക്കുവേണ്ടി പലപ്പോഴും ഇലസ്ട്രേറ്റ് ചെയ്തു. പിന്നെ അദ്ദേഹം ‘കേരളഭൂഷണ’ത്തിലേക്കുമാറിയപ്പോള്, ഒരു മുഴുവന്‍ വാര്‍ഷികപ്പതിപ്പിലെ കഥകള്‍ക്കുവേണ്ടി ഞങ്ങള്‍ വരച്ചു.
പിന്നീട് എറണാകുളത്ത് അദ്ദേഹം ശ്രീമുദ്രാലയം എന്ന പ്രസ് നടത്തിയ കാലത്താണ് അരവിന്ദന്, ‘കാഞ്ചനസീത’യിലേക്ക് ആകൃഷ്ടനാകുന്നത്.
വരഗുരു
അരവിന്ദന് റബ്ബര്‍ബോര്‍ഡില്‍ കോതമംഗലത്ത് ഉദ്യോഗമായി അവിടെ താമസം തുടങ്ങി. തലേക്കൊല്ലം വരെ തിരുനക്കര അമ്പലപ്പടവുകളിലിരുന്ന് വാചകമടിച്ചിരുന്നവരാണ് ഞങ്ങള്‍. ഐ സ്റ്റാര്‍ട്ടഡ് മിസിങ് ഹിസ് കംപനി. വെള്ളിയാഴ്ച വൈകുന്നേരമാകുമ്പോഴേയ്ക്ക് ഞാാന്‍ കോതമംഗലത്തേക്കുള്ള വണ്ടി കയറും. ശനിയും ഞായറും അവിടെ. അതൊരു പതിവായി. അന്ന് ഞങ്ങള്‍ ‘കേരളഭൂഷണം,’ ‘മനോരമ’യിലേക്കെക്കെ ബിറ്റ് കാര്‍ട്ടൂണ്‍സ് വരയ്കും. കേരളത്തില്‍ ആകെയുള്ള ഒരു ഇംഗ്ളീഷ് വീക്കിലിയായിരുന്നു സിജെ തോമസ് നടത്തിയിരുന്ന ‘വീക്ക്ലി കേരള.’ അതിലും ഞങ്ങള്‍ കാര്‍ട്ടൂണ്‍ വരച്ചു.
എംആര്‍ഡി ദത്തന്, ബാബുറാം എന്നിവരുടെ അച്ഛന് എം രാമന് ആണ് എറണാകുളത്ത് ആദ്യമായി കൊച്ചിന് സ്കൂള്‍ ഓഫ് ആര്‍ട്സ് തുടങ്ങുന്നത്.
എറണാകുളത്തു താമസിക്കുന്ന 1964 കളില്‍ ഞാന്‍ അവിടെ വൈകുന്നേരങ്ങളില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. പോഞ്ഞിക്കര റാഫിയൊക്കെ ദത്തനും ബാബുറാമിനുമൊപ്പം അന്നെന്റെ ചങ്ങാതികളായി.
പോർട്രെയ്റ്റ് വരയില്‍ കെങ്കേമനായിരുന്നു ആര്‍ട്ടിസ്റ്റ് രാമന്. അന്ന് മിക്ക ഈഴവവീടുകളിലും വച്ചിരുന്ന ശ്രീനാരായണ ഗുരുവിന്റെ ഛായാചിത്രമെല്ലാം തന്നെ അദ്ദേഹം വരച്ചതാണ്. ഗുരുവിനോടുള്ള ഇഷ്ടം കൊണ്ടാണ് ആ പോർട്രെയ്റ്റ് വരയെല്ലാംതന്നെ. ചിത്രമൂലയില്‍, എം രാമന് എന്ന ഒപ്പുണ്ടാവും. ശരിയ്ക്കും ജീവനുള്ളതെന്ന മാതിരിയാണ് തോന്നുക. അസ്സലേത് പകര്‍പ്പേത് എന്നന്തം വിട്ടുപോകും. അത്തരമൊരു പോർട്രെയ്റ്റ് നൈപുണ്യം ലണ്ടനിലും പാരീസിലും ലോകത്തങ്ങോളമിങ്ങോളമുള്ള ആര്‍ട്ട്ഗാലറികളില്‍ പോയിട്ടും ഞാനിതുവരെ കണ്ടിട്ടില്ല.

മൈക്കിളാശാന്‍ കൊച്ചിന് സ്കൂള്‍ ഓഫ് ആര്‍ട്സിലെ ആര്‍ട്ടിസ്റ്റായിരുന്നു. പിന്നെ കോതമംഗലത്ത് കാത്തലിക് പള്ളിയുടെ കീഴില്‍ സെനിത് സ്കൂള്‍ ഓഫ് ആര്‍ട്സ് തുടങ്ങി. മൈക്കിളാശാന്‍ ആണ് എന്റെ അപ്രഖ്യാപിത ഗുരു. അത് പക്ഷേ 1956 കാലഘട്ടങ്ങളിലാണ്.
അരവിന്ദനെ കാണാന്‍ എല്ലാ ആഴ്ചയും കോതമംഗലത്തു പോകുമായിരുന്നല്ലോ ഞാന്‍. വരയുടെ ടെകിനിക്കാലിറ്റീസ് പഠിച്ചത് അങ്ങനെ മൈക്കിളാശാന്റെ അടുത്തുനിന്നാണ്, ഒരു ഹാളില്‍ അരവിന്ദന്റെ ഓഫീസും അതിനോടു ചേര്‍ന്ന മുറിയില്‍ അരവിന്ദന്റെ താമസവും. അതിനടുത്ത ഹാളില്‍ സെനിത് സ്ക്കൂളും. ചെറിയ റൂമില്‍ മൈക്കിളാശാന്റെ താമസം ഏഴുവയസ്സുള്ള അനിയത്തിയുമൊത്ത്. നാല്പ്പതുകളിലാണ് പുള്ളി കല്യാണം കഴിയ്ക്കുന്നത്. അതോടെ പ്രാരാബ്ധക്കാരനായി. പിന്നെ മദ്രാസിലേയ്ക്ക് മാറി, മരണം വരെ അവിടെത്തന്നെയായിരുന്നു.
എന്റെ മകള്‍ ആരതിയുടെ അടുത്തു മദ്രാസില്‍ ചെല്ലുമ്പോള്‍ ഞാനദ്ദേഹത്തെ പോയി കാണുക പതിവായിരുന്നു. അദ്ദേഹം മരിക്കും വരെയും ഞാന്‍ ആ പതിവ് തുടര്‍ന്നു. സ്കെച്ച് ചെയ്യുമ്പോ ആശാന് ബ്ളാക് ഉപയോഗിക്കില്ല. തലമുടി കടും കറുപ്പാണെങ്കില്‍ പോലും കറുപ്പുപയോഗിക്കില്ല. അദ്ദേഹം ഉപയോഗിച്ചു കഴിഞ്ഞ് പാലെറ്റില്‍ ബാക്കി വരുന്ന കളേഴ്സ് കൊണ്ട് നൈഫ് ഉപയോഗിച്ച് ഞാന്‍ പെയിന്റ് ചെയ്യും. മൈക്കിള്‍ ആശാന്റെ സ്റ്റുുഡന്റായ ശശികുമാറിനെയും താടിയില്ലാത്ത ചെറുപ്പക്കാരനായ ഇരുപതുകളിലെ അരവിന്ദനേയും ഞാനങ്ങനെ വരച്ചിട്ടുണ്ട്. അതിപ്പോഴും എന്റെ കൈയിലുണ്ട്.

ചെറിയ മനുഷ്യരും വലിയ ലോകവും
അങ്ങനെയിരിക്കുമ്പോ മാതൃഭൂമി വീക്കിലിയില്‍ നിന്ന് അരവിന്ദനൊരു കത്ത്. എന്‍വി കൃഷ്ണവാര്യരുടെ. കോഴിക്കോട് മാതൃഭൂമിയുടെ ഓഫീസില്‍ വരണം, വരയുടെ ഒരു പംക്തി തുടങ്ങാനാണ്. അരവിന്ദന് ജന്മം ചെയ്താല്‍ പോവില്ല. ഞാനും കൂടി വരാമെന്നു പറഞ്ഞു, ആലുവയില്‍ നിന്ന് ഷട്ടിലില്‍ കോഴിക്കോടേയ്ക്ക് പോയി. രണ്ടു പേരുടെയും കൂടി കൈയില്‍ പതിനെട്ട് രൂപയേ ഉള്ളൂ. മാതൃഭൂമി ഗേറ്റില്‍ ചെന്നപ്പോള്‍ അവര്‍ ഉള്ളിലേക്ക് കടത്തിവിടില്ല. ഭാഗ്യത്തിന് അരവിന്ദന് വന്ന കത്ത് ഞാന്‍ കൈയിലെടുത്തിരുന്നു. അതു കാണിച്ച് അകത്തു കടന്നു. അരവിന്ദന് ഇരുപതു വയസ്സ്. അരവിന്ദന് ഒറ്റയ്ക്കകത്തേയ്ക്ക് കയറിപ്പോയി. അഞ്ചുമിനിട്ടു കഴിഞ്ഞ് തിരികെ വന്ന് എന്നെയും കൂട്ടി. സംസാരിക്കാന്‍ വളരെ വിമുഖതയുള്ളയാളാണല്ലോ അരവിന്ദന്.
വരയുടെ പംക്തിക്ക് എന്തു വിഷയം വേണം എന്ന് എന്‍വി ഞങ്ങളുമായി ആലോചിച്ചു. ജാതക കഥകള്‍, പഞ്ചതന്ത്രം, രാമായണം അങ്ങനെ പല വിഷയങ്ങളും വന്നു പോയി. പക്ഷേ ഞങ്ങളൊന്നും മിണ്ടുന്നില്ല. ‘എന്താ കുട്ടികളെ നിങ്ങളൊന്നും മിണ്ടാത്തത്,’ എന്നായി എന്‍വി. ഒരു ദിവസത്തെ സമയം വേണം എന്നു പറഞ്ഞു ഞങ്ങള്‍. പക്ഷേ എവിടെ താമസിയ്ക്കും? നമ്പൂതിരി പറഞ്ഞു, ‘എന്റെ കൂടെ കൂടാം,’ എന്ന്. നമ്പൂതിരിയും എഎസ് നായരും കൂടി ഒരു ചെറിയ വീട് വാടകയ്ക്കെടുത്ത് താമസമാണ്. രാത്രി മുഴുവന്‍ ഞങ്ങള്‍ കിടന്നാലോചിച്ചു.
എനിയ്ക്ക് ഒരു ഐഡിയാ ഉണ്ട്. പക്ഷേ ചെയ്യേണ്ടത് അരവിന്ദനാ എന്നു ഞാന്‍ പറഞ്ഞു, അത്ഭുതമെന്നു പറയട്ടെ അരവിന്ദന് പറഞ്ഞതും ഞാന്‍ വിചാരിച്ചതും ഒരേ കാര്യം തന്നെ. നമ്മളെന്തിനാ കഥാപാത്രങ്ങളെ തേടി അലയുന്നത്, നമുക്ക് നമ്മളൊക്കെത്തന്നെ കഥാപാത്രങ്ങളായിട്ടുള്ള ഒരു പരമ്പര വരച്ചാല്‍ പോരേ? പേരുകള്‍ പോലും അതൊക്കെ തന്നെ മതി. അങ്ങനെയാണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ ഉണ്ടാകുന്നത്. അന്ന് മാതൃഭൂമിയില്‍ വിഎം നായരും എംടി വാസുദേവന്‍ നായരുമൊക്കെയുണ്ട്. എംടി, അപ്രന്റിസാണ് അന്ന് എഡിറ്റോറിയല്‍ ബോര്‍ഡില്‍.
കഥാപാത്രങ്ങളുടെ വേരും ഇലകളും
ഗുരുജി സംസാരിയ്ക്കുന്നത് അരവിന്ദന്റെ ഫിലോസഫിയാണ്. മാത്തമാറ്റിക്സിലെ ബാലന്മാഷുടെ രൂപമാണ് ഗുരുജിയ്ക്ക്. അതായത് സമ്മിശ്രം. ഗോപി, ഡോക്റ്റര്‍ ഗോപിയാണ്. എപ്പോഴും ഗോപി, ഓള് റൗണ്ടറായിരുന്നു. ബ്രൈറ്റ് സ്റ്റുഡന്റായിരുന്നു. ഗോള്‍ഡ് മെഡലിസ്റ്റായിരുന്നു. ന്യൂസിലന്‍ഡില്‍ അനസ്തെറ്റിസ്റ്റ് ആയി പിന്നീട്. എന്റെ ചേട്ടന് എന്‍ ഗോപലാകൃഷ്ണന്റെയും ഡോ ഗോപിയുടെയും മിക്സാണ് ഗ്രാഫിക് നോവലില്‍ ഗോപി.
ഗോപാലകൃഷ്ണന് ചേട്ടന് ഐപിഎസ് കിട്ടി അതുവേണ്ടൈന്നുവച്ച് ഇന്‍ഡ്യന്‍ റെയില്‍വേ സര്‍വീസില്‍ ചേര്‍ന്നപ്പോള്‍ ആദ്യ അപ്പോയന്റ്മെന്റ് കല്‍ക്കട്ടയിലായിരുന്നു. (നരസിംഹറാവുവിന്റെ ‘ദ ഇന്‍സൈഡര്‍’ വിവര്‍ത്തനം ചെയ്ത് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പ്രശസ്ത വിവര്‍ത്തകനും കോളമിസ്റ്റും ആണ് അദ്ദേഹം).
ഗോപി കല്യാണം കഴിച്ച മധ്യപ്രദേശുകാരിയെയാണ് അരവിന്ദന് അപൊര്ണ്ണ എന്ന ബംഗാളി ആക്കിയിരിക്കുന്നത്. വീടിനടുത്ത് കട നടത്തിയിരുന്ന മുഹമ്മദാണ് അബു എന്ന കടക്കാരന്. മുഹമ്മദ്, കട നിര്‍ത്തി പോയപ്പോള്‍, വേറോരു കടയിലുള്ള മണിയെ അരവിന്ദന് അക്കഥാപാത്രത്തിനു വേണ്ടി ഫോളോ ചെയ്തു.
ലീല, എന്റെ അക്കാലത്തെ സുഹൃത്തും ക്ളാസ്മേറ്റുമായിരുന്ന ലീലാമ്മയാണ്. നന്നായി പഠിക്കുമായിരുന്നു. പേരു കൊണ്ടു മാത്രമേ അക്കഥാപാത്രത്തിന് ലീലാമ്മയുമായി ബന്ധമുള്ളു. അതൊരു ഫിക്ഷണല്‍ കാരക്റ്ററാണ്. ലില ഒരു സുഡാനിയെ കല്യാണം കഴിച്ച്, അവിടെ ഒരു സ്ക്കൂള് നടത്തി കഴിയുകയായിരുന്നു പിന്നീട്. എന്റെ വീട്ടിലെ അവസ്ഥ തന്നെയാണ് രാമുവിന്റെ വീട്ടിലേതായി കാണിച്ചിരിക്കുന്നത്. ഫാമിലി മെംബേഴ്സും ഒക്കെ ഏതാണ്ട് അങ്ങനെ തന്നെ.
പിക്ചറൈസ്ഡ് ഫിലോസഫി ആണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും.’ ഒരു മധ്യവര്‍ത്തി കുടുംബത്തിലെ ചെറുപ്പക്കാരന്റെ ആകുലതകള്‍ എന്നു പറഞ്ഞു കൂടാ, അത്തരമമൊരാളുടെ ചിന്തകളാണത്.

95 ശതമാനവും അരവിന്ദന്റെ ആശയങ്ങളാണ്. മൂന്നാഴ്ചത്തെ വരകള്‍ അഡ്വാന്‍സ്ഡ് ആയിട്ട് വരയ്ക്കും. പ്രീപ്ളാന്ഡ് അല്ലാതിരുന്നിട്ടും അതിന്റെ കണ്ടിന്യുവിറ്റി അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതെഴുതിയാണ് അരവിന്ദന് തിരക്കഥയെഴുത്തിനുള്ള ബെയ്സ് ആയത്. മൂവീസും പുസ്തകങ്ങളുമാണതില് കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത്. അതിലെ ലെവല്‍ ഓഫ് തിങ്കിങ് വളരെ ഉയര്‍ന്നതായിരുന്നു.
പിന്നെ അരവിന്ദന് കോഴിക്കോടേക്ക് മാറ്റമായി റബ്ബര്‍ബോര്‍ഡില്‍. അപ്പോ അവിടെ പാരഗണ്‍ ലോഡ്ജില്‍ താമസം. ഞാനവിടെയും പോയി അരവിന്ദനെ കാണാനും കമ്പനി കൂടാനും. പട്ടത്തുവിള, എംടി, നമ്പൂതിരി, ബാലന് കെ നായര്‍, കുഞ്ഞാണ്ടി തുടങ്ങി പത്തുപേരോളം ഉണ്ടാവും വൈകുന്നേരമവിടുത്തെ ഒത്തുചേരലില്‍. അത് 1965 -66 കാലത്താണ്. ‘ചെറിയ മനുഷ്യരും വലിയലോകവും’ തുടങ്ങുന്നത് 1961ലാണ്. അരവിന്ദന്റെ കോഴിക്കോട് കാലത്തല്ല കോതമംഗലം കാലത്താണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ ജനിച്ചത്. 1961 മുതൽ ഏതാണ്ട് 13 വർഷക്കാലം നീണ്ടുനിന്നു ഈ വരയുടെ കാലയളവ്.
അരവിന്ദന് സ്വമേധയാ നിര്‍ത്തിയതല്ല അത്. റബ്ബര്‍ ബോര്‍ഡിലെ തിരക്കും കൂട്ടുകാരുമായുള്ള തിരക്കും കാരണം ഒരു തവണ, വര അഡ്വാന്‍സ്ഡ് ആയി എത്തിക്കാന്‍ പറ്റാതെ വന്നു. അരവിന്ദനോട് പറയുകയോ, അരവിന്ദന് നോട്ടീസ് കൊടുക്കുകയോ ചെയ്യാതെ, ചില തത്പരകക്ഷികളുടെ ഇടപെടല്‍ മൂലം അടുത്ത ലക്കംമുതല്‍ വിഎം ഗഫൂറിന്റെ കാര്‍ട്ടൂണ്‍ എന്ന് മാതൃഭൂമി പരസ്യം കൊടുക്കുകയാണുണ്ടായത്. അത് അരവിന്ദന് വലിയ വേദനയായി. പതിനായിരക്കണക്കിന് സര്‍ക്കുലേഷനാണ് മാതൃഭൂമിയില്‍ അരവിന്ദന് വരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കൂടിയിരുന്നത്. അരവിന്ദന് വര നിര്‍ത്തിയതും സര്‍ക്കുലേഷന്‍ കുത്തനെ കുറഞ്ഞു.
പിന്നെ അരവിന്ദന് ഉത്തരായണത്തിന് അവാര്ഡൊക്കെയായി. ഉത്തരായണത്തിന്റെ ലൊക്കേഷനിലേക്ക് അരവിന്ദനെന്നെ നിര്‍ബന്ധപൂര്‍വ്വം വിളിച്ചുകൊണ്ടുപോയിട്ടുണ്ട്. എന്തോ, സിനിമ എന്റെ ഇടമായിരുന്നില്ല, അതുകൊണ്ട് എനിക്കതില്‍ അധികം താത്പര്യം തോന്നിയില്ല.
Read More: അരവിന്ദന്റെ കാര്‍ട്ടൂണ്‍ പരമ്പര ഗ്രാഫിക് നോവലിലേക്ക് എത്തിച്ച ആള്
തിരുവനന്തപുരത്തു നിന്ന് വിദ്യാര്‍ത്ഥികളുടെ ഒരു ഗ്രൂപ്പ് പിന്നെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ പുസ്തകമാക്കി. ശ്രമിച്ചെങ്കിലും എനിയ്ക്ക് അതിന്റെ കോപ്പി സംഘടിപ്പിക്കാനായില്ല. പിന്നെ 1997 ല്‍ ഇതിറക്കിയത് ഡി സി ആണ്. ഇപ്പോ കാലങ്ങളായി ഇത് മാര്‍ക്കറ്റിലില്ല. ഇതുപോലൊരെണ്ണം പിന്നിന്നു വരെ മലയാളചരിത്രത്തിലുണ്ടായിട്ടില്ല. ഈ മോഡലില്‍ പലതും വരയ്ക്കാന്‍ പലരും ശ്രമിച്ചുവെങ്കിലും അരവിന്ദന് പറഞ്ഞതും വരച്ചതും പോലെയായില്ല ഒന്നും. ഇപ്പോ ഇതിനെ മലയാളത്തിലെ ആദ്യത്തെ ഗ്രാഫിക് നോവല്‍ എന്നാണ് വിളിയ്ക്കുന്നത്. അരവിന്ദനെക്കുറിച്ച് ഡോക്യുമെന്ററി ചെയ്തപ്പോള്‍, ഷാജി എന്‍ കരുണ്‍ വന്ന് എന്റെ അരവിന്ദനോര്മ ഷൂട്ട് ചെയ്തു കൊണ്ടുപോയി.

ജീവിതവരകള്
ഞാന്‍ 1963ല്‍ ഫാക്റ്റില്‍ കോമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റ് ആയി ചേര്‍ന്നു. എക്സിബിഷന്‍സും പവലിയന്സും ബുക്ലെറ്റ്സും ഡിസൈന്‍ ചെയ്യലായിരുന്നു അവിടെ പണി. അഞ്ചുവര്‍ഷം അതായത് 1963 മുതല്‍ ’68 വരെ അവിടെ ജോലി ചെയ്തു. നോക്കൂ,ഈ പെയിന്റിങ്, ഇതാണ് എനിയ്ക്ക് ഫാക്റ്റില്‍ ജോലി വാങ്ങിത്തന്നത്. അന്നു കൂടെ കൊണ്ടുപോയതില്‍ ഇതുണ്ടായിരുന്നു. ബോള്‍ റൂം ഡാന്‍സ് ചെയ്യുന്ന ഒരു കപ്പിളാണിത്. വെറും പേപ്പറാണ്, കട്ടിക്കടലാസ്, അന്ന് ക്യാന്‍വാസ് വാങ്ങാന്‍ കാശൊന്നുമില്ല. കുറച്ചു കൂടി വലുതായിരുന്നു ഇത്. അരിക് നശിച്ചപ്പോ വെട്ടി ചെറുതാക്കി വീണ്ടും ഫ്രെയിം ചെയ്തതാണ്. 1968 ല്‍ ഫാക്റ്റ് വിട്ടതില്‍പ്പിന്നെ, എ ആം ഓണ്‍ മൈ ഓണ്‍. എം കെ കെ നായരാണന്ന് ഫാക്റ്റ് എം ഡി. കലയെയും കലാകാരന്മാരെയും വിലമതിക്കുന്ന ആള്.
പക്ഷേ എനിയ്ക്ക് സ്വാതന്ത്ര്യം വേണമായിരുന്നു. സനാതനധര്‍മ്മമനുസരിച്ച് മോക്ഷം എന്ന വാക്കിന് സ്വാതന്ത്ര്യം എന്നല്ലേ അര്‍ത്ഥം! അവിടെ വളരെ ബുദ്ധിമുട്ടു നേരിടേണ്ടി വന്നു. ഐ വാസ് സ്റ്റാര്ഡിങ് ഔട്ട് ഓള് ദ റ്റെം. നമ്മള് മനസ്സില്‍ കാണുന്ന നിലവാരരൊന്നും ചുറ്റുമുള്ളവര്ക്കില്ല എന്നു തോന്നി. അതു ശരിയല്ല അങ്ങനെയല്ല ഇങ്ങനെയാണ് വേണ്ടത് എന്ന് പലരോടും പറയേണ്ടിവന്നു. ഞാന്‍ പറയുന്നതു കേട്ടാല്‍ മതി, ഞാനാണ് സുപ്പീരിയര്‍ ഓഫീസര്‍ എന്ന് അവരും പറഞ്ഞു. മൂന്നാമത്തെ തവണ കൊടുത്ത രാജിയാണ് ഒടുക്കം സ്വീകരിച്ചത്. എം കെ കെ നായരില്ലാത്ത ഒരു ദിവസം, ഒരു ശനിയാഴ്ച പേഴ്സണല്‍ മാനേജര്‍ക്ക് കൊണ്ടു കൊടുത്തു രാജി. സ്വീകരിയ്ക്കില്ല, നോട്ടിസില്ലാതെ തന്നു, കോടതിയില്‍ പോകേണ്ടി വരും എന്നൊക്കെ പറഞ്ഞു, എന്തായാലും തിങ്കളാഴ്ച തൊട്ട് വരില്ല എന്നനിലപാടില്‍ ഞാനുറച്ചു നിന്നു. ഒരു മണി അടുത്തപ്പോഴേയ്ക്കും രാജി സ്വീകരിച്ചു. ഞാന്‍ തിങ്കളാഴ്ച മുതല്‍ വരില്ല എന്നദ്ദേഹത്തിന് അതിനകം ഉറപ്പായിക്കഴിഞ്ഞിരുന്നു.
പിന്നെ തട്ടീം മുട്ടീമൊക്കെ ജീവിച്ചുപോന്നു. പ്രൈവറ്റായി ചെറിയ ചെറിയ ജോലികള്‍. ഫാക്റ്റ് കൊണ്ടല്ലാതെ ജീവിക്കാമെന്ന സാഹചര്യം വന്നപ്പോഴാണ് ഫാക്റ്റ് മതിയാക്കിയത്. രാംജി, എന്‍ പി കൃഷ്ണപിള്ള അവരൊക്കെ എന്റെ അഭ്യുദയകാംക്ഷികളായിരുന്നു. അവര്‍ വര്‍ക് പിടിച്ചു തരും. അങ്ങനെ സോവനീറുകളുടെ കവര്‍ ചെയ്യാന്‍ തുടങ്ങി. 1968 -69 കാലഘട്ടത്തില്‍ ഒരു കവര്‍ ഡിസൈനിങ്ങിന് മുന്നൂറുരൂപയൊക്കെ കിട്ടുക എന്നു വച്ചാല്‍ അതൊരു വലിയ തുകയാണ്. മാതൃഭൂമി പഞ്ചവത്സരപ്പതിപ്പിന്റെ കവര്‍ ചെയ്യുന്ന പണിയും കിട്ടി. ഇന്ഡസ്ട്രിയലൈസേഷന് പ്രമോട്ട് ചെയ്തു കൊണ്ടുള്ള ഗവണ്മെന്റ് വര്‍ക്കാണത്. പിന്നെപ്പിന്നെ മാതൃഭൂമിയില്‍ നിന്നൊക്കെ ഇഷ്ടം പോലെ വര്‍ക് വരും. ഓരോ ഇഷ്യുവിനും കവര്ഡിസൈനിങ് ഒക്കെ ആയിട്ട്.
നാലഞ്ച് കൊല്ലം കഴിഞ്ഞപ്പോ എക്സിബിഷന്‍സിന്റെ പവലിയന്‍സ് പ്രൈവറ്റായിട്ട് ഡിസൈന്‍ ചെയ്തു കൊടുക്കാന്‍ തുടങ്ങി.
രാമുവിന്റെ സരോജാകല്യാണം
1966ല്‍ എനിയ്ക്ക് 29 ഉം സരോജത്തിന് 21ഉം. 90 ശതമാനം പരസ്പരം ഇഷ്ടപ്പെട്ടുള്ള കല്യാണം. വീട്ടുകാരുടെ പങ്ക് വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളു. ഫാക്റ്റിലെ ജോലിക്കാരായ ഞങ്ങള്‍ താമസിച്ചിരുന്ന ഒരു വീടിനടുത്തായിരുന്നു സരോജത്തിന്റെ വീട്. അച്ഛന് മരിച്ചു. അമ്മ സരോജത്തിന് കല്യാണം ആലോചിയ്ക്കുന്ന കാലം. സരോജം ഫൈനല്‍ ഇയര്‍ ഡിഗ്രി, ഇക്കുട്ടിയെ കല്യാണം കഴിച്ചാലോ എന്ന് കൂടെ ഉള്ളവരോട് ഞാന്‍ ചോദിക്കുന്നു. സരോജയുടെ വകയിലൊരമ്മാവനോട്, കുട്ടിയ്ക്ക് സമ്മതമാണോ എന്നും ചോദിയ്ക്ക് എന്നു ഞാന്‍ തന്നെയാണ് നിര്‍ദ്ദേശിച്ചത്. സരോജം ഇക്കഥയൊന്നുമറിയാതെ തന്നെ, അന്ന് മാതൃഭൂമിയിലെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ വായിക്കുന്നുണ്ട്.

കല്യാണം കഴിഞ്ഞ് രാമുവിന്റെ ഛായ കണ്ട്, ഓരോന്ന് ചോദിക്കുമ്പോഴാണ് അവര്‍ക്ക് എല്ലാം മനസ്സിലാവുന്നത്. മൂന്നുകുട്ടികളില്‍ അവസാനത്തെ കുട്ടിയും സ്ക്കൂളില്‍ ചേര്‍ന്നതോടെ സരോജം, തോഷിബാ ആനന്ദില്‍ ജോലി ചെയ്തു പതിനേഴു വര്‍ഷം. ഏലൂരായിരുന്നു ആദ്യം താമസം. പിന്നെ ആലുവയ്ക്ക് മാറി. പിന്നെ പുല്ലേപ്പടി. അവസാനമാണ് തൃക്കാക്കര.
വര-വരവ്
1975 ല്‍ കല്‍ക്കട്ടയില്‍ കത്തിഡ്രല്‍ റോഡിലെ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സ് ഹാളില്‍ വച്ച് മ്യൂസിക് മോറ്റിവേറ്റഡ് തീം ബെയ്സ്ഡായ പെയിന്റിങ്ങുകളുടെ പ്രദര്‍ശനം നടന്നിട്ടുണ്ട്. അത് ഒരു കൊട്ടാരം പോലിരിയ്ക്കും. 12 ഓ 13 ഓ ഗാലറികളുണ്ട് അതിനകത്ത്. ഒരു ലേഡീ മുഖര്‍ജി ആയിരുന്നുന്നു അതിന്റെ പേട്രണും പ്രസിഡന്റും. ‘ഐ ഹാവ് നെവര്‍ കം എക്രോസ് സച് ഡൈവേര്സിഫൈഡ് പെയിന്റിങ്സ്’ എന്നു പറഞ്ഞു അവര്‍. എന്റെ പത്തു പെയിന്റിങ് എടുത്ത് ഒരുമിച്ചു വച്ചാല്‍ അത് ഒരേ ആള് ചെയ്തതാണെന്ന് പറയില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍, അതായിരുന്നു എനിക്ക് വേണ്ടിയിരുന്നതും. സ്റ്റൈലൈസ്ഡ് ആകാതിരിക്കുക, ഒരു പെയിന്റിങ്ങും മറ്റൊന്നു പോലാകാതിരിക്കുക -അതാണെന്റെ രീതിയും ആഗ്രഹവും. എവ്രി പെയിന്റിങ് ഷുഡ് ഹാവ് എ പെര്‍സണാലിറ്റി ഓഫ് ഇറ്റ്സ് ഓണ്‍. ഒരേപോലുള്ള പെയിന്റിങ് ആണ് നമ്മള് ചെയ്യുന്നതെങ്കില്‍ നമ്മള്‍ക്ക് വളര്‍ച്ചയില്ല എന്നാണര്‍ത്ഥം.

മൂന്ന് ദിവസത്തെ എക്സിബിഷനായിരുന്നു അത്. ഒരു ദിവസം രണ്ടുമൂന്നു ചെറുപ്പക്കാര്‍ വന്ന് ഓരോ പെയിന്റിങിന്റെയും മുന്നില്‍ ഒരുപാടു നേരം ചിലവഴിക്കുന്നതു കണ്ടു. ആര്‍ട്ട് ക്രിട്ടിക്സ് ആണെന്ന് ലേഡി മുഖര്‍ജി അവരെ പരിചയപ്പെടുത്തി. പിറ്റേന്ന് ‘അമൃത് ബസാര്‍ പത്രിക,’ ‘റ്റൈംസ് ഓഫ് ഇന്‍ഡ്യ,’ ‘സ്റ്റേറ്റ്സ്മാന്.’ ‘ദേശ് പത്രിക’ എന്നീ പത്രങ്ങളിലൊക്കെ റിപ്പോര്‍ട് വന്നു. ചിലതൊക്കെ ബംഗാളിയിലായിരുന്നു. അതവര് ഇംഗ്ളീഷിലാക്കിത്തന്നു. മക്കള്‍ ആ പേപ്പര്‍ കട്ടിങ്സ് ഒക്കെയെടുത്ത് സൂക്ഷിച്ചുവച്ചിട്ടുണ്ട്.
ആ റൈറ്റപ്പൊക്കെ വച്ച് എനിക്ക് വേണമെങ്കില്‍ ആളു കളിക്കാമായിരുന്നു. അങ്ങനെയൊരു താത്പര്യം തോന്നിയിട്ടില്ല. കേരള ഹിസ്റ്ററി അസോസിയേഷന്, രണ്ടു വോള്യങ്ങളിലായി ഇറക്കിയ കേരള ചരിത്രത്തില്‍, കേരളത്തിലെ ചിത്രകലയിലെ നവോത്ഥാന ചിത്രകാരന്മാരുടെ കൂട്ടത്തില്‍ എന്റെ പേരുണ്ട്. ആരെങ്കിലുമൊക്കെ പറഞ്ഞാണ് ഞാനിതൊക്കെ അറിയാറ്. കലാകാരന്മാര് അല്പത്തരങ്ങള്ക്കതീതരായിരിക്കണം. എനിക്ക് പ്രശസ്തിയല്ല സംതൃപ്തിയാണ് പ്രധാനം. ഞാന്‍ വരച്ചത് വേറെ ആരെങ്കിലും ആസ്വദിക്കുന്നുണ്ടോ എന്നതു പോലും എനിയ്ക്കു പ്രശ്നമല്ല. എന്റെ തനിമ, എനിയ്ക്ക് കോംപ്രമൈസ് ചെയ്യാന്‍ വയ്യ.

പെയിന്റിങ് ഈസ് എ പെയിന്റിങ്
ഈ പെയിന്റിങ്ങുണ്ടല്ലോ ഇത് 1976 ല്‍ വരച്ചതാണ്. അതായത് താരതമ്യേന പുതിയത് ആണിത്. ‘ലോസ്റ്റ് ഇന്‍ റെഡ്’ എന്നാണ് പത്രക്കാരെഴുതിയത്. കാഴ്ചക്കാരന് എന്തു തോന്നുന്നുവോ ആ പേരിട്ട് വിളിയ്ക്കാം എന്നൊരു സങ്കല്പ്പമാണെനിയ്ക്ക്. ഇത് ഹിന്ദുസ്ഥാനി രാഗമായ ദീപക്കിനെ അടിസ്ഥാനമാക്കിയാണ്. ദീപക് രാഗം ആലപിച്ചാല്‍ വിളക്കു താനേ തെളിയും. അതു കൊണ്ടിത് അഗ്നിയാണ്. ചുവപ്പ്.
ഇപ്പോഴും വരയ്ക്കണം എന്ന തോന്നാറുണ്ട്. ക്യാന്‍വാസ് ഒക്കെ റെഡിയാക്കി വച്ചിട്ടുണ്ട്. ഇപ്പോ ഡൈവെര്സിഫൈഡ് ഇന്റ്റസ്റ്റ് വന്നു, പാട്ടു കേള്‍ക്കല്‍, ഫിലോസഫി വായന അങ്ങനെയങ്ങനെ… അപ്പോ ഔട്ട്പുട് കുറവായി. അല്ലെങ്കിലും നല്ല കാലത്തും ആണ്ടിലൊരു പെയിന്റിങ് ഒക്കെ മാത്രം ചെയ്യുന്ന തരക്കാരനായിരുന്നു ഞാന്‍. വരയ്ക്കാനുള്ള തള്ളല്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ വരുമ്പോഴേ എനിയ്ക്ക് വരയ്ക്കാനിഷ്ടമുള്ളൂ. അന്‍പത് ശതമാനത്തിലേറെപ്പേരും വരയ്ക്കാന്‍ വേണ്ടി വരയ്ക്കുന്നവരാണ്. എനിയ്ക്ക് പക്ഷേ അബ്സൊല്യൂട്ട് എര്‍ജ് വരണം. റ്റു, വണ്‍ ഓഫ് മൈ പെയിന്റിങ്സ് ഷുഡ് നെവെര്‍ റിസംബിള്‍ ഈച്ച് അദര്‍.
പെയിന്റിങ് ഈസ് എ പെയിന്റിങ്. അത് പെയിന്റു കൊണ്ടുള്ള ഒരു വര്‍ക്ക് ആണ്. എങ്ങനെ പറയുന്നു, ചായങ്ങളിലൂടെ എന്നുള്ളതാണ് പ്രധാനം. ഒരു പെയിന്റിങ് കൊണ്ടെന്തുദ്ദേശിച്ചു എന്നു ചോദിയ്ക്കുന്നതും അതിനുത്തരം പറയുന്നതും മണ്ടത്തരമാണ്. എന്റെ പെയിന്റിങ്ങിനൊന്നും ടൈറ്റിലില്ല, പെയിന്റിങ് 1, 2, 3 എന്നിങ്ങനെയേ ഞാന്‍ എഴുതാറുള്ളൂ. എനിയക്ക് ലൈം ലൈറ്റ് അന്നും ഇന്നും ഇഷ്ടമല്ല, ഈ ലേഖനം പോലും ഞാന്‍ മരിച്ചു കഴിഞ്ഞിട്ടേ വരാവൂ എന്നാണെനിയ്ക്ക്…