scorecardresearch
Latest News

അക്ഷരത്തിന്റെ സൗന്ദര്യവും തലയെടുപ്പും

‘ചുറ്റും മഴ പെയ്യുമ്പോഴാണ് മിസ് ഭൂമി വിട്ടത്. എന്നിട്ടും എനിക്കാ നട്ടുച്ചകള്‍ തന്നെ ഓര്‍മ്മ വരുന്നു,’ എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സുജാതാദേവിയെ കുറിച്ച് സാഹിത്യകാരിയും ശിഷ്യയുമായ ലേഖികയുടെ ഓർമ്മ

അക്ഷരത്തിന്റെ സൗന്ദര്യവും തലയെടുപ്പും
Priya A S Sujatha Teacher Obituary

മഹാരാജാസില്‍ വരുന്നതിനും മുമ്പ്, മുഖമോ രൂപമോ അറിയുന്നതിനും മുമ്പേ തന്നെ എനിയ്ക്കറിയാമായിരുന്നു സുജാതാ മിസിനെ. എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ക്കെല്ലാം അക്ഷരം മിനുക്കി സുന്ദരമാക്കിക്കൊടുക്കുന്നയാളായിരുന്നു ഞാന്‍ മനസ്സില്‍ കണ്ടയാള്‍. അങ്ങനെയാണ് അഷിതയുടെ കുറിപ്പുകള്‍ വായിച്ച് എനിയ്ക്കു കിട്ടിയ ധാരണ. അതു കൊണ്ടു തന്നെ നേരിട്ട് കണ്ടപ്പോഴൊന്നും ഞാന്‍ മിസിന്റെ പുറംസൗന്ദര്യത്തില്‍ മയങ്ങിയില്ല. എനിയ്ക്കന്നുമിന്നും അക്ഷരത്തിന്റെ സൗന്ദര്യവും തലയെടുപ്പുമാണ് മിസ്.

അടുത്തായിരുന്നപ്പോള്‍ അകലെയായിരിക്കുകയും അകലെയായിരിക്കുമ്പോള്‍ അടുത്താവുകയും ചെയ്ത രണ്ടാളുകളായിരുന്നു ഞാനും സുജാതാ മിസും. മഹാരാജാസും എറണാകുളവും എന്ന ചേരുവകള്‍ ഇടയിലുണ്ടായിട്ടും പരസ്പരം അടുക്കാതിരുന്ന രണ്ടു പേര്‍, തിരുവനന്തപുരത്തു വച്ചു വീണ്ടും കണ്ടുമുട്ടി. ഞാനും മിസും എഴുതിയ അക്ഷരങ്ങളിലൂടെ ഞങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞ നട്ടുച്ചയെക്കുറിച്ച് ‘കഴുകിയാല്‍ മായാത്ത നട്ടുച്ച’ എന്ന കുറിപ്പ് ഞാനെഴുതിയത് വളരെ പണ്ടാണ്.

യുവ എഴുത്തുകാരികള്‍ക്കുള്ള ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌ക്കാരം എനിയ്ക്ക് സമ്മാനിതമായതിന്റെ പിറ്റേന്നു വെകുന്നേരം, ജീവിതത്തിലെ നട്ടുച്ചച്ചൂടെന്താണെന്ന് എനിയ്ക്ക് മനസ്സിലാക്കിത്തന്നത് മിസിന്റെ വാക്കുകളാണ്. പിന്നെ ഓരോ നട്ടുച്ചയും എന്നെ മിസിനെ ഓര്‍മ്മിപ്പിച്ചു കടന്നു പോയപ്പോള്‍ മിസ് അനുഭവിയ്ക്കുന്ന നട്ടുച്ചകള്‍ എന്ന ഓര്‍മ്മയില്‍ എനിയ്ക്ക് പൊള്ളി. അങ്ങനെ എഴുതിയതാണ് ഈ ലേഖനം.

പിന്നെ രണ്ടു തവണ കൂടി മിസിനെ കണ്ടു. എം ജി യൂണിവേഴ്‌സിറ്റിയില്‍ വച്ചും പിന്നെ കഴിഞ്ഞ വര്‍ഷവും . രണ്ടു കണ്ടുമുട്ടലിലും നട്ടുച്ച കൂടെയുണ്ടായിരുന്നു. പണ്ടത്തെ നട്ടുച്ചയില്‍ മിസിനെ പൊള്ളിച്ചത് മരിച്ചവരുടെ ഓര്‍മ്മകളായിരുന്നുവെങ്കില്‍, ബാക്കി രണ്ടുച്ചകളിലും മിസ് നട്ടം തിരിഞ്ഞത് ജീവിക്കുന്നവരുടെ ജീവിതം മെരുക്കാനുള്ള തത്രപ്പാടിലാണ്.

യാത്രയ്ക്കിടയില്‍ പാറിപ്പറന്ന തുവെള്ളത്തലമുടി ഒതുക്കി വയ്ക്കാതെ തളര്‍ന്ന ചിരി തന്ന് ഉമ്മ വച്ച് യാത്രയാക്കിയ അവസാനത്തെ നട്ടുച്ചയില്‍ മിസിന്റെ കൈയിലെ മൂന്നു പാക്കറ്റുകളിലും ജീവിതഭാരം കുത്തി നിറയ്ക്കപ്പെട്ടിരുന്നു. താഴെ വച്ചാലോ കൈ മാറിപ്പിടിച്ചാലോ മറ്റാരുടെയും കൈയിലേക്ക് ഏല്‍പ്പിച്ചാലോ തീരുന്ന ഭാരമല്ലെന്ന് മിസിനും എനിയ്ക്കും ആ നട്ടുച്ചയ്ക്കുമറിയാമായിരുന്നു. ആ നട്ടുച്ച തന്ന വൈവശ്യം എനിയ്ക്കും പിന്നെ താഴെയിറക്കിവയ്ക്കാന്‍ പറ്റിയിട്ടില്ല.

ചുറ്റും മഴ പെയ്യുമ്പോഴാണ് മിസ് ഭൂമി വിട്ടത്. എന്നിട്ടും എനിക്കാ നട്ടുച്ചകള്‍തന്നെ ഓര്‍മ്മ വരുന്നു.

‘കഴുകിയാല്‍ മായാത്ത നട്ടുച്ച’ എന്ന എന്റെ പഴയ ലേഖനമൊന്നു കൂടി വായിക്കുമ്പോള്‍, ജീവിതത്തിന് കഥയെന്നും കഥയ്ക്ക് ജീവിതമെന്നും പേരിടാം എന്നെനിയ്ക്ക് തോന്നുന്നു.

ബാക്കി രണ്ടു നട്ടുച്ചകള്‍ തന്ന വൈവശ്യം താഴെയിറക്കിവയ്ക്കാന്‍, അക്ഷരങ്ങളാക്കാന്‍ എനിയ്ക്ക് അല്പം കൂടി സമയം വേണം.

sujatha teacher,memories,pk ashita
സുജാത ടീച്ചര്‍

കഴുകിയാല്‍ മായാത്ത ഒരു നട്ടുച്ച

മഹാരാജാസിന്റെ  ജാലകപ്പടിയില്‍ കാല്‍ നീട്ടിയിരുന്ന് ഇംഗ്‌ളീഷ് ബി.എക്കാരി ഞാന്‍, സുജാതാദേവി എന്ന ഇംഗ്ലീഷ് മിസിനെ കണ്ണാലൊപ്പിയെടുത്തു. എന്നിട്ട്  സുഗതകുമാരിയുടെയും ഹൃദയകുമാരിയുടെയും അനിയത്തി സുജാതാകുമാരിയാകാഞ്ഞതെന്ത് എന്ന് സ്വയം ചോദിച്ചു.

‘എയര്‍ഹോസ്റ്റസായിരുന്നു,പിന്നെ ലക്ചറര്‍ ആയതാണ്’ എന്നായിരുന്നു സുജാതാ മിസിനെക്കുറിച്ച് ഞങ്ങള്‍  മഹാരാജാസ് ഇംഗ്‌ളീഷ് ബി.എക്കാര്‍ക്കിടയില്‍ പ്രചരിച്ച കഥ.

മിസിന്റെ  ഉടല്‍വടിവുകള്‍ ഒരു സുന്ദരിയുടേതായതുകൊണ്ട് ഏതോ ഭാവനാ സമ്പന്നര്‍ മെനഞ്ഞെടുത്ത ഒരു മധുരമനോഹര കഥയാണതെന്ന് ഒരുപാടു കാലം കഴിഞ്ഞാണ് അറിഞ്ഞത്.

മയില്‍നീലപ്പട്ടു നിറത്തില്‍ തെല്ലു ചാഞ്ഞു നില്ക്കുന്ന മിസിന്റെ ഒരു ഫോട്ടോ എന്റെ ആല്‍ബത്തില്‍ പതിഞ്ഞിരിക്കുന്നത് കാണുമ്പോഴൊക്കെ ആ കഥയുടെ ഉടമസ്ഥന്‍/സ്ഥ ആരായിരുന്നു എന്ന് ഒരു കുഞ്ഞു ചിരി എന്റെ കണ്ണില്‍ നിറയും. മിസിന്റെ വസ്ത്രരീതികള്‍, നടപ്പുരീതികള്‍, സംസാരരീതികള്‍ക്കെല്ലാം നന്നായി ചേരുമായിരുന്നു ആ കഥയുടെ വിമാനച്ചട്ടക്കൂട്.

അസുഖങ്ങള്‍ എന്ന കാരണത്താല്‍ , ക്‌ളാസില്‍  എന്റെ പ്രത്യക്ഷപ്പെടലുകള്‍
വിരളമായിരുന്നു. വല്ലപ്പോഴും ക്‌ളാസിലെത്തുമ്പോഴാകട്ടെ, എനിക്ക് കൂട്ടുകാരുമൊത്ത് മഹാരാജാസിന്റെ തടിപാകിയ നിലങ്ങളിലൂടെ ചുറ്റിക്കറങ്ങാനും ഉണ്ണിയെ പ്രണയിക്കാനും തന്നെ സമയം തികയാറില്ലായിരുന്നു. അതൊക്കെ കൊണ്ടാണോ എന്നറിയില്ല, എനിക്ക്  മിസിനെയോ, മിസിന് എന്നെയോ വ്യക്തിപരമായി അറിയാനവസരമുണ്ടായില്ല.

തന്നെയുമല്ല മിസിന്, മിസിന്റെ ഇംഗ്ലീഷ് കുട്ടികളേക്കാള്‍ അടുപ്പം നേച്ചര്‍ ക്‌ളബ് കുട്ടികളോടായിരുന്നു. മിസിന്റെ താല്പര്യത്തില്‍ നിന്ന് വിരിഞ്ഞതായിരുന്നു മഹാരാജാസിലെ നേച്ചര്‍ ക്‌ളബ്. അതില്‍ പങ്കാളിയായി ഞങ്ങളുടെ ക്ലാസില്‍ നിന്ന്  സഞ്ജയ് മോഹന്‍ എന്ന ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്നൊക്കെ മിസിന്റെ ഇടവും വലവും ആ പ്രകൃതിപ്രണയികളായിരുന്നു.

‘ആണ്‍കുട്ടികള്‍ക്കൊരു വരാന്ത, പെണ്‍കുട്ടികള്‍ക്ക് മറ്റൊരു വരാന്ത’ എന്ന് ക്രിസ്ത്യന്‍ സദാചാര നിയമങ്ങള്‍ ചിറകു വിരിച്ചു നിന്ന പ്രീഡിഗ്രിക്കാലക്കോളേജില്‍ നിന്ന് മഹാരാജാസില്‍  വന്നപ്പോള്‍  എനിക്ക് കിട്ടിയത് കുട്ടകത്തോളം പോന്ന  സ്വാതന്ത്ര്യത്തിന്റെ പാനപാത്രം. അത് ഒരു തുള്ളി പോലും കളയാതെ വലിച്ചൂറ്റിക്കുടിക്കലായിരുന്നു എനിക്ക് പ്രധാനം. നേച്ചര്‍ ക്‌ളബ്  മഹാരാജാസില്‍ എന്തു ചെയ്യുന്നു എന്നു പോലും തിരക്കാനെനിക്കു സമയം കിട്ടിയില്ല.

ഞങ്ങളോട് അടുക്കാത്തതു കൊണ്ടും കടുംപട്ടു സാരികളുടെ സീല്‍ക്കാര ശബ്ദം അകമ്പടിയായി ഞങ്ങളുടെ ഇടയിലൂടെ പൊന്മാനെപ്പോലെ ചാട്ടുളി മട്ടില്‍ കടന്നു പോകുന്ന പതിവുകാരിയായതു കൊണ്ടും സുജാതാമിസിനെ ‘ജാഡ’ ഗണത്തില്‍പെടുത്തിയവര്‍ക്കിടയില്‍ ക്രമേണ ഞാനും പെട്ടു…

ഡിഗ്രി മൂന്നാം വര്‍ഷം ആകെയയൊരാഴ്ചക്കാലമാണ് എനിക്ക് കോളേജിലെത്താനായത്. സുജാതമിസ് ഞങ്ങള്‍ക്കാ വര്‍ഷം ക്‌ളാസെടുക്കുന്നുണ്ടായിരുന്നു. എന്തെല്ലാമാണ് മൂന്നാം വര്‍ഷം പഠിക്കാനുള്ളത് എന്ന ധാരണപോലും അന്യമായ അവസ്ഥയില്‍ മിസിന്റെ രണ്ടോ മൂന്നോ ക്‌ളാസ് ഞാന്‍ ‘മിഴുങ്ങസ്യാ’ എന്ന് കേട്ടിരുന്നു. അപ്പോഴേക്ക് ഫെയര്‍വെലിന്റെ സമയമായിക്കഴിഞ്ഞിരുന്നു. അവസാന ക്‌ളാസിന്റെയന്ന്, സുജാതാമിസ് ഞങ്ങള്‍ക്ക് ചായയും വടയും വരുത്തിത്തന്നു. ഇനിയുള്ള വായനയില്‍ നിറയേണ്ട പുസ്തകങ്ങളെക്കുറിച്ച് മിസ് പറഞ്ഞു തുടങ്ങിയത്, ‘കുക്കറിബുക്‌സേ വായിക്കാറുള്ളു’ എന്ന സില്‍വിയ പീറ്ററിന്റെ പ്രസ്താവനയില്‍ ഇടിച്ചു നിന്നു. മിസിന് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു. അലക്‌സ്
ഹേലിയുടെ ‘റൂട്‌സ്’ എന്നൊക്കെ പിന്നെയും പറയാന്‍ മിസ് ശ്രമിച്ചു. വായിച്ചിട്ടുണ്ട് എന്നു പറയാതിരിക്കാനായില്ല എനിക്ക്. മിസ്,ആ ഒരു നിമിഷം എന്നെ ശ്രദ്ധിച്ചു എന്നുതോന്നി.

എനിക്കും മിസിനും ഇടയില്‍ പിറന്ന ആ ഒറ്റ നിമിഷത്തിലേക്ക് പിന്നെ കാലം പോകവേ, എന്റെ ഓര്‍മ്മയിലെ സുജാതാമിസ് സംഗ്രഹിക്കപ്പെട്ടു.

ഒന്നും പഠിക്കാതെ പരീക്ഷ എഴുതേണ്ടിവന്ന ദുര്യോഗം, പ്രതീക്ഷിച്ചതുപോലെതന്നെ തേഡ്ക്ലാസില്‍ അവസാനിച്ചു. പിന്നെ എം എ പഠനം, മഹാരാജാസില്‍ നിന്നു റിട്ടയര്‍  ചെയ്ത പ്രൊഫസര്‍ മധുകര്‍ റാവുസാറിന്റെയടുത്ത് പ്രൈവറ്റായി..

പിന്നെ എന്റെ എറണാകുളം ലോകത്തിലേക്ക് ഹൃദയകുമാരി റ്റീച്ചറിന്റെ മകള്‍ ശ്രീദേവി കയറി വന്നു. എനിക്കും ശ്രീദേവിക്കും ഇടയിലുള്ള പാലം, എന്റെ
ക്ലാസ്‌മേറ്റും സുജാതമിസിന്റെ നേച്ചര്‍ക്‌ളബ്ല്‌ അംഗവുമായിരുന്ന ആ പഴയ സഞ്ജയ് മോഹനായിരുന്നു. ഞങ്ങള്‍ ചില പത്രപ്രവര്‍ത്തനപ്പരിപാടികള്‍ ആസൂത്രണം ചെയ്ത് എറണാകുളത്തു കൂടെ അലയുന്നതിനിടെ എനിക്ക് പല പ്രാവശ്യം സുജാത മിസിന്റെ വീട്ടില്‍ പോകേണ്ടി വന്നു. അപ്പോഴും മിസ് എന്നോടടുത്തില്ല.

ചുമരില്‍ തൂങ്ങുന്ന പെയിന്റിങ്ങുകള്‍ ചൂണ്ടി ശ്രീദേവി പറഞ്ഞു, ‘കുഞ്ഞമ്മ ചെയ്തതാണ്.’

ഞാന്‍ കണ്ണുമിഴിച്ച് നോക്കി നിന്നു. ശ്രീദേവി കൂട്ടിച്ചേര്‍ത്തു, ‘കുഞ്ഞമ്മക്ക് നന്നായി വഴങ്ങും നാടകാഭിനയം. വീട്ടില്‍ ഏറ്റവും റ്റാലെന്റഡ് കുഞ്ഞമ്മയാണ്. പക്ഷേ എന്തോ കുഞ്ഞമ്മ എവിടെയുമെത്തിയില്ല. ‘

എന്റെ കണ്ണുമിഴിയലിന്റെ വിസ്താരം കൂടി. പിന്നെപ്പിന്നെ ഞാന്‍, മിസിനെ വേറെ വേറെ കണ്ണുകള്‍ കൊണ്ട് സാകൂതം വീക്ഷിക്കാന്‍ തുടങ്ങി. മിസിന്റെ ഉള്ളില്‍ പലപല സുജാതമാര്‍, പിടി തരാത്ത സുജാതമാര്‍ ഉള്ളതുപോലെ തോന്നി.

എന്നോടടുത്തത് മിസിന്റെ ഇളയ മകന്‍ ഉണ്ണി എന്ന തടിയന്‍. ഉണ്ണി അന്ന് പ്രീഡിഗ്രിക്കാരന്‍. റ്റി.ഡി.എം റോഡിലെ ബ്യൂട്ടി പാര്‍ലറില്‍ വന്നു പോകുന്ന സുന്ദരിമാരെ കാണാന്‍ വേണ്ടിത്തന്നെ ഡിസൈന്‍ ചെയ്തതാണ് തന്റെ കണ്ണ് എന്ന മട്ടില്‍ ഉണ്ണി വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ഒരു ഡോക്റ്ററുടെ മകളുടെ പേര് ഉണ്ണി ദിവസവും പറഞ്ഞു കേട്ടു. ആ കുട്ടിയെയാണ് വിവാഹം ചെയ്യുക എന്നുണ്ണിക്ക് നല്ല തീര്‍ച്ചയായിരുന്നു. ഉണ്ണി പറയുന്ന
പെണ്‍കുട്ടിക്കാര്യങ്ങള്‍ എന്നെ ഒരുപാട് ചിരിപ്പിച്ചു.

പിന്നെ ആ കാലവും കടന്നു പോയി. സുജാത റ്റീച്ചറിന്റെ നേച്ചര്‍ക്‌ളബ്, പള്ളുരുത്തിയിലെ സഞ്ജയ് മോഹന്റെയും തിരുവനന്തപുരത്തെ ശ്രീദേവിയുടെയും ഉള്ളില്‍ പ്രണയം വിരിയിക്കാനാണ് കൂടുതല്‍ ഉപകരിച്ചതെന്ന് അവരുടെ കല്യാണം രജിസ്റ്റര്‍ ചെയ്ത് ,കാലം കാണിച്ചു തന്നു. എന്റെ അലഞ്ഞു തിരിയലുകള്‍ മഹാരാജാസ് പ്രണയകാലത്തിലെ ഉണ്ണിയുമായുള്ള വിവാഹത്തില്‍ ചെന്ന്‌ നിന്നു.

ജോലികിട്ടി ഏറ്റുമാനൂര്‍ക്കാരിയായ കാലത്ത് ഒരു ‘വനിത’യില്‍, മഹാരാജാസില്‍ നിന്ന് ദിവാന്‍സ് റോഡിലെ വീടു വരെ മഴയുടെ നാരുകള്‍ ചൂടി പോകുന്നതിനെക്കുറിച്ചൊക്കെ പരാമര്‍ശമുള്ള ഒരു മനോഹര മഴക്കുറിപ്പ് കാണാനിടയായി.. മഹാരാജാസിലെ ഇംഗ്‌ളീഷ് മിസ് സുജാതാദേവിയാണ്  എഴുത്തുകാരി എന്നു കണ്ടപ്പോള്‍, കുറിപ്പ്, വീണ്ടും  വീണ്ടും മനോഹരമായിത്തോന്നി. മിസിന്റെ ഉള്ളിലും  ഉണ്ട് ‘മധുരമനോഹരസുഗതമലയാളം’ എന്ന അറിവും ഞാനത് കോളേജില്‍ വച്ച് അറിഞ്ഞില്ലല്ലോ എന്ന സങ്കടഅത്ഭുതവും ഉള്ളില്‍ പരന്നു.

അതിനിടെ കോട്ടയത്തു നിന്നുള്ള ഒരു  ട്രെയിന്‍ യാത്രയുടെ ഒടുക്കം ഒറ്റയ്ക്ക് എറണകുളത്തിറങ്ങുമ്പോള്‍, സ്റ്റേഷനില്‍ തൊട്ടു മുന്നില്‍ സുജാതാമിസ്.ഞാനോടി അടുത്തു ചെന്നു. വനിത വായിച്ചകാര്യം ഒറ്റശ്വാസത്തില്‍ പറഞ്ഞു. പിന്നെയും എന്തൊക്കെയോ പറയാനായുകയായിരുന്നു ഞാന്‍, അപ്പോഴേക്ക് മിസ് ഒരൊഴുക്കന്‍ മട്ടില്‍ നിര്‍വികാരമായി പറഞ്ഞു, ‘ഓ,അതവര് നിര്‍ബന്ധിച്ചപ്പോള്‍ അങ്ങെഴുതിയതാ.’

‘ഉള്ളിലുള്ളതായിരുന്നില്ല എഴുതിയത് എന്നോ ഉള്ളിലിനിയും എത്ര മഹാമഴക്കാര്യങ്ങള്‍ കിടക്കുന്നു’ എന്നോ അര്‍ത്ഥം വരുന്ന, എഴുതിയതിനെ തള്ളിപ്പറയുന്നതുപോലുള്ള മറുപടി എന്നാണ് എനിക്ക് തോന്നിയത്.

പുറകേ ഓടിച്ചെന്ന്  ഓരോന്നെഴുന്നള്ളിക്കാന്‍ തോന്നിയതിന് നാവിനെ പഴിച്ച് ,മിസിനെ മുമ്പോട്ട് നടക്കാന്‍ വിട്ട് ഞാന്‍ ജാള്യതയോടെ ആള്‍ക്കൂട്ടത്തില്‍ തനിച്ചുനിന്നു.

ജീവിതത്തെ ബാലന്‍സ് ചെയ്യാനുള്ള വിദ്യയായി  ഞാന്‍ കഥയെഴുത്തിനെ കൂടെ കൊണ്ടു നടപ്പായ നാളുകളായിരുന്നു പിന്നീട്. ഏതാണ്ടതേ കാലത്ത് ഒരു ദേവിയുടെ കവിതകള്‍ മാതൃഭൂമിത്താളുകള്‍ കൊണ്ടാടി. എന്റെ പോലൊരു പുതുക്കക്കാരി കിളുന്നു പെണ്ണ് എന്നാണ് ഞാന്‍ ദേവിയെ കരുതിയത്. ‘ഹരി, നിനക്കായ് കരുതിക്കാത്തു ഞാന്‍’, ‘ഭീംസെന്‍ജോഷി പാടുന്നു’ എന്നെല്ലാം പാടി പണ്ടേക്കുപണ്ടേ ഇവിടെയുള്ള ഒരു കവിയെന്ന മട്ടിലായിത്തീര്‍ന്നു
കുറച്ചു നാള്‍ക്കകം തന്നെ  ദേവി. ന്യായമായും എനിക്കസൂയ വന്നു.

പക്ഷേ എപ്പോഴോ ആരോ പറഞ്ഞ്, സുജാതാദേവിയാണ് ‘ദേവി’ എന്നറിയവേ എന്റെ കണ്ണില്‍ അത്ഭുതം വീണ്ടും മിഴിഞ്ഞു വന്നു. സുജാതമിസ് എന്ന അപരിചിത കവിതക്കു പുറത്തും, ദേവി എന്ന പേരില്‍ പരിചിത കവിതക്കകത്തും നിന്നു. ‘അയയില്‍ തോരാനിട്ട തുണിയിലൊക്കെ കഴുകിയാല്‍ മായാത്ത കണ്ണീര്‍ക്കറ’ എന്ന വരി ഹൃദയത്തില്‍ തറഞ്ഞു നിന്നു.

ഞാന്‍ മിസിനെ തിരിച്ചറിയാതെ പോയതെന്ത്, മഹാരാജാസ് കഥാമത്സരത്തില്‍ സമ്മാനം നേടിയിട്ടും മിസ് എന്നെ അറിയാഞ്ഞതെന്ത് എന്നൊക്കെ ഇടക്ക് ഞാന്‍ കാലത്തിനോട് ചോദിച്ചുകൊണ്ടിരുന്നു. പിന്നെ ഞങ്ങള്‍ കണ്ടതേയില്ല. കത്തെഴുതണം എന്നു തോന്നിയെങ്കിലും ഞാന്‍ ആ സാഹസത്തിന് തുനിഞ്ഞില്ല. മഴ-ലേഖനം കണ്ടുന്മത്തയായ എനിക്ക് കിട്ടിയ മറുപടിയിലെ നിസ്സംഗത തന്ന മുറിവ് മറക്കല്‍, എനിക്കത്ര എളുപ്പമായിരുന്നില്ല. വീണ്ടും അത്തരമൊരു മുറിവ് ക്ഷണിച്ചു വരുത്താന്‍… അത്രക്കങ്ങ് മണ്ടിയാകാന്‍ ഞാനൊരുക്കവുമായിരുന്നില്ല.

കാലമേറെക്കഴിഞ്ഞ് മിസിന്റെ ഇളയ മകന്‍ ഉണ്ണിയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ച് ഞാന്‍ തരിച്ചിരുന്നു. അച്ഛനായിക്കഴിഞ്ഞിരുന്നു ഉണ്ണി. ‘അയയില്‍ തോരാനിട്ട തുണിയിലൊക്കെ കഴുകിയാല്‍ മായാത്ത കണ്ണീര്‍ക്കറ’ എന്ന മിസിന്റെ വരി എനിക്ക് തികട്ടി വന്നു. മിസിനെ പലപ്രാവശ്യം ഞാന്‍ മനസ്സില്‍ കണ്ടു. പക്ഷേ ഒരു കത്തെഴുതാന്‍ എനിക്ക്  വയ്യായിരുന്നു.

കുറേക്കാലങ്ങള്‍ക്കു ശേഷം, യുവസാഹിത്യകാരികള്‍ക്കുള്ള ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് എന്നെത്തേടിയെത്തി. അതു വാങ്ങാന്‍ തിരുവനന്തപുരത്ത് ഒരു ദിവസം താമസിച്ചപ്പോള്‍, ഹോട്ടലിലെ റിസപ്ഷനിസ്റ്റ് പറഞ്ഞു – ‘നിങ്ങള്‍ പുറത്തുപോയപ്പോഴൊക്കെ ഒരാള്‍ ഒരുപാട് തവണ ഫോണ്‍ ചെയ്തിരുന്നു, സൂര്യാ റ്റി.വിയിലെ സഞ്ജയ് മോഹന്‍.’

‘പത്തുവര്‍ഷമായില്ലേ നമ്മള്‍ കണ്ടിട്ട്’ എന്നു ഫോണിലൂടെ ചോദിച്ചുകൊണ്ടേയിരുന്നു സഞ്ജയ്. മൂന്നു പ്രശസ്തരുടെ താവളമായ നന്ദാവനത്തിലേക്ക്  പോകാന്‍ എനിക്ക് അങ്ങേയറ്റം മടിയായിരുന്നു. സുജാതാമിസിനെ കാണാന്‍ കഴിഞ്ഞാല്‍ എന്നൊരു തോന്നലിന്റെ അരികുപറ്റിയാണ് ഒടുക്കം ഞാന്‍ മനസ്സിനെ  അത്തരമൊരു സന്ദര്‍ശനത്തിന് സജ്ജമാക്കിയത്.

ഹൃദയകുമാരിറ്റീച്ചറിന്റെ വീട്ടില്‍ സഞ്ജയ് സംസാരിച്ചുകൊണ്ടേയിരുന്നു. ‘പ്രിയ’ എന്നെഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ കാണുമ്പോള്‍ ‘ഇത്തവണ എന്നെക്കുറിച്ചാവുമോ കുറിപ്പ് ‘ എന്നൊരു ചങ്കിടിപ്പ്  തോന്നാറുണ്ട് എന്ന് ഒട്ടിയ പഴയ കവിള്‍ത്തടങ്ങള്‍ പുതുതായി ഒട്ടൊന്ന് ചീര്‍ത്ത പുതിയ സഞ്ജയ് പറഞ്ഞു.

ഫോട്ടോകളില്‍  കണ്ടു പരിചയിച്ച തടിയും ഗൗരവഭാവവും ഒന്നുമില്ലാതെ, ഹൃദയകുമാരി റ്റീച്ചര്‍ മുന്നിലിരുന്ന് എത്രയോനാള്‍ പരിചയമുള്ളതു പോലെ സംസാരിച്ചു കൊണ്ടേയിരുന്നു. തിരക്കിനിടയില്‍ നിന്ന് വന്ന് സാന്നിദ്ധ്യം അറിയിച്ച് ‘അഭയ’യുടെ വണ്ടിയില്‍ സുഗത റ്റീച്ചര്‍ യാത്രയായി. എനിക്ക് കാണേണ്ടിയിരുന്നയാള്‍ അപ്പോഴേക്കെത്തിക്കഴിഞ്ഞിരുന്ന. പഴയ, പിഞ്ഞിയ ഒരു നൈറ്റിയിട്ട് മുന്നില്‍ വന്നു നിന്ന് എന്റെ കൈപിടിച്ച്, കൈയിലെ പിടി
വിടാതെ സംസാരിച്ചു കൊണ്ടേയിരിക്കുന്നത് ‘ആ പഴയ മയില്‍നീലപ്പട്ട് തന്നെ’ എന്ന ഓര്‍മ്മയ്ക്കു പോലും അവിടെ ഇടമില്ലായിരുന്നു.

വാക്കില്ലാത്ത സങ്കടത്തിന്റെ നീള്‍വിരല്‍ തണുത്തിരുന്നു, കണ്ണ് കരയുന്നില്ലായിരുന്നു. മുഖത്തെ ഒന്നുമില്ലായ്മയില്‍ കടല്‍പോലെ നിറയുന്ന എല്ലാം-എനിക്കത് കാണാമായിരുന്നു. ഞങ്ങള്‍ ജീവിതത്തിലാദ്യമായി ഒരുപാട് സംസാരിച്ചു.

ഞാനും മിസും ഒരിടമുറിയിലെ ഇരുട്ടും മാത്രമായപ്പോള്‍ മിസ് പറഞ്ഞു. ‘നട്ടുച്ചക്ക് നടക്കുമ്പോഴും എനിക്ക് പൊള്ളാറില്ല ഈയിടെയായി. ഒപ്പമുള്ളയാള്‍ക്ക് പൊള്ളും,കുട നിവര്‍ത്തു പിടിക്കേണ്ടതാണ് എന്നൊക്കെ എനിക്കറിയുകയും ചെയ്യാം.പക്ഷേ അതിനൊന്നും  ആവാറില്ല എനിക്ക്.’

ഒരക്ഷരംപോലും മിണ്ടാനാകാതെ ഞാന്‍ നിന്നു. ‘മകന്‍’ എന്നു പറഞ്ഞില്ല, അവന്റെ യാത്ര പരാമര്‍ശിക്കപ്പെട്ടില്ല, സങ്കടം എന്ന വാക്ക് മിന്നിമാഞ്ഞതുപോലുമില്ല. എന്നിട്ടും അന്തമില്ലാത്ത ഒരാഴം വന്നെന്നെ വിഴുങ്ങിയതുപോലെ എനിക്ക് തോന്നി.

യാത്ര പറഞ്ഞിറങ്ങാന്‍ നേരം മിസിന്റെ  കൈ നീണ്ടു വന്ന് എന്നെ ചുറ്റിപ്പിടിച്ച് ദേഹത്തോട് ചേര്‍ത്തു. പിന്നെ കണ്ണില്‍ ഒരു കുഞ്ഞു തിളക്കത്തോടെ മിസ് പറഞ്ഞു- ‘ഒരു കൈയില്‍ ഒതുങ്ങുന്ന ദേഹം, ഒരു കൈയിലും ഒതുങ്ങാത്ത മനസ്സും.’

ആ കുഞ്ഞുവിലയിരുത്തലിലെ ആഴത്തില്‍ പെട്ട് ഞാനുലഞ്ഞു.  പുറത്ത് നട്ടുച്ചയായിരുന്നു. നട്ടുച്ചക്ക് ഒരു ദുസ്വപ്നത്തിന്റെ ഛായയുണ്ടെന്ന് എനിക്ക് തോന്നി.

‘ഒരു കൈയിലും ഒതുങ്ങാത്ത മനസ്സ് ‘ എന്ന നിര്‍വ്വചനത്തിന്റെ നിലക്കണ്ണാടിയില്‍ പിന്നീട് എത്രയോ തവണ ഞാനെന്നെ കണ്ടു.

‘പാലം കേറി മറിഞ്ഞൂ നമ്മുടെ പട്ടാമ്പിപ്പുഴ’ എന്നു ദേവി എഴുതുമ്പോഴും എനിക്കറിയാം എന്റെ സുജാതാമിസ് നട്ടുച്ചക്ക് കുട ചൂടാനോര്‍ക്കാതെയും പൊള്ളിപ്പൊള്ളി സ്വയമില്ലാതെയാകുന്നതറിയുക പോലും ചെയ്യാതെയും നടക്കുകയാണ് എങ്ങോട്ടോ എങ്ങോട്ടോ…

മാതൃഭൂമി ബുക്‌സ്  പ്രസിദ്ധീകരിക്കുന്ന ‘തന്മയം’ എന്ന പുസ്തകത്തില്‍ നിന്ന്

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Priya a s remembers writer poet and teacher b sujathadevi