ഞാനന്ന് അമൃതാ ആശുപത്രിയിലായിരുന്നു, വേദനയും മൊബൈലും മാത്രമേ കൂട്ടുണ്ടായിരുന്നുള്ളു. മൊബൈല്ബട്ടണുകളിലേതിലൊക്കെയോ കൈവിരല്‍ അറിയാതെ അമര്ന്നപ്പോള് കണ്മുന്നില് തെളിഞ്ഞു വന്ന ‘ദീപ,വിദ്യോദയ’ എന്ന പേരിന് ആകെ രണ്ടോ മൂന്നോ വിളിയുടെ ചരിത്രമേ പറയാനുണ്ടായിരുന്നുള്ളു. വളരെ കുറച്ചുതവണ പരസ്പരം മെസ്സേജുകള്‍ അയച്ചിരുന്ന രണ്ടു പേരായിരുന്നു ഞങ്ങള്‍. ഫോട്ടോയിലൂടെയല്ലാതെ പരസ്പരം കണ്ടിട്ടില്ലായിരുന്നു. വായിച്ചും അറിയാമായിരുന്നു ദീപയ്ക്കെന്നെ.
കണ്ണില്‍ക്കാണുന്ന പ്രൊഫൈല്‍ പിക്ചറൊക്കെ വലുതാക്കി നോക്കല്‍, നേരം കളയാനുള്ള ഒരു ഒരാശുപത്രി മാര്‍ഗ്ഗമായിരുന്നു. അങ്ങനെ നോക്കുമ്പോഴുണ്ട് ദീപയുടെ ഫോട്ടോക്കു താഴെ എഴുതിയിരിക്കുന്നു- At MTH, my second home. പെട്ടെന്നുതന്നെ ഒരാന്തലോടെ ദീപയ്ക്ക് മെസ്സേജ് അയച്ചു, ‘വയ്യേ, എന്താ പറ്റിയത്’ എന്നു ചോദിച്ചു. അത്ഭുതപ്പെട്ട്, ‘ആരാ പറഞ്ഞത് വയ്യായ്കക്കാര്യം, ഇത്തവണ ഹൈപ്പറ്റെറ്റിസ് ക്ഷീണമല്ല. കിഡ്നിപ്രശ്നങ്ങളാണ്,’ എന്നായി ദീപ.
‘നാലുവയസ്സുമുതല്‍ ആശുപത്രികള്‍ കേറിയിറങ്ങുന്ന എനിക്കാണോ MTH എന്ന ആ ചുരുക്കെഴുത്ത് വായിച്ചെടുക്കാന്‍ ബുദ്ധിമുട്ട്, ഒരു കാലത്ത് അതായത് ഏഴുവയസ്സുമുതല്‍, പതിനെട്ടുവയസ്സുവരെ എനിക്കും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ തന്നെയായിരുന്നു രണ്ടാം വീട് കുറച്ചുകാലമായി അത് അമൃതയാണ് എന്നേയുള്ളൂ’ എന്ന് ഞാന്‍ മറുപടിയായി…എന്റെയാ അമൃത-വീട്ടിലാണ് തത്ക്കാലം ഞാന്‍ എന്ന് കൂടി എഴുതിയശേഷം, ഒരേതരം ദുരിതബാധിതരായി ഞാനും ദീപയും ചിരിച്ചു.
പിന്നീടെല്ലാ ദിവസവും എപ്പോഴെങ്കിലുമൊക്കെയായി രണ്ടാശുപത്രികള്ക്കിടയിലിരുന്ന് രണ്ട് രോഗീജീവിതങ്ങള് മിണ്ടി. വെയില് കൈ പിടിച്ചു കൊണ്ടുവന്ന മഴയ്ക്കിടയിലൂടെ മുറിക്കപ്പുറം തെളിഞ്ഞുവന്ന ഒരു മഴവില്ക്കഷണം ഫോട്ടോയാക്കി ഒരു ദിവസം രാവിലെ ദീപ അയച്ചു തന്നു. അങ്ങനെ ഒരു കാഴ്ച അപ്രാപ്യമായ, പണി തീര്‍ന്നതും തീരാത്തുമായ കെട്ടിടങ്ങള്‍ കൊണ്ട് ചുറ്റപ്പെട്ട് അമൃതയിലായതോര്ത്ത് എനിക്ക് ദീപയോട് ചെറിയ അസൂയ വന്നു. പിന്നൊരു ദിവസം ദീപ, പെയിന്റിങ് സമാനമായ വിവിധ നിറ ആകാശത്തില്‍ സുന്ദരനായി നില്ക്കുന്ന പ്രഭാത-ആശുപത്രി സൂര്യനെ അയച്ചുതന്നു.
സന്ധ്യാ നേരത്ത് വളഞ്ഞമ്പലം ക്ഷേത്രത്തില്‍ തെളിയുന്ന ചുറ്റുവിളക്കുകള്‍ നോക്കി നില്ക്കാന് പാകത്തിലെ മുറിയില്‍ കിടന്ന ഒരു മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിക്കാലം ഞാനോര്‍ത്തുപോയി…പുതുതായി പണിത ആകാശംചുംബികളായ ബ്ളോക്കുകള്‍ അപരിചിതമായിരുന്നതിനാലാവും ആകാശം ഒപ്പിയെടുക്കാന്‍ പാകത്തിലുള്ള ദീപയുടെ ജനാലകളെ സങ്കല്പിച്ച് ഞാന്‍ തോറ്റു.
ദീപയുടെ മഴവില്ലും സൂര്യനും കണ്ടു സഹിക്കാതായപ്പോള്‍, സ്പൈന്‍ റ്റിബിക്ക് ബെല്‍റ്റിട്ട നടുവുമായാണെങ്കിലും അമൃതയിലെ ജനലോരത്തു ചെന്നു നിന്നെത്തിവലിഞ്ഞു നോക്കിനിന്നു ഞാന്‍. കെട്ടിടം പണിയുടെ പൊടിപടലരംഗങ്ങള് മാത്രം കണ്ണില്‍ പതിഞ്ഞപ്പോള്‍ എനിക്ക് പിന്നെയും ദീപയോട് അസൂയ വന്നു. അസൂയയുടെ പലമാതിരി രൂപ ഭേദങ്ങള്ക്കിടയില്, ഒരാശുപത്രിക്കാരിക്ക് മറ്റൊരു ആശുപത്രിക്കാരിയോട് തോന്നുന്ന തരം അസൂയയുമുണ്ടെന്ന് ജീവിതത്തിലാദ്യമായറിഞ്ഞ് ഞാന്‍ എന്നോടു തന്നെ ചിരിച്ചു.
എന്നെയും ദീപയെയും ഫോണ്‍ വിളികളായി പരിചയപ്പെടുത്തിയത് എന്റെ മകന്റെ എല്‍ കെ ജി മിസ് പുഷ്പയാണ്. മകന്റെ വിദ്യോദയസ്ക്കൂളിലെ പഴയ റ്റീച്ചറായിരുന്നു ദീപയെന്നും ഇപ്പോള്‍ ചോയ്സ് സ്ക്കൂളില്‍ ആണെന്നും ഒറ്റ കിഡ്നിയുമായി ജീവിച്ചുവന്ന ദീപ അതേ അവസ്ഥയിലുള്ള ഒരാളെയാണ് കല്യാണം കഴിച്ചിരിക്കുന്നതെന്നും ആ കിഡ്നിക്കും പ്രശ്നമായപ്പോള്‍ ട്രാന്സ്പ്ളാന്റേഷന് നടത്തി എന്നും ഇപ്പോള്‍ ഹെപ്പറ്റെറ്റിസ് കൂടിയുണ്ടെന്നും അസുഖങ്ങളുമായി നിരന്തരം പടവെട്ടുന്ന പ്രിയയെപ്പോലെ ഒരാള്‍ വിളിച്ചാല്‍ ദീപയ്ക്കത് ഇത്തിരി വെളിച്ചമാകുമെന്നും പറഞ്ഞ് പുഷ്പ എനിക്ക് ദീപയുടെ ഫോണ്‍നമ്പര്‍ തരികയാണുണ്ടായത്.
സംസാരപ്രിയ അല്ലാത്തതു കൊണ്ടും വിളിച്ചാല്‍ത്തന്നെ ഒരപരിചിതയോട് ഞാനെന്തു പറയാനാണെന്നു തീരെ നിശ്ചയമില്ലാത്തതുകൊണ്ടും ജീവിതം തുരു തുരാ തന്ന അടികളേറ്റ് നേരെ നിവര്‍ന്നു നില്ക്കാന് കെല്‍പ്പില്ലാതിരുന്ന അവസരമായതു കൊണ്ടും ഞാനൊന്ന് മടിച്ചു. അവസാനം, പുഷ്പയുടെ നിര്‍ബന്ധം ഒന്നു കൊണ്ടുമാത്രമാണ് ഞാന്‍ ദീപയെ രണ്ടും കല്പിച്ചുവിളിച്ചത്.
സംസാരിച്ചപ്പോഴോ, എനിക്ക് ദീപയില്‍ ഒരു സങ്കടക്കൂടും കാണാനായില്ല. എന്നെപ്പോലെ തന്നെ എല്ലാത്തിനുമിടയിലൂടെ ചിരിക്കുന്നയാളായി ദീപ, ഒരപരിചിതത്വവുമില്ലാതെ എന്നോട് സംസാരിച്ചു. ഞങ്ങള്‍ രണ്ട് സന്തോഷക്കൂടുകളായി നിന്ന് അവരവരുടെ വിഷമങ്ങളെ തൊട്ടുതലോടി ജീവിതസ്നേഹം പങ്കിട്ടു ,പരസ്പരം സമാധാനിപ്പിച്ചു കൂട്ടുകൂടി. എപ്പോഴോ വിദ്യാദയ സ്ക്കൂളിന്റെ ആനുവല്‍ പ്രോഗ്രാമിന്റെയന്ന് ദീപയുടെ അനിയത്തി രൂപയും മക്കളും എന്നോടു വന്നു മിണ്ടി. ദീപയോട് മിണ്ടുന്ന കെയറോഫിലും അക്ഷരങ്ങളായും രൂപയ്ക്കെന്നെ അറിയാമായിരുന്നു.
ഞാനും ദീപയും പെട്ടെന്നൊരോര്മ്മ വന്ന് വല്ലപ്പോഴും, ശബ്ദമായോ സന്ദേശമായോ മിണ്ടി. അതിനിടയിലെപ്പോഴോ ആണെനിക്ക് അമൃതക്കാലം വന്നതും ദീപക്ക് മെഡിക്കല്‍ട്രസ്റ്റ് കാലം വന്നതും. ലിവറിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസിന് മരുന്നു കഴിച്ചാല്‍, അത് കിഡ്നി്ക്ക് ദോഷമായിത്തീരും എന്ന അവസ്ഥയാണ് ദീപയെ വീണ്ടും പ്രശ്നങ്ങളിലാക്കിയത്.
ഞാനും ദീപയും ആശുപത്രികള്‍ വിട്ടു വീട്ടിലേക്കു പോവുകയും പോയ അതേ വേഗത്തില്‍ എന്നാലോ കൂടുതല്‍ പ്രശ്നസങ്കീര്ണ്ണതകളോടെ തിരിച്ചുവരികയും ചെയ്തു. ഇടക്കിടെ ദീപ, ICU വില്‍ ആവുകയും ഒബ്സര്‍വേഷനു വേണ്ടിയാണ്, ഇന്ഫെക്ഷന് വരാതിരിക്കാന്‍ വേണ്ടിയാണ് എന്നു പറയുകയും ചെയ്തു. തലമുടി അല്‍പ്പാല്‍പ്പമായി നരക്കാന്‍ തുടങ്ങിയ ആളുമൊത്തുള്ള ഒരു പ്രൊഫൈല്‍ പിക്ചറില്ക്കൂടി ആദ്യമായി ഞാന്‍ ദീപയുടെ ഭര്‍ത്താവിനെ കണ്ടു. അവര്‍ തമ്മിലുള്ള പാരസ്പര്യത്തിലേക്ക് നോക്കിയിരിക്കെ, ‘കുട്ടികളില്ലായ്മ സാരമില്ല’ എന്നു ഞാന്‍ ദീപയെ ആശ്വസിപ്പിച്ചു.
ഒരിക്കല്‍ എന്റെ മെസേജിനു ദീപ മറുപടി അയക്കാതായപ്പോള്‍, ആധിപിടിച്ച് അമൃതയില്‍ നിന്ന് മെഡിക്കല്ട്രസ്റ്റിലേക്ക് ഭയാശങ്കകളോടെ ഞാന്‍ ഫോണ്‍ചെയ്തു. ദീപയുടെ ഭര്‍ത്താവാണ് ഫോണെടുത്തത്. ചില കോംപ്ളിക്കേഷന്‍സ് കിഡ്നിയുമായി ബന്ധപ്പെട്ട് എന്നദ്ദേഹം പറഞ്ഞു…പക്ഷേ കുറച്ചുദിവസത്തിനകം ദീപ തന്നെ വന്ന് വീണ്ടും എന്നോട് കളിചിരികളോടെ മിണ്ടി.
ഒന്നരവര്‍ഷക്കാലം കിടന്ന കിടപ്പായിപ്പോയ എന്റെ ശരീരത്തിനുള്ളില്‍ നിലച്ചുകിടപ്പായിരുന്ന ആശകള്‍ക്ക് വീണ്ടും മുള പൊട്ടാന്‍ പാകത്തില്‍ എന്റെ ആരോഗ്യക്കാര്യങ്ങള് അല്പമൊക്കെ ഭേദമായിത്തുടങ്ങിയ കാലം. പുറത്തേക്കൊക്കെ പോയിത്തുടങ്ങാം എന്നായപ്പോള്‍, ‘ഞാന്‍’ എന്ന സിനിമാഭ്രാന്തിയിലെ സിനിമാകാണല്മോഹം വീണ്ടും കിളിര്‍ത്തുവന്നു.
എന്നെ സിനിമാഭ്രാന്തിയാക്കിയത് മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയാണ് എന്നാണ് എന്റെ എല്ലാക്കാലത്തെയും വിചാരം. അപ്പുറമിപ്പുറം ഷേണായീസ്, കവിത, ലക്ഷ്മണ്, ദീപ, സരിതാ, സവിതാ, സംഗീതാ തീയറ്ററുകളുള്ള ആ എറണാകുളം-ആശുപത്രിയുടെ വാതിലിനടിയിലൂടെ ആശുപത്രി പത്രക്കാരന് ശരവേഗത്തില്‍ നിരക്കിയകത്തേക്കിടുന്ന പത്രത്തിലെ ‘ഇന്നത്തെ സിനിമകള്‍’ എന്ന കോളത്തിലൂടെയും നാന, ചിത്രഭൂമി തുടങ്ങിയ അന്നത്തെ സിനിമാവാരികകളിലൂടെയും ‘സിനിമാ കാണാന്‍ വായോ’ എന്ന് തീയറ്ററുകള്‍ എന്നെ വിളിച്ച കാലം…
എണീറ്റിരിക്കാന്പോലും വയ്യാതെ പലമാതിരി ട്യൂബ്യൂകളാല് അലംകൃതയായി കിടക്കുന്ന അവസ്ഥയിലാണെങ്കിലും ആ കുട്ടിക്കാല-ആശുപത്രിനേരങ്ങളില് ‘സിനിമാ കണ്ടേ പറ്റൂ’ എന്ന് ചുമ്മാ വാശി പിടിച്ച് ഞാനെന്റെ ബോറടിയുടെ ജാലകങ്ങളില്‍ ചില്ലറ കൊത്തുപണികള്‍ നടത്തിനോക്കി.
ഇന്ന് ആശുപത്രികളില്‍ എല്ലാവരെയും ആശ്വസിപ്പിക്കുന്നത് മൊബൈലുകള്‍ മാത്രമാണ്, അതുകൊണ്ട് ഇന്നാശുപത്രികളില് പത്രം പോലും ആര്‍ക്കും വേണ്ട, പിന്നല്ലേ മാഗസിനുകള്‍! ആശുപത്രികളിലെ പത്രക്കാര് എന്ന വര്‍ഗ്ഗം, നാമാവശേഷവര്ഗ്ഗത്തിലേ പെടുന്നുള്ളു ഇക്കാലത്ത്!
ഞാന്‍ ചുമ്മാ വാശി പിടിച്ചാല്‍ കണ്ടുനില്‍ക്കുന്നവര്‍ക്കും എനിക്കും വലിയ പ്രശ്നമൊന്നുമില്ലാത്ത എന്റെയാ കുഞ്ഞുപ്രായം വേഗം കഴിഞ്ഞുപോയി. എന്നാലോ ഞാന്‍ മിക്കവാറും ആശുപത്രിയിലാണു താനും. അപ്പോഴാണ് ‘ഇന്നത്തെ സിനിമകള്‍’ക്കു താഴെ കാണുന്ന സിനിമാത്തലക്കെട്ടും ‘നാന’യില്‍ നിന്നു കിട്ടുന്ന കുഞ്ഞറിവുകളും എല്ലാ സിനിമകളും കണ്ടുവരുന്ന അമ്മയുടെ അനിയത്തിയുടെ വിവരണങ്ങളും ഒക്കെ ചേര്‍ത്ത് ഞാന്‍ ആ തലക്കെട്ടുകള്‍ക്കു താഴെ അവയ്ക്കു ചേരുന്നവിധത്തില് കഥ നെയ്യാനാരംഭിച്ചത്.
കാലം പോകെപ്പോകെ, ഒരു തരം വിവരവും കിട്ടിയില്ലെങ്കിലും ഏതു സിനിമാത്തലക്കെട്ടിനു താഴെയും സ്വന്തമായൊരു സിനിമയുണ്ടാക്കാന്‍ പറ്റുന്നത്ര ഭാവനാ സമ്പന്നയായി ‘ആശുപത്രികളിലെ ഞാന്‍’ മാറി…ആശുപത്രികളാണ് എന്നെ കഥാസമ്പന്നയാക്കിയതെന്ന് തീര്‍ച്ചയായും പറയാമെന്നു തോന്നുന്നു. ചെറുകഥയിലേക്കുള്ള വഴികളായത് സിനിമാത്തലക്കെട്ടുകളില് നിന്നു കിളിര്‍ത്തുവന്ന ഏതാണ്ടെല്ലാമായിരിക്കണം…
നടുവു താങ്ങിപ്പിടിച്ചിട്ടായാലും വേണ്ടില്ല സിനിമക്കുപോകണം എന്ന ആശ വീട്ടില്‍ പറഞ്ഞപ്പോള്‍, ചിരിയൊക്കെ കെട്ടുപോയി കുറേക്കാലമായി കഴിയുന്ന മകളുടെ കണ്ണിലെ തിളക്കം കണ്ട് മോഹിതരായി അച്ഛനുമമ്മയും. ലുലു എന്ന പളപളപ്പിലേക്ക് കാലുകുത്തില്ലെന്നു ശപഥമെടുത്തിരുന്ന രണ്ടു പേര് ശപഥം മാറ്റിവച്ച് എനിക്കു കൂട്ടുവരാമെന്നു തീരുമാനിച്ചു. അനിയന് ടിക്കറ്റും കാറുമേര്പ്പാടാക്കി.
ആശുപത്രിയില്‍ നിന്നു ഞാന്‍ നേരെ ഏതോ പര്‍വ്വതാരോഹണത്തിനു പോകുന്നത്ര സംഘര്‍ഷം എല്ലാവരുടെയും ഉള്ളിലുണ്ടായിരുന്നു. എനിക്കത്ര നേരം ഇരിക്കാന്‍ പറ്റുമോ, നടുവിന് വീണ്ടും പ്രശ്നമാകുമോ എന്നൊക്കെ പരസ്പരം എല്ലാവരും ചോദിച്ചു കൊണ്ടിരുന്നു. ‘എന്ന് നിന്റെ മൊയ്തീന്’ ആയിരുന്നു പിറ്റേന്നു കാണാനായി ഞാന്‍ തെരഞ്ഞെടുത്ത സിനിമ.
നാളെയെ ചൊല്ലിയുള്ള ആവേശത്തിന്റെ പരകോടിയിലിരുന്ന എന്നെ അന്നു രാത്രി പുഷ്പ വിളിച്ചു പറഞ്ഞു ‘പ്രിയാ,ദീപ പോയി.’ എന്തു ചെയ്യണമെന്നറിയാതെ തണുത്തുറഞ്ഞ് ഞാനിരുന്നു. ദീപ പോയ ചരമവാര്‍ത്ത, ചെക് ഡിസൈന്‍ ഉടുപ്പിട്ട ദീപയുടെ നിറഞ്ഞ ചിരിയോടെ പിറ്റേന്നു രാവിലെ പത്രത്തിലിരുന്ന് എന്നെത്തന്നെ നോക്കി. ഒരിക്കലും നേരിട്ടു കാണാത്ത ദീപയെ, മരണശേഷം നേരിട്ടു കാണാന്പോകുന്നതില് യാതൊരര്‍ത്ഥവും തോന്നിയില്ല. സിനിമാപ്പരിപാടി ക്യാന്‍സല്‍ ചെയ്യാമെന്നു വച്ചാല്‍, ആ നേരമത്രയും ദീപ നെഞ്ചിലിരുന്ന് പുകയും. അങ്ങനെ, സിനിമാകാണല്‍ ഒരത്യാവശ്യം തന്നെയായി മാറി.
പിറ്റേന്ന് ദീപയുടെ സംസ്ക്കാരം നടക്കുന്ന സമയത്ത് ഞാന്‍ ‘കാഞ്ചനമാല’യ്ക്ക് മുന്നിലിരുന്ന് എരിഞ്ഞുകത്തി… മനസ്സിലെരിയുന്ന ചിതയിലൂടെ കണ്ടതു കൊണ്ടാണോ പുറം ലോകവുമായുള്ള ബന്ധങ്ങള്‍ കുറേക്കാലമായി ഇല്ലാതിരുന്നതു മൂലം ഗ്രാസ്പിങ് പവര്‍ തുരുമ്പെടുത്തുപോയതു കൊണ്ടാണോ എന്നറിയില്ല, സിനിമയിലെ കാര്യങ്ങള്‍ എന്നെ സ്പര്‍ശിക്കാതെ കടന്നുപോയി. ലോകം വിട്ടുപോയ ദീപയും ലോകം വിടാത്ത കാഞ്ചനമാലയും കൂടി എന്നെ ഞെരുക്കി. സിനിമാ കാണണമെന്നു മോഹം തോന്നിയതെന്തിനാണ് എന്നു തന്നെ എനിക്ക് മനസ്സിലായില്ല. വല്ലാതെ തളര്‍ന്നുപോയിരുന്നു ആ സിനിമാ കണ്ടിറങ്ങിയപ്പോള്‍.
അത്തവണ മകന്റെ വിദ്യോദയാസക്കൂളിന്റെ ഇരുപത്തഞ്ചാം വാര്‍ഷികമായിരുന്നു. അസുഖകാലം പ്രമാണിച്ച് ഞാനാ സ്ക്കൂളില്‍ കാലുകുത്താതായിട്ട് നാളുകള്‍ കുറേ ആയിരുന്നു. ചെറുപയര്പ്പച്ചയും ശംഖുപുഷ്പനീലയും ചേര്‍ന്ന സാരി കഷ്ടപ്പെട്ടുടുത്ത് ആറിയ ചായയുടെ നിറമുള്ള അമൃതാ ആശുപത്രി യൂണിഫോമിനെ മറന്നു കളഞ്ഞ് അവിടെയെല്ലാം കൂടി നടക്കുമ്പോള്‍, എന്നെ സന്തോഷം വന്നു മൂടി.
ശ്രേഷ്ഠസേവനമനുഷ്ഠിച്ചു പിരിഞ്ഞുപോയ അദ്ധ്യാപകരുടെ മുഖങ്ങളോരോന്നായി മെല്ലെ സ്റേജിനുമുന്നിലെ സ്ക്രീനില്‍ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. ചെക് ഡിസൈനുള്ള ടോപ്പിട്ട ദീപയുടെ മുഖം, നിറഞ്ഞ ചിരിയുമായി പെട്ടെന്ന് കയറിവന്ന് സ്ക്രീനിനെയപ്പാടെ മുക്കിക്കളഞ്ഞു. ഞാന്‍ ഓര്‍മ്മ കൊണ്ട് ഞെട്ടിപ്പിടഞ്ഞു. എന്റെ ‘സന്തോഷം, നിന്നനില്‍പ്പില്‍ എരിഞ്ഞടങ്ങി.
‘പ്രിയയുടെ അസുഖങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, എന്റേതൊന്നും യാതൊന്നുമല്ല’ എന്നു പറഞ്ഞ ആളുടെ വാക്കുകള്‍ അപ്പോഴും ഫോണിലുണ്ടായിരുന്നതിനെ ഞാന്‍ വിരല്‍ കൊണ്ടു തൊട്ടുനോക്കി. ദീപയുടെ ആശുപത്രിപ്പടവുകളിലെ മെഡിക്കല്‍ ട്രസ്റ്റ് മഴവില്ലും സൂര്യോദയവും ഓര്‍ത്ത് മിണ്ടാനാവാതെ തരിച്ചിരുന്നു ഞാന്‍…