scorecardresearch
Latest News

ജാഗരൂകം

“ഏതോ ചില വീട്ടുകാരുടെ മാത്രമാണ് ‘കാണാതാകുന്ന കുട്ടികള്‍’ എന്നു വിചാരിക്കുന്നതു കൊണ്ടല്ലേ ഈ അലംഭാവം എന്നോര്‍ത്തു ഞാന്‍ നിന്നു.” സമകാലത്തെ ആകുലകളെ കുറിച്ച് ‘പ്രിയം അപ്രിയം’ പംക്തിയിൽ

വാക്കുകള്‍ കൂട്ടിച്ചൊല്ലാറായപ്പോള്‍ എന്റെ കുഞ്ഞുമകനെ അടുത്തിരുത്തി ഞാന്‍ നിരന്തരം പറഞ്ഞ് പഠിപ്പിച്ച് മനപ്പാഠമാക്കിച്ചെടുത്ത ചില കാര്യങ്ങളുുണ്ട് -അമ്മയുടെ പേര് , അച്ഛന്റെ പേര്, വീടിന്റെ പേര്, താമസിക്കുന്ന സ്ഥലം…

ആരെങ്കിലും അവനെ തട്ടിക്കൊണ്ടുപോകുമെന്ന് ഞാന്‍ എപ്പോഴും പേടിച്ചു. തട്ടിക്കൊണ്ടുപോകലുകാരുടെ കൈയില്‍ നിന്ന് അവനെ ആരെങ്കിലും രക്ഷിച്ചാല്‍, അവന്‍ തപ്പിത്തടഞ്ഞ് ‘ശിവകൃപ, തവളക്കുഴി , ഏറ്റുമാനൂര്‍ ‘എന്നു പറയുമെന്നും കരഞ്ഞുകലങ്ങിയ കണ്ണും ഇടറിപ്പോയ ഒച്ചയും വിശന്ന വയറുമായാണെങ്കിലും എങ്ങനൈയങ്ങനെയോ അവനെന്റെയടുത്ത് ഭദ്രമായി തിരിച്ചെത്തുമെന്നും ഞാനങ്ങനെ ഉറപ്പുവരുത്തി.

ആലപ്പുഴയില്‍ നിന്ന് രാഹുലിനെ കാണാതെപോയത് മനസ്സില്‍ ഒരാന്തലുപോലെ കിടക്കുന്നതുകൊണ്ടും ആ കുഞ്ഞ് എവിടെ  എന്നുപോലും നിശ്ചയമില്ലാതെ എന്നും മകനെ കാത്തിരിക്കാന്‍ വിധിക്കപ്പെട്ട രാഹുലിന്റെ അമ്മ എന്റെ മനസ്സില്‍ നിന്നൊരിക്കലും ഇറങ്ങിപ്പോകാത്തതുകൊണ്ടും കുട്ടികളെക്കുറിച്ചുള്ള എന്റെ ജാഗരൂകത എല്ലാക്കാലത്തും ഒരൽപ്പം ഭ്രാന്തമാണ്.

കുറച്ചുവര്‍ഷം മുമ്പ് എറണാകുളം മെഡിക്കല്‍ സെന്ററിനരികെയുള്ള താരതമ്യേന ഗതാഗതം കുറഞ്ഞ പൈപ്പ് ലൈന്‍ റോഡിലൂടെ കാറോടിച്ച് തൃക്കാക്കരയ്ക്ക് വരവേ, കുറച്ച് സ്‌ക്കൂള്‍ കുട്ടികള്‍ വണ്ടിക്ക് കൈകാണിച്ചു. അവരെ ചുമ്മാതൊന്ന് നോക്കുക മാത്രം ചെയ്ത് ഞാന്‍ വണ്ടി മുന്നോട്ടുതന്നെ ഓടിച്ചു… ഭാവനയുടെ ഉപദ്രവം ധാരാളമായുള്ളതു കൊണ്ട്, അടുത്ത നിമിഷം തന്നെ എനിക്ക് വേവലാതിയായി. കുട്ടികള്‍ ഉച്ചയ്ക്ക് പരീക്ഷ എഴുതാന്‍ പോകുന്നവരാ ണെങ്കിലോ? ഉള്‍പ്രദേശമല്ലേ, വേണ്ടത്ര വണ്ടിയുണ്ടാകണം എന്നില്ല. അവര്‍ക്ക് പരീക്ഷയ്ക്ക് സമയമായിക്കാണും.  വണ്ടിയൊന്നും കിട്ടാതെ പാവങ്ങള്‍ ആധി പിടിച്ച് വഴിയിലിറങ്ങിനിന്ന് കാണുന്ന വണ്ടിക്കൊക്കെ കൈകാണിക്കുകയാണെങ്കിലോ?

ഞാന്‍, വണ്ടിയുടെ വേഗത കുറച്ച് റിയര്‍ വ്യൂ മിററിലൂടെ കുട്ടികളെ സാകൂതം നോക്കി. വണ്ടി പുറകോട്ടെടുത്ത് അവരെ കയറ്റാനായിരുന്നു എന്റെ ഉദ്ദേശ്യം. പക്ഷേ ആ കുട്ടികള്‍ തമ്മില്‍ത്തമ്മില്‍ ഒരു കുസൃതിച്ചിരി കൈമാറുന്നതാണ് എനിക്കു കാണാനായത്. ഞാന്‍ വണ്ടി മെല്ലെയാക്കിയതൊന്നും അവര്‍ ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല. ‘പണി പാളിയെടാ’ എന്ന തമാശമട്ട് നിറഞ്ഞ ആ ആണ്‍കുുട്ടിമുഖങ്ങള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തി. ഒരു പക്ഷേ ഞാനവര്‍ക്ക് ലിഫ്റ്റ് കൊടുത്തിരുന്നു എങ്കില്‍ , വണ്ടിക്കകത്തു കയറിയിരുന്ന് ആവര്‍ പരസ്പരം കൈമാറുമായിരുന്ന ‘ആക്കിച്ചിരി’യെക്കുറിച്ച് എനിക്കതോടെ നല്ല ബോദ്ധ്യം വന്നു. വണ്ടി നിര്‍ത്തണോ എന്ന സംശയം അതോടെ തീര്‍ന്നുകിട്ടി. നേരത്തേ കാലത്തേ സ്‌ക്കൂളിലേയ്ക്ക് പുറപ്പെടാനുള്ള കുട്ടികളുടെ മടി, കുറുക്കു വഴികളിലൂടെ ലക്ഷ്യസ്ഥാനത്ത് വേഗമെത്താനുള്ള കുസൃതി ഒപ്പിക്കലുകള്‍ ഇതൊന്നും എനിക്കൊട്ടും ഇഷ്ടമായില്ല.

അവര്‍ പുറം ലോകത്തെക്കുറിച്ച് ഇത്രമേല്‍ അജ്ഞരാണോ എന്നാലോചി ക്കുന്തോറും ജീവിതത്തെ കുട്ടികള്‍ സമീപിക്കുന്ന അലസരീതി എന്നെ അസ്വസ്ഥയാക്കി. ഇവർ പത്രം വായിക്കുന്നില്ലേ, ലോകത്തിന്റെ നെറികെട്ട വഴികളില്‍ ശ്വാസം മുട്ടിപിടഞ്ഞമര്‍ന്ന് നിലച്ചിരിക്കാവുന്ന ഒരു കുഞ്ഞു ശ്വാസഗതിയെക്കുറിച്ച് ഇവര്‍ക്ക് സ്‌ക്കൂളിലോ വീട്ടിലോ ആരും പറഞ്ഞു കൊടുത്തിട്ടുണ്ടാവില്ലേ , ഇത്രമേല്‍ നിരുത്തരവാദപരമായാണോ കുട്ടികള്‍ ലോകത്തെ അഭിമുഖീകരിക്കുന്നത് എന്നൊക്കെ ഞാന്‍ പിടഞ്ഞു.priya a s ,memories

പിന്നീട് പലതവണ പലവഴികളില്‍ പലയിടങ്ങളില്‍ വച്ച്, വഴിയേ പോകുന്ന ഏതാണ്ടല്ലാ വാഹനങ്ങള്‍ക്കും കൈ കാണിക്കുന്ന സ്‌ക്കൂള്‍ കുട്ടികള്‍ കണ്ണില്‍പ്പെടുകയുണ്ടായി. വണ്ടികളെല്ലാം തന്നെ നിര്‍ത്താതെ കടന്നുപോകുമ്പോള്‍ ‘ഇല്ലെടാ, ഏറ്റില്ലെടാ, ഇനീം ഭാഗ്യം പരീക്ഷിക്കാമെടാ’ എന്ന മട്ടിലുള്ള അടക്കിച്ചിരികള്‍ പരസ്പരം കൊടുത്ത്, വഴിവക്കിലെ കാത്തുനില്‍ക്കലുകള്‍ ആഘോഷിക്കുന്ന കുട്ടികളെ ശ്രദ്ധിക്കുന്തോറും അവര്‍ക്ക് പോകാനുള്ള ദൂരങ്ങള്‍ വളരെ ചെറുതാണെന്നും വെറും മടികൊണ്ടോ രസം കൊണ്ടോ മാത്രമാണിവര്‍ കൈകാണിക്കല്‍ പ്രസ്ഥാനത്തില്‍ അംഗങ്ങളായിരിക്കുന്നതെന്നും മനസ്സിലായി.

പെണ്‍ സ്‌ക്കൂള്‍കുട്ടികളും അക്കൂട്ടത്തില്‍ വിരളമായിരുന്നില്ല. കാണാതാവലുകളും കുത്തിക്കൊല്ലലുകളും ബലാത്സംഗങ്ങളും തീവണ്ടികളും വഴിതെറ്റിക്കലുകളും  സീരിയല്‍ വാഗ്ദാനങ്ങളും സൂര്യനെല്ലി, വിതുര, കിളിരൂര്‍ തുടങ്ങിയ അദ്ധ്യായങ്ങളും അറിയാതിരിക്കാന്‍ തക്കവണ്ണം ഇത്തിരിവട്ടത്തില്‍ ജീവിക്കുന്നു പുതുതലമുറ എന്നപ്പോഴൊക്കെ ഉള്ള് നീറി. വഴിയില്‍ കളിച്ചു ചിരിച്ച് നിന്ന് ഒരു ലിഫ്റ്റിന് വേണ്ടി തത്രപ്പെടുന്ന കുട്ടികളെ കാണുന്തോറും, വണ്ടി നിര്‍ത്തി ഇറങ്ങിച്ചെന്ന് അവര്‍ക്ക് ലോകത്തെക്കുറിച്ച് ക്‌ളാസെടുക്കണം എന്നെനിക്ക് തോന്നി .

രണ്ടോ മൂന്നോ തവണ , വണ്ടി നിര്‍ത്തി അവരോട് കണ്ണുരുട്ടുക തന്നെ ചെയ്തു. ‘പത്രം വായിക്കാറില്ല അല്ലേ, മൊബൈലില്‍ ഗെയിം കളിച്ചുകൊണ്ടിരുന്നാലൊന്നും ലോകത്തിന്റെ സ്പന്ദനം അറിയാന്‍ പറ്റില്ല’ എന്ന മട്ടില്‍ വായില്‍ വന്ന വഴക്കൊക്കെ പറഞ്ഞ് ‘ഇനി മേലില്‍ ഏതെങ്കിലും വണ്ടിക്ക് കൈ കാണിച്ചു നില്‍ക്കുന്നതു കണ്ടാലുണ്ടല്ലോ’ എന്ന് ഭീഷണിപ്പെടുത്തി, അവരെ കയറ്റാതെ വണ്ടി വിട്ട എന്നെ ,ഇതെന്തു ജീവി എന്ന മട്ടിലെ ‘തമ്മില്‍ത്തമ്മില്‍ച്ചിരി’യിലൂടെ നോക്കിനില്‍ക്കുന്നതിലെ അവരുടെ രസഭാവം റിയര്‍ വ്യൂ മിററില്‍ക്കൂടി എനിക്ക് കാണാമായിരുന്നു.

മറ്റൊരിക്കല്‍, പനി പിടിച്ച മകനുമൊത്ത് ഒരാറുമണി നേരത്ത് കൊച്ചിന്‍യൂണിവേഴ്‌സിറ്റിക്കടുത്തുള്ള മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് ഡോക്ടറെ കാണാന്‍ പോയി വരുന്ന നേരം , ‘പോക്കുവെയില്‍-വഴി’യിലേക്കിറങ്ങി നിന്ന് ഒരു പത്തുവയസ്സുകാരന്‍ ഒരു സഞ്ചിയും പിടിച്ച് എന്റെ വണ്ടിക്ക് കൈ കാണിച്ചു.

കിലോ കണക്കിനുള്ള എന്റെ ഭാവന, എന്നോട് പറഞ്ഞു ,’അവന്‍ സ്‌ക്കൂള്‍ വിട്ടുവന്നതേയുള്ളൂ, അപ്പോഴാണ് അമ്മ പറയുന്നത് അച്ഛന്റെ പനിയെക്കുറിച്ച്, മരുന്നു വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലേക്ക് പാവം തിരക്കു പിടിച്ചിറങ്ങിയതാണ്, ഇരുട്ടുവീണാലോ തിരികെ വീടെത്തും മുമ്പ് എന്നു പേടിച്ചിട്ടാണവന്‍ ആരുടെയൊക്കെയോ അറിയാവണ്ടികള്‍ക്ക് ഗതികെട്ട് കൈകാണിക്കുന്നത്.  വണ്ടി നിര്‍ത്തി, മകനെക്കൊണ്ട് മാടി വിളിപ്പിച്ച് ഞാനവനെ വണ്ടിയില്‍ കയറ്റി.

കരുണരസത്തില്‍ ഞാനവനോട് ‘എവിടെ വിടണം നിന്നെ’ എന്നു ചോദിച്ചു. മൂന്നു കടകള്‍ക്കപ്പുറത്തെ ഒരു കടയിലേക്ക് അവന്‍ കൈ ചൂണ്ടി. ഇത്ര ചെറിയ ദൂരത്തിന് അവനെന്തിനാണ് ലിഫ്റ്റിനായി കാത്തുനിന്നത് എന്നെനിക്ക് മനസ്സിലാ യില്ല. അവനു പോകേണ്ടത് റേഷന്‍ കടയിലേക്കാണ് എന്നും വെറുതേ നടക്കാന്‍ കഴിയില്ലാത്തുകൊണ്ടാണ് അവന്‍ കൈ കാണിച്ച് വണ്ടി നിര്‍ത്തിയതെന്നും മനസ്സിലായപ്പോള്‍ എന്റെ സര്‍വ്വ നിയന്ത്രണവും പൊയ്‌പ്പോയി. ഇപ്പോള്‍ വിഴുങ്ങും എന്ന മട്ടില്‍ ഭീകര രൂപം പ്രാപിച്ചു ഞാന്‍…priya a s, memories

കണ്ണില്‍ക്കണ്ട വണ്ടിക്കൊക്കെ കൈ കാണിച്ച് നില്‍ക്കുന്ന നേരത്തിന്റെ കാല്‍ഭാഗം മതിയായിരുന്നു അവന് ആ കടയിലേക്ക് നടന്നെത്താന്‍. പത്രം വായിക്കാത്തതിന്റെയും പൊള്ളിക്കുന്ന കാലത്തിന്റെ വഴിയോരങ്ങളില്‍ വെറുതേ ചിരിച്ചു കൊണ്ടുനിന്ന് , എങ്ങോ പതുങ്ങിയിരിക്കുന്ന അപകടങ്ങളിലേക്ക് നെഞ്ചുവിരിച്ച് നടന്നുകയറുന്നതിന്റെയും പേരില്‍ ഞാനവനെ ജീവനോടെ പൊരിച്ചെടുത്തു. കുഞ്ഞുകൈലിയുടുത്ത ആ സഞ്ചിക്കാരന്‍ കുട്ടിയെ തൊട്ടടുത്തെങ്ങോ ഉള്ള അവന്റെ വീട്ടിലേക്ക് കൈപിടിച്ചു കൊണ്ടുപോയി, ‘നോക്കൂ ഇവനെന്താ കാണിച്ചത് , എന്നറിയാമോ ‘എന്നും ‘ഇവന്‍ പത്രം വായിക്കാറില്ല അല്ലേ’ എന്നു ചോദിച്ച് , അവനെ കുറച്ചുകൂടി മയത്തില്‍ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് പിന്നെ പലതവണ തോന്നി.

ഇപ്പോഴും ,ആ വഴിയേ പോകുമ്പോഴൊക്കെ ഞാനവനെ തിരയാറുണ്ട്. ‘ഇതെന്തൊരു മഹാദേഷ്യക്കാരി’ എന്നവന് തോന്നിക്കാണും. ‘കുഞ്ഞേ , നീയും എന്റെ മകനാണ് , നിന്നെച്ചൊല്ലിയുള്ള ആധിമൂത്ത് ദേഷ്യമായതാണ്’ എന്ന് അവന് മനസ്സിലാക്കിക്കൊടുക്കാനാവാത്തിനാല്‍ ഇപ്പോഴുമുണ്ട് കുറ്റബോധം.

പക്ഷേ എന്നും, വഴിയിലെല്ലാം ചിരിക്കുട്ടികള്‍ കൈകാണിച്ച് വണ്ടിനിര്‍ത്തിക്കിട്ടാന്‍ നോക്കുകയാണ്. ഇവരുടെ സ്‌ക്കൂളന്വേഷിച്ച് പോകണം,അവിടെ ചെന്ന് പ്രിന്‍സിപ്പലിനോട് പറയണം ഇവരുടെ തോന്ന്യവാസത്തെക്കുറിച്ച് എന്നെല്ലാം തോന്നാറുണ്ട്. പക്ഷേ എത്ര കുട്ടികളുടെ പുറകേ പോകാന്‍ പറ്റും എനിക്ക്?

‘ഷി ‘ക്ലാസ്സും ‘ഹി’ ക്ലാസ്സും സ്‌ക്കൂളുകളില്‍ കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്..കുട്ടികളതെല്ലാം കാര്യമായെടുക്കുന്നുണ്ടോ ആവോ?  ശരീരത്തെക്കുറിച്ച് , ഒരു പക്ഷേ എവിടെയെങ്കിലും വച്ചൊരു ലൈംഗിക ചൂഷണശ്രമമുണ്ടായാല്‍ അതു തിരിച്ചറിയാനും ചെറുക്കാനും പ്രാപ്തരാകു ന്നതെങ്ങനെ എന്നെല്ലാം ക്ളാസ്സെടുക്കേണ്ടത് ആണ്‍പെണ്‍കുട്ടികളെ ഒന്നിച്ചിരുത്തിയല്ലേ എന്ന സംശയം ബാക്കി. Gender discrimination ഇല്ലാതാക്കാന്‍ ശ്രമിക്കുകയും അതേ സമയം ‘ഹി’ ക്‌ളാസും ‘ഷി’ ക്‌ളാസും എന്ന് അതിര്‍വരമ്പുകള്‍ ഉണ്ടാവുകയും ചെയ്യുന്നത് എനിക്കു തീരെയും മനസ്സിലാകാറില്ല.

പത്രം നിര്‍ബന്ധമായും വായിക്കണം, പെട്ടെന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഒരു മൊബൈല്‍ ആപ്പല്ല ചുറ്റുപാടുലോകം എന്നൊക്കെയുള്ള, ആഴ-ഉള്‍ക്കൊള്ളലുകള്‍ നിറഞ്ഞ ഒരിടത്തേയ്ക്ക് അവരെ കൂട്ടിക്കൊണ്ടുപോകാന്‍ സ്‌ക്കൂളുകള്‍ക്കോ വീട്ടുകാര്‍ക്കോ ആവാത്തെന്തുകൊണ്ടാവും?

‘ജീവിതം കൊത്താനുള്ള കല്ല് ‘ കൊടുക്കാതെ, സ്‌ക്കൂളുകള്‍ കുട്ടികളെ നിയോലിത്തിക്, പാലിയോലിത്തിക് കാലങ്ങളെയും ആ കാലങ്ങളിലെ കല്ലുകളെയും കുറിച്ച് പഠിപ്പിച്ചിട്ടെന്താണ് പ്രയോജനം? ലോകത്തേക്കുവച്ച് ഏറ്റവും വിഷമുള്ളതും ഇന്‍ഡോ -പസഫിക് ഭാഗത്ത് കാണപ്പെടുന്നതും ആയ സമുദ്രജീവി ‘ബോക്‌സ് ജെല്ലി ഫിഷ് ‘എന്നു പഠിപ്പിച്ചിട്ടും വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അനുദിനം വിഷമയമായിക്കൊണ്ടിരിക്കുന്ന ജീവിതപരിസരങ്ങളെ ക്കുറിച്ച് പറയാത്ത പുസ്തകങ്ങള്‍ ആര്‍ക്കെന്തിനാണ്?

എത്ര രക്ഷിതാക്കള്‍ അവരുടെ ഒന്നരവയസ്സുകാരനെ/കാരിയെ സ്വന്തം പേരും മേല്‍വിലാസവും പഠിപ്പിക്കുന്നുണ്ടാവും?

മഴ വന്നതുകാരണം സ്‌ക്കേറ്റിങ് ക്‌ളാസ് നേരത്തേ നിര്‍ത്തേണ്ടി വന്ന വൈറ്റില ഡെക്കാത്തിലോണിലെ ഒരു ദിവസം , ‘തിരികെ കൊണ്ടുപോകാനമ്മ വന്നില്ല’ എന്ന് കരയുന്ന കുട്ടിയെ കണ്ട് അടുത്തു ചെന്ന് സമാധാനിപ്പിക്കാന്‍ നോക്കുകയും അമ്മയുടെയോ അച്ഛന്റെയോ ഫോണ്‍നമ്പര്‍ വാങ്ങി അവരെ വിളിക്കാമെന്നു വിചാരിക്കുകയും ചെയ്തപ്പോള്‍ , അത്ഭുതമെന്നു പറയട്ടെ ആ യു കെ ജി ക്കാരന് ഫോണ്‍നമ്പറുകളൊന്നും അറിയില്ല. കോച്ചിങ് തീരുന്ന പതിവു സമയത്ത് അവന്റെ അമ്മ എത്തിച്ചേര്‍ന്നപ്പോള്‍, ഞാനടുത്ത് ചെന്നവരോട് “കുട്ടിക്ക് ഫോണ്‍നമ്പര്‍ പഠിപ്പിച്ചുകൊടുക്കാത്തെന്താണ്?” എന്നു ചോദിച്ചു. “ശരിയാണ്, പറഞ്ഞു കൊടുക്കണം,” എന്നൊഴുക്കന്‍മട്ടില്‍ പറഞ്ഞു ചിരിച്ച് അവര്‍ കുട്ടിയുമായി തിരികെ പോയി.

ഏതോ ചില വീട്ടുകാരുടെ മാത്രമാണ് ‘കാണാതാകുന്ന കുട്ടികള്‍’ എന്നു വിചാരിക്കുന്നതു കൊണ്ടല്ലേ ഈ അലംഭാവം എന്നോര്‍ത്തു ഞാന്‍ നിന്നു.

അതോ പണ്ടേക്കുപണ്ടേ ‘ജാഗരൂക’ എന്ന കഥ എഴുതിയതുകൊണ്ടാവുമോ, എനിക്ക് ഇത്രയും പൊള്ളല്‍ ?

Read More: പ്രിയ എ എസ്സിന്റെ എഴുതിയത് ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Priya a s priyam apriyam column child abuse risk factors

Best of Express