Latest News

തുമ്പി ഭാഷാച്ചിറകില്‍ ഒരു അരുന്ധതിയാനന്ദം

അരുന്ധതിറോയിയുടെ രണ്ടാം നോവൽ,ലോകത്തിന്റെ കൈകളിലേക്ക്. ആദ്യപുസ്തകമായ God of Small Things നെ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനാക്കി മലയാളത്തിന് സമ്മാനിച്ച കഥാകൃത്ത് പ്രിയ എ എസ് ,വിവര്‍ത്തനക്കാലത്തിലെ ഓര്‍മ്മകളും അനുഭവങ്ങളും തോന്നലുകളും നീരീക്ഷണങ്ങളും തനിക്ക് അന്നുമിന്നും നല്‍കിപ്പോരുന്ന പരമാനന്ദത്തെക്കുറിച്ച് …

arundhathi roy, priya as, novel

‘മെരുങ്ങാത്ത പട്ടുചേലപോലെ അവര്‍ക്കുപിന്നില്‍ പുഴ ഇരുട്ടിലൂടെ മിടിച്ചുകൊണ്ടിരുന്നു. മഞ്ഞമുളകള്‍ കരഞ്ഞു. പുഴവെള്ളത്തില്‍ കൈമുട്ടുകള്‍ വച്ച് രാത്രി, അവരെ നോക്കി നിന്നു. സോഫിമോളുടെ ചോദ്യം- ചാക്കോ, വയസ്സാകുമ്പോള്‍ കിളികള്‍ എവിടെച്ചെന്നാ മരിക്കുന്നെ? ആകാശത്തുനിന്ന് കല്ലുകള്‍പോലെ ചത്തവയൊന്നും താഴേക്ക് വീഴാത്തതെന്താ?’ (From  God of Small Things) The Ministry of Utmost Happiness ലെ ആദ്യ അധ്യായത്തിന്റെ പേര്   Where do old birds go to die?

Because the truth is ,that only what counts counts എന്നും beautiful ugly thoughts എന്നും ഒടേതമ്പുരാനില്‍ അരുന്ധതി വാക്കു കൊണ്ട് കൊത്തങ്കല്ലാടുന്നുണ്ട്… He laughed. She laughed at his laugh  എന്ന് The  Ministry of Utmost Happiness ല്‍ വീണ്ടും അരുന്ധതി വാക്കുകളുടെ താന്തോന്നിക്കുസൃതിപ്പച്ച…

അരുന്ധതി എന്റെ കണ്ണില്‍പ്പെട്ടത് വളരെ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പാണ്, അതായത് ഒടേതമ്പുരാന്‍ പിറക്കുന്നതിനും മുമ്പ്, അരുന്ധതിയെ വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചതും വളരെ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പാണ്, ബുക്കര്‍പ്രൈസ് എന്ന വലിയകാര്യം അയ്മനത്തെ കുഞ്ഞുകുഞ്ഞുകാര്യങ്ങളെ തേടിവരുന്നതിനും വളരെ മുമ്പ്..ഞാനൊരു പതിനേഴു പതിനെട്ടു വയസ്സിന്റെ പടിയില്‍ ജീവിതം കൊണ്ടെന്തു ചെയ്യണമെന്നു പകച്ചു നില്‍ക്കുമ്പോഴാണ് അയ്മനത്തെ പട്ടം പറന്നുവന്നെന്നെ തൊട്ടത്.

“In Which Annie Gives it Those Ones” അരുന്ധതി എഴുതി പ്രദീപ് കിഷന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര്. എന്താണതിന്റെ അര്‍ത്ഥം എന്ന് ഒരുപിടിയും കിട്ടിയില്ല . ആ സിനിമാത്തലക്കെട്ടുമായി ഞാനും എന്റെ മലയാളവും കുറേക്കാലം പൊരുതി , പിന്നെ അതിദയനീയമായി തോറ്റു . എന്തിനെയാണ് ഉദ്ദേശിക്കുന്നത് എന്നു പോലും ആ തലക്കെട്ടില്‍ നിന്ന് ഊഹിച്ചെടുക്കാന്‍ പറ്റാതെ ഞാന്‍ അസ്വസ്ഥയായി. അസൂയയും ഉണ്ടായിരുന്നു.തിരക്കഥയ്ക്ക് ഇത്ര ചെറുപ്പത്തിലേ തന്നെ ഒരു പെൺകുട്ടി സമ്മാനവും വാങ്ങിപ്പോകുന്ന നേരം, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്വപ്നം കണ്ടിരുന്ന ഞാൻ എന്ന പെൺകുട്ടിക്ക് അസൂയ തോന്നുന്നത് തികച്ചും ന്യായം എന്നു ഞാൻ വിശ്വസിച്ചു. ആ അസൂയായിരുന്നു എന്റെ ജീവിത്തില്‍ ഞാനിന്നോളം അനുഭവിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അസൂയ . ചുവന്ന പട്ടുസാരിയും കറുത്ത ബ്‌ളൗസുമണിഞ്ഞ് ഒന്നു വിങ്ങിപ്പൊട്ടി അരുന്ധതി ഏറ്റുവാങ്ങിയ ബുക്കര്‍പ്രൈസിനേക്കാള്‍ എന്നെ ബാധിച്ചത്, ആനിയുടെ ആര്‍ക്കിറ്റെക്ചര്‍ ജിവിതത്തിന്റെ ബ്‌ളൂപ്രിന്റ് വരച്ച് അരുന്ധതി കൊയ്ത ‘ഇന്‍ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വണ്‍സ് ‘വിജയമാണ്.

arundhathi roy, script writer, priya as
ഇന്‍ വിച്ച് ആനി ഗിവ്സ്   ഇറ്റ് ദോസ് വണ്‍സ് എന്ന സിനിമയിൽ

ഒരു മിഡി സ്‌കേര്‍ട്ടും റ്റോപും ഒറ്റക്കാതില്‍ വലിയൊരു പച്ചത്തത്തരൂപത്തിലെ നീളന്‍കമ്മലും (കേയ്ജ്ഡ് തത്ത എന്നാണോര്‍മ്മ) മറ്റേക്കാതില്‍ മറ്റെന്തോ കമ്മലും ഇട്ട് സമ്മാനം വാങ്ങാന്‍ അരുന്ധതി വേദിയിലേക്കു കയറിവന്നപ്പോള്‍, സമ്മാനാര്‍ഹരുടെ പതിവു വര്‍ണ്ണപ്പട്ട്‌ പൊലിമകള്‍ക്കപ്പുറത്തുനില്‍ക്കും വിധമുള്ള ആ ബൊഹീമിയന്‍ വേഷ സംവിധാനം കണ്ട് അന്നത്തെ ഇന്‍ഡ്യന്‍ പ്രസിഡണ്ട് ആർ. വെങ്കിട്ടരാമന്‍ അന്തം വിട്ടുപോയി ഒരു നിമിഷത്തേക്ക് എന്ന പത്രറിപ്പോര്‍ട്ടും എനിക്കോര്‍മ്മയുണ്ട് .അന്നു തുടങ്ങിയതാണ് ‘മേരി റോയിയുടെ മകള്‍ എന്ന ലേബലിനുമപ്പുറത്തേക്ക് നടന്നുപോകും അരുന്ധതി എന്ന വ്യക്തി ‘എന്ന ഉള്‍ക്കാഴ്ചയും ഉറപ്പും.
അന്നുമുതല്‍ ‘അരുന്ധതി’ എന്ന പേരിനു വേണ്ടി ഞാന്‍ ഓരോ പത്രക്കോണും പരതി.അരുന്ധതി കൂടുതല്‍ തിരക്കഥകളെഴുതി കൂടുതല്‍ പുരസ്‌ക്കാരങ്ങള്‍ വാങ്ങുന്നത് എനിക്കൊരു പേടിസ്വപ്നമായിരുന്നു .അവരെഴുതാത്തതില്‍ ഞാന്‍ ചെറുതായോ വലുതായോ സന്തോഷിച്ചു . ആർ. വെങ്കിട്ടരാമനില്‍ നിന്ന് ദേശീയ പുരസ്‌ക്കാരം വാങ്ങുന്നതിന്റെ ചിത്രം മുഖചിത്രമായി വന്ന ‘വനിത’ നോക്കിനോക്കിയിരിക്കുമ്പോള്‍ എനിക്കും അരുന്ധതിക്കും കൈ നീളവും കൈപ്പരുവവും കൊണ്ട് നല്ല സാമ്യമുണ്ടെന്നു തോന്നി . ഞാന്‍ , അത് ഞാന്‍തന്നെയായിരിക്കും എന്ന് സങ്കല്‍പ്പിച്ചു .(അത്രമേല്‍ മെലിഞ്ഞവരായിരുന്നു അന്ന് ഞങ്ങള്‍ രണ്ടാളും !)

ഡിഗ്രി കാലഘട്ടത്തില്‍ ‘ഇന്‍ വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വണ്‍സ് ‘, ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തു ഒരു രാത്രിയില്‍ . അസുഖങ്ങള്‍ എന്നെ ബോംബെയിലെ ട്രീറ്റ്‌മെന്റ് കാലത്തിലേക്കെത്തിച്ച നാളുകളായിരുന്നു അത് . ഞാന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ കൂടി നടന്നുനടന്ന് മണിക്കൂറുകളെണ്ണിയെണ്ണി ആ സംപ്രേഷണ സമയത്തിനരികിലെത്തിയപ്പോഴേക്ക് എനിക്ക് അതികഠിനമായ മൈഗ്രെയ്ന്‍ പിടിച്ചു കഴിഞ്ഞിരുന്നു .ഗുളികകള്‍ വിഴുങ്ങി തലവേദന മായുന്നത് കാത്തിരുന്നു . കണ്ണുതുറക്കാന്‍ വയ്യാത്തത്ര വേദനയിലമര്‍ന്ന് വെളിച്ചത്തെ അഭിമുഖീകരിക്കാനാവാതെ അന്ധേരിയിലെ തോരണാഅപ്പാര്‍ട്ട്‌മെന്റ്‌സിലെ ഫ്‌ളാറ്റില്‍ മുറിയടച്ചു കിടക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു .

arundhathi roy, priya as, filmടി വി വച്ചിരുന്നയിടത്തുനിന്ന് ‘ആനി’യിലെ ശബ്ദം വന്ന് എന്നെ തൊട്ട് കടന്നുപോയപ്പോള്‍ എനിക്ക് അതിഭയങ്കരമായ സങ്കടം വന്നു . പലപലറിപ്പോര്‍ട്ടുകള്‍ വായിച്ചുവായിച്ച് എനിക്ക് ആ തിരക്കഥയെ കുറിച്ച് ഏകദേശ ധാരണയുണ്ടായിരുന്നു . ആനി , കഷ്ടിച്ചും അരിഷ്ടിച്ചും ആര്‍ക്കിറ്റെക്ചര്‍ കോഴ്‌സ് കടന്നുകൂടുന്നതിലെ പല പല ഏങ്കോണിപ്പുകള്‍ ആണ് ഫ്രെയിമുകളില്‍ എന്നറിയാമായിരുന്നു. പക്ഷേ അത്രയൊന്നും പോരായിരുന്നു എനിക്കാ തലക്കെട്ടിന്റെ മലയാളഭാഷാന്തരീകരണത്തിന്…

മരമഴ

ഇതുവരെ കണ്ടിട്ടില്ല ആനിയുടെ ദൃശ്യസാക്ഷാത്ക്കാരം. പക്ഷേ തിരക്കഥഒടേതമ്പുരാന്‍ വിവര്‍ത്തനക്കാലത്ത് വായിക്കാനിടയായി. സഞ്ജു സുരേന്ദ്രന്‍ എന്ന പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകാരന്‍ സുഹൃത്ത് കൊണ്ടുത്തന്നു. തൃശൂരില്‍ വച്ച് ഷണ്‍മുഖദാസ് സാറിന്റെ ‘നദി ശരീരം നക്ഷത്രം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് അരുന്ധതി വന്നപ്പോള്‍ , അരുന്ധതിയുടെ ഒപ്പു പതിപ്പിച്ച് ആ പുസ്തകം സഞ്ജുവിന് തിരിച്ചുകൊടുത്തു.

priya as, arundhathi roy, god of small things
ഒടേ തമ്പുരാന്റെ പ്രകാശനത്തിന് എത്തിയ അരുന്ധതിയും വിവർത്തക പ്രിയ എ എസും വേദിയിൽ (ഫൊട്ടോ കടപ്പാട്: ഡി സി ബുക്സ്  –  ഫയൽ​ചിത്രം)

 

അരുന്ധതിയെ വിവര്‍ത്തനം ചെയ്തപ്പോള്‍ , പുസ്തകത്തിനുമപ്പുറം അരുന്ധതിയുടേതായി വന്നഓരോ കുറിപ്പം , ‘ഇല്ലാത്ത സമയ’ത്തിന്റെ വാതില്‍പ്പടിയിലിരുന്ന് ഞാന്‍ വായിച്ചുനോക്കി. അവരെഴുതിയ ഓരോ വാക്കും പുസ്തകത്തിലേക്ക് ഇഴഞ്ഞിഴഞ്ഞുപോകുന്ന ഒരുറുമ്പുനിരയായി എനിക്കുതോന്നി. ഉറുമ്പുകള്‍, ആനിയിലും ഒടേതമ്പുരാനിലും ഒരേ പോലെ വന്നുപോകുന്നുണ്ട്.( എനിക്കത് ചൂണ്ടിക്കാണിച്ചുതന്നത് ഐ ഷണ്‍മുഖദാസ് സാറാണ് .)
അത്രമേല്‍ ഉള്‍ക്കൊണ്ടാണ് ഞാന്‍ അരുന്ധതിയുടെ “God” നെ എന്റെ ഒടേതമ്പുരാനാക്കി മാറ്റിയത് . അതു കൊണ്ടാവും മഴ തോര്‍ന്നു വളരെ നേരം കഴിഞ്ഞാലും മരങ്ങള്‍ പെയ്യുംപോലെ, ജീവിതത്തിലെ പലമാതിരിസന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുമ്പോഴൊക്കെയും ഇപ്പോഴും എനിക്ക് അയ്മനം മണക്കുന്നത്. മകന്‍ കുഞ്ഞുണ്ണിയുമൊത്ത് ചൂണ്ടയും പിടിച്ച് ഞങ്ങളുടെ ചേർത്തലക്കുളത്തിനരികെ തപസ്സു ചെയ്യുന്ന നേരം, ഞാനവനോട് എസ് തയും റാഹേലും ചൂണ്ടയിടാനിരുന്ന നേരങ്ങളെക്കുറിച്ച് വിസ്തരിച്ചു. മീനച്ചിലാർ-ഓർമ്മയിൽ ഒടേതമ്പുരാൻ പുസ്തകത്തിലൂടെ നീന്തുകയായിരുന്നു അപ്പോഴൊക്കെയും ഞാൻ.
‘മീനച്ചില്‍, ചാരപ്പച്ച.അതില്‍ മീനുണ്ട്.ആകാശവും മരങ്ങളുമുണ്ട്.കൂടാതെ രാത്രിനേരത്ത്, പൊട്ടിയ ചന്ദ്രനുമുണ്ട്. പപ്പാച്ചി ചെറുതായിരുന്നപ്പോള്‍, ഒരു കൊടുങ്കാറ്റില്‍ ഒരു പുളിമരം അതിലേക്കുപുഴകി വീണു. അതിപ്പോഴുമുണ്ടതില്‍. പച്ചവെള്ളം , കണക്കിലേറെ കുടിച്ച് കറുത്ത് . ഒഴുകാത്ത പൊങ്ങുതടി. പുഴയുടെ ആദ്യ മൂന്നിലൊന്നുഭാഗം അവരുടെ കൂട്ടുകാരിയായിരുന്നു.ശരിയാഴത്തിനു മുമ്പുള്ളത്,പശിമയുള്ള ചേറ് തുടങ്ങുന്നതിനു മുമ്പുള്ളത്. വഴുവഴുക്കുന്ന കല്‍പ്പടവുകള്‍( പതിമൂന്നെണ്ണം )അറിയാമായിരുന്നു അവര്‍ക്ക്. കുമരകം കായലില്‍നിന്ന് ഉച്ചനേരത്തൊഴുകി പുഴയിലേക്കു വരുന്ന പാഴ്‌ച്ചെടികള്‍ അറിയാമായിരുന്നു അവര്‍ക്ക്.കുഞ്ഞുമീനുകളെ അറിയാമായിരുന്നു അവര്‍ക്ക്.
പരന്ന മണ്ടന്‍ പള്ളത്തി, മീശക്കാരന്‍ സൂത്രക്കാരന്‍ കൂരി, ചിലപ്പോള്‍ കരിമീന്‍. ചാക്കോ അവരെ നീന്താന്‍ പഠിപ്പിച്ചത് ഇവിടെ വച്ചാണ് .( അയാളുടെ കൂറ്റന്‍ അമ്മാവന്‍വയറ്റത്തു കിടന്ന് , സഹായമൊന്നും കിട്ടാതെ കൈകാലിട്ടടിച്ച്)ജലാന്തര്‍ഭാഗത്തുവച്ചുള്ള വളിയിടലിന്റേതായ ഇടവിട്ടുള്ള ആഹ്‌ളാദങ്ങള്‍ അവര്‍ തനിയേ കണ്ടുപിടിച്ചതും ഇവിടെ വച്ചാണ്. അവിടെ വച്ചാണ് അവര്‍ മീന്‍ പിടിക്കാന്‍ പഠിച്ചത്.വണ്ണം കുറഞ്ഞ മഞ്ഞമുളകൊണ്ട് വെളുത്തയുണ്ടാക്കിയ ചൂണ്ടയുടെ കൊളുത്തില്‍, വളഞ്ഞുപുളയുന്ന ഊതനിറമുള്ള മണ്ണിരകളെ കോര്‍ത്തിടാന്‍ പഠിച്ചതും ഇവിടെ വച്ചാണ് . നിശബ്ദത                 (മുക്കുവക്കുഞ്ഞുങ്ങളെപ്പോലെ) പഠിച്ചതും തുമ്പികളുടെ പ്രകാശമാനമായ ഭാഷ പഠിച്ചതും അവരിവിടെ വച്ചാണ്. ഇവിടെ വച്ചാണവര്‍ കാത്തിരിക്കാന്‍ പഠിച്ചത്.ചിന്തകള്‍ ചിന്തിക്കാനും അവ പറയാതിരിക്കാനും പഠിച്ചത്. വളയുന്ന മഞ്ഞമുളകള്‍ താഴോട്ട് അര്‍ദ്ധചന്ദ്രാകൃതിയില്‍ ചായുമ്പോള്‍ ,മിന്നല്‍ വേഗത്തില്‍ മാറിക്കളയാനും. അങ്ങനെ പുഴയുടെ ആദ്യ മൂന്നിലൊന്നു ഭാഗം അവര്‍ക്കു നന്നായറിയാമായിരുന്നു. അടുത്ത മൂന്നില്‍ രണ്ടു ഭാഗങ്ങളത്രക്കറിയാമായിരുന്നില്ല. മൂന്നിലെ രണ്ടാം ഭാഗത്തായിരുന്നു യഥാര്‍ത്ഥ ആഴത്തിന്റെ ആരംഭം.അവിടെ ഒഴുക്ക് ചടുലവും സംശയരഹിതവുമായിരുന്നു. മൂന്നിലെ മൂന്നാംഭാഗത്തിന് ആഴം പിന്നെയും കൂടുതലായിരുന്നു.തവിട്ടുനിറക്കലക്കവെള്ളം. പാഴ്‌ച്ചെടികളും പുളഞ്ഞുചാടുന്ന ആരലുകളും കാല്‍വിരലുകള്‍ക്കിടയിലൂടെ ടൂത്ത് പേസ്റ്റ് കണക്കൊലിച്ചിറങ്ങുന്ന ചേറും. ചാക്കോയുടെ മേല്‍നോട്ടത്തില്‍ ഇരട്ടകള്‍ , നീര്‍നായകളെപ്പോലെ പലതവണ പുഴ നീന്തിക്കടക്കുകയും കിതച്ചുതളര്‍ന്ന് കോങ്കണ്ണു പിടിച്ചപോലെ തിരിച്ചെത്തുകയും തങ്ങളുടെ സാഹസികതക്കു തെളിവായി അക്കരെ നിന്നൊരു കല്ലോ ചില്ലയോ ഇലയോ എടുത്തുകൊണ്ടുവരികയും ചെയ്തിരുന്നു ( പേജ് 219). ‘
എന്റെ വീട്ടില്‍ നിന്നുപേക്ഷിച്ച ചിലത് , മുറ്റം തൂക്കാന്‍ വരുന്ന ദേവകിയമ്മയോ തുണി തേക്കാന്‍ വരുന്ന ഭഗവതിയോ എടുത്തു കൊണ്ടുപോകുമ്പോഴും എനിക്ക് അരുന്ധതിയെ ഓര്‍ക്കാതെ വയ്യ. വെളുത്തയും കുട്ടപ്പനും താമസിച്ച വീടിന്റെ വിവരണമിങ്ങനെയാണ് .
‘ അയ്മനം വീട്ടില്‍ നിന്നു കൊടുത്തതോ അവിടുത്തെ വേണ്ടാസാധനക്കൊട്ടയില്‍നിന്നു കണ്ടെടുത്തോ ആയ വേറെയും സാധനങ്ങള്‍ അവിടുണ്ടായിരുന്നു. ഒരു പാവപ്പെട്ട വീട്ടിലെ ധനികവസ്തുക്കള്‍. നിന്നുപോയ ഒരു ക്‌ളോക്ക്, പൂക്കളുള്ള ഒരു പാട്ട,വെയ്സ്റ്റ് ബാസ്‌ക്കറ്റ്.പപ്പാച്ചിയുടെ പഴയ കുതിരസവാരിബൂട്ടുകള്‍. (തവിട്ടുനിറത്തില്‍ , പക്ഷേ പച്ചപ്പൂപ്പു പിടിച്ചവ) ഇംഗ്‌ളീഷ് കോട്ടകളുടേയും കുറുനിരകളോടു കൂടിയ ഉത്സാഹവതികളായ ഇംഗ്‌ളീഷ്‌സ്ത്രീകളുടേയും പടങ്ങളുടെ ധാരാളിത്തമുള്ള ബിസ്‌ക്കറ്റ് ടിന്നുകള്‍..
ഈശോക്കടുത്തായി ഒരു കുഞ്ഞുപോസ്റ്റര്‍ തൂങ്ങിക്കിടന്നു (ഒരു ചെറുനനവൊരിടത്തുണ്ടായിരുന്നതു കൊണ്ട് ബേബിക്കൊച്ചമ്മ കൊടുത്തത് )കവിളിലൂടെ കണ്ണീരൊഴുക്കിക്കൊണ്ട് കത്തെഴുതുന്ന ഒരു സ്വര്‍ണ്ണത്തലമുടിക്കാരി പെണ്‍കുഞ്ഞിന്റേതായിരുന്നു ആ പോസ്റ്റര്‍. ‘എപ്പോഴും ഓര്‍മ്മ വരുന്നു എനിക്കു നിന്നെ’ എന്ന് അതിനു താഴെ എഴുതിയിരുന്നു. അവളുടെ തലമുടി അപ്പോഴെങ്ങാന്‍ വെട്ടിയതുപോലെയുണ്ടായിരുന്നു, വെട്ടിക്കളഞ്ഞ ആ ചുരുളുകളാണ് വെളുത്തയുടെ മുറ്റത്ത് പറന്നു നടക്കുന്നതെന്നു തോന്നുമായിരുന്നു ‘ (പേജ് 225 )

Read More:അരുന്ധതിറോയിയുടെ “മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സി”ന്റെ ആസ്വാദനം

തൊട്ടടുത്ത വീടുകള്‍ക്ക് വേണ്ടാതായ എന്തെല്ലാമോ ചിലത് വെളുത്ത വഴിയോ ദേവകിയമ്മ വഴിയോ ഭഗവതി വഴിയോ ഇപ്പോഴും കേരളത്തിലെ പല വീടുകളിലേക്കും യാത്ര പോകാറുണ്ടെന്നെനിക്ക് തീര്‍ച്ചയാണ് .അപ്പോഴൊക്കെ എന്റെയുള്ളില്‍ അയ്മനം ഉണരാതിരിക്കുന്നതെങ്ങനെ ?

മള്‍ട്ടിപ്‌ളെക്‌സിലെ അതിവൃത്തിറ്റോയ്‌ലെറ്റുകളില്‍ പോകുമ്പോള്‍ പോലും ഞാന്‍ അമ്മുവിനെ ഓര്‍ക്കാറുണ്ട്. ‘അന്തരീക്ഷത്തില്‍ ഊര ബാലന്‍സ് ചെയ്ത് മൂത്രമൊഴിച്ചാല്‍ മതി റാഹേല്‍,പൊതുറ്റോയ്‌ലെറ്റുകളിലെ കമോഡുകള്‍ വൃത്തികെട്ടവയാണ് ‘എന്ന് റാഹേലിനോട് പറയുന്ന അമ്മു . ലളിത് റോയിക്ക് എറണാകുളത്തുണ്ടായിരുന്ന ഹോട്ടലില്‍ അരുന്ധതി വിവര്‍ത്തനപ്പുസ്തക പ്രകാശനത്തിന്റെയന്ന് വന്നപ്പോള്‍ , ഹോട്ടലിലെജീവനക്കാര്‍ ലളിത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് റ്റോയ്‌ലെറ്റ് വൃത്തിയാക്കാന്‍ ഓടി നടക്കുന്നതുകണ്ടപ്പോഴും ഞാന്‍ ഇതേ ചിരി ചിരിച്ചിട്ടുണ്ട്.

ബ്‌ളൂപ്രിന്റിലെ ജനാലകള്‍,ടവല്‍ഹാങ്ങറുകള്‍

arundhathi roy, god of small things, priya as

God Of Small Things നെ കുറിച്ചു പറയുമ്പോള്‍ അരുന്ധതി, ‘ഗോഡ്’ എന്നേ പറയാറുള്ളൂ . കഥാകൃത്തും കൂടിയാണ് ഞാന്‍ എന്നുള്ളതുകൊണ്ട് ആ പുസ്തകം വിവര്‍ത്തനം ചെയ്യുമ്പോള്‍ ഞാന്‍ പലതവണ അത്ഭുതപ്പെട്ടു രണ്ടു കാര്യങ്ങളെച്ചൊല്ലി . ഒന്ന്, കഥ തീരുന്ന വഴിയിലേക്കുള്ള വ്യക്തമായ സൂചനകള്‍ ആദ്യ അദ്ധ്യായത്തില്‍ത്തന്നെ അരുന്ധതി പറഞ്ഞുവച്ചിട്ടും അവസാന താള്‍ വരെ വായനക്കാരന്‍ ഉദ്വേഗപൂര്‍വ്വമാണ് പുസ്തകം വായിക്കുന്നത്. രണ്ട്, ഒരു വാക്കുപോലും അധികപ്പറ്റാണെന്ന തോന്നല്‍ വരുന്നില്ല . അരുന്ധതി പഠിച്ച ആര്‍ക്കിടെക്ച്ചറാണ് കഥയയെഴുത്തില്‍ അവരുപയോഗിച്ച പണിയായുധം എന്ന് പലതവണ തോന്നിയിട്ടുണ്ട്.. എനിക്കു വേണ്ടതെന്താണ് , എന്റെ ഉള്ളിലെന്താണ് , ഞാന്‍ എന്തു പറയാനാണ് വിചാരിക്കുന്നതെന്നാണ് എന്റെ വിചാരം എന്നു നിരന്തരം തന്നോടുതന്നെ ചോദിച്ച് , എത്രയോ തവണ മാറ്റി വരച്ച് തയ്യാറാക്കിയ ബ്‌ളൂപ്രിന്റ് അനുസരിച്ചു വരച്ചതാണ് അവരുടെ നോവലക്ഷരങ്ങള്‍. ഈ ജനല്‍ അവിടെ വച്ചിരുന്നു എങ്കില്‍ കൂടുതല്‍ വെളിച്ചം കിട്ടിയേനെ മുറിയില്‍ എന്നോ ഈ ടവല്‍ ഹാങ്ങര്‍ ഇവിടെയായിരുന്നുവെങ്കില്‍ കൂടുതല്‍ സൗകര്യമായേനെ എന്നോ ഇവിടെ ട്രാന്‍സ്‌പേരന്റ് കര്‍ട്ടനായിരുന്നു ചേര്‍ച്ച എന്നോ ഉള്ള മട്ടിലെ വീണ്ടുവിചാരങ്ങള്‍ക്കുള്ള പഴുതുകളെല്ലാം നേരത്തേ തന്നെ അടച്ച് എല്ലാം കൃത്യം കൃത്യമാക്കിയിട്ടാണ് അവരുടെ എഴുത്തെന്ന് പലതവണ അനുഭവപ്പെട്ടിട്ടുണ്ട്. വളരെ വ്യക്തമായ വിഷനുള്ള, അവരുടെ ഉള്ളിലെ ഒരു ആര്‍ക്കിറ്റെക്റ്റാണ് അവരെക്കൊണ്ട് നോവലെഴുതിക്കുന്നതെന്ന് അവരുടെ അക്ഷരവരകളെന്നോട് പറഞ്ഞിട്ടുണ്ട് .

വിവര്‍ത്തനക്കാലം എന്നെ വല്ലാതെ തളര്‍ത്തിക്കളഞ്ഞിരുന്നു .പുസ്തകം മറൈന്‍ഡ്രൈവില്‍ വച്ച് പ്രകാശനം നടത്തുന്നതോടെ എനിക്ക് എന്റെ ലോകം തിരിച്ചുപിടിക്കാം എന്നാശ്വസിച്ച് ആ ദിവസം വരെയുള്ള ദിവസങ്ങള്‍ ഞാനെങ്ങനെയൊക്കെയോ തള്ളിനീക്കുകയാിരുന്നു . പ്രകാശനത്തിന്റെ തലേന്ന് രവി ഡി സി അറിയിച്ചു , ‘നാളെ പ്രകാശനച്ചടങ്ങുകഴിഞ്ഞ് അരുന്ധതിയും പ്രിയയും തമ്മില്‍ പുസ്തകത്തെക്കുറിച്ച് കുറച്ചുവര്‍ത്തമാനമാകാം ഓഡിയന്‍സിനെയും കൂടി പങ്കെടുപ്പിച്ചുകൊണ്ട്.’ എനിക്കാകെ തല പെരുത്തു. പുസ്തകത്തിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലാന്‍ എനിക്കശേഷം താല്‍പ്പര്യമുണ്ടായിരുന്നില്ല.
ഞാന്‍ വീണ്ടും ഇംഗ്‌ളീഷും മലയാളവും അക്ഷരങ്ങളുമായിട്ടിരിപ്പു തുടങ്ങി . ഏതു ഭാഗത്തെക്കുറിച്ചെന്തു ചോദിക്കണം എന്നൊരേകദേശ ധാരണ വേണമല്ലോ എന്നു കരുതി എനിക്കിഷ്ടമുള്ള ഭാഗങ്ങള്‍ തപ്പിത്തിരഞ്ഞലഞ്ഞ് ഒത്തിരി നേരമിരുന്നു. ഞാന്‍ നോക്കുന്ന യാതൊന്നും എന്റെ കണ്ണില്‍പ്പെടുന്ന യാതൊരു ലക്ഷണവുമില്ല എന്ന അവസ്ഥയില്‍ ഞാന്‍ കുഴഞ്ഞിരുന്നു . നോവലിന്റെ നിര്‍മ്മിതി അങ്ങനെയാണ് . നടന്ന സംഭവങ്ങളുടെ ക്രമത്തെ കുത്തിമറിച്ചൊരു ക്രമമുണ്ടാക്കിയാണ് നോവലില്‍ വിന്യസിച്ചിരിക്കുന്നത് . കാലസമയദേശവികാരങ്ങള്‍ ചരടയച്ചുവിട്ട പട്ടങ്ങള്‍ പോലെ കൂടിക്കുഴഞ്ഞു നൃത്തം ചെയ്യുന്നതാണ് ഒടേതമ്പുരാന്റെ താളം.

ഒരവസാനവുമില്ലാത്ത ഇരിപ്പാണെന്റേത് എന്നുറപ്പായപ്പോള്‍ ഞാന്‍ ഗതികെട്ട് അരുന്ധതിയെ ഡയല്‍ ചെയ്തു.ഞാന്‍ മടിച്ചുമടിച്ച് ചോദിച്ചതിനെല്ലാം അരുന്ധതി മണിമണിപോലെ അതീവപ്രസന്നതയോടെ ഉത്തരം പറഞ്ഞു .ഓരോ ഭാഗവും ഏതു ചാപ്റ്ററില്‍ ഏതു പാരഗ്രാഫില്‍ ഏതു വരിയില്‍ എന്ന് അവര്‍ അനായാസമായി പറയുന്നതു കേട്ട് ഈ അറ്റത്ത് ഞാന്‍ കണ്ണുമിഴിച്ചിരുന്നു. മനസ്സിലിട്ട് തൊട്ടിലാട്ടി എത്രയോ കാലം കൊണ്ടുനടന്നിട്ടുണ്ടാവാം ഈ നോവലിനെ എന്ന് ബോദ്ധ്യമാകാന്‍ മറ്റൊന്നും വേണ്ടായിരുന്നു . (വിവര്‍ത്തക, പുസ്തകമെഴുതി തളര്‍ന്നുപോയെങ്കില്‍ അതെഴുതിത്തീര്‍ന്ന ദിവസം അരുന്ധതിയും സര്‍വ്വഭാരവുമൊഴിഞ്ഞതുപോലെ, ഊര്‍ജ്ജമെല്ലാം തീര്‍ന്നപോലെ എന്നാലോ ‘വള്ളത്തിലെ പുഴ’ പോലെ എത്രനേരം കിടന്നിട്ടുണ്ടാവും എന്നാലോചിച്ചുനോക്കി ഞാന്‍.) തന്റെ കുഞ്ഞ് എന്ന് ആദ്യം ചിരിച്ചു, കമഴ്ന്നു വീണു, പിടിച്ചുനിന്നു, ‘അമ്മ’ എന്നു പറഞ്ഞു എന്നെല്ലാം ഓര്‍ത്തുവയ്ക്കാന്‍ ഒരു ദിനക്കുറിപ്പുപുസ്തകവും ആവശ്യമില്ലാത്ത ഒരമ്മയെപ്പോലെ അരുന്ധതി എന്ന് ഞാൻ അന്ന് അരുന്ധതിയെ വായിച്ചു.

arundhathi roy, priya as, god of small things

അന്നെന്റെ മകന് അഞ്ചുവയസ്സാകുന്നതേയുണ്ടായിരുന്നുള്ളു. രാത്രിയില്‍ ഞാനവന് പറഞ്ഞുകൊടുത്തിരുന്നത് എസ്തയുടെയും റാഹേലിന്റെയും സോഫിമോളുടേയും വീരകഥകളാണ് . കഥ കേട്ടുകേട്ട് കുട്ടിയ്ക്ക് അവരെ കണ്‍മുന്നില്‍ കാണാം എന്നായി .അന്നൊരു ദിവസം അവന്‍ , അവന്റെ കുഞ്ഞുമനസ്സിലെ ആ മൂന്നുകൂട്ടുകാരെയും ഒരു കല്യാണക്കുറിയുടെ വെളുപ്പില്‍ സ്‌ക്കെച്ച് പെന്‍ കൊണ്ട് വരച്ചു നിറം കൊടുത്തു . ‘സോഫിമോളുടെ ഗോ ഗോ ബാഗാണിത് ‘എന്നു പറഞ്ഞവന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മാത്രമാണ് എനിക്കവന്റെ വരയിലെ ബാഗ് മനസ്സിലായതെന്നു മാത്രം . അതരുന്ധതിക്കു കൊടുക്കുകയും പിന്നെയത് അവന്‍ തിരിച്ചുവാങ്ങുകയും ചെയ്തു. അരുന്ധതിയുടെ ഒപ്പു പതിച്ച ആ ചിത്രം എന്റെ വീടിന്റെ ഭിത്തിയില്‍ തൂങ്ങുന്നതു കാണുമ്പോഴെല്ലാം, തുഴഞ്ഞ് ഇക്കരെയെത്തുമോ ഞാന്‍ എന്നു പകച്ചുപോയ ആ വിവര്‍ത്തനക്കാല ഉറക്കമില്ലായ്മ മുഴുവന്‍ മനസ്സിലേക്കോടിയെത്തും . അതു കൊണ്ടാവും ആ ചിത്രം വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനേക്കാള്‍ എനിക്കു വലുതാകുന്നത്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് വാര്‍ത്ത എന്റെയടുത്തെത്തിയത് റൂബിന്‍ ഡിക്രൂസ് വഴിയാണ് .തെറ്റിയെത്തിയ ഒരു കണ്‍ഗ്രാജുലേഷന്‍സ് എന്നാണ് ആദ്യം കരുതിയത്.പിന്നെ ഔദ്യോഗികമായി വാര്‍ത്തവന്നു.ജനം വിവര്‍ത്തനപ്പുസ്തകം വായിച്ച് കൂവരുതെന്നു മാത്രമേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു.

arundhathi, god of small things, priya as

മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ പറ്റാത്ത പുസ്തകം എന്ന് എം മുകുന്ദനെപ്പോലുള്ളവര്‍ വരെ പറഞ്ഞിരുന്നു . എന്റെ ‘സഹ്യപുത്രിമലയാളം,എന്റെ ജന്മമലയാളം,എന്റെ ജീവമലയാളം,എന്റെ സ്‌നേഹപൂര്‍ണ്ണമലയാളം’ (കുരീപ്പുഴയോട് കടപ്പാട് ) അങ്ങനെ പിന്നിലാക്കപ്പെടുന്നത് എനിക്ക് സഹിക്കുമായിരുന്നില്ല . ആ അസഹനിയത മാത്രമായിരുന്നു വിവര്‍ത്തനം ചെയ്യാനിരിക്കുമ്പോള്‍ എനിക്കാകെയുണ്ടായിരുന്ന മൂലധനം. എം മുകുന്ദനു മുന്നിലിരുന്ന ഒരു കേരള സാഹിത്യ അക്കാദമി വൈകുന്നേരം ഞാന്‍ അറച്ചറച്ച് ചോദിച്ചു , ‘കണ്ടിരുന്നോ വിവര്‍ത്തനം ? അതെക്കുറിച്ച് ഒരിടത്തും ഒന്നുംപറഞ്ഞുകേട്ടില്ല.’ മുകുന്ദന്‍ ചിരിച്ചു , ‘ഒടേതമ്പുരാന്‍ എന്ന തലക്കെട്ട് കണ്ടപ്പോള്‍ തന്നെ സംശയം മാറിപ്പോയി . ‘ എന്റെ വിവര്‍ത്തനം ജനിക്കും വരെ അത് സര്‍വ്വര്‍ക്കും കൊച്ചുകൊച്ചുുകാര്യങ്ങളുടെ തമ്പുരാന്‍ മാത്രമായിരുന്നുവല്ലോ എന്ന് അന്നേരം ഞാനോര്‍ത്തു .’മുകുന്ദന്റെ വാക്കുകള്‍ .., അതും ഒരൊന്നാന്തരം അവാര്‍ഡായി ഞാനെടുത്ത് തലയില്‍ ചൂടുന്നു ഇന്നും .
വിവര്‍ത്തനഅവാര്‍ഡ്‌വിശേഷമറിഞ്ഞ് വിളിച്ച അരുന്ധതി പറഞ്ഞു , ‘Priya , I am writing my second novel for you to translate.’ എനിക്ക് കിടന്നയിടത്തുനിന്നെണീക്കാന്‍ കുറച്ചൊന്നു തത്രപ്പെടേണ്ടി വന്നിരുന്ന കാലമായിരുന്നു അത്. ഒന്നൊന്നരവര്‍ഷക്കാലം നീണ്ട കിടന്നകിടപ്പെന്ന അവസ്ഥയിലേക്കാണ് പിന്നെ ഞാന്‍ പോയത്. അവാര്‍ഡ് വാങ്ങാന്‍ ഡല്‍ഹിക്ക് പോയില്ല . അരുന്ധതിയുടെ ഫോണ്‍ വാക്കുകളിലൂടെ കിനിഞ്ഞത് എന്റെ മലയാളത്തിലുള്ള വിശ്വാസം, ആ വിശ്വാസം എനിക്കിപ്പോഴും പ്രിയപ്പെട്ടത്. ആ വാക്കുകള്‍ , ആ അവാര്‍ഡ് ദിന സായാഹ്നത്തിലെ എന്റെ അനങ്ങാക്കിടപ്പിനെ ഏതവാര്‍ഡിനും മേലെ നിന്നാശ്വസിപ്പിച്ചു . അരുന്ധതി ‘അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സി’ലേക്ക് കടന്നിരിക്കുന്നു.പക്ഷേ ഞാനിപ്പോഴും എസ്ത തിന്നപ്പോഴേക്കും റാഹേലിന് രുചി കിട്ടിയ , ആ ടൊമാറ്റോ സാന്‍ഡ് വിച്ചില്‍ പുരണ്ട എന്റെ തുള്ളിക്കണ്ണുനീരെണ്ണിക്കഴിഞ്ഞിട്ടില്ല. കുഞ്ഞുകാര്യങ്ങളുടെ തമ്പുരാന്‍, അരുന്ധതിയുടെ ആയുസ്സിന്റെ മാത്രമല്ല എന്റെ ആയുസ്സിന്റെയും കൂടി പുസ്തകമായി മാറിയ ആ ‘ഓറഞ്ച് ട്രാന്‍സിസ്റ്റര്‍ക്കാലം'( പേജ് 236) എനിക്ക് മറക്കാന്‍ വയ്യ. അത്രമേല്‍ നോവലുമായി താദാത്മ്യം പ്രാപിച്ചതുകൊണ്ടാവാം അരുന്ധതിയുടെ സഹോദരന്‍ ലളിത് റോയിയെ ആദ്യം ഡി സി ബുക്‌സില്‍ വച്ച് കണ്ടപ്പോള്‍ ഇമ ചിമ്മാതെ ഞാന്‍ നോക്കിയിരുന്നത്. വിവര്‍ത്തനം ചെയ്ത ഭാഗങ്ങള്‍ അരുന്ധതിയുമായിരുന്നൊത്തുനോക്കാന്‍ കൂടിയതായിരുന്നു ഞാനും അരുന്ധതിയും രവി ഡി സിയും. ലളിത് , അരുന്ധതിക്കൊപ്പം വന്നതായിരുന്നു , വെറുതേ. ഗള്‍ഫ് രാജ്യത്തെങ്ങോ വച്ച് താന്‍ ഒരു ട്രക്കപകടത്തില്‍ പെട്ടതും അത്ഭുതകരമായി രക്ഷപ്പെട്ടതും ആയി എപ്പോഴോ അരുന്ധതിയുടെ വര്‍ത്തമാനം. പാതി വച്ച് ആ വിവരണം ലളിത് ഏറ്റെടുത്തു . കൂടെയുണ്ടായിരുന്നതുപോലെ
അക്കാര്യങ്ങളത്രയും അതിസൂക്ഷ്മമായി വിവരിക്കാന്‍ തുടങ്ങിയപ്പോള്‍, എസ്ത തിന്നപ്പോഴേക്കും അതിന്റെ രുചി കിട്ടിക്കഴിഞ്ഞ റാഹേലിനെ ഓര്‍ത്തു. ലളിത്തിന്റെ പോലെ ഇത്ര ആര്‍ദ്രമായ കണ്ണുകള്‍ ഞാനൊരിക്കലും ആര്‍ക്കും കണ്ടിട്ടില്ല .സ്‌നേഹം കൊണ്ട് നനഞ്ഞുതിളങ്ങുന്ന കണ്ണുകള്‍ എന്നു പറഞ്ഞാല്‍ ആ കണ്ണുകളെക്കുറിച്ചുള്ള വര പൂര്‍ണ്ണമാകുമോ എന്നെനിക്കറിയില്ല. അന്ന് മറൈന്‍ ഡ്രൈവില്‍ വിവര്‍ത്തനം പ്രകാശിതമാകുമ്പോള്‍ ലളിത് മുന്‍നിരയില്‍ അരുന്ധതിയെ നിറകണ്‍സ്‌നേഹത്താല്‍ തഴുകി ഇരുന്നത് ആണ് ആ ദിവസത്തെക്കറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ഏറ്റവും തെളിവുള്ള സ്‌നേഹചിത്രം.

Read More:ഇന്ദ്രിയാനുഭവങ്ങളുടെ രാഷ്ട്രീയമാണ് അരുന്ധതി റോയിയുടെ നോവൽ

ഒരിക്കല്‍ ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ വച്ച് Sheeba Ameer ന്റെ SOLACE എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഗായകന്‍ ശ്രിനിവാസിന്റെ ഗാനമേള നടത്തുന്നതിനിടെ ഒരാള്‍ എന്നോട് വന്നു ചോദിച്ചു . ‘Priya, can I donate a sum for this organisation ?’ അത് ലളിത് റോയിയായിരുന്നു . മുഖം കൊണ്ടോ ശബ്ദം കൊണ്ടോ അല്ല കണ്ണുകള്‍ വായിച്ചപ്പോഴാണ് എനിക്കത് ലളിത് റോയി ആണെന്ന് മനസ്സിലായത്. ലളിത് ഒന്നോ രണ്ടോ കാഴ്ചകളുടെ പശ്ചാത്തലത്തില്‍ എന്നോടു വന്ന് അത്രയും സ്‌നേഹാര്‍ദ്രമായ സ്വരത്തില്‍ സംസാരിക്കും എന്ന് ഞാന്‍ കരുതിയതുമല്ല.നോട്ട് ബുക്ക് സിനിമയിലെ ശ്രീദേവി എന്ന കഥാപാത്രത്തിന്റെ ( മരിയ റോയി )അച്ഛന്‍ ലളിത്. നൃത്തം പഠിക്കാന്‍ വിദേശത്ത് പോയ മകള്‍ക്ക് നീണ്ട കത്തുകളെഴുതുന്ന അച്ഛനെക്കുറിച്ച് മകള്‍ പറഞ്ഞത് ഒരു സിനിമാവാരികത്താളില്‍ വായിച്ചപ്പോള്‍ തോന്നിയ ഒരു കുസൃതിത്തോന്നല്‍, അരുന്ധതി അവാര്‍ഡഭിനന്ദനവുമായി വിളിച്ചപ്പോള്‍ ഞാന്‍ ഒരു ചിരിയോടെ അരുന്ധതിയോട് പറഞ്ഞു , ‘ഈ ലളിത്തും എഴുതിക്കൂടായ്കയില്ല.’ അപ്പോള്‍ അരുന്ധതി ചിരിയൊച്ചയില്‍ പറഞ്ഞു- “He will be the last person to write a novel” പക്ഷേ അന്ന് ‘ലളിതിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ തോന്നുന്നു’ എന്നു പറഞ്ഞപ്പോള്‍ “You should Priya” എന്നു പറഞ്ഞ് അരുന്ധതി എനിക്കു ലളിത്തിന്റെ നമ്പര്‍ തന്നു . ‘ഇപ്പോ സ്‌റ്റേറ്റ്‌സിലാണ്, ഒരു മാസം കഴിഞ്ഞുവരും’ എന്നു പറഞ്ഞു .പക്ഷേ പിന്നീടു വന്ന അസുഖഘോഷയാത്രമൂലം എനിക്കിപ്പോഴും അത് ചെയ്യാനായിട്ടില്ല. പക്ഷേ ഞാനിപ്പോഴും ആ മോഹം ഉപേക്ഷിച്ചിട്ടില്ല. (ലളിത്, ‘ഗോഡ്’ വായിച്ചതിനെക്കുറിച്ച് അരുന്ധതി പറഞ്ഞിരിക്കുന്നതിങ്ങനെയാണ് – “The first time my brother read it, he said,  ‘What happened to all the monsters? Why are they missing?’ So it wasn’t really about my childhood, I haven’t written about that -may be sometime one will.”

നിലക്കണ്ണാടികള്‍,കല്ലുകള്‍
ഒരിക്കല്‍ ഒരു കോട്ടയം ഉച്ചനേരത്ത് ഡി സി ബുക്‌സില്‍ വന്നു കയറിയ അരുന്ധതി, അന്നത്തെ വിവര്‍ത്തനഭാഗം വായിച്ചുകേട്ടിട്ട് പറഞ്ഞു . ‘ഇതുപോലൈരു ഉച്ചയൂണില്‍ നിന്നാണ് ഞാന്‍ ഇപ്പോ വരുന്നത് .’ തൈരും പഴവും കൂട്ടിയുള്ള കോട്ടയം ഊണായിരുന്നു നോവലിലന്നേരം. മറ്റൊരിക്കല്‍ അരുന്ധതി കൈയിനോട് ഇറുകെ ചേര്‍ന്നു കിടക്കുന്ന പഴയ മട്ടിലെ സ്വര്‍ണ്ണവളകള്‍ ഇട്ടുവന്നു. ‘നാട്ടില്‍ വരുമ്പോള്‍ ഇങ്ങനെയൊക്കെയാണ് ‘എന്ന് സ്വര്‍ണ്ണമണിഞ്ഞന്നേവരെ കാണാത്ത അരുന്ധതി അന്നേരം പറഞ്ഞു . എനിക്ക് ചോദിക്കണമെന്നു തോന്നി ഇതാണോ ‘നാട്ടിലെ തട്ടാന്റെ അടുത്തുചെന്ന് നല്ല കനമുള്ള തന്റെ വിവാഹമോതിരം ഉരുക്കിച്ച് പാമ്പുതലകളുള്ള ഒരു നേര്‍ത്ത വളയുണ്ടാക്കി അത് റാഹേലിനായി കരുതി വച്ചു അമ്മു’ എന്ന വാചകത്തിലെ വള?പക്ഷേ ഞാനൊന്നും ചോദിച്ചില്ല, ഒരെഴുത്തുകാരിയുടെ സ്വകാര്യതയെ മാനിക്കേണ്ടത് എങ്ങനെയാണെന്നറിയാവുന്നതുകൊണ്ട്.

പക്ഷേ, ഒരു ചോദ്യം മാത്രം എപ്പോഴോ സ്വയമറിയാതെ നാവില്‍ നിന്നു പുറത്തുചാടി.എങ്ങനെയാണ് അമ്മുവിന്റെ മരണം ഇത്രമേല്‍ വൈകാരികമായി അവതരിപ്പിക്കാനായത് ? ‘അമ്മയ്ക്ക് വല്ലാതെ ആസ്മ വരുമായിരുന്നു .അപ്പോ ഞങ്ങളെ അടുത്തുവിളിച്ച് ‘എങ്ങാനും മരിച്ചുപോയാലോ’ എന്ന മട്ടില്‍ ഓരോന്ന് പറയുമായിരുന്നു.’ രണ്ട് കുട്ടികള്‍ കടന്നുപോയ അരക്ഷിതാവസ്ഥകളുടെ ആക്കം , അതു കൊടുത്ത സങ്കടആഴം അത് കണ്ട് ഞാന്‍ എന്തുചെയ്യണമെന്നറിയാതെ ഇരുന്നു. അരുന്ധതിയുടെ കണ്ണുകള്‍ കടല്‍നനവിലമരുന്നതുപോലെ തോന്നിയപ്പോള്‍ , ഞാന്‍ അരുന്ധതിയെ നോക്കുന്നതു നിര്‍ത്തി. ‘എന്റെ അമ്മയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എനിക്കു സംഭവിക്കുമായിരുന്നത് ‘എന്ന് നോവലിനെ ഒരു ചിമിഴിലാക്കി അരുന്ധതി എവിടെയോ പറഞ്ഞത് ഞാനോര്‍ത്തു. നോവലിലെ വാചകങ്ങള്‍ നാവിലേക്കു കയറിവരികയും എനിക്കും കണ്ണുകള്‍ കടല്‍നനവില്‍ നഷ്ടപ്പെടുകയും ചെയ്തു .’ റാഹേലും എഴുതണം എന്ന് മമ്മാച്ചി പറഞ്ഞു. എന്തെഴുതാന്‍? പ്രിയപ്പെട്ട എസ്താ നിനക്ക് സുഖമല്ലേ? ഇവിടെ എനിക്ക് സുഖമാണ് .അമ്മു ഇന്നലെ മരിച്ചു എന്നോ ? റാഹേലവനൊരിക്കലും കത്തെഴുതിയില്ല.നമുക്ക് ചില കാര്യങ്ങളൊന്നും ചെയ്യാനേ ആവില്ല.ഉദാഹരണത്തിന് നമ്മുടെ ശരീരത്തിന്റെ തന്നെ ഒരു ഭാഗത്തിന് എങ്ങനെ എഴുതാനാവും ? നമ്മുടെതന്നെ കാലിന് അല്ലൈങ്കില്‍ തലമുടിക്ക്,അല്ലെങ്കില്‍ ഹൃദയത്തിന് ഒക്കെ എങ്ങനെ കത്തെഴുതാനാവും ? ‘The Shape Of The Beast എന്ന അവരുടെ ലേഖനസമാഹാരത്തിലെ, When you have an unsafe Childhood you never settle, no matter how old you get. എന്ന വാചകം ഓര്‍മ്മയിലേക്കോടിക്കയറി വന്നു . ആ വാചകം,

arundhathi roy, priya as, the shape of the beast,
അരുന്ധതിയെ കാണുമ്പോഴൊക്കെ ഞാനാലോചിക്കാറുണ്ട് .ഈ ചിരിക്കുമപ്പുറം ഒരു കുട്ടിക്കാലക്കയ്പ് അവരിപ്പോഴും സൂക്ഷിക്കുന്നുണ്ടാവുമോ ? ഉണ്ടാവും, അതുകൊണ്ടാണ് ഇരുപത് വര്‍ഷക്കാലയളവെടുത്ത് ആദ്യനോവലില്‍ നിന്നും പൂര്‍ണ്ണമായി കരകയറിയിട്ടും മനപ്പൂര്‍വ്വമോ അല്ലാതെയോ Where do old birds go to die? എന്ന മീനച്ചിലാര്‍ ചോദ്യം അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സിലെ ശവപ്പറമ്പില്‍ നിന്നുയരുന്നത്. പ്രദേശികവും ദേശീയവും അന്തര്‍ദ്ദേശീയവുമായി അരുന്ധതി ഇന്നുവരെ ചെന്നുപെട്ടിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ ഡല്‍ഹിയിലെ ശവപ്പറമ്പില്‍ ആ ഹിജഡ കെട്ടിപ്പൊക്കിയ ഇടത്തിനു കീഴെ അണിനിരക്കുമെന്ന് ന്യായമായും വിചാരിക്കാവുന്നതാണ് . ആത്യന്തികമായ പരമാനന്ദത്തിന്റെ ഇടം,അതൊരു സ്വപ്നമാവാം .നടക്കാത്ത ഇന്‍ഡ്യന്‍ സ്വപ്‌നം. പക്ഷേ അരക്ഷിതാവസ്ഥകളുടെ ,പിണങ്ങിപ്പിരിയലുകളുടെ, പാതിനിര്‍ത്തിയ പഠനത്തിന്റെ, പെറുക്കിയെടുത്ത ബിയര്‍കുപ്പികളുടെ ഇടയിലൂടെ നടന്നു വരുന്ന ഒരാള്‍ക്ക് തന്റെ ഉള്ളിലെ ഒരു ചെറുനൃത്തത്തരിയെ തന്നോടു ചേര്‍ത്തുനിര്‍ത്താന്‍ എത്രപാടാണ്എ ന്നാലോചിക്കാവുന്നതേയുള്ളൂ. ‘ശവപ്പറമ്പില്‍ പടര്‍ന്നു വളരുന്ന മരം പോലെ അവള്‍ ജീവിച്ചു ‘ ( പുസ്തകം വായിക്കാതെ , അതിലെ സന്ദര്‍ഭമുള്‍ക്കൊള്ളാതെ ഒരു വാക്കുപോലും വിവര്‍ത്തനം ചെയ്യാന്‍ പാടില്ല എന്നതാണെന്റെ അലിഖിതനിയമം എങ്കില്‍പ്പോലും ഒരു ദുര്‍ബ്ബലനിമിഷത്തില്‍ ഒരു പ്രലോഭനം വന്നുവിളിച്ചപ്പോള്‍ ചെയ്തുപോയതാണ് ഈ സാഹസം! ) എന്നു പറഞ്ഞു തുടങ്ങുന്ന പുതിയ നോവല്‍. അജ്‌നും എന്ന ഹിജഡയുടെയുള്ളിലെ, തോല്‍ക്കാതിരിക്കാനും ചിരിക്കാനും താങ്ങാനുമുള്ള വാസന, അത് അരുന്ധതി തന്റെ കണ്ണാടിയില്‍ നിന്നെടുത്തതാവാം. Immodest Green എന്ന വാക്കിന് ഞാന്‍ ചെയ്ത ഭാഷാന്തം പോരെന്നുതോന്നി, ‘എന്നെ എല്ലാരും വിളിക്കണ ഒരു പേരൊണ്ടല്ലോ,എന്താ അത്, ധിക്കാരി, ആ, അതുതന്നെ’എന്ന് എന്നെ സഹായിക്കാനായി അവരോര്‍ത്തെടുത്തതും അന്നേരമെനിക്ക് ‘താന്തോന്നിപ്പച്ച ‘എന്ന വാക്കു കിട്ടിയതും ഓര്‍ക്കാതിരിക്കാന്‍ വയ്യ. ‘കൗമാര-ഉടുപ്പിനുള്ളില്‍ സാധാരണ പെണ്‍കുട്ടികളിടുന്ന അലുക്കത്തുകളൊക്കെ ഉണ്ടോ സൂസിയുടെ ഉടുപ്പിനുള്ളില്‍’ എന്ന് ആലോചിച്ച് ബേജാറായിരുന്ന ബന്ധുജനങ്ങളെക്കുറിച്ചു പറഞ്ഞും അരുന്ധതി എപ്പോഴോ ചിരിച്ചു . എവിടെയോ വായിച്ചു – ബിയര്‍കുപ്പി പെറുക്കി കടല്‍ത്തീരത്തു കൂടി നടന്ന ആര്‍ക്കിറ്റെക്ചര്‍ പഠനക്കാരിപ്പെണ്‍കുട്ടിയുടെ പുറകെ കുട്ടികളാര്‍ത്തുവിളിച്ചുകൂവി നടന്ന കാര്യം. റാഹേലിനു പുറകേ ഹിപ്പീ എന്നു വിളിച്ച് കല്ലുവലിച്ചെറിയുന്ന കുട്ടികള്‍ ഒടേതമ്പുരാനിലുണ്ട് ( പേജ് 144).എല്ലാം ചേര്‍ത്തു വയ്ക്കുമ്പോള്‍, പുതിയ പുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തിലെ -“When she first moved in, she endured months of casual cruelty like a tree would – without flinching. She didn’t turn to see which small boy had thrown a stone at her, didn’t crane her neck to read the insults scratched into her bark. When people called her names – clown without a circus, queen without a palace – she let the hurt blow through her branches like a breeze and used the music of her rustling leaves as balm to ease the pain”എന്ന വാചകം, എനിക്ക് അരുന്ധതിയുടെ പ്രാഗ് രൂപം തന്നെയാണ്. അന്ന് അയ്മനം വീടായിരുന്നു ശവപ്പറമ്പ് എങ്കില്‍ ഇന്നത് പുതിയ നോവലില്‍ ഒരു രാജ്യം തന്നെയായിത്തീരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ കൂടുകള്‍ പേറുന്ന മരത്തണലില്‍ ആ ഹിജഡയും കൂട്ടരും . ഹിജഡയുടെ ഭാഷയില്‍ തെരുവിന്റെ ചവര്‍പ്പും പുലയാട്ടുകളും.വാക്കു കൊണ്ടുള്ള കുട്ടിക്കളി അരുന്ധതിയ്ക്ക് എന്നും പരമാനന്ദത്തിലേക്കുള്ള വഴിയാണ് . വാക്കുകൊണ്ടുള്ള കൊത്തങ്കല്ലുകളി ഏകാന്തപഥികരുടെ വഴിയാണ്. അസുഖം കൊണ്ടുതന്ന ഏകാന്തതയിലും അച്ഛന്‍ വിട്ടുപോയതുകൊണ്ടുണ്ടായ കുടിയേറ്റമട്ടിലെ ജീവിതത്തിലെ ഏകാന്തതയിലും വാക്കാണ് പുറത്തേക്കുള്ള വഴി എന്നു വന്നതുകൊണ്ടാവാം എനിക്ക് അരുന്ധതിയുടെ ഇംഗ്‌ളീഷ് കൊണ്ട് മലയാളത്തില്‍ കൊത്തങ്കല്ലാടാനായത് എന്നു വിശ്വസിക്കുന്നു ഞാന്‍.

God of Small Thingsല്‍ She Thought Two Thoughts എന്ന് അരുന്ധതി. Utmost Happiness ല്‍ She laughed at their laughs എന്ന് . അരുന്ധതി മാറിയിട്ടൊന്നുമില്ല, വാക്കുതന്നെ പരമാനന്ദത്തിലേക്കുള്ള വഴി. ഫിക്ഷനെഴുത്ത് നൃത്തം പോലെയും ലേഖനമെഴുത്ത് ജാഥപോലെയും എന്നു തിരിച്ചറിവുള്ളതുകൊണ്ടാണ് വാസ്തുകലയുടെ വിജാഗിരികളില്‍ നൃത്തമേളം പതിപ്പിച്ച് അരുന്ധതി നോവലിലേക്കു തിരിച്ചുവരുന്നത്. ഒരേ ആള്‍ പലവഴികളിലൂടെ പരമാനന്ദത്തിലേക്കെത്താന്‍ നോക്കിയെന്നു വരാം.പക്ഷേ സൂക്ഷിച്ചുനോക്കിയാല്‍ കാണാം വഴിയിലെ ഇലകളും വേദനകളും കല്ലുകളും പൂക്കളും ഏറെക്കുറെ ഒന്നു തന്നെയാണെന്ന് .അതുകൊണ്ടാവും ആദ്യപുസ്തകത്തിന്റെ ആദ്യ താളില്‍ എഴുതിയ വരികള്‍ എനിക്കോര്‍മ്മ വരുന്നത്…
Never again will a single story be told as though it’s the only one ‘

അരുന്ധതിയുടെ മാത്രമല്ല എന്റെയും അവസാനശ്വാസം വരെ എസ്തയും റാഹേലും അമ്മുവും വെളുത്തയും എന്റെ കൂടെ ഉണ്ടാവും. Anything can happen at anytime, It s better to prepare to prepare to be prepared എന്നെനിക്കു തറപ്പിച്ചുറപ്പിച്ച് പറഞ്ഞതരുന്നത് അവരാണ് . അതു തന്നെയാണ് എന്റെ ജീവിതവിജയമന്ത്രവും. ഇത്രയുമെഴുതി വന്നപ്പോള്‍ ,ആ വിവര്‍ത്തനക്കാലത്തിലെപ്പോലെ ഞാന്‍ ആകെ ഉലഞ്ഞുപോകുന്നുവെങ്കിലും നന്ദി , അരുന്ധതീ , ഒരു ഒടേതമ്പുരാനെത്തന്നെ സ്വന്തമായിത്തന്നതിന്…

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Priya a s on translating arundhati roys god of small things to malayalam kunju karyangalude ode thampuran

Next Story
സോമനാഥ് ഹോർ: ഇന്ത്യയുടെ വാൻഗോഗ്somnath hore, artist, j. binduraj
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express