scorecardresearch

ഒരു കീറ് അഷിതയാകാശത്തിലെ മേഘവിസ്‌ഫോടനങ്ങള്‍

അന്തരിച്ച എഴുത്തുകാരി അഷിതയെ കുറിച്ച് പ്രിയ എ എസ് എഴുതിയ കുറിപ്പ്

ഒരു കീറ് അഷിതയാകാശത്തിലെ മേഘവിസ്‌ഫോടനങ്ങള്‍

മാധ്യമം ആഴ്ചപ്പതിപ്പിനായി ഈയിടെ താനെഴുതിയ ‘രഹസ്യങ്ങളുടെ താക്കോല്‍’ എന്ന ചെറുകഥ പ്രസിദ്ധീകരണത്തിനും മുമ്പ് എനിക്കയച്ചു തന്ന് , ‘നീ വായിച്ചഭിപ്രായം പറയ്,’ എന്നു പറയുകയുണ്ടായി അഷിത.

വെറുതെ എന്തെങ്കിലും പറയല്‍ രക്തത്തിലലിഞ്ഞു ചേര്‍ന്നിട്ടില്ലാത്തതു കൊണ്ട്, ‘സാധാരണ അഷിതക്കഥകളെപ്പോലെ എന്നെയിത് മഥിക്കുന്നില്ല’ എന്നു ഞാന്‍ അഭിപ്രായപ്പെട്ടു. അഷിത, നര്‍മ്മഗന്ധിയായ മിനിക്കഥകള്‍ എഴുതാന്‍ ശ്രമിക്കുകയും അതും എന്റെ കമന്റിനായി അയച്ചു തരികയും ചെയ്തിരുന്നു, മറ്റൊരു പഴയ കാലഘട്ടത്തില്‍. അന്നേരമൊക്കെയും ഞാന്‍ വാക്കിനു മൂര്‍ച്ചകൂട്ടി, ‘ഈ ടിന്റു മോന്‍ കഥകള്‍ എഴുതാന്‍ എന്തിനാണ് അഷിത’ എന്നു കളിയാക്കി. നീണ്ട മൗനത്തിനുശേഷം എഴുതിയ ചെറുകഥ മാതൃഭൂമി വാരികക്കയച്ചു കൊടുക്കുകയും ഇ-മെയിലിലൂടെയും വാട്‌സാപ്പിലൂടെയും അതിന്റെ പ്രസിദ്ധീകരണക്കാര്യം അഷിത നേരിട്ടു തിരക്കിയിട്ടും മറുപടി കിട്ടാതിരിക്കുകയും ചെയ്ത നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഘട്ടത്തില്‍, ‘അവനവനു വില തരാത്തിടത്ത് ചെന്നു നിന്ന് തട്ടി വിളിക്കരുത്’ എന്ന് കണ്ണരുട്ടി വഴക്കു പറയലായി അഷിതയുടെയടുത്ത് എന്റെ കര്‍ത്തവ്യം.

മുന്‍പിന്‍ നോക്കാതെ എന്റെ അഭിപ്രായങ്ങള്‍ പറയാനും എടുത്തടിച്ചതു പോലെ കളിയാക്കാനും കണ്ണൂം പൂട്ടി വഴക്കു പറയാനും എനിക്കു ഞാനായി നില്‍ക്കാനും തരുന്ന ഈ സ്വാതന്ത്ര്യാണ് എനിക്ക് അഷിത. നിലപാടുകളില്‍ ഞാന്‍ മായം ചേര്‍ക്കില്ല എന്ന് അഷിതക്കറിയാം.

മണ്ണെണ്ണ ദേഹത്തൊഴിച്ച് സ്വയം കത്തിയമര്‍ന്ന മകളെ, ദോശ ചുടുന്ന ഇടത്തു നിന്ന് ചട്ടുകവുമായി ഓടിച്ചെന്ന് അമ്മ കെട്ടിപ്പിടിച്ചതും ഒടുക്കം അവര്‍ രണ്ടും തീ ഗോളങ്ങളായി തീര്‍ന്നതും ആ രണ്ടു പേരെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ഒരു ആണ്‍ ഫോറന്‍സിക് ഡോക്റ്റര്‍ പരാമര്‍ശിക്കുന്നതുമായ ഒരു അഷിതക്കഥയുണ്ട് -‘മേഘവിസ്‌ഫോടനങ്ങള്‍.’ ആ ചട്ടുകം അപ്പോഴും,  ആ പിടഞ്ഞു മരിക്കല്‍ നേരത്തും സ്‌നേഹത്തിന്റെ കൊടിയടയാളം പോലെ ആ ദേഹങ്ങള്‍ക്കിടയില്‍ എന്നു പറയുന്ന ആ കഥയിലെ പോലെയാണ് ഞങ്ങള്‍ എന്നെനിക്കു തോന്നാറുണ്ട്. വഴക്കിട്ടാലും കളിയാക്കിയാലും ‘എന്നോടിനി മിണ്ടാന്‍ വരണ്ട’ എന്നു ഞങ്ങളിലാരെങ്കിലും അങ്ങോട്ടിങ്ങോട്ടു പറഞ്ഞാലും  സ്‌നേഹത്തിന്റെ കൊടിയടയാളങ്ങള്‍ പാറിക്കളിക്കുന്ന ഒരിടം ഞങ്ങള്‍ക്കിടയിലുണ്ട്.

‘ആരോടും പറയരുത് ‘എന്നു പറഞ്ഞ് എന്നോടു പറയുന്ന രഹസ്യങ്ങള്‍ കറങ്ങിത്തിരിഞ്ഞ് മറ്റു ചിലരിലൂടെ എന്നെ വന്നു തൊടുമ്പോള്‍, ഞാന്‍ മാത്രമല്ല മറ്റു പലരുണ്ട് രഹസ്യങ്ങളിലെ മൗനമായി അഷിത കാണുന്നവര്‍ എന്നെനിക്ക് ചിരി വരും. ‘അതെന്താ അങ്ങനെ?’ എന്നു ചോദിക്കാന്‍ ഞാന്‍ പോകാറില്ല. പക്ഷേ എന്നോട് പറഞ്ഞതൊന്നും വിടര്‍ത്തി മലര്‍ത്തി വച്ച് ഞാനായിട്ട് ആര്‍ക്കും കാണിച്ചു കൊടുത്തിട്ടില്ല, അഷിതയുടെ ആത്മകഥാപരമായ ഇന്റര്‍വ്യൂ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരുവോളവും എന്നു സ്വയം പറഞ്ഞ് മാറിനില്‍ക്കുമ്പോള്‍, എനിക്ക് തോന്നും എനിക്ക് ഭഗവദ്ഗീതയിലെ രഹസ്യങ്ങളുടെ താക്കോലിന്റെ മൗനഛായ വരുന്നുവെന്ന്.

മാതൃഭൂമി ഇന്റര്‍വ്യൂവിനും മുന്നേ, പണ്ടു പണ്ടേ എനിക്കറിയാം അഷിതയുടെ ‘അച്ഛന്‍ എന്ന തീരാക്കൊതി’യെക്കുറിച്ച്. ‘അച്ഛന്‍’ എന്ന നീ പണ്ടെഴുതിയ മാതൃഭൂമിക്കഥ എനിക്കയച്ചു താ എന്നൊരു ദിവസം വന്ന് തുരുതുരാ ചോദിച്ചു നിന്നതും അഷിതക്ക് എന്റെ അച്ഛന്‍ ഒരു കത്തയച്ചപ്പോള്‍, ‘അവസാനം എനിക്കും ഒരച്ഛന്‍കത്ത് ! എനിക്കു സങ്കടം വരുന്നു’വെന്നു പറഞ്ഞു ചിണുങ്ങി നിന്നതും Judy Brady യുടെ feminist satire കുറിപ്പായ ‘I Want a Wife’ ന്റെ മട്ടില്‍ ‘I Want a Father’ എന്നു പിന്നെ കണ്ണീര്‍ത്തമാശ പറഞ്ഞു നിന്നതുമെല്ലാം ബ്‌ളാങ്കറ്റു കൊണ്ട് പുതച്ചുമൂടി ഉറങ്ങിക്കിടക്കുന്ന ചേട്ടനും അനിയത്തിക്കുമിടയിലൂടെ ഡല്‍ഹിത്തണുപ്പില്‍ പെറ്റിക്കോട്ടു മാത്രമിട്ട് ദൂധ് വാലയോളം നടന്ന് പാല്‍ വാങ്ങാന്‍ പോയ കുഞ്ഞിപ്പെണ്‍കുട്ടിയുടെ അച്ഛനെക്കുറിച്ചുള്ള പരിഭവപ്പരാതികളില്‍ തണുത്തു വിറച്ചുകൊണ്ടു നിന്നാണ് എന്നെനിക്കറിയാമായിരുന്നു അന്നേ തന്നെ.

അഷിത എന്നോട് പലതും നേര്‍ത്ത ചില വരികളിലൂടെ സൂചിപ്പിച്ചു പറയുന്നതിനു മുമ്പേ തന്നെ, നിശബ്ദമായിരുന്ന് ഞാന്‍ ആ ജീവിതത്തിലെ ചില നടവഴികളിലെ മൂര്‍ച്ചക്കല്ലുകളുടെ സാന്നിദ്ധ്യം ഊഹിച്ചറിഞ്ഞിട്ടുണ്ട്. ‘അമ്മ എന്നോടു പറഞ്ഞ നുണകള്‍’ എന്ന തലക്കെട്ടിലേക്കു ചാഞ്ഞിരുന്ന് ഞാന്‍ നിരന്തരം ആലോചിച്ചു , എന്റെ അമ്മയെപ്പോലെയായിരുന്നില്ലേ ഇവരുടെ അമ്മ? അതൊരു കഥയുടെ മാത്രം തലക്കെട്ടല്ല, ജീവിതത്തിന്റെ തലക്കെട്ടാണ് എന്നു പലപ്പോഴും ഉള്ള് പറഞ്ഞു. പക്ഷേ അമ്മ നാവില്‍ തേച്ച കയ്പിനെക്കുറിച്ച്, എന്നോട് താനേ തോന്നി പറയും വരെ ഞാന്‍ അഷിതയോട് ഒന്നും ചോദിച്ചില്ല.priya as

മറ്റൊരു തലക്കെട്ടിലും അവരുടെ ജീവിതമുണ്ടെന്ന് ഉള്ളിലിരുന്ന് വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ട് ആരോ നിരന്തരം പറഞ്ഞു. ‘നിലാവിന്റെ നാട്ടില്‍’ എന്ന തലക്കെട്ടായിരുന്നു അത്. ദൂരദര്‍ശന്റെ തിളക്കക്കാലത്ത് അഷിതയുടെ സ്‌ക്രിപ്റ്റില്‍ വന്ന ഡോക്യുമെന്ററിയില്‍ തിരുവനന്തപുരം മെന്റല്‍ ഹോസ്പിറ്റലുകളിലെ ആക്രോശങ്ങളും മൗനവും നീളന്‍ നിലവിളികളും മാറി മാറി ഇണചേരുന്ന നീളന്‍ വരാന്തകള്‍, അതിനു മുകളില്‍ എല്ലാത്തിനും സാക്ഷിയായി നില്‍ക്കുന്ന ഒരു കീറ് ആകാശം ഇതെല്ലാം നിറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും അസ്വസ്ഥയായി – സ്വതേ അക്ഷരങ്ങളില്‍ നിന്നു പോലും ഒഴിഞ്ഞു മാറി നില്‍ക്കുന്ന ഇവര്‍ എന്തു കൊണ്ടാണ് ഭ്രാന്തിന്റെ നടക്കല്ലുകളിലെ പച്ചയും പൂപ്പലും സത്യവും അന്വേഷിക്കുന്നത്? വളരെ പണ്ട് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഖണ്ഡശയായി പ്രസിദ്ധീകരിച്ചുവന്ന ‘ഒരു കീറ് ആകാശം മാത്രം’ എന്ന നോവലിലെ അജയനും പാര്‍വ്വതിയും നടക്കുന്ന മെന്റല്‍ ഹോസ്പിറ്റല്‍ വഴികളില്‍ മനസ്സു പൂഴ്ത്തി വാരാന്തപ്പതിപ്പിനായി കാത്തിരുന്ന പെണ്‍കുട്ടിയെ ഓര്‍ത്തെടുത്ത്, ആ ഹൃദയമിടിപ്പാകാംക്ഷകളിലേക്ക് ചാഞ്ഞിരുന്ന് ഞാന്‍ ഷെര്‍ലക് ഹോംസു മട്ടില്‍ സംശയിച്ചു- അഷിതയ്ക്കും മെന്റല്‍ ഹോസ്പിറ്റലുകള്‍ക്കും തമ്മിലെന്ത്?

കാലടി വച്ച് അമ്പലത്തിലെ പ്രദക്ഷിണ വഴിയിലെന്ന പോലെ കാലങ്ങളായി പുറകേ പുറകേ നടന്നു വരുന്ന പെണ്‍കുട്ടിക്ക്, കളിയാക്കാനും മുറിവില്‍ മരുന്നു പുരട്ടാനും വരെ സ്വാതന്ത്ര്യം അനുവദിച്ചു കിട്ടിയപ്പോഴും പുറത്തെടുത്തിട്ടില്ല സംശയക്കുരുക്കുകളൊന്നും.

ഒരു ജനലോരത്തു നില്‍ക്കുന്ന ഒരാളില്‍ നിന്ന് സോഫയിലിരിക്കുന്ന ഒരാളിലൂടെ പെട്ടെന്ന് അവര്‍ക്കിടയിലേക്ക് ഉള്ളിലെ മുറിയില്‍ നിന്നോ വല്ലപ്പോഴും മാത്രം പുറത്തു നിന്നെത്തിച്ചേരുന്നതോ ആയ മറ്റൊരാളിലൂടെ, അതായത് മിക്കവാറും മൂന്നില്‍ക്കൂടുതല്‍ കഥാപാത്രങ്ങളില്ലാത്ത ഇടങ്ങളിലൂടെ മാത്രം കഥ കൊത്തി രൂപപ്പെടുത്തുന്നത് എന്തു കൊണ്ട് എന്ന ചോദ്യം അഷിതയുടെ ചെറുകഥയുടെ ക്രാഫ്റ്റില്‍ കണ്ണു വച്ചു നടക്കുന്ന പെണ്‍കുട്ടി എന്ന നിലയില്‍ വളരെ ബോദ്ധ്യമുണ്ടായിരുന്നിട്ടും അത്തരത്തിലൊരു ചോദ്യവും ഞാന്‍ ഉന്നയിച്ചില്ല.

ഏതോ ഒരു വൈകുന്നേരം, അപ്പോള്‍ കടന്നു വന്ന ഒരു പോക്കുവെയില്‍ച്ചീളിനെക്കുറിച്ചെന്ന പോലെ നിസ്സാരമായി എന്നോട് പറഞ്ഞു, ‘നിനക്കറിയാമോ, എനിക്ക് പലതവണ ഇലക്ട്രിക് ഷോക് തന്നിട്ടുണ്ട്. ആകാശത്തരി മാത്രം കാണുന്ന മുറിയില്‍ കാലങ്ങളോളം എന്നെ വീട്ടിലടച്ചിട്ടുണ്ട് ‘. ഞാനപ്പോഴും ഒന്നും കൂടുതലായി ചോദിച്ചില്ല. ‘നിലാവിന്റെ നാട്ടില്‍’ സംവിധാനം ചെയ്തത് ലീന്‍ ബി ജെസ്മസ് ആണ് എന്നാണെന്റെ ഓര്‍മ്മ എന്നു മാത്രം പറഞ്ഞു. ‘അല്ല, അന്നത്തെ ദൂരദര്‍ശന്‍ ഡയറക്റ്റര്‍ ശാരദ ആയിരുന്നു’വെന്ന് തിരുത്തിത്തന്നു.

‘അമ്മ എന്നോടു പറഞ്ഞ നുണ’കളും ‘നിലാവിന്റെ നാട്ടി’ലും ‘ഒരു കീറ് ആകാശം മാത്ര’വും എങ്ങനെ തലക്കെട്ടുകളായി എന്ന് അപ്പോള്‍ മനസ്സ് ഒരു വലിയ നിലവിളിയായി.

എന്നാലും അങ്ങനെ ചെയ്യുമോ ഒരമ്മയും അച്ഛനും ഒറ്റക്കെട്ടായി നിന്ന് എന്ന് എനിക്ക് സഹിക്കാന്‍ വയ്യായ്ക വന്നപ്പോള്‍ കരുണയില്ലാതെ എന്നെ അറുത്തു മുറിച്ച് ദേഷ്യപ്പെട്ടു, ‘നിനക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല, നിനക്ക് ഒന്നാന്തരം അച്ഛനും അമ്മയുമുണ്ട്.’ ‘അവരുമില്ലായിരുന്നെങ്കില്‍ എന്റെ അവസ്ഥ എന്താകുമായിരുന്നു’ എന്നു എന്റെ പാവം പിടിച്ച ജീവിതത്തില്‍ തെരുപ്പിടിച്ചു ഞാന്‍ നിന്നപ്പോള്‍, വീണ്ടും അഷിത മൂര്‍ച്ചയോടെ ‘നീ ഫോണ്‍ വച്ചിട്ടു പോ, നിനക്ക് മനസ്സിലാവില്ല, നിനക്ക് നല്ല അച്ഛനുമമ്മയുമുണ്ട്’ എന്നു മേഘവിസ്‌ഫോടനമായി. കുറച്ചു കഴിഞ്ഞു എന്നെ പൊതിഞ്ഞു വരുമെന്നുറപ്പുള്ള തണുതണുത്ത മഴയെക്കുറിച്ചോര്‍ത്ത് ഞാന്‍ ആ മേഘവിസ്‌ഫോടനത്തെയും സ്‌നേഹിച്ചു.

ഏതോ ഒരുച്ചയ്ക്ക് എന്നെ ഉച്ചമയക്കത്തില്‍ നിന്നു തട്ടി വിളിച്ച് , ‘നിനക്ക് ഒരു മരം വയ്ക്കാന്‍ ഇടമുണ്ടോ, നാട്ടില്‍ എനിക്കായി നീക്കിവച്ച എന്റെ മണ്ണ് എല്ലാവരും കൂടി തട്ടിത്തൂവിക്കളഞ്ഞു’ എന്ന വര്‍ത്തമാനം നീര്‍ത്തിയിട്ട് ‘ക്യാന്‍സറിനെ ചെറുക്കാനും അതിജീവിക്കാനും ഉപകരിക്കുന്ന ലക്ഷ്മിതരു എന്ന മരം വയ്ക്കാന്‍ എനിക്കൊരിടമില്ലാതായി’ എന്നു ബേജാറായി. ‘പഴയന്നൂരിലെ മണ്ണില്‍ മരം വച്ചിട്ട് അതിന് ഇലയുണ്ടായിട്ട്, ഇപ്പോ തകര്‍ത്തു പെയ്യുന്ന ക്യാന്‍സറിനെ ചികിത്സിക്കാനിരിക്കുകയാണോ തൃശൂരിലെ അഷിത’ എന്ന് ഞാന്‍ ആര്‍ത്തു ചിരിച്ചു കളിയാക്കി.

താന്‍ പലര്‍ക്കായയച്ച കത്തുകള്‍ ‘സ്‌നേഹം തന്നെ സ്‌നേഹത്താലെഴുതിയത് ‘ എന്ന പുസ്തകത്തില്‍ ചേര്‍ക്കാനായി ശേഖരിക്കുന്ന സമയത്ത്, ഒരിക്കല്‍ ഒരുപാട് സ്‌നേഹിച്ചിരുന്ന ഒരു വ്യക്തിയ്ക്കയച്ച കത്തിലെ ഗുരു നിത്യചൈതന്യയതിയെക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്ന ഭാഗത്തിനു മുകളില്‍ ‘ഗുരുവിനെ തേജോവധം ചെയ്ത് വരികള്‍ പാടേ മാറ്റി എഴുതിയിരിക്കുന്നു, ഞാനിനി ജീവിച്ചിരിക്കില്ല’ എന്നു വിങ്ങിപ്പൊട്ടി കരച്ചിലായി അഷിത പെയ്തു തകര്‍ന്നു. അപ്പോള് , ‘ആ ആളങ്ങനെ ചെയ്യില്ല എന്നു ദൂരെ നിന്നു മാത്രം ആ ആളെ അറിഞ്ഞിട്ടുള്ള എനിക്കു പോലും ബോദ്ധ്യമുണ്ട്, ആരു ഗുരുവിനെക്കുറിച്ചു മോശം പറഞ്ഞാലും ഗുരു എന്താണെന്നു കൃത്യമായറിയുന്ന ആളെ അതെങ്ങനെ ബാധിക്കാന്‍’ എന്ന് എന്റെ കൈവശമുണ്ടായിരുന്ന രണ്ടേ രണ്ടു ന്യായങ്ങള്‍ കൊണ്ട് അഷിതക്കരച്ചിലിനെ ഞാന്‍ നിഷ്‌ക്കരുണം നേരിട്ടു.

എനിക്കു ബോദ്ധ്യമാകാത്ത കാര്യങ്ങള്‍ക്കൊന്നും ഞാന്‍ അഷിതക്കു കൂട്ടു നില്‍ക്കാത്തതു പോലെ അഷിതക്കു ബോദ്ധ്യമാകാത്ത കാര്യങ്ങള്‍ക്കൊന്നും അഷിതയും എനിക്കു കൂട്ടു നില്‍ക്കാറില്ല. ഞാന്‍ എന്റെ ശാഠ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന അവസരങ്ങളില്‍ അഷിത എന്നെയും നിഷ്‌ക്കരുണം നേരിടാറുണ്ട്. അങ്ങനെ ചില നേരങ്ങളില്‍ എന്നോട് ‘വില്‍ യു പ്‌ളീസ് ഷട്ടപ്?’ എന്നും ‘ഗെറ്റ് ഔട്ട് ഓഫ് മൈ സൈറ്റ് ‘എന്നുമൊക്കെ പറഞ്ഞിട്ടുണ്ട്. കുറേ നാള്‍ പരസ്പരം മിണ്ടാതെ പിടിച്ചു നിന്ന് ഞങ്ങളിലാരെങ്കിലുമൊരാള്‍ എപ്പോഴോ അലിയും. അലിയാനുള്ളതാണ് ഞങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍… ‘ഒത്തുതീര്‍പ്പുകള്‍’ക്കായി ആരലിയണം ആദ്യം എന്നതില്‍ ഈഗോയില്ലാത്ത വിധം ഒരിടം ഞങ്ങള്‍ക്കിടയിലുണ്ട്. അതിന് ‘സ്‌നേഹം തന്നെ സ്‌നേഹത്താലെഴുതിയത്’ എന്നാണു പേര്.

ആ ഇടം ഞങ്ങള്‍ക്കിടയിലുള്ളതു കൊണ്ടാണ് എനിക്കു സുഖമില്ലാതെ കിടപ്പായിപ്പോയ കാലത്ത് ഏതു നേരവും അഷിത എന്നെ ചേര്‍ത്തു പിടിച്ചത്. എണീറ്റോ നീയ്, കഴിച്ചോ നീയ്, ഉറക്കമുണ്ടോ നിനക്ക് എന്ന് ദിവസത്തിലെത്രയോ തവണ വന്നന്വേഷിച്ചിരുന്ന ആ ആളുടെ വിരല്‍ത്തുമ്പില്‍ പിടിച്ചാണ് ഞാന്‍ ജീവിതത്തിലേക്കു തിരിച്ചു വന്ന്, ആ തിരിച്ചു വരവിലൂടെ നടന്നു കയറി അഷിതയുടെ മൂന്നാം പുസ്തകത്തിന്റെ പ്രകാശന വേദിയിലും ഇരിക്കാന്‍ ഒരുങ്ങുന്നത്…!

അമൃതയിലേക്കുള്ള ക്യാന്‍സര്‍ ചെക്കപ് വേളയിലൊന്നില്‍ രാമന്‍കുട്ടി മാഷുമൊന്നിച്ച് എന്റെ വീട്ടിലെത്തി കിടക്കയോരത്ത്, എന്റെ തളര്‍ന്ന കണ്ണുകള്‍ക്കു മുന്നില്‍ വന്നിരുന്നത് തളര്‍ച്ച മൂടിയ കണ്ണൂകളിലൂടെ അവ്യക്തമായാണ് ഞാന്‍ കണ്ടത്. അന്ന് എന്റെ അമ്മ ഓര്‍ത്തു വച്ച് ,അഷിതയുടെ സ്‌ക്കൂള്‍ കൂട്ടുകാരിയും ഞങ്ങളുടെ അയല്‍ക്കാരിയുമായ സുഹാസിനി ആന്റിയെ ഫോണില്‍ വിളിച്ചു വരുത്തി പഴയ രണ്ടു സ്‌ക്കൂള്‍കുട്ടികളുടെ എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കണ്ടുമുട്ടലിന് അവസരമൊരുക്കി. അന്നിട്ട കറുത്ത ബ്‌ളൗസിനെക്കുറിച്ചും ചെറുപയര്‍ നിറസാരിയെക്കുറിച്ചും ഞാന്‍ പിന്നീട് പറയുമ്പോള്‍, ‘ആ അവസ്ഥയിലും നീയതു കണ്ടു അല്ലേ, നിന്നെ പേടിച്ചാ ഞാന്‍ പലപ്പോഴും പരിപാടികളില്‍ മാറിമാറി സാരിയുടുക്കുന്നത്’ എന്നു ചിരിച്ചു അഷിത.

‘എന്റെ എഴുത്തിനെക്കുറിച്ചോ എന്നെക്കുറിച്ചോ നിനക്കു ചോദിക്കണം എന്നു തോന്നുന്നതൊക്കെ നീ എനിക്കയച്ചു താ, ഞാന്‍ നിനക്കുത്തരങ്ങളെഴുതിത്തരാം’ എന്നു പറഞ്ഞു ഒരു മൂന്നു വര്‍ഷം മുമ്പ് അഷിത. നട്ടെല്ലിനു റ്റി ബി വന്ന് കിടപ്പായിപ്പോയ എന്നെ എണീപ്പിക്കാന്‍  അക്ഷരങ്ങളുടെ ഉത്തോലകയന്ത്രത്തിനുമാത്രമേ പറ്റൂ എന്ന് അഷിതക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു. പ്രത്യക്ഷത്തില്‍ തുടര്‍ച്ചയല്ലെങ്കിലും ചില അഷിതക്കഥകളെ ചേര്‍ത്തു വച്ചാല്‍ ഒന്നാന്തരം സിനിമയാണ് എന്നു ഞാന്‍ പറയാറുള്ളതോര്‍ത്തുവച്ച്, ‘നീ നിനക്ക് ഇഷ്ടമുള്ള എന്റെ കഥയൊക്കെ ചേര്‍ത്ത് തിരക്കഥയെഴുത്, എന്നോടനുവാദം ചോദിക്കുക പോലും വേണ്ട’എന്നു പുറകേ നടന്നു പിന്നെ.

ഇത്രയൊക്കെപ്പറഞ്ഞിട്ടും ഞാനെഴുതി എണീറ്റ് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന മട്ടൊന്നും കാണുന്നില്ല എന്നു കണ്ടപ്പോള്‍, ആയിടെ സിനിമയാക്കാന്‍ ആള്‍ വന്നു ചേര്‍ന്ന ‘മയില്‍പ്പീലിസ്പര്‍ശം’ എടുത്തു തന്ന് ‘നീയാണിതിന് തിരക്കഥ എഴുതേണ്ടത്,നി നക്കേ ഇതെഴുതാനാവൂ, നീ എഴുതിയില്ലെങ്കില്‍ ഇത് സിനിമയാവുന്നില്ല’ എന്നു ഭീഷണി പോലെ പറഞ്ഞു. ലോകത്തെങ്ങും തിരക്കഥയെഴുത്തുകാര്‍ ഇല്ലാത്തതു കൊണ്ടല്ല,  അക്ഷരച്ചുമതല തന്ന് എന്നെ എണീപ്പിക്കാനുള്ള ഒടുക്കത്തെ അടവാണ് അതെന്ന് നല്ല ബോദ്ധ്യമുണ്ടായിരുന്നു എനിക്ക്.

കിടന്നു കൊണ്ട് കഥ വായിച്ച്, പുസ്തകം മടക്കി നെഞ്ചത്തു വച്ച്, രണ്ടു രംഗങ്ങള്‍ കിടന്ന കിടപ്പില്‍ മനസ്സില്‍ നെയ്ത് ഇരുപതു മിനിട്ടെണീറ്റിരിക്കാനുള്ള ഡോക്റ്ററുടെ അനുവാദം ഉപയോഗിച്ച് ആ രണ്ടു രംഗങ്ങളെഴുതി പിന്നെയും കിടന്ന് ഞാനത് കഷ്ടപ്പെട്ട് വാശി പോലെ പൂര്‍ത്തിയാക്കി. ആ ശ്രമം ഒരു രഹസ്യമായി സൂക്ഷിച്ച്, എഴുതിയൊപ്പിക്കല്‍ പൂര്‍ത്തിയാക്കിയ അവസാന ദിവസം മാത്രം അക്കാര്യം അനാവരണം ചെയ്തപ്പോള്‍ അഷിതക്കത് വിശ്വസിക്കാനാകുന്നുണ്ടായിരുന്നില്ല. പിന്നെ അറിഞ്ഞു, ഷൂട്ടിങ് നേരമടുത്തു വരുന്നുവെന്ന അറിവിനു മേല്‍ അടയിരുന്ന് മറ്റൊരു തിരക്കഥ താനേ എഴുതി ഒപ്പിച്ചു അഷിത എന്നും ‘അത് അവളുടെ പേരിലേ സ്‌ക്രീനില്‍ തെളിയാവൂ’ എന്നു പറഞ്ഞേല്‍പ്പിച്ചു എന്നും.

ആ പ്രൊജക്റ്റ് നടക്കാതെ പോയി. പിന്നെ ആ തിരക്കഥാ ശ്രമം ഒന്ന് മറിച്ചു നോക്കാന്‍ പോലും ഞാന്‍ ധൈര്യപ്പെട്ടിട്ടുമില്ല. പക്ഷേ എനിക്കറിയാം അക്ഷരത്തിലേക്കും അക്ഷരം വഴി ജീവിതത്തിലേക്കും ഞാന്‍ തിരിച്ചുവ ന്നത് അഷിത തന്ന ആ അക്ഷരച്ചുമതല വഴിയാണ്. പക്ഷേ കഥയിലെ ഉണ്ണിമായ എന്ന പേര്, എല്ലാ പഴയകാല കഥകളിലെയും കുട്ടിയുടെ പേരാണ് എന്നു പറഞ്ഞ് എഴുത്തു സൗകര്യത്തിനുവേണ്ടി ഞാന്‍ മാറ്റിയപ്പോള്‍ ‘അമ്മു എന്ന് എന്റെ ഉണ്ണിമായയെ മാറ്റാന്‍ നിന്നോടാരു പറഞ്ഞു അമ്മൂ?, ഞങ്ങളുടെ ഉണ്ണിമായ എവിടെ എന്നു ചോദിക്കില്ലേ എന്റെ വായനക്കാര്, അവരോട് ഞാനെന്തുപറയും’ എന്ന് എന്നെ ചാടിത്തുള്ളി ദേഷ്യപ്പെട്ടു.

ashitha, malayalam writer, balachandran chullikkadu
അഷിത (പഴയകാല ചിത്രം)

പിന്നീട് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവില്‍ വച്ച്, എന്നെ ഉപദേശിച്ചതൊന്നും കേള്‍ക്കാതെ മറുചോദ്യവും തര്‍ക്കുത്തരവുമായി ഞാന്‍ നില്‍ക്കുകയും ‘നീയിനി എഴുതുന്ന ഒരു കഥയും പണ്ടത്തെപ്പോലെ നന്നാവില്ല’ എന്നു പറഞ്ഞ് വെട്ടിത്തിരിഞ്ഞു എന്നെ ഉപേക്ഷിച്ച് നടന്നു പോവുകയും ചെയ്തു. ‘ എന്തെഴുതി പണ്ടത്തേതിനേക്കാള്‍ നന്നാവും?’ എന്ന് വാശിപിടിച്ച് തിളച്ചു മറിഞ്ഞിരിപ്പായ ഞാന്‍ ,അഷിതയുടെ ‘മരണാനന്തര ജീവിതങ്ങള്‍’ എന്ന കഥയ്ക്ക്, ‘ചിന്മുദ്രകള്‍’ എന്ന് ബദല്‍കഥയെഴുതി. ‘മരണാനന്തര ജീവിത’ങ്ങളില്‍,മകന്‍ മരിച്ച ശേഷവും ജീവിതം തള്ളി നീക്കുന്ന അമ്മയാണുള്ളത്. ഇറങ്ങിപ്പോയ മകന്‍ എവിടെയെങ്കിലും ബാക്കിയാവുന്നോ എന്നു വേവലാതിപ്പെട്ട് കാറ്റിനെപ്പോലും മകന്റെ കാലൊച്ചയായി തര്‍ജ്ജമ ചെയ്യുന്ന മകനാണ് ചിന്മുദ്രകളില്‍. ആരുടെ വേദനയാണ് വേദന എന്ന് എനിക്കിപ്പോഴും നിശ്ചയമില്ല. വേദനകള്‍ മത്സരത്തിനു വേണ്ടിയുള്ളതല്ലല്ലോ, അനുഭവിക്കാനുള്ളതല്ലേ എന്നു വിചാരിക്കുമ്പോള്‍ കാണാം ആ രണ്ടമ്മമ്മാരും സങ്കടം പങ്കിട്ട് കൈ കോര്‍ത്തുപിടിച്ചു പൊട്ടുകളായി ദൂരത്തു കൂടെ നടന്നു പോകുന്നത്.

അഷിതയെ അഷിതാമ്മയെന്നോ അഷിതേച്ചിയെന്നോ അമ്മ എന്നോ വിളിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനില്ല. പക്ഷേ ജീവിതം തുടരണോ വേണ്ടയോ എന്നു തന്നെ നിശ്ചയമില്ലാതെ ഒരിക്കല്‍ ഞാന്‍ കഴിഞ്ഞു വരവേ, മകള്‍ ഉമയെയും കൊണ്ട് വെള്ളത്തിലേക്കിറങ്ങിപ്പോകാന്‍ തുടങ്ങിയതിനെക്കുറിച്ച്, അവള്‍ ഒക്കത്തിരുന്ന് ‘മീമി’ എന്നു വെള്ളത്തിലേക്കു ചൂണ്ടി പറഞ്ഞതു വഴി ജീവിതത്തിലേക്കു തിരിച്ചു വന്നത് ഒക്കെ അഷിത വെറുതേ പറഞ്ഞു. പല തരം മരണങ്ങളിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന ‘മേഘവിസ്‌ഫോടനങ്ങളി’ലെ ഫോറന്‍സിക് ഡോക്റ്റര്‍ ചാരുദത്തന്‍, അഷിതയുടെയുള്ളിലെ അടങ്ങാത്ത ആത്മഹത്യാത്വരയെ പ്രതിനിധാനം ചെയ്യുന്നു എന്നും മരണം വന്നു വിളിക്കാതെ ഭൂമി വിടില്ല എന്ന് നിത്യചെതന്യയതിക്കു കൊടുത്ത ഉറപ്പിന്മേല്‍ പിടിച്ച് ജീവിതം നീട്ടുന്ന ആള്‍ എന്നും പെട്ടെന്നെനിക്ക് വെളിപാടുണ്ടായി. എന്റെ ചില കറുത്ത ജീവിതനിശ്ചയങ്ങള്‍ എന്നോ എപ്പോഴോ മാറി മറിഞ്ഞതിനെ ഉമാ പ്രസീദയുടെ ആ ‘മീമ്മി’യുമായി ചേര്‍ത്തു വച്ച് അന്നേരം ഞാന്‍ ഒരു കഥയെഴുതി. അഷിതയെ, കഥയിലെ എന്റെ ചെറിയമ്മയാക്കി. അമ്മയോളം പ്രിയമാണ് എനിക്ക് ‘കുഞ്ഞമ്മ’ എന്ന അമ്മയുടെ അനിയത്തി. കഥയില്‍ കുഞ്ഞമ്മ എന്നു വിളിക്കാതെ, പഴയന്നൂര്‍ക്കാരിയെ, ആ പഴയന്നൂരീണത്തില്‍ ചെറിയമ്മ എന്നു വിളിച്ചു. കഥയ്ക്ക് ‘ചെറിയമ്മക്കൊരു കഥ’ എന്ന പേരുമിട്ടു.( അഷിതയുടെ ‘പത്മനാഭനൊരു കഥ’ എന്ന തലക്കെട്ടുമട്ടില്‍…! )

അഷിതയുടെ ആത്മകഥാപരമായ ഇന്റര്‍വ്യൂ വായിച്ച് അന്തം വിട്ടവരുടെ കൂട്ടത്തില്‍ ഞാനുണ്ടായിരുന്നില്ല. അതില്‍ ചിലതെങ്കിലും വളരെ മുന്നേ തിരശ്ശീല മാറ്റപ്പെട്ട്, നേര്‍ത്ത വാചകങ്ങളില്‍ എനിക്കു മുന്നില്‍ ആടിക്കഴിഞ്ഞ രംഗങ്ങളായിരുന്നു. വളരെ വിസ്താരമുള്ള വിസ്തരിക്കലുകളില്‍ അത്ഭുതപ്പെടാമായിരുന്നുവെങ്കിലും അതിലില്ലാത്ത ചില വാചകങ്ങളുടെ മുഴക്കത്തില്‍ തറഞ്ഞ് ഞാനിരുന്നു. നിരത്തില്‍ അച്ഛനുപേക്ഷിക്കാന്‍ നോക്കിയ ബോംബെയിലെ പെണ്‍കുട്ടി എന്നോട് എന്നോ പറഞ്ഞു – ‘ഇപ്പോഴും അമ്മൂ, റോഡ് മുറിച്ചുകടക്കാന്‍ നില്‍ക്കുമ്പോള്‍ ഞാന്‍, മാഷുടെ കൈയില്‍ മുറുകെ പിടിക്കും.’ എന്തൊരു മുഴക്കത്തിലാണ് ആ വാചകം എന്റെ ഉള്ളിലേക്കു നിങ്ങള്‍ പതിച്ചിരിക്കുന്നതെന്ന് നിങ്ങളറിയുന്നുണ്ടോ ചെറിയമ്മേ!

എഴുതിത്തയ്യാറാക്കാന്‍ തുടങ്ങിയ ആത്മകഥയെക്കുറിച്ച് എന്നോട് പറഞ്ഞതും ‘നട്ടെല്ല് ‘ എന്ന ആത്മകഥ എഴുതണം നീയ് എന്നെന്നെ ചട്ടം കെട്ടിയതും മൂന്നു വര്‍ഷം മുമ്പാണ്. ‘അമ്മ ഇല്ലാതായിട്ടേ അമ്മയെക്കുറിച്ചു നെഗറ്റീവ് പരാമര്‍ശങ്ങളുള്ള ആത്മകഥ പ്രസിദ്ധീകരിക്കൂ, ഓരോ ലക്കത്തിനും ഇന്ന പത്രാധിപര്‍ ഇത്ര പൈസ തരാമെന്നു പറഞ്ഞിട്ടുണ്ട്’ എന്നു പറഞ്ഞ അഷിത എന്തേ അമ്മ ഉള്ളപ്പോള്‍ത്തന്നെ ഇങ്ങനെ ആത്മാവ് തുറന്നു വച്ചു എന്നു പക്ഷേ എനിക്ക് ഇന്റര്‍വ്യൂ വായിച്ചപ്പോള്‍ ചോദിക്കാതിരിക്കാനായില്ല. ‘നീ എപ്പോഴും എന്താണെന്നോട് hostile ആയി സംസാരിക്കുന്നത് പ്രിയേ?’ എന്നു പറഞ്ഞ് തട്ടിക്കുടഞ്ഞെഴുന്നേറ്റുപോയ ആള്‍, അഷിത പറഞ്ഞത് സത്യമോ നിനവോ മതിഭ്രമമോ എന്നു ചിലരെങ്കിലും സംശയിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ നേര്‍ത്ത തോളിലേക്കു വന്നു ചാഞ്ഞിരുന്നു. ‘മുഖം തിരിച്ചിരിക്കുന്ന പാവക്കുട്ടികള്‍’ക്കെത്രനേരം മുഖം തിരിച്ചിരിക്കാന്‍ പറ്റും!

ഒരു അയ്യായിരം രൂപയുടെ കടമുണ്ട്. എനിക്കഷിതയോട്. എന്റെ അമ്മ ചോദിക്കും , ‘നമുക്കത് തിരിച്ച് കൊടുക്കണ്ടേ?’ ഞാന്‍ പറയും , ‘വേണ്ട. അത് സ്‌നേഹത്തിന്റെ കടമാണ്. അതവിടെ കിടക്കട്ടെ, കൊടുത്താലും തീരില്ല ആ കടം’. ആ അയ്യായിരം രൂപയുടെ പുറകില്‍ ഒരു സ്‌നേഹധാരയുണ്ട്. ആ സ്‌നേഹധാരയുടെ കടം വീട്ടാന്‍ കഴിയാത്തിടത്തോളം ആ അയ്യായിരത്തിന്റെ കടം എത്രയോ ചെറുതാണ്..!

ചോദിച്ചു വാങ്ങിയതല്ല, പക്ഷേ, ‘തരട്ടെ ?’ എന്നു ചോദിച്ചപ്പോള്‍ ‘പൈസ തരാന്‍ ആളില്ലാതെയില്ല തത്ക്കാലം’ എന്നു ഞാന്‍ പലതവണ പറഞ്ഞു നോക്കിയതുമാണ്. അത് പലര്‍ വഴി എത്തിച്ചു തന്നതാണ് എന്റെ ആശുപത്രിക്കാലത്ത്. ‘എനിക്കിന്നയാള്‍ എന്തെങ്കിലും തന്നു വിട്ടിട്ടുണ്ടോ?’ എന്നങ്ങോട്ടു ചോദിച്ച്, പൈസ തരാനെത്തിയവരുടെ ‘അതെങ്ങനെ പ്രിയക്കു കൊടുക്കും , പ്രിയ എന്തു കരുതും?’ എന്നൊക്കയുള്ള വിചാരഭാരം ഞാന്‍ നേര്‍പ്പിച്ചു കൊടുത്തു. അതെന്റെ കൈയിലെത്താത്തിടത്തോളം, ആ പൈസ എത്തലിന്റെ വഴിയിലെ കണ്ണികളുടെയെല്ലാം കഷ്ടകാലമാവും എന്ന് ഊറിച്ചിരിയുണ്ടായിരുന്നു ഉള്ളില്‍. റൂമി, താവോ, ഗുരു എന്നൊക്കെ നിരന്തരം എഴുതുമെങ്കിലും ഒരു കാര്യം തലയില്‍ കയറിയാല്‍പ്പിന്നെ അതു നടക്കും വരെ മുറുമുറുപ്പും എണ്ണിപ്പെറുക്കലും കലികയറലും കുട്ടിത്തവെപ്രാളവും ആയി മാറുന്ന ഒരാളെ മനസ്സില്‍ കണ്ട്, രണ്ടു കൈയും ചേര്‍ത്തു വച്ച് പ്രസാദം പോലെ ആ കവര്‍ വാങ്ങി. എന്റെ വിധേയത്വം കണ്ട്, തരലിന്റെ അവസാനത്തെ കണ്ണികള്‍ ,കണ്ണു മിഴിച്ചു. എന്നെ മയില്‍പ്പിലിത്തുമ്പു കൊണ്ടെന്ന പോലെ ഉഴിഞ്ഞു കൊണ്ടേയിരുന്ന ആ അടുപ്പത്തിന്റെ വിദൂര വിരലുകളില്‍ തുങ്ങിയാണ് എന്റെ അസുഖകാലത്തിലുടനീളം എന്റെ ജന്മം നിലനിന്നു പോന്നത് എന്നോ ആ മയില്‍പ്പിലി സ്പര്‍ശത്തിന്റെ പേരാണ് എനിക്ക് അഷിത എന്നോ ഞാനന്നവരോട് പറഞ്ഞില്ല…

‘അഷിത കോംപ്‌ളക്‌സ് ക്യാരക്റ്ററാണെന്ന് ഞാനെഴുതുന്നുണ്ട് ‘ എന്നു പറഞ്ഞ നേരം ‘ആണോ, എനിക്ക് കുറേ കുട്ടിത്തമല്ലേയുള്ളൂ?’ എന്നു സംശയഗ്രസ്തയായി നില്‍ക്കുന്ന ഭസ്മക്കുറിനിറത്തലമുടിയാളോട് ‘കോംപ്‌ളക്‌സായ കുട്ടി’ എന്നു പറയാതെ ഞാന്‍ ഉള്ളാലെ ചിരിച്ചു… എനിക്കറിയാം ഗമകങ്ങളും മേഘവിസ്‌ഫോടനങ്ങളും മയില്‍പ്പീലിസ്പര്‍ശങ്ങളും ചാറ്റല്‍ മഴകളും ഒത്തുതീര്‍പ്പുകളും ചേര്‍ന്ന് കോംപ്‌ളക്‌സ് തന്നെയാണ് അഷിതയും ഞാനും കഥകളും ജീവിതങ്ങളും.

പക്ഷേ എനിക്കറിയാം, ഇനിയും ഞങ്ങള്‍ വഴക്കിടും. ഇനിയും ഞങ്ങള്‍ കൂട്ടുകൂടും. ഇതുപോലെ പിണങ്ങിക്കൂട്ടുകൂടാന്‍ നന്നേ ചെറിയവര്‍ക്കിടം തരുന്ന ഏതു മുതിര്‍ന്ന എഴുത്തുകാരുണ്ട് ഈ ജീവിതഗമകത്തില്‍?

(2019 ജനുവരി 9 ന് പ്രസിദ്ധീകരിച്ച ലേഖനം)maala parvathi, parvathi, parvathi on ashita, Ashitha, Ashita, അഷിത, writer Ashitha, writer ashita, എഴുത്തുകാരി അഷിത, writer Ashitha Dead, writer ashita dead, അഷിത അന്തരിച്ചു, writer Ashitha passes away, writer ashita passes away, എഴുത്തുകാരി അഷിത അന്തരിച്ചു, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Priya a s ashita priya apriyam