ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് പഞ്ചായത്തിന്റെ വടക്ക് കിഴക്ക് ഭാഗം, കൂലംകുത്തിപ്പായുന്ന കടലുണ്ടിപ്പുഴയുടെ കൈവഴികളാൽ ചുറ്റപ്പെട്ട, ‘ആടച്ചളി’ കെട്ടിക്കിടന്ന് നൂറ്റാണ്ട് കൾക്ക് മുൻപ് രൂപപ്പെട്ട ഒരു ചെറു തുരുത്ത്. കാക്കയും പരുന്തും നീർനായക്കൂട്ടങ്ങളും വിഹാര രംഗമാക്കിയ തുരുത്തിൽ നിരാശ്രയരായ ഒരു പറ്റം മനുഷ്യക്കോലങ്ങൾ, ചളി അൽപാൽപം കൊത്തിക്കൂട്ടിയും ഉയർന്ന മൺതിട്ടകൾ തട്ടിനിരത്തിയും ഒറ്റോലക്കൂരകൾ വെച്ച് പാർപ്പ് തുടങ്ങി. കൊട്ടയും വട്ടിയും കുഞ്ഞും കുട്ടിയുമായി കൂട്ടത്തോടെ നിത്യവും പുഴ നീന്തിക്കടന്ന് തൊഴിൽ തേടിപ്പോയിരുന്ന ഈ മനുഷ്യക്കോലങ്ങൾ പതുക്കെ പതുക്കെ നിലമൊരുക്കി കൃഷി ചെയ്ത് ഒരാദിമ കാർഷിക സമൂഹമായി രൂപാന്തരപ്പെട്ടു. കൊയ്ത്തും മെതിയും നാട്ടിപ്പാട്ടുകളും അവരുടെ ജീവിതത്തിന്റെ താളവും ലയവുമായിത്തീർന്നു. കൊയ്ത് കൂട്ടുന്നത് പങ്കിട്ടെടുത്ത് ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞൊരു ജനത.

അടിമകളോ ഉടമകളോ ഇല്ലാതിരുന്ന തിരുത്തി കാലാന്തരത്തിൽ ‘പടിയും തമ്പ്രാനുമുള്ള’, അടിമയും ഉടമയുമുള്ള അടിയാളത്തിരുത്തിയായി പരിണമിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം. അരിക് വത്കരിക്കപ്പെട്ട ഒരു ജനതയുടെ ഐതിഹാസികമായ അതിജീവനവും പ്രതിരോധങ്ങളും, സംഘർഷങ്ങളും, ജീവിതാഭിലാഷങ്ങളും, കാമനകളും തൻമയത്വത്തോടെ ഈ നോവലിൽ ആവിഷ്കരിക്കുന്നുണ്ട്.വാമൊഴികളുടെയും തോറ്റംപാട്ടിന്റേയും ശീലുകളിലൂടെ കൈമാറി വരുന്ന പുരാവൃത്തം (മിത്ത് ) അടിയാളത്തിരുത്തിയുടെ രക്തപങ്കിലമായ ചരിത്ര ഏടുകളാണ്.

printhal, novel ,rkg mash,op raveendran

തിരുത്തിയുടെ സാമൂഹികതയിലേക്ക് അധികാരത്തിന്റെ ചെങ്കോലുമായി കടന്നുവന്ന ‘തമ്പുരാൻ’ തിരുത്തി മണ്ണിന്റെ ഉടമ / ജന്മിയായി തീരുന്നു. തിരുത്തിയുടെ ആദിമനിവാസികളായ, യഥാർത്ഥ ഉടമകൾ അടിയാളക്കൂട്ടങ്ങളായും പരിണമിച്ചു. പകലന്തിയോളം കൃഷി ചെയ്ത് മണ്ണിൽ പൊന്ന് വിളയിച്ചവർ  അരപ്പട്ടിണിക്കാരായി, നെല്ലും വിളകളും തമ്പുരാന്റെ കളത്തിൽ നിറക്കേണ്ടി വന്നു.പ്രകൃതിയോടും പ്രതികൂല കാലാവസ്ഥ യോടും മല്ലിട്ട് തമ്പുരാന്റെ കന്നുകാലികളും കൃഷി ഭൂമിയും കാത്ത് സൂക്ഷിക്കേണ്ടവരായിത്തീർന്നു അടിയാളർ.പുഴ മുറിച്ചു നീന്തുമ്പോൾ ജൻമിയുടെ കാലിക്കൂട്ടങ്ങൾ പുഴയിലാണ്ട് പോയതിൽ കലിപൂണ്ട് കെട്ടിയാലുറയക്കാത്ത ഒഴുക്കുള്ള ആളാംചിറ കെട്ടിയുറപ്പിക്കാൻ ജന്മി ആജ്ഞാപിക്കുന്നു. ജന്മിയുടെ കൽപന ധിക്കരിച്ചാൽ മരണമാണ് ശിക്ഷ.കല്ലും മണ്ണും മുട്ടികളും വൈക്കോലും നിരത്തി,കോഴിയും അടും വെട്ടിയിട്ടും ഉറക്കാത്ത ആളാംചിറ ഒടുവിൽ ഒരു കുഞ്ഞിന്റെ കഴുത്ത് വെട്ടി ആ കുഞ്ഞിളം ചോരയിൽ ആളാംചിറ കെട്ടിയുറപ്പിക്കുന്നു. ആ കുഞ്ഞാണ് തിരുത്തി മുത്തനായി മാറുന്നത്.തുടികൊട്ടി, പറ കൊട്ടി, തോറ്റംപാട്ടിന്റെ അകമ്പടിയോടെ ഇന്നും ആളാംചിറ മുത്തന്റെ മണ്ഡപത്തിന് മുൻപിലെത്തുന്ന വെള്ളയാട്ട് കോലങ്ങൾ നാടുവാഴി തമ്പ്രാക്കളുടെ പൈശാചികതക്കെതിരെയുള്ള പ്രതിഷേധ ഗർജ്ജനങ്ങളാണ്.

Read More: പൃന്താൾ എന്ന നോവലിലെ ആളാം ചിറ മുത്തൻ എന്ന ഭാഗം ഇവിടെ വായിക്കാം

കാലം തിരുത്തിയേയും മാറ്റിത്തീർത്തു കൊണ്ടിരുന്നു. അക്ഷരജ്ഞാനമുള്ള ഒരു തലമുറ തിരുത്തിയെ പ്രക്ഷുബ്ദമാക്കി. ജൻ മിത്തത്തിനെതിരെ പ്രതിഷേധങ്ങളുയർന്നു.ഭൂപരിഷ്കരണം പ്രഖ്യാപിക്കും മുൻപേ ജന്മികൾ ഭൂമി കൃഷി ചെയ്യാതെ വിറ്റൊഴിച്ചു.
നാടുവാഴിത്തമവസാനിച്ചു. എല്ലാവർക്കും ഭൂമി കിട്ടി. തിരുത്തിയിലെ യഥാർത്ഥ അവകാശികളായ ‘അടിയാളർക്ക്’ ഭൂമി ലഭിച്ചില്ല.അവർ രാമൻകുന്നത്ത് ഹരിജൻ കോളനിയിലേക്ക് കുഞ്ഞ്കുട്ടി പരാധീനതകളുമായി നീങ്ങി തുടങ്ങി. മണ്ണ് കൊത്തി ഉയർത്തി തെങ്ങോല കെട്ടിമറച്ച് അവർ കൂരകളുയർത്തി കോളനി നിവാസികളായി.

കടലുണ്ടിപ്പുഴ ഓർമകളൊന്നുമവശേഷിപ്പിക്കാതെ തിരുത്തിക്ക് ചുറ്റും പരന്നൊഴുകിക്കൊണ്ടിരുന്നു. തിരുത്തിയുടെ ചരിത്രവും സൗന്ദര്യവും, ലഹരിയും പ്രണയും രതിയും നിശ്വാസങ്ങളുമുളളിലൊതുക്കി ഒരു മുത്തുച്ചിപ്പി കടലുണ്ടിപ്പുഴക്കടിയിലേക്കൂളിയിട്ടിറങ്ങി. കാലം കണ്ടെടുത്ത ആ മുത്തുച്ചിപ്പിയാണ് അക്ഷരരൂപം പ്രാപിച്ച പൃന്താൾ എന്ന നോവൽ.
അസ്തമിച്ചു കൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതിക്കൊപ്പം വിസ്മൃതിയിലേക്ക് വഴുതിപ്പോയ തനത് ഭാഷയും പ്രയോഗങ്ങളും ഈ നോവൽ വീണ്ടെടുക്കുന്നുണ്ട്. മുഖ്യധാരാ സാഹിത്യത്തിൽ ദൃശ്യമാകാത്ത ഭാവനകളും അനുഭവ ലോകവുമാണ് നോവലിന്റെ മുഖ്യ സവിശേഷത.

ജനതയുടെ, സംസ്കൃതിയുടെ, ഭാഷയുടെ ഭാവനയുടെ വിസ്മൃതിയിലാണ്ട ആഴങ്ങളെ വീണ്ടെടുക്കുകയാണ് ആർ കെ ജി തന്രെ ആദ്യ നോവലായ പൃന്താളിലൂടെ.

printhal, novel ,rkg mash,op raveendran

ആര്‍.കെ ഗോപാലകൃഷ്ണന്‍

ആർ.കെ.ജി. മാഷ്
ഗോപാലകൃഷ്ണൻ എന്നാണ് യഥാർത്ഥ പേര് .1940-ൽ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ തിരുത്തിയിൽ ജനിച്ചു. അചഛൻ ചാത്തുക്കുട്ടി. അമ്മ കൊലത്തി. തിരുത്തി. എ.യു.പി.സ്കൂൾ, ഗാന്ധി സേവാ സദനം നെടിയിരുപ്പ്, കോഴിക്കോട് ഐ.ടി.സി എന്നിവിടങ്ങളിൽ പഠനം. 1965 ൽ മണ്ണൂർ നോർത്ത് എ.യു.പി.സ്കൂളിൽ അധ്യാപകനായി. 1996-ൽ റിട്ടയർ ചെയ്തു. കേരള സംസ്ഥാന ശിശുക്ഷേമ സമിതി ആജീവനാന്ത മെമ്പറാണ്. ബാലസംഘത്തിന്റെ സംസ്ഥാന രക്ഷാധികാരിയുമായിരുന്നു.വയനാട് “കനവി”ലും അട്ടപ്പാടി അഹാഡ്സിന്റെ കീഴിലും വിദ്യാർത്ഥികൾക്ക് ക്യാമ്പുകൾ നടത്തിയിട്ടുണ്ട്. റിട്ടയർമെന്റിന് ശേഷവും ശാസ്ത്ര പരീക്ഷണ ക്ലാസുകളും സ്കൂളുകൾ,വായനശാലകൾ, ക്ലബുകൾ എന്നിവ കേന്ദ്രീകരിച്ച് ക്യാമ്പുകളും നടത്തി വരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook