പണ്ടുകാലത്ത് മുത്തശ്ശിമാരാണ് കുട്ടികള്‍ക്ക് വീട്ടില്‍ കഥ പറഞ്ഞു കൊടുത്തിരുന്നത്. ഇന്ന് അണുകുടുംബങ്ങളില്‍ കഥ പറയാന്‍ മുത്തശ്ശിമാര്‍ ഇല്ലാതായപ്പോള്‍ കുട്ടികള്‍ പാര്‍ക്കില്‍ കളിച്ച് വളരാന്‍ തുടങ്ങി. പക്ഷേ അവരുടെ ബുദ്ധിവികാസത്തിന് ഈ പാര്‍ക്കുകള്‍ മാത്രം പോര എന്ന ചിന്തയാണ് കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ സേലം സ്വദേശി പ്രീതി ശങ്കറിനെ ഒരു ‘സ്റ്റോറി ടെല്ലര്‍’ ആക്കിയത്. വെറുതെ കഥ പറയുകയല്ല, പ്രൊഫഷനലായി പഠിച്ചാണ് പ്രീതി കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നത്. കഥ പറയാന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായ പ്രീതി ഇന്ന് കൊച്ചിയിലെ തിരക്കുള്ള ‘കഥാകാരി’യാണ്.
കഥ പറയാനും സര്‍ട്ടിഫിക്കറ്റ് കോഴ്സോ എന്ന് വിചാരിച്ചു നെറ്റി ചുളിക്കാന്‍ വരട്ടെ. കേരളത്തില്‍ ഈ രീതി അത്ര പരിചിതമല്ലെങ്കിലും ബെംഗളൂരു പോലുള്ള വന്‍ നഗരങ്ങളില്‍ ഇത്തരം കോഴ്സുകള്‍ പഠിക്കുന്നവര്‍ അനവധിയാണ്. കേരളത്തിലും സ്റ്റോറി ടെല്ലര്‍മാര്‍ക്ക് സാധ്യതയുണ്ടെന്നതിന്റെ തെളിവാണ് പ്രീതിയുടെ അടുത്തെത്തുന്ന കുട്ടികള്‍. വീട്ടില്‍ കളിച്ച് ബോറടിക്കുന്ന കുട്ടികളെ പ്രീതിയുടെ അടുത്തെത്തിച്ചാല്‍ രണ്ടര മണിക്കൂര്‍ കഥയും കളിയും വിനോദവുമായി ഉല്ലസിച്ചശേഷം അവര്‍ക്ക് തിരിച്ചുപോകാം. ഒരു സിനിമ കാണുന്ന സമയംകൊണ്ട് ഒരു കുട്ടിയെ വിനോദത്തിന്റെയും അതുവഴി വിജ്ഞാനത്തിന്റെയും ലോകത്തെത്തിക്കാം എന്നു ചുരുക്കം.
സ്‌കൂളുകളിലും മറ്റു സ്ഥലങ്ങളിലും കുട്ടികള്‍ക്കായി ഇത്തരം പരിപാടികള്‍ പ്രീതി നടത്തുന്നുണ്ട്. വായനയിലൂടെയും കഥയിലൂടെയും കുട്ടികള്‍ക്ക് കിട്ടുന്ന അറിവും പുതിയ കാര്യങ്ങള്‍ ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിവികാസവും മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു പദ്ധതി തുടങ്ങിയതെന്ന് പ്രീതി പറയുന്നു.
ചെറുപ്പം മുതല്‍ തന്നെ പുസ്തകങ്ങള്‍ വായിക്കാനും കഥകള്‍ കേള്‍ക്കാനും ഇഷ്ടപ്പെട്ടിരുന്ന പ്രീതി വളര്‍ന്നപ്പോഴും ശീലങ്ങള്‍ മാറ്റിയില്ല. നോവലുകളും കഥകളും ഏറെ വായിച്ചിരുന്ന പ്രീതിക്ക് കഥ പറയാനും കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടമായിരുന്നു. പത്തു വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞ് കൊച്ചിയില്‍ എത്തിയപ്പോഴും വായനയായിരുന്നു പ്രീതിയുടെ മുതല്‍ക്കൂട്ട്. പിന്നീട് പാര്‍ട്ടികള്‍ക്ക് പോകുമ്പോള്‍ അവിടെയുള്ള കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുത്തപ്പോഴാണ് കുട്ടികള്‍ക്ക് കഥ കേള്‍ക്കാനുള്ള താത്പര്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത്.
അങ്ങനെ ഭര്‍ത്താവ് ജയന്തിന്റെയും ഭര്‍തൃമാതാപിതാക്കളുടെയും സഹായത്തോടെ രവിപുരത്ത് ക്ലാസ് തുടങ്ങി. കൂടാതെ ഞായറാഴ്ചകളില്‍ വീട്ടിലും സെഷനുകള്‍ വച്ചു. പ്രീതിയുടെ കഥകള്‍ കേള്‍ക്കാനായി കുട്ടികള്‍ തേടിയെത്തി. രണ്ടര വയസ്സുകാരനായ മകന്‍ ഇഷാന് മാത്രമല്ല, അതുപോലെ പല കുഞ്ഞുങ്ങള്‍ക്കും കഥയിലൂടെ മറ്റൊരു ലോകം പരിചയപ്പെടുത്തുകയാണ് പ്രീതി. വെറുതെ ഒരു കഥ പറഞ്ഞാല്‍ കുട്ടികള്‍ക്ക് ബോറടിക്കുമെന്നുള്ളതുകൊണ്ട് പല വിദ്യകളുപയോഗിച്ചാണ് പ്രീതി കഥ പറയുക. കുട്ടികളുടെ ഭാഷയില്‍ അവരുടേതായ രീതിയില്‍ പാവകള്‍ ഉപോഗിച്ചാണ് കഥ പറയുന്നത്. ഗെയിമുകളും ക്രാഫ്റ്റ് വര്‍ക്കുകളും നിറം കൊടുക്കലും എല്ലാം കൂടി രസകരമായാണ് കഥ അവതരിപ്പിക്കുക. നാല്പതോളം കുട്ടികളാണ് ഓരോ സെഷനിലും പ്രീതിയുടെ കഥ കേള്‍ക്കാനായി വരുന്നത്.
നാല് വയസ്സ് മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളെ 4-8, 9-14 എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് അവരുടെ പ്രായത്തിനും അഭിരുചികള്‍ക്കുമനുസരിച്ചുള്ള കഥകള്‍ പറഞ്ഞുകൊടുക്കുന്നത്. ആറു മാസം മുതല്‍ പ്രായമായ കുട്ടികള്‍ക്ക് വേണ്ടി മോം ആന്‍ഡ് മി എന്ന പേരില്‍ പുതിയ സെഷനുകള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രീതി. കഥ കേള്‍ക്കാന്‍ കുഞ്ഞു കുട്ടികളും ഇനി ഒരുങ്ങിക്കോളൂ…
പ്രീതിയുടെ ഫോണ്‍ നമ്പര്‍: 9947036654