scorecardresearch
Latest News

ബുദ്ധദേബ് ദാസ് ഗുപ്ത: മലയാളി തൊട്ടറിഞ്ഞ മനുഷ്യൻ

കവിത കാഴ്ചകളാകുന്നതും കാഴ്ചകൾ കവിതകളാകുന്നതും സ്വന്തം സിനിമയിൽ ജീവിതയാഥാർത്ഥ്യങ്ങൾക്ക് ഒപ്പം ചാലിച്ചു ചേർത്ത അതുല്യ പ്രതിഭ. ധനതത്വശാസ്ത്രത്തിലെ സിദ്ധാന്തങ്ങൾക്കപ്പുറം സർഗാത്മകതയുടെ ഭാവനലോകത്തെ പരിചയപ്പെടുത്തിയ അധ്യാപകൻ. കഴിഞ്ഞ ദിവസം നിര്യാതനായ ചലച്ചിത്രകാരനും കവിയുമായ ബുദ്ധദേബ് ദാസഗുപ്തയെ കുറിച്ച് നോവലിസ്റ്റായ ലേഖകൻ എഴുതുന്നു

buddhadeb dasgupta, buddhadeb dasgupta death, who is buddhadeb dasgupta, buddhadeb dasgupta age, buddhadeb dasgupta films, buddhadeb dasgupta kolkata, buddhadeb dasgupta death reason, buddhadeb dasgupta illness

ബംഗാളി സംസ്കാരത്തിന് പൊതുവിലും,  സാഹിത്യത്തിനും സിനിമയ്ക്കും സംഗീതത്തിനും എന്നിവയ്ക്ക് പ്രത്യേകിച്ചും,   മലയാളികളുടെ ആസ്വാദന തലത്തെ സ്പര്‍ശിക്കുന്ന പല അടരുകളുണ്ട്. അത് വായനയുടേയും കാഴ്ചയുടേയും ശീലങ്ങളും സാമൂഹികബോധവും രാഷ്ട്രീയ ചിന്തയും കൂടിക്കലര്‍ന്ന സമാനതലങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതാണ്. സത്യജിത്ത് റായ്, ഋത്വിക് ഘട്ടക്ക്, മൃണാള്‍സെന്‍ തുടങ്ങിയ ചലച്ചിത്രകാരന്‍മാരിലൂടെ മലയാളി കാണാന്‍ ശ്രമിക്കുന്ന കാഴ്ചയുടെ തുടര്‍ച്ചയാണ് ബുദ്ധദേബ് ദാസ് ഗുപ്ത. കവികൂടിയായ ഈ ചലച്ചിത്രകാരന്റെ സിനിമകള്‍ ഫിലിം സൊസൈറ്റികള്‍ കേരളത്തില്‍ പലയിടങ്ങളിലായി കാണിച്ചിട്ടുണ്ട്. ബുദ്ധദേബ് ദാസ് ഗുപ്ത പലപ്പോഴായി ഒരു മലയാളി ചലച്ചിത്ര സംവിധായകനെപ്പോലെ ഇവിടുത്തെ പ്രേക്ഷകരുമായി നേരിട്ട് സംവദിച്ചിട്ടുണ്ട്. അനേകം കിലോമീറ്ററുകള്‍ അകലെയുള്ള രണ്ടിടങ്ങളെ സാംസ്‌കാരികമായ പാലം കൊണ്ട് ബന്ധിപ്പിച്ച സംവിധായകരിലൊരാളാണ് വിടവാങ്ങിയത്.

പേനയും പെന്‍സിലും കത്തുകളും കവറുകളും വില്‍ക്കുന്ന ഒരു കടയിലേക്ക് ഒരു ചെറുപ്പക്കാരന്‍ കടന്നു വരുന്നു. യുവാവ് തന്റെ പ്രണയിനിയ്ക്കായി ഒരു പേന തെരെഞ്ഞെടുക്കുന്നു. പിന്നെ വിവിധ വര്‍ണ്ണങ്ങളിലുള്ള വരയിട്ട കടലാസുകള്‍ ആവശ്യപ്പെടുന്നു. കടക്കാരന്‍ റോസാപ്പൂ മണമുള്ള വരയിട്ട കടലാസുകള്‍ യുവാവിന് നല്‍കുന്നു. യുവാവ് സന്തോഷത്തോടെ അതിന്റെ സുഗന്ധം ആസ്വദിക്കുന്നു. തുടര്‍ന്ന് അയാള്‍ അതിന് പറ്റിയ ഒരു കവര്‍ ആവശ്യപ്പെടുന്നു. യുവാവ് അത് മണത്തു നോക്കിക്കൊണ്ട് ചോദിക്കുന്നു.

‘ഇതിന് മണമില്ലല്ലോ?’

‘ അതിന് സുഗന്ധദ്രവ്യങ്ങളൊന്നും ആവശ്യമില്ല. കത്തുകളുടെ സുഗന്ധം- എഴുതുന്നയാള്‍ അതിനെ സുഗന്ധപൂര്‍ണ്ണമാക്കുന്നു’

ടാഗോറിന്റെ പത്രലേഖ എന്ന കവിതയെ ആസ്പദമാക്കി ബുദ്ധദേവ് ദാസ് ഗുപ്ത നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമിലെ ഭാഗമാണിത്. സിനിമയില്‍ ദൃശ്യഭാഷകൊണ്ടും പശ്ചാത്തല സംഗീതകൊണ്ടും വാക്കുകള്‍കൊണ്ടും സുഗന്ധം നിറച്ച സംവിധായകനാണ് ബുദ്ധദേബ് ദാസ് ഗുപ്ത.

ധനതത്വശാസ്ത്ര അധ്യാപകനായി ജോലി ചെയ്തിരുന്ന ബുദ്ധദേബ് ദാസ് ഗുപ്ത ആദ്യകാലത്ത് തന്നെ കവി എന്ന് നിലയ്ക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ സ്വധീനത്താലാണ് അദ്ദേഹം സിനിമയുടെ പിന്നിലേക്ക്  എത്തിയത്. 1968 ല്‍ ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ച് ഈ രംഗത്തെത്തിയ അദ്ദേഹം 2018 ലാണ് അവസാന സിനിമ നിര്‍മ്മിക്കുന്നത്. അഞ്ച് തവണ  മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരം ഇദ്ദേഹത്തിന്റെ സിനിമക്ക് ലഭിച്ചിട്ടുണ്ട്. മികച്ച സംവിധായകനും തിരിക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വെനീസ്, ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലുകൾ  തുടങ്ങി അനേകം രാജ്യാന്തര അംഗീകാരങ്ങള്‍ ലഭിച്ച ബുദ്ധദേബ് ദാസ് ഗുപ്ത അവാര്‍ഡുകള്‍ സൃഷ്ടിക്കുന്ന ബഹളങ്ങളെ ഇഷ്ടപ്പെട്ടിരുന്നില്ല. സർഗാത്മകത സൃഷ്ടിക്കുന്ന നൊമ്പരങ്ങള്‍ അദ്ദേഹം എപ്പോഴും അനുഭവിച്ചിരുന്നു.

തന്റെ സിനിമകളില്‍ യഥാര്‍ത്ഥ ജീവിതത്തിന്റെ തീക്ഷ്ണതകള്‍ക്കൊപ്പം യാഥാർത്ഥ്യത്തിൽ നിന്നും തെന്നിമാറിയ കാവ്യാത്മകമായ ദൃശ്യഭാഷ കൂടി അതിനോടൊപ്പം ആവിഷ്ക്കരിക്കാൻ ബുദ്ധദേബ് ദാസ് ഗുപ്തയ്ക്ക് സാധിച്ചിരുന്നു. മനുഷ്യന്‍ പ്രായോഗിക ബുദ്ധിയിലൂന്നി അതിജീവിക്കാന്‍ ശ്രമിക്കുമ്പോഴും ഏതോ കാരണങ്ങളാല്‍ നിസ്സഹായനായിപ്പോകുന്ന മനുഷ്യാവസ്ഥ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാനപ്പെട്ട ഇഴയാണ്.

ബാഗ് ബഹാദൂര്‍ (1989) എന്ന സിനിമയില്‍ ഘുനുറാം എന്ന ചെറുപ്പക്കാരന്‍ പതിനൊന്ന് മാസം അന്നന്നത്തെ അന്നത്തിന് വേണ്ടി അത്യദ്ധ്വാനം ചെയ്യുന്നയാളാണ്. പക്ഷെ ഒരു മാസം നോന്‍പുര ഗ്രാമത്തില്‍ വന്ന് അദ്ദേഹം ബാഗ് ബഹദൂര്‍ അഥവാ പുലികളിക്കാരനായി ആളുകളെ രസിപ്പിക്കുന്നു. സിബാല്‍ അമ്മാവന്‍ എന്ന് വൃദ്ധന്റെ ചെണ്ടയുടെ താളത്തിനൊത്ത് അയാള്‍ നൃത്തം ചെയ്യുന്നു. പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചിരിക്കുകയും കരയുകയും ചെയ്യുന്ന ആ പുലി മനുഷ്യന്‍ തന്റെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുന്നത് നോന്‍പുര ഗ്രാമത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജീവിക്കുന്ന ഒരു മാസം മാത്രമാണ്. പതിനൊന്ന് മാസം മുതലാളിയുടെ ആട്ടും തുപ്പും കേട്ട് ജീവിക്കുന്ന അടിമ ജീവിതം വെടിഞ്ഞ് ഒരു മാസം അയാള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. പുലി വേഷം കെട്ടി ഗ്രാമീണരുടെ ഇഷ്ടപാത്രമാകുന്നു. അവരുടെ ആരാധാനാപാത്രമാകുന്നു. അയാള്‍ സ്വയം നിര്‍വചിക്കുന്നു.

എന്നാല്‍ ഒരു യഥാര്‍ത്ഥ പുലിയുമായി സര്‍ക്കസ് സംഘം നോന്‍പുര ഗ്രാമത്തിലെത്തുന്നതോടെ ബാഗ്ബഹദൂറിനെ കാണാന്‍ ആളുകളില്ലാതാകുന്നു. ആളുകള്‍ അയാളെ പുച്ഛിക്കുന്നു. നിരസിക്കുന്നു. സ്വന്തം കാമുകി പോലും അയാളേക്കാള്‍ ധീരനായ സര്‍ക്കസുകാരനെ ഇഷ്ടപ്പെടുന്നു. ആളുകള്‍ തങ്ങളിലേക്ക് തിരിച്ചുവരും എന്ന് പ്രതീക്ഷയില്‍ സിബാല്‍ അമ്മാവനും ഘുനുറാമും ചുവടുകള്‍ ആകര്‍ഷകമാക്കുന്നു. വീടുവീടാന്തരം അലയുന്നു. ഒടുവില്‍ ബാഗ് ബഹാദൂര്‍ യഥാര്‍ത്ഥ പുലിയോട് നേരിട്ട് പോരാടി മരണം വരിക്കുന്നു. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി ഈ ചിത്രം ഇപ്പോഴും നമ്മോട് സംവദിക്കുന്നു.

പുതിയ സാങ്കേതിക വിദ്യകളും പുതിയ ജീവിത രീതികളും ഒരു പാട് മനുഷ്യരുടെ ജീവിതത്തിന്റെ അര്‍ത്ഥത്തെ ഒരു നിമിഷം കൊണ്ട് അര്‍ത്ഥരഹിതമാക്കുന്ന ഇക്കാലത്ത് സിനിമ കൂടുതല്‍ അര്‍ഥവ്യാപ്തിയുള്ളതാകുന്നു. വര്‍ഷങ്ങളായി ബാഗ് ബഹദൂറായി ജനങ്ങളെ രസിപ്പിച്ചുകൊണ്ടിരുന്ന ഒരാള്‍ ഒരൊറ്റ ദിവസം കൊണ്ട് അന്യനാക്കപ്പെടുന്നു. ബുദ്ധദേബ് ദാസ് ഗുപ്തയുടെ സിനിമകള്‍ മനുഷ്യ ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളുടെ പല തലങ്ങളെ സ്പര്‍ശിക്കുന്നവയാണ്.  

ചാരാചര്‍ (1993) എന്ന സിനിമയില്‍ രജത് കപൂര്‍ അഭിനയിക്കുന്ന ലക്കിന്തര്‍ എന്ന കഥാപാത്രം പക്ഷികളെ പിടിച്ച് വില്‍ക്കുന്ന ഒരാളാണ്. പക്ഷിവേട്ടക്കാരനെങ്കിലും അയാള്‍ പക്ഷികളെ വല്ലാതെ സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ ലക്കിന്തറിന് ജീവിതത്തില്‍ മുന്നേറാനുള്ള ആഗ്രഹമില്ലെന്ന് ഭാര്യ പരാതിപ്പെടുന്നു. ഭാര്യ ഒരു കച്ചവടക്കാരനുമായി അടുക്കുന്നതും ലക്കിന്തറിന് പക്ഷികളോടുള്ള സ്‌നേഹം വര്‍ദ്ധിക്കുന്നതും അയാളുടെ ജീവിതത്തെ സങ്കീര്‍ണ്ണമാക്കുന്നു. വില്‍ക്കാനായി നഗരത്തിലേക്ക് കൊണ്ടുപോകുന്ന പക്ഷികളെ തുറന്ന് വിട്ട് ലക്കിന്തര്‍ സ്വന്തം നഷ്ടങ്ങളെ സ്വീകരിക്കുന്നു. ചരാചര്‍ കൈകാര്യ ചെയ്യുന്നത് ആന്തരികമായ പ്രതിസന്ധിയാണ്.

മനുഷ്യന്‍ തന്റെ ഉള്ളില്‍ കൊണ്ടു നടക്കുന്ന സംഘര്‍ഷങ്ങളെ അവതരിപ്പിക്കുമ്പോള്‍ ബുദ്ധദേവ്ദാസ് ഗുപ്ത മനുഷ്യനെ ആഴത്തില്‍ മനസ്സിലാക്കാനുള്ള കവിയുടെ ജന്മസിദ്ധിയെ പ്രകടിപ്പിക്കുന്നു. തന്റെ കുട്ടിക്കാലത്ത് ചെലവഴിച്ച ഗ്രാമാന്തരീക്ഷത്തിന്റെ ലാളിത്യത്തെ തിരിച്ചു പിടിക്കാന്‍ ആഗ്രഹിക്കുന്ന കവി മനസ്സിനെ അദ്ദേഹത്തിന്റെ സിനിമകളില്‍ കാണാവുന്നതാണ്. ചലച്ചിത്ര ദൃശ്യങ്ങളിലൂടെ വ്യക്തികളുടെ വൈകാരികമായ പ്രതലങ്ങളെ സ്പര്‍ശിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. കറുപ്പിനും വെളുപ്പിനും ഇടയിലുള്ള അനേകം അടരുകളെ കണ്ടെത്തി ശരിതെറ്റുകള്‍ക്കതീതമായ അവസ്ഥകളെ അവതരിപ്പിക്കാനാണ് ബുദ്ധദേബ് ദാസ് ഗുപ്ത തന്റെ സിനിമകളിലൂടെ ശ്രമിക്കുന്നത്.

ബുദ്ധദേബ് ദാസ് ഗുപ്തയുടെ ആദ്യമൂന്ന് ഫീച്ചര്‍ സിനിമകളായ ദൂരത്വ(1978), നീം അന്നപൂര്‍ണ്ണ(1979), ഗൃഹജുദ്ധ (1982) എന്നിവ തീവ്ര ഇടതുപക്ഷ രാഷ്ട്രീയം വ്യക്തികളില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ്. ബംഗാളിലെ നക്‌സല്‍ബാരി സംഘര്‍ഷങ്ങളുടെ കാലത്ത് ബുദ്ധദേവ് ദാസ് ഗുപ്ത തന്റെ ഇതുപതുകളിലായിരുന്നു. ഈ ആശയങ്ങളോട് അനുഭാവം പുലര്‍ത്തിയിരുന്നെങ്കിലും അദ്ദേഹം അവരില്‍ നിന്നും അകലെയായിരുന്നു. എന്നാല്‍ മധ്യവര്‍ഗ സമൂഹത്തിന്റെ മൂല്യങ്ങളും തീവ്രഇടതുപക്ഷ ആശയങ്ങളും തമ്മില്‍ വൈരുദ്ധ്യങ്ങുള്ളതായി അദ്ദേഹത്തിന് തോന്നി. മനുഷ്യരുമായുള്ള ഇടപെടലില്‍ നക്‌സലൈറ്റ്  ആശയങ്ങള്‍ പരാജയപ്പെടുന്നതായി അദ്ദേഹം വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ വ്യക്തികളുടെ നഷ്ടങ്ങളെ വരച്ചിടാന്‍ അദ്ദേഹം ഈ സിനിമകളിലൂടെ ശ്രമിച്ചു.

അത് ആ രാഷ്ട്രീയത്തോടുള്ള വിയോജിപ്പായിരുന്നില്ല എന്നാണ് തോന്നുന്നത്. അതിന് കാരണം, തുടര്‍ന്ന് വരുന്ന സിനിമകളിലും  അദ്ദേഹം മറ്റ് ചുറ്റുപാടുകളില്‍ മനുഷ്യന്‍ സ്വയം നഷ്ടമാകുന്നതിനെ ചിത്രീകരിക്കുന്നു. ലാല്‍ ദര്‍ജ (1997), ഉത്തര (2000) എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്. വര്‍ത്തമാന കാല ഇന്ത്യ നേരിടുന്ന വിശ്വാസങ്ങളുടെ ബഹുസ്വരത ആക്രമിക്കപ്പെടുന്നതിനെക്കൂടി പരാമര്‍ശിക്കുന്ന ഉത്തര ചിത്രീകരിച്ച മനോഹരമായ പുരുലിയ ഗ്രാമം രണ്ടാമതൊരിക്കല്‍ ചെന്നപ്പോള്‍ ചെമ്മണ്‍ കൂനകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുമായി മാറിയത് കണ്ട് നമ്മുടെ കണ്‍മുന്നില്‍ വച്ച് പ്രകൃതി നഷ്ടമാകുന്നതില്‍ അദ്ദേഹം സങ്കടപ്പെടുന്നുണ്ട്. മനുഷ്യന്റെ സംഘര്‍ഷം ആശയങ്ങളോടും ആത്മാവിനോടും ചേര്‍ന്ന് നില്‍ക്കുന്നവ മാത്രമല്ല, അത് പ്രകൃതിയോടും സമൂഹത്തോടും ചുറ്റുപാടിനോടും കൂടി ചേര്‍ന്നതാണ് എന്ന് ബുദ്ധദേബ്  ദാസ് ഗുപ്ത വിശ്വസിച്ചിരുന്നു.

രണ്ട് കാലരേഖയില്‍ അച്ഛനും മകനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ചിത്രീകരിക്കുന്ന കാല്‍പുരുഷ്( 2008 ) എന്ന സിനിമയിലെ അച്ഛനും മകനും തമ്മിലുള്ള ഒരു സംഭാഷണം കവിയും ചലച്ചിത്രകാരനുമായ ബുദ്ധദേവ് ദാസ് ഗുപ്തയുടെ മനസ്സിന്റെ പ്രതിഫലനം കൂടിയാണ്.

” ജീവിച്ചിരിക്കുക എന്നാല്‍ എന്താണ് ?’

‘അത് വലിഞ്ഞ് മുറുകിയ ഒരു കയറിന്മേലുള്ള നടത്തമാണ്. പക്ഷെ, കാലത്തെഴുന്നേറ്റ് ചുറ്റും നോക്കുമ്പോള്‍, ഞാനത് ഇഷ്ടപ്പെടുന്നു. ഒരാള്‍ തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍, എനിക്ക് കരയാന്‍ തോന്നുന്നു. അകലെ നിന്ന് ഒരു സംഗീതം കേള്‍ക്കുമ്പോള്‍, ഒരാള്‍ മറ്റൊരാളെ സ്‌നേഹിക്കുന്നത് കാണുമ്പോള്‍, ഒരാള്‍ മറ്റൊരാളുടെ കണ്ണീരൊപ്പുന്നത് കാണുമ്പോള്‍, എനിക്ക് കരയാന്‍ തോന്നുന്നു. അച്ഛാ, എനിക്ക് മറ്റൊരാളാകാനാകില്ല. പക്ഷേ, ജീവിച്ചിരിക്കുന്നത് മഹത്തരമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ?”

മലയാളി തൊട്ടറിഞ്ഞ, മലയാളത്തെ അടുത്തറിഞ്ഞ കവി, മനുഷ്യൻ. ജീവിതമെന്ന മഹത്തായ സര്‍ഗക്രിയയില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളിലൊരാൾ. ജീവിച്ചിരിക്കുക എന്നത് മഹത്തരമാണ് എന്ന് നമ്മളോട് പറഞ്ഞ ബുദ്ധദേബ് ദാസ് ഗുപ്ത ഈ കെട്ടകാലത്ത് വിട പറയുമ്പോൾ മനുഷ്യരുടെ ലോകത്ത് ഒരിടം കൂടി ശൂന്യമാവുകയാണ്. 

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Praveen chandran on buddhadeb dasgupta