“നെറ്റിയിലെ ഈ ഭസ്മം? “വെറും ചാണകം”.

“ദൈവം?” “അങ്ങനെയൊന്നില്ല.”

“അപ്പോള്‍ അമ്പലത്തില്‍ ഉള്ളത്?” വെറും കല്ല്‌.”

1997ല്‍ മണിരത്നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന സിനിമയില്‍ ദ്രാവിഡ രാഷ്ട്രീയത്തിലെ ഒരു ശക്തനായ നായകനായ തമിള്‍ ശെല്‍വം ആയി വന്നത് പ്രകാശ് രാജ് ആയിരുന്നു. തന്റെ ജനങ്ങളോടു പ്രതിബദ്ധതയും ഭാഷയെക്കുറിച്ചു അഭിമാനവുമുള്ള കവിയും ചിന്തകനുമാണ് സെല്‍വം. പെരിയാര്‍ ശിഷ്യനായ നിരീശ്വരവാദി, സ്വന്തം കല്യാണത്തിന് കറുത്ത ഷര്‍ട്ട് ധരിച്ച് പോകുന്ന യുക്തിവാദി, തീവണ്ടി പാളത്തില്‍ കിടന്നു ജാതി സംവരണത്തിനായി സമരം ചെയ്യുന്ന വിപ്ലവകാരി, മതത്തെയും പാരമ്പര്യത്തെയും അന്ധമായി പിന്തുടരുന്നവരോടു അവജ്ഞ മാത്രമുള്ള പുരോഗമനവാദി; അങ്ങനെ എല്ലാ അര്‍ത്ഥത്തിലും വിഗ്രഹഭഞ്ജകനായ ശെല്‍വം തന്നെയാണ് ആ സിനിമയിലെ ഏറ്റവും മികച്ച ഡയലോഗുകള്‍ പറയുന്നതും.

ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഭരണകൂടവും വര്‍ഗീയവാദികളായ ഇതര സംഘങ്ങളും ചേര്‍ന്ന് നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ വായമൂടി ഇരിക്കുന്ന സിനിമാക്കാര്‍ക്കിടയിലും ഏറ്റവും ശക്തമായ വരികള്‍ പറയുന്നത് പ്രകാശ് രാജ് തന്നെയാണ്.

സനല്‍ കുമാര്‍ ശശിധരന്റെ എസ്.ദുര്‍ഗയ്ക്ക് IFFI യില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടതും പദ്മവതിയ്ക്കെതിരെ കടുത്ത ആക്രമണം ഉണ്ടായതും അടക്കം സിനിമാ ലോകത്തിനകത്തും പുറത്തും അരങ്ങേറുന്ന നിരവധി സംഭവങ്ങളെപ്പറ്റി വ്യക്തമായ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന പ്രകാശ് രാജിനെയാണ്  ഈ  കഴിഞ്ഞ കാലങ്ങളില്‍ കണ്ടത്. കര്‍ണാടകത്തിലെ ഹിന്ദുത്വ രാഷ്ട്രീയവും നോട്ട് നിരോധനവും രാജസ്ഥാനിലെ രാജസമുന്ദില്‍ നിന്നുള്ള വെറുപ്പിന്റെ മൊത്തക്കച്ചവടക്കാരും എല്ലാം അദ്ദേഹത്തിനു പ്രധാന വിഷയങ്ങളാണ്. ഗൗരി ലങ്കേഷിന്റെ മരണത്തെ ആഘോഷമാക്കിയ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രധാന മന്ത്രി ഫോളോ ചെയ്യുന്നവയാണെന്നറിഞ്ഞപ്പോള്‍, ആ വിഷയത്തിലെ നരേന്ദ്രമോഡിയുടെ ‘തണുത്തുറഞ്ഞ നിശബ്ദത’യെ അദ്ദേഹം ചോദ്യം ചെയ്തു.

“ഒരു കലാകാരന്‍ എന്ന നിലയിലാണ് ഞാന്‍ ശബ്ദിക്കുന്നത്. കലാകാരന്മാര്‍ ഭീരുക്കളായാല്‍ നാം നിര്‍മിക്കുന്ന സമൂഹവും ഭീരുത്വം ഉള്ളതായിരിക്കും എന്ന് നാം തിരിച്ചറിയണം”. ഇക്കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രകാശ് രാജ്  ഈ വാക്കുകള്‍ പറഞ്ഞത്.

prakash raj film actor,

ഈ തുറന്നടിക്കലുകള്‍ ബഹുമാനത്തോടൊപ്പം വിമര്‍ശനവും ആക്രമണവും കൂടി ഉയര്‍ത്തിയിട്ടുണ്ട്. “മുന്‍പ് മുതലേ എനിക്ക് ചോദ്യങ്ങള്‍ ചോദിക്കാമായിരുന്നു, ശരിയാണ്, ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ അതുകൊണ്ട് ഇപ്പോഴും മിണ്ടാന്‍ എനിക്ക് അവകാശം ഇല്ല എന്നാണോ? ഉള്ളില്‍ നിന്നും വരുന്ന വികാരങ്ങള്‍ ഒരു പ്രത്യേക നിമിഷത്തില്‍ പുറത്തുവരും..എന്നെ സംബന്ധിച്ചിടത്തോളം (ഉറ്റ സുഹൃത്തുകൂടിയായ) ഗൗരിയുടെ (ഗൗരി ലങ്കേഷ്) മരണമായിരുന്നു ആ നിമിഷം. എനിക്കാരെയും ബോധ്യപ്പെടുത്താനില്ല, എന്റെ മനസ്സാക്ഷിയെ ഒഴികെ. ‘ഇനിയും നീ നിശബ്ദനാവരുത്, പ്രകാശ്’ എന്ന് എന്റെ മനസ്സാക്ഷി എന്നോട് പറഞ്ഞു”. ചെന്നൈയിലെ ഒരു ഹോട്ടല്‍ മുറിയിലെ ഡിസംബര്‍ രാത്രിയെ തന്റെ ശബ്ദം കൊണ്ട് ഗാംഭീര്യം ഉള്ളതാക്കി ഈ നടന്‍ പറയുന്നു.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ മറ്റു കലാകാരന്മാരെപ്പോലെതന്നെ വലിയ പ്രശ്നങ്ങളില്‍ അഭിപ്രായം പറയാതെ, ജോലിയില്‍ മാത്രം ശ്രദ്ധിച്ച്  കഴിയുകയായിരുന്നു പ്രകാശ് രാജും. പിന്നെ ഇപ്പോൾ ഉറച്ച നിലപാടുകള്‍ എവിടെനിന്ന് വരുന്നു? എന്നാല്‍, 80 കളിലെ ബെംഗളൂരുവിലെ പ്രകാശ് രാജിനെ അറിയാവുന്നവര്‍ക്ക് ഇതൊരത്ഭുതമല്ല. കന്നഡ ആധുനികതയിലെ വമ്പന്മാരുടെ സ്വാധീനത്തില്‍ ലോകം മാറ്റിമറിക്കാന്‍ ഒരുങ്ങിയ ഒരു യുവത ഉണ്ടായിരുന്നു. ലങ്കേഷ് പത്രിക 1980ല്‍ തുടങ്ങുമ്പോള്‍ അതിന്‍റെ ബസവന്‍ഗുഡിയിലെ ആസ്ഥാനം,  അസ്വസ്ഥരായ, ജിജ്ഞാസുക്കളായ ഒരുകൂട്ടം ചെറുപ്പക്കാരുടെ ആകര്‍ഷണ കേന്ദ്രമായിരുന്നു. “ഓരോ വൈകുന്നേരവും അവിടം എഴുത്തുകാരെയും ചിന്തകരെയും കൊണ്ടു നിറയുമായിരുന്നു. ഞങ്ങള്‍ എഡിറ്ററുടെ മേശ നീക്കിയിട്ട് അവിടെ ഇരുന്നു ഈ മഹാരഥന്‍മാര്‍ പറയുന്നത് കേള്‍ക്കുകയും ഞങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. “കന്നഡ പണ്ഡിതനായിരുന്ന ഡി.ആര്‍. നാഗരാജ്, ദളിത്‌ ചിന്തകനായിരുന്ന സിദ്ധലിംഗയ്യ എന്നിവര്‍ അവിടെ വന്നിരുന്നു. ഞങ്ങള്‍ കുട്ടികളായിരുന്നു എങ്കിലും ഗിരീഷ്‌ കര്‍ണാട്, ബി.വി. കാരന്ത് ഇവരൊക്കെ ഞങ്ങളോടു സംസാരിക്കുമായിരുന്നു. എങ്ങനെ ജീവിക്കണമെന്നോ എന്ത് ചെയ്യണമെന്നോ അവര്‍ ഒരിക്കലും പറഞ്ഞില്ല. അവര്‍ ജീവിച്ചു കാണിക്കുകയായിരുന്നു,” രാജ് ഓര്‍ക്കുന്നു.

ഒരധ്യാപകനുമായി വഴക്കിട്ട് സെന്റ്‌.ജോസഫ് കൊമേഴ്സ്‌ കോളേജില്‍ നിന്ന് പഠനം പാതിയാക്കി ഇറങ്ങി ബാംഗളൂരിലെ നാടക രംഗത്ത് ഉയരുന്നു വരുന്ന ഒരു നടനായിരുന്നു പ്രകാശ്‌ റായി എന്ന പ്രകാശ് രാജ്. “സ്കൂളില്‍ കയ്യടിക്കായി ഞാന്‍ നാടകം കളിച്ചു. എന്നാല്‍, നാടകരംഗത്ത്‌ എത്തിയപ്പോള്‍ ഒരു പ്രസ്ഥാനമായി അതിനെ കാണാനായി. അഭിനേതാവാകാനല്ല എന്റെ സ്വത്വാന്വേഷണത്തിന്റെ ഭാഗമായാണ് ഞാന്‍ അരങ്ങിലെത്തുന്നത്. ഒരു അക്കൗണ്ടന്റ് ആവാന്‍ എനിക്ക് കഴിയില്ല എന്നെനിക്ക് തോന്നി. എന്നാല്‍ ഇവിടെ എത്തുമെന്ന് കരുതിയില്ല.”

അക്കാലത്തെ ആദര്‍ശങ്ങളില്‍ രാജ് ആകൃഷ്ടനായി. “തെരുവ്നാടകങ്ങളും പ്രതിഷേധ നാടകങ്ങളും ഞങ്ങള്‍ ചെയ്തു, നോര്‍ത്തില്‍ സഫ്ദര്‍ ഹാഷ്മി ചെയ്തവ പോലെ”, രാജിന്റെ ഒരു പഴയ സുഹൃത്ത് എഴുത്തുകാരനും സംവിധായകനുമായ ബി.സുരേഷ പറയുന്നു. കര്‍ണാടകത്തിലെ ഗ്രാമാന്തരങ്ങളില്‍ ഒരു ട്രൂപിന്റെ ഭാഗമായി പഴയൊരു മറ്റഡോറില്‍ സഞ്ചരിച്ചിരുന്ന തങ്ങളെ അദ്ദേഹം ഓര്‍ത്തെടുക്കുന്നു. “1983ല്‍ കര്‍ണാടകത്തില്‍ വലിയൊരു വരള്‍ച്ച ഉണ്ടായി. രാമകൃഷ്ണ ഹെഗ്‌ഡെയുടെ സര്‍ക്കാര്‍ തീര്‍ത്തും അഴിമതി നിറഞ്ഞതായിരുന്നു. എവിടെ ഉറങ്ങുമെന്നോ എന്ത് കഴിക്കുമെന്നോ നിശ്ചയമില്ലാതെ ഞങ്ങള്‍ ഗ്രാമങ്ങള്‍ കയറി ഇറങ്ങി. കര്‍ഷന്റെ പ്രശ്നങ്ങള്‍ കാണിക്കുന്ന, വ്യവസ്ഥിതിക്ക് എതിരായ രാഷ്ട്രീയ നാടകങ്ങള്‍ ഞങ്ങള്‍ അവതരിപ്പിച്ചു”, അദ്ദേഹം പറയുന്നു. ഒരു ഭാഷയെ തന്റെതാക്കാനുള്ള രാജിന്റെ അസാമാന്യ കഴിവ് നാടകക്കാര്‍ക്ക് അയാൾ ഒരു മുതൽക്കൂട്ടായി. ‘കര്‍ണാടകയില്‍ നിരവധി ഭാഷഭേദങ്ങളുണ്ട്. ഓരോ നൂറു കിലോമീറ്ററിലും വാമൊഴി മാറിക്കൊണ്ടിരിക്കും. എവിടെ ചെന്നാലും രാജ് അവിടത്തെ ശൈലി ഉടന്‍ ഹൃദിസ്ഥമാക്കും” സുരേഷ് പറയുന്നു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ, തുളു, കന്നഡ എന്നീ ഏഴു ഭാഷകളും ഇവയുടെ പല ഭാഷാന്തരങ്ങളും അറിയാം രാജിന്.

prakash raj

ദാരിദ്ര്യത്തിന്റെ കൂടി ദിവസങ്ങള്‍ ആയിരുന്നു അവ. ബെംഗളൂരുവില്‍ ഒരു നഴ്സ് ആയിരുന്നു രാജിന്റെ അമ്മ. മദ്യപനായിരുന്ന അച്ഛന്‍ മിക്കപ്പോഴും തിരിഞ്ഞുനോക്കാഞ്ഞതിനാല്‍ കുട്ടികളെ പഠിപ്പിച് വളര്‍ത്താനുള്ള ചുമതല മുഴുവന്‍ അമ്മയ്ക്കായിരുന്നു. “ഒരു റോളും ചെയ്യാനുള്ള ആരോഗ്യമില്ലാതെ മെലിഞ്ഞവശനായിരുന്നു ഞാന്‍ ആദ്യം കാണുമ്പോള്‍ അദ്ദേഹം. പല ദിവസത്തെയും പോലെ അന്നും അയാള്‍ പട്ടിണിയായിരുന്നു, ഒരു സുഹൃത്ത്‌ കടം കൊടുക്കും വരെ”, സുരേഷ് ഓര്‍ക്കുന്നു. പിന്നീട് സുരേഷിന്‍റെ കുടുംബം രാജിനെ ഒരംഗത്തെപ്പോലെ കാണാന്‍ തുടങ്ങി. അക്കാലത്തെ കടപ്പാടിനെ കുറിച്ച അധികം പറയാന്‍ രാജ് ആഗ്രഹിച്ചില്ല. അക്കാലത്ത് മിക്കവാറും സമയം ഞാന്‍ വിശന്നിരുന്നു. അത് കുഴപ്പമില്ല. എന്തിനെങ്കിലും വേണ്ടി വിശക്കണമല്ലോ ജീവിതത്തില്‍, പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക അടിത്തറ ഇല്ലാതിരുന്നിട്ട് കൂടി പ്രകാശ്‌ രാജ് വേറിട്ട്‌ നിന്നു. അസാധാരണ ഓര്മശക്തിയുള്ള അനുഗ്രഹീത നടന്‍ എന്നാണ് എണ്പതുകളുടെ ഒടുക്കത്തില്‍ പ്രകാശ് രാജിനെ പരിചയപ്പെട്ട നാടക നടനും സംവിധായകനുമായ പ്രകാശ്‌ ബെലവാഡി അദ്ദേഹത്തെ ഓര്‍ക്കുന്നത്. “ഒരൊറ്റ വായനയില്‍ മുഴുവന്‍ സ്ക്രിപ്റ്റും അദ്ദേഹം മനപ്പാഠം ആക്കുമായിരുന്നു. കേട്ട് പഠിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അത്ഭുതാവഹമാണ്.”

നാടക രംഗത്തുനിന്നും ടെലിവിഷനിലേയും കന്നഡ സിനിമയിലേയും ചെറിയ റോളുകളില്‍ അഭിനയിക്കാന്‍ തുടങ്ങിയ രാജിനെ കന്നഡ സിനിമാരംഗത്തെ സഹപ്രവര്‍ത്തകനായ ഹാരകേയ കുറിയാണ് കെ. ബാലചന്ദറിന് പരിചയപ്പെടുത്തുന്നത്. പോക്കറ്റില്‍ നൂറുരൂപയുമായി ചെന്നൈയിലേക്ക് തിരിച്ച രാജ് 1994ല്‍ ബാലചന്ദറിന്‍റെ ‘ഡ്യുവറ്റ്’ ല്‍ അഭിനയിച്ചു തമിഴില്‍ അരങ്ങേറ്റം കുറിച്ചു. ചിത്രം റിലീസ് ആയ സമയത്ത് തമിഴ്നാടും കര്‍ണാടകയും തമ്മില്‍ കാവേരി സംഘര്‍ഷം രൂക്ഷമായാതിനാല്‍ ബാലചന്ദര്‍, റായി എന്ന കന്നഡ പേര്  മാറ്റി രാജ് എന്നാക്കി.

ഇത്തരമൊരു സ്ഥല-മാറ്റം എളുപ്പമായിരുന്നില്ലെങ്കിലും ഇന്ത്യയിലെ എല്ലാ സിനിമാ വ്യവസായങ്ങളെയും പോലെ തമിഴ് ഇന്ഡസ്ട്രിയും സ്വപ്നങ്ങള്‍ വില്‍ക്കുന്നവരെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

“ബാലചന്ദര്‍ ഒരിക്കലും എന്റെ മതമോ നാടോ നോക്കിയില്ല. അദ്ദേഹത്തിന്റെ കഥകള്‍ പറയാന്‍ ഒന്നോര്‍ത്തുനോക്കൂ, നീ  കര്‍ണാടകത്തില്‍ നിന്നല്ലേ, നിനക്ക് തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ല, എന്നദ്ദേഹം പറഞ്ഞിരുന്നെങ്കിലോ? നമ്മുടെ മതമോ, നാടോ, ലിംഗമോ നോക്കാത്ത പലരുമാണ്‌ പല സന്ദര്‍ഭങ്ങളിലും നമുക്ക് നിര്‍ണായകമാവുന്നത്”. തെലുങ്ക് സിനിമയിലും വളരെ വിജയകരമായ ഒരു കരിയര്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. “ശക്തമായ സാന്നിധ്യമാണ് രാജിന്റെത്. അദ്ദേഹത്തിന്റെ കണ്ണുകള്‍, ശരീരം, ശബ്ദം ഇവയെല്ലാം ചേര്‍ന്ന് തീര്‍ക്കുന്നതാണ് അത്”, രാജ് അഭിനയിച്ച എഡ്‌വേഡ്‌ ആൽബിയുടെ ‘സൂ സ്റ്റോറി’യുടെ സംവിധായകനായ ചൈതന്യ കെ.എം. പറയുന്നു.

വില്ലത്തരം ഉള്ള വേഷങ്ങളില്‍ കണ്ണുകളില്‍ അല്പം വൈകൃതം കലര്‍ത്തുന്ന രാജ് ‘കാഞ്ചിവരം’ പോലെയുള്ള സിനിമകളില്‍ ഒരു തകര്‍ന്ന മനുഷ്യന്റെ ശൂന്യമായ കണ്ണുകളും ഫലപ്രദമായി അവതരിപ്പിക്കുന്നു. 2008ല്‍ തന്റെ മൂന്നാമത്തെ ദേശീയ അവാര്‍ഡ് രാജിന് ലഭിച്ചത് ‘കാഞ്ചീവര’ത്തിലെ അഭിനയത്തിനാണ്. ഇപ്പോള്‍ അഭിമുഖത്തിന്റെ പാതിവഴിയില്‍ അതെ കണ്ണുകള്‍ കുസൃതിയോടെ തിളങ്ങുന്നുണ്ട്. “ഈ ഗ്ലാസ്സ് ഓരോ ചിത്രത്തിലും വരണം കേട്ടോ’, എന്ന് വിസ്കി കുടിച്ചുകൊണ്ട് ഫോട്ടോഗ്രാഫറോടു പറയുന്നുമുണ്ട്. രാത്രി 8.30 കഴിഞ്ഞാല്‍ മദ്യപിക്കാത്തയാളാണ് ഞാന്‍ എന്ന് എനിക്കാരോടും നുണ പറയണമെന്നില്ല. ഞാന്‍ യോഗി (ആദിത്യനാഥ്) അല്ലല്ലോ.”

നരകലര്‍ന്ന കുറ്റിത്താടിയുണ്ട് ആ മുഖത്ത്. കറുത്ത ടീ ഷര്‍ട്ടും ജീന്സുമാണ് വേഷം. ഒരു തിരക്കുപിടിച്ച ശനിയാഴ്ച്ചയുടെ അവസാന നിമിഷങ്ങളിലാണ് ഞങ്ങള്‍. ഇത് കഴിഞ്ഞു ഒരു അല്‍ഷിമേഴ്സ് രോഗിയുടെ വേഷം ഒരു തമിഴ് സിനിമക്ക് വേണ്ടി ചെയ്യാന്‍ പോകുകയാണ് രാജ്. 52 വയസ്സിന്റെ ക്ഷീണമൊന്നുമില്ല അദ്ദേഹത്തിനു. ഏറ്റെടുത്ത ചുമതലകള്‍ തീര്‍ക്കാന്‍ ഓടിനടക്കുകയാണ് ദിവസവും. അടുത്ത മണിരത്നം പടത്തില്‍ അദ്ദേഹമുണ്ട്. മോഹന്‍ലാലിന്റെ കൂടെ ‘ഇരുവര്‍’നു ശേഷം ഇപ്പോള്‍ ‘ഒടിയനി’ല്‍ പ്രകാശ് രാജുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ദക്ഷിണ കന്നഡ ജില്ലയില്‍ നടന്ന ഒരു സമാധാന റാലിയില്‍ പങ്കെടുക്കുകയായിരുന്നു മൂന്നു ദിവസം മുന്പ്.

ഈ രാഷ്ട്രീയത്തില്‍ പലതും അദ്ദേഹത്തിന് സ്വകാര്യം തന്നെയാണ്. വ്യത്യസ്ത മതസ്ഥരായിരുന്നു രാജിന്റെ മാതാപിതാക്കള്‍. അമ്മ റോമന്‍ കാത്തലിക്ക്, അച്ഛന്‍ ഹിന്ദു. രാജ് അവിശ്വാസിയും. “എനിക്ക് മതമില്ല. എന്റെ മക്കള്‍ക്കും ഇല്ല. ഞാന്‍ അവരുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിച്ചില്ല. നല്ല മൂല്യങ്ങള്‍ ഉള്ളവരാവണം എന്നതില്‍ കവിഞ്ഞു മറ്റെല്ലാം അവര്‍ വളര്‍ന്നിട്ടു സ്വയം തീരുമാനിക്കട്ടെ എന്നതായിരുന്നു എന്റെ സമീപനം. എന്റെ ഭാര്യ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയും. ഞങ്ങളുടെ ജീവിതം വളരെ ആഹ്ലാദപൂര്‍ണമാണ്.” “ഈയടുത്ത കാലം വരെ ആരും മറ്റൊരാളുടെ മതം നോക്കിയിരുന്നില്ല. രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്നു പറയുന്നത് വരെ ആമിര്‍ ഖാന്‍ മുസ്ലീം ആണെന്ന് ആരും പറഞ്ഞിരുന്നില്ല. മതവും ദൈവം നമുക്കുള്ളില്‍ ഇരിക്കേണ്ടവയാണ്. ഇപ്പോള്‍ അതൊക്കെ തെരുവിലേക്ക് വലിച്ചിഴച്ചിരിക്കുന്നു,” അദ്ദേഹം പറയുന്നു.

prakash raj

ഈ തിരക്കുകള്‍ക്കെല്ലാം ഇടയിലും പുസ്തകങ്ങള്‍ വായിക്കുന്നുണ്ട് പ്രകാശ് രാജ്. ഞങ്ങളുടെ ഒരു മണിക്കൂര്‍ നീണ്ട സംഭാഷണം പലപ്പോഴും സാഹിത്യത്തിലേക്ക് നീണ്ടു. അച്ഛന്‍ എന്ന സ്ഥാനത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച കെ.എസ്. നാരായണസ്വാമിയുടെ കവിതകള്‍, ബ്രെഹ്തും ഫ്യുഗര്‍ഡും ടെന്നിസീ വില്യംസും അല്ബീയും അടക്കം വിശ്വവിഖ്യാതരായ നാടകകൃത്തുക്കള്‍. മാര്‍ക്കേസിനെ വായിച്ച്ചുമാത്രം ചിലവഴിച്ച പുരാതന  ദില്ലിയില്‍ ഒരു വൈകുന്നേരം അങ്ങനെ പലതും. പി.സായ് നാഥിന്റെ  ‘Everyone Loves a Good Drought’, പത്രപ്രവര്‍ത്തകയായ റാണാ അയ്യുബിന്റെ ‘Gujarat Files’ എന്നിവയാണ് ഇപ്പോള്‍ വായിക്കുന്നവ. “എനിക്ക് കൂടുതല്‍ അറിയണം. എന്നെപ്പോലെ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയാണ് ഞാന്‍. പുസ്തകങ്ങളിലും ടി.വി. ചാനലുകളിലും ട്വിറ്ററിളും എല്ലാം ഞാന്‍ അത്തരം കാര്യങ്ങളാണ് തിരയുന്നത്. ഞാനും കൂട്ടത്തില്‍ ചേർന്നുവെന്നു  എനിക്കവരോടു പറയണം,” രാജ് പറയുന്നു.

സോഷ്യല്‍ മീഡിയയിലെ ധ്രുവീകരിക്കപ്പെട്ട ലോകത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പോരാളിയായും ഹിന്ദുക്കള്‍ക്കെതിരായ പക്ഷപാതിയായും പ്രകാശ് രാജ് ആഘോഷിക്കപ്പെടുകയോ അവമതിക്കപ്പെടുകയോ ചെയ്യുന്നു. @prakashraaj എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ അദ്ദേഹത്തിന് 1.9 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. #Justasking എന്ന ഹാഷ്ടഗ് ചേര്‍ത്ത് ഗുജറാത്ത് തെരഞ്ഞെടുപ്പ് മുതല്‍ ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ടെ നടത്തിയ (ഇപ്പോള്‍ പിന്‍വലിക്കപ്പെട്ട) വിവാദ പ്രസ്താവന വരെ സമകാലികമായ നിരവധി രാഷ്ട്രീയ പ്രശ്നങ്ങളില്‍ അദ്ദേഹം ട്വീറ്റ് ചെയ്യുന്നുണ്ട്. യോഗി ആദിത്യനാഥിനോടു ടിപ്പു ജയന്തിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം സംബന്ധിച്ച് പ്രകാശ് രാജ് ഒരു ചോദ്യം ചോദിച്ചിരുന്നു. മാത്രമല്ല, മണി ശങ്കര്‍ അയ്യരുടെ വീട്ടില്‍ നടന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ച ഗൂഡാലോചനയെക്കുറിച്ചും സമാനമായ ചോദ്യം അദ്ദേഹം ഉയര്‍ത്തിയിരുന്നു.

കർണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന അവസരത്തില്‍ ഈ മാറുന്ന ഇടപെടലുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്.

രാജിന്റെ രാഷ്ട്രീയ സമീപനം ഇന്ത്യയിലെ കലാ സാംസ്കാരിക പ്രവര്‍ത്തകരുടെ വിമതസ്വരം കൂടുതല്‍ ശക്തിപ്പെടുത്തുകയാണോ? അതോ, തന്റെ രാഷ്ട്രീയ സാധ്യത പരീക്ഷിക്കലാണോ ഇത്? തമിഴ്നാട്ടിലെതുപോലെ സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ തിളങ്ങിയ ചരിത്രം കര്‍ണാടകത്തിനില്ല. തന്‍റെ പ്രശസ്തിയുടെ നെറുകയില്‍ പോലും മെഗാസ്റ്റാര്‍ രാജ്കുമാര്‍ ഇലക്ഷന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ല; സ്വയം കര്‍ണാടക ഉപദേശീയതയുടെ വക്താവായിരുന്നിട്ടു കൂടി. അദ്ദേഹത്തെപ്പോലെ ഉള്ളവര്‍ രാഷ്ട്രീയത്തില്‍ വരണം എന്നാണ് തന്റെ ആഗ്രഹമെന്ന് മുതിര്‍ന്ന ദളിത്‌ എഴുത്തുകാരനും സ്വരാജ് ഇന്ത്യ പാര്‍ട്ടി അംഗവുമായ ദേവനൂര മഹാദേവ പറയുന്നു. “അദ്ദേഹം വെറുമൊരു സിനിമാതാരമല്ല. ഏതെങ്കിലും ആശ്രമത്തില്‍ നിന്നുള്ള സ്വാമിജിയുമല്ല. സ്വന്തം ഹൃദയത്തിന്റെ ശബ്ദം ശ്രദ്ധിക്കാനും മറ്റുള്ളവരോടുള്ള അനുതാപം നിലനിര്‍ത്താനും സാധിച്ച ഒരു വ്യക്തിയാണ് അദേഹം. അത്തരമൊരു മനുഷ്യന്‍ തന്റെ മനസ്സക്ക്ഷിക്ക് അനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ മുന്നില് വഴികള്‍ തുറക്കപ്പെടും,” മഹാദേവ പറയുന്നു.

Read in English: What lies behind the dissent of Prakash Raj?

എന്നാല്‍ എല്ലാവരും രാജിന്റെ വലതുപക്ഷ വിരുദ്ധ രാഷ്ട്രീയ ആഭിമുഖ്യത്തെ പിന്‍താങ്ങുന്നവരല്ല. മുതിര്‍ന്ന പത്രാധിപരും കര്‍ണാടക രാഷ്ട്രീയത്തെ വളരെക്കാലമായി നിരീക്ഷിക്കുന്ന ആളുമായ സുഗത ശ്രീനിവാസരാജു പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തില്‍ നിരാശനാണെന്ന് സമ്മതിക്കുന്നു. രാജ് ഒരു ‘ലിബറല്‍ പിന്തിരിപ്പന്‍ കെണിയില്‍’ പെട്ടിരിക്കുന്നു. നിങ്ങള്‍ തുടങ്ങുന്നത് തന്നെ മോഡിയെ വിമര്‍ശിച്ചുകൊണ്ടാണെങ്കില്‍ അതൊരു ക്ലാസിക് അബദ്ധമാണ്. ഉടനെ നിങ്ങളെ ഒരു പ്രത്യേക കളത്തില്‍ പ്രതിഷ്ഠിക്കും. രാഷ്ട്രീയത്തില്‍ അത് ഒട്ടും ഗുണകരമാവില്ല. ഇത്തരം വിമര്‍ശനങ്ങള്‍ ബി.ജെ.പി യെ ശക്തിപ്പെടുത്തിയ ചരിത്രമാണുള്ളത്. ട്രോളുകളില്‍/ട്രോളന്‍ എം. പി. മാരില്‍ എന്തിനാണ് ഇത്രയും സമയം കളയുന്നത്?”

2004ല്‍ രാജിന്റെ നാല് വയസ്സുകാരന്‍ മകന്‍ സിദ്ദു ഒരു മേശയില്‍ നിന്ന് പട്ടം പറപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ താഴെ വീണു മരിച്ച സമയത്ത് അയാള്‍ ഒരു ‘ബാര്‍ ഡാന്‍സറുടെ പിന്നാലെ ഓടുകയായിരുന്നു’ എന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉന്നയിച്ച മൈസൂരില്‍ നിന്നുള്ള ബി.ജെ.പി. എം.പി. പ്രതാപ് സിന്ഹക്ക് എതിരെ ഇക്കഴിഞ്ഞ നവംബറില്‍ പ്രകാശ് രാജ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആ സംഭവത്തെ തുടര്‍ന്ന്‍ രാജ് തന്റെ ആദ്യ ഭാര്യയുമായി പിരിയുകയും നൃത്ത സംവിധായകയായ പോണി വെര്‍മയെ വിവാഹം കഴിച്ചു. എന്നാല്‍, ദുരന്തത്തിന് ശേഷം മൂന്നു വര്‍ഷത്തോളം അദ്ദേഹം സാധാരണ ജീവിതം തിരിച്ചു പിടിക്കാന്‍ ആവാതെ വിഷമിച്ചുവെന്ന് സുരേഷ് പറയുന്നു. എന്നാല്‍, തന്റെ നിലപാടുകള്‍ രോഷത്തില്‍ നിന്നുല്ലവയല്ലെന്നു പറയുന്നു നടന്‍, ഒപ്പം ‘സിംഗമോ’ ‘വാണ്ടടോ’ പോലെയുള്ള സിനിമയ്ക്ക് ചേര്‍ന്ന ഒരു ഡയലോഗും പറയുന്നു. ‘ഒരു വൈറസിനെ നേരിടുന്ന ഡോക്ടര്‍ അത് കണ്ടു ദേഹപ്പെടുകയല്ല, അത് ചികിത്സിച്ചു മാറ്റുകയാണ് ചെയ്യുക. അത് പോലെ സിന്ഹയെപ്പോലെയുള്ളവര്‍ സമൂഹത്തിലെ വൈറസ് ആണ്. ഞാനത് ചികിത്സിച്ചു സുഖപ്പെടുത്തും.”

ഇപ്പോള്‍ താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഇല്ലെന്നു പറയുന്ന താരം എന്നാല്‍ ഭാവിയില്‍ അത്തരമൊരു നീക്കം ഉണ്ടാകാമെന്നത് നിഷേധിക്കുന്നില്ല. “#JustAsking എന്നത് ഞാന്‍ തുടങ്ങിയ ഒരു പ്രസ്ഥാനമാണ്. എനിക്ക് ജനങ്ങളോടൊപ്പം നില്‍ക്കണം. എന്റെ രാജ്യത്തെ ഒരു സത്യസന്ധനായ, ഭയരഹിതനായ ഒരു പൌരനായി മാറാനുള്ള യാത്രയാണ് എനിക്കിത്. ഇതെന്തു രൂപം കൈക്കൊല്ല്ലും എന്നെനിക്കിപ്പോള്‍ അറിയില്ല. ഇപ്പോള്‍, എന്റെ രാഷ്ട്രീയ ചിന്തകള്‍ പ്രകടിപ്പിച്ചുകൊണ്ടും ചോദ്യം ചോദിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടും ഞാന്‍ തെരഞ്ഞെടുപ്പ് കാലത്ത് എന്റെ നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാവും. ആര്‍ക്ക് വോട്ടു ചെയ്യണം എന്ന് ഞാന്‍ അവരോടു പറയില്ല, എന്നാല്‍ ആര്‍ക്ക് വോട്ടു ചെയ്യരുത് എന്ന് ഞാന്‍ പറയും. അതെന്റെ അവകാശമാണ്.” ഗൌരി ലങ്കേഷിന്റെ കൊലയ്ക്കു ശേഷമുള്ള ഈ സാഹചര്യത്തില്‍ “ഒരു ശബ്ദം നിശബ്ദമാക്കപ്പെട്ടാല്‍, അതിലും വലിയ മറ്റൊന്ന് അവിടെ ഉയരും” എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാനാണ് രാജ് പ്രാഥമികമായി ശ്രമിക്കുന്നത് എന്നെനിക്ക് തോന്നുന്നു.

വെറുപ്പിന്റെ രാഷ്ട്രീയം എന്നും നിലനില്‍ക്കില്ലെന്നും നിശബ്ദരായ ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ അതിനില്ലെന്നും രാജ് പറയുന്നു. “അവര്‍ അതിജീവിക്കില്ലെന്നു ചരിത്രം കാണിച്ചു തരുന്നു. മനുഷ്യന്റെ സ്വതന്ത്രനായി ജീവിക്കാനും പുരോഗമിക്കാനും ഉള്ള ആത്യന്തികമായ ആഗ്രഹം ഇവര്‍ക്ക് മനസ്സിലാവില്ല. ഹിറ്റ്ലര്‍ അതിജീവിച്ചോ? ഈദി അമീന്‍ അതിജീവിച്ചില്ലല്ലോ? ഈ യുദ്ധത്തില്‍ രക്തം ചിന്തിയേക്കാം, എന്നാല്‍ പ്രകൃതി അതിജീവിക്കാനുള്ള ഒരു വഴി കണ്ടെത്തും. ജീവിതം അതിന്റേതായ മാര്‍ഗം കണ്ടെത്തും. പക്ഷെ, അതുവരെ നാമെല്ലാം ശബ്ദമുയര്ത്തിയെ തീരു.”

മൊഴിമാറ്റം: ആർദ്ര എൻ ജി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ