തമിഴ് പാട്ടുകളെക്കുറിച്ചാണല്ലോ കഴിഞ്ഞ തവണ പറഞ്ഞു നിർത്തിയത്. പത്താം ക്ലാസ് വരെ കൂടെ പഠിച്ച ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. സുജിത്ത് യേശുദാസ നാടാർ. പായും പനമ്പും കരിപ്പെട്ടിയും കോടാലിപ്പിടിയുമടക്കം സകലവിധ കിടുപിടി സാധനങ്ങളും വിൽക്കുന്ന ഒരു കട മുതലാളി ആയിരുന്നു അവൻ. ലോഡുകണക്കിന് വസ്തുക്കൾ നിറഞ്ഞ അവൻറെ കടയുടെ പിന്നിലേക്ക് ജോസ് പ്രകാശിൻറെ കൊള്ളസങ്കേതം പോലെ പരന്നു കിടക്കുന്ന ഒരു ഗോഡൗൺ ഉണ്ടായിരുന്നു. അത് ചെന്ന് തീരുന്നത് ഒരു തട്ടുംപുറത്ത്. അവിടെയായിരുന്നു അവനും അവൻറെ ചേട്ടനും താമസം. അപ്പനും അമ്മയും സ്വദേശമായ മാർത്താണ്ഡത്ത് ആയിരുന്നതുകൊണ്ട് സുജിത്തിന്റെ തട്ടിൻപുറം ഞങ്ങൾ കൂട്ടുകാരുടെയൊക്കെ തട്ടുപൊളിപ്പിന്റെ വിളയാട്ട വേദിയായിരുന്നു. കാസറ്റുകളുടെ കുബേരനായിരുന്ന ആ കൂട്ടുകാരനാണ് തമിഴ് പാട്ടുവരികൾക്ക് ഈണവും താളവും മാത്രമല്ല “ഇച്ചിരി മീനിങ്ങും” ഉണ്ടെന്ന് ആദ്യമായി പറഞ്ഞു തന്നത്.
‘പാണ്ടിയനാ കൊക്കാ കൊക്കാ എനക്ക്
പുടിക്കാതെ കാക്ക കാക്ക…’
എന്നൊക്കെ അവൻറെ സ്വാധീനത്തിൽ പഠിച്ച ഗാനപാഠങ്ങൾ കുളിമുറിയിൽ നിന്ന് വിസ്തരിച്ചലറി പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയത് അങ്ങനെയാണ്. പക്ഷേ കഷ്ടമെന്നു പറയട്ടെ, അയൽപക്കക്കാർക്കൊന്നും എന്നിലെ എസ് പി ബാലസുബ്രഹ്മണ്യത്തെ തിരിച്ചറിയാനുള്ള സഹൃദയത്വം ഇല്ലായിരുന്നു. ‘പഠിക്കാനുള്ളതൊന്നും പഠിക്കാതെ കണ്ട പാണ്ടിപ്പാട്ടും പാടി നടന്നോ,’ എന്ന് എൻറെ ചേട്ടച്ചാരു സ്ഥിരം പാസാക്കിയിരുന്ന കമൻറ് ആയിരുന്നു അന്ന് ഏറ്റവും ചൊറിച്ചിൽ ഉണ്ടാക്കിയിരുന്നത്. അയാൾ വലിയൊരു വരേണ്യൻ. ബീറ്റിൽസിൻറെയും ബോണി എമ്മിന്റെയും ബോബ് ഡിലന്റെയുമൊക്കെ പാട്ടാണ് അന്നേ കേൾക്കുന്നത്. പിന്നെ ബ്രൂസ് സ്പ്രിങ്സ്‌റ്റീൻ, ബോൺ ജോവിയുടെ മാതിരി ഹാർഡ് മെറ്റൽ ഐറ്റംസ്… നമ്മൾ ‘രാക്കമ്മ കൈയെ തട്ട്’ എന്നൊക്കെ തട്ടി മൂളിക്കുമ്പോൾ പുള്ളി സോണിയുടെ ഡെക്കിൽ ഡെയിഞ്ചറസും ബാഡുമൊക്കെ വെച്ച് മൈക്കിൾ ജാക്സനെക്കൊണ്ട് പ്രതികാരം ചെയ്യും. അവസാനം അച്ഛൻ മെയിൻ സ്വിച്ച് ഓഫാക്കുമ്പോഴാണ് ഞങ്ങളുടെ പാട്ടുമഹായുദ്ധത്തിന് ചെറിയൊരറുതി വന്നിരുന്നത്.
മക്കളുടെ കാലമായപ്പോഴേക്കും വിജയ് പാട്ടുകൾക്കായി ഡിമാൻഡ് കൂടുതൽ.
‘നാൻ അടിച്ചാ താങ്കമാട്ടേ
നാലുമാസം തൂങ്കമാട്ടേ
മോതി പാറ് വീട് പോയി സേരമാട്ടേ’
‘നാൻ നടന്താൽ അതിരടി
എൻ പേച്ച് സരവെടി
എന്നെ സുറ്റും കാതൽ കൊടി നീ”
എന്നൊക്കെ വീരസ്യം പറയുമെങ്കിലും
“എൻ കാട്ടുപ്പാതയിൽ നീ ഒട്രൈ പൂവെടാ’
എന്നൊക്കെ റൊമാൻറിക്കുമാകും വിജയ് സിനിമകളിലെ പാട്ട്. ‘തുള്ളാതെ മനവും തുള്ളും’ എന്ന സിനിമയിലെ പാട്ടുകൾ മാത്രം കേട്ട് പൊൻകുന്നം മുതൽ പാലക്കാട് വരെയും അവിടെ നിന്ന് തിരിച്ചും ചെയ്ത ഒരു യാത്ര ഓർമ്മവരുന്നു.
‘ഇന്ത ഭൂമിയേ തീർന്തു പോയ്‌വിടിൽ
എന്നെ എങ്ക് സേർപ്പായ്?
നച്ചത്തിരങ്കളിൽ ദൂസ് തട്ടി നാൻ
നല്ല വീട് സെയ്‌വേൻ.
നച്ചത്തിരങ്കളിൻ സൂടിൽ നാൻ
ഉരുകിപ്പോയ്‌വിടിൽ ഏൻ സെയ്‌വായ്?
ഉരുകിയ തുളികളെ ഒന്റ്റാക്കി
എൻ ഉയിർ തന്ത് ഉയിർ തരുവേൻ.
………………………
നീ സെല്ലും പാതയിൽ മുള്ളിരുന്താൽ നാൻ
പായ് വിരിപ്പേൻ എന്നൈ.
സാത്തിയമാകുമാ?
നാൻ സത്തിയം ചെയ്യവാ’
വ്യാജയാഥാർത്ഥ്യം എന്നൊക്കെപ്പറഞ്ഞ് ഈ സൈസ് വരികളെ വലിച്ചു കീറാൻ എളുപ്പമാണ്. ചുമ്മാതാണെങ്കിലും ഇങ്ങനൊക്കെ പൈങ്കിളി പറയാൻ ആരെങ്കിലും ഉള്ളപ്പോൾ ചാകാൻ തോന്നത്തില്ലെന്നതാണ് ഒരു മെച്ചം. പൈങ്കിളിക്കും പ്രസക്തിയുണ്ട് സാർ. തത്വങ്ങളൊക്കെ തോറ്റു പോയെന്നും പറഞ്ഞ് തൂങ്ങുന്നതിലും എത്രയോ നല്ലതാണ് ചേട്ടാ, ചുമ്മാതെ ഇമ്മാതിരി പാട്ടും കേട്ട് ഇച്ചിരി നേരം കൂടെ കുത്തിയിരിക്കുന്നത്. ആദ്യമൊന്നും പിടിച്ചില്ല എന്നു വരും. പിന്നെ കേട്ടുകേട്ടങ്ങ് സുഖിച്ചോളും.
‘ഡാഡി മമ്മി വീട്ടിൽ ഇല്ല
തട പോട യാരും ഇല്ല
വിളയാട് റൂമ് ഉള്ളേ വില്ലാളാ’
എന്നൊക്കെ ഒരു വശത്ത് കേട്ടെന്നിരിക്കും. ‘പ്രാണനാഥൻ എനിക്കു നൽകിയ പരമാനന്ദ രസത്തെ’ എന്നൊക്കെ കേൾക്കുമ്പോൾ ഇല്ലാത്ത പാപബോധമൊന്നും അതിൽ തോന്നേണ്ടതില്ല. തിങ്കളാഴ്ച നോയമ്പ് ഇന്ന് മുടക്കുമെന്നും ഇളനീർ കുടമിന്നുടയ്‌ക്കും എന്നുമൊക്കെ മറയിട്ടു പറഞ്ഞത് പുതിയ പിള്ളേര് പരസ്യമായിട്ടങ്ങ് പ്രകടിപ്പിക്കുന്നു എന്നേയുള്ളൂ.
‘തരളഹൃദയ വികാരലോലൻ തെന്നലവളുടെ ചൊടി മുകർന്നു തണുവണിത്തളിർ ശയ്യയിൽ
തനു തളർന്നു വീണു. തമ്മിൽ പുണർന്നു വീണു,’ എന്നൊന്നും സാഹിത്യം പറയാതെ
“പുലി മാനെ വേട്ടൈ താനാടിടുമേ കാട്ടിൽ, മാൻ പുലിയെ വേട്ടൈ താൻ ആടും ഇടം കട്ടിൽ’എന്നൊക്കെയാകും അവർ പറയുക. അധര മധു നുകരൂ എന്നുപറഞ്ഞാൽ കാര്യം പിടികിട്ടിയില്ല എന്ന് വരും. അപ്പോൾ മനസ്സിലാകുന്ന ഉപമ ഉപയോഗിക്കേണ്ടി വരും.
“എൻ ചെല്ലപ്പേര് ആപ്പിൾ എന്നെ സൈസാ കടിച്ചുക്കോ എൻ സ്വന്ത ഊര് ഊട്ടി
എന്നെ സ്വെറ്റർ പോട്ടുക്കോ…” തലയിൽ തോർത്തിട്ടു പോയി “എ” പടം കണ്ടവരും വീട്ടുകാരില്ലാത്തപ്പോൾ വിസിആർ വാടകയ്ക്കെടുത്തു ബ്ലൂ വീഡിയോ കണ്ടവരുമൊക്കെ പുതിയ തലമുറയുടെ മൊബൈൽ ഫോൺ അരാജകത്വത്തിൽ പരിഭവിക്കുന്നത് പോലൊരു കുശുമ്പൻ മനസ്സാണ് പുതിയ പാട്ടിനോടുള്ള വിമർശനത്തിലും പലപ്പോഴും കാണാൻ കഴിയുക. സന്യാസിനിയുടെ പുണ്യാശ്രമത്തിൽ പുഷ്പവുമായി നിൽക്കുന്ന കാമുകനെക്കാൾ ഒന്നുകൊണ്ടും കുറഞ്ഞവനാകുന്നില്ല.
Read More: കാതൽ ഞരമ്പ്
‘നീ കാട്ര്, നാൻ മരം എന്ന സൊന്നാലും തലയാട്ടുവേൻ’ എന്ന് നായികയെ നോക്കി പാടുന്ന നായകൻ. ‘തടൈക്കല്ലും ഉനക്കൊരു പടിക്കല്ലപ്പാ’ എന്നു കേട്ടപ്പോൾ ‘ഉയരും ഞാൻ നാടാകെ’ എന്ന കവിതയേക്കാൾ പോസിറ്റീവ് എനർജി തോന്നിയത് ചിലപ്പോൾ എൻറെ മാത്രം അനുഭവമായിരിക്കണമെന്നില്ല. വലിയ ദാർശനികതയൊന്നുമില്ലാത്ത പാട്ടുവരികൾ പലർക്കും പോസിറ്റീവ് വൈബുകൾ ഉണ്ടാക്കുന്നതിൽ ക്ലാസിക്കൽ വിമർശകരേ നിങ്ങൾക്ക് എന്തിനാണ് ഇത്ര അസഹിഷ്ണുത?
പഠിക്കുന്ന കാലത്ത് ഒരു അന്തർ സർവ്വകലാശാല യുവജനോത്സവത്തിൽ പങ്കെടുക്കാൻ മദ്രാസിൽ ചെന്നത് ഓർക്കുന്നു. ‘മെയ് മാത’ത്തിലെ പാട്ടിൽ പറഞ്ഞതുപോലെ ‘സിനിമാ പിടിക്കും കോടമ്പാക്ക’വും ‘ഏറോപ്ലെയിനിറങ്കും മീനമ്പാക്ക’വുമൊന്നും അന്ന് കാണാൻ കഴിഞ്ഞില്ല. പക്ഷേ ‘റാണിയമ്മ പേട്ടൈ’ എന്ന പുതിയ മദ്രാസും ‘വെള്ളക്കാരൻ കോട്ടൈ’ എന്ന പഴയ മദ്രാസുമൊക്കെ ഞങ്ങൾ ചുറ്റിക്കണ്ടു.
‘മദ്രാസെ സുറ്റി പാക്ക പോറേ മെറിനാവിൽ ബീഡി കട്ടപ്പോറേ’ എന്നായിരുന്നല്ലോ ആ പാട്ടിൻറെ തുടക്കം. മെറീന ബീച്ചിന്റെ അടുത്തുനിന്ന് ചെറിയ സവാരി വിളിച്ചപ്പോൾ ഒരു ഓട്ടോറിക്ഷക്കാരൻ ഞങ്ങളോട് അല്പം കൂടിയ റേറ്റ് പറഞ്ഞു. റോഡരികിൽ നിന്ന് ഞങ്ങൾ കൂട്ടുകാർ കോറസായിട്ട് ബാഷയിലെ പാട്ടുപാടി.
‘നാൻ ഓട്ടോക്കാരൻ ഓട്ടോക്കാരൻ
നാലും തെരിഞ്ച റൂട്ട്ക്കാരൻ
ന്യായം ഉള്ള റേറ്റ് ക്കാരൻ
നല്ലവങ്ക കൂട്ടുക്കാരൻ
നല്ലാ പാട്ടും പാട്ടുക്കാരൻ
ഗാന്ധി പുറന്ത നാട്ടുക്കാരൻ
കമ്പെടുത്ത വേട്ടക്കാരൻ
എളിയവങ്ക ഉറവുക്കാരൻ
ഇറക്കമുള്ള മനസ്സുക്കാരൻഡാ
നാൻ എപ്പോഴുതും ഏഴക്കെല്ലാം
സൊന്തക്കാരൻഡാ’
പറഞ്ഞതിൽ പകുതി പൈസ മാത്രം വാങ്ങി നിറഞ്ഞ ചിരിയോടെ ഞങ്ങളെ എത്തിക്കേണ്ടിടത്ത് എത്തിച്ച ആ ഓട്ടോക്കാരന്റെ മുഖം ഇപ്പോഴും മറന്നിട്ടില്ല.
‘എഴുത്തില്ലാമ ആളും എങ്കളെ നമ്പി വരുവാൻ അഡ്രസ്സ് ഇല്ലാ തെരുവും
ഓട്ടോക്കാരൻ അറിവാൻ’ എന്ന പാട്ട്സത്യം തമിഴ്നാട്ടിൽ വച്ചു മാത്രമല്ല ആന്ധ്രയിലും കർണാടകത്തിലും ഡൽഹിയിലും യുപിയിലും ബീഹാറിലുമൊക്കെ വച്ച് അനുഭവിച്ചറിയാനുള്ള ഭാഗ്യം കോളജ് കാലത്തുതന്നെ കിടച്ചു.
‘കണ്ണടച്ചാൽ കാതൽ വരും കൈതട്ടിനാൽ ഓട്ടോ വരും’ എന്നൊക്കെ പറയുന്നതിനെ വിലകുറഞ്ഞ പ്രാസമെന്ന് കളിയാക്കുന്നവർ എന്തുകൊണ്ടാണ് മയൂരസന്ദേശത്തിലെ പ്രാസത്തെ അത്തരത്തിൽ കളിയാക്കാത്തത്? കളിയാക്കുന്നവർ പോലും അതിനെ പാഠപുസ്തകത്തിൽ കുത്തിക്കയറ്റി വയ്ക്കുന്നത്? ഇണ്ടലും കൊണ്ടലും ഒക്കെക്കൊണ്ട് കേരളവർമ്മയും കണ്ണശ്ശനുമൊക്കെ കെട്ടിപ്പൊക്കിയ കടുകട്ടി പദ്യങ്ങൾ കാണാതെ പഠിച്ചതിലും നേട്ടം ആഴങ്ങൾ ഇല്ലെന്ന് അപഹസിക്കപ്പെടുന്ന ചില പോപ്പുലർ പാട്ടുകൾ കൊണ്ട് ഉണ്ടായേക്കാം എന്നതാണ് എൻറെ അനുഭവപാഠം. ആഴം എന്നത് ആപേക്ഷികവും അത് അളക്കാനുള്ള കോലുകൾ അനേകവുമാണല്ലോ. അതുകൊണ്ടാണല്ലോ രാജരാജ സോഴൻ നാനും മലരേ മൗനമായും ഇളംകാറ്റ് വീസുതേയും ചിന്നച്ചിന്ന ആസൈയും പുതുവെള്ളൈ മഴയും മാർഗഴിപ്പൂവേയും കണ്ണമ്മാ കണ്ണമ്മായും ചിന്നച്ചിന്ന വണ്ണക്കുയിലും കൺമണി അൻപോട് കാതലൻ നാൻ എഴുതും കടിതവുമൊക്കെ മലയാളം പാട്ടുകളോളമോ അവയെക്കാളോ നെഞ്ചേറ്റുന്ന കേരളീയരുണ്ടാകുന്നത്. പ്രണയത്തിൻറെ പ്രതലങ്ങളിലേക്ക് പൊരുളറിയാത്ത പാട്ടുവള്ളികളിൽ പിടിച്ചു കയറുമ്പോൾ മനുഷ്യരുടെ കരളുകളിൽ കനിവിന്റെയും കരുണയുടെയും ഉറവകൾ പൊട്ടുന്നത് എന്തു കൊണ്ടാകാം?
‘മനിതർ കാതൽ അല്ലൈ ഇത് പുനിതമാനത്’ എന്ന ലെവലിലേക്ക് പ്രണയത്തെ പ്രതിഷ്ഠിക്കുന്നതിൽ പാട്ടെഴുത്തുകാർക്കും ഒരു പ്രധാന പങ്കുണ്ട്. കാലം മാറുന്നതനുസരിച്ച് കൽപ്പനകളും മാറി വരുമെന്ന് മാത്രം കാതലിക്കുന്ന പെണ്ണിൻറെ കൈകൾ തൊട്ട് നീട്ടുമ്പോൾ തകരം കൂടെ തങ്കമാകും.
‘പഞ്ചു മിട്ടായ് അഞ്ചു രൂപായ് നീ പാതി തിന്തു തന്തതാൽ ലച്ച രൂപായ്. ഗുണ്ടു മല്ലി രണ്ട് രൂപായ് ഉൻ കൂന്തൽ ഏറി ഉതിരും പൂ കോടി രൂപായ്,’ എന്ന് വസ്തുക്കളുടെ വില നൊടിയിലേറ്റുന്ന മാജിക് നാം കാണും. ‘ഒരു കൊക്കോ കോളാവിൽ രണ്ടു കുഴൽകൾ ഇട്ടു സായം കാലം വരെ’ ജോഡികളെ കുടിപ്പിച്ചിരുത്തുന്ന ജാലവിദ്യയും നമ്മളറിയും. ‘താലി ഇല്ലാമ സംസാരം, തടയില്ലാ മിൻസാരം’ ആകുന്നത് നമ്മെ അവ അനുഭവിപ്പിക്കും.
‘മിൻസാരക്കണ്ണാ’ എന്നൊരു സംബോധന നമ്മുടെ പാട്ട് ഭാഷയിൽ സാധ്യമാകാത്തത് എന്തുകൊണ്ടാവാം. കറൻറ് പൂവേ എന്നോ വൈദ്യുതിപ്പൂവേ എന്നോ ഇലക്ട്രിക് പൂവേ എന്നോ മിന്നൽപ്പൂവേ എന്നോ വിളിച്ചാൽ മിൻസാരപ്പൂവേ എന്ന വിളിയുടെ എഫക്റ്റ് കിട്ടാത്തത് എന്തുകൊണ്ട്? രണ്ടു വാക്കുകൾ ചേർക്കുമ്പോൾ മൂന്നാമതൊരു വാക്കിനെയല്ല പുതിയൊരു നക്ഷത്രത്തെയാണ് താൻ ഉണ്ടാക്കുന്നതെന്ന് കവി റോബർട്ട് ബ്രൗണിങ് പറഞ്ഞിട്ടുണ്ട്. ‘കാക്ക കാക്ക’ സിനിമയിൽ താമര എഴുതിയ പാട്ടിലെ “കലാപക്കാതലാ” എന്ന വിളി അത്തരത്തിൽ വാക്കുവിളക്കൽ കൊണ്ട് തെളിയിക്കുന്ന പുതുവെളിച്ചമായാണ് ഞാൻ ഉൾക്കൊള്ളുന്നത്.
Read More: ബിപിൻ ചന്ദ്രൻ എഴുതിയ മറ്റ് കുറിപ്പുകൾ വായിക്കാം
ഇഹലോക ജീവിതത്തിലെ നശ്വരമായ സുഖദുഃഖ ചിന്തനങ്ങളുടെ ഫലശൂന്യത വ്യക്തമാക്കിക്കൊണ്ട് പ്രരോദനം എന്ന വിലാപകാവ്യം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
‘ആകാശങ്ങളെയണ്ഡരാശികളൊടും ഭക്ഷിക്കുമാകാശമായീ കാണുന്ന സഹസ്രരശ്മിയെയിരുട്ടാക്കും പ്രഭാസാരമായ് ശോകാശങ്കയെഴാത്ത ശുദ്ധ സുഖവും ദുഃഖീകരിക്കുന്നതാ മേകാന്താദ്വയ ശാന്തി ഭൂവിനു നമസ്കാരം നമസ്കാരമേ!’
ഔപനിഷദികമായ ജ്ഞാനവെളിച്ചത്തോടെ സംസാരിക്കുന്ന ആശാന്റെ കാവ്യഭാഷ ഉന്നതമാണ്. എന്നുവച്ച് പൂന്താനത്തിന്റെ പാട്ടിന് പകിട്ട് കുറവാണെന്ന് പറയാൻ പറ്റുമോ?
“ചത്തു പോം നേരം വസ്ത്രമതുപോലു മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും,”
എന്നെഴുതിയ പൂന്താനത്തിന് എന്താണ് കുറവ്? അങ്ങനെയെങ്കിൽ ഈ തമിഴ് പാട്ടിന് എന്താണ് ഊനം?
‘വെറും കമ്പങ്കളി* തിന്നവനും മണ്ണുക്കുള്ളൈ
അട തങ്കഭസ്മം തിന്നവനും മണ്ണുക്കുള്ളൈ
ഇന്ത വാഴ്കൈ വാഴത്താൻ.
നം പിറക്കയിൽ കയ്യിൽ എന്ന കൊണ്ടുവന്തോം
കൊണ്ടു സെല്ല.’
അറിവിനെയും അനുഭവത്തെയും ആവിഷ്കരിക്കാൻ അനേകമുണ്ട് വഴികളെന്ന് സാരം. വഴികളുടെ തനിമ പോലെ തന്നെ പ്രധാനമാണ് അവയുടെ പലമയും. ഓരോന്നിനും ഓരോന്നിന്റേതായ ധർമ്മങ്ങളുമുണ്ട് നിവർത്തിക്കാൻ.
ഓരോതരം ആട്ടവും പാട്ടുമൊക്കെ ഓരോതരം ആവിഷ്കാരങ്ങളായി കണ്ടാൽ പോരേ. അവനവൻറെ/അവളവളുടെ ആനന്ദം കണ്ടെത്താനുള്ള വഴികൾ വ്യത്യസ്തവും വൈവിധ്യമുള്ളതുമായിരിക്കാം. മറ്റു വഴികളെ അംഗീകരിക്കാൻ ശകലം ഹൃദയവിശാലത കൂടി വേണം. പലതരം പാട്ടുകളും ആട്ടങ്ങളും നിറഞ്ഞ ഒരു നാട്ടിൽ ജീവിക്കാനാണ് എനിക്കിഷ്ടം.
‘ഇരുപത് വയസ്സിൽ ആടാമൽ അറുപതിൽ ആടി എന്ന പയൻ? ചെറുപ്പത്തിൽ മസിലു പിടിച്ചിരുന്നിട്ട് ഒടുക്കത്തെ സമയത്ത് ഡപ്പാംകൂത്തടിക്കാമെന്ന് കരുതുന്നത് മണ്ടത്തരമല്ലേ. ഒടുവിൽ ആരെന്നും എന്തെന്നും ആർക്കറിയാം.
‘അവനി വാഴ്‌വു കിനാവു കഷ്ടം’ എന്നൊക്കെ എപ്പോഴും കരഞ്ഞു കൊണ്ടിരുന്നാൽ അങ്ങനെ ഇരിക്കാമെന്നേയുള്ളൂ. എന്തായാലും ആവതുള്ളപ്പോൾ ഞാൻ ഇച്ചിരി ആടിത്തിമിർക്കാൻ തന്നെയാ തീരുമാനം. എനിക്കാണേൽ പതിനെട്ടു പോലും തികഞ്ഞിട്ടുമില്ല. ‘സുഖമോ ദേവി’ സിനിമയിൽ ജഗതി പറയും പോലെ: “ചെറുപ്പം ചെറുപ്പകാലത്ത് തന്നെ കളിച്ചു തീർക്കണമെന്നാണ് ഞങ്ങടെയൊക്കെ ആഗ്രഹം ഫൗജി ഭായ്. അല്ലാതെ ചെറുപ്പം ഇതുപോലെ വലിച്ചു നീട്ടി കൊണ്ടു നടന്നിട്ട് എന്ത് കാണാനാ?”
അകതാരിൽ അറുപതു കഴിഞ്ഞവർക്ക് അനങ്ങാതെ ഒരു ഭാഗത്ത് ഇരിക്കാൻ അവകാശമുണ്ട്. പക്ഷേ അന്യരുടെ ഫ്രീഡം ഓഫ് എക്സ്പ്രഷന്റെ ടയറിന് അള്ളു വയ്ക്കാൻ വരുന്നത് പന്നത്തരമാണ്.
‘വാനവിൽ വാഴ്‌കൈയിൽ വാലിബം ഒരു ഫാന്റസി…’ ഫാൻറസികളും കൂടി ചേരുമ്പോഴല്ലേ റിയാലിറ്റി സ്വർഗ്ഗതുല്യമാകുന്നത്. പക്ഷേ, ‘സ്വതന്തിരം മട്ടും ഇല്ലാമൽ സ്വർഗ്ഗമേ ഇരുന്തും എന്ന പയൻ?’
സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്. ഇത് കേട്ടാലുടനെ എന്നെ ചാടിക്കേറി കമ്മ്യൂണിസ്റ്റാക്കല്ലേ. ഇന്ത്യൻ ഭരണഘടനയുടെ തുടക്കഭാഗമൊന്ന് വായിച്ചിട്ട് ചാടിക്കടിക്കാൻ വാ. ‘India, also known as Bharat is a union of states. It is a Sovereign Socialist Secular Democratic Republic with a Parliamentary System of government.’
‘മൊഴി മാറലാം പൊരുൾ ഒന്റ്‌റു താൻ
കളി മാറലാം കൊടി ഒന്റ്‌റു താൻ
ദിസൈ മാറലാം നിലം ഒന്റ്‌റു താൻ
ഇസൈ മാറലാം മൊഴി ഒന്റ്‌റു താൻ
നം ഇന്തിയാ മൊത്തം ഒന്റ്‌റു താനേ വാ.’
‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന് പാടിയ നാട് കൂടിയാണിത്. അതുകൊണ്ട് ഇനി ഒന്നും നോക്കാനില്ലെന്നേ. നമ്മുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിന്റെ തുമ്പ് വരെയാണെന്ന് ഓർത്തുകൊണ്ട്, ‘ആടലാം പാടലാം കൊണ്ടാടലാം…’
*വളരെ സാധാരണമായ ഒരു ഭക്ഷണം