Latest News

ഒരു മോഡിക്ക് മറ്റൊരു മോഡിയോട് പറയാനുളളത്

ആദ്യത്തെ അന്ധാളിപ്പ് കഴിഞ്ഞപ്പോള്‍ അവര്‍ക്ക് അതിന്‍റെ മറ്റു സാധ്യതകള്‍ മനസ്സിലായി. സുന്ദരിയായ ഒരു പെണ്ണിനെ കൈയ്യിലേക്ക് കിട്ടുകയല്ലേ, അതും അക്ഷരാര്‍ത്ഥത്തില്‍?

വിരാലി മോഡി

വിരാലി മോഡിക്ക് നടക്കാനാവില്ല. വീല്‍ ചെയറിനെ ആശ്രയിച്ചു ജീവിക്കുന്ന ഈ പെണ്‍കുട്ടിക്കു പലപ്പോഴും ട്രെയിനില്‍ യാത്ര ചെയ്യേണ്ടി വരാറുണ്ട്.  അപ്പോഴെല്ലാം അവള്‍ ഭയന്നിരുന്നു –  ട്രെയിനിലേക്ക്‌ അവളെ എടുത്തു കയറ്റുന്നവരെ, അവളുടെ ശരീര ഭാഗങ്ങളില്‍ ആരും കാണാതെ കടന്നു പിടിക്കുന്ന അവരുടെ കൈകളെ.

ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും റെയില്‍വേ മന്ത്രിയും ഈ പെണ്‍കുട്ടിക്ക് പറയാനുള്ളത് കേള്‍ക്കണം.

കുടുംബത്തോടൊപ്പം
കുടുംബത്തോടൊപ്പം

2008 ലായിരുന്നു ആദ്യ സംഭവം. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്കു പോകാനായി റെയില്‍വേ സ്റ്റേഷനിലെത്തിയ വിരാലിയും അമ്മയും ഞെട്ടി, ഭിന്ന ശേഷിക്കാര്‍ക്കായുള്ള റാമ്പിന്‍റെ അവസ്ഥ കണ്ട്. മുറുക്കാന്‍ ചുവപ്പും, മല മൂത്രങ്ങളും അതിലുമുപരി കാല്‍നടക്കാരുടെ തിക്കും തിരക്കും. രണ്ടു കൊല്ലം മുന്‍പ് ഒരു അപകടം പറ്റി കാലിനു സ്വാധീനം നഷ്ടപെട്ടതാണ് വിരാലിക്ക്. ചികിത്സാര്‍ത്ഥം ഡല്‍ഹിയില്‍ പോകേണ്ട ഒരു കാര്യമുണ്ടായിരുന്നു. ട്രെയിന്‍ ആയിരിക്കും സൗകര്യം എന്ന് കരുതി വന്നതാണ്.

പാടുപെട്ട് വീല്‍ ചെയര്‍ ട്രെയിനിനടുത്തേക്ക് എത്തിച്ചപ്പോള്‍ അടുത്ത പ്രശ്നം. വിരാലി എങ്ങനെ ട്രെയിനിലേക്ക്‌ കയറും? രാജധാനി എക്സ്പ്രസ്സിനു റാമ്പില്ല, ചെറിയ വാതിലില്‍ കൂടി വീല്‍ ചെയര്‍ കടക്കുകയുമില്ല. അവളെ എടുത്തു സീറ്റിലേക്ക് എത്തിക്കുക എന്നതാണ് ഒരേ ഒരു മാര്‍ഗം. അമ്മ അവിടെ ഉണ്ടായിരുന്ന റെയില്‍വേ പോര്‍ട്ടര്‍മാരോട് സംസാരിച്ചു. ഇങ്ങനെ ഒരാവശ്യം അവര്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. ആദ്യത്തെ അന്ധാളിപ്പ് കഴിഞ്ഞപ്പോള്‍ അവര്‍ക്ക് അതിന്‍റെ മറ്റു സാധ്യതകള്‍ മനസ്സിലായി. സുന്ദരിയായ ഒരു പെണ്ണിനെ കൈയ്യിലേക്ക് കിട്ടുകയല്ലേ, അതും അക്ഷരാര്‍ത്ഥത്തില്‍?

ഇതറിയാതെ, ട്രെയിനിലേക്ക്‌ തന്നെ എടുത്തു കയറ്റാന്‍ തയ്യാറായ സുമനസുകളെ കാത്തു വിരാലി വീല്‍ ചെയറിലിരുന്നു. അവര്‍ അവള്‍ക്കടുത്തെത്തി.  രണ്ടു പേര്‍. കണ്ണു കൊണ്ട് അവളെ ഒന്നളന്നു അവര്‍.  പിന്നീട് ആര്, എങ്ങനെ, എവിടെ പിടിച്ചാവും അവളെ അകത്തേക്ക് കൊണ്ട് പോവുക എന്ന് പരസ്പരം ചര്‍ച്ച നടത്തി – അത് കേട്ടവള്‍ ചൂളുന്നതറിയാതെ.

അതൊരു തുടക്കമായിരുന്നു. ട്രെയിനിലെ സീറ്റില്‍ ഇരുത്തും വരെ അവള്‍ അവരുടെ കൈകളില്‍ പെട്ടു, എല്ലാ അര്‍ത്ഥത്തിലും. കാലുകളുടെ ഭാഗം പിടിച്ചിരുന്നയാള്‍ അരക്ക് താഴെയും, കൈകളില്‍ പിടിച്ചിരുന്നയാള്‍ അരക്ക് മുകളിലും കൈയ്യേറ്റം നടത്തി. അവള്‍ ശബ്ദമുയര്‍ത്താന്‍ പോലും ഭയന്നു, എങ്ങാനും തന്നെയവര്‍ താഴെയിട്ടാലോ എന്ന് കരുതി.

പതിനേഴ്‌ വയസ്സായിരുന്നു വിരാലിക്കന്ന്. നേരിട്ട അപമാനത്തെ തന്‍റെ മനസ്സിലേക്ക് ഒതുക്കി, ആര്‍ക്കും മുഖം കൊടുക്കാതെ അവള്‍ ആ സീറ്റിലിരുന്നു. ആ യാത്രയിലുടനീളം അവള്‍ ആലോചിച്ചത് തന്നെ കുറിച്ചല്ല, തന്നെ പോലെ ഈ രാജ്യത്തു ജീവിക്കുന്ന അനേകം ഭിന്ന ശേഷിക്കാരെക്കുറിച്ച്. അവരെ തീര്‍ത്തും പരിഗണിക്കാതെ, വികസനത്തിലേക്ക് കുതിക്കുന്നു എന്ന് വിളംബരം ചെയ്യുന്ന സ്വന്തം നാടിനെക്കുറിച്ച്. നേരിട്ട അപമാനം ഇരട്ടിക്കുന്നതായി തോന്നി അപ്പൊളവള്‍ക്ക്.

പിന്നീടുള്ള ട്രെയിന്‍ യാത്രകളിലും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു – 2011, 2014 വര്‍ഷങ്ങളില്‍.

മിസ്സ്‌ വീല്‍ ചെയര്‍ ഇന്ത്യ 2014
മിസ്സ്‌ വീല്‍ ചെയര്‍ ഇന്ത്യ 2014

ഇതിനിടയില്‍ മിസ്സ്‌ വീല്‍ ചെയര്‍ ഇന്ത്യ റണ്ണര്‍ അപ്പും, ഡിസബിലിറ്റി ആകടിവിസ്റ്റും, മോട്ടിവേഷണല്‍ സ്പീക്കറുമൊക്കെയായി വിരാലി. ഈയടുത്ത് അവര്‍ തുടങ്ങിയ “Implement disabled-friendly measures in Indian railways” എന്ന ഓണ്‍ലൈന്‍ പെറ്റിഷന്‍ ഇതിനോടകം 32,000 പേര്‍ ഒപ്പ് വച്ചു കഴിഞ്ഞു. തന്‍റെ ട്രെയിന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ എന്തൊക്കെ, എങ്ങനെയൊക്കെ എന്നവര്‍ വിവരിക്കുന്നുണ്ട് പെറ്റിഷനില്‍.

പല ഭിന്ന ശേഷിക്കാരും ബാത്ത്റൂമില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ട്, വാതിലുകളുടെ വീതിയില്ലായ്മ, കമോടുകളുടെ താഴ്ച, എന്നിവ കാരണം ഡയപര്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്നു. എന്നാല്‍ സമായാനുസൃതമായി അത് മാറാന്‍ സാധിക്കുന്നില്ല. ട്രൈയിനില്‍ രാത്രി വിളക്കുകളെല്ലാം അണയുന്നത്‌ വരെ കാക്കണം. സഹായത്തിനും കാവല്‍ നില്‍ക്കാനും ഒരാളും വേണം. പല കമ്പാര്‍ട്ട്മെന്ടുകളിലും കര്‍ട്ടനുകള്‍ ഉണ്ടാവില്ല. നമ്മുടെ നാട്ടില്‍ ആളുകള്‍ എന്തോ വലിയ കാര്യം കാണുന്നത് പോലെ നോക്കുകയും ചെയ്യും.

സര്‍ക്കാരിനോട് നേരിട്ട് ഈക്കാര്യങ്ങള്‍ പറയാന്‍ ഒരു ശ്രമം നടത്തിയിരുന്നു വിരാലി. പ്രധാനമന്ത്രി മോഡിക്കും റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനുമൊക്കെ കത്തുകളും ട്വീറ്റുകളും കൈമാറി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒരു ഓട്ടോമെറ്റെഡ് മറുപടി വന്നു – കത്ത് കിട്ടി എന്നും വിഷയം വിദേശ കാര്യ മന്ത്രാലയത്തിനു ഫോര്‍വേഡ് ചെയ്തിട്ടുണ്ട് എന്നും കത്തില്‍ പറയുന്നു. തങ്ങള്‍ക്കു ഇതിലൊരു കാര്യവുമില്ല എന്ന് ഒരു മറുപടി വിദേശ കാര്യ മന്ത്രാലയവും അറിയിച്ചു. റെയില്‍വേ മന്ത്രാലയമാകട്ടെ, കത്ത് കിട്ടിയതായി പോലും ഭാവിച്ചില്ല.

പറക്കാതിരിക്കാന്‍ എനിക്കാവതില്ലേ...
പറക്കാതിരിക്കാന്‍ എനിക്കാവതില്ലേ…

21 കോടി ഭിന്ന ശേഷിക്കാരുണ്ട് ഇന്ത്യയില്‍, എങ്കിലും സര്‍ക്കാരിനെ സംബന്ധിച്ച് അവര്‍ ഇപ്പോഴും മൈനോറിറ്റിയാണ്. ബുള്ളറ്റ് ട്രെയിനും മണ്മറഞ്ഞ മറാത്ത രാജാക്കന്മാരുടെ പ്രതിമയുമാണ് അവര്‍ക്ക് പ്രധാനം. ഇന്ത്യയുടെ ജീവിത രേഖ എന്നും സ്വയം അഭിമാനിക്കുന്ന ഇന്ത്യന്‍ റെയില്‍വേ കാലില്ലാത്തവരുടെ കാലും, ചിറകില്ലാത്തവരുടെ ചിറകുമല്ലേ ആകേണ്ടത്?

ചോദിക്കുന്നത് വിരാലി മാത്രമല്ല, യാത്ര ചെയ്യനാഗ്രഹിക്കുന്ന ഓരോ ഭിന്ന ശേഷിക്കാരനും.

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Pmo and railways ignore disabled womans complaint of groping in trains

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express