സുകുമാരൻ ഏജീസ് ഓഫീസില്‍ വന്ന കാലം മുതൽ എനിക്ക് പരിചയമുണ്ട്. 1964 മുതൽ ഞാനവിടെ ഉണ്ടായിരുന്നു. സുകുമാരൻ സംഘടനയിൽ വളരെ സജീമായിരുന്നു. ഞാനൊക്കെ അന്ന് പ്രവർത്തകരായിരുന്നുവെങ്കിലും സുകമാരനൊപ്പം സജീവമായിരുന്നില്ല എന്നതാണ് സത്യം. അന്ന് 1968 സെൻട്രൽ ഗവ എംപ്ലോയീസ് ഒരു ഏകദിന പണിമുടക്ക് നടത്തുന്നു. വളരെ ശക്തമായ പണിമുടക്കായിരുന്നു അത്. ഓഫീസ് സുരക്ഷിതത്വമെന്ന പേരിൽ സി ആർ പി എഫ് ഓഫീസ് വളയുന്നു. ടി എൻ കുര്യാക്കോസ് എന്നയാളായിരുന്നു എ ​ജി. അദ്ദേഹത്തിന്‍റെ കടുപിടുത്തവും സമരവുമെല്ലാം വേറൊരു ചരിത്രമാണ്. 1968ലെ ആ സമരത്തിൽ സുകുമാരൻ ഉണ്ടായിരുന്നു. ആ ഏകദിന പണിമുടക്ക് സമരം വിജയകരമായിരുന്നു. ഘെരാവോ ജനകീയമായി വരുന്ന കാലമായിരുന്നു. 1968 ഓഗസ്റ്റിൽ തിരുവനന്തപുരം നഗരം മുഴുവൻ സ്തംഭിച്ച കാലമുണ്ടായിരുന്നു. വിജെടി ഹാൾ മുതൽ പുളിമൂട് വരെ ഒരിലപോലും അനങ്ങിയില്ല. ഏജീസ് ഓഫീസിലെ പ്രശ്നമായി തുടങ്ങിയത് പക്ഷേ, എല്ലാ കേന്ദ്ര സംസ്ഥാന ജീവനക്കാരും തെരുവിലിറങ്ങിയ സമരമായി മാറുകയായിരുന്നു. സമരക്കാരെയൊക്കെ അറസ്റ്റ് ചെയ്തു. ആ കാലത്താണ് സുകുമാരനുമായി അടുത്ത ബന്ധം വരുന്നത്.

m.sukumaran, memories,g.sakthidharan

എല്ലാ കാര്യങ്ങളിലും ഞങ്ങൾ തർക്കിക്കുകയും സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. സുകുമാരന്‍റെ അഭിപ്രായത്തോട് യോജിക്കുമ്പോഴും പ്രകോപിപ്പിക്കാനായി ഞാൻ തർക്കിക്കും. അന്ന് ഏജീസ് ഓഫീസിലെ വലിയ ആൽമരത്തിന് താഴെ (ആ ആൽമരം ഇന്നും അവിടെയുണ്ട്) വച്ചായിരുന്നു ഞങ്ങളുടെ തർക്കങ്ങ പ്രധാനമായും നടന്നിരുന്നത്. നക്സൈലറ്റ് മൂവ്മെന്റും സാഹിത്യവും ട്രേഡ് യൂണിയനും കമ്മ്യൂണിസവും ഒക്കെ അതിൽ ​കടന്നുവരുമായിരുന്നു.

അങ്ങനെയിരിക്കെയാണ് സ്വതന്ത്ര ഇന്ത്യയിലെ ചരിത്രത്തിലാദ്യമായി ഒരു ജനവിരുദ്ധ നിയമം ഉപയോഗിച്ച് രണ്ട് ജീവനക്കാരെ പിരിച്ചുവിടുന്നത്.

ഭരണഘടനയുടെ 3 (11) 2 സി ആർട്ടിക്കിൾ പ്രകാരം ത്രിവിക്രമൻ പിളള, പി ടി തോമസ് എന്നിവരെ രാഷ്ട്രപതി പിരിച്ചുവിട്ടു. രാജ്യത്തിന് അപകടകാരിയാണെന്ന് കണ്ടാൽ ആരെയും പിരിച്ചു വിടാമെന്നുളളതാണ് ആ വകുപ്പ്. യൂണിയൻ സെക്രട്ടറിയായ ആളെ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പിരിച്ചു വിട്ടു. ഇന്ത്യയിൽ ആദ്യമായി ഈ വകുപ്പ് പ്രയോഗിച്ചത് ഇവിടെയാണ്. ഇതിൽ ത്രിവിക്രമൻ പിളള പിന്നീട് കെ എസ് ആർ ടി സി ഇ ജനറൽ സെക്രട്ടറിയായി. പി ടി തോമസ് നക്സലൈറ്റ് വഴിയിലായിരുന്നു സഞ്ചാരം .

കേരളത്തിൽ കേന്ദ്ര ജീവനക്കാരുടെ നേതൃത്വത്തിലുണ്ടായിരുന്ന നേതാവാണ് ജി. രാമദാസ്. പിടി തോമസ്, സുകുമാരൻ എന്നിവരെയും അക്കാലത്ത് അറസ്റ്റ് ചെയ്തു. സുകുമാരൻ ഉൾപ്പടെ അന്ന് താമസിച്ചിരുന്നത് കോഓപ്പറേറ്റീവ് ഹോമിൽ (പിന്നീട് കാർത്തിക എന്നായി മാറി. അതിന്​ ശേഷം ആ ​കെട്ടിടം ഇടിച്ചു കളഞ്ഞു. സെക്രട്ടേറിയറ്റിന് പിൻവശത്തായിരുന്നു അത്) ആയിരുന്നുവെന്നാണ് ഓർമ്മ.

അധികം വൈകാതെ എ എൻ​ ഗോവിന്ദൻ നമ്പ്യാർ, കെ ടി തോമസ്, എം സുകുമാരൻ എന്നിവരെ ഡിസ്‌മിസ്സ് ചെയ്തു. താൽക്കാലിക ജീവനക്കാരായിരുന്ന ഗംഗാധരക്കുറുപ്പ് (പിന്നീട് പി എസ് സി ചെയർമാനായി), ഗിരീഷൻ നായർ (അഭിഭാഷകൻ), കെ എ ​ബാലൻ ( പിന്നീട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ), ജോണി ജോസഫ്, ജോർജ് വർഗീസ് കോട്ടപ്പുറം എന്നിവരെയും പിരിച്ചുവിട്ടു.

ഇവരെയെല്ലാം തിരിച്ചെടുക്കാൻ പ്രസിഡന്റ് വി. വി ഗിരിയെ കണ്ട് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. സുപ്രീം കോടതിയും പരാതി സ്വീകരിച്ചില്ല.

സുകുമാരനൊപ്പം പിരിച്ചുവിട്ട എ എൻ ഗോവിന്ദൻ നന്പ്യാർ ഒരു ട്രെഡിൽ പ്രസ്സ് തുടങ്ങി. ‘നവചേതന’ എന്ന പേരിൽ നടത്തിയ പ്രസ്സിൽ സുകുമാരനും ജോലി ചെയ്തു. അതിന് മുമ്പ് ‘സോഷ്യൽ സയന്റിസ്റ്റി’ൽ കുറച്ചുകാലം. സുകുമാരന്‍റെ ഭാര്യയ്ക്ക് ഏജീസ് ഓഫീസിലെ എംപ്ലോയീസ് കോ​ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലി കൊടുത്തു. സുകുമാരന്‍റെയും പിരിച്ചുവിടപ്പെട്ട മറ്റുവളളവരുടെയും കുടുംബത്തോടൊപ്പം യൂണിയൻ എന്ന നിലയിലും വ്യക്തിപരമായും ഞങ്ങൾ ഒപ്പം നിന്നു.

m.sukumaran, memories,g.sakthidharan

അന്നൊന്നും സുകുമാരന്‍റെ ചിത്രങ്ങൾ ആരുടെയും കൈവശം ഉളളതായി അറിയില്ല. അങ്ങനെയിരിക്കെ സാഹിത്യകാരനും പ്രസാധകനുമൊക്കെയായ കെ എൻ ഷാജി ഒരിക്കൽ എന്നോട് ഒരു പറഞ്ഞു “സുകുമാരനുമായി ഒരു അഭിമുഖം നടത്തണം.” ഷാജിയുമായി ‘സംക്രമണ’ കാലം മുതൽ എനിക്ക് ഉളള പരിചയമാണ്. എനിക്ക് സുകുമാരനുമായും അടുപ്പമുണ്ട്. സുകുമാരനോട് സംസാരിച്ചപ്പോൾ അദ്ദേഹം അഭിമുഖത്തിന് സമ്മതിച്ചു.

ഞാൻ സുകുമാരനോട് ചോദിച്ചു “ഞാനീ ക്യാമറയും തൂക്കി പൂവും പൂച്ചയും പോലുളള പടമെടുത്ത് നടന്നാൽ മതിയോ. തന്‍റെ പടം എടുക്കാൻ സമ്മതിക്കില്ലേ?” അത് കേട്ട് സുകുമാരൻ സ്വതസിദ്ധമായ ചിരിയോടെ “എത്രഫൊട്ടോ വേണമെങ്കിലും എടുത്തോടോ”എന്ന് പറഞ്ഞു.

പക്ഷേ, അതിന് മുമ്പ് സുകുമാരൻ അറിയാതെ രഹസ്യമായി അദ്ദേഹത്തിന്‍റെ പടം ഞാൻ എടുത്തിട്ടുണ്ടായിരുന്നു. അത് ഞങ്ങളുടെ ഒരു സുഹൃത്തിന്‍റെ വീട്ടിൽ നടന്ന ഒരു കൂടിച്ചേരലിലാണ്. നഖം കടിച്ചു ആലോചിച്ചിരിക്കുന്ന സുകുമാരൻ. ആൾക്കൂട്ടത്തിലാണ് ആ​ പടം. സുകുമാരൻ നഖം കടിച്ചു തിന്നു കൊണ്ടേയിരിക്കും. ചിലപ്പോൾ വിരൽ തന്നെ അയാൾ കടിച്ചു തിന്നുമെന്നു തോന്നും നമുക്ക്.

ഞാൻ അതെന്‍റെ സ്വകാര്യ സമ്പാദ്യമായി സൂക്ഷിച്ചു. അഭിമുഖത്തിന് സുകുമാരൻ സമ്മതിച്ചതോടെ ഷാജിയും ഞാനും കൂടെ വീട്ടിൽ പോയി. അനുമതി കിട്ടിയ സാഹചര്യത്തിൽ അഞ്ചോ​ ആറോ പടം എടുത്തു. സുകുമാരന് രോമം കൊഴിഞ്ഞുപോകുന്ന അസുഖം ഉളള​കാലത്താണ് ആ പടം. എടുക്കുന്നത്. ചികിത്സയുടെ കാലമാണത്. അതിന്‍റെ ഭാഗമായി മുഖത്ത് കറുപ്പ് വന്നിരിക്കുന്ന സമയത്താണ് സെലിബ്രിറ്റിയുടെ ആദ്യ ‘ഫൊട്ടോഷൂട്ട് ‘. എനിക്ക് ഇഷ്ടപ്പെട്ടത് ചിരിക്കുന്ന ഫൊട്ടോയല്ല. ഷാർപ്പായി ഇന്‍റെൻസീവ് ആയി നമ്മളെ ചുഴിഞ്ഞു നോക്കുന്ന സുകുമാരന്‍റെ പടമാണ്. അടുത്തയാളുകൾക്ക് മാത്രം മനസ്സിലാകുന്ന പടം. ഭാഗ്യത്തിന് ഷാജിയുടെ കൂടെ പോയപ്പോൾ അങ്ങനെയൊരു പടം എടുക്കാൻ എനിക്ക് പറ്റി.

അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചു വന്നത് ഷാർപ്പ് ആയ മുഖം വരുന്ന പടമാണ്. മാതൃഭൂമിയിലാണ് ആ അഭിമുഖവും ഫൊട്ടോയും പ്രസിദ്ധീകരിച്ചുവന്നതെന്നാണ് ഓർമ്മ.

ഏജീസ് ഓഫീസിൽ നിന്നും പോയതിന് ശേഷം സുകുമാരൻ എഴുത്തും മറ്റുമായി വേറൊരു ലോകത്തേയ്ക്ക് മാറി. രാഷ്ട്രീയമായ ഉറച്ച തീരുമാനം ഉണ്ടായിരുന്ന മനുഷ്യനാണ് അദ്ദേഹം. ആ തീരുമാനങ്ങളിൽ നിന്നും മാറാൻ അദ്ദേഹത്തിന് പറ്റില്ല. ഞങ്ങൾ പലപ്പോഴും ചോദിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തകനാണ്, പക്ഷെ പാർട്ടി കാര്യങ്ങളിൽ പങ്കെടുത്തതായി അറിവില്ല. പക്ഷേ ‘സോഷ്യൽ സയന്റിസ്റ്റി’ൽ​ കുറച്ച് നാൾ ജോലി ചെയ്തു. അതൊന്നും ഇഷ്ടപ്പെട്ട് പോയതാണെന്ന് തോന്നുന്നില്ല. വെറുതെ ഇരിക്കുകയാണെന്നതിനാൽ പോയതാണെന്ന് തോന്നുന്നു. സുകുമരനെപോലെ സത്യസന്ധനും ഫ്രാങ്കുമായ മനുഷ്യനെ ഞാൻ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല. സാഹിത്യത്തിലായാലും വ്യക്തിബന്ധത്തിലായിലും രാഷ്ട്രീയത്തിലായാലും ഒരു ഒളിവും ഇല്ലാത്ത മനുഷ്യൻ. അദ്ദേഹം അഭിപ്രായം പെട്ടെന്ന് പറയുന്നുവെന്ന് നമുക്ക് തോന്നുന്നുണ്ടാവാം, എന്നാൽ അങ്ങനെയായിരുന്നില്ല ആലോചിച്ച് തന്നെയാണ് സുകുമാരൻ അഭിപ്രായം പറയുന്നത്. സുകുമാരനുമായി സഹപ്രവർത്തകൻ എന്നതിനപ്പുറം ഒരു സ്നേഹബന്ധം ഉണ്ടായിരുന്നു.

സുകുമാരൻ എഴുത്താത്തതിനെക്കുറിച്ച് അദ്ദേഹത്തോട് പരിഭവിച്ചിട്ടുണ്ട് ഞാൻ. തർക്കിച്ചിട്ടുണ്ട്. അപ്പോഴൊക്കെ തന്നെ മറുപടി ഇങ്ങനെയായിരുന്നു.

“എഴുത്ത് വലിയൊരു ‘Agony’ യാണ്. ഞാൻ ചത്തു പോകുന്നത് പോലെയാണത്. അതെനിക്ക് താങ്ങാൻ എനിക്ക് വയ്യ. അങ്ങനെ എഴുതണമെന്ന് തോന്നുന്ന സമയത്ത് അതിന്‍റെ ഭ്രൂണത്തിൽ വച്ച് കൊന്നു കളയും കാരണം ഇപ്പോൾ എഴുത്തിന്‍റെ ‘Agony’ ശരീരത്തിന് താങ്ങാൻ വയ്യ. എഴുതുക എന്നത് എനിക്ക് ടോർച്ചർ ആണ്. ആ​ ടോർച്ചർ ഭീകരമാണ്. ഓരോ എഴുത്തിലും നാലും അഞ്ചും ആറും മാസം അത് സഹിക്കാനുളള​ അവസ്ഥ എനിക്കില്ല.”

സുകുമാരൻ എഴുതാതിരുന്നതിന് പിന്നിൽ രാഷ്ട്രീയകാരണങ്ങൾ കാണുമായിരിക്കും. പ്രധാനപ്പെട്ട കാരണം ഇതാണ് എന്ന് കരുതി എന്നോട് അങ്ങനെ പറഞ്ഞതാകാനേ സാധ്യതയുളളൂ.

സർഗാത്മക എഴുത്തിന്‍റെ ‘Agony’ ആ എഴുത്തുകാർക്ക് മാത്രമേ മനസ്സിലകാകുയളളൂ. അത് താങ്ങാനുളള ശക്തിയും ആരോഗ്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ആശയങ്ങള്‍ പുതുതായി മനസ്സിൽ നിറയുമ്പോഴും എഴുത്തിലേയ്ക്ക് അത് കൊണ്ടുവരാൻ കഴിഞ്ഞില്ല. എഴുതാത്ത നമ്മള്‍ക്ക് അത് മനസ്സിലാകില്ല.

ചിത്രങ്ങള്‍: ആര്‍ രാമചന്ദ്രന്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ