ഒരു കളി കായികാഭ്യാസമാകുന്നത് എപ്പോഴാണ്; എന്താണതിനെ രംഗാവവതരണത്തില്‍ നിന്നും അനുഷ്ഠാനത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നത്? സ്ഥലം, നിയമം, ഇടം ഉത്പാദനക്ഷമത ഇല്ലായ്മ എന്നീ പൊതു നിര്‍വ്വചനങ്ങള്‍ക്കപ്പുറം ഫുട്‌ബോള്‍ കൊച്ചിക്കാര്‍ക്കു മുന്നില്‍ ഒരു പ്രഹേളികയായത് ഒരു നൂറ്റാണ്ടു മുന്‍പാണ്. കൊച്ചിരാജാവിനെ അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഫുട്‌ബോള്‍ മത്സരം കാണുവാന്‍ ക്ഷണിച്ചുവത്രെ. പത്തിരുപത്തിരണ്ടുപേര്‍ ഒരു പന്തിനു പുറകേ ഓടുന്ന ദയനീയമായ ദൃശ്യം തമ്പുരാന്റെ കരളലിയിപ്പിച്ചു. തീണ്ടായ്മയും വല്ലായ്മയും അലിയിക്കാത്ത ആ ഹൃദയത്തെ അലിയിപ്പിച്ചത് ഒരു കാര്യവുമില്ലാതെ പത്തിരുപത്തിരണ്ടുപേര്‍ ഒരു പന്തിനു പുറകേ ഓടുന്ന കാഴ്ചയായിരുന്നു. എല്ലാ കളിക്കാര്‍ക്കും ഓരോ പന്തുകൊടുക്കാന്‍ ആജ്ഞാപിച്ച മഹാരാജാവിന്റെ പിന്‍മുറക്കാര്‍ കളിയുടെ സമയ നിയമബോധം കാലക്രമേണ ആര്‍ജ്ജിച്ചു പേരുകേട്ട ഫുട്‌ബോള്‍ ഭ്രാന്തന്മാരായി മാറി. ഫ്രാങ്ക്‌ സാപ്പാ പറഞ്ഞതുപോലെ ഫുട്‌ബോളും പ്ലെയിനും കള്ളുമില്ലെങ്കില്‍ നാമൊരു രാജ്യമേ അല്ലെന്ന് സ്വയം തിരിച്ചറിഞ്ഞു.

കൊച്ചിയില്‍ ഫുട്‌ബോള്‍ ഒരു വികാരമായിരുന്നു എന്നു പറഞ്ഞാല്‍ ന്യൂനോക്തിയായിരിക്കും. സത്യം പറഞ്ഞാല്‍ എല്ലാവര്‍ക്കും കലശലായ ഫുട്‌ബോള്‍ ഭ്രാന്തായിരുന്നു. ഇടവഴികളിലും, പറമ്പിലും, പാടത്തും ജനം കടന്നല്‍ക്കൂട്ടത്തെ പോലെ ഫുട്‌ബോള്‍ കളിച്ചു നടന്നിരുന്നു. എന്റെ അച്ഛനെക്കുറിച്ചുള്ള ആദ്യത്തെ ഓര്‍മ്മതന്നെ സന്തോഷ് ട്രോഫി കാണാന്‍ പോയി തിക്കിലും തിരക്കിലും പെട്ട് വാരിയെല്ലൊടിഞ്ഞ് ദേഹമാസകലം പ്ലാസ്റ്ററിട്ടിരിക്കുന്ന വിചിത്രരൂപമാണ്. മണി, രഞ്ജിത് താപ്പ, കിഷാനു ഡെ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഫുട്‌ബോള്‍ ദൈവങ്ങളുടെ ആരാധകരായി ഞങ്ങള്‍ മാറി. മുളം ഗ്യാലറികള്‍ കാണികളുടെ ആരവത്തില്‍ ആടിയുലഞ്ഞു. അങ്ങനെയിരിക്കെ 1983ല്‍ ഞങ്ങള്‍ അതുവരെ കണ്ട ഫുട്‌ബോള്‍ കളിയൊന്നും കളിയല്ല എന്നു ബോധ്യപ്പെടുത്തിക്കൊണ്ട് ‘നെഹ്‌റു കപ്പെത്തി’. റഷ്യയും, കാമറൂണും, ചൈനയുമെല്ലാം തങ്ങളുടെ വേള്‍ഡ്കപ്പ് കളിക്കാരുമായി എത്തിയപ്പോഴാണ് ഫുട്‌ബോള്‍ സൗന്ദര്യമാണെന്നു തിരിച്ചറിഞ്ഞത്.

Read More: ഹൃദയം കൊണ്ട് കളിച്ച കാൽപ്പന്തിന്രെ കാലവിശേഷം സി ഐ സി സി ജയചന്ദ്രൻ എഴുതുന്നു

ലോകകപ്പ് കളിച്ച റോജര്‍ മില്ലയും, ദസയോവുമെല്ലാം ടെലിവിഷനില്‍ വേള്‍ഡ്കപ്പ് കാണാന്‍ പറ്റാത്ത ഞങ്ങള്‍ക്കു മുന്നില്‍ പന്തുരുട്ടി. പിന്നീട് 1990-ലെ ഫിഫ വേള്‍ഡ്കപ്പില്‍ ഹിഗ്വിറ്റയെ കബളിപ്പിച്ച് റോജര്‍ മില്ല ഗോള്‍ നേടിയപ്പോള്‍ ഇതെത്ര മുമ്പെ കണ്ടതാണെന്ന ഭാവമായിരുന്നു ഞങ്ങള്‍ കൊച്ചിക്കാര്‍ക്ക്. എന്തായാലും 1983ലെ നെഹ്‌റു കപ്പ് ഞങ്ങള്‍ക്ക് ഒരു വലിയ സത്യം മനസ്സിലാക്കി തന്നു. ഞങ്ങളതുവരെ ആരാധിച്ചിരുന്നു ഇന്ത്യന്‍ ടീമിലെ കളിക്കാരെല്ലാം പൊട്ടക്കുളത്തിലെ നീര്‍നാഗങ്ങള്‍ മാത്രമാണെന്ന്. ഇന്ത്യയുടെ ഓരോ കളി കഴിയുന്തോറും കാണികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. ഫുട്‌ബോള്‍ എന്ന വിനോദം അതിന്റെ പൂര്‍ണ സൗന്ദര്യത്തില്‍ കാണണമെങ്കില്‍ ഇനി അടുത്ത നെഹ്‌റു കപ്പ് വരണമല്ലോ എന്നാലോചിച്ച് വിഷണ്ണരായ ഞങ്ങളുടെ മുന്നില്‍ 1985ല്‍ നെഹ്‌റുകപ്പ് വീണ്ടുമെത്തി.

Fifa under 17 world cup, c gopan, , nehru cup foot ball, foot ball,c. gopan, vishnuram,

 

ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ 1983-നോളം മികച്ചതല്ലായിരുന്നു 1985-ലെ നെഹ്‌റുകപ്പ്. സോവിയറ്റ് യൂണിയന്‍, ചൈന, ഇറാന്‍, യൂഗോസ്ലാവിയ, മൊറോക്കോ, സൗത്ത് കൊറിയ, അള്‍ജീരിയ, ഇന്ത്യ എന്നിങ്ങനെ എട്ടു ടീമുകള്‍ അണിനിരന്ന ആ നെഹ്‌റുകപ്പില്‍ മികച്ച കളിക്കാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. ഇന്ത്യ ,മൊറോക്കൊ, അള്‍ജീരിയ, സൗത്ത്‌കൊറിയ എന്നിവരുടെ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരുന്നത്. ആ ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളിലൊന്നില്‍ തന്നെ ഒരു കാര്യം മനസ്സിലായി. പലരാജ്യങ്ങളും കളിക്കാനയച്ചിരുന്നത് അവിടുത്തെ ബി, സി ടീമുകളെയാണ്. മൊറോക്കൊ എന്ന ശരാശരി ടീമിനോട് അള്‍ജീരിയ തോറ്റത് നാലു ഗോളിനായിരുന്നു. മാധ്യമങ്ങളില്‍ അള്‍ജീരിയന്‍ ടീമിനെതിരെ വാര്‍ത്തകള്‍ നിറഞ്ഞു. ഏതോ ക്ലബ്ബു കളിക്കാരെയാണത്രെ ദേശീയ ടീമിനായി വേഷം കെട്ടിച്ചെത്തിച്ചത്. തൊട്ടടുത്ത മത്സരത്തില്‍ ഇന്ത്യ സൗത്ത് കൊറിയയോട് ഒരു ഗോളിനോട് തോറ്റു. അത്രയല്ലേ മേടിച്ചുള്ളൂ എന്നു ഞങ്ങള്‍ ആശ്വസിച്ചു.

അങ്ങനെയിരിക്കെ സുപ്രധാനമായ ആ ദിനം വന്നെത്തി. 1985 ജനുവരി  27. ഇന്ത്യയും അള്‍ജീരിയയും മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടി. രണ്ടു തല്ലിപ്പൊളി ടീമുകള്‍. ആരാണു കൂടുതല്‍ തല്ലിപ്പൊളി എന്നറിയാനുള്ള മത്സരത്തിലായിരുന്നു. കാണികള്‍ അരങ്ങില്‍ നടക്കുന്ന കളിയെക്കാളധികം ശ്രദ്ധിച്ചത് സ്റ്റേഡിയത്തിലെ ചില തമാശക്കാരുടെ വിനോദ പ്രകടനങ്ങളിലായിരുന്നു. സ്ത്രീകളായും ബഫൂണുകളായും വേഷം കെട്ടി എത്തിയവരെ നോക്കി ജനം ആര്‍ത്തു വിളിച്ചു. പെട്ടെന്നാണ് ആ അത്ഭുതമുണ്ടായത്. കളിയുടെ 65​ ആം മിനിട്ടില്‍ അലോക് മുഖര്‍ജി എന്ന ഇന്ത്യന്‍ കളിക്കാരന്‍ അള്‍ജീരിയയുടെ ഗോള്‍വല കുലുക്കി. പൊടുന്നനെ സ്റ്റേഡിയം നിശ്ശബ്ദമായി. ഒരു സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ചലത. ഞങ്ങള്‍ക്ക് ഞങ്ങളുടെ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിയുന്നില്ല. ഇന്ത്യ ഗോളടിച്ചിരിക്കുന്നു. തരിച്ചു നില്‍ക്കുന്ന കാണികളെ നോക്കി ഇന്ത്യയുടെ മലയാളിയായ ഫോര്‍വേര്‍ഡ് അലറി: “അടിക്കെടാ കൈയ്യ്.” കളി പിന്നേയും തട്ടിയും തടഞ്ഞും മുന്നോട്ടു നീങ്ങി. അഞ്ചുമിനിട്ടു കഴിഞ്ഞപ്പോള്‍ പ്രദാന്ത മുഖര്‍ജി എന്ന ബംഗാള്‍ കളിക്കാരന്‍ ഒരു ഗോള്‍ കൂടി അടിച്ചു. ഇത്തവണ കുറച്ചു കൂടി വലിയ നിശബ്ദത സ്‌റ്റേഡിയത്തില്‍ മുഴങ്ങി. ആ നിശബ്ദതയെ ഭേദിച്ചു കൊണ്ട് മലയാളി ഫോര്‍വേഡ് കാണികളോടലറി: “എടാ……….കളെ ദേശസ്‌നേഹമില്ലാത്തവരെ, അടിക്കെടാ കൈ.” സ്‌റ്റേഡിയം ചെറുതായൊന്നു മുരണ്ടു. പലരും ദേശസ്‌നേഹം തോന്നാഞ്ഞതില്‍ കുണ്ഠിതപ്പെടുകയും ചെയ്തു.

കളി പുരോഗമിക്കവെ സ്‌റ്റേഡിയത്തില്‍ പലഭാഗത്തു നിന്ന് പതുക്കെപ്പതുക്കെ ഓരാരവമുയര്‍ന്നു വന്നു. ‘അള്‍ജീരിയ, അള്‍ജീരിയ’! ഈ ആരവം കേട്ട് പരിഭ്രമിച്ചത് അള്‍ജിരിയന്‍ ടീം തന്നെയായിരുന്നു. തങ്ങളെ എന്തിനായിരിക്കും ഈ കൊച്ചിക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത് എന്നായിരിക്കും അവര്‍ ആലോചിച്ചത്. എന്തായാലും പിന്നെ അള്‍ജീരിയന്‍ ടീം ഒത്തിണക്കത്തോടെ കളിക്കാന്‍ തുടങ്ങി. 77ആം മിനിട്ടില്‍ മുഹമ്മദ് മെഹയദ് എന്ന അള്‍ജീരിയക്കാരന്‍ ആദ്യ ഗോള്‍ മടക്കി. സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. ‘അള്‍ജീരിയ, അള്‍ജീരിയ’ എന്ന ആരവം ആകാശത്തോളം മുഴങ്ങി. അള്‍ജീരിയന്‍ ടീം തിരമാലപോലെ ഇന്ത്യന്‍ ഗോള്‍മുഖത്ത് ആഞ്ഞടിച്ചുകൊണ്ടിരുന്നു. 86ആം മിനിട്ടില്‍ ലഹൗറി ബല്‍കത്തൗട്ട് എന്ന അള്‍ജീരിയന്‍ കളിക്കാരന്‍ ഒരു ഗോളടിച്ചതോടെ കളി സമനിലയിലായി. സ്‌റ്റേഡിയം കൂവല്‍ കൊണ്ടു നിറഞ്ഞു. കാണികള്‍ ‘അള്‍ജീരിയ അള്‍ജീരിയ’ എന്നു വീണ്ടും ആരവമുയര്‍ത്തി. 88​ ആം മിനിട്ടില്‍ അള്‍ജീരിയ നാസര്‍ ബഡേക്കിലൂടെ മുന്നിലെത്തി. ഇന്ത്യ-2 അള്‍ജീരിയ-3.

fifa under 17 world cup, kochi, foot ball, c gopan, nehru trophy foot ball,

കാണികള്‍ ആഹ്ലാദാരവങ്ങളോടെ ഗ്രൗണ്ടിലിറങ്ങി. അള്‍ജീരിയന്‍ കളിക്കാരെ തോളിലേറ്റി ആഹ്ലാദം പ്രകടിപ്പിച്ചു. കൂക്കുവിളിയില്‍, ‘അള്‍ജീരിയ, അള്‍ജീരിയ’ എന്ന ആരവങ്ങള്‍ക്കിടയില്‍ കളി തീര്‍ന്നു. കൂക്കുവിളികളോടെ ഞങ്ങള്‍ ഇന്ത്യന്‍ ടീമിനെ ഡ്രസ്സിങ് റൂമിലെക്ക് പറഞ്ഞയച്ചു. ഇതിനിടയില്‍ അള്‍ജീരിയക്കാര്‍ പൊട്ടിക്കരഞ്ഞു കൊണ്ട് കാണികളെ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു. കാണികള്‍ അവരെ തോളിലേറ്റി പ്രകടനം നടത്തി. ആരും പിരിഞ്ഞു പോയില്ല. കളിക്കാരെ കൊണ്ടുപോകാനുള്ള വാഹനം കാത്തുനില്‍ക്കുകയാണ്. ഇന്ത്യന്‍ ടീമാവട്ടെ കാണികളെ പേടിച്ച് ഡ്രസ്സിങ് റൂമില്‍ ഒളിച്ചിരിക്കുകയാണ്. ആരും പുറത്തേക്കിറങ്ങുന്നില്ല. ഒടുവില്‍ പൊലീസെത്തി ലാത്തി വീശി  കാണികളെ പിരിച്ചുവിട്ടു. അങ്ങനെ ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ നിന്ന് ഇന്ത്യന്‍ ടീം ഹോട്ടല്‍ റൂമിലേയ്ക്ക് പോയി.

ഫുട്‌ബോള്‍ കളിക്കാര്‍ക്കെല്ലാം ഓരോ പന്ത് സമ്മാനം നല്‍കിയ കൊച്ചിരാജാവ് കാലങ്ങള്‍ക്കു മുമ്പേ ഒരു കാര്യം മനസ്സിലാക്കിയിരുന്നു. അക്കാര്യത്തെ സാർത്രിന്റെ വാക്കുകളില്‍ ഇങ്ങനെ പറയാം. ‘ഫുട്‌ബോളില്‍ ശത്രുപക്ഷത്തിന്റെ സാന്നിദ്ധ്യമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം’.
പക്ഷെ ചോദ്യമിതാണ്. ആരാണ് ശത്രു?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook