ചുറ്റും വിശാലമായ കടല്‍. കപ്പലിന്റെ മുകള്‍ത്തട്ടില്‍ നിന്ന് നോക്കുമ്പോള്‍ നാം വലിയൊരു സര്‍ക്കസ്സ് കൂടാരത്തിനുള്ളിലാണെന്ന് തോന്നും. മുകളിലെ ആകാശക്കൂടാരം താഴെ കടലില്‍ കെട്ടിവലിച്ച് നിര്‍ത്തിയിരിക്കുന്നു. സര്‍ക്കസ് കൂടാരത്തില്‍ പെട്ട ഒരു ഉറുമ്പിനെപ്പോലെ കപ്പല്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. കപ്പലിന് താഴെ കോടാനുകോടി ജീവികള്‍ ജീവിക്കുന്നു. അവയ്ക്കൊപ്പം അനേകം മനുഷ്യാത്മാക്കളും അതിനുള്ളിലുണ്ടായിരിക്കണം. കടലില്‍ മുങ്ങി മരിച്ചവരുടെ ആത്മാക്കള്‍ രക്ഷപ്പെട്ട് പുറത്തേക്ക് പോകുവാനാകാതെ കടല്‍വെള്ളത്തിലെ ഉപ്പുപോലെ ലയിച്ചുകിടക്കുന്നുണ്ടായിരിക്കണം.
ഉപ്പുരുചിയുള്ള കടല്‍ക്കാറ്റ് സഞ്ചാരികളുടെ ആത്മാവെന്നപോലെ കടലിലൂടെ തലങ്ങും വിലങ്ങും സഞ്ചാരത്തിനിറങ്ങും. ചിലപ്പോള്‍ ശാന്തരായും ചിലപ്പോള്‍ ക്ഷുഭിതരായും. അവരെപ്പറ്റി ആലോചിക്കുമ്പോള്‍ മനസ്സിലേക്കെത്തുന്നത് മാര്‍ക്കേസിന്റെ The Story of a Ship Wrecked Sailor എന്ന പുസ്തകമാണ്. കപ്പല്ലപകടത്തില് നിന്ന് രക്ഷപ്പെട്ട വെലാസ്കോ എന്ന നാവികന് ചെറിയ രക്ഷാബോട്ടില് ജീവന് മുറുകെപ്പിടിച്ച് കഴിച്ചുകൂട്ടിയ പത്ത് ദിവസങ്ങളുടെ കഥയാണിത്. ഉപ്പുകലര്‍ന്ന കടല്‍വെള്ളത്തിന് നടുവില്‍ വിശപ്പും ദാഹവും സഹിക്കാനാവാതെ അനിശ്ചമയ നിമിഷങ്ങള്‍ തള്ളിനീക്കിയ സംഭവ കഥ. പക്ഷെ രക്ഷപ്പെടാതെപോയ അനേകായിരം മനുഷ്യര്‍ കടലിലെ ഏകാന്തതയില്‍ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാകണം. കപ്പല്‍ ഒരു കുടുംബം പോലെയാണ്. കുറേ മനുഷ്യര്‍ ഒരു യാത്രക്കിടയില്‍ പെട്ടെന്ന് പര്സപരം അറിയുന്നവരാകുന്ന ഒരദ്ഭുതം അവിടെയുണ്ട്. എന്നാല്‍ മരണം ഒറ്റക്ക് അനുഭവിക്കേണ്ട പൂര്‍വ്വനിശ്ചിത യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യത്തിലേക്ക് ആണ്ടുപോകുന്ന എല്ലാ നാവികര്‍ക്കും വേണ്ടി മാര്‍ക്കേസ് എഴുതിയ പുസ്തകമാണിത്. നീണ്ട കപ്പല്യാത്രക്കൊടുവില് സ്വന്തം നഗരത്തിലെത്താറായ നാവികരുടെ കരയടുക്കാനും കുടുംബത്തെ കാണാനുമുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ അധികഭാരവുമായി സഞ്ചരിക്കുന്ന കപ്പല്‍ തകരുന്നതും വാങ്ങിച്ച വീട്ടുസാധനങ്ങളോടൊപ്പം നാവികരും കടലില്‍ ഒലിച്ചുപോകുന്നു. സഹനാവികരെല്ലാം മരിച്ചിട്ടും ഭാഗ്യം കൊണ്ടും ആത്മധൈര്യം കൊണ്ടും മരണത്തെ അതിജീവിച്ച ഒരു നാവികനെയാണ് മാര്‍ക്കേസ് അവതരിപ്പിക്കുന്നത്.

ലക്ഷദ്വീപില്‍ ജോലി നിയമനം കിട്ടിയപ്പോള്‍ ആകെപ്പാടെ ഒരാവേശമായിരുന്നു. കപ്പല്‍ യാത്രയെന്ന് കേട്ടപ്പോള്‍ വിശാലമായ കടല്‍പ്പരപ്പിലൂടെ ശാന്തമായി ഒഴുകുന്ന മഹായാനത്തിന്റെ ചിത്രമായിരിന്നു മനസ്സില്‍. സുന്ദരമായ അനുഭവങ്ങളെയും വായനാചിത്രങ്ങളും കൊണ്ട് മെനെഞ്ഞെടുത്ത സാങ്കൽപ്പിക യാത്രയായിരുന്നു ഉള്ളില്‍. എന്നാല്‍ യാത്രികര്‍ എപ്പോഴും പ്രതീക്ഷിക്കേണ്ട അസ്വസ്ഥതയാണ് കടല്‍ച്ചൊരുക്ക്. കപ്പല്‍ യാത്രികരുടെ മാത്രമല്ല നാവികരുടേയും അസ്വസ്തതയാണ് കടല്‍ച്ചൊരുക്ക്.
യാത്രക്കാരുടെ തിരക്കും നീണ്ട ബുക്കിങ്ങും കാരണം മെയ് അവസാന ആഴ്ചയിലാണ് എനിക്ക് ലക്ഷദ്വീപിലേക്കുള്ള ടിക്കറ്റ് കിട്ടിയത്. ആദ്യമായി കപ്പലില്‍ കയറുന്നതിന്റെ ആവേശവും പുതിയ സ്ഥലം കാണാനിൽക്കുന്നതിന്റെ പ്രതീക്ഷയും കാരണം ഒട്ടൊരു ഉത്സാഹത്താലാണ് കപ്പലില്‍ കയറിയത്. കപ്പല്‍ യാത്രയെപ്പറ്റിയുള്ള എന്റെ മനസ്സിലെ ചിത്രങ്ങളിലൊക്കെയും കപ്പല്‍ മുനമ്പില്‍ ചുറ്റിവച്ച കൈത്തണ്ടയേക്കാള് വണ്ണമുള്ള നനഞ്ഞ ഉപ്പുപറ്റിയ കയറുകളും അതിനടുത്തെ തുരുമ്പിച്ച ആനക്കാല് തിരിച്ചുവെച്ചതുപോലുള്ള ഇരുമ്പ് കുറ്റികളുമായിരുന്നു. മെയ്ത്തവഴക്കത്തോടെ അത് കൈകാര്യം ചെയ്യുന്ന കപ്പല്‍ ജോലിക്കാരും മനസ്സിലെ കപ്പലിലൂടെ ഉറച്ച ശരീരവും പ്രദര്‍ശിപ്പിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. ആര്.എല്‍ സ്റ്റീവൻസണിന്റെ ട്രഷര്‍ ഐലന്റും അലക്സാന്ദ്രെ ദ്യൂമയുടെ (Alexandre Dumas) കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോയും സൃഷ്ടിച്ച നാടകീയത മുറ്റിനിൽക്കുന്ന ഭാവനാലോകമായിരുന്നു എന്റെ മനസ്സിലെ കപ്പിലിലാകെയും. ഞാന്‍ കയറിയ കപ്പല്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു.
ഞാന്‍ ആദ്യമായി കയറിയ കപ്പല്‍ നൂറ്റമ്പതോളം യാത്രക്കാരെ കയറ്റാവുന്ന ചെറിയ കപ്പലായിരുന്നു. അതില്‍ പുഷ്ബാക്ക് സീറ്റില്‍ ഇരിക്കാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും അതൊരു കപ്പല്‍ തന്നെയായിരുന്നു. അതില്‍ ക്യാപ്റ്റന്റെ ക്യാബിനും നാവികരുടെ സഹായത്തിനുള്ള ആധുനിക സംവിധാനങ്ങളും സാറ്റലൈറ്റുകളുടെ സഹായത്താല്‍ കാലാവസ്ഥവ്യതിയാനങ്ങള്‍ അറിയാനുള്ള സംവിധാനങ്ങളും തുടങ്ങി ഒരു കപ്പലിന് വേണ്ടതെല്ലാം ഉണ്ടായിരുന്നു.
കപ്പല്‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ ആദ്യമായി കടലിലൂടെ സഞ്ചിരിക്കുന്നതിന്റെ ആവേശത്തിലായിരുന്നു. തീരം കെട്ടിടങ്ങളും പച്ചപ്പും നിറഞ്ഞ തീരം കാണെക്കാണെ ഇല്ലാതാകുന്നതും ചുറ്റിലും കടല്മാത്രം നിറയുന്നതും കണ്ട് കപ്പലിന്റെ കൈവരികളില്‍ നോക്കി നിന്നു. ചത്തുകിടക്കുന്ന വലിയ മത്സ്യത്തിന്റെ കണ്ണുപോലെ കടല്നിശ്ചലമായിരുന്നു. കപ്പല്‍ ആ നിശ്ശബ്ദതയില്‍ വെണ്‍നുര തീര്‍ത്തു. ആ പതഞ്ഞുപൊങ്ങിയ ജലരേഖ കപ്പലിന് പിന്നില്‍ അപ്രത്യക്ഷമായി. ആദ്യയാത്രയില്ത്തന്നെ കടല്‍ച്ചൊരുക്ക് അതിന്റെ തീവ്രതയില്‍ എനിക്ക് അനുഭവിക്കേണ്ടി വന്നു. ന്യൂനമര്‍ദ്ദം കാരണം കടല്‍ പ്രക്ഷുബ്ധമാവുകായാണ്. എല്ലാവരും ഉള്ളിലേക്ക് കയറിയിരിക്കണം. ക്യാപ്റ്റന്റ് ക്യാബിനില്‍ നിന്ന് ആരോ കപ്പലിലെ ഉച്ചഭാഷിണിയിലൂടെ തീര്‍ത്തും നിസ്സാരമായ ഒരു കാര്യമെന്നതുപോലെ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും പറഞ്ഞു.
എന്റെ മനസ്സിലെ കപ്പല്‍ ചിത്രങ്ങളിലൊന്നും പേടിയുടെ നീലഞരമ്പുകളില്ലായിരുന്നു. അതുകൊണ്ട് അനൗണ്‍സ്മെന്റ് പ്രധാനപ്പെട്ട ഒന്നാണെന്ന് എനിക്കും തോന്നിയില്ല. കപ്പല്‍ ചെറുതായി ഉലയുന്നതൊഴിച്ചാല് കാര്യമായ ഒരു പ്രശ്നം അപ്പോള്‍ തോന്നിയതുമില്ല. യാത്ര തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കടല്‍ ക്ഷോഭിക്കാന്‍ തുടങ്ങി. കാറ്റും മഴയും വന്നു. അതുവരെ ശാന്തമായിരുന്ന കടല്പ്പരപ്പിനുമുകളില് തിരകളുടെ വെള്ളനുരകള് കണ്ടുതുടങ്ങി. താളരഹിതമായ ജലപ്പരപ്പില്‍ നിൽക്കാനാവാതെ കപ്പല്‍ ഉലയാന്‍ തുടങ്ങി. ആ ഉലയലില്‍ ഏറെ നേരം ഊഞ്ഞാലാടിയ നിലത്ത് നില്കുന്നതുപോലെ തല കറങ്ങാന്‍ തുടങ്ങി. വയറിനുള്ളില്‍ നിന്നുള്ള പുളിപ്പുകലര്ന്ന ദ്രവത്തോടും കൂടി പാതി ദഹിച്ച ഭക്ഷണം പുറത്തേക്കു വന്നു. സഹയാത്രികരില്‍ മിക്കവരും അവശരായി. കടലിന്റെ ഗന്ധവും അനേകം ഛര്‍ദ്ദിലുകള്‍ നിറഞ്ഞ കപ്പലിന്റെ ഗന്ധവുമായി കടല്‍ച്ചൊരുക്ക് അസഹനീയമായി. അത് ഒരു രാത്രി മുഴുവന്‍ നീണ്ടു നിന്നു. പിറ്റേന്ന് പകല്‍ ഉച്ചക്ക് കപ്പലില്‍ നിന്ന് ഇറങ്ങുന്നതുവരെയും.
സൂചികള്‍ തറച്ചുകയറുന്നതുപോലെ സൂര്യപ്രകാശവും വീഴുന്ന പകലും ശീതീകരണിക്കുള്ളിലെ മത്സ്യത്തെപ്പോലെ രാത്രിയും, അതും ഒമ്പത് ദിവസം, വെള്ളമോ ഭക്ഷണമോ ലഭിക്കാതെ വെള്ളത്തിന് നടുവില്‍ മത്സ്യഭക്ഷണത്തിന് നടുവില്‍ കഴിഞ്ഞ വെലാസ്കോ എന്ന് നാവികന് എങ്ങനെയാകും അത്രയും ദിവസങ്ങള്‍ തള്ളിനീക്കിയിട്ടുണ്ടാവുക. അയാള്‍ എന്തുകൊണ്ടാണ് മരണത്തിന് കീഴടങ്ങാന്‍ വിസമ്മതിച്ചത്. മാര്‍ക്കേസിന്റെ പുസ്തകത്തിലെ അനുഭവങ്ങള്‍ സങ്കല്പങ്ങള്ക്കും അതീതമായിരുന്നു.
തളര്‍ന്നു കിടക്കുമ്പോള്‍ ഞാന്‍ വാര്ദ്ധക്യത്തിനെപ്പറ്റിയാണ് ഓര്‍ത്തത്. അനങ്ങാനാവാതെ ആഗ്രഹിച്ചതൊന്നും നടത്താനാവാതെ കിടക്കുന്ന അവസ്ഥ. എന്റെ കിടപ്പിമായി അതിന് വ്യത്യാസങ്ങളുണ്ട്. ഇവിടെ ഞാന്‍ ഒറ്റക്കാണ് കിടക്കുന്നത്. ആര്‍ക്കും ഒരു ഭാരമല്ലാതെ. കപ്പല്‍ നിര്‍ത്തിക്കഴിഞ്ഞാല്‍ എഴുന്നേറ്റ് വരുമെന്ന് പൂര്‍ണ്ണമായി ഉറപ്പുണ്ട്. എന്നാല്‍ വാര്‍ദ്ധക്യത്തിലോ. അവിടെ മറ്റുള്ളവര്‍ക്ക് ഒരു ഭാരവും ബാധ്യതയുമായാണ് കിടക്കുന്നത്. നാള്‍ക്കുനാള്‍ അത് ഏറിവരികയേയുള്ളൂ. ഇനി എഴുന്നേറ്റ് വരുമെന്നോ തനിച്ച് ജീവിക്കുമെന്നോ പറയാനാവില്ല. ഒരിക്കല്‍ നമുക്കി കീഴെ ജീവിച്ചവയെല്ലാം നമുക്ക് മുകളിലൂടെ നടന്നുപോകും. മക്കളും ബന്ധുക്കളും പൂക്കളും പാറ്റയുമെല്ലാം. അപ്പോഴും മരവിച്ചിട്ടില്ലാത്ത മനസ്സിന് അതൊക്കെ താങ്ങാവുമോ. തളര്‍ന്ന ശരീരത്തിനകത്ത് കൊള്ളാനാവാതെ മനസ്സ് അപ്പോഴും കുതറിക്കൊണ്ടിരിക്കും, കടലിന് നടുവില്‍ പെട്ട് മനുഷ്യാത്മാക്കളെപ്പോല. അവഹേളനങ്ങള്‍ താങ്ങാനാവാതെ, നിസ്സാരതയെ ഉള്‍ക്കൊള്ളാനാവാതെ, വാര്‍ദ്ധക്യത്തെ ശരിക്കുമൊന്ന് മനസ്സിലാക്കാന്‍ കൂടി സാധിക്കാതെ അത് ശരീരത്തെ അസ്വസ്ഥമാക്കും. നൊമ്പരപ്പെടുത്തും. എത്രയും പെട്ടെന്ന് മരിച്ചെങ്കില്‍ എന്ന് ആഗ്രഹിപ്പിക്കും. മരണത്തെ പേടിയാണെങ്കില്‍ കൂടി.
കടലിന് നടുവില്‍ മരണം പതിയിരിപ്പുണ്ട്. ഒരു യാത്രാക്കപ്പലിലെ യാത്രികരൊന്നും മരണത്തെ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ലക്ഷദ്വീപിലേക്ക് ഒഴുകിയെത്തുന്ന ഓരോ കപ്പലും പാല്‍മണക്കുന്ന പുതിയ കുഞ്ഞുമായാണ് വരിക. ദ്വീപില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ പ്രസവസമയമടുക്കുമ്പോള്‍ പലരും കേരളത്തിലെ
ആശുപത്രികളിലെത്തും. കപ്പലിലാകെ പാല്‍മണം പരത്തുന്ന ആ കുഞ്ഞുങ്ങളുടെ ആദ്യയാത്ര പ്രവചനാതീതമാണ്. കടല്‍ ചിലപ്പോള്‍ ശാന്തമാവും ചിലപ്പോള്‍ അസ്വസ്തവും. മുതിര്‍ന്നവര്‍ തളര്‍ന്നുകിടക്കുമ്പോഴും കൊച്ചുകുട്ടികള്‍ കടല്ച്ചൊരുക്കറിയാതെ കളിക്കുന്നത് കാണാം. കടല്ല്ക്കോളില് അവര്‍ പ്രകൃത്യാ അതിജീവിക്കുന്നു. ഓരോ കപ്പല്‍യാത്രയും മരണത്തിനും ജീവിതത്തിനുമിടയിലുള്ള ട്രപ്പീസുകളിയാണ്. മാര്‍ക്കേസിന്റെ പുസ്തകത്തിലെ കടലില്‍ മുങ്ങിപ്പോയവര്ക്കും മരണത്തെ അതിജീവിച്ച വെലാസ്കോയ്ക്കും ഇടയിലാണ് ഓരോ യാത്രക്കാരനും. യാത്രികര്‍ അത് അറിയുന്നില്ലെങ്കിലും.