/indian-express-malayalam/media/media_files/uploads/2017/11/Qareeb-Qareeb-Single-Featured.jpg)
Qarib Qarib Singlle കണ്ടിറങ്ങുമ്പോള്‍ എനിയ്ക്ക് തോന്നി ഞാന്‍, ജയ എന്ന പാര്‍വ്വതി തിരുവോത്ത് ആണെന്ന്. ആള്ക്കൂട്ടത്തിലെവിടെ
മൂന്നോ മുപ്പതോ പഴയ പ്രണയിനികളുടെ അടുത്തേക്ക് വെറുതേ ഒന്നു പോയി വരാന്‍ ഒരുങ്ങുന്ന ഏതോ യോഗിയ്‌ക്കൊപ്പം ഒരു തമാശ പോലെ, ആവര്‍ത്തനവിരസമായ
ജീവിതത്തില്‍ നിന്നൊരു വെറും മാറ്റമെന്ന പോലെ കൂട്ടു ചേരുന്ന എന്നെയും
യാത്രയ്ക്കിടയിലെങ്ങോ വഴക്കിനും പരസ്പരം ചേരായ്കയ്ക്കും ചിരികള്‍ക്കുമിടയ്ക്ക് വച്ച് അവനെച്ചൊല്ലി പൊസസ്സീവ് ആകാന്‍ തുടങ്ങുന്ന എന്നെയും സിനിമ വിട്ടിറങ്ങുമ്പോള്‍ കണ്ണാടിച്ചില്ലിലെ പ്രതിബിംബത്തില്‍ എനിയ്ക്കു കാണാമായിരുന്നു. യോഗിയുടെ പഴയ പെണ്ണുങ്ങളും അവനും ഇപ്പോഴും കെടാതെ സൂക്ഷിയ്ക്കുന്ന പാട്ടുകളിലും കീ ചെയിനുകളിലും ചില പ്രിയപ്പെട്ട നുണകളിലും പഴയ ഒരു സ്‌ക്കൂട്ടറിന്‍റെ കണ്ണാടിത്തുണ്ടിലും മെറൂണ്‍ ഉടുപ്പിലും തിളങ്ങുന്ന പ്രണയത്തരികള്‍ കണ്ട് എനിയ്ക്ക് അസൂയ വരുന്നതും ഞാന്‍ കണ്ടു. അസൂയയേയില്ല എന്നു നടിച്ച്,'എന്‍റെ ഹൃദയത്തിലെ എനിയ്ക്കുമാത്രം' കാണാനാകുന്ന ഈഗോയ്ക്കു ജയിക്കാന്‍വേണ്ടി 'എനിയ്ക്കുമുണ്ട് പ്രണയം' എന്നു ഞാന്‍ കഥ മെനഞ്ഞഭിനയിക്കുന്നതും ഭൂമിയില്‍ നിന്നു മരണം കൊണ്ടുപോയ ഇണയുടെ പേര് പാസ് വേഡായി നിലനിര്‍ത്തി 'ലോകത്തിന് എന്നെ ഒറ്റയ്ക്കാന്‍ പറ്റില്ല' എന്നു വെറുതേ നടിച്ചുനോക്കുന്നതും കണ്ണാടിച്ചില്ലുകള്‍ എനിയ്ക്ക് കാണിച്ചു തന്നു.
ഓരോ സ്ത്രീയ്ക്കും താനനുഭവിയ്ക്കുന്നുണ്ടോ ഒരു ഒറ്റപ്പെടല്‍ എന്നുള്ളിലാകെ തിരയാന്‍ ഈ സിനിമ പ്രേരണയാകുന്നുണ്ട്. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു യോഗിയെ ആവശ്യമുണ്ടോ എനിയ്ക്ക് , ഒരു ജയയെ ആവശ്യമുണ്ടോ എനിയ്ക്ക് എന്നു സ്വയം ചോദിച്ച് പഴയ കീ ചെയിനുകളും പഴയ പാസ് വേഡുകളും ഡിലിറ്റ് ചെയ്ത് 'ആ വഴി ഈ വഴി ഒരു സ്വപ്നം വരുന്നുണ്ടോ' എന്നു കാത്തുനില്‍ക്കുന്ന കുറച്ചുപേരെ ഈ സിനിമ സൃഷ്ടിക്കുന്നുണ്ട്. ജീവിതം
മടുക്കുമ്പോള്‍ , വഴിയേ കയറിവന്ന സ്വപ്‌നത്തിനു നേരെ കണ്ണടച്ച് വീണ്ടും പഴയ അതേ മടുപ്പില്‍ തുടര്‍ന്ന് പഴയ ലക്ഷ്മണ വൃത്തങ്ങളിലേക്ക് ഒതുങ്ങുന്നതെന്തിനാണ് നമ്മളൊക്കെ എന്നു ചോദിക്കുന്നുമുണ്ട് ഈ സിനിമ.
സ്ത്രീയ്ക്കുമാത്രം കാണാന്‍ പറ്റുന്ന ചില സ്‌പെയ്‌സുകള്‍ എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. സ്ത്രീ കൈകാര്യം ചെയ്യുമ്പോള്‍ ഹാസ്യത്തിന് സിക്‌സ്‌പാക്കില്ല, അതു പിന്നെ ജിംനാസ്റ്റിക്‌സ് പോലെയാണ്, എല്ലില്ലെന്നു തോന്നിയ്ക്കുന്നത്ര സുഖകരമായ തിരിച്ചിലുകളും മറിച്ചിലുകളും സാദ്ധ്യമാകുന്ന ഇടമാണത്.
ജീവിതം മുഴുവന്‍ ഒന്നുകില്‍ ഒരേ ഒരു ഭര്‍ത്താവിനൊപ്പം എല്ലാ നല്ലതും എല്ലാ ചീത്തയും സഹിച്ചുമടുത്തു ജീവിയ്ക്കുക അല്ലെങ്കില്‍ ഒരിക്കലുണ്ടായിരുന്ന ഒരു ബന്ധത്തിന്‍റെ ഓര്‍മ്മയില്‍ ജീവിതം ഉന്തിത്തള്ളിനീക്കുക എന്നീ രണ്ടുവഴികള്‍ മാത്രം അറിയുന്ന ഇന്ത്യന്‍
സ്ത്രീയ്ക്കു മുന്നില്‍ ആണ് സംവിധായിക തനുജാ ചന്ദ്ര ഈ സിനിമ നിവര്‍ത്തിയിടുന്നത്. ഇടയ്‌ക്കെന്നോ ഒരു ഋതുഭേദത്തില്‍ വന്നു തൊടുന്ന സ്വപ്‌നത്തിന്‍റെ നിറച്ചാര്‍ത്തിനെ വകഞ്ഞു മാറ്റണോ അതോ അതിനെ ചേര്‍ത്തു പിടിയ്ക്കണോ എന്ന ചോദ്യമാണ് യോഗിയും ജയയും ചേര്‍ന്നുള്ള ചിരിക്കൂട്ടുകളില്‍ നിന്നുതിരുന്നത്. ഒറ്റപ്പെടലുകളിലെ കണ്ടുമുട്ടലുകള്‍
ചിലപ്പോള്‍ കവിതയുടെ തുരുത്തുകളാകുന്നതിലെ ഭംഗിയാണ് ഈ ചിത്രം.
ജീവിതം മാറുന്നത് അപ്രതീക്ഷിതമായാണ് എന്നും വഴിത്തിരിവുകള്‍ സങ്കല്പ്പങ്ങള്ക്കുമപ്പുറത്താ
ഫെമിനിസച്ചരടുറപ്പിയ്ക്കുന്നതി
ഇസങ്ങള്‍ക്കുമപ്പുറമാണെന്നു പറഞ്ഞു തരുന്നുണ്ട്.
കവിത മാത്രമാണ് തന്‍റെ ഹോബി എന്നു പറയുന്ന യോഗിയുടെ നായകപദവിയോളം വലുതാണ് ഈ സിനിമയില്‍ പാട്ടുകളുടെ അര്‍ത്ഥതലങ്ങള്‍. ഓരോ സന്ദര്‍ഭവും ചിരിയ്ക്കപ്പുറമുള്ള അവയുടെ ആഴം കാണിച്ചു തരുന്നത് ജീവിതത്തെ തൊടുന്ന പാട്ടുവരികളിലൂടെയാണ് . രാജ്‌ശേഖറിന്‍റെ വരികള്‍ക്ക് അനുമാലികും റോച്ചക് കോഹ്‌ലിയും വിശാല്‍മിശ്രയും ഈണം പകരുമ്പോള്‍ , പാര്‍വ്വതിയും ഇര്‍ഫാനും സ്വയം മതിമറന്നഭിനയിക്കുമ്പോള്‍ കഥയിലെ വിടവുകളെക്കുറിച്ചുള്ള ചോദ്യങ്ങളൈയെല്ലാം നിഷ്പ്രഭമാകുന്നു.
/indian-express-malayalam/media/media_files/uploads/2017/11/Irrfan-Khan.jpg)
ജയയുടെ കുടുംബചിത്രം, സ്‌ക്കൈപ്പില്‍ തെളിയുന്ന ഒരനിയന്‍ മുഖമായും ഫോണില്‍
മുഴങ്ങുന്ന അമ്മശബ്ദമായും അവള്‍ ദേഷ്യം വരുമ്പോള്‍ പറയുന്ന മലയാളമായും
വ്യക്തമാണ് . അവളുടെ ജോലിയിടവും അവിടെയവള്‍ കണിശമായി പിന്തുടരുന്ന
കാര്‍ക്കശ്യവും വിറപ്പിയ്ക്കലുകളും അവളുടെ സൗഹൃദ ഇടങ്ങളും അവിടെ അവള്‍
പാവക്കുട്ടിയെപ്പോലെ കൈകാര്യം ചെയ്യപ്പെടുന്നതും, വന്നുപോകാനാരുമില്ലാത്ത ഏകാന്തനേരങ്ങളില്‍ അവള്‍ ആഹാരം കഴിയ്ക്കുന്നതും കഴിക്കാതിരിക്കുന്നതും , കാണാനോ സമാധാനിപ്പിയ്ക്കാനോ കാരണം തിരക്കാനോ ആരുമില്ലാതെ കരയുന്നതും കൃത്യമായി പറഞ്ഞുവയ്ക്കുന്നു കഥ. പക്ഷേ യോഗി, കാറ്റിനൊപ്പം പറക്കുന്ന അപ്പൂപ്പന്‍താടിയെപ്പോലെയാണ് കഥയില്‍. വേരോ, ജോലിയോ വന്ന വഴിയോ ഇല്ലാത്തത്ര അലസമായി സിനിമയിലൂടെ യോഗി നടക്കുന്നു, ചിലപ്പോള്‍ ചില പ്രണയ ഓര്‍മ്മകളില്‍ ചാരിച്ചാരി നില്‍ക്കുന്നു.
പ്രണയ ഓര്‍മ്മകള്‍ കൊണ്ടുമാത്രം സംവിധായിക യോഗിയെ പണിതിരിക്കുന്നതും
ജയയുടെ വീട്ടിലാരും ഒറ്റമലയാളം വാക്കുപോലും ഉച്ചരിക്കുന്നതായി
കേള്‍പ്പിക്കാത്തതും വേണമെങ്കില്‍ പോരായ്മകളായി ചൂണ്ടിക്കാണിയ്ക്കാം. പക്ഷേ പ്രണയത്തിലെ കവിതയാണ് ഈ സിനിമ എന്നു വായിച്ചെടുത്താല്‍പ്പിന്നെ
കഥയിലെ പോരായ്മകളെയും ചേരായ്മകളെയും കണ്ടില്ലെന്നു നടിക്കാനേ ആവൂ.
സഹയാത്രികരുടെ പ്രണയം, കെട്ടുപാടുകളില്ലാത്ത പ്രണയമാണ് തനുജാചന്ദ്ര
വരയ്ക്കുന്നത്. ജീവിതാന്ത്യം വരെ ഒന്നിച്ചു ജീവിച്ച് ഒന്നിച്ചു മരിയ്ക്കണമെന്നു നിര്‍ബന്ധമില്ലാത്ത ഒരു കൈച്ചുറ്റ്, ഇഷ്ടത്തിന്‍റെ പക്കോഡകള്‍ , മുഖത്തും മാനത്തും തെളിയുന്ന പൂര്‍ണ്ണചന്ദ്രന്‍, ഒരു കാര്യവുമില്ലെങ്കിലും നിലക്കാത്ത സംസാരം, ഉച്ചത്തിലുള്ള വഴക്കുകള്‍ മാഞ്ഞുപോകുന്ന ചില പാളിനോട്ടങ്ങള്‍ ഇതൊക്കെയാണ് പ്രണയം എന്ന് ഈ സിനിമ.
മണ്‍സൂണ്‍ വെഡിങ്‌പോലെ തുടങ്ങി, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യറിലെ പോലെ ചില വരകള്‍ വരച്ച്, ക്വീനിലെ വെട്ടിത്തുറന്നുപറച്ചിലുകളോട് ഛായ തോന്നിപ്പിച്ച് പക്ഷേ ഇതിലെയെല്ലാത്തിലെയും കവിത മുഴുവന്‍ ചേര്‍ന്നാലെങ്ങനെയോ എന്ന മട്ടില്‍, പ്രതികാരത്തിനും വിങ്ങിപ്പൊട്ടലിനും ശാപവാക്കുകള്‍ക്കുമിടമില്ലാത്ത മധുരപ്രണയത്തിന്‍റെ വഴിയേ ഒറ്റയ്ക്ക് പോകുന്നു ഈ സിനിമ. അതുകൊണ്ടുതന്നെയാണിതിന്രെ പേര് Qarib, Qarib Singlle എന്നാവുന്നത്.
ചിരിയ്ക്കുന്നതും ചിരിപ്പിക്കുന്നതും പ്രണയിക്കുന്നതും എങ്ങനെ എന്നറിയാത്തവര്‍ ഈ സിനിമ കാണുന്നത് നന്നായിരിക്കും. 'മടുപ്പകറ്റൽ' എന്ന ഇന്റര്‍നെറ്റ്കാലത്തെ പ്രണയത്തിന്‍റെ സ്ഥിരംചട്ടക്കൂടു പൊളിച്ച് ജീവിതം അതിനു തോന്നുന്നവഴിയേ പോകുമ്പോള്‍, ഫെയ്‌സ്ബുക്കിലെ പച്ചവെളിച്ചംഅപ്രസക്തമാകുന്നത് കാണുമ്പോള്‍ ഒക്കെ ഫെയ്‌സ്ബുക്കിലെ രസങ്ങളേക്കാള്‍ ഇപ്പോഴും ജീവിതത്തിലെ മധുരത്തിനാണ് മധുരം എന്ന ഒരു രസവായന സാദ്ധ്യമാകുന്നുണ്ട്.
ജയശ്രീ റ്റി കെ എന്ന് ചാറ്റിങ് സൗകര്യത്തിനു വേണ്ടി പേരു മാറ്റിപ്പറയുന്ന ജയ ശശിധരന്‍ പിന്നൊരിയ്ക്കല്‍ 'ജയ മാത്രം, ശ്രീ ഇല്ല' എന്നു തുറന്നുപറയുമ്പോള്‍ 'എന്തൊരു ചെറിയ നുണ' എന്നു പറഞ്ഞ് യോഗി ചിരിയ്ക്കുന്നുണ്ട്. ചെറിയ നുണക്കാരുടേതല്ല ലോകം, മുറിവേല്‍പ്പിക്കാതിരിക്കാന്‍ നോക്കുന്നവരുടേതല്ല ( നന്നായി പാടുന്ന ,ഭര്‍ത്താവു മരിച്ച കൂട്ടുകാരി എന്ന പരിചയപ്പെടുത്തല്‍ ) ലോകം, ആരുടെയോ കുട്ടികള്‍ക്ക് എന്തിനൊക്കെയോ കൂട്ടുപോകാനും അവരുടെ പൂച്ചയെ നോക്കാനും തക്കവണ്ണം, ഒറ്റയ്ക്കായവരെ സ്വജീവിതത്തിനുതകും വിധം എങ്ങനെ ഉപയോഗിക്കാമെന്നു ചിന്തിക്കാത്തവരുടേതുമല്ല ലോകം,
ആണ്‍കൂട്ടില്ലാത്തവള്‍ക്ക് എന്തിനു സൗന്ദര്യപരിപാലനം എന്നു തിരിഞ്ഞും വളഞ്ഞും നേരെയും ചോദിക്കാത്തവരുടേതുമല്ല ലോകം എങ്കിലും നക്ഷത്രങ്ങളില്ലാതിരിക്കുന്നില്ല ഈ ലോകത്തില്‍ എന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഈ സിനിമ പടുത്തുയര്‍ത്തിയിരിക്കുന്നത്.
രണ്ടാമത്തെ പകുതിയില്‍ യോഗിയുടെ പഴയപ്രണയങ്ങളെ ജയയും യോഗിയും കണ്ടെടുക്കുന്നതോരോന്നും സാധാരണ സിനിമാ ക്‌ളീഷേകളെ പൊളിച്ചെഴുതി വിസ്മയിപ്പിച്ചു. വിവാഹവാര്‍ഷികപ്പാര്‍ട്ടിയില്‍ നിന്നു തലയൂരി വന്ന രണ്ടാം പ്രണയത്തിനടുക്കല്‍ യോഗി അത്ഭുതം കൂറി നില്‍ക്കുമ്പോള്‍ ,'വിവാഹത്തെ വിട്ടല്ലല്ലോ പാര്‍ട്ടി വിട്ടല്ലേ ഞാന്‍ വന്നത് ' എന്ന് അവള്‍ വളരെ സ്വാഭാവികമായി ചിരിച്ചു പറയുന്നുണ്ട്. വൈവാഹികജീവിതത്തെ തികച്ചും പ്രായോഗികമായി കാണേണ്ടി വരുന്ന ഒരിന്ത്യന്‍സ്ത്രീയുടെ ഗതികേടിലെ നിസ്സഹായതകള്‍ തന്നെയാണ് യോഗിയുടെ മൂന്നു പഴയ പ്രണയിനികളും നമുക്കുമുന്നില്‍ വരച്ചിടുന്നത്. 'ചെറിയ നുണയേ പറയാനറിയുള്ളോ' എന്ന് ജയയെ കളിയാക്കുന്ന യോഗിയ്ക്ക് കൈയിലിരിപ്പായുള്ളത് വളരെ പഴയ ഒരു നുണയുടെ ചിരിപ്പിയ്ക്കുന്ന ആവര്‍ത്തനം മാത്രമാണെന്നു കണ്ട് ചിരിയ്ക്കുമ്പോഴും 'മറ്റുള്ളവരെയല്ലാതെ അവനവനെ മാറ്റിപ്പണിയാനറിയാത്ത നമ്മള്‍' എന്ന ഒരു വെളിച്ചം ആ ചിരിയ്ക്കു പുറകില്‍ വിരിയുന്നുണ്ട് . ജീവിതം അതിന്‍റെ എല്ലാ
ആര്‍ത്ഥത്തിലും തെളിയുന്ന ആ സിനിമയെ റൊമാന്റിക് കോമഡി എന്ന വിഭാഗത്തില്‍ ഒതുക്കിനിര്‍ത്തേണ്ടതുണ്ടോ ആവോ?
സിനിമ ഒന്നു പാളിയത്, രണ്ടാംപകുതിയോടെയാണ് . ചില ചുവടുകള്‍ തെന്നിവീഴ്ചകളായി. ഈ സിനിമയിലെ പ്രണയത്തിന്‍റെ അല്ലികള്‍ നിദ്ര പൊളിച്ചല്ല കാണിക്കേണ്ടിയിരുന്നത് എന്നു പറയാതെ വയ്യ. പ്രണയത്തിന്‍റെ യാത്രയില്‍ അതിവൈകാരികത കടന്നുകൂടിയപ്പോള്‍ അനാവശ്യനീളവും ഇഴച്ചിലുകളും വന്നു പല സീനുകള്‍ക്കും.
പാര്‍വ്വതി എന്ന മലയാളി നടി ബോളിവുഡിലേയ്ക്ക് അനായാസമായി ഒഴുകിയിറങ്ങുന്നത് കാണുമ്പോള്‍, മലയാളി എന്ന നിലയില്‍ അതിരുകളില്ലാത്ത അഭിമാനം ചിറകു വിരിയ്ക്കുന്നു. കാഞ്ചനമാലയിലെയും ചാര്‍ളിയിലെയും ഒക്കെ പ്രണയത്തിലെ ചില നേരങ്ങളിലെങ്കിലും സംവിധായകരുടെ സ്റ്റിഫ്‌നസ്സ് ഉണ്ടായിരുന്നു എന്ന് തിരിച്ചറിയുന്നതും പാര്‍വ്വതി കുതിയ്ക്കാനിരിക്കുന്ന ഉയരങ്ങളെക്കുറിച്ച് കണ്ണുംപൂട്ടി ചിന്തിയ്ക്കാന്‍ പറ്റുന്നതും ഈ സിനിമ കാണുമ്പോഴാണ്. പാര്‍വ്വതി ഏതൊക്കെയോ ഇടങ്ങളില്‍ തികച്ചും പ്രൊഫഷണലായി മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നു മനസ്സ് ആ നീക്കങ്ങളെ വിലമതിയ്ക്കുമ്പോള്‍, ഇര്‍ഫാന്‍ ഖാന്‍ അലസമട്ടില്‍, ചീകി വയ്ക്കുകയേ ചെയ്യാത്ത തലമുടിച്ചുരുളിലെ കവിതയായി വന്ന് നമ്മുടെ ഹൃദയം കട്ടു കൊണ്ടു പോകുന്നു..
/indian-express-malayalam/media/media_files/uploads/2017/11/Tanuja-Chandra-Vidhu-Vinod-Chopra-Parvathy.jpg)
ഓണ മലയാള സിനിമകള്‍ കണ്ട് ഇനി കുറേനാളത്തേയ്ക്ക് ഒരു സിനിമയും കാണണ്ട എന്നു തീരുമാനിച്ച ഞാന്‍, ഒരു സ്ത്രീ ഒരുക്കിയ ഹാസ്യത്തിന്‍റെ ഹിന്ദി വഴികളില്‍ എന്നെത്തന്നെ ഓര്‍ത്തും എന്നെത്തന്നെ മറന്നും നില്‍ക്കുന്നു .'ഡയലോഗുകളല്ല സിനിമ' എന്ന വാദത്തെ കാറ്റില്‍ പറത്തി നിലയ്ക്കാത്ത സംഭാഷണത്തിന്‍റെ ഒഴുക്കിലെ ഏകാന്ത കവിതയില്‍ സിനിമയെ കുളിപ്പിച്ചെടുത്ത് സംവിധായിക നില്‍ക്കുന്നു. ക്യാമറ, എഡിറ്റിങ്, വസ്ത്രലങ്കാരം, സഹനടീനടന്മാര്‍ ഇതൊക്കെ സിനിമയിലേക്കലിഞ്ഞു ചേര്‍ന്ന് പശ്ചാത്തലത്തിലെഴുതിക്കാണിയ്ക്കുന്ന പേരുകള്‍ മാത്രമാവുന്നു. കവിതാമയമായ ഈരടികള്‍ വന്ന് എല്ലാത്തിനെയും മറയ്ക്കുന്നു.
സ്‌നേഹം പതിരായിപ്പോയ ലോകം എന്ന സ്വപ്‌നം 'നടക്കാനിടയില്ലാത്തത്' എന്ന് എഴുത്തിത്തള്ളേണ്ട എന്ന് ഇര്‍ഫാനും ജയയും തനുജാചന്ദ്രയും ചെവിയില്‍
പറയുന്നു. കടും നീലയും കടുംകുങ്കുമച്ചോപ്പും നിറയുന്ന ആകസ്മികസ്വപ്നങ്ങളെ കൈവിടാതിരിക്കുക എന്നും.
തരംതാണവളിപ്പുകള്‍ തമാശയാണെന്നു കരുതി കൈയടിക്കുന്ന മലയാളി തീര്‍ച്ചയായും ഇത് കാണേണ്ടതാണ്. ആരു കണ്ടില്ലെങ്കിലും മലയാളസിനിമാപ്രവര്‍ത്തകര്‍, ചോരപ്രളയത്തിന്‍റെ ഉസ്താദുമാര്‍, തമാശത്തമ്പുരാക്കന്മാര്‍ ഇവരൊക്കെയും ഇതു കാണേണ്ടതത്യാവശ്യമാണ്. ചിലപ്പോളവര്‍ക്കിത് ഒരു മരുന്നിന്‍റെ ഗുണം ചെയ്താല്‍ , അത് നമുക്കൊക്കെയും നല്ലത്.
കല്യാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.