Latest News
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

കാലത്തെ കൈ പിടിച്ച് നടത്തിയ നാട്

നവോത്ഥാനത്തിന്‍റെ വിത്തുകൾ പൊട്ടി മുളച്ച പരവൂർ ഇന്ന് എവിടെ എത്തി നിൽക്കുന്നു? വിളക്കിന്‍റെ തിരികളായ് കത്തിയ സ്വന്തം നാടിന്‍റെ ചരിത്രത്തിലൂടെ വർത്തമാനകാലത്തെ വായിക്കുകയാണ് അധ്യാപികയായിരുന്ന ലേഖിക

അനീതികളെ കടപുഴക്കിയ സാമൂഹിക മാറ്റത്തിന്‍റെ തിരമാലകളുയർത്തിയ പ്രദേശമാണ് നാലക്ഷരം കൊണ്ട് അടയാളപ്പെട്ട ഈ നാട്. കേരളത്തിന്‍റെ ചരിത്രത്തിന് മുൻപേ നടന്ന ഒരിടം. ചരിത്രത്തിന് പലപ്പോഴും വഴികാട്ടിയായി മാറിയ മുന്നേറ്റങ്ങളുടെ അഴിമുഖം. വിവേചനത്തിന്‍റെ വേലിക്കെട്ടുകളെ മറികടന്ന് പുതിയ ലോകത്തിന്‍റെ ചക്രവാളങ്ങളിലേയ്ക്ക് വികസിച്ച പ്രദേശം. വിദ്യാഭ്യാസത്തിലും പത്രപ്രവർത്തനത്തിലും വ്യവസായത്തിലും തുടങ്ങി സമസ്ത മേഖലകളിലും വികസനത്തിന്‍റെയും വിപ്ലവത്തിന്‍റെയും നാടായിരുന്നു കൊല്ലം ജില്ലയിലെ പരവൂർ. നൂറ്റാണ്ടുകൾക്ക് മുമ്പ് പരവൂർ എഴുതിയ ചരിത്രം മറവിയുടെ ഭണ്ഡാരത്തിലിട്ടാണ് ഇന്ന് കാലം പിന്നോട്ട് നടക്കുന്നത്.

പരവൂർ. എന്‍റെ നാട്. ഞങ്ങളുടെ നാട്. അറബിക്കടലും പരവൂർ കായലും ഇടവ നടയറ കായലും ആലിംഗനം ചെയ്യുന്ന സുന്ദരമായ നാട്.

പല മേഖലകളിലും ഞങ്ങൾ പരവൂരുകാർ പാരമ്പര്യം അവകാശപ്പെടുന്നു. പത്രപ്രവർത്തനം, ആയുർവേദ ചികിത്സ, സാഹിത്യം, സംഗീതം, സംസ്‌കൃത വിദ്യാഭ്യാസം, ജ്യോതിഷ പഠനം, സ്ത്രീ വിദ്യാഭ്യാസം, സഹകരണ പ്രസ്ഥാനം, രാഷ്ട്രീയബോധം, കയർ നിർമ്മാണം, വ്യാപാരം. ഞങ്ങൾ ഊറ്റം കൊള്ളുന്നു പാരമ്പര്യമാണിത്. ഞാനും എന്‍റെ തലമുറയിലെ നല്ലൊരു ശതമാനം ആളുകളും ഉന്നത വിദ്യാഭ്യാസം തേടി, തൊഴിൽ തേടി, ഭാഗ്യം തേടി പരവൂർ വിട്ടു. കുറച്ചു പേർ തിരിച്ചെത്തി. ലോകത്തിന്‍റെ ഏത് കോണിലായാലും വർഷത്തിൽ ഒരു ദിവസം പരവൂരിൽ എത്തി ചേരാൻ ഞങ്ങൾ ശ്രമിക്കും. മീന ഭരണി ദിവസം.

പുറ്റിങ്ങൽ ക്ഷേത്രത്തിൽ ദേവിയുടെ അനുഗ്രഹങ്ങൾക്ക് വേണ്ടി. കഥകളി കാണാൻ. വെടി പറയാൻ. കമ്പം കാണാൻ. കള്ള് കുടിക്കാൻ. നല്ല കടൽ മീനും കായൽ മീനും ആട്ടിറച്ചിയും, മാട്ടിറച്ചിയും, കോഴിയിറച്ചിയും കൂട്ടി ഉണ്ണാൻ. ഊണ് കൊടുക്കുവാൻ.

ഞങ്ങൾ എല്ലാ പേരുടെയും ക്ഷേത്രം. അവിടെ തൊട്ടുകൂടായ്‌മ ഇല്ലായിരുന്നു. ജാതിയിലെ ഉച്ഛനീചത്വം ഇല്ലായിരുന്നു. സംസ്കൃതവും മന്ത്രവും തന്ത്രവും തന്ത്രിയും ഇല്ലായിരുന്നു.
എന്നാൽ പുറ്റിങ്ങലിനപ്പുറമുള്ള ലോകത്തിൽ സ്ഥിതി മറ്റൊന്നായിരുന്നു. നൂറ് വർഷങ്ങൾക്ക് മുമ്പ്, നാടിന്‍റെ പടിഞ്ഞാറേ അറ്റത്തുള്ള പൊഴിക്കരയിലെ ക്ഷേത്രത്തിലോ അഞ്ചൽ ഓഫീസിലോ ഈഴവ പിന്നോക്ക ജാതികൾക്ക് പ്രവേശനം ഇല്ലായിരുന്നു. സി കേശവന്‍റെ ജീവിതസമരത്തിൽ പറയുന്നത് പോലെ, അവർ “ദൂരെ നിന്ന് കുറേ നേരം കൂകി വിളിച്ചാൽ ‘എന്താ’ എന്ന് വെളിയിൽ വന്നു ഗംഭീരമായി അന്വേഷിക്കാൻ മാസ്റ്ററോ പ്യുണോ ഒന്ന് കനിയും. എളുപ്പം കനിയണമെങ്കിൽ തമ്പുരാൻ വിളി കൂടി വേണം. കാശ് വെച്ചിട്ടു മാറി നിൽക്കാൻ പറയും. ഇലപ്പുറത്തു കാശ് വെച്ചിട്ടു മാറി നിൽക്കണം”. പിന്നോക്ക ജാതിക്കാരന്‍റെ കാശിന് അയിത്തമില്ല.

aj jayasree,kollam,puttingal temple
പുറ്റിങ്ങൽ ക്ഷേത്രം

രാജഭരണത്തിൽ നിയമത്തിന്‍റെ ആനുകൂല്യങ്ങളും പരിരക്ഷയും നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങളുടെ, പ്രത്യേകിച്ച് ഈഴവരുടെ, ചെറുത്തു നിൽപ്പിന്‍റെ കഥ കൂടിയാണ് കഴിഞ്ഞ നൂറ്റാണ്ടിലെ പരവൂരിന്‍റെ ചരിത്രം.

ഗവൺമെന്റ് സ്‌കൂൾ പ്രവേശനവും ഉദ്യോഗവും നിഷേധിക്കപ്പെട്ട ഈഴവ സമുദായത്തിലെ ഒരാൾ, കേശവനാശാൻ, 1891ൽ പരവൂരിൽ ഒരു പത്രം തുടങ്ങുന്നു. അതാണ് ‘സുജനാനന്ദിനി’.  കോട്ടയത്ത് ‘മലയാള മനോരമ’ തുടങ്ങി വെറും മൂന്ന് വർഷം കഴിയുമ്പോഴാണിത്. സംസ്‌കൃത പണ്ഡിതനും കവിയും ആയുർവേദ വൈദ്യനുമായ കേശവനാശാൻ മഹാകവി കെ സി കേശവപിള്ളയുടെ ഗുരുവായിരുന്നു.

1905 ൽ എസ് എൻ ഡി പി യോഗം കൊല്ലത്ത് ഒരു വ്യവസായ പ്രദർശനം വിപുലമായി നടത്തി. അതിന് ശേഷം കൊല്ലത്ത് നായർ-ഈഴവ ലഹള ഉണ്ടായി. കേശവനാശാൻ ‘സുജനാനന്ദിനി’യിലെ മുഖപ്രസംഗത്തിൽ റസിഡന്റിനോട്‌ ലഹള ഒതുക്കാൻ അടിയന്തിരമായി ഇടപെടാൻ ആവശ്യപ്പെട്ടു. ഈഴവരിൽ പലരും മതംമാറ്റത്തിനെ കുറിച്ച് ആലോചിക്കുകയാണെന്നും ചൂണ്ടി കാട്ടി. ഈ മുഖപ്രസംഗത്തിൽ പ്രകോപിതരായ ചിലർ ‘സുജനാനന്ദിനി’യുടെ ഓഫീസ് തീയിട്ടു നശിപ്പിച്ചു. കേശവനാശാൻ മാർച്ച് 11ന് ദിവാൻ വി പി മാധവറാവുവിന് കമ്പി സന്ദേശം അയക്കുന്നു: “Sujananandini office was burnt by Nairs previous night beg protection [sic ].”

പത്രം ഉണ്ടെങ്കിലും ഈഴവന് പള്ളിക്കൂടം ഇല്ലായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനം സ്കുളിൽ കയറ്റാനായി സർക്കാരിനോട് ഈഴവർ മുറിവിളി കൂട്ടിയപ്പോൾ ദിവാൻ ശങ്കരസുബയ്യർ വിധിച്ചു: ഈഴവർ സ്കൂളുകൾ ഉണ്ടാക്കിക്കൊള്ളൂ, സർക്കാർ ഗ്രാന്റ് തരാം.

സി കേശവൻ പറയുന്ന പോലെ, “സർക്കാർ സ്കൂളുകൾ അയിത്തമാകാതെ സൂക്ഷിക്കാൻ ബുദ്ധിമാനായ ചാണക്യൻ കണ്ടുപിടിച്ച കുറുക്കുവഴി!” പക്ഷെ തിരുവിതാംകൂറിൽ ആകെ തുടങ്ങിയത് രണ്ടേ രണ്ടു ഈഴവ പ്രൈമറി സ്‌കൂളുകൾ. അതിൽ ഒന്ന് 1895 ൽ പരവൂരിൽ കൊച്ചനന്തൻ വൈദ്യർ അദ്ദേഹത്തിന്‍റെ സ്ഥലത്തു തുടങ്ങിയ പെണ്‍പള്ളിക്കൂടം.

ഇത്രയൊക്കെ ആണെങ്കിലും യാത്രാസ്വാതന്ത്ര്യത്തിന് പിന്നോക്ക ജാതിക്കാർക്ക് പരിമിതികൾ ഉണ്ടായിരുന്നു. പെൺപള്ളികുടത്തീന്ന് അര കിലോമീറ്റർ ദൂരെയുള്ള മണിയംകുളം പാലം കടക്കാൻ നായർക്ക് ഈഴവൻ വഴി മാറി കൊടുക്കണം. ഈ ജാതി സ്പർദ്ധ മാറ്റാൻ പണവും ജനസ്വാധീനവും ഉണ്ടായിരുന്ന കെ എൻ കേശവൻ ഒരു വലിയ ചൂരലും ആയി ഒരു ദിവസം വൈകുന്നേരം പാലത്തിന്‍റെ മധ്യത്തിൽ നിൽപ്പായി. നായന്മാർക്ക് പാലം കടക്കാൻ കഴിഞ്ഞില്ല. അടിയും ലഹളയും നടന്നു. അതോടെ ഈഴവന് മണിയംകുളം പാലത്തിൽ സ്വാതന്ത്ര്യം കിട്ടി. ഈഴവ-നായർ സ്പർദ്ധയ്ക്ക് ശമനവും വന്നു.

aj jayasree,kollam,puttingal temple
കോട്ടവിള നാരായണന്‍ നായര്‍

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പള്ളിക്കൂടം ഇല്ലാതിരുന്ന പരവൂരിൽ 111 വർഷങ്ങൾക്ക് മുമ്പ്, 1907ൽ, കോട്ടവിള നാരായണൻ നായരും ചാമവിള ഗോവിന്ദപിള്ളയും ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു. എല്ലാ ജാതിമതസ്ഥർക്കും വിദ്യയുടെ വാതിൽ തുറന്ന് കൊടുത്തു കൊണ്ട് വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും ഒരു വിപ്ലവം ആണ് അവർ സൃഷ്ടിച്ചത്.  അന്ന് ആറ്റിങ്ങലിനും കൊല്ലത്തിനും ഇടയിലുള്ള ഏക ഇംഗ്ലീഷ് സ്കൂൾ ആയിരുന്നു അവർ സ്ഥാപിച്ച  കോട്ടപ്പുറം ഹൈസ്‌കൂൾ (KHS). പരവൂരിന് തെക്കും വടക്കും ഉള്ള ആയിരക്കണക്കിന് കുട്ടികൾക്ക് പഠിക്കാൻ അവസരം കൊടുത്ത കോട്ടപ്പുറം ഹൈസ്‌കൂൾ ആ നാടിന്‍റെ ഹൃദയഭാഗത്ത് കെടാവിളക്ക് ആയി നില കൊള്ളുന്നു.

aj jayasree,kollam,puttingal temple
കോട്ടപ്പുറം ഹൈസ്കൂള്‍

തിരുവിതാംകൂറിലെ സാമൂഹിക രംഗത്ത് ഉണ്ടായ മാറ്റങ്ങളുടെ പരിച്ഛേദം ആണ് ഈ ചെറിയ ഭൂപ്രദേശത്തും ഉണ്ടായത്. 1920കളിൽ ഈഴവരുടെ വകയായി തിരുവിതാംകൂറിൽ ഒന്നോ രണ്ടോ മിഡിൽ സ്‌കൂളും ഒരു ഹൈസ്‌കൂളും മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രൈവറ്റ് സ്‌കൂളുകൾ അധികവും ക്രിസ്ത്യാനികളുടെയും നായന്മാരുടെയും ആയിരുന്നു. ഈ സ്‌കൂളുകളിൽ ഫീസ് സൗജന്യത്തിനു ഈഴവർ സർക്കാരിനെ നിരന്തരം സമീപിച്ചു. 1923ൽ ദിവാൻ രാഘവയ്യ ഈഴവർക്ക്‌ പ്രൈവറ്റ് സ്‌കൂളുകളിൽ ഫീസ് സൗജന്യം അനുവദിച്ചു. സ്‌കൂളിന്‍റെ നഷ്ടത്തിന്‍റെ 75 ശതമാനം സർക്കാർ നൽകാമെന്നും ഏറ്റു. സി കേശവൻ പറയുന്നത്: “പ്രൈവറ്റ് സ്‌കൂളുകൾ ഈഴവർക്ക്‌ അനുകൂലമായ ഒരു നില സ്വീകരിക്കുമെന്ന് ഗവൺമെന്റോ ഈഴവ നേതാക്കളോ കരുതിയിരുന്നില്ല.”

aj jayasree,kollam,puttingal temple
എസ്.എന്‍.വി. സ്കൂള്‍

25 ശതമാനം ഫീസ് നഷ്ടപ്പെട്ട് കൊണ്ട് ഈഴവരെ പഠിപ്പിക്കാൻ ഉള്ള ബുദ്ധിമുട്ട് കോട്ടപ്പുറം ഹൈസ്‌കൂൾ മാനേജ്‌മന്റ് അറിയിച്ചു. ഇതിൽ രോഷം പൂണ്ട, കഷ്ടിച്ച് 28 വയസ്സ് മാത്രം പ്രായം ഉള്ള, കൽക്കത്തയിൽ നിന്നും വിദ്യാഭ്യാസം നേടിയ ടി ആർ ഗോവിന്ദനും മറ്റു ഈഴവ പ്രമുഖരും വാശിയോടെ കോട്ടപ്പുറം സ്‌കൂളിന് എതിർ വശത്തു മൂന്നു ദിവസം കൊണ്ട് ഈഴവന്‍റെ സ്‌കൂൾ സ്ഥാപിച്ചു. ശ്രീ നാരായണ വിലാസം (SNV) സ്‌കൂൾ. കോട്ടവിള സ്‌കൂളിലെ ബഹുപൂരിപക്ഷം ഈഴവ വിദ്യാർഥികൾ പുതിയ സ്‌കൂളിലേക്ക് മാറി. സി കേശവൻ പറയുന്നത്, പരവൂരിലെ ഈഴവരുടെ ഈ വാശി മൂലം തിരുവിതാംകൂറിലുള്ള മാനേജ്മെന്റ് സ്‌കൂളുകൾ മുഴുവൻ ഈഴവ വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യം നൽകാൻ തയ്യാറായി.

aj jayasree,kollam,puttingal temple
ടി.ആര്‍ .ഗോവിന്ദന്‍

അക്കാലത്ത് തിരുവിതാംകൂറിൽ സഹകരണ പ്രസ്ഥാന രംഗത്ത് ബാങ്കുകൾ ആവിർഭവിക്കുക ഉണ്ടായി. അങ്ങനെ സ്ഥാപിതമായ ഒൻപതു അർബൻ ബാങ്കുകളിൽ ഒന്നാണ് 1927ലെ പരവൂർ അർബൻ ബാങ്ക്. ഈ ബാങ്കിന്‍റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ നായർ വിഭാഗത്തിൽ ഉള്ളവർ ആയിരുന്നു. ഈഴവർക്ക് അംഗത്വം നൽകാൻ അവർ വൈമനസ്യം കാട്ടി. ഇതിൽ പ്രതിഷേധിച്ചു ആണ്ടിയറ കൃഷ്ണൻ മുതലാളിയും ടി ആർ ഗോവിന്ദനും മറ്റ് ഈഴവ പ്രമാണികളും ഒരു ദിവസം കൊണ്ട് ഒരു പുതിയ ബാങ്കിനായി മൂലധനം സ്വരൂപിക്കുകയും ശ്രീനാരായണ വിലാസം (SNV) ബാങ്ക് സ്ഥാപിക്കുകയും ചെയ്തു. ഇന്ന് കേരളത്തിലെ മുഖ്യ സഹകരണ ബാങ്കുകളിൽ ഒന്നായി ഇത് വളർന്ന് കഴിഞ്ഞു.

എന്നാൽ നവോത്ഥാന കാലത്തിന് എത്രയോ ദശാബ്ദങ്ങൾക്കു മുമ്പ് തന്നെ പരവൂരിലെ ഒരു ചെറിയ ചുറ്റളവിൽ ജാതി തീണ്ടിയിരുന്നില്ല . പുറ്റിങ്ങൽ ക്ഷേത്രം. രേഖകളുടെ പിന്തുണയുടെ കുറവുണ്ടെങ്കിലും ഏകദേശം മുന്നൂറ് വർഷം പഴക്കമുള്ളതാണ് ഈ ഭദ്രകാളി ക്ഷേത്രം. നിലവിലുള്ള ക്ഷേത്ര സങ്കൽപ്പങ്ങളെയും ക്ഷേത്ര ആരാധനകളെയും പൂജാവിധികളെയും വെല്ലുവിളിച്ചു, തകിടം മറിച്ചു നിലവിൽ വന്ന ക്ഷേത്രം. ഇതിന്‍റെ ഉത്ഭവത്തിന് ഒരു ഐതിഹ്യം ഉണ്ട്.

ദലിത് വിഭാഗത്തിലെ കുറുമ്പ പുല്ല് ചെത്തുമ്പോൾ ഒരു പുറ്റിൽ അരിവാള് കൊള്ളുകയും രക്തം കാണുകയും ചെയ്യുന്നു. അവർ അടുത്തുള്ള ഒരു വീട്ടിലെ ഗൃഹനാഥനെ കാര്യം അറിയിക്കുന്നു. ഈഴവ സമുദായത്തിലെ ആ വ്യക്തിക്ക് പൂജാവിധി അറിയാമായിരുന്നു. അയാൾ രക്തം കണ്ട സ്ഥലത്തു കരിക്ക് വെട്ടി ഒഴിച്ച് പൂജ നടത്തി.

ഒരു ജ്യോതിഷ പണ്ഡിതൻ അവിടെ ഭദ്രകാളിയുടെ അനുഗ്രഹം ഉള്ള സ്ഥലം ആണെന്നും കാവ് സങ്കല്പത്തിൽ ഒരു ക്ഷേത്രം പണിയണമെന്നും ലളിതമായ പൂജാവിധികൾ ആയിരിക്കണമെന്നും നിർദേശിക്കുന്നു. ക്ഷേത്രത്തിൽ പൂജ നടത്തേണ്ടത് ആദ്യം പൂജ നടത്തിയ വ്യക്തിയുടെ കുടുംബത്തിലെ അംഗങ്ങൾ ആയിരിക്കണമെന്നും പറഞ്ഞു.

ദേവസ്വം സമ്പന്നം ആയപ്പോൾ ഭരണത്തെ കുറിച്ചുള്ള തർക്കത്തിൽ അനേക വർഷം സിവിൽ കേസുകൾ നടന്നിട്ടുണ്ടെങ്കിലും അവിടെ പൂജ നടത്തിയിരുന്നത് ഈഴവ സമുദായത്തിലെ അംഗങ്ങൾ മാത്രമായിരുന്നു. ദേവി ദർശനം ആദ്യമായി മനസ്സിലാക്കിയ കുറുമ്പയുടെ കുടുംബത്തിന് കൊടുത്ത പദവി ക്ഷേത്രത്തിന്‍റെ പരിസരവും പൂജാപാത്രങ്ങളും വൃത്തിയാക്കുക ആയിരുന്നു.

ക്ഷേത്രങ്ങളുടെ മതിൽ കെട്ടിന്‍റെ വെളിയിൽ പോലും നിൽക്കാൻ അനുവാദം ഇല്ലാത്ത ഒരു ജനവിഭാഗത്തിന് മതിൽ കെട്ടിനകത്തു പ്രവേശനം ലഭിച്ചെങ്കിലും ദലിതർക്ക് പുറ്റിങ്ങലിലെ ശ്രീകോവിലിനകത്തു കയറാൻ ഇന്നും കഴിഞ്ഞിട്ടില്ല.

aj jayasree,kollam,puttingal temple
കുറുമ്പ ക്ഷേത്രം

ഏകദേശം അമ്പതു വർഷത്തോളം റിസീവർ ഭരണത്തിൽ ഇരുന്ന ദേവസ്വം 2002ൽ കോടതി വിധി അനുസരിച്ച് നായർ ഭൂരിപക്ഷം ഉള്ള ഭരണസമിതിയുടെ കീഴിൽ വരുന്നു. ക്ഷേത്രം പുതുതായി നിർമ്മിച്ചു. പുനഃപ്രതിഷ്ട നടത്തുന്ന സമയത്ത് ഭരണസമിതിക്ക് ആശങ്കയും സംശയവും ഉണ്ടാവുന്നു: സംസ്‌കൃതം വശമില്ലാത്ത ഈഴവ ശാന്തി എങ്ങനെ പ്രതിഷ്ഠ നടത്തും? ഈഴവ ശാന്തിയെ ശ്രീകോവിലിന് വെളിയിൽ നിർത്തി, പൂണൂലിട്ട നമ്പൂതിരി ജാതിയിൽ ജനിച്ച വ്യക്തികളെ പൂജ നടത്താൻ ശ്രീകോവിലിൽ കയറ്റി.

ആ അമ്പലം മഹാക്ഷേത്രത്തിന്‍റെ ചിട്ടവട്ടങ്ങളിൽ നിർമ്മിക്കണമെന്ന് ‘ദേവ പ്രശ്നക്കാർ’. ചുറ്റുമതിൽ കെട്ടി തുടങ്ങിയപ്പോൾ “അയ്യോ അത് പാടില്ല” എന്ന് രണ്ടാമത്തെ പ്രശ്നക്കാർ. “പൊളിച്ചാലും കുഴപ്പമില്ല പൊളിച്ചില്ലെങ്കിലും കുഴപ്പമില്ല” എന്ന് മൂന്നാമത്തെ പ്രശ്നക്കാർ. ക്ഷേത്രത്തിന്‍റെ ശാന്ത സുന്ദരമായ അന്തരീക്ഷം, അവിടുത്തെ മനോഹരമായ മണൽമുറ്റം, ആലിലയിലും കരിമ്പനയിലും തട്ടി വന്ന കാറ്റ് – എല്ലാം പോയി.

ഇവിടെ നാലമ്പലം കെട്ടുന്നതോ പൊളിക്കുന്നതോ വീണ്ടും കെട്ടുന്നതോ അല്ല പ്രശ്നം. നീതിനിഷേധം ആണ് പ്രശ്‍നം. കുറുമ്പയുടെ അനന്തരാവകാശികൾക്ക് അവകാശപ്പെട്ട മണ്ണ് കൊടുക്കാതിരിക്കാൻ കേസ് കൊടുക്കുന്ന പുറ്റിങ്ങൽ ദേവസ്വം ഭരണസമിതി പഴയ പന്തളം, തിരുവിതാംകൂർ രാജാക്കന്മാരുടെ കുടുംബാംഗങ്ങളെ ക്ഷേത്ര അങ്കണത്തിൽ കൊണ്ട് വന്ന് ആദരിക്കുന്നു.

aj jayasree,kollam,puttingal temple
തെക്കുംഭാഗം പള്ളി

നവോത്ഥാനത്തിന്‍റെ വിത്തുകൾ പൊട്ടി മുളച്ച പരവൂർ ഉണങ്ങുന്നു, കരിയുന്നു. വികസനവും മുരടിക്കുന്നു. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ഒരു പുരോഗമനവും ഉണ്ടായിട്ടില്ല. ദലിതരെ ഇപ്പോഴും പരവൂരിന്‍റെ പാർശ്വഭാഗങ്ങളിൽ അകറ്റി നിർത്തിയിരിക്കുന്നു. അഞ്ചു നൂറ്റാണ്ടിന്‍റെ പാരമ്പര്യം അവകാശപ്പെടാവുന്ന പരവൂരിലെ മുസ്‌ലിങ്ങൾ. അവർ ദേശിങ്ങനാടിന്‍റെ റാണിയുടെ നാവിക സേനയുടെ ഘടകങ്ങൾ ആകാൻ സാധ്യതയുണ്ടെന്ന് പ്രൊഫസർ കെ. എം. ബഹാവുദ്ദിൻ അനുമാനിക്കുന്നു. പോർച്ചുഗീസ് സൈന്യത്തെ നേരിടുന്നതിന് റാണിയെ സഹായിക്കാൻ കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നും മുസ്‌ലിങ്ങൾ എത്തിയിരുന്നു. 1519-ലെ പോർച്ചുഗീസുകാരുമായിട്ടുള്ള സന്ധിയിൽ കൊല്ലം പട്ടണത്തിൽ മുസ്‌ലിങ്ങൾ താമസിക്കാൻ പാടില്ലെന്നു വ്യവസ്ഥ ചെയ്യുന്നു. അങ്ങനെ കൊല്ലം റാണി മുസ്‌ലിം നാവികരെ നഗരത്തിന്‍റെ പ്രാന്ത പ്രദേശങ്ങളിൽ പാർപ്പിച്ചിരിക്കാം എന്നും കരുതാം. പരവൂരിന്‍റെ തെക്കുംഭാഗത്ത് എത്തിയവർക്കു ആ വളഞ്ഞു കിടക്കുന്ന കടലോരത്തെയും തങ്കശ്ശേരിയിൽ നിന്ന് പോകുന്ന കപ്പലുകളെയും നിരീക്ഷിക്കാനും കഴിയും. അവിടുത്തെ പള്ളിയിലെ മരയ്ക്കാർമാരുടെ (സാമൂതിരിയുടെ നാവിക പടനായകന്മാരായിരുന്നു മരയ്ക്കാർമാർ) ഖബറിൽ ഇന്നും സാംബ്രാണി പുകയുന്നു. പരവൂരിന്‍റെ വളർച്ചയുടെ എല്ലാ മേഖലകളിലും സംഭാവന നൽകിയ മുസ്‌ലിങ്ങളെ ഇപ്പോഴും നാടിന്‍റെ തെക്കുഭാഗത്തു ഒതുക്കി നിർത്തിയിരിക്കുന്നു.

അയ്യോ, ഇതാണോ എന്റെ നാട്?

കൊല്ലം എസ് എൻ കോളജ് മുൻ പ്രിൻസിപ്പിൽ ആണ് ലേഖിക
ചിത്രങ്ങള്‍ : ജിജോ ജി. പരവൂര്‍

Web Title: Paravoor footprints in time

Next Story
ഹരിശ്രീ: വിനോയ് തോമസ്s.hareesh,malayalam writer,vinoy thomas,memories
The moderation of comments is automated and not cleared manually by malayalam.indianexpress.com