“മഴവിൽക്കൊടിക്കാവടി അഴക് വിടർത്തിയ മാനത്തെ പൂങ്കാവിൽ …. തുമ്പിക്കും അവളുടെ പൊൻ മക്കൾക്കും തേനുണ്ടോ?” മലയാളിയെ ഏറെ മോഹിപ്പിച്ചിട്ടുള്ള ഈ ഗാനം ഉൾക്കൊള്ളലിന്റെ ഒരു അനുഭൂതി ശ്രോതാവിന് പകർന്ന് നൽകാറുണ്ട്.

നിറങ്ങളെയെല്ലാം മുറുകെ പുണർന്ന് അവയുടെ സൗന്ദര്യാവേശത്തിൽ മുങ്ങി സ്പർദ്ധയിൽ മുഴുകാതെ പ്രണയാർദ്രരായി വസിക്കുന്ന മനുഷ്യർ ആരെയാണ് ആവേശഭരിതരാക്കാത്തത് ?

എന്നാൽ, ഈ ലോകത്തിന്റെ സൃഷ്ടി നമ്മോട് ഏറെ കാതലായ കാര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് അപരിചിതത്വത്തോടുള്ള മുൻവിധി മാറ്റിവയ്ക്കുക എന്നത്. അപരവ്യക്തി നടക്കുന്ന വഴിയും ഒരു വഴിയാകാമെന്നും അതിലൂടെ നടക്കുമ്പോൾ ആ വ്യക്തിക്ക് ആ സഞ്ചാരത്തിലൂടെ പകർന്നു കിട്ടുന്ന അനുഭൂതികൾ ആനന്ദദായകമാണെങ്കിൽ അതിൽ മുഴുകാനുള്ള സ്വാതന്ത്ര്യം ആ വ്യക്തിക്ക് അനുവദിച്ചു കൊടുക്കേണ്ടതാണ് എന്ന തിരിച്ചറിവാണ് വളർത്തിയെടുക്കേണ്ടത്.

വേറിട്ട കാഴ്ചകളെ സ്വയമേ പ്രണയിക്കുന്നവരുണ്ട്. നിർഭാഗ്യവശാൽ അവർ ന്യൂനപക്ഷമായി നിലകൊള്ളുന്നതിനാലും എതിർ ദിശയിൽ തങ്ങൾ നടക്കുന്ന പാതമാത്രമാണ് നേരായ വഴിയെന്ന് കരുതുന്ന ഭൂരിപക്ഷം ഭിന്നപ്രയാണങ്ങളെ ക്രൂരമായി ഞെരിച്ച് കളയുന്നതിനാലും അജ്ഞാതവാ സം തിരഞ്ഞെടുക്കേണ്ടി വന്ന ഹതാശയരുടെ എണ്ണവും അഭിമാനത്തി നേറ്റ ക്ഷതവും ഏറെ വലുതാണ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 ആം വകുപ്പ് “പ്രകൃതി വിരുദ്ധമായ” എന്ന് വിശേഷിപ്പിച്ച ലൈംഗികതയെ ഒരു കുറ്റമായിട്ടാണ് കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലധികമായി കണ്ടുപോന്നിരുന്നത്. സ്ത്രീ, പുരുഷൻ എന്നതിനപ്പുറമുളള അസ്തിത്വത്തെയോ അതിൽപ്പെടുന്നവരുടെ, പാടെ വ്യത്യസ്തങ്ങളായ പ്രശ്നങ്ങളെയോ ഈ കാലയളവിൽ ഭരണകൂടം കാണുകയോ അംഗീകരിക്കുകയോ ചെയ്തില്ല. ആണിന്റെ ഉടലും പെണ്ണിന്റെ മനസ്സും. അല്ലെങ്കിൽ പെണ്ണിന്റെ ഉടലും ആണിന്റെ മനസ്സും . ഇവ രണ്ടും നിയമപരമായിത്തന്നെ തമാശകളായിട്ടാണ് കരുതി പോന്നിരുന്നതും. ഇവരെ ഉടലുകളായി മാത്രം കണ്ടു പോന്നിരുന്ന ഒരു ഭരണകൂട വും അതിന്റെ നിയമാവലികൾ കാർക്കശ്യത്തോടെ നടപ്പാക്കിയിരുന്ന പൊലീസും കോടതിയും ഈ മനുഷ്യരുടെ ജീവിതങ്ങളിലും ഉടലുകളിലും മനസ്സുകളിലും കോരിയിട്ട ജ്വലിക്കുന്ന കനലുകൾ ഏറെയാണ്.

377 ആം വകുപ്പിനെതിരെയുള്ള പോരാട്ടത്തിന് നിമിത്തമായത് ഏറെ “പുരോഗമനവാദി”യെന്ന് കരുതിയ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയായിരുന്നു. സാക്ഷാൽ കിരൺ ബേദി. 1994ൽ അവർ ഇന്ത്യയിലെ ഏറ്റവും വലിയ ഒരു ജയിലായ തീഹാറിന്റെ സൂപ്രണ്ടായി രുന്നു. സ്വവർഗ്ഗരതിയിൽ ഏർപ്പെടുന്ന പുരുഷതടവുകാരിലൂടെ എച് ഐ വി വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്ത് അവർക്ക് ഉറകൾ വിതരണം ചെയ്യാൻ അനുമതി നൽകണമെന്ന ദില്ലിയിലെ ഒരു സന്നദ്ധ സംഘടനയുടെ അപേക്ഷ കിരൺ ബേദി നിരാകരിച്ചു. താൻ അതിന് സമ്മതിച്ചാൽ ഇന്ത്യൻ ശിക്ഷാ നിയമം കൊണ്ട് കുറ്റകരമായി കരുതി പോരുന്ന ഒരു കാര്യത്തിന് കൂട്ടുനിൽക്കുന്നതായി വ്യാഖ്യാനിക്കപ്പെടും എന്നായിരുന്നു അതിന് അവർ കാരണമായി പറഞ്ഞത്. അന്ന് കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയാണ് 24 വർഷങ്ങൾക്ക് ശേഷം സുപ്രീം കോടതിയിൽ ഈ സെപ്റ്റംബർ ആറിന് തീർപ്പ് കൽപ്പിക്കപ്പെട്ടത്.

“ഉഭയസമ്മതിയോടുള്ള സ്വവർഗ്ഗരതി ഒരു കുറ്റമല്ല. അതിനെ അങ്ങനെ പരിഗണിക്കുന്നത് യുക്തിരഹിതവും നീതിനിഷേധവുമാണ്. ഭരണഘടന ഉറപ്പ് നൽകുന്ന പൗരന്മാർക്കിടയിലെ തുല്യനീതി ഈ രാജ്യത്തിന്റെ പൗരന്മാരായ എൽ ജി ബി ടി സമൂഹത്തിനും അവകാശപ്പെട്ടതിനാൽ 377ആം വകുപ്പ് ഭാഗികമായി ഈ ബഞ്ച് റദ്ദ് ചെയ്യുന്നു.”

അസാധാരണമായ ഒരു വിധിന്യായമായേ ഇതിനെ കരുത്താനാകൂ. കാരണം പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗം മനുഷ്യരെ ഒരു ജനാധിപത്യ രാജ്യത്തിന്റെ പൗരന്മാരായി അത് അംഗീകരിച്ചു . അവരുടെ വിഭിന്നമായ ലൈംഗികത പ്രകൃതി വിരുദ്ധമല്ലെന്നും അതിൽ ഭരണകൂടം കടന്നുകയറേണ്ട കാര്യമില്ലെന്നും അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു .

നമ്മുടെ രാജ്യത്തിലെ എൽ ജി ബി ടി സമൂഹത്തിന് ഈ വിധി പകർന്ന് നൽകിയത് ഒരു പുതിയ ഊർജ്ജമായിരുന്നു. മുഖ്യധാരയിലേയ്ക്ക് കടന്നുവരാൻ നിയമത്തിന്റെ പരിരക്ഷ ലഭിക്കുകയെന്നത് ചെറിയ ഒരു കാര്യമല്ല. കടമ്പകൾ ഏറെ താണ്ടാനിനിയുമുണ്ടെന്ന കാര്യം വിസ്മരിച്ചല്ല ഈ കാര്യം പറയുന്നതും.

രാജ്യമാകെയുള്ള എൽ ജി ബി ടി സമൂഹങ്ങൾ തങ്ങളുടെ ആനന്ദം മറച്ചുവയ്ക്കാതെ ആഘോഷിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം മഴവിൽക്കൊടിയേന്തിയ മനുഷ്യർ വിധിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് “പ്രൈഡ് മാർച്ചുകൾ” സംഘടിപ്പിക്കുകയും അവയിലെല്ലാം തന്നെ തങ്ങൾ സ്വവർഗ്ഗപ്രണയിതാക്കളാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് പരസ്യമായി പങ്കെടുക്കുകയും ചെയ്തു. അപ്പോഴും ചെറിയ നഗരങ്ങളും ഗ്രാമങ്ങളും ഇവർക്ക് അപ്രാപ്യമായ ഇടങ്ങളായി തുടർന്നു.

ഈ ഒരു സാഹചര്യത്തിലാണ് പരമ്പരാഗതമായ വിശ്വാസങ്ങളാൽ ഇന്നും നയിക്കപ്പെടുന്ന ഒരു ജനപഥം വസിക്കുന്ന പാലക്കാട് പോലെയുള്ള ഒരു നഗരത്തിൽ ഒരു “ക്യൂർ പ്രൈഡ് പരേഡ്” സംഘടിപ്പിക്കപ്പെടുന്നതും വിദ്യാർഥി സമൂഹത്തിന്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നതും. പല പുരോഗമനപരമായ ആശയങ്ങൾക്കും ജന്മം നൽകിയ വിക്ടോറിയ കോളേജ് തന്നെ ഇതിനും വേദിയായി എന്നത് ആകസ്മികമല്ല. കോളേജിലെ വനിതാ വികസന സെല്ലിന്റെ ചുമതല വഹിക്കുന്ന ആരതി അശോക് എന്ന അദ്ധ്യാപികയുടെയും സെല്ലിലെ അംഗങ്ങളായ വിദ്യാർത്ഥിനികളുടെയും മനസ്സിലുദിച്ച ഈ ആശയത്തിന് ആൺ സഹപാഠികളും പിന്തുണയേകി. ഈ ആശയം പ്രിൻസിപ്പൽ ഡോ.സഫിയ ബീവിയോട് ചർച്ചചെയ്തപ്പോൾ അവർ അതിന്റെ ആവശ്യം മനസ്സിലാക്കുകയും മാർച്ച് നടത്താൻ അനുവാദം നൽകുകയും ചെയ്തു. സമ്മതമാണെങ്കിൽ താൻ അതിന്റെ അധ്യക്ഷയാവുകയും ചെയ്യാം എന്നവർ പറഞ്ഞത് തങ്ങൾക്ക് ഏറെ പ്രചോദനമാണ് നൽകിയതെന്ന് ആരതി പറഞ്ഞു.

ട്രാൻസ് പേഴ്സൺസ് ഉൾപ്പെടെ ഏറെ പേർ പങ്കെടുത്ത കോളേജ് അങ്കണത്തിലെ സംഗമസദസ്സ് ഏറെ കാര്യങ്ങളാണ് പരസ്പരം കൈമാറിയത്. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ശ്രീദേവി മുതൽ ബെംഗളൂരുവിലെ ഒരു കമ്പനിയിൽ ഉന്നത സ്ഥാനം വഹിക്കുന്ന നടരാജ് തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു. തനിക്ക് ആറ് ഭാഷകൾ അറിയാമെന്നും എം.ബി.എ ഉൾപ്പെടെ ഏഴ് ബിരുദങ്ങൾ നേടിയിട്ടുണ്ടെന്നും ദശകണക്കിന് ഡോക്യുമെന്ററി സിനിമകൾക്ക് വേണ്ടി സഹസംവിധായകയായി പ്രവർത്തിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോൾ സദസ്സ് ഒരു നിമിഷത്തേയ്ക്ക് നിശബ്ദമാവുകയും അടുത്തനൊടിയിൽ കരഘോഷത്തിന്റെ ഉന്മാദാവസ്ഥയിലേയ്ക്ക് എത്തുകയും ചെയ്തു.

പാലക്കാടുള്ള കലാലയങ്ങളിലെ കയ്‌പ്പേറിയ അനുഭവങ്ങളാണ് പ്രവീൺ നാഥിനെ എറണാകുളം മഹാരാജാസ് കോളേജിലേയ്ക്ക് തുരത്തിയത്. സമ്മേളനത്തിലെ മുഖ്യാതിഥിയായ പ്രവീൺ പെൺശരീരത്തിലെ ആൺമനസ്സിന്റെ വിഹ്വലതകളാണ് പങ്കുവച്ചത്. മറ്റൊരു മുഖ്യാതിഥിയായ മുഹമ്മദ് യുനൈസ് മറവിൽ ജീവിക്കേണ്ടിവന്ന ഒരു സ്വവർഗ്ഗ അനുരാഗിയുടെ അനുഭവങ്ങളും സുപ്രീം കോടതിവിധി തനിക്ക് പകർന്നുതന്ന ആശ്വാസത്തെക്കുറിച്ചും സംസാരിച്ചു.

പ്രിൻസിപ്പലാണ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തത്. മഴവില്ലിന്റെ നിറങ്ങൾ ആകാശത്ത് പടർത്തി ആടിയും പാടിയും പങ്കെടുത്തവർ കോട്ടമൈതാനം ലക്ഷ്യമാക്കി നീങ്ങി. എൽജിബിറ്റി സമൂഹത്തിന്റെ ഒരു അടയാള ചിഹ്നമായി മാറിയ മഴവിൽക്കൊടിയുടെ ഉത്ഭവവും ചരിത്രവും തേടിപ്പോവുക രസകരമാണ്.

1978ൽ സാൻ ഫ്രാൻസിസ്‌കോവിലാണ് ആദ്യ ക്യൂർ പരേഡ് നടന്നത്. അമേരിക്കയിലെ പ്രശസ്ത ചിത്രകാരനായ ഗിൽബർട്ട് ബേക്കർ രൂപകൽപ്പന ചെയ്ത എട്ട് നിറങ്ങൾ ഉൾക്കൊള്ളുന്ന ഒരു കൊടിയായിരുന്നു ആ പരേഡിൽ ഉപയോഗിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ മഴവിൽ ക്കൊടിയുടെ ഡിസൈനറായി അറിയപ്പെടുന്നത് ഗിൽബർട്ട് ബേക്കറാണ്. ഒരു വർഷം കഴിഞ്ഞു 1979ൽ കൊടിയുണ്ടാക്കുമ്പോൾ അനുഭവപ്പെട്ട നിറങ്ങളുടെ ദൗർലഭ്യം കാരണം നിറങ്ങൾ ആറായി പരിമിതപ്പെടുത്തുകയും പിന്നീടുള്ള കാലം ആ ആറുനിറങ്ങളുള്ള കൊടി ഉപയോഗിച്ചുവരികയും ചെയ്തുപോരുന്നു. കഴിഞ്ഞ വർഷം (2017) മാർച്ച് 31ആം തിയതി ബേക്കർ നിര്യാതനായി. ലോകകലാചരിത്രത്തിലെ അനുപമമായ ഒരു ബഹുമതിയും കരസ്ഥമാക്കാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടായിരുന്നു. 2015ൽ അതിപ്രശസ്തമായ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് മഴവിൽക്കൊടിയെ പരിസ്ഥിതിസംരക്ഷണ ചിഹ്നമായ “റീസൈക്ലിങ്ങ് സിംബ’ലോളം തന്നെ പ്രാധാന്യമുള്ളതാണ് അംഗീകരിച്ചു.

മഴവിൽക്കൊടിയുമേന്തി തെരുവുകളെ ഇനി നിങ്ങൾ സംഗീതാത്മകമാക്കുമ്പോൾ നിങ്ങളുടെ കയ്യിലുള്ളത് ലോകകലാചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് അടയാളങ്ങളിലൊന്നാണെന്ന സത്യം മറന്നുപോകരുത്. ചരിത്രം ഇങ്ങനെയൊക്കെയാണ് ചില ആവശ്യങ്ങളെ അടയാളപ്പെടുത്തുക.

പാലക്കാട്ടെ പ്രൈഡ് മാർച്ച് അവസാനിച്ചത് അഞ്ചുവിളക്കിനടുത്തുള്ള കോട്ടമൈതാനിയുടെ കവാടത്തിനരികിൽ ഒരു ചെറിയ സമ്മേളനത്തോടെയായിരുന്നു.

വിവേചനത്തിന്റെ അപമാനം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത പുലിക്കാട് രത്നവേലു ചെട്ടിയാരുടെ സ്മരണയ്ക്കായി കെട്ടിയുയർത്തപ്പെട്ട അഞ്ചുവിളക്ക് സ്മാരകത്തിന്റെ അടുത്ത് സമാപിച്ച മാർച്ച് അതേ വിവേച നത്തിന്റെ കെട്ടുകൾ പൊട്ടിച്ച് തങ്ങളുടെ അസ്തിത്വം ആഘോഷത്തോടെ പ്രഖ്യാപിക്കുന്ന ഒരുഎൽ ജി ബി ടി സമൂഹത്തെയാണ് കാണിച്ച് തന്നത്.

ഇവരെ ഇറുക്കിപുണർന്ന് നമ്മളെല്ലാവരും മനുഷ്യനാണെന്ന് പറയുകയെന്നത് നമ്മുടെ കടമയാണ്. രത്നവേലു ചെട്ടിയാരെ അപമാനിച്ച അന്നത്തെ ഇംഗ്ലീഷുകാരനായ മലബാർ കലക്റ്ററുടെ പിൻഗാമികളെ ഇന്ത്യ വിട്ട് പോകാൻ നിർബന്ധിതമാക്കിയ കാലം നമ്മളോട് ആവശ്യപ്പെടുന്ന കടമ.

ആളുകൾ പിരിയാൻ തുടങ്ങുമ്പോൾ പഴയതും മനോഹരവുമായ മറ്റൊരു ഗാനത്തിന്റെ ലഹരിയിലായിരുന്നു ഞാൻ.

“മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു….” അജ്ഞാതവാസം കഴിഞ്ഞു കാർമേഘത്തിന്റെ മറവിൽനിന്നും മഴവില്ലുകൾ മാനത്താകെ പടർന്നുവിരിയട്ടെ. അവയ്ക്ക് താഴെ തുമ്പികളും അവരുടെ പൊൻമക്കളും ആവോളം തേൻ നുകരട്ടെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook