ഒ.വി.വിജയന്‍ തനിക്ക് എന്താണ് തന്നത് എന്ന് ആധുനിക കേരളീയ സമൂഹത്തില്‍ ബൗദ്ധിക ജീവിതം നയിക്കുന്ന ഓരോ മലയാളിയ്ക്കും ആലോചിക്കാവുന്നതാണ്‌. ഖസാക്കിന്‍റെ ഭ്രമിപ്പിക്കുന്ന പ്രകാശത്തില്‍ മുങ്ങി നമ്മള്‍ അന്വേഷിക്കാന്‍ മറന്നു പോയ ഒരുപാട് കാര്യങ്ങള്‍ വിജയന്‍ നമുക്ക് തന്നിരുന്നു. അവയൊക്കെ ശോഭ മങ്ങാതെ ഇന്നും പ്രസക്തമായി നിലനില്‍ക്കുകയും ചെയുന്നു. 1960 കള്‍ തൊട്ടു ഒഴിവാക്കാനാവാത്ത ഒരു ബൗദ്ധിക സാന്നിധ്യമായി വിജയനെ കണക്കാക്കാവുന്നതാണ്. സാഹിത്യലോകത്തെ മാത്രം സാന്നിധ്യമായി വിജയനെ ചുരുക്കുന്നത് എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തോട് ചെയ്യുന്ന കടുത്ത അപരാധവുമാണ്, ആധുനിക സാഹിത്യത്തില്‍ വിജയന്‍റെ മൗലിക പ്രതിഭയെ വെല്ലുന്ന ഒന്നും തന്നെ പിന്നീട് സൃഷ്ടിക്കപ്പെട്ടില്ല എന്നത് കൊണ്ട് അദ്ദേഹത്തെ ഇപ്പോഴും അവിടെ തളച്ചിടുന്നതു ശരിയുമല്ല. ചിന്തയുടെ പ്രഭാപൂരം കൊണ്ട് മലയാളിയെ ഇരുത്തി ചിന്തിപ്പിച്ച പ്രതിഭയായിരുന്നു വിജയന്‍. അത് മറന്നു കൊണ്ടാണ് അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ മാത്രം ഓർമിക്കാന്‍ മലയാളി ശ്രമിക്കുന്നത്.

വിജയന്‍ ആരോടൊക്കെയാണ് സംവദിക്കാന്‍ ശ്രമിച്ചത്‌ ? ശരാശരി ബുദ്ധിയുള്ള ആരോടും വിജയന് ചിലത് പറയുവാനുണ്ടായിരുന്നു. മലയാളിയെ ത്രസിപ്പിച്ച പലതിനെ പറ്റിയും- കമ്മ്യൂണിസം, മതം, ദൈവം, വിശ്വാസം, അധികാരം, മാനവികത, രാഷ്ട്രീയം, ജനാധിപത്യം. ചരിത്രം അങ്ങനെ പലതിനെ പറ്റിയും. അതിലെല്ലാം വേറിട്ട്‌ ചിന്തിക്കാന്‍ മലയാളിയെ പ്രേരിപ്പിച്ചതും പഠിപ്പിച്ചതും വിജയന്‍ ആണെന്ന്‍ പറയാം. കേട്ടത് മാത്രമല്ല സത്യം എന്നും ചിലതൊക്കെ മാറ്റി ചിന്തിച്ചു കണ്ടെത്താനുണ്ട് എന്നും വിജയന്‍ പറഞ്ഞു തന്നു. അത് സാഹിത്യത്തിലേതിനേക്കാള്‍ തീവ്രമായ ഇടപെടലായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന്റെ ലേഖനങ്ങളും കുറിപ്പുകളും ഇതിന്‍റെ സാക്ഷ്യപത്രങ്ങളാണ്. വിജയന്‍റെ ജീവിത കാലത്ത് അവ മലയാളിയുടെ സജീവ വായനയില്‍ നിറഞ്ഞിരുന്നു. അക്കാലത്തെ ഓരോ ചെറുപ്പക്കാരനെയും അവ ബൗദ്ധികമായി പ്രകോപിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മറുപക്ഷത്തെ സംപ്ക്ഷിപ്ത താൽപര്യമുള്ളവര്‍ ഒറ്റയ്ക്കും, കൂട്ടമായും ആശയപരമായി വിജയനെ നേരിട്ടുകൊണ്ടിരുന്നു. ഒരുവേള സാക്ഷാല്‍ ഇഎംഎസ്സ് പോലും വിജയനോട് ഏറ്റുമുട്ടാന്‍ ഉപയോഗിച്ചത്ര സമയവും, ബൗദ്ധിക തയ്യാറെടുപ്പും മറ്റൊരു ആശയ വാഗ്വാദത്തിനും ചിലവഴിച്ചിരിക്കാനിടയില്ല. വിജയനാകട്ടെ ഇതില്‍ നിന്നും നിരന്തരം വിനയാന്വിതനായി തന്‍റെ ശക്തികൂട്ടിക്കൊണ്ടിരുന്നു. ഗൗരവമായ സ്വതന്ത്രവിചാരങ്ങള്‍ കൊണ്ട് തന്‍റെ വായനക്കാരെ പ്രബുദ്ധരാക്കി. ഉയര്‍ന്ന നീതി ബോധം കൊണ്ട് എല്ലാ അധികാരക്കസര്‍ത്തുകളെയും നേരിട്ടു. അധികാരത്തിന്‍റെ ചെയ്തികളെ നിശിതമായി വിശകലനം ചെയ്തു, വിജയനെ മാറ്റി നിര്‍ത്തികൊണ്ട്‌ ഒരു സംവാദവും സാധ്യമല്ല എന്ന നില വന്നു. മലയാളി കേരളത്തെയെന്ന പോലെ ഇന്ത്യയെയും, ലോകത്തെയും കാണുന്നതില്‍ ഒരു വിജയന്‍വഴി കണ്ടെത്തി. അവ മാറ്റി പറയുവാനുള്ള കരുത്ത് മറ്റാര്‍ക്കും ഇല്ലായിരുന്നു. പലതിലും വിജയന്‍ അവസാനവാക്കായി. അതേസമയം അയാള്‍ അവനവനെ നിരന്തരം പരിണാമവിധേയമാക്കാന്‍ സന്നദ്ധനുമായി. അങ്ങനെ തലമുറകള്‍ വിജയനില്‍ അഭയം തേടി.

khasakkinte ithihasam, n e sudheer

ചിത്രം: കെ.വി.രവിശങ്കർ

പ്രവചന സ്വഭാവമുള്ള വിശകലനങ്ങള്‍ പലതും വിജയനില്‍ നിന്നുമുണ്ടായി. ആഗോള കമ്മ്യുണിസ്റ്റ് ക്രമത്തിന്‍റെ പരാജയം വിജയന്‍ മുന്‍കൂട്ടി കണ്ടു. നൈതികമായ വിഷയങ്ങളെ നേരിടാന്‍ കമ്മ്യൂണിസ്റ്റ് സംവിധാനത്തിന് കെൽപ്പില്ലെന്ന് വിജയന്‍ തറപ്പിച്ചു പറഞ്ഞു. ജനാധിപത്യ ബോധം അവരില്‍ നിറയാത്ത കാലത്തോളം അവര്‍ പരാജയം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. മാനുഷികതയും അധികാരവും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ വിജയന്‍ അറിഞ്ഞതു പോലെ മറ്റൊരു രാഷ്ട്രീയ ചിന്തകനും അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. വിജയന്‍റെ മനനം അത്രമാത്രം ഗാഢവും തീവ്രവുമായിരുന്നു. മനുഷ്യത്വം അഗാധവുമായിരുന്നു. മാര്‍ക്സിസത്തെ തിരുത്താനുള്ള കെൽപ്പ് തന്‍റെ നേതാക്കള്‍ക്ക് ഇല്ലെന്നും വിജയന്‍ തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ അവരോടു ഏറ്റുമുട്ടുമ്പോഴും കൂട്ടത്തില്‍ സഹതപിക്കാന്‍ വിജയന്‍ തയ്യാറായി. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധന്‍ എന്നു പറഞ്ഞ് വിജയനെ നേരിടാന്‍ മാത്രമേ നമ്മുടെ സഖാക്കള്‍ക്കും സാധിച്ചുള്ളൂ. വിജയന്‍ അതല്ലെന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു. മനുഷ്യന്‍റെ സങ്കടങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ഒന്നുമായും സന്ധിയാവാന്‍ വിജയനിലെ മനുഷ്യസ്നേഹി തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ വിജയനെ പരാജയപ്പെടുത്തുക ആര്‍ക്കും സാധിക്കുമായിരുന്നില്ല. കാരണം ചിന്തയില്‍ അത്രമാത്രം സംശുദ്ധനായിരുന്നു അയാൾ.

മലയാളിയെ പല ഇടുങ്ങിയ ചിന്തകളില്‍ നിന്നും മോചിപ്പിച്ചു എന്നതാണ് വിജയന്‍ നിർവഹിച്ച പ്രധാനദൗത്യം, സമൂഹത്തെ, നമ്മുടെ രാഷ്ട്രീയത്തെ വിചാരണ ചെയുന്നതില്‍ അദ്ദേഹം കാണിച്ച സൂക്ഷ്മത വേറിട്ട്‌ നില്‍ക്കുന്നു. ഇന്ത്യന്‍ അവസ്ഥകള്‍ തിരിച്ചറിയുവാന്‍ മലയാളിയെ പഠിപ്പിച്ചതും മറ്റാരാണ്‌? വിജയന്‍ ഒന്നും വെറുതെ വിഴുങ്ങിയില്ല. ആരോടും അത് അവശ്യപെട്ടുമില്ല. ഒരു പൗരസമൂഹത്തെ എങ്ങനെ രൂപപ്പെടുത്തിയെടുക്കാമെന്ന് ആ ചിന്തകന്‍ നിരന്തരം ആലോചിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്‍റെ സാഹിത്യസംഭാവനകള്‍ പോലും ഇതിന് അനുപൂരകമായ വിധത്തിൽ പരിണാമങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്നു. വിജയനെ തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളിലേക്ക് തിരിച്ചു പോകണം. ഒരു ജനത എന്ന നിലയില്‍ നമ്മള്‍ പെട്ടിരിക്കുന്ന കുരുക്ക് അവയിൽ നിന്നും ഒരോ തലമുറക്കും തിരിച്ചറിയാന്‍ സാധിക്കും. പ്രത്യേകിച്ചും വര്‍ത്തമാനകാല അവസ്ഥ. വര്‍ഷങ്ങൾക്ക് മുന്‍പ് അദ്ദേഹം കുറിച്ച ഒരു വാചകത്തോടെ ഞാന്‍ ഇത് അവസാനിപ്പിക്കാം;
” ഇന്ദ്രപ്രസ്ഥത്തില്‍ കാഷായം ധരിച്ച സന്യാസിമാരെ കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ നമ്മുടെ രാഷ്ട്രീയക്കൊടിമരത്തില്‍ കാവിക്കൊടി കെട്ടിക്കയറ്റി കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത് നടക്കുന്ന ഭാരതം എന്റെ ജന്മദേശവുമല്ല.”

നമുക്ക് വിജയനിലേക്ക് മടങ്ങണം, ഇടയ്ക്കെങ്കിലും. അത് നമ്മെ കൂടുതല്‍ ധര്‍മ്മനിഷ്ഠരും വിവേകികളാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook