ആക്രിക്കടയിൽ അസ്തമിച്ച ആദ്യ പുസ്തകത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെ പോലെയാണ് അഖിൽ പി. ധർമ്മജൻ വളർന്നിരിക്കുന്നത്. ഹൊറർ നോവലിസ്റ്റുകളിൽ ഇതിഹാസമായ സ്റ്റീഫൻ കിംഗടക്കം വാഴുന്ന ആമസോണിൽ ഇന്ന് ഏറ്റവുമധികം ആവശ്യക്കാരുള്ള നോവലിന്റെ രചയിതാവാണ് അഖിലിന്ന്. മലയാളത്തിന് എക്കാലവും അഭിമാനിക്കാവുന്ന നിശ്ചയദാർഢ്യത്തോടെയുള്ള മുന്നേറ്റത്തിന്റെ കഥയാണ് അഖിലിന്റെ ജീവിതം.

എഴുത്തുകാരനാകാനുള്ള പരിശ്രമത്തിൽ വെല്ലുവിളികളും പരിമിതികളും ചെറുതായിരുന്നില്ല അഖിലിന്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു നോട്ടുപുസ്തകത്തിൽ എഴുതിയ ആദ്യ നോവൽ, ആക്രിക്കടയിലാണ് ചെന്നുപെട്ടത്. അന്ന് അച്ഛനോ അമ്മയോ ചേട്ടനോ പോലും അറിഞ്ഞില്ല അഖിലിന്റെ ഉള്ളിൽ ഒരെഴുത്തുകാരനുണ്ടെന്ന്.

Read More: ‘ഓജോ ബോർഡ്’- അഖിൽ പി.ധർമ്മജൻ എഴുതിയ നോവലിന്റെ ആദ്യ അധ്യായം

അമ്മ ആക്രിക്ക് വിറ്റ തന്റെ അമൂല്യനിധി തേടി എത്ര  ഓടിയിട്ടും അന്നത്തെ പന്ത്രണ്ട് വയസുകാരന് അത് വീണ്ടെടുക്കാനായില്ല. തോൽക്കാതെ മുന്നേറിയതാണ് അഖിലിനെ ഇന്ന് മലയാളത്തിലെ പുതു തലമുറ എഴുത്തുകാരിലെ മികച്ച ഹൊറർ നോവലിസ്റ്റാക്കിയിരിക്കുന്നത്.

“അന്നത് വലിയ സങ്കടമായിരുന്നു. പക്ഷെ ആ പുസ്തകത്തിൽ എന്തായിരുന്നുവെന്ന് അന്ന് അമ്മയ്ക്കോ വീട്ടിൽ മറ്റാർക്കെങ്കിലുമോ അറിയുമായിരുന്നില്ല” അഖിൽ പറഞ്ഞു. “ഇപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്. ഫെയ്സ്ബുക്കിൽ ലഭിച്ച പിന്തുണയാണ് എല്ലാത്തിനും കാരണം. അതാണ് പുസ്തകത്തിന്റെ പ്രചാരം വർദ്ധിപ്പിച്ചത്”, അദ്ദേഹം കൂട്ടിച്ചേർത്തു.

ആമസോൺ ഇന്ത്യ ഓൺലൈൻ വിപണികളിൽ ഏറ്റവും പ്രചാരം നേടിയ ഒന്നാണ്. അങ്ങിനെയൊന്നിലാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുളള പട്ടികയിലേക്ക് അഖിലിന്റെ ഓജോ ബോർഡ് നടന്നുകയറിയത്. ഇതാദ്യമായാണ് ഒരു മലയാള നോവൽ ആമസോണിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ എത്തുന്നതെന്നതും ഓജോ ബോർഡിനെ വേറിട്ടതാക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ ഓജോ ബോർഡിന്റെ യാത്രയിൽ സംഭവിച്ചത് അപ്രതീക്ഷിതമായ മാറ്റങ്ങളാണ്. ആമസോണിൽ വിൽപ്പന പ്രതീക്ഷിച്ചതിലും വേഗത്തിൽ വളർന്നതിന് പിന്നാലെ, ഓജോ ബോർഡ് സിനിമയാക്കാനുള്ള അവകാശം സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, അഖിലില്‍ നിന്നും. ഇതിന് പിന്നാലെ ആമസോൺ ഇന്ത്യയുടെ ഹൊറൽ വിഭാഗത്തിൽ ബെസ്റ്റ് സെല്ലർ വിഭാഗത്തിൽ ശനിയാഴ്ച ഓജോ ബോർഡ് ആദ്യ പത്തിലെത്തിയത്. നോവൽ അന്ന് വൈകുന്നേരം തന്നെ രണ്ടാം സ്ഥാനത്തേക്കുയർന്നു. എല്ലാവരും പ്രതീക്ഷിച്ചത് പോലെ ഞായറാഴ്ച രാവിലെയാണ് നോവൽ ഹൊറർ വിഭാഗത്തിൽ ഏറ്റവും ആവശ്യക്കാരുള്ള പുസ്തകമായി ഒന്നാം നമ്പർ സ്ഥാനം കരസ്ഥമാക്കിയത്.

2012 ലാണ് സ്വന്തം ഫെയ്സ്ബുക്ക് പേജിൽ അഖിൽ, ഓജോ ബോർഡ് എഴുതി പ്രസിദ്ധീകരിച്ചത്. എന്നാൽ അധികം ആരും അത് വായിക്കാനുണ്ടായിരുന്നില്ല. മറുവഴി തിരഞ്ഞ അഖിൽ, കഥ എന്ന പേരിൽ ഫെ്സ്ബുക്കിൽ ഒരു പേജ് തുടങ്ങി. പിന്നീട് ഇതുവഴിയായിരുന്നു നോവൽ വായനക്കാരിലേക്ക് എത്തിയത്. അവസാന ഭാഗവും പൂർത്തിയായതോടെ ഈ നോവൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.  ആലപ്പുഴയിലെ  വലിയ ചുടുകാട്ടില്‍ വെച്ചാണ് ഹൊറര്‍ പാശ്ചാത്തലത്തില്‍ എഴുതിയ നോവല്‍ പ്രകാശനം ചെയ്തത്. വെള്ള ഫ്രോക്ക് അണിഞ്ഞു ഒരു പരേതാത്മാവിന്റെ രൂപത്തില്‍ എത്തിയ പെണ്‍കുട്ടിയാണ് പുസ്തകവുമായി വേദിയില്‍ എത്തിയത്.

എന്നാൽ ഫെയ്സ്ബുക്കിലെ പിന്തുണയും സ്വീകാര്യതയും വേണ്ടവിധത്തിൽ ആദ്യഘട്ടത്തിൽ ഉപയോഗിക്കപ്പെട്ടില്ല. ആദ്യ പ്രസാധകനുമായുള്ള ബന്ധത്തിൽ ഇതോടെ വിള്ളൽ വീണു. ഈ കരാർ ഇതോടെ അഖിൽ പിൻവലിച്ചു. പിന്നാലെ മറ്റൊരു പ്രസാധകനെ സമീപിച്ചെങ്കിലും അവരുടെ നിബന്ധനകളിലും അഖിലിന് അപകടം മണത്തു. മറിച്ചൊന്നും ചിന്തിക്കാതെ സ്വന്തം പബ്ലിഷിംഗ് ഹൗസ് എന്ന ആശയത്തിലേക്ക് അഖിൽ കടന്നത് അപ്പോഴാണ്. അതാണ് കഥ പബ്ലിക്കേഷൻസ്.

ആറ് മാസത്തോളം സമയമെടുത്താണ് ഓജോ ബോർഡ് കഥ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചത്. വിൽപ്പനയ്ക്കായി ആമസോണിനെ തിരഞ്ഞെടുത്തെങ്കിലും പായ്ക്കിംഗ് അടക്കമുള്ള എല്ലാ കാര്യങ്ങളും ഇപ്പോൾ അഖിൽ ഒറ്റയ്ക്കാണ് ചെയ്യുന്നത്.

“ആദ്യം ഞാൻ ഫെയ്സ്ബുക്കിൽ എഴുതുമ്പോഴൊന്നും വീട്ടുകാർക്ക് അറിയില്ലായിരുന്നു. എന്നാൽ ആളുകൾ പറഞ്ഞ് പിന്നീടിവരും അറിഞ്ഞു. പക്ഷെ അച്ഛനും ചേട്ടനുമൊക്കെ വെറും കളിയായി മാത്രമേ അതിനെ ആദ്യം സമീപിച്ചുള്ളൂ. നിന്നെ പോലെ വട്ടുള്ളവരാണ് വായിക്കുന്നവരെന്നായിരുന്നു ആദ്യത്തെ കമന്റൊക്കെ. പക്ഷെ എഴുത്ത് ഞാൻ ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്ന് മനസിലായതോടെ അവർ നല്ല പിന്തുണയുമായി ഒപ്പം നിന്നു. ആമസോണിൽ മികച്ച സ്ഥാനം കിട്ടിയതോടെ അവരും വലിയ സന്തോഷത്തിലാണ്.” അഖിൽ പറഞ്ഞു.

Read More: കടം വാങ്ങി ആദ്യ പതിപ്പ്, ഇന്ന് ആമസോണിന്റെ ടോപ് ലിസ്റ്റിൽ; നോവലിസ്റ്റ് അഖിൽ പി.ധർമ്മജൻ സംസാരിക്കുന്നു

“സസ്പെൻസുകൾ നിറഞ്ഞ ഹൊറർ ത്രില്ലറാണെ”ന്നാണ് 24 കാരനായ അഖിലിന്റെ നോവലിന് ആമസോണിൽ വായനക്കാരിലൊരാൾ നൽകിയ വിശേഷണം. 19 പേർ തങ്ങളുടെ വായനാനുഭവം കുറിച്ചതിൽ 18 പേരും ഫൈവ് സ്റ്റാർ ആണ് പുസ്തകത്തിന് മാർക്കിട്ടത്. ഒരാൾ നാല് സ്റ്റാറും രേഖപ്പെടുത്തിയിട്ടുണ്ട്.

പുസ്തകത്തിന് 198 രൂപയാണ് ആമസോണിലെ വില. ഇപ്പോൾ നേരിട്ടും അല്ലാതെയും 70 നും 100 നും ഇടയിലാണ് ഓരോ ദിവസവും പുസ്തകത്തിന് ഓർഡർ ലഭിക്കുന്നത്. നേരിട്ടുള്ള ഓർഡറുകൾ വായനക്കാരിലെത്തിക്കാൻ അഖിൽ എല്ലാ ജില്ലകളിലും ഒരു ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

“നഷ്ടപ്പെട്ട് പോയ ആദ്യ നോവൽ സസ്പെൻസിന്റെ കഥാഭാഗങ്ങൾ മെർക്കുറി ഐലന്റിലുണ്ട്. മെർക്കുറി ഐലന്റ് വേഗത്തിൽ തന്നെ പുറത്തിറക്കും. ഇനി എഴുത്തിലേക്ക് തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.”

മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും നേടിയ അഖിൽ ചെന്നൈയിൽ നിന്ന് ഫിലിം മേക്കിംഗിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. ആലപ്പുഴ പാതിരപ്പള്ളിയിലെ വീട്ടിലിപ്പോൾ അഖിലും കുടുംബവും വലിയ സന്തോഷത്തിലാണ്. അഖിലിന്റെ വളർച്ച നിശ്ചയദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും പുതിയൊരു പാഠപുസ്തകവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ