Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

വാചാലമാകുന്ന ഓർമ്മകൾ, നിശബ്‌ദയായ നായിക: അൽഫോൻസോ ക്വാറോണിന്റെ ‘റോമ’

പത്തു നോമിനേഷനുകളുമായി ഓസ്കാർ വാർത്തകളിൽ നിറയുകയാണ് സിനിമാ പ്രേമികളുടെ ഫേവറിറ്റ് ചിത്രം ‘റോമ’. കുഞ്ഞുനാളിൽ തന്നെ പരിചരിച്ചിരുന്ന, ‘ഇൻഡിജനസ്’ വർഗ്ഗക്കാരിയായ ക്ലിയോയുടെ കഥയാണ് ഈ സിനിമയിലൂടെ പറഞ്ഞത് എന്ന സംവിധായകൻ അൽഫോൻസോ ക്വാറോണിന്റെ വാദം എത്ര കണ്ടു ശരിയാണ് എന്ന് പരിശോധിക്കുകയാണ് ലേഖിക

Roma, roma movie review, roma movie trailer, roma movie story, roma movie 2018, roma movie imdb, roma movie Netflix, roma movie online, roma movie rating, roma full movie, Oscar, Oscar 2019, Oscar nominations 2019, Oscar predictions, Oscar best movie, Oscar nominees, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഫെബ്രുവരി 24ന് പ്രഖ്യാപിക്കപ്പെടുന്ന തൊണ്ണൂറ്റിയൊന്നാമത്‌ ഓസ്കാർ പുരസ്കാരങ്ങളിലെ താരമാണ് അൽഫോൻസോ ക്വാറോണിന്റെ ‘റോമ’.  മെക്സിക്കൻ-അമേരിക്കൻ സിനിമയായ ‘റോമ’യ്ക്ക് മികച്ച ചിത്രത്തിനുള്ള നാമനിർദ്ദേശമുൾപ്പെടെ പത്തു നോമിനേഷനുകളാണുള്ളത്.  ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കപ്പെട്ട ‘റോമ’ തന്റെ നാനിയെ (കുട്ടികളെ നോക്കാൻ വരുന്ന യുവതി) കുറിച്ചുള്ള ക്വാറോണിന്റെ ആത്മകഥാപരാമായ ആഖ്യാനമാണ്.  എഴുപതുകളുടെ മെക്സിക്കോ കടന്നു പോയ രാഷ്ട്രീയ സാമൂഹ്യാവസ്ഥയുടെ നേർക്കാഴ്ച കൂടിയായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം, പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷക-നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നെറ്റ്ഫ്ലിക്സ് എന്ന വീഡിയോ ഓൺ ഡിമാൻഡ് പ്ലാറ്റഫോം ആണ് ‘റോമ’യുടെ നിർമ്മാതാക്കൾ, അവർ തന്നെയാണ് ഇന്റർനെറ്റിലൂടെ ചിത്രം വിതരണം ചെയ്തതും.   ചരിത്രത്തിൽ ആദ്യമായാണ് തിയേറ്റർ റിലീസ് ലക്ഷ്യം വയ്ക്കാതെ, ഇന്റർനെറ്റ് റിലീസ് ചെയ്യപ്പെട്ട ഒരു ചലച്ചിത്രത്തിന് ഓസ്കാർ നാമനിർദ്ദേശം ലഭിക്കുന്നത്. സാധാരണയായി അമേരിക്കൻ സിനിമകൾക്ക് മാത്രം ലഭിക്കുന്ന മികച്ച ചിത്രത്തിനുള്ള നോമിനേഷൻ കിട്ടുന്ന പത്താമത്തെ വിദേശഭാഷാ ചിത്രം കൂടിയാണ് ‘റോമ’. ഓസ്കാർ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരാൾക്ക് തന്നെ മികച്ച ചിത്രം, സംവിധായകൻ, ച്ഛായാഗ്രാഹകൻ എന്നീ മൂന്ന് വിഭാഗങ്ങളിൽ നോമിനേഷൻ ലഭിക്കുന്നത്. വിജയം കാണുകയാണെങ്കിൽ മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടുന്ന ആദ്യ വിദേശഭാഷാ ചിത്രവുമാകും ‘റോമ’.

ക്വാറോണിന്റെ ബാല്യകാല ഓർമകളിൽ നിന്നു ഉരുത്തിരിഞ്ഞ ചിത്രം മെക്സിക്കോയിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിന്റെയും അവരുടെ സഹായിയായ ക്ലിയോ എന്ന സ്ത്രീയുടെയും കഥ പറയുന്നു. ക്വാറോണിനെ  കുട്ടിക്കാലത്തു പരിചരിച്ചിരുന്ന ലിബോറിയ ലിബോ റോഡ്രിഗസ് എന്ന  സ്ത്രീയാണ് ക്ലിയോ എന്ന കഥാപാത്രത്തിനുള്ള പ്രചോദനം. വർഷങ്ങളായി ഇത്തരമൊരു കഥ പറയണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായും ക്വാറോൺ പറയുന്നു.  ചിത്രത്തിൽ  പ്രധാന റോളുകൾ വഹിക്കുന്ന മധ്യവർഗ്ഗ കുടുംബത്തിലെ കഥാപാത്രങ്ങൾ ക്വാറോണിന്റെ തന്നെ കുടുംബാംഗങ്ങളാണ്.  അന്റോണിയോ,സോഫിയ എന്നിവരുടെ നാല് മക്കളിൽ ഏറ്റവും ഇളയവനായ പെപെ ആണ് ക്യൂറോണിന് സമാനമായ കഥാപാത്രം. സോഫിയയെയും കുട്ടികളെയും അന്റോണിയോ (അച്ഛൻ) ഉപേക്ഷിച്ചു പോകുന്നതും, ക്ലിയോ ഗർഭിണിയാണെന്ന് അറിഞ്ഞു അവരുടെ കാമുകൻ അവരെ ഉപേക്ഷിച്ചു പോകുന്നതും, മെക്സിക്കോയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇവരുടെ ജീവിതങ്ങൾ മുന്നോട്ട് പോകുന്നതുമാണ്  കഥാതന്തു. പാശ്ചാത്യ രാജ്യങ്ങളിലെ ‘നാനി’ എന്ന സങ്കല്പത്തെ ഒരു തലമുറയ്ക്ക് വീണ്ടും ഓർക്കാൻ അവസരമൊരുക്കിയതിനും, ഒരു മധ്യവർഗ്ഗ കുടുംബത്തിന്റെ കഥ തന്മയത്വത്തോടെ പറഞ്ഞതിനും, ആകർഷകമായ  ഛായാഗ്രഹണത്തിനുമായി ‘റോമ’യെ സിനിമാപ്രേമികൾ ഏറ്റെടുത്തു.

‘ഇൻഡിജിനസ്’ വിഭാഗത്തിൽ പെടുന്ന സ്ത്രീയായിരുന്നു ലിബോ. തങ്ങളുടെ ഗ്രാമങ്ങളിൽ നിന്നും കൂട്ടപലായനം നടത്തിയ ഇവർ നഗരങ്ങളിലെ വീടുകളിൽ സഹായികളായി ജീവിതകാലം കഴിച്ചുകൂട്ടി. ഗാർഹിക ജോലികൾ ചെയ്യുന്നവർ എന്നതിനൊക്കെ മുകളിൽ ഒരു വീട്ടിലെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ എത്തിക്കുന്നവരായിരുന്നു ഈ സ്ത്രീകൾ. മെക്സിക്കൻ മധ്യവർഗ്ഗത്തിന്റെ കഥ എന്നതിലുപരി  ഇത് ക്ലിയോയുടെ കഥയാണ് എന്നാണ് ക്വാറോണിന്റെ അഭിപ്രായം.  ബാല്യകാലത്തിൽ ലിബോ എന്ന സ്ത്രീയുടെ സാന്നിധ്യം അത്രത്തോളം പ്രധാനമായിരുന്നു എന്നും  വെറൈറ്റി  മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. തന്റെ ഗ്രാമത്തിലെ പ്രശ്നങ്ങളെ കുറിച്ച് ലിബോ ക്വാറോണിനോട് പറയുമായിരുന്നു എന്നും തന്നെ സംബന്ധിച്ച് അവയെല്ലാം സാഹസിക കഥകളായിരുന്നു എന്നും ക്വാറോൺ ഓർക്കുന്നു. മെക്സിക്കോയിലെ ഒരു വെള്ള മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ചു വളർന്ന തനിക്ക് അന്നത്തെ മെക്സിക്കൻ ‘ഇൻഡിജിനസ്’ വിഭാഗം അനുഭവിച്ച പ്രശനങ്ങളെ കുറിച്ച് അറിവില്ലായിരുന്നുവെന്നും. ആ അജ്ഞത തിരുത്താനുള്ള അവസരം കൂടിയായി ‘റോമ’ യെ കാണുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ‘റോമ’ ക്ലിയോയുടെ കഥയാണെന്ന ക്വാറോണിന്റെ വാദം മുഴുവനായും ശരി വയ്ക്കാൻ കാഴ്ചക്കാരന് സാധിക്കില്ല. കാരണം ആ സിനിമ പറയുന്നത് ക്വാറോൺ അറിയുന്ന ക്ലിയോയുടെ കഥ മാത്രമാണ്. ക്വാറോണിന്റെ സൃഷ്ടി, പൂർണ്ണമായും തന്റെ വീക്ഷണകോണിൽ നിന്നുള്ള, ഓർമ്മയും സങ്കൽപ്പവും ചേർന്ന ഒന്നാണ്. ‘റോമ’യിൽ ക്ലിയോയ്ക്ക് സംഭാഷണങ്ങൾ തന്നെ വളരെ മിതമാണ്. പല സന്ദർഭങ്ങളിലും ക്ലിയോയുടെ പ്രതികരണങ്ങൾ വേർതിരിച്ചെടുക്കാൻ സാധിക്കാത്ത മുഖഭാവങ്ങളിൽ ഒതുക്കുകയാണ് സംവിധായകൻ. സർവ്വംസഹയും സ്നേഹനിധിയുമായ ഒരു ‘നാനി’യുടെ ‘ക്ലിഷേ’ പ്രതികരണമായി വേണമെങ്കിൽ എട്ടുവയസുകാരനായ പെപെയ്ക്ക് അതിനെ വായിച്ചെടുക്കാം. എന്നാൽ പ്രേക്ഷകർ കാണുന്ന ക്ലിയോ, മാറി മാറി വരുന്ന സർക്കാരുകളിൽ നിന്നും അവഗണന നേരിട്ട ഒരു വിഭാഗത്തിന്റെ പ്രതിനിധി കൂടിയാണ്. അത്തരത്തിലുള്ള ഒരു കഥ, ഒരു ഫാമിലി ആൽബം മറിച്ചു നോക്കുന്ന ലാഘവത്തോടെ പറയുന്നതും, കഥയിൽ പോലും വാക്കുകൾ കൊണ്ട് പ്രതികരിക്കാൻ അവസരം കൊടുക്കാത്തതും അവരുടെ ദൗർഭാഗ്യങ്ങളുടെ തുടർച്ചയായി തന്നെ വായിക്കേണ്ടി വരും.

Roma, roma movie review, roma movie trailer, roma movie story, roma movie 2018, roma movie imdb, roma movie Netflix, roma movie online, roma movie rating, roma full movie, Oscar, Oscar 2019, Oscar nominations 2019, Oscar predictions, Oscar best movie, Oscar nominees, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ക്ലിയോയെയും ഒപ്പം ജോലി ചെയ്യുന്ന അഡീലായയേയും അവതരിപ്പിക്കുന്നത് മടുപ്പിക്കുന്നൊരു ദിനചര്യയുടെ ഭാഗമായിട്ടാണ്. ഒരു മധ്യവർഗ്ഗ കുടുംബത്തിന്റെ ജീവിതത്തെയും ദിനചര്യകളെയും ലളിതമാക്കി കൊണ്ടു പോകുന്ന രണ്ട് സ്ത്രീകൾ. അതിനപ്പുറമുള്ള ഒരു ഐഡൻറിറ്റി അവർക്കില്ല. കുടുംബവുമായി വളരെ അടുത്തിടപഴകാനും കുട്ടികളെ ഉറക്കാനും ഉണർത്താനും വരെ സ്വാതന്ത്ര്യമുള്ള ക്ലിയോ, മറ്റൊരു സാഹചര്യത്തിൽ വീട്ടുകാരിയുടെയും കുട്ടികളുടെയും വാശിക്കും ദേഷ്യത്തിനും പാത്രമാകുകയാണ്. താൻ ഗർഭിണിയാണെന്നറിയുന്ന സന്ദർഭത്തിൽ ജനലിനു അരികിലിരുന്നു ക്ലിയോ ചിന്തിക്കുന്ന ഒരു രംഗമുണ്ട്. അത്തരം ആഴത്തിലുള്ള മൗനങ്ങൾ അകമ്പടിയായുന്ന രംഗങ്ങൾ ചിത്രം പിന്നെയും സമ്മാനിക്കുന്നുണ്ട്. സോഫിയയോട് കാര്യം അറിയിക്കുമ്പോഴും തന്നെ ജോലിയിൽ നിന്നും പിരിച്ചു വിടുമോ എന്ന പേടിയാണ് ക്ലിയോയെ അലട്ടുന്നത്. തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ക്ലിയോ എന്ത് ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യം പോലും അവിടെ പ്രസക്തമാകുന്നില്ല. അവരതിനെ വളർത്താൻ ആഗ്രഹിക്കുന്നു എന്നു തന്നെ പ്രേക്ഷകർ അനുമാനിക്കേണ്ടി വരുന്നു, ചിത്രത്തിന്റെ അവസാനം എത്തുന്നതു വരെ. അച്ഛൻ ഉപേക്ഷിച്ച കുഞ്ഞിനെ വയറ്റിൽ പേറുന്ന സ്ത്രീയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ള കടുത്ത മാനസിക സംഘർഷങ്ങൾ ക്ലിയോയുടെ മൗനങ്ങളിൽ ഒതുക്കപ്പെടുകയാണ് ചിത്രത്തിൽ.

‘റോമ’യിലെ ഹൃദയസ്പർശിയായ രംഗങ്ങളിൽ ഒന്നാണ് ക്ലിയോ തന്റെ കാമുകനെ (ഫെർമിൻ) അന്വേഷിച്ച്, അയാൾ താമസിക്കുന്ന കോളനിയിലേക്ക് പോകുന്ന രംഗം. അവിടെ പ്രൊഫസർ സോവാക് എന്ന കായികാഭ്യാസി ഒരു കൂട്ടം യുവാക്കൾക്ക് ഒരു യോഗ വിദ്യ കാണിച്ചു കൊടുക്കുന്നുണ്ട്. കണ്ണടച്ചു കൊണ്ട് കൈകൾ മുകളിലേക്ക് ഉയർത്തി ത്രികോണ മാതൃകയിൽ വെച്ച് ഒറ്റ കാലിൽ നിൽക്കുന്നതാണ് അഭ്യാസം. ഇത് ലോകത്തു വളരെ ചുരുക്കം വ്യക്തികൾക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളു എന്ന മുഖവുരയോടെയാണ് അദ്ദേഹമത് കാണിക്കുന്നത്. കൂടി നിൽക്കുന്നവർ പരിഹസിച്ചു ചിരിക്കുന്നത് കാണുമ്പോൾ അവരോടത് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെടുന്നു. ഒരു ഗ്രൗണ്ട് നിറയെ യുവാക്കളും, കാഴ്ചക്കാരായ സ്ത്രീകളും അതിനു ശ്രമിക്കുന്നു. പക്ഷേ ക്ലിയോ ഒഴികെ ആർക്കും അത് സാധിക്കുന്നില്ല. പ്രൊഫസർ സോവാക്കിനെ പോലെ അനങ്ങാതെ നിൽക്കുകയാണ് ക്ലിയോ. സിനിമയിലെ നായിക ഇത്തരത്തിൽ അസാധാരണമായ നേട്ടം കൈവരിക്കുമ്പോൾ അത് ഹൈലൈറ്റ് ചെയ്യുക എന്നതാണ് നമ്മൾ കണ്ടു ശീലിച്ച സിനിമകളുടെ രീതി. എന്നാൽ ഇവിടെ ക്ലിയോ ഒരു ജനക്കൂട്ടത്തിന്റെ ഭാഗമായി ചുരുങ്ങുകയാണ്. രണ്ടു രീതിയിൽ ഇതിനെ വായിക്കാം. മറ്റെല്ലാ ഇടങ്ങളിലേയും പോലെ ക്ലിയോയുടെ നേട്ടം ഇവിടെയും അപ്രസക്തമാകുകയാണ്. അല്ലെങ്കിൽ ഇത്രയധികം മാനസിക സംഘർഷങ്ങൾക്കിടയിലും മനസിനെ ശാന്തമായി വയ്ക്കാൻ സാധിക്കുന്ന ഒരു സ്ത്രീ. എന്നാൽ ഇത് രണ്ടുമല്ലാത്ത ചില കാര്യങ്ങളുമുണ്ട്. സാധരണയായി താൻ ചെയ്യാത്ത ഒരു കാര്യം ചെയ്തു ഫലിപ്പിച്ച ക്ലിയോ തന്റെ നേട്ടത്തിൽ ഒരു നിമിഷം പോലും സന്തോഷിക്കുകയോ അതിശയിക്കുകയോ ചെയ്യുന്നില്ല. നഗരത്തിൽ നിന്ന് മാറി ഒരു കോളനിയിൽ ആയിട്ടുകൂടെ എന്തുകൊണ്ട് അവരെ ആരും ശ്രദ്ധിച്ചില്ല? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്‌ ആ രംഗം. പക്ഷേ മറ്റെല്ലാ ചോദ്യങ്ങളേയും പോലെ അതിനും ഉത്തരം പറയാതെ പോവുകയാണ് ‘റോമ’.

 

ചിത്രത്തിലുടനീളം രാഷ്ട്രീയ സംഘർഷങ്ങളെക്കുറിച്ച് പരാമർശങ്ങൾ വരുന്നുണ്ട്. അവയില്ലെല്ലാം തന്നെ ‘ഇൻഡിജിനസ്’ വിഭാഗങ്ങളെ ബാധിക്കുന്നതരം വിഷയങ്ങളും ഉയർത്തപ്പെടുന്നു. അവരെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ ക്ലിയോ എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്നറിയാൻ നമുക്ക് ആകാംഷയുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ സിനിമ വരച്ചു കാട്ടുന്നത് അവരുടെ അവ്യക്തമായ മൗനത്തെയാണ്. രാഷ്ട്രീയ പരാമർശങ്ങൾ ഒന്നും ആഴത്തിൽ ഉള്ളതല്ല, സിനിമയുടെ തുടർച്ചയ്ക്ക് വേണ്ടി പ്രതലത്തിൽ മാത്രം നിലനിന്ന് പോകുന്നവയാണ്. ഉദാഹരണത്തിന് ക്ലിയോയുടെ അമ്മയുടെ സ്ഥലം സർക്കാർ ഏറ്റെടുത്തു എന്ന വലിയൊരു വാർത്തയ്ക്ക് സെക്കൻഡുകളുടെ പ്രാധാന്യം മാത്രമേ ചിത്രത്തിൽ ലഭിക്കുന്നുള്ളൂ. അതു പോലെ തന്നെ സോഫിയയും കുടുംബവും പുതുവത്സരം ആഘോഷിക്കാൻ പോകുമ്പോഴും അവിടത്തെ കർഷകരും കുടുംബക്കാരുമായി നടന്ന സംഘർഷത്തെ കുറിച്ച് പറയുന്നുണ്ട്. മരിച്ചു പോയ അവരുടെ നായയെ സ്മരിച്ചു കൊണ്ട് സംഭവം വിവരിക്കുകയാണ്. എന്നാൽ ഒരു ‘ഇൻഡിജിനസ്’ സ്ത്രീയായ ക്ലിയോയെയും മറ്റു സഹായിക്കുന്ന സ്ത്രീകളെയും സംബന്ധിച്ച് അത് വെറുമൊരു സംഘർഷമായി ചുരുക്കേണ്ട ഒന്നല്ല. താങ്കളുടെ കൃഷിയിടത്തിന് വേണ്ടി അവർ നടത്തിയ പോരാട്ടമാണ്. ക്ലിയോ അവിടെയും മൂകയാണ്. ശരിക്കും നടന്നത് എന്താണെന്നോ, ക്ലിയോയെ സംബന്ധിക്കുന്ന ഒന്നാണെങ്കിൽ അതിനോട് അവർ എങ്ങനെയാകും പ്രതികരിച്ചിരിക്കുക, അങ്ങനെ പല ചോദ്യങ്ങളും പിന്നെയും ബാക്കിയാണ്. അത്രമേൽ ലാഘവത്തോടെയാണ് ‘റോമ’ ചരിത്രത്തെ ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ കുട്ടികളുടെ അമ്മൂമ്മയോടൊപ്പം (തെരേസ) കുഞ്ഞിനായി ക്രിബ് വാങ്ങാൻ ക്ലിയോ പോകുന്നുണ്ട്. അപ്പോൾ തെരുവിൽ ഒരു സംഘർഷമുണ്ടാകുന്നുണ്ട്. മെക്സിക്കൻ ചരിത്രത്തിലെ ഇരുണ്ട ഏടുകളിൽ ഒന്നായ ‘കോർപ്പസ് ക്രിസ്റ്റി കൂട്ടക്കൊല’യാണ് സംഭവം. ക്ലിയോയുടെ കാമുകൻ എന്തിനു വേണ്ടിയാണ് ആയോധനകല പഠിച്ചതെന്ന് അപ്പോൾ നമുക്ക് വ്യക്തമാകും. എന്തു കൊണ്ട് അത്തരമൊരു പ്രശ്നം അവിടെയുണ്ടായി? അത്രയധികം വിദ്യാർഥികൾ എന്ത് കാരണത്താലാണ് ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും? ഫെർമിൻ എന്തു കൊണ്ട് വിദ്യാർത്ഥികളെ കൊല്ലാൻ കൂട്ടു നിന്നു? ഈ രാഷ്ട്രീയ സാഹചര്യങ്ങളുടെ നടുക്ക് എന്തിനാണ് ക്ലിയോയെ സ്ഥാപിച്ചത്? – ഇവയ്ക്കൊനും ഉത്തരമില്ല. മൂകസാക്ഷി മാത്രമാണ് ക്ലിയോ. ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിൽ ജനിച്ചു വളര്‍ന്ന കുട്ടിക്ക് നിലനില്പിന് വേണ്ടിയുള്ള സമരങ്ങളോട് അതില്‍ പോരടുന്നവർക്ക് തോന്നുന്ന അനുഭാവം തോന്നിക്കൊള്ളണമെന്നില്ല. പക്ഷേ ചരിത്രനിമിഷങ്ങളെ അടയാളപ്പെടുത്തുമ്പോൾ പറയുന്ന ആൾക്ക് അതിനോട് അനുഭാവം ഉണ്ടോ എന്നുള്ളതല്ല, പറയുന്നത് എത്രത്തോളം വ്യക്തവും ശരിയുമാണ് എന്നതാണ് പ്രധാനം.

ആ സംഭവത്തെ തുടർന്ന് ക്ലിയോയ്ക്ക് പ്രസവവേദന വന്നു ആശുപത്രിയിലേക്ക് കൊണ്ടു പോകുകയാണ്. തെരേസയോട് റിസെപ്ഷനിസ്റ് ക്ലിയോയുടെ വിവരങ്ങൾ തിരക്കുമ്പോൾ അവർക്കാകെ ക്ലിയോയുടെ പേരു മാത്രമേ പറയാൻ സാധിക്കുന്നുള്ളൂ. ക്ലിയോയുടെ കുഞ്ഞു പ്രസവത്തിൽ മരിക്കുന്ന സന്ദർഭത്തിലും അവർ എന്തെങ്കിലും പറയണമെന്ന് നമ്മൾ ആഗ്രഹിക്കുന്ന തുടർരംഗത്തിലും മൗനം തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. സോഫിയായും കുട്ടികളും പറയുന്നതിനപ്പുറം ക്ലിയോ എന്നുള്ള വ്യക്തിക്ക് വാശികൾ പോലുമില്ല. ചിത്രത്തിന്റെ അവസാന ഭാഗത്താണ് നമ്മൾ ആഗ്രഹിക്കുന്നതു പോലെ ക്ലിയോ തനിക്ക് വേണ്ടി ഒരു വരി പറയുന്നത്.

സംവിധായകൻ അൽഫോൺസോ ക്വാറോൺ ‘വെറൈറ്റി’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്, ഒരു മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ച ‘വെളുത്ത’ കുട്ടി എന്ന നിലയിൽ ലിബോ പറഞ്ഞ കഥകൾ തനിക്ക് സാഹസികത നിറഞ്ഞ വെറും കഥകൾ മാത്രമായിരുന്നു എന്ന്. അതവരുടെ ജീവിതമാണ് എന്ന് തിരിച്ചറിയാന്‍ ഒരുപാട് കാലങ്ങൾ വേണ്ടി വന്നു എന്നും. ആ തിരിച്ചറിവാണ് ‘റോമ’ എന്ന ചിത്രം വഴി താൻ വരച്ചു കാട്ടാൻ ശ്രമിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ ഒരു എട്ടു വയസുകാരൻ ലോകത്തെ നോക്കി കാണുന്നതിനപ്പുറം ക്ലിയോയുടെ ചിന്തകൾക്ക് ശബ്ദം ഉണ്ടാകുന്നില്ല ‘റോമ’യിൽ. സ്വത്വത്തെയും നിലനിൽപ്പിനെയും ബാധിക്കുന്ന കാര്യങ്ങളിൽ പ്രത്യക്ഷത്തിൽ ശബ്ദം ഉയർത്തിയില്ലെങ്കിലും ബോധമണ്ഡലത്തിൽ പോലും ക്ലിയോ ഒരു വാക്ക് ഉച്ചരിച്ചില്ല എന്നോ? എഴുപതുകളിലെ മെക്സിക്കോയിൽ വീട്ടുസഹായത്തിനു നിൽക്കുന്ന സ്ത്രീകൾ ഒരുപക്ഷേ ശബ്ദിക്കില്ലായിരിക്കാം, എതിർപ്പ് പ്രകടമായി കാണിക്കില്ലായിരിക്കാം, എന്നാൽ 2018-ൽ അവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി നിർമിക്കുന്ന ചിത്രത്തിന് അത്തരം പരിമിതികൾ ഉണ്ടോ? ‘റോമ’ എന്തായാലും ക്ലിയോയുടെ കഥയല്ല, അവരുടെ ജീവിതത്തിന്റെ ഒരു ‘മയോപ്പിക്’ കാഴ്ച മാത്രമാണ്.

Read More: Roma movie review: An uneven tribute

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Oscar 2019 roma movie review alfonso cuaron

Next Story
മനസ്സിൽ തകർന്ന മെക്സിക്കൻ മതിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com