വിനോദഉപാധിയായി റേഡിയോ മാത്രം ഉണ്ടായിരുന്ന ഒരു കാലത്ത് ചലച്ചിത്രഗാനങ്ങളായിരുന്നു അന്നത്തെ യുവതയുടെ ആത്മാവില്‍ നിറയെ. കൈ പിടിച്ചു നടത്തിയിരുന്നതും ചേര്ത്തിരുത്തിയിരുന്നതും കണ്ണു വിടര്ത്തിയിരുന്നതും ആത്മാവ് തുറക്കാന്‍ പ്രേരിപ്പിച്ചതും ഒക്കെ അന്നത്തെ പാട്ടുകളാണ്. ഓരോ പാട്ടും ഓരോ ലോകം തുറന്നു വച്ചു. സ്വപന്ങ്ങളിലേയ്ക്ക് കൈ ചൂണ്ടി. കുശലം പറഞ്ഞ് ഒപ്പംനടന്നു.ചലച്ചിത്ര ഗാനങ്ങള്‍ക്കൊപ്പം സഞ്ചരിക്കെ, ഓരോരുത്തര്‍ക്കും ഓരോ ആത്മഗാനങ്ങളുണ്ടായിവന്നു.
ഓരോ പാട്ടും നമ്മളെ എങ്ങനെയാണ് മുഴുവനായും അപഹരിച്ചു കൊണ്ടുപോയി കൂടെക്കൂട്ടി ചേര്‍ത്തു നടത്തിയത് എന്ന്, ഇന്നും കേള്‍വിയുടെ ചെവിയോരത്തിരുന്ന് പഴയ കാലത്തിലേയ്ക്ക് അവ നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നതും പുതിയ കാലത്തിന് ഊര്ജ്ജമാകുന്നതെങ്ങനെ എന്നുമുള്ള ഒരു അന്വേഷണത്തിന്റെ വഴിയേ വിജു നായരങ്ങാടി. ഒരു പാട്ടുലോകത്തിന്റെ പ്രിയ സംഗീതസ്പന്ദനങ്ങളുടെ വഴിയേ ശ്രുതിയും താളവുമലിഞ്ഞു ചേര്‍ന്ന്, ഓര്മ്മപ്പാട്ടുകളില് ഒരു മാത്ര ഒന്നു ചാരിച്ചേര്ന്നു നിന്നുപോവുക നിങ്ങളെല്ലാവരും…
ദേവരാജൻ മാഷുടെ ഹാർമോണിസ്റ്റായിട്ടാണ് എം കെ അർജുനൻ അദ്ദേഹത്തിന്റെ സിനിമാസംഗീതകാലം തുടങ്ങുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാടുപെട്ട, നാടകങ്ങളിൽ സംഗീതം ചെയ്ത് ഉപജീവനം കണ്ടെത്തുന്ന കാലത്താണ് സിനിമയിൽ കത്തി നിൽക്കുന്ന ദേവരാജൻ മാഷ് എം കെ അർജുനനെ കണ്ടെത്തുന്നത്. പിന്നീട് സ്വതന്ത്രമായി സിനിമയിൽ പാട്ട് ചെയ്യാൻ തുടങ്ങിയ കാലത്ത് ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളാണ് അർജുനൻ മാഷുടെ മുന്നിൽ നിരന്തരം വന്നതെന്നു പറയാം. ‘പിക്നികിലെ’ ‘കസ്തൂരി മണക്കുന്നല്ലോ ‘ എന്ന പാട്ടിനു ശേഷം ഏകദേശം ഇരുനൂറോളം പാട്ടുകൾ തുടർച്ചയായെന്നോണം ശ്രീകുമാരൻ തമ്പി അർജുനൻ ടീം ചെയ്തിട്ടുണ്ട് .
അർജുനൻ മാഷുടെ പാട്ടുകൾക്ക് പൊതുവേ ദേവരാജൻ ഫ്ലേവർ ഉണ്ടെന്ന് നിരീക്ഷണങ്ങളുണ്ട്. സത്യത്തിൽ , മദ്രാസിൽ സിനിമാ സംഗീതവുമായി ബന്ധപ്പെട്ട് അർജുനൻ ചെല്ലുമ്പോൾ അദ്ദേഹത്തെ സഹായിക്കാൻ ദേവരാജൻ മാഷ് ഏർപ്പാടാക്കിയത് മാഷുടെ തന്നെ ഓർക്കസ് ട്രേഷന് നേതൃത്വം കൊടുത്തിരുന്ന പ്രസിദ്ധ സംഗീതജ്ഞൻ ആർ കെ ശേഖറിനെയായിരുന്നു. അർജുനൻ മാഷുടെ ഓർക്കസ്ട്ര അറേഞ്ച് ചെയ്തതും ആർ കെ ശേഖറായിരുന്നു. അതു വഴിയുള്ള ഒരു രുചിപ്പൊരുത്തമല്ലാതെ സംഗീത വഴികളിൽ എം കെ അർജുനൻ ദേവരാജനെയെന്നല്ല ഒരു സംഗീതജ്ഞനെയും തന്റെ വൈഭവത്തിൽ ഇടകലരാൻ അനുവദിച്ചിട്ടുണ്ടായിരുന്നില്ല.
ശ്രീകുമാരൻ തമ്പി എം കെ അർജുനനു വേണ്ടിയാണ് അതിമനോഹരമായ പാട്ടുകളെല്ലാമെഴുതിയത്. വയലാർ, ദേവരാജന്റെയടുത്ത് എത്രമാത്രം കംഫർട്ടബ്ൾ ആയിരുന്നുവോ അത്രയോ അതിലും മേലെയോ ശ്രീകുമാരൻ തമ്പി അർജുനന്റെയടുത്ത് കംഫർട്ടബ്ൾ ആയിരുന്നു. അവർക്കിടയിൽ ഒട്ടും ഈഗോ പ്രവർത്തിച്ചിരുന്നില്ലെന്നതിന്റെ തെളിവ് അവരുണ്ടാക്കിയ പാട്ടുകൾ തന്നെയാണ്. മറ്റേത് പാട്ടെഴുത്തുകാരന്റെയും കമ്പോസറുടെയും പേരുകൾ മനസ്സിൽ തെളിയുമ്പോൾ അത് പാടുന്ന മെയിൽ/ ഫീമെയിൽ സിംഗറുടെ സാന്നിദ്ധ്യം കൂടി ഓർമ്മയിൽ പറന്നു വരും. ഇവരുടെ കാര്യത്തിൽ സിംഗർക്കു പകരം ഏതെങ്കിലും ഒരു പർട്ടിക്കുലർ പാട്ടായിരിക്കും ഓർമ്മ വരിക. എഴുത്തുകാരൻ, കമ്പോസർ, പാടിയ ആൾ എന്ന ത്രയം അപ്രത്യക്ഷമാകുകയും പാട്ടു മാത്രം ഫൊർഗ്രൗണ്ട് ചെയ്യപ്പെടുകയും ചെയ്യും. മലയാളത്തിൽ മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത ഒരു വരമാണത്.
Read More: എന്റെ പകലറുതികളേ എന്റെ രാവറുതികളേ, നിങ്ങളോർക്കുന്നുവോ!
തൊള്ളായിരത്തി എഴുപത്തിമൂന്നിലാണ് ശശികുമാർ സംവിധാനം ചെയ്ത ‘പത്മവ്യൂഹം’ എന്ന സിനിമ വരുന്നത്. അക്കാലത്തെ വലിയ ബാനറുകളോ മൂല്യവത്തായ സിനിമകളോ ഒന്നുമല്ല എം കെ അർജുനനെ തെരഞ്ഞു വന്നത്. സാധാരണ സിഐഡി കുറ്റാന്വേഷണ പ്രേംനസീർ സിനിമകളായിരുന്നു ഭൂരിഭാഗവും. ആ സിനിമകളെല്ലാം മണ്ണടിഞ്ഞു പോയി പക്ഷേ, അർജുനൻ മാഷുണ്ടാക്കി പാടിച്ച പാട്ടുകൾ ഇന്നും യൗവ്വനമാർന്നു നിൽക്കുന്നത് ആഹ്ലാദത്തോടെ ഓർക്കാനാവുന്നു. ‘പത്മവ്യൂഹ’ത്തിൽ ശ്രീകുമാരൻ തമ്പി എഴുതി അർജുനൻ മാഷ് ചിട്ടപ്പെടുത്തി യേശുദാസ് പാടിയ സ്വപ്നതുല്യമായ രണ്ടു പാട്ടുകളുണ്ട്. അവ കേൾക്കുമ്പോൾ ഞാനൊരു ഞൊടി നേരം കൊണ്ട് പഴയ പത്തു വയസ്സുകാരനാവുകയും അത്ഭുതം കൂറുന്ന മിഴികളോടെ ഇളനീർ ചോലയിൽ നീരാടി എഴുന്നേൽക്കുകയും ചെയ്യും.
നിങ്ങളോർക്കുന്നുവോ, ആ പാട്ടുകൾ? മദ്ധ്യമാവതിയിൽ മാഷ് രൂപപ്പെടുത്തിയ ‘പാലരുവിക്കരയിൽ, പഞ്ചമി വിടരും പടവിൽ, പറന്നു വരൂ വരൂ, പനിനീരുതിരും രാവിൽ കരുവീ, യിണക്കുരുവീ…’ ആഭേരിയിൽ ചിട്ടപ്പെടുത്തിയ ‘കുയിലിന്റെ മണിനാദം കേട്ടു, കാറ്റിൽ കുതിരക്കുളമ്പടി കേട്ടു, കുറുമൊഴി മുല്ല പൂങ്കാട്ടിൽ രണ്ടു കുവലയപ്പൂക്കൾ വിടർന്നു…’
സിനിമാപ്പാട്ടുകൾ ലളിതസംഗീതത്തിന്റെ ഉത്തമ രൂപങ്ങളാണെന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ അർജുനൻ മാഷുടെ പാട്ടുകളിൽ ഈ രണ്ടു പാട്ടുകളുടെ സ്ഥാനം ചെറുതല്ല. അതിൽത്തന്നെ കുയിലിന്റെ മണിനാദം ഒരു മനോഹര ശില്പമാണ്. എത്രയോ കാലം, ഒറ്റയ്ക്കായിപ്പോയ പകലറുതികളിൽ, എത്രയോ രാത്രികളുടെ ഇരുട്ടിൽ അവനവനെ ഉണർത്താനും ഉറക്കാനും എനിക്ക് തുണയായി നിന്നത് ‘കുയിലിന്റെ മണിനാദം കേട്ടു’ എന്ന പാട്ടാണ്.
‘കുയിലിന്റെ മണിനാദം കേട്ടു
കാട്ടിൽ കുതിരക്കുളമ്പടി കേട്ടൂ
കുറുമൊഴി മുല്ല പൂങ്കാട്ടിൽ രണ്ടു
കുവലയപ്പൂക്കൾ വിടർന്നൂ
മാനത്തെ മായാവനത്തിൽ
നിന്നും മാലാഖമണ്ണിലിറങ്ങീ
ആ മിഴിത്താമരപ്പൂവിൽ നിന്നും
ആശാ പരാഗം പറന്നൂ
ആ വർണ്ണരാഗ പരാഗം
എന്റെ ജീവനിൽ പുൽകിപ്പടർന്നു
ആരണ്യ സുന്ദരി ദേഹം
ചാർത്തു മാതിര നൂൽ ച്ചേല പോലെ
ആകാട്ടു പൂന്തേനരുവീ മിന്നും
ഇളവെയിൽ പൊന്നിൽ തിളങ്ങീ
ഈ നദി തീരത്തു നീയാം
സ്വപ്നമീണമായ് യെന്നിൽ നിറഞ്ഞൂ
ഒരു തവണ വായിച്ചാൽ ഈ രചന ഒരു കേവല കൗതുകത്തിനപ്പുറത്തേക്ക് വിശേഷ വിധിയായി ഒന്നും നിവേദിക്കുകയില്ല. ഒരു വിരഹാർത്ഥിയും ആർദ്രമാനസനുമായ ഒരു കാമുകന്റെ മനസ്സിന്റെ തുടിപ്പ് എന്ന ക്ലീഷേയിൽ അതവസാനിക്കും. പക്ഷേ അർജുനൻ മാഷ് യേശുദാസിനെക്കൊണ്ട് പാടിച്ച ഈ വരികളിലെത്തുമ്പോൾ ഏതോ ഒരു കാമുകൻ എന്നതിനു പകരം അത് ഞാൻ തന്നെയാവും. എനിക്ക് എന്റെ കളഞ്ഞു പോയ കാമുകഹൃദയം നിമിഷ നേരം കൊണ്ട് തിരിച്ചു കിട്ടും.
അർജുനൻ മാഷിനു വേണ്ടി എഴുതിയപ്പോഴൊക്കെ സംഗീതത്തെ മറികടക്കാത്ത സാഹിത്യമെ ശ്രീകുമാരൻ തമ്പി സൃഷ്ടിച്ചിട്ടുള്ളു. അർജുനൻ മാഷിനു വേണ്ടി പാടിയപ്പോഴൊക്കെ അകത്ത് നൂലുപോലെ ഓടിയ സംഗീതത്തെ മറികടക്കാതെ ആലാപനത്തിന്റെ അപാരമായ ബാലൻസ് സൂക്ഷിച്ചു കൊണ്ടാണ് യേശുദാസ് പാടുന്നത്. പാട്ടിന്റെ രചനാ ശില്പവും അതിനെ ജീവത്താക്കുന്ന സംഗീതവും അതിന്റെ ആലാപനവും ഇവിടെ തുല്യ അനുപാതത്തിൽ സംഭവിയ്ക്കുന്നു.
എന്റെ ബാല്യത്തിനെയും ബാല്യത്തിലെ നായരങ്ങാടിയിലെ നേതാജി ബാലജനസഖ്യത്തിനെയും ഇരു ചുമലിലേറ്റി പറക്കാൻ ഞാൻ എപ്പോഴും തിരയുന്ന ആഞ്ജനേയനാണ് എനിക്കീ പാട്ട്. അന്നൊക്കെ എല്ലാ ഞായറാഴ്ചകളിലും ബാലജനസഖ്യത്തിന്റെ മീറ്റിംഗ് നായരങ്ങാടിയിൽ ചേരും. പത്തറുപതു കുട്ടികൾ സഖ്യത്തിന്റെ അംഗങ്ങളായിട്ടുണ്ട്. ഏറ്റവും പുതിയ പാട്ടു പാടി അത്ഭുതപ്പെടുത്തുന്നവർ അനവധിയുണ്ടായിരുന്നു ആ കൂട്ടത്തിൽ. അവരൊന്നും തന്നെ വെറുതെ പാടുകയായിരുന്നില്ല. അവർക്കുള്ളിലേക്ക് വേരാഴ്ന്നിറങ്ങിയ അവരുടെ പ്രണയിനികളുടെ ഹൃദയത്തിന്റെ ചാരത്തിരുന്നായിരുന്നു അവരന്ന്, ‘ആരണ്യ സുന്ദരി ദേഹം, ചാർത്തുമാതിര നൂൽ ച്ചേല പോലെ’ എന്നും ‘ആ വർണ്ണ രാഗ പരാഗം എന്റെ ജീവനിൽ പുൽകിപ്പടർന്നു’ എന്നും പാടിയിരുന്നത്. വലിയ വിടർന്ന കണ്ണുകളുള്ള ഒരു പെൺകുട്ടിയുടെ ചെവിയ്ക്കരികിലിരുന്ന് ഞാനീ പാട്ട് പാടി അവളുടെ ഹൃദയപരാഗത്തോടൊപ്പം ലയിച്ചു തീരുന്നത് സ്വപ്നം കണ്ടുണർന്നിരുന്ന രാവറുതികൾ, സത്യമായും ഇതാ ഇന്നലെ കഴിഞ്ഞ പോലെ കണ്ണിൽ കത്തിനിൽക്കുന്നു.
എഴുപതുകളിലെ കാമുകൻമാർക്ക് ഭൂമിയിൽ ഒരു സ്വരമേ ഉണ്ടായിരുന്നുള്ളു. ആ സ്വരത്തിലാണ് യേശുദാസ് ‘കുയിലിന്റെ മണിനാദവും’ പാലരുവിക്കരയിൽ’ എന്ന പാട്ടും ‘കസ്തൂരി മണക്കുന്നല്ലോ’ എന്ന പാട്ടുമൊക്കെ പാടി വെച്ചത്. പ്രണയിച്ചവരും പ്രണയത്തിന്റെ അപാര സന്നിധിയിൽ അവനവനെ ഹോമിച്ചവരുമെല്ലാം ജീവിതത്തിൽ നിരന്തരം തോറ്റു പോയിരിക്കാം. അവർ പലരോടും പലതിനോടും പല സന്ദർഭങ്ങളിലും നിരന്തരം മറുപടി പറഞ്ഞ് സ്വയം മടുത്തിരിയ്ക്കാം. പക്ഷേ എനിക്കുറപ്പുണ്ട്, അവർ അവർ മാത്രമാകുന്ന ചില സാന്ദ്രസന്ധ്യകളിൽ ,വല്ലാതെ ഒറ്റയ്ക്കായിപ്പോകുന്ന ചില തീവ്രരാത്രികളിൽ തീർത്തും താന്തരായ അവരെ ,അവരുടെ ഹൃദയത്തിലെ ഒട്ടും പഴക്കം തട്ടാത്ത ആ അത്ഭുത അറയിൽ നിന്ന് ഈ പാട്ടുകൾ ഇറങ്ങി വന്ന് സാന്ത്വനിപ്പിക്കുന്നുണ്ടാവണം. ‘തോൽക്കാനുള്ളതല്ല ജീവിതം, തോറ്റിട്ടുമില്ല ജീവിതം, നോക്കൂ ഈ പാട്ടിനും ഒപ്പം നിനക്കും ഇപ്പോഴും യൗവനമല്ലേ’ എന്ന് നിരന്തരം മന്ത്രിക്കുന്നുണ്ടാവണം.
വിജു നായരങ്ങാടി എഴുതിയ കുറിപ്പുകള്‍ ഇവിടെ വായിക്കാം
അന്ന്, യേശുദാസിനൊപ്പമെത്താൻ മത്സരിച്ചുപാടിയ ബാലജനസഖ്യത്തിലെ കൂട്ടുകാരിൽ ചിലർ മരിച്ചടർന്നു പോയി. പക്ഷേ, അവരിപ്പോഴും ഈ പാട്ടിന്റെ ചിറകിൽ പറന്നു വന്ന് എന്റെ ഇരിപ്പിടത്തിനു മുന്നിൽ എത്താറുണ്ട്. പാട്ട് അങ്ങനെ പല വഴികളിലൂടെ മറഞ്ഞു പോയവരെ പുനർജനിപ്പിക്കാറുണ്ട്.
തീർച്ചയായും ഞാനിപ്പോൾ പണ്ടത്തേക്കാൾ തീവ്രസ്വഭാവിയായ പ്രണയിയാണ്. ഈ പാട്ടുകൾ കേൾക്കുന്ന എന്റെ കണ്ണുകൾ അത് പറയും, സത്യം!