“ഇന്ന് എവിടേക്കാണ് നമുക്കെല്ലാം കൂടി ഒരു യാത്ര” എന്ന സരിതയുടെ രാവിലത്തെ ചോദ്യമാണ്, “എന്നാൽ നമുക്ക് അയർലണ്ടിന്റെ വടക്കുളള ആന്റ്‌റിം (Antrim) എന്ന കൗണ്ടിയിൽ, അറ്റ്‌ലാന്റിക് സമുദ്ര തീരത്തുളള ജയിന്റ്സ് കോസ്‌വേ (Giant’s Causeway) യിലേക്കാവാം എന്ന തീരുമാനത്തിൽ എത്തിയത്. ഭാര്യ സരിതയുടെ അച്ഛനും അമ്മയും ഇപ്പോൾ കൂടെയുണ്ട്.

ആഴ്ചകളുടെ അവസാനം നല്ല കാലാവസ്ഥയാണെങ്കിൽ അച്ഛനെയും, അമ്മയെയും, കുട്ടികളെയും കൊണ്ടുള്ള ഒരു യാത്ര പതിവാണ്.

ഞങ്ങൾ താമസിക്കുന്ന അയർലണ്ടിലുള്ള സ്ലൈഗോ എന്ന സ്ഥലത്തു നിന്നും ഏകദേശം 200 കിലോമീറ്റർ ഉണ്ട് ഇവിടെയെത്താൻ. നിർത്താതെ തുടർച്ചയായി യാത്ര ചെയ്താൽ ഏകദേശം രണ്ടേ മുക്കാൽ മണിക്കൂർ മതി.

giant's cause way, ireland, suresh c pillai,

ഭൂതത്താൻ നടവരമ്പിലേയ്ക്കുളള യാത്രാ വഴിയിൽ ഫൊട്ടോ: സുരേഷ് സി പിളള

ഏകദേശം പന്ത്രണ്ടു മണിക്കു യാത്ര തിരിച്ചു. വഴിയിൽ ഒക്കെ നിർത്തി പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചാണ് യാത്ര. ഹൈവേ ഒക്കെ ഉപേക്ഷിച്ച്‌, ഗ്രാമ പ്രദേശങ്ങളിൽ കൂടിയും, അറ്റ്‌ലാന്റിക് സമുദ്ര തീര പ്രദേശങ്ങളിൽ കൂടിയും ആയിരുന്നു യാത്ര. സ്ലൈഗോയിൽ നിന്നും, ഡൊണീഗൽ, ഡെറി എന്നീ കൗണ്ടികൾ ( ജില്ല) കടന്നു വേണം ആന്റ്‌റിം കൗണ്ടിയിൽ എത്താൻ. അയർലണ്ട് സന്ദർശിക്കുന്നവർക്കായി പൊതുവായി കൊടുക്കുന്ന ഒരു ഉപദേശമാണ്, നിങ്ങൾ ഒരു പ്രദേശത്തിന്റെ സൗന്ദര്യം മുഴുവനായി അറിയണമെങ്കിൽ ഗ്രാമീണ റോഡുകളിൽ കൂടിയും, തീര പ്രദേശത്തു കൂടിയും യാത്ര ചെയ്യണം എന്നത്.

giant's cause way, ireland, suresh c pillai,
പച്ച പരവതാനി വിരിച്ച താഴ്‌വരകൾ, മരങ്ങൾ ഇല്ലാതെ പുല്ലുമേഞ്ഞ പോലെയുളള പച്ചക്കുന്നുകൾ, സുന്ദരമായ തടാകങ്ങൾ, അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മനോഹര തീരങ്ങൾ, ഇവയൊക്കെ ആസ്വദിച്ചാണ് യാത്ര. അങ്ങിനെ വൈകുന്നേരം അഞ്ചുമണിയോടെ Giant’s Causeway യുടെ കാർപാർക്കിൽ എത്തി. ബാക്കി പറയുന്നതിനും മുൻപേ, Giant’s Causeway യെ പറ്റി കുറച്ച്  കാര്യങ്ങൾ പറയാം.

1986 UNESCO Giant’s Causeway യെ ലോക പൈതൃകം സ്ഥലമായി (World Heritage Site) തിരഞ്ഞെടുത്തു. ഇത് കൂടാതെ യുകെയിലെ നാലാമത്തെ പ്രകൃതി ദത്തമായ അത്ഭുതമായും ഇതിനെ പരിഗണിക്കുന്നു. സമുദ്രത്തിൽ നിന്നും കൊത്തി എടുത്ത പോലെയുള്ള ഷഡ്‌ഭുജമായ (hexagonal) നിരത്തിവച്ചിട്ടുള്ള തൂണുകൾ പോലെയുള്ള കല്ലടുക്കുകൾ ആണ് ഇവിടുത്തെ പ്രത്യേകത. ഏറ്റവും നീളമുള്ള സ്തൂപത്തിന് സമുദ്രത്തിൽ നിന്നും പന്ത്രണ്ടു മീറ്റർ ഉയരം ഉണ്ട്. Giant’s Causeway എന്ന പേരു വന്നതിലും ഒരു രസകരമായ ഒരു ഐതിഹ്യമുണ്ട്. ഇതു പ്രകാരം, ഈ സ്തൂപങ്ങൾ ഒക്കെ നിർമ്മിച്ചത് ഒരു ഭൂതത്താൻ ആണത്രേ. പുരാതന അയർലണ്ടിലെ ഫിയോൻ മാക്കൂൾ എന്ന ഭൂതത്താനെ, സ്കോട്ട്‌ലണ്ടിലുള്ള ഭൂതമായ ബെനാൻഡോണർ എന്ന ഭൂതം യുദ്ധം ചെയ്യുവാനായി വെല്ലുവിളിച്ചത്രേ. ഫിയോൻ വെല്ലുവിളി സ്വീകരിക്കുകയും, സ്കോട്ട്‌ലണ്ടിൽ പോകാനായി ഒരു കടൽപ്പാത നിർമ്മിക്കുകയും ചെയ്തത്രേ. ഇങ്ങനെയാണ് Giant’s Causeway ഉണ്ടായത് എന്ന് കെട്ടുകഥകൾ പറയുന്നു. രാമായണത്തിൽ പറയുന്ന പോലെ ഇന്ത്യക്കും, ശ്രീലങ്കയ്ക്കും ഇടയിൽ ഉള്ള സേതു ബന്ധനം പോലെ എന്നൊക്കെ വേണമെങ്കിൽ താരതമ്യത്തിനായി പറയാം.

suresh c pillai,giant's cause way, travel,

എന്നാൽ ശാസ്ത്രം പറയുന്നത്, ഏകദേശം അറുപതു ലക്ഷം വർഷങ്ങൾക്ക് മുൻപേയുള്ള അഗ്നിപര്‍വ്വത സ്‌ഫോടനങ്ങൾ വഴി ഒഴുകിയ ലാവ (അഗ്നിപര്‍വ്വതത്തില്‍നിന്നു പൊങ്ങിയൊഴുകുന്ന ദ്രവം) തണുത്തുറഞ്ഞുണ്ടായ കൃഷ്‌ണശില (basalt) കൾ ആണ് ഇവയെന്നാണ്. അതായത് ലാവ തണുത്തുറഞ്ഞപ്പോൾ, അതിൽ ഒരേ രീതിയിലുള്ള വിള്ളലുകൾ ഉണ്ടാവുകയും അവ ഷഡ്‌ഭുജമായ (hexagonal) നിരത്തിവച്ചിട്ടുള്ള തൂണുകൾ പോലെ രൂപപ്പെടുകയും ചെയ്തു. നെൽപ്പാടങ്ങളിൽ വരൾച്ച വരുമ്പോൾ ചെറിയ പഞ്ചഭുജ അല്ലെങ്കിൽ ഷഡ്‌ഭുജ ബ്ലോക്കുകൾ ഉണ്ടാവുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവുമല്ലോ? അതുപോലെ ആണ് ഈ വലിയ സ്തൂപങ്ങൾ ഒരേ പോലെ രൂപാന്തരം പ്രാപിച്ചത്. പുരാതനകാലത്തൊന്നും അറിയപ്പെടാതിരുന്ന Giant’s Causeway യുടെ സൗന്ദര്യത്തെപ്പറ്റി ലോകത്തോട് പറഞ്ഞത് 1693 ൽ, പ്രശസ്തമായ ഡബ്ലിനിലെ ട്രിനിറ്റി കോളേജ് പ്രൊഫസർ ആയിരുന്ന സർ Richard Bulkeley, ആണ്. തുടർന്ന് ഇത് ലോക ശ്രദ്ധ ആകർഷിക്കുകയും, കാലാകാലങ്ങളായി വിനോദസഞ്ചാരികളുടെ ഒഴുക്ക് ഇങ്ങോട്ടേക്ക് ഉണ്ടാവുകയും ചെയ്തു.

ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ മഹാദേവന്റെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘം പരീക്ഷണ നിരീക്ഷണങ്ങളുടെയും, മാത്തമറ്റിക്കൽ മോഡലിങ് വഴിയും ഷഡ്ഭുജമായ സ്തൂപങ്ങളുടെ ഘടന വിശദമായി പഠന വിധേയമാക്കിയിട്ടുണ്ട്. ലാവ തണുത്ത് ഉറയുന്നതിന്റെ സ്പീഡ് അനുസരിച്ച്‌ സ്തൂപങ്ങൾക്ക് രൂപമാറ്റം ഉണ്ടാകും എന്ന് കണ്ടെത്തി.

കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റി ഫിസിക്സ് പ്രൊഫസർ ആയ സ്റ്റീഫൻ മോറിസ്, ഷഡ്ഭുജമായ സ്തൂപങ്ങളുടെ ചുറ്റളവ് ലാവാ തണുക്കുന്നതിന്റെ ഗതിവേഗംഅനുസരിച്ച് വ്യത്യസപ്പെട്ടിരിക്കും എന്ന് കണ്ടെത്തി.

Giant’s Causeway കാണുവാനായി ഏകദേശം അര കിലോമീറ്റർ അറ്റ്‌ലാന്റിക് സമുദ്ര തീരത്തുകൂടി നടക്കണം. ഭൂമിയിലാണോ, സ്വർഗ്ഗത്തിലാണോ എന്നു പോലും തോന്നുന്നത്ര മനോഹരമായിരുന്നു ആ കാൽ നട യാത്ര. ഏകദേശം രണ്ടു മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. സ്തൂപങ്ങളിൽ കൂടി കയറി. കുട്ടികൾക്കും അച്ഛനും അമ്മയ്ക്കും, ഞങ്ങൾ രണ്ടുപേർക്കും ഒരു മറക്കാൻ കഴിയാത്ത അനുഭവം ആയിരുന്നു ഈ ഈ മനോഹര യാത്ര.

giant's cause way, suresh c pillai, feature,

ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ഇവിടം സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം. ഈ സമയത്ത് സൂര്യൻ വളരെ വൈകിയേ അസ്തമിക്കൂ (ഒൻപതു മണിക്കു ശേഷം) എന്നു മാത്രമല്ല അന്തരീക്ഷ താപനില ഏകദേശം 20 ഡിഗ്രി സെൽഷ്യസിന് അടുത്തായിരിക്കും എന്നതുമാണ് അതിന് കാരണം.
 എങ്ങിനെ എത്തിച്ചേരാം?

കാറിൽ യാത്ര ചെയ്യുന്നവർക്ക് Map അല്ലെങ്കിൽ Sat Nav references ഇതാണ് C9444439/BT57 8SU. ഇതാണ് പൂർണ്ണ അഡ്രസ് 44 Causeway Rd, Bushmills BT57 8SU, UK. B147 Causeway road ൽ Bushmills village ൽ നിന്നും ഏകദേശം മൂന്നു കിലോമീറ്ററും, Coleraine എന്ന ടൗണിൽ നിന്നും പതിനഞ്ചു കിലോമീറ്ററും, ബെൽഫാസ്റ്റിൽ (Belfast) നിന്നും നൂറു കിലോമീറ്ററും ഡബ്ലിനിൽ നിന്നും 276 കിലോമീറ്ററും ഉണ്ട് ഇവിടെയെത്താൻ. ഫ്ലൈറ്റിലോ, ട്രെയിനിലോ ബെൽഫാസ്റ്റിൽ എത്തിയാൽ അവിടെ നിന്നും ട്രെയിനിലും, ബസിലും ഈ മനോഹര വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്താം (ബസുകൾ Ulsterbus Service 172; Goldline Service 221; Causeway Rambler Service 402; Open Top Causeway Coast Service 177; Antrim Coaster Service 252).

 ലേഖകൻ അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്   ടെക്നോളജി സ്ലൈഗോയിലെ നാനോ ടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിങ് വിഭാഗം മേധാവി ആണ്. നിരവധി ശാസ്ത്ര ലേഖനങ്ങൾ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിൽ ‘തന്മാത്രം’ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ