scorecardresearch

അധികാരത്തിന്റെ ആകാശചിറകുകൾ

“അധികാരത്തിന്റെ അദൃശ്യമായ നീണ്ട കരങ്ങൾ അയാളെ എട്ടാം നിലയുടെ ചില്ലു ജാലകം തകർത്ത് താഴോട്ട് തള്ളിയിടുന്നതായും ഉളളിൽ നന്മയൊളിപ്പിച്ച മാലിഫിസന്റ് ആകാശചിറകുകൾ വിടർത്തി കുഞ്ഞിനെയെന്നവണ്ണം അയാളെ എടുത്തു മറയുന്നതും വിഭ്രാന്തമായ നിമിഷങ്ങളിൽ ഞാൻ കണ്ടു കൊണ്ടിരുന്നു”

aircraft, savitha nambeesan, hire and fire,

മാന്ത്രിക ജീവജാലങ്ങളും ഫെയറികളും അതീവ സ്നേഹത്തോടും സൗഹാർദത്തോടും കൂടി കഴിഞ്ഞതിനാലാവണം മൂഴ്‌സ് രാജ്യത്തിന് ഒരു ഭരണാധികാരി ഉണ്ടായിരുന്നില്ല. മൂഴ്‌സിലെ ഏറ്റവും പ്രബലയും ശക്തയുമായ ഫെയറി ആയിരുന്നു ആഞ്ജലീന ജോളി അഭ്രപാളികളിൽ ജീവൻ പകർന്ന മാലിഫിസന്റ് (Maleficient [2014] by Walt Disney Pictures).

സ്വാതന്ത്ര്യത്തിന്റേയും അഭിവാഞ്ജയുടേയും അധികാരത്തിന്റേയും പ്രതീകമായിരുന്നു, മാലിഫിസൻറിന് ചിറകുകൾ. പണ്ട് കാമുകനായിരുന്ന സ്റ്റീഫൻ അധികാര ഇച്ഛയിൽ ചതിയിലൂടെ അവളുടെ ചിറകുകൾ മുറിച്ചു മാറ്റുമ്പോൾ, അവൾക്ക് നഷ്ടപ്പെടുന്നത് ആകാശത്തിന്റെ അതിരുകളിലേക്കുള്ള സ്വതന്ത്ര കുതിപ്പ് മാത്രമല്ല, ഉള്ളിൽ ഒളിപ്പിച്ച നിർമല പ്രണയവും നന്മയും കൂടെ ആണ്.

അഭൗമമായ വിഹായസിലേക്കുള്ള യാത്ര മനുഷ്യന് എന്നും കൗതുകവും സാഹസികവും ആയിരുന്നു. മനസിന്റെ പിടിവലികളിൽ പലപ്പോഴും ഭ്രമാത്മകമായ ഒരു ദിവാസ്വപ്നമായി മാലിഫിസൻറിനെ പോലെ ആകാശത്തു കുതിച്ചു പറന്ന് ഹരിതാഭമാർന്ന മലനിരകൾക്കിടയിലൂടെ മേഘങ്ങളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ സ്വതന്ത്രമായി വിഹരിക്കാൻ ആഗ്രഹിച്ചിട്ടുണ്ട്.

പറക്കലിന്റെ സാങ്കേതികതയിൽ ആകൃഷ്ടയായിട്ടാണ് പ്രശസ്തമായ കമ്പനിയിൽ വർഷങ്ങൾക്ക് മുൻപ് ഇന്രർവ്യൂവിന് ചെന്നത്. ഒരാഴ്ച മുൻപ് ഡോ: മഹാദേവൻ വിളിച്ചു പറഞ്ഞിരുന്നു,

“നന്നായി പ്രിപ്പെയർ ചെയ്യണം. അവർ എന്തും ചോദിക്കും”

Maleficient savitha nambeesan, aircraft,

പതിനാറു നിലകളുള്ള ആ വലിയ കെട്ടിടത്തിന്റെ എട്ടാം നിലയിലായിരുന്നു ഡോ.മഹാദേവന്രെയും സംഘത്തിന്റെയും ഓഫീസ്. ശീതീകരിച്ച ആ വലിയ മുറിയുടെ കോറിഡോറിലൂടെ ഡോ. മഹാദേവന്റെ കാബിനിലേക്ക് നടക്കുമ്പോൾ മനം മടുപ്പിക്കുന്ന വല്ലാത്ത ഒരു നിശ്ശബദത എന്നെ പൊതിഞ്ഞു. കൊച്ചു കൊച്ചു ക്യുബിക്കിളുകളിൽ ശ്വാസം വലിക്കാൻ പോലും മടിച്ച് സ്ക്രീനിലേക്ക് മുഴുകിയിരിക്കുന്ന തലകൾ മറ്റൊന്നും കാണുന്നില്ലെന്ന് ബോധപൂർവ്വം നടിച്ചു കൊണ്ടിരുന്നു. പ്രശസ്തമായ വിമാന കമ്പനിയുടെ ലോഗോയും പോസ്റ്ററുകളും പതിപ്പിച്ച ചുവരുകൾ, ഞാൻ പ്രവേശിക്കാൻ പോവുന്ന ലോകത്തിന്റെ അമ്പരപ്പു മുഴുവൻ ഉൾക്കൊള്ളാൻ പോന്നവയായിരുന്നു.

ഡോ. മഹാദേവന്റെ വിശാലമായ കാബിനിൽ വട്ടമേശക്കു ചുറ്റും ആജാന ബാഹുക്കളായ നാലഞ്ചു പേർ എന്നെ പ്രതീക്ഷിച്ച് ഇരുന്നിരുന്നു. ഇവരാണ് ഡോ. മഹാദേവൻ പറഞ്ഞ ‘അവർ’! സ്വാഭാവികമായും മടിച്ചു നിന്ന എന്നോട് പ്രോത്സാഹിപ്പിക്കാനെന്നവണ്ണം ഡോ. മഹാദേവൻപറഞ്ഞു,  “ഞാൻ കണ്ട ഏറ്റവും നല്ല ഏയ്റോസ്പേസ് സ്ട്രെസ്സ് എഞ്ചിനീയർമാർ സിവിൽ ബാക്ക്ഗ്രൗണ്ടിൽ നിന്ന് വന്നവരാണ് ”

പതിന്മടങ്ങ് സങ്കോചത്തോടെ ഞാൻ ഇന്രർവ്യൂ പാനലിനു മുന്നിൽ എത്തിപ്പെട്ടു. അധികം താമസിയാതെ ഒരു വെള്ളക്കടലാസ് അവർ എനിക്ക് നേരെ നീട്ടി, അവരുടെ ആവശ്യപ്രകാരം വരക്കാനും എഴുതാനും. തുരു തുരാ വന്ന ചോദ്യശരങ്ങളിൽ കുഴങ്ങിക്കൊണ്ടിരുന്നപ്പോൾ ആ മുറിയും വട്ടമേശയും എനിക്കു ചുറ്റും കറങ്ങുന്നതു പോലെ തോന്നി. ഞാൻ ചെറുതായി ചെറുതായി ഒരുറുമ്പ് ആയി മാറുന്നതും അവർ ഭീമാകാരം പൂണ്ട് ആ മുറിയാകെ നിറഞ്ഞു നില്ക്കുന്നതും രസത്തോടെ വീക്ഷിച്ചു കൊണ്ട് ഡോ. മഹാദേവൻ കറങ്ങുന്ന കസേരയിലിരുന്നു നിഗൂഢമായി പുഞ്ചിരിച്ചു. പെട്ടെന്നായിരുന്നു ദൂരദർശനിലെ മഹാഭാരതം പരമ്പരയിലെ ദേവേന്ദ്രനെ പോലൊരാൾ വാതിൽ തള്ളി തുറന്നു വന്നത്. ശശാങ്ക് എന്നു സ്വയം പരിചയപ്പെടുത്തി, എന്റെ ബയോഡാറ്റ തിടുക്കത്തിൽ ഒന്നോടിച്ചു നോക്കി. അയാൾ മൃദുലമായി എന്റെ പേരെടുത്തു വിളിച്ച് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഊഷരമായ അന്ത:രീക്ഷത്തിൽ ഇളം കാറ്റു വീശി, ഉത്തരങ്ങളുടെ ചുരുൾ അഴിഞ്ഞു. ഭീമാകാരരൂപികൾ കുറച്ച് അതിശയത്തോടെയും അസൂയയോടെയും ഞങ്ങളെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. ഒരു പടപൊരുതിയ പ്രതീതിയോടെ ഇന്രർവ്യൂ തീർത്ത് തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ വെളുപ്പിൽ ചുവന്ന അക്ഷരത്തിൽ കമ്പനിയുടെ പേരെഴുതിയ ഇൻഫാന്റ് ബസുകൾ കണ്ട് ഞാൻ അഭിമാനം കൊണ്ടു.

ആദിയും അന്തവുമില്ലാത്ത മട്ടിൽ വീണ്ടും ആ മുറിയിലെത്തിയത് ഓഫർ ലെറ്ററും ആയിട്ടാണ്, ശശാങ്കിന്റെ കൂടെയുള്ള പ്രൊജക്റ്റിൽ ഇടണേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ട്. പക്ഷെ എത്തിപ്പെട്ടത് മറ്റൊരിടത്ത്. ജാനകിയുടെ കീഴിൽ വിമാനചിറകുകളുടെ ബലം തീരുമാനിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കുന്ന ജോലിയിൽ. മുൻ പരിചയമുണ്ടെന്ന മിഥ്യാ ധാരണയോടെ എന്റെ മുന്നിൽ ഇൻപുട് ഷീറ്റുകൾ വെച്ച്, ക്രൂരമായ ഒരു ചിരിയോടെ ജാനകി നടന്നകപ്പോൾ തോന്നി, ഇന്റർവ്യൂ എത്രയോ ഭേദം!

വിമാനത്തിന്റെ വിവിധ സ്ട്രക്ച്ചറൽ ഭാഗങ്ങളുടെ ബലവും സുരക്ഷയും തീയറ്ററിക്കൽ ആയി കണ്ടു പിടിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കി സെർട്ടിഫിക്കേഷൻ ഏജൻസിക്ക് സമർപ്പിക്കേണ്ട ഔട്ട്സോഴ്സ് ജോലിയാണ് മുപ്പത്തി അഞ്ച് പേർ അടങ്ങുന്ന ഡോ. മഹാദേവന്രെ സ്ട്രെസ്സ് അനാലിസിസ് വിഭാഗം ചെയ്യുന്നത്. ഒരു വർഷം മാത്രം മുൻ പരിചയമുള്ള അമിയ ദാസും ഗണേഷ് ഷെട്ടിയും അടങ്ങിയ ജാനകിയുടെ ടീമിലാണ് ഞാൻ തുടങ്ങേണ്ടത്. ഇൻപുട്ട് ഷീറ്റുകൾ വായിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല. അമിയയുടേയും ഗണേഷിന്റെയും സഹായത്തോടെ എന്തൊക്കെയോ തട്ടിക്കൂട്ടിക്കൊണ്ടിരുന്നു. ജാനകി ഡെലിവെറിയുടെ തലേ ദിവസം വരെ തിരിഞ്ഞു നോക്കിയിട്ടില്ല.എന്തെങ്കിലും സംശയം ചോദിച്ച് ചെന്നാൽ തന്ന ഓഫർ ലെറ്റർ തിരിച്ചു വാങ്ങി പറഞ്ഞയക്കുമോ എന്ന ഭീതിയോടെ ഞാൻ അയാളെ അന്വേഷിച്ച് പോയതുമില്ല.

“യു ആർ ഇൻ കോമ്പീററന്റ് !! ” “ആർ യു ട്രയിങ്ങ് ടു പുട് ദിസ് കമ്പനി ഡൗൺ?” ജാനകിയുടെ അട്ടഹാസം കേട്ടാണ് ഞാൻ സ്വപ്ന ലോകത്തു നിന്നു ഉണർന്നെണീക്കുന്നത്. റിപ്പോർട്ടിലെ ബോൾട്ട് ഗ്രൂപ്പ് അനാലിസിസിന്റെ കൃത്യത ചോദ്യം ചെയ്തു കൊണ്ട് എനിക്കുനേരെ വിരൽ ചൂണ്ടി അയാൾ ഒരു നാടകീയ രംഗം സൃഷ്ടിച്ചു. കമ്പനിയോടും ജോലിയോടുമുള്ള അമിത ആത്മാർത്ഥത അയാളുടെ ശകാരങ്ങളിൽ പ്രകടമായിരുന്നു. മുപ്പത്തി നാലു ജോഡി നോട്ടങ്ങൾക്കു നടുവിൽ ദുരഭിമാനം കൊണ്ട് കണ്ണുനീർ അടക്കി നിർത്തിയ അപമാനത്തിന്റെ നിമിഷങ്ങൾക്കൊടുവിൽ ഗണേഷ് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ഒരു സ്ത്രീയെന്ന പരിഗണനയെങ്കിലും തരണ്ടേ. ഇയാൾ ഇത്രയൊക്കെ പറയാൻ പാടുണ്ടോ?”

“തെറ്റിന് എന്ത് ലിംഗവിവേചനം! ഞാൻ ചെയ്തത് തെറ്റു തന്നെയാണ് ” ഗണേഷിന്റെ വാക്കുകളെ ഖണ്ഡിച്ചപ്പോൾ അതിശയത്തോടെ അവൻ എന്നെ നോക്കി.

aloha airwayas, savitha nambeesan, job problem,

ക്ഷുഭിതനായ ജാനകിയോട് നാളെത്തെ ഡെലവെറിക്ക് മുൻപ് എല്ലാം ശരിയാക്കാം എന്ന് വാക്ക് കൊടുത്ത്, ഇൻപുട്ട് ഷീറ്റുകളും പഠിക്കാൻ വേണ്ട പുസ്തകങ്ങളും എടുത്ത് ഓഫീസ് വിട്ടിറങ്ങുമ്പോൾ വഴി വിളക്കുകളിൽ രാത്രി പ്രകാശിച്ച് കൊണ്ടിരുന്നു.

രാത്രികളിൽ പ്രത്യേകിച്ചും ഹൈപ്പർ ആക്റ്റീവ് ആയ ഒന്നര വയസുകാരനെ ഉറക്കിയിട്ടു വേണം, രാത്രി പകലാക്കാൻ! മണി പന്ത്രണ്ടായിട്ടും കിടക്കയിലെ സർക്കസ് തുളളലുകളും കുത്തി മറിയലുകളും അടക്കാനാവാതെ അവന്റെ കളി ചിരികൾക്കിടയിൽ ഒന്നു പൊട്ടിക്കരയണമെന്നാണു തോന്നിയത്. ഉറക്കാനുള്ള ശ്രമത്തിനിടയിൽ പതിവു പോലെ ആദ്യം ഞാൻ മയക്കത്തിലേക്ക് വീഴുകയും നിവൃത്തിയില്ലാതെ അവൻ എന്നോട് ചേർന്ന് ഉറങ്ങാൻ ശ്രമിക്കുകയും ചെയ്യുന്ന നിമിഷത്തിലാവണം, മുകൾ ഭാഗം തകർന്ന അവസ്ഥയിൽ അലോഹ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനം എന്റെയുളളിൽ എമർജൻസി ലാൻഡിങ് നടത്തിയത്. ബോൾട്ട് ലൈനിലൂടെ വിളളൽ പടർന്ന് മുകൾ ഭാഗം തകർന്ന്, ഒരു എയർ ഹോസ്റ്റസിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ് ക്രാഷ് ലാന്റ് ചെയ്ത പ്രസ്തുത വിമാനത്തിന്റെ തകർച്ചാ വിശദാംശങ്ങൾ നാഷണൽ ജിയോഗ്രഫിക് ചാനലിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതായിരുന്നു.
ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് ലാപ്ടോപ്പ് തുറന്ന് തുടങ്ങിയ പഠനവും ജോലിയും രാവിലെ പാൽക്കാരൻ വന്ന് കോളിംഗ് ബെല്ലടിച്ചപ്പോഴും തീർന്നിരുന്നില്ല.

റിപ്പോർട്ടിന്റെ ഫൈനൽ ഡ്രാഫ്റ്റ് അയച്ചു കൊടുത്ത് ജാനകിയുടെ മുന്നിൽ എത്തിയപ്പോൾ ഒട്ടൊരു അവിശ്വാസത്തോടെ ഇന്ന് ഡെലിവെർ ചെയ്യാൻ ആവുമോ എന്നാണയാൾ ചോദിച്ചത്. ബോൾട്ട് ഗ്രൂപ്പിന്റെ തിയറിയും എന്താണ് ചെയ്തതെന്നും ഒരു ക്ലാസ് എടുക്കുന്ന പോലെ വിവരിച്ച്, ഇന്നു തന്നെ ഡെലിവർ ചെയ്യാം എന്ന് ഉറപ്പ്കൊടുത്തപ്പോൾ ഇതു വരെ കാണാത്ത ഒരു അഭിമാന പുഞ്ചിരി അയാളിൽ നിറഞ്ഞു.
സജീവമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു, അത്. പിന്നീടുള്ള ഓരോ പ്രൊജക്റ്റുകളിലും കൂടുതൽ പഠിച്ച് സാങ്കേതികത വിശദീകരിച്ച് ഞാൻ ജാനകിയുടെ വിശ്വാസം നേടിക്കൊണ്ടിരുന്നു. സിവിൽ സ്ട്രക്ച്ചറൽ ബാക്ക്ഗ്രൗണ്ടിൽ നിന്നു വരുന്ന ഒരാൾക്ക് എയറോസ്പേസ് സ്ട്രക്ച്ചേഴ്സ് എങ്ങനെ വഴങ്ങും എന്ന ഭീതി ഒഴിവായത് അടിസ്ഥാന തത്ത്വങ്ങളെല്ലാം ഒന്ന് എന്ന തിരിച്ചറിവിലൂടെയാണ്.

ദിവസങ്ങൾ ചെല്ലുന്തോറും ഞാൻ ജാനകിയുടെ അടുത്ത സുഹൃത്തും പിന്നീട് സഹോദരിയുമായി, കുടുംബ സങ്കടങ്ങളും അസുഖ വിവരങ്ങളും പങ്കുവെയ്ക്കുകയും പരസ്പരം സഹായിക്കുകയും ചെയ്തു കൊണ്ടിരുന്നു. അയാൾ മേലധികാരികളുടെ പിടിപ്പുകേടിനെ തുറന്നു ചോദ്യം ചെയ്യുകയും പലപ്പോഴും ക്ഷുഭിതനായി കാബിനിൽ തിരിച്ചെത്തി എന്നെ വിളിച്ച് വരുത്തി സ്വന്തം നിലപാട് വിശദീകരിക്കുകയും ചെയ്തു. എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ വെറുമൊരു കേൾവിക്കാരിയായി അയാളുടെ വ്യഥയിൽ പങ്കു ചേർന്നു. മകന് അസുഖമാവുമ്പോൾ എന്നെ ലീവെടുക്കാൻ അനുവദിച്ച് എന്റെ ജോലികൾ സ്വയം ചെയ്ത് ജാനകി നല്ലൊരു മാനേജരും സഹോദരനുമായി. എന്നിരിക്കിലും ദീർഘനേരം നീണ്ടു നിൽക്കുന്ന ഡെയ്‌ലി മോണിങ്ങ് മീറ്റിങ്ങുകളിൽ ഒരു ടീമിനെ മൊത്തം വിറപ്പിച്ച് അയാൾ ദിവസവും അപ്രിയനായിക്കൊണ്ടിരുന്നു. ഓരോ മീറ്റിങ്ങുകളിലും വളരെ നേരം കമ്പനിയോടും കസ്റ്റമറോടും ആത്മാർത്ഥത പുലർത്തേണ്ടതിന്റെ നീണ്ട ക്ലാസുകൾ എടുത്ത് പുലരികളെ മുഷിപ്പിച്ചു കൊണ്ടിരുന്നു.

ചായ് പെ ചർച്ച എന്നു ഓമന പേരിട്ടു വിളിക്കുന്ന രാവിലത്തെ ചായ ബ്രേക്കുകളിൽ ജാനകിയെ വിമർശിച്ച് ഞങ്ങൾ ആശ്വാസം കണ്ടെത്തി. “അയാൾടെ അപ്പാപ്പന്റെ വകയാന്ന് തോന്നും ഈ കമ്പനി !”
മലയാളിയായ സഹപ്രവർത്തകൻ അരുൺ അരിശത്തോടെ പറഞ്ഞപ്പോ ചിരിച്ചു കൊണ്ട്യോ ജിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“കൂടുതൽ നേർവഴിക്കു സഞ്ചരിക്കുന്നത് ദോഷം ചെയ്യും. കാട്ടിൽ ചെന്നു നോക്കൂ: നേരെ നീണ്ടു വളർന്നു വന്ന മരങ്ങളെ വെട്ടി നിലത്തിട്ടിരിക്കുന്നത് കാണാം. തെറ്റിയും വളഞ്ഞും വളർന്നു പോയവയാകട്ടെ, പോറലൊന്നുമേൽക്കാതെ തലയുയർത്തി നില്ക്കുന്നു” ചാണക്യനീതിയിലെ തത്ത്വം വായിച്ചത് ഇ. സന്തോഷ് കുമാറിന്റെ “നീചവേദം ” എന്ന കഥയിലാണ് എന്ന് പറഞ്ഞു കൊണ്ട് ചർച്ചയെ ഗൗരവതരമായി മറ്റൊരു വഴിക്ക് തിരിച്ചു വിടാൻ ശ്രമിച്ചു, ഞാൻ. “അതെയതെ, അയാൾക്കെന്തു പറ്റാൻ! നമ്മൾ പ്രതികരണ ശേഷിയില്ലാത്തവരെ പോലെ എന്നും സഹിക്കുക തന്നെ ” അരുൺ എന്റെ വാദങ്ങളെ നിസാരവൽക്കരിച്ചു തള്ളിക്കളഞ്ഞു.

നേർവഴിയിലുള്ള ചിന്തകളും പ്രവൃത്തിയും അമിത ആത്മാർത്ഥതയും ക്ഷിപ്ര കോപവും കോർപ്പറേറ്റ് ലാഡറിന്റെ താഴെക്ക് സ്വയം തള്ളിയിയിടാനും ഒതുക്കി തീർക്കപ്പെടാനും പ്രാപ്തമായിരുന്നു, അയാൾ പോലുമറിയാതെ. ജാനകിക്കെതിരെയുള്ള ഓരോ നീക്കങ്ങളും അയാളൊഴികെ മറ്റെല്ലാവരും അറിഞ്ഞു കൊണ്ടിരുന്നു. അങ്ങനെ ഒരിക്കൽ പറയണോ വേണ്ടയോ എന്ന സംശയത്തിനൊടുവിൽ ഞാൻ ധൈര്യ സമേതം അയാളുടെ കാബിനിലെത്തി. “എച്ച്. ആർ സ്കിപ്പ് ലെവൽ മീററിങ്ങ് വെയ്ക്കുന്നുണ്ട് . നിങ്ങൾക്കത് ദോഷം ചെയ്യും.”

ഇരുപത് കൊല്ലത്തെ ഒരേ കമ്പനിയിലുള്ള സ്തുത്യർഹ സേവനത്തിൽ അഭിമാനം പൂണ്ടിരിക്കുന്ന ഒരു മനുഷ്യനോട് പറയാൻ പാടില്ലാത്തെതെന്തോ പറഞ്ഞ മട്ടിൽ ജാനകി ശക്തിയുക്തം പ്രതികരിച്ചു. “എനിക്കെന്ത് പറ്റാൻ! ഞാൻ ശരിയായ കാര്യങ്ങൾ മാത്രമെ ചെയ്തിട്ടുള്ളു.”  പറഞ്ഞു ഫലിപ്പിക്കാൻ വേണ്ട രാഷ്ട്രീയപരമായ സങ്കേതികജ്ഞാനവും തെളിവുകളും ഇല്ലാത്തതിനാൽ സ്വയം വിഢിയായി നടിച്ച് പുറത്തു കടക്കുകയെ നിവൃത്തി ഉണ്ടായിരുന്നുള്ളു.

പിന്നീട് അരുണും ഞാനും മാത്രമുള്ള ഏതോ ദിവസത്തെ ചായ് പേ ചർച്ചയിലാണ് അരുൺ ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത്. “ജാനകിയുടെ പേര് പുറത്താക്കപ്പെടുന്നവരുടെ ലിസ്റ്റിലൊണ്ട് ”
കമ്പനി ഒരു കൂട്ട പിരിച്ചു വിടലിന് ഒരുങ്ങുന്ന വിവരം ഞങ്ങളെക്കാൾ മുമ്പെ മാധ്യമങ്ങൾ ചർച്ച ചെയ്തു തുടങ്ങിയിരുന്നു. ഹ്യൂമൻ റിസോഴ്സിൽ നിന്നുളള വിവരം ആയതുകൊണ്ട് അതിലെ ആധികാരികത ചോദ്യം ചെയ്യേണ്ടതില്ല.

“നീയിതു പോയി വിളമ്പണ്ട.അയാൾ വിശ്വസിക്കില്ല” അരുൺ എനിക്ക് താക്കീത് നൽകി. മുൻ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു തെളിവും ഇല്ലാതെ ഇത് അവതരിപ്പിക്കാൻ എനിക്ക് ധൈര്യം വന്നതുമില്ല.

savitha nambeesan, Maleficient , job, aircraft,

കുറച്ചു ദിവസങ്ങൾക്ക് ശേഷം ഓഫീസിൽ വൈകിയെത്തിയ ഒരു രാവിലെ ജാനകിയുടെ കാബിനിൽ നിന്നും ‘പൊട്ടലും ചീറ്റലും’ കേട്ടും ‘തീയും പുക’യും കണ്ടും കൊണ്ടാണ് ഞാനെന്റെ സീറ്റിലേയ്ക്ക് നടന്നത്, അങ്ങനെ ആ നിമിഷവും എന്ന് നെടുവീർപ്പിട്ടു കൊണ്ട്.

അൽപ്പ സമയത്തിനു ശേഷം തിരക്കൊഴിഞ്ഞ നേരം നോക്കി ജാനകിയുടെ കാബിൻ ഡോറിന്റെ ഗ്ലാസ്സ് പാളിയിലൂടെ എത്തി നോക്കിയപ്പോൾ പതിവു പോലെ അയാൾ ഉള്ളിലേയ്ക്ക് ക്ഷണിച്ചു. ചതിയുടേയും വഞ്ചനയുടേയും ലോകത്ത് ആത്മരക്ഷക്കുള്ള “നീചവേദം” പോലും അറിയാത്ത ആ മനുഷ്യൻ വിശാലമായ കാബിനിൽ തളർന്നിരുന്നു. സമ്മിശ്ര വികാരങ്ങളോടെ അയാൾ പറഞ്ഞു കൊണ്ടിരുന്നതൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. അധികാരത്തിന്റെ അദൃശ്യമായ നീണ്ട കരങ്ങൾ അയാളെ എട്ടാം നിലയുടെ ചില്ലു ജാലകം തകർത്ത് താഴോട്ട് തള്ളിയിടുന്നതായും ഉളളിൽ നന്മയൊളിപ്പിച്ച മാലിഫിസന്റ് എന്ന ഫെയറി തന്റെ ആകാശചിറകുകൾ വിടർത്തി പൊടുന്നനെയുള്ള ഒറ്റ കുതിപ്പിൽ ഒരു കുഞ്ഞിനെയെന്ന വണ്ണം അയാളെ എടുത്തു മറയുന്നതും വിഭ്രാന്തമായ നിമിഷങ്ങളിൽ ഞാൻ കണ്ടു കൊണ്ടിരുന്നു.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Organisational bonding team trust corporate work culture