scorecardresearch

ഓപ്പൺഹൈമർ: ശാസ്ത്രത്തിന്റെ ധാർമികതയെക്കുറിച്ച് ഒരു ചലച്ചിത്ര പ്രബന്ധം

"യവനിക താഴുമ്പോഴോ പേജുകൾ തീരുമ്പോഴോ അവസാനിക്കുന്ന കഥാപാത്രങ്ങൾ നാടകങ്ങളിലോ നോവലുകളിലോ സിനിമയിലോ മാത്രമേ ഉള്ളൂ. ചരിത്രത്തിലെ നായകന്മാർ ദുരന്തത്തിന് ശേഷവും നമ്മുടെ ജീവിതത്തിലുണ്ടാവും." ക്രിസ്റ്റഫർ നോളന്റെ 'ഓപ്പൺഹൈമറി'നെകുറിച്ച് ജി സാജൻ എഴുതുന്നു

"യവനിക താഴുമ്പോഴോ പേജുകൾ തീരുമ്പോഴോ അവസാനിക്കുന്ന കഥാപാത്രങ്ങൾ നാടകങ്ങളിലോ നോവലുകളിലോ സിനിമയിലോ മാത്രമേ ഉള്ളൂ. ചരിത്രത്തിലെ നായകന്മാർ ദുരന്തത്തിന് ശേഷവും നമ്മുടെ ജീവിതത്തിലുണ്ടാവും." ക്രിസ്റ്റഫർ നോളന്റെ 'ഓപ്പൺഹൈമറി'നെകുറിച്ച് ജി സാജൻ എഴുതുന്നു

author-image
G Sajan
അപ്‌ഡേറ്റ് ചെയ്‌തു
New Update
Oppenheimer | G Sajan | iemalayalam

ഓപ്പൺഹൈമർ

“അപാരമായ ആനന്ദവും ഭീതിജനകമായ ഭീകരതയും നിറഞ്ഞ ഉൾക്കാഴ്ചകളുടെ കാലം.” രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന അണു ബോംബിന്റെ പരീക്ഷണ കാലത്തെ അണുബോംബിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന റോബർട്ട് ഓപ്പൺഹൈമർ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്.

Advertisment

ഈ നൂറ്റാണ്ടിന്റെ ചരിത്രഗതിയെ ആകെ സ്വാധീനിച്ച കണ്ടുപിടുത്തമായിരുന്നു ആറ്റംബോംബിന്റേത്. എന്നാൽ ഈ കണ്ടുപിടുത്തത്തിലേക്ക് നയിച്ച ഗവേഷണത്തിന്റെ മാനുഷികമായ കഥകൾ പുറംലോകത്തിന് ഏറെ അജ്ഞാതമായിരുന്നു. ആറ്റംബോംബിന്റെ നിർമാണത്തിലേക്ക് നയിച്ച ഗവേഷണം ഈ ശാസ്ത്രജ്ഞർക്ക് ഒരുയർന്ന ഗണിത സമീകരണത്തിന്റെ നിർധാരണത്തിലേക്ക് നയിക്കുന്ന ചവിട്ടുപടി മാത്രമാണ്. ഇവരിൽ ആരും ഒരു യുദ്ധഭൂമിയും കണ്ടിട്ടില്ല. ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഭീതിദമായ ദൃശ്യങ്ങൾ കാണാൻ അവർ വിസമ്മതിച്ചതേ ഉള്ളൂ. ശാസ്ത്രവും ധാർമികതയും തമ്മിലുള്ള ബന്ധമൊന്നും അവരിൽ പലരേയും അലട്ടിയിരുന്നു എന്ന് തോന്നുന്നില്ല. കണ്ടെത്തലുകൾക്ക് വേണ്ടിയുള്ള വെറും ഉപകരണങ്ങൾ മാത്രമാണ് തങ്ങൾ എന്നാണോ അവർ സ്വയം കരുതിയിരിക്കുക?

എന്നാൽ ചരിത്രം അവരെ അത്ര ഉദാരമായല്ല വിലയിരുത്തിയത്. ദുരന്തത്തിന്റെ പരിവേഷം ചാർത്തി ഇരുപതാം നൂറ്റാണ്ടിന്റെ ഈ കാലഘട്ടത്തിൽ നിന്നത് ശാസ്ത്രജ്ഞന്മാരായിരുന്നു. ഷേക്സ്പിയർ ഇക്കാലത്താണ് ഹാംലെറ്റ് എഴുതിയിരുന്നതെങ്കിൽ രാജാവിന് പകരം ഒരു ആണവ ശാസ്ത്രജ്ഞൻ ആയേനെ എന്നാണ് ഒരു നിരീക്ഷകൻ അഭിപ്രായപ്പെട്ടത്.

ശാസ്ത്രത്തിന്റെ ധാർമ്മികതയെക്കുറിച്ചുള്ള ഏറ്റവും സങ്കീർണമായ ചർച്ചകൾക്ക് അവലംബമായി മാറുകയായിരുന്നു ലോസ് അലമോസിലെ മൻഹാട്ടൻ പ്രോജക്ടിന്റെ തലവനും അക്കാലത്തെ ഏറ്റവും ഉന്നതനായ ആണവ ശാസ്ത്രജ്ഞനും ആയിരുന്ന റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതം.

Advertisment

ഈ ജീവിതത്തെ ആധാരമാക്കി സിനിമ വരുമ്പോൾ ശാസ്ത്രത്തിന്റെ ധാർമികത മാത്രമല്ല, ശാസ്ത്രവും രാഷ്ട്രീയവുമായുള്ള ബന്ധവും ചർച്ചയ്ക്ക് വരും. ഒപ്പം രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്തുള്ള അമേരിക്കൻ ആഗോള രാഷ്ട്രീയത്തിന്റെ നൈതികതയും അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിലെ കമ്മ്യൂണിസ്റ്റ് വേട്ടയാടലും.

publive-image

ഓപ്പൺഹൈമറിന്റെ ജീവിതവും അണുബോംബ് നിർമാണത്തിന്റെ ധാർമികതയുമൊക്കെ മലയാളി സമൂഹത്തിന് അപരിചിതമല്ല. ആണവ ശാസ്ത്രജ്ഞരുടെ വ്യക്തിജീവിതത്തെ ആധാരമാക്കി റോബർട്ട് ജങ്ക് എഴുതിയ Brighter Than A Thousand Suns എന്ന പുസ്തകം തൊണ്ണൂറുകളിൽ തന്നെ ദിവി സൂര്യ സഹസ്രസ്യ എന്ന പേരിൽ മലയാളത്തിൽ ഈ ലേഖകൻ പുനരാഖ്യാനം ചെയ്തിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്താണ് ആ പുസ്തകം അന്ന് പ്രസിദ്ധീകരിച്ചത്. ഇന്ന് ലോകമെമ്പാടും ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത സിനിമ പ്രദർശനത്തിന് വരുമ്പോൾ ശാസ്ത്രത്തിന്റെ ധാർമികത വീണ്ടും വീണ്ടും ചർച്ചയിൽ വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

പഴയ പുസ്തകത്തേയും പുതിയ സിനിമയേയും ആസ്പദമാക്കിയാണ് ഈ ചെറിയ കുറിപ്പ്.

ഏകദേശം ഇരുപത് വർഷത്തെ കഥ മൂന്നു മണിക്കൂറിൽ പറയുമ്പോൾ ലളിതമായി കാലാനുക്രമമായല്ല നോളൻ ചലച്ചിത്ര ഭാഷ്യം രചിച്ചിരിക്കുന്നത്. ഫ്യൂഷൻ എന്നും ഫിഷൻ എന്നും പേരിട്ട രണ്ടു ഭാഗങ്ങൾ നിറവും കറുപ്പും വെളുപ്പും ഇടകലർന്ന ചിത്രങ്ങളിൽ തികച്ചും നോൺ ലീനിയർ ആയ കഥ പറച്ചിൽ. ഈ കാലഘട്ടത്തിന്റെയും ശാസ്ത്രജ്ഞരുടെയും ശാസ്ത്ര ഗവേഷണത്തിന്റെയും പശ്ചാത്തലം അറിയാത്തവരിലേക്ക് ഈ കഥ എത്രമാത്രം കടന്നെത്തുമെന്ന് എനിക്കറിയില്ല.

ഓപ്പൺഹൈമറായി കിലിയൻ മർഫി തുടക്കം മുതൽ നമ്മുടെ ഉള്ളുലയ്ക്കുന്നുണ്ട്. എന്നാൽ ആ കാലഘട്ടവും അതിൽ പങ്കാളികളാവുന്ന ശാസ്ത്രജ്ഞരും അവരുടെ വ്യക്തിജീവിതവുമൊക്കെ തിരക്കിട്ട് പറഞ്ഞുപോകുന്ന ഒരു രീതിയാണ് നോളൻ അവലംബിച്ചിരിക്കുന്നത്. ഇപ്പോൾ ഒ ടി ടിയിൽ സീരീസുകൾ കണ്ട് ശീലമായ പ്രേക്ഷകർ ഓരോ കഥാപാത്രത്തെക്കുറിച്ചും കഥകളെക്കുറിച്ചും കൂടുതൽ വിശദമായ ആലേഖനം പ്രതീക്ഷിക്കും. മൂന്ന് മണിക്കൂർ സിനിമയിൽ അത് സാധ്യമല്ലല്ലോ.

പുസ്തകത്തിൽ നിന്ന് വിഭിന്നമായി ഓപ്പൺഹൈമറിന്റെ കമ്മ്യൂണിസ്റ്റ് ബന്ധമാണ് സിനിമയിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ സിനിമയുടെ രണ്ടാം ഭാഗത്തെത്തുന്നതോടെ ദാർശനിക സമസ്യകൾ കൂടുതൽ ദൃശ്യമായി വരുന്നുണ്ട്.

ശാസ്ത്രത്തിന്റെ രീതികളെയും ദർശനത്തെയും പിടിച്ചുലച്ച ഒരു കാലമായിരുന്നു അത്. മാനവരാശിയുടെ എക്കാലത്തെയും ശ്രേഷ്‌ഠമായ സ്വപ്നങ്ങളിൽ ഒന്നായിരുന്നു അണുവിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാനുള്ള കരുത്തു നേടുക എന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ലോകത്തെ തലയെടുപ്പുള്ള ധാരാളം ശാസ്ത്രജ്ഞന്മാർ ഇതിന്റെ പിറകിൽ ഉണ്ടായിരുന്നു. കേംബ്രിഡ്ജിൽ റൂഥർഫോർഡ്‌, കോപ്പൻഹേഗനിൽ നീൽസ് ബോർ, ഗോട്ടിംഗനിൽ മാക്സ് ബോൺ, ജെയിംസ് ഫ്രാങ്ക്, ഡേവിഡ് ഹിൽബർട്ട് എന്നിവർ അവരിൽ പ്രമുഖരായിരുന്നു. ഇവരുടെയൊക്കെ അമരത്ത് ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്രത്തിന്റെയും ദർശനങ്ങളുടെയും ദിശ മാറ്റിയ ആൽബർട്ട് ഐൻസ്റ്റൈനും.

publive-image
ആൽബർട്ട് ഐൻസ്റ്റീനും റോബർട്ട് ഓപ്പൺഹൈമറും ഒരുമിച്ച് | ഫൊട്ടോ: വിക്കിമീഡിയ ഫൗണ്ടേഷൻ

എന്നാൽ, അക്കാലത്തെ ശാസ്ത്ര ഗവേഷണങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ദ്രവ്യത്തിന്റെ രഹസ്യങ്ങളിലേക്കുള്ള അജ്ഞാതമായ ഈ യാത്ര പ്രകൃതി രഹസ്യത്തെ സംബന്ധിച്ച കോപ്പർനിക്കസിന്റെ വിപ്ലവത്തോട് മാത്രമേ താരതമ്യം ചെയ്യാൻ കഴിയൂ എന്നവർക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഈ അന്വേഷണത്തിൽ ദേശീയതയോ പ്രായമോ തടസ്സമായി നിന്നില്ല. എല്ലാ അറിവുകളും എല്ലാവരും അന്യോന്യം പങ്കുവച്ചു. അറിവിന്റെ അപാരമായ സാധ്യതകൾക്ക് മുൻപിൽ ഇവരെല്ലാം തലകുനിച്ചതേയുള്ളു. അവരുടെ അമൂർത്തമായ ഗണിത സമീകരണങ്ങൾക്ക് പിൽക്കാലത്ത് യുദ്ധഭൂമികളുടെ ഇരുണ്ട രക്തച്ചാലുകളുടെ കലർപ്പുണ്ടാവുമെന്ന് അവർ ഒരിക്കലും ഓർത്തിരിക്കില്ല.

ഈ മഹാരഥന്മാരുടെ ശിഷ്യനായാണ് കൂട്ടുകാർക്കിടയിൽ ‘ഓപ്പി’ എന്ന് കളിപ്പേരുള്ള റോബർട്ട് ഓപ്പൺഹൈമർ എത്തുന്നത്. സിനിമയിൽ തുടക്കം മുതലേ കടുത്ത വിഷാദത്തിന് വിധേയനായ ഓപ്പൺഹൈമറിനെയാണ് നമ്മൾ കാണുന്നത്. സ്വന്തം പ്രൊഫസ്സറെ ആപ്പിളിൽ വിഷം കുത്തിവച്ച് കൊല്ലാൻ പോലും അയാൾ ശ്രമിക്കുന്നുണ്ട്.

മറ്റ് ശാസ്ത്രജ്ഞരിൽ നിന്ന് വ്യത്യസ്തമായി സാഹിത്യത്തിലും കലകളിലും വലിയ താത്പര്യമായിരുന്നു ഓപ്പിക്ക്. ദാന്തേയുടെ വലിയ ഒരാരാധകൻ ആയിരുന്നു അയാൾ. നഗരത്തിന്റെ ഒഴിഞ്ഞ കോണുകളിലൂടെയുള്ള സായാഹ്ന സവാരിയ്ക്കിടയിൽ തന്റെ അനന്തമായ അന്വേഷണം സ്വർഗത്തിൽ നടത്താതെ നരകത്തിൽ സത്യം തേടിയലഞ്ഞ ദാന്തേയുടെ ദർശനത്തേയും സാഹിത്യത്തേയും കുറിച്ച് ഓപ്പി വാചാലനാകും.

സഹപാഠിയും പിൽക്കാലത്ത് വിശ്രുത ഭൗതിക ശാസ്ത്രജ്ഞനുമായ പോൾ ഡിറാക്ക് ഒരിക്കൽ ഓപ്പിയോട് ചോദിച്ചത്രേ: “എടോ, താൻ ഭൗതിക ഗവേഷണത്തോടൊപ്പം കവിതയും എഴുതുന്നു എന്ന് കേട്ടല്ലോ. അതെങ്ങനെയാണ് സാധിക്കുക? ശാസ്ത്രത്തിൽ, ഇതേവരെ അറിയപ്പെടാത്ത വസ്തുതകൾ കണ്ടെത്തി മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ അവതരിപ്പിക്കുന്നു. സാഹിത്യത്തിൽ നേരെ തിരിച്ചും.”

കാമുകിയായ ജീൻ യാദൃച്ഛികമായി ഓപ്പൺഹൈമറുടെ കിടപ്പുമുറിയിൽ ഭഗവദ്ഗീതയുടെ സംസ്കൃതത്തിലുള്ള ഒരു പതിപ്പ് കണ്ട് അമ്പരക്കുന്നുണ്ട്. അവിടെവച്ചാണ് പിന്നീട് വിശ്രുതമായി തീർന്ന വരികൾ അയാൾ ഉദ്ധരിക്കുന്നത്.

publive-image
ഫിസിഷ്യനും സൈക്യാട്രിസ്റ്റുമായ ജീൻ ടാറ്റ്‌ലോക്ക് | ഫൊട്ടോ: വിക്കിമീഡിയ ഫൗണ്ടേഷൻ

പോൾ ഡിറാക്കും ഹൈസൻബർഗും ജോർജ് ഗാമോവും എഡ്‌വേഡ്‌ ടെല്ലറും ഒക്കെ അടങ്ങുന്ന അതിപ്രതിഭാശാലികളാണ് അന്ന് ഭൗതിക ഗവേഷണത്തിൽ ഓപ്പൺഹൈമറിന്റെ സമകാലികരായി ഉണ്ടായിരുന്നത്.

എന്നാൽ ലോക രാഷ്ട്രീയം ഇളകിമറിയുകയായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായപ്പോൾ ജർമനി ഹിറ്റ്‌ലറിന്റെ കീഴിൽ ഫാഷിസത്തിലേക്ക് നിപതിക്കുകയായിരുന്നു.

ശാസ്ത്രരംഗവും ഈ രാഷ്ട്രീയ ചിന്തകളിൽ നിന്ന് മുക്തമായിരുന്നില്ല. സുശക്തമായ ഒരു കമ്മ്യൂണിസ്റ്റ് സംഘം ശാസ്ത്രജ്ഞർക്കിടയിൽ ഉണ്ടായിരുന്നു. പ്ലാങ്കിന്റെ ക്വാണ്ടം ഫോർമുല മുദ്രാവാക്യമായി വിളിച്ച് ശാസ്ത്രജ്ഞരെ സ്വീകരിച്ചിരുന്ന പാരമ്പര്യമുള്ള ഗോട്ടിംഗൻ സർവകലാശാലയിൽ നാസികളുടെ എതിർപ്പ് മൂലം ഐൻസ്റ്റൈന് പ്രസംഗം പൂർത്തിയാക്കാൻ കഴിയാതെ തിരിച്ചുപോകേണ്ടി വന്നിട്ടുണ്ട്.

ജർമനിയിൽ ശാസ്ത്ര ഗവേഷണം എളുപ്പമായിരുന്നില്ല. ഐൻസ്റ്റൈന്റെ ആപേക്ഷികത സിദ്ധാന്തവും നീൽസ് ബോറിന്റെ അണുഘടന സിദ്ധാന്തവും ‘യഹൂദ ഭൗതികം’ എന്ന് കളിയാക്കപ്പെട്ടു. മാക്സ് ബോൺ അടക്കം വളരെ പ്രധാനപ്പെട്ട ശാസ്ത്രജ്ഞന്മാർ ആര്യന്മാർ അല്ല എന്ന കാരണം പറഞ്ഞ് പുറത്താക്കപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് ഫ്രാങ്ക് രാജി വയ്ക്കുകയും ചെയ്തു.

ഓപ്പൺഹൈമറിന്റെ കഥ മനസ്സിലാക്കാൻ ഈ രാഷ്ട്രീയ സാഹചര്യം അറിയേണ്ടതുണ്ട് എന്നതുകൊണ്ടാണ് ഈ സംഭവങ്ങൾ ഇവിടെ പറയുന്നത്.

തങ്ങളുടെ മഹത്തായ കണ്ടുപിടുത്തങ്ങളെ യുദ്ധത്തിനായി ഉപയോഗിക്കരുത് എന്ന് കരുതിയ ശാസ്ത്രജ്ഞരും ഉണ്ടായിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആണവ ഗവേഷണം തുടരരുത് എന്ന് സിലാർഡ് അടക്കമുള്ളവർ വാദിച്ചു. എന്നാൽ ഹിറ്റ്‌ലറിന്റെ കീഴിൽ ജർമനിയിൽ തുടർന്ന ശാസ്ത്രജ്ഞന്മാർ അണുബോംബ് ഉണ്ടാക്കാനുള്ള സാധ്യത ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തി. ഹിറ്റ്‌ലറിന്റെ കൈവശം അണുബോംബുണ്ടെങ്കിൽ ലോക ചരിത്രം തന്നെ മാറും. അത് അനുവദിക്കാൻ പാടില്ല. അവിടെനിന്നും രക്ഷപ്പെട്ട ടെല്ലർ അമേരിക്കയിലെത്തി അണുബോംബുണ്ടാക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുകയും ചെയ്തു.

അമേരിക്കയിലെ ഗവണ്മെന്റിനെ അണുഗവേഷണത്തിനായി പ്രേരിപ്പിച്ചുകൊണ്ട് ശാസ്ത്രജ്ഞർ തയ്യാറാക്കിയ കത്തിൽ ഐൻസ്റ്റൈൻ അടക്കമുള്ളവർ ഒപ്പുവച്ചു. ഇതിൽ പിൽക്കാലത്ത് ഐൻസ്റ്റൈൻ പശ്ചാത്തപിച്ചു എന്നത് സത്യമാണ്. ‘ഞാൻ വെറുമൊരു തപാൽപ്പെട്ടി മാത്രമായിരുന്നു.” ഐൻസ്റ്റൈൻ പറഞ്ഞു.

എന്നാൽ അണുബോംബ് നിർമാണത്തിൽ നിന്ന് അക്കാലത്ത് ജർമനിയിൽ ഉണ്ടായിരുന്ന ഹൈസൻബർഗ് അടക്കമുള്ളവർ മാറി നിന്നു എന്നാണ് പിൽക്കാല ചരിത്രം കണ്ടെത്തിയത്. എന്നാൽ, തങ്ങളുടെ നിലപാട് പുറംലോകത്തെ അറിയിക്കുന്നതിൽ അവർ പരാജയപ്പെട്ടു.

എന്തായാലും ആണവ ഗവേഷണവും അണുബോംബിന്റെ നിർമാണവുമായി മുന്നോട്ടുപോകാൻ അമേരിക്ക തീരുമാനിച്ചു. ഈ പ്രോജക്ടിന്റെ തലവനായി റോബർട്ട് ഓപ്പൺഹൈമർ വരുമ്പോൾ അദ്ദേഹത്തിന് നാല്പത് വയസ്സായിരുന്നു പ്രായം. തന്റെ സമകാലികരായ റുഥർഫോർഡ്, ബോർ, ബോൺ എന്നിവരെപ്പോലെ ആധുനിക ഭൗതികത്തിൽ കാണപ്പെട്ട സംഭവനയൊന്നും അദ്ദേഹം നൽകിയില്ല. ഹൈസൻബർഗ്, ഡിറാക്, ഫെർമി എന്നിവരേക്കാൾ താൻ പിറകിലാണോ എന്ന സംശയവും അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നാൽ, മാൻഹട്ടന്റെ തലവനായുള്ള ക്ഷണം ഓപ്പിക്ക് വലിയ അംഗീകാരം ആയിരുന്നു. മാത്രമല്ല സർവകലാശാലയിൽ ഓപ്പി ഒരു ആരാധനാപാത്ര മായിരുന്നു. അദ്ദേഹത്തിന്റെ കൂടെ പണിയെടുക്കുന്നത് വലിയ അംഗീകാരമായി മറ്റ് ശാസ്ത്രജ്ഞർ കരുതി. അതിമനോഹരമായ ഒരു ക്യാമ്പസ് ആയിരുന്നു ലോസ് അലാമോസ്‌. ഈ മനോഹരമായ സ്ഥലത്താണ് ലോകത്തിലെ ഏറ്റവും ബുദ്ധിശാലികളായ മനുഷ്യർ ലോകം ഇതേവരെ കണ്ടതിൽ വച്ചേറ്റവും മാരകമായ ഒരായുധത്തിന് രൂപം നൽകിയത്.

ഡയറക്ടറായി ചേരുന്നതിന് മുൻപ് തന്റെ സ്വകാര്യ ജീവിതത്തെ സംബന്ധിച്ച ഒരു സ്റ്റേറ്റ് മെന്റ് നൽകേണ്ടതുണ്ടായിരുന്നു ഓപ്പൺഹൈമറിന്. ഇതിൽ നിരവധി ഇടതുപക്ഷ സംഘടനകളുമായുള്ള ബന്ധം അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. കൂട്ടുകാരിയായ ജീൻ ടാട്ട് ലോക്കും ഇടതുപക്ഷ ആശയക്കാരി ആയിരുന്നു. ഇതുകൊണ്ടുതന്നെ സുരക്ഷാവിഭാഗം ഓപ്പിയെ പൂർണമായും വിശ്വസിച്ചില്ല. ഈ വിവരങ്ങൾ തന്റെ ഭാവി ജീവിതത്തെ എങ്ങനെ ബാധിക്കും എന്ന് ഓപ്പി അന്ന് ഓർത്തിരുന്നിരിക്കുമില്ല. മാത്രമല്ല മൻഹാട്ടൻ പ്രോജക്ടിന്റെ തലവനായിരുന്ന ജനറൽ ഗ്രോവ്സും അറ്റോമിക് എനർജി കമ്മീഷന്റെ തലവനായിരുന്ന ലീവൈസ് സ്ട്രോസും ഓപ്പൺഹൈമറെ പൂർണമായും വിശ്വസിച്ചുമില്ല.

ഇതിനിടയിൽ ജർമനി അണുബോംബുണ്ടാക്കുന്നില്ല എന്ന് വിശ്വസനീയമായി തെളിഞ്ഞു. എങ്കിൽ അമേരിക്ക ആണവ ഗവേഷണവുമായി മുന്നോട്ട് പോകരുത് എന്ന് നീൽസ് ബോർ അടക്കമുള്ള ശാസ്ത്രജ്ഞർ ശക്തമായി വാദിക്കുകയും ചെയ്തു. എന്നാൽ ഇത്രയേറെ പണം ചെലവഴിച്ച സ്ഥിതിക്ക് ഇതിൽ നിന്ന് പിന്മാറാനാവില്ല എന്നാണ് ഗ്രോവ്സ് പറഞ്ഞത്. അമേരിക്ക ഗവേഷണവുമായി മുന്നോട്ട് പോവുകയും ചെയ്തു.

publive-image
റോബർട്ട് ഓപ്പൺഹൈമറും (ഇടത്), സിനിമയിൽ ഓപ്പൺഹൈമറായി എത്തിയ സിലിയൻ മർഫി (വലത്) | ഫൊട്ടോ: വിക്കിമീഡിയ ഫൗണ്ടേഷൻ, യൂണിവേഴ്സൽ സ്റ്റുഡിയോ)

പണി പൂർത്തിയായ പരീക്ഷണ ബോംബിന്റെ സ്ഫോടനം ഓപ്പൺഹൈമർ അടക്കമുള്ള ശാസ്ത്രജ്ഞരെ ഞെട്ടിച്ചു. അതിശക്തമായി ആകാശത്തിലേക്കുയർന്ന അഗ്നിഗോളം അഞ്ചു കിലോമീറ്റർ അകലെ കണ്ട്രോൾ റൂമിലുണ്ടായിരുന്നവരെ നൈമിഷികമായ ആന്ധ്യത്തിലേക്ക് നയിച്ചു. ഈ വിസ്ഫോടനം കണ്ട ഓപ്പൺഹൈമറുടെ മനസ്സിലേക്ക് ആദ്യമായി കടന്നുവന്നത് തനിക്ക് വളരെ പരിചിതമായ ഭഗവദ് ഗീതയിൽ നിന്നുള്ള വരികളാണ്.

“ദിവി സൂര്യ സഹസ്രസ്യ”

ദിവി സൂര്യ-സഹസ്രസ്യ ഭവേദ് യുഗപദ് ഉത്ഥിത യദി ഭഃ സദൃസി സ സ്യാദ് ഭാസസ് തസ്യ മഹാത്മനഃ .

ആയിരം സൂര്യന്മാരുടെ പ്രഭ ആയിരുന്നു ആകാശത്ത് കണ്ട ആ അമാനുഷിക രൂപത്തിന്.

‘സകലലോകങ്ങളെയും തകർക്കുവാൻ കെൽപ്പുള്ള മരണമായി ഞാൻ മാറും.” എന്നതായിരുന്നു ഗീതയിലെ അവസാന വാചകം.

ഒരു കൂരമ്പുപോലെയാണ് ഈ വരികൾ ഓപ്പൺഹൈമറുടെ മനസ്സിലേക്ക് കടന്നുവന്നത്.

രണ്ടാം ലോകമഹായുദ്ധം നിർണായകമായ ഘട്ടം പിന്നിട്ടിരുന്നു. ജർമനി കീഴടങ്ങിക്കഴിഞ്ഞു. ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തു. ജപ്പാൻ പരിക്ഷീണമായി രുന്നു. ഇനി അണുബോംബ് ഉപയോഗിക്കരുത് എന്ന വാദവുമായി സിലാർഡ് അടക്കമുള്ളവർ അമേരിക്കൻ പ്രസിഡന്റിനെ സമീപിച്ചു. എന്നാൽ ലോക രാഷ്ട്രീയത്തിന്റെ ഗതിവിഗതികളിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ഒരു അവസരമായാണ് അമേരിക്ക അണുബോംബിനെ കണ്ടത്.

മാനുഷിക പരിഗണനകൾ മുൻനിർത്തി ബോംബിനെതിരെ തീരുമാനമെടു ക്കാൻ ഓപ്പൺഹൈമർ അടക്കമുള്ള ശാസ്ത്രജ്ഞർ തയ്യാറായുമില്ല.

ഹിരോഷിമയും നാഗസാക്കിയും ലോക മനസ്സാക്ഷിയെ കഠിനമായി ഉലച്ചു. രണ്ടു ബോംബുകൾ ആയിരക്കണക്കിന് മനുഷ്യരെയാണ് കൊന്നുകളഞ്ഞത്. ലോകം അവസാനത്തിന്റെ തുടക്കത്തിലാണ് എന്ന് ശാസ്ത്രലോകം ഭയന്നു.

ഹിരോഷിമയ്ക്ക് ശേഷം നാഗസാക്കി കൂടി വന്നതോടെയാണ് ഓപ്പൺഹൈമർ പൂർണമായും ഉലഞ്ഞത്. എന്നാൽ, ഓപ്പൺഹൈമർ പ്രശസ്തിയുടെ ഉത്തുംഗസോപാനത്തിലേക്ക് ഉയരുകയായിരുന്നു. അണുബോംബിന്റെ പിതാവ് എന്ന ഭാരിച്ച പദവി അദ്ദേഹത്തിന് ചുമക്കേണ്ടിയും വന്നു. പ്രശസ്തിയും ആഘോഷങ്ങളും ഒരു മനുഷ്യനെ ഇത്രയേറെ ദുഃഖിതനും സംശയാലുവും ആക്കുമോ? അതായിരുന്നു ഓപ്പൺഹൈമറുടെ അവസ്ഥ. പല ശാസ്ത്രജ്ഞ രെയും അഗാധമായ കുറ്റബോധം അലട്ടുന്നുണ്ടായിരുന്നു. Brilliant Collaborators with death എന്ന് അവർ വിശേഷിപ്പിക്കപ്പെട്ടു

മരണത്തിന്റെ ഈ ആയുധങ്ങൾക്ക് വേണ്ടിയുള്ള ഗവേഷണം തുടരരുത് എന്നാണ് എല്ലാ ശാസ്ത്രജ്ഞരും ആവശ്യപ്പെട്ടത്. ശാസ്ത്ര ഗവേഷണത്തിന്റെ സ്വഭാവം തന്നെ മാറി. അതേവരെ ലോകം ബഹുമാനിച്ചിരുന്ന ശാസ്ത്രജ്ഞരെ ലോകം സംശയത്തോടെ നോക്കാൻ തുടങ്ങി. രാഷ്ട്രീയവും ശാസ്ത്രവും ചേർന്ന സങ്കീർണമായ കലർപ്പുകൾ സ്വതന്ത്രമായ സത്യാന്വേഷണത്തെ ബാധിച്ചു. ബോംബിന്റെ ഗവേഷണത്തെ സംബന്ധിക്കുന്ന ധാർമികതയെ ക്കുറിച്ച് ലേഖനം വന്ന സയന്റിഫിക് അമേരിക്കന്റെ കോപ്പികൾ സർക്കാർ കണ്ടുകെട്ടി.

എന്നാൽ ഓപ്പൺഹൈമറിന്റെ ജീവിതത്തിന്റെ രണ്ടാം ഭാഗം ആദ്യ ഭാഗത്തെ ദുരന്തബോധവുമായി താരതമ്യം ചെയ്യുമ്പോൾ സർറിയലായ അസംബന്ധ നാടകമായി തോന്നും. ഇതേവരെ തന്റെ ഇടതുപക്ഷ ഭൂതകാലത്തെ മറക്കാൻ ശ്രമിച്ച അമേരിക്കൻ രാഷ്ട്ര സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി സ്വയം കരുതിയ ഓപ്പൺഹൈമർ കമ്മ്യൂണിസ്റ്റ് ചാരൻ എന്ന രീതിയിൽ വേട്ടയാടപ്പെട്ടു.

ഓപ്പൺഹൈമർ അറിയാതെ തന്നെ ഒരു രഹസ്യ ഫയൽ രൂപംകൊണ്ടിരുന്നു. അതിലുണ്ടായിരുന്ന കുറ്റാരോപണങ്ങളിൽ 23 എണ്ണവും കമ്മ്യൂണിസ്റ്റ് ബന്ധം ആരോപിച്ചുള്ളതായിരുന്നു. അടുത്തതാവട്ടെ ഹൈഡ്രജൻ ബോംബിന്റെ നിർമാണത്തെ എതിർത്തു എന്നതും.

രാഷ്ട്രീയം, ശാസ്ത്ര ഗവേഷണത്തെ എങ്ങനെയാണ് തങ്ങളുടെ വെറുമൊരു ഉപകരണം മാത്രമായി കാണുന്നത് എന്നതിന്റെ ദൃഷ്ടാന്തമായി ചില രംഗങ്ങൾ സിനിമയിലുണ്ട്.

ബോംബിന്റെ വിജയകരമായ പരീക്ഷണത്തിന് ശേഷം വാഷിങ്ങ്ടണിലേക്ക് പോകുന്ന ഗ്രോവ്‌സിനോട് താനും കൂടെ വരട്ടെ എന്ന് ഓപ്പൺഹൈമർ ചോദിക്കുന്നു.

“എന്തിന് ..” എന്ന് അവജ്ഞാപൂർവം പ്രതികരിക്കുന്ന ഗ്രോവ്‌സിനെ കാണുമ്പോഴാണ് തന്റെ സ്ഥാനം എന്ത് എന്ന് അദ്ദേഹം തിരിച്ചറിയുന്നത്. അവിടെനടക്കുന്ന തീരുമാനങ്ങൾ അറിയിക്കണം എന്ന അപേക്ഷയോടാകട്ടെ ‘പറയാവുന്ന കാര്യങ്ങൾ മാത്രം പറയാം’ എന്ന് ഗ്രോവ്സ് പ്രതികരിക്കുന്നു.

publive-image
ജെ. റോബർട്ട് ഓപ്പൺഹൈമറിന്റെ അപൂർവ ചിത്രം ( തൊപ്പി ധരിച്ച് അവശിഷ്ടങ്ങൾക്കരികിൽ കാലുവച്ചു നിൽക്കുന്നയാൾ), ജനറൽ ലെസ്ലി ഗ്രോവ്സ് (ഓപ്പൺഹൈമറിന്റെ ഇടതുവശത്ത് സൈനിക വസ്ത്രത്തിൽ നിൽക്കുന്നയാൾ). ട്രിനിറ്റി ടെസ്റ്റിന്റെ ഗ്രൗണ്ട് സീറോ സൈറ്റിൽ | ഫൊട്ടോ: വിക്കിമീഡിയ കോമൺസ്

ഹിരോഷിമയിലെയും നാഗസാക്കിയിലെയും രക്തം എന്റെ കയ്യിൽ പുരണ്ടിരിക്കുന്നു എന്ന് ട്രൂമാനോട് പറയുന്ന ഓപ്പൺഹൈമറോടു എന്നാൽ ഈ തൂവാല കൊണ്ട് അത് തുടച്ചുകളഞ്ഞോളു എന്ന് പരിഹസിക്കുന്ന ട്രൂമാൻ ‘അതിന്റെ പേരിൽ ലോകം ഓർക്കുന്നത് തന്നെയായിരിക്കും എന്ന് പറഞ്ഞു പുറകോട്ട് അമർന്നിരിക്കുന്ന രംഗം രാഷ്ട്രീയ അധികാരത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം ഓപ്പൺഹൈമറെ വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്. ഈ കരയുന്ന കുഞ്ഞിനെ ഇനി ഇങ്ങോട്ട് കടത്തിവിടരുത് എന്ന് പറഞ്ഞാണ് ട്രൂമാൻ വാതിലടയ്ക്കുന്നത്.

തുടക്കം മുതൽ സംഘർഷം നിറഞ്ഞ അന്തരീക്ഷമാണ് ദൃശ്യ വിനിമയത്തിലും സംഗീതത്തിലും നോളൻ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, ആദ്യത്തെ അണുവിസ്ഫോടനത്തിന്റെ സമയത്താകട്ടെ നിശബ്ദത കൊണ്ട് നോളൻ നമ്മളെ ഞെട്ടിക്കുകയും ചെയ്യും. ലുഡ്‌വിഗ് ഗൊരാൻസന്റെ സംഗീതം സിനിമ കഴിഞ്ഞാലും നമ്മളെ പിന്തുടർന്നുകൊണ്ടിരിക്കും.

ഹിരോഷിമയുടെ രംഗങ്ങൾ സിനിമയിൽ കാണിച്ചില്ല എന്ന് നോളൻ വിമർശിക്കപ്പെടുന്നുണ്ട്. എന്നാൽ വിസ്ഫോടനം കഴിഞ്ഞു പതിനാറുമണിക്കൂറിന് ശേഷം മാത്രം റേഡിയോയിലൂടെ വാർത്ത അറിയുകയും പിന്നീട് ഏറെ സമയത്തിന് ശേഷം മാത്രം അണുബോംബ് സൃഷ്ടിച്ച ദുരന്തത്തിന്റെ വ്യാപ്തി അറിയുകയും ചെയ്ത ഓപ്പൺഹൈമറുടെ മനസ്സിലൂടെയുള്ള സഞ്ചാരം കാഴ്ചക്കാരെ കൂടുതൽ വ്രണിത ഹൃദയരാക്കുന്നു എന്നതാണ് എന്റെ കാഴ്ചാനുഭവം.

പരീക്ഷണത്തിനിടയിൽ ശാസ്ത്ര ലോകത്തെ അസ്വസ്ഥമാക്കുന്ന ഒരു കാര്യം ഇങ്ങനെ തുടങ്ങുന്ന ആണവ റിയാക്ഷൻ പിന്നീട് നിയന്ത്രിക്കാൻ കഴിയാതെ ലോകത്തെ മുഴുവൻ നശിപ്പിക്കുമോ എന്ന ഭീതിയാണ്. ഇതേക്കുറിച്ച് സംസാരിക്കാനായി ഒരിക്കൽ ഓപ്പൺഹൈമർ ഐൻസ്റ്റൈനെ സന്ദർശിക്കുന്നുമുണ്ട്. ഇവരുടെ സംഭാഷണത്തിനിടയിൽ അവഗണിക്കപ്പെട്ടുപോയി എന്ന തോന്നലുണ്ടായ സ്‌ട്രോസ് ഇതിന്റെ അപമാനം ജീവിതാവസാനം വരെ കൊണ്ടുനടക്കുന്നു. എന്നാൽ അവസാനത്തെ ഒരു രംഗത്തിൽ തന്റെ ഈഗോയെക്കാൾ എത്രയോ ഉയർന്നതാണ് മഹാന്മാരായ ശാസ്ത്രജ്ഞരുടെ മാനസിക ലോകം എന്ന് അയാൾ ഒരു ഞെട്ടലോടെ തിരിച്ചറിയുന്നുമുണ്ട്.

വല്ലാത്ത ഒരു കാഴ്‌ചാനുഭവമായിരുന്നു എനിക്ക് ഈ സിനിമ. വളരെ കാലത്തിന് മുൻപേ പരിചിതരായിരുന്നു എനിക്ക് ഇവരിൽ പല പ്രധാനപ്പെട്ട ശാസ്ത്രജ്ഞരും. അതുകൊണ്ടുതന്നെ അവരുടെ കഥ ദൃശ്യ ഭാഷയിൽ ആവിഷ്‌ക്കരിക്കപ്പെട്ട മൂന്നു മണിക്കൂറുകളിൽ പലപ്പോഴും മാനവരാശിയെ വേട്ടയാടുന്ന ധാർമികമായ ഉദ്വിഗ്നതകൾ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു.

യവനിക താഴുമ്പോഴോ പേജുകൾ തീരുമ്പോഴോ അവസാനിക്കുന്ന കഥാപാത്രങ്ങൾ നാടകങ്ങളിലോ നോവലുകളിലോ സിനിമയിലോ മാത്രമേ ഉള്ളൂ. ചരിത്രത്തിലെ നായകന്മാർ ദുരന്തത്തിന് ശേഷവും നമ്മുടെ ജീവിതത്തിലുണ്ടാവും.

ആണവ പരീക്ഷണത്തിന്റെ തുടർച്ച ഉണ്ടാകരുത് എന്നാവശ്യപ്പെട്ടുകൊണ്ട് വലിയൊരു സംഘം ശാസ്ത്രജ്ഞർ തുടങ്ങിയ വാർഷിക സമ്മേളങ്ങളാണ് പഗ് വാഷ് പ്രസ്ഥാനമായി വളർന്നത്. ഐൻസ്റ്റൈനും മാക്സ് ബോണും റസലുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. പ്രകൃതിയെ കീഴടക്കാം എന്ന അഹങ്കാരത്തിൽ നിന്ന് അമിതമായ അറിവിന്റെ അപകടങ്ങൾ കൂടി മനസ്സിലാക്കുന്ന ഒരു ലോകത്തിനാണ് അവർ തുടക്കമിട്ടത്. ഇന്ന് കൃത്രിമ ബുദ്ധി ലോകത്തെ കീഴടക്കുമ്പോൾ ഇതേ ധാർമിക സമസ്യകൾ അപൂർവം ചില ശാസ്ത്രജ്ഞരെ ങ്കിലും മുന്നോട്ട് വയ്ക്കുന്നുണ്ട്.

ശാസ്ത്രജ്ഞരെ കുറിച്ചുള്ള ജീവചരിത്ര ചലച്ചിത്രങ്ങൾ ധാരാളം വന്നിട്ടുണ്ട്. ജോൺ നാഷിനെ കുറിച്ചുള്ള Beautiful Mind, ശ്രീനിവാസൻ രാമാനുജത്തെ കുറിച്ചുള്ള The Man who knew infinity, സ്റ്റീഫൻ ഹോക്കിങ്ങിനെ കുറിച്ചുള്ള The Theory of Everything, അലൻ ട്യൂറിങ്ങിനെ കുറിച്ചുള്ള Imitation Game, Einstein and Eddington എന്നിവയൊക്കെ പ്രധാനപ്പെട്ട സിനിമകളാണ്. കേരളത്തിൽ ഇവയൊക്കെ ധാരാളം ചർച്ചയായിട്ടുമുണ്ട്. ഇതിന്റെ തുടർച്ചയായി ശാസ്ത്രവും സമൂഹവും ശാസ്ത്രത്തിന്റെ ധാർമികതയുമൊക്കെ നമ്മുടെ സമൂഹത്തിൽ ചർച്ചയാകും എന്ന് പ്രതീക്ഷിക്കാം.

“In battle, in forest, at the precipice in the mountains,
On the dark great sea, in the midst of javelins and arrows,
In sleep, in confusion, in the depths of shame,
The good deeds a man has done before defend him."
എന്നതാണ് ഗീതയിൽ ഓപ്പൺഹൈമർ ജീനിനെ വായിച്ചുകേൾപ്പിക്കുന്ന ഒരു ഭാഗം.

“യുദ്ധത്തിൽ, വനത്തിൽ, പർവതങ്ങളുടെ മുനമ്പിൽ, ഇരുണ്ട സമുദ്രങ്ങളിൽ, കുന്തത്തിനും അമ്പുകൾക്കും മദ്ധ്യേ, ഉറക്കത്തിൽ, ആശയക്കുഴപ്പങ്ങളിൽ, അപമാനത്തിന്‍റെ ആഴങ്ങളിൽ തൻ ജീവിതത്തിൽ അതേവരെ ചെയ്ത നന്മകൾ ഒരു മനുഷ്യനെ പ്രതിരോധിക്കും.”

താൻ ചെയ്ത നന്മകൾ പിൽക്കാലത്ത് താൻ ചെയ്യേണ്ടി വന്ന തിന്മകൾക്ക് മുകളിൽ മേൽ മേൽക്കൈ നേടുമോ എന്ന ധാർമിക പ്രശ്നം എല്ലാക്കാലത്തും മനുഷ്യരെ വേട്ടയാടിക്കൊണ്ടിരിക്കും. ഇതിന്റെ മൂർത്തമായ രൂപമായി ഓപ്പൺഹൈമർ ഓർമ്മിക്കപ്പെടും ചെയ്യും.

Christopher Nolan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: